ചന്ദ്രനില്‍ കാലുകുത്തിയ രണ്ടാമത്തെ ബഹിരാകാശയാത്രികനായ ബസ് ആള്‍ഡ്രിന്‍ (Buzz Aldrin) ബാര്‍ട്ട് സിബ്രല്‍ (Bart Zibrel) എന്നയാളെ അമേരിക്കയിലെ ബെവര്‍ലി ഹില്‍സിലെ ഒരു ഹോട്ടലിന് പുറത്ത് വെച്ച് മുഖത്തടിച്ച സംഭവം ഒരര്‍ത്ഥത്തില്‍ ഗൂഡാലോചനാ സിദ്ധാന്തങ്ങളും (Conspiracy theories) അവയുടെ വകഭേദങ്ങളായ തട്ടിപ്പുവാദസിദ്ധാന്തങ്ങളും (hoax theories) ചിലപ്പോളെങ്കിലും എത്രമാത്രം അസഹ്യമായി തീരാറുണ്ട് എന്നതിന്റെ ഒരു പ്രതീകമാണ്. 2002 ലായിരുന്നു ഈ സംഭവം. അപ്പോളോ-11 ദൗത്യം നാസ നടത്തിയ ഒരു തട്ടിപ്പാണ് എന്ന് വിശ്വസിക്കുന്ന സിബ്രല്‍ തന്റെ കയ്യിലിരുന്ന ബൈബിളില്‍ തൊട്ട് ചാന്ദ്രയാത്ര നടത്തിയിരുന്നു എന്ന് സത്യംചെയ്യാന്‍ ഓള്‍ഡ്രിനോട് ആവശ്യപ്പെട്ടു. വെല്ലുവിളിച്ചു വിടാതെ പിന്തുടര്‍ന്നു. കള്ളനെന്നും ചതിയനെന്നും വിളിച്ച് അധിക്ഷേപിച്ചു. എല്ലാം ഒരു വീഡിയോ കാമറയില്‍ പകര്‍ത്തുകയും ചെയ്തു.
''ഒരു മനുഷ്യന്റെ ചെറിയ കാല്‍വെപ്പ്, മനുഷ്യരാശിക്കൊരു വലിയ കുതിച്ച് ചാട്ടം''എന്ന് ചന്ദ്രനില്‍ ആദ്യം കാലുകുത്തിയ നീല്‍ ആംസ്‌ട്രോംങ് (Neil Armstrong) വിശേഷിപ്പിച്ച അപ്പോളോ 11 ദൗത്യം ഒരു കബളിപ്പിക്കല്‍ നാടകമായിരുന്നു എന്ന് കേട്ടപ്പോള്‍ ഓള്‍ഡ്രിന് ശുണ്ഠി വന്നതില്‍ അത്ഭുതമില്ല. എന്നാല്‍ ആശ്ചര്യകരം എന്ന് പറയാവുന്നത് ഇത്തരം അയുക്തികമായ തട്ടിപ്പുവാദകഥകള്‍ വിശ്വസിക്കാന്‍ നമ്മുടെ ലോകത്ത് കുറേയധികം ആളുകള്‍ ഇപ്പോഴുമുണ്ട് എന്നുള്ളതാണ്. നിര്‍ഭാഗ്യവശാല്‍, അവരില്‍ പലരും ജോലിനോക്കുന്നത് യൂണിവേഴ്‌സിറ്റികളിലെയും കോളേജുകളിലെയും ഫിസിക്‌സ് ഡിപ്പാര്‍ട്ടുമെന്റുകളിലാണ്!
എല്ലാ മനുഷ്യാന്വേഷണങ്ങളും, നിരീക്ഷണപരീക്ഷണങ്ങളും വെറും 'കഥ'കളും ആഖ്യാനങ്ങളും പുനരാഖ്യാനങ്ങളും മാത്രമാകുന്ന ഒരു ഭാവനാ വ്യവഹാരലോകം സങ്കല്‍പ്പിക്കുക. അങ്ങിനെയുള്ള ഒരു ലോകത്ത് അറിയേണ്ടുന്ന വസ്തുതകളോ, യാഥാര്‍ത്ഥ്യങ്ങളോ കേവലം ഭാവനാവിലാസം മാത്രമായിരിക്കും എന്ന് കരുതാവുന്നതാണ്. അവിടെ വാസ്തവികതയുടെ മാനദണ്ഡങ്ങള്‍ പോലും കഥകളോ ആഖ്യാനങ്ങളോ ആയി പരിമിതപ്പെട്ടേക്കും. കഥകള്‍ കേള്‍ക്കാനും പറയാനും ഇഷ്ടപ്പെടുന്ന ഒരു ജീവി വര്‍ഗ്ഗമാണ് മനുഷ്യന്‍ എന്നതുകൊണ്ട് തന്നെ ഈ സാങ്കല്‍പ്പികലോകം പൂര്‍ണ്ണമായും ഭാവനതലത്തില്‍ ഒതുങ്ങണമെന്നില്ല. ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ നമ്മോട് വിളിച്ചു പറയുന്നത് അത്തരമൊരു അപകടത്തെക്കുറിച്ചാണ്.
2008 ല്‍ ലെമാന്‍ ബ്രദേര്‍സ്(Lehman Brothers Holdings Inc.) എന്ന ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് പാപ്പരായപ്പോള്‍ വ്യാപകമായി പ്രചരിക്കപ്പെട്ട കഥ ആ സ്ഥാപനത്തിലെ ജൂതരായ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ 400 ബില്യന്‍ ഡോളര്‍ ഇസ്രായേലിലെ നാല് ബേങ്കുകളിലായി നിക്ഷേപിച്ചു എന്നതായിരുന്നു. ജൂതവിരുദ്ധ ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ ഇതാദ്യത്തേതൊന്നുമല്ല. ജൂതവിരുദ്ധ വികാരമുണ്ടാക്കാന്‍ ജര്‍മ്മനിയില്‍ നാസികള്‍ ദി പ്രോട്ടോക്കോള്‍ ഓഫ് ദി എല്‍ഡേര്‍സ് ഓഫ് സിയോണ്‍ (The Protocols of the Meetings of the Learned Elders of Zion/1903/1903)എന്ന ഒരു വ്യാജരേഖ ഉപയോഗിച്ചത് ഒരു ഉദാഹരണം. 1903 ല്‍ റഷ്യയില്‍ പ്രസിദ്ധീകരിച്ച ഈ രേഖ പ്രകാരം ഒരു രഹസ്യ ജൂതസംഘം ലോകം മുഴുവന്‍ കൈപ്പിടിയിലാക്കാന്‍ ഉപജാപം നടത്തുകയാണ്! ജൂതര്‍ ലോകം കീഴടക്കി മറ്റുള്ളവരെ പുറംജാതികളെപ്പോലെ പരിഗണിച്ച് പീഡിപ്പിക്കും! ഇത്തരമൊരു വ്യാജരേഖ കണ്ട് ജൂതര്‍പോലും ഞെട്ടിപ്പോയി. കടുത്ത ജൂതവിരോധിയായിരുന്ന പ്രസിദ്ധ അമേരിക്കന്‍ ഓട്ടോമൊബൈല്‍ വ്യവസായി ഹെന്റി ഫോഡ് (Henry Ford)ഈ രേഖയുടെ 5 ലക്ഷം പ്രതികളാണ് 1922 ല്‍ സ്വന്തം ചെലവില്‍ അച്ചടിച്ച് സൗജന്യമായി വിതരണം ചെയ്തത്!
1933 ല്‍ ഹിറ്റ്‌ലര്‍ ജര്‍മ്മിനിയില്‍ അധികാരത്തില്‍ വന്നപ്പോഴേക്കും ഇതൊരു തട്ടിപ്പാണന്ന് ലോകം തിരിച്ചറിഞ്ഞിരുന്നു. എന്നിട്ടും ഹിറ്റ്‌ലര്‍ അത് ജര്‍മ്മന്‍ സ്‌ക്കൂളുകളില്‍ പഠിപ്പിക്കുകയും തന്റെ ജൂതകൂട്ടക്കൊ(holocaust) ന്യായീകരണമായി ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. പ്രോട്ടോക്കോള്‍ ഓഫ് സിയോണിന്റെ മറ്റോരു പതിപ്പാണ് പുതുലോകക്രമ സിദ്ധാന്തം(New World Order/Conspiracy theory). പ്രസ്തുത സിദ്ധാന്തമനുസരിച്ച് ചെറിയൊരു പ്രമാണിവര്‍ഗ്ഗസംഘം ഈ ലോകത്തെയും അതിന്റെ സമ്പദ്‌വ്യവസ്ഥയേയും നിയന്ത്രിക്കാനുള്ള രഹസ്യപരിപാടി ആസൂത്രണം നടപ്പിലാക്കി വരികയാണ്. കൃത്യമായ പദ്ധതികളുമായാണ് അവര്‍ മുന്നോട്ടുപോകുന്നത്. ഈ പദ്ധതി നാം അംഗീകരിച്ചാല്‍ ഐ.എം.എഫും ലോകബാങ്കും, ജോര്‍ജ് ബുഷും, ഇറാഖ് യുദ്ധവും, ഇസ്രായേലിന്റെ പാലസ്തീന്‍ അധിനിവേശവും ഒക്കെ ഈ പദ്ധതിയുടെ ഭാഗമാണ്!
ചാന്ദ്രയാത്രയെ കുറിച്ചുള്ള ഗൂഡാലോചനാ സിദ്ധാന്തം പരിഗണിച്ചാല്‍ അതിലും രസകരമായ സവിശേഷതകള്‍ ഏറെയുണ്ട്. അതില്‍ പ്രധാനം, വിവാദങ്ങളുടെ വന്യമായ ആഘോഷവും വില്‍പ്പനയുമാണ്. നാല് ലക്ഷം ആളുകളുടെ മനുഷ്യപ്രയത്‌നവും വിപുലമായ തയ്യാറെടുപ്പുകളും കൃത്യമായ തെളിവുകളും ഒക്കെയുണ്ടായിട്ടും ചാന്ദ്രയാത്രാവിവാദം ഹാരിപോട്ടര്‍ സാഹിത്യംപോലെ വിറ്റഴിയപ്പെട്ടു. അമേരിക്കയില്‍ മാത്രം ആറ് ശതമാനം ആളുകള്‍ അപ്പോളോ 11 നാസ തിരക്കഥ രചിച്ച നാടകമാണെന്ന് വിശ്വസിക്കുന്നുണ്ടത്രെ. ഗൂഡാലോചനാ പ്രമാണങ്ങളുടെ ഒരു വശ്യത അവയുടെ സരളതയും ലാളിത്യവുമാണ്. ഇന്ന് ലോകത്തുള്ള ഏത് സങ്കീര്‍ണ്ണമായ സാമ്പത്തിക-സാമൂഹ്യ-രാഷ്ട്രീയ പ്രശ്‌നങ്ങള്‍ക്കും ഗൂഡാലോചനാവാദക്കാര്‍ ലളിതമായ ആഖ്യാനങ്ങളും വിശദീകരണങ്ങളും നല്‍കുന്നു.
വസ്തുനിഷ്ഠമായി കൃത്യതയുള്ള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ കണ്ടെത്തേണ്ട യാഥാര്‍ത്ഥ്യങ്ങള്‍ക്കും പകരം അവയെല്ലാം ഏതെങ്കിലും 'രഹസ്യ അജണ്ട'കളുടെ ഭാഗമാണെന്ന വിശദീകരണം വിളമ്പിവെക്കുന്നു. വേണ്ടത്ര പഠനങ്ങളോ അന്വേഷണങ്ങളോ സ്ഥിരീകരിക്കപ്പെട്ട ഡേറ്റകളോ അനാവശ്യമായി തീരുന്ന ഇത്തരം സിദ്ധാന്തങ്ങള്‍ പലപ്പോഴും ജനത്തിന്റെ മുന്‍വിധികളും ഇഷ്ടാനിഷ്ടങ്ങളും സമര്‍ത്ഥമായി ഉപയോഗിക്കപ്പെടുന്നു. ഉദാഹരണമായി ജൂതഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ ഇസ്‌ളാമികലോകത്തും അമേരിക്കന്‍ ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ സോഷ്യലിസ്റ്റ് ലോകത്തും ചൂടപ്പംപോലെ വിറ്റഴിയും. 9/11 ഭീകരാക്രമണം ജൂതഗൂഡാലോചനയാണെന്ന് പ്രചരണം ഇസ്‌ളാമികലോകത്ത് ശക്തമാണെന്ന് മാത്രമല്ല പലരും മതവൈകാരികതയ്ക്ക് അടിപ്പെട്ട് മുന്‍പിന്‍ നോക്കാതെ അത്തരം കഥകള്‍ വെട്ടി വിഴുങ്ങുകയും ചെയ്യുന്നു. കേരളത്തില്‍ പോലും ഈയിനത്തില്‍ പെട്ട പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ, പാകിസ്ഥാനിലെ ഒട്ടുമിക്ക പ്രശ്‌നങ്ങള്‍ക്കും കാരണം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ RAW നടത്തുന്ന ഗൂഡാലോചനകളാണ്; ഇത്ര പ്രഹരശേഷിയുള്ള ഒരു രഹസ്യാന്വേഷണ ഏജന്‍സി ഇന്ത്യയ്ക്കുണ്ടെന്ന് നമുക്കറിയില്ലെങ്കിലും!.........
(2016 ആഗസ്റ്റ് 7ഞായറാഴ്ച വൈകിട്ട് 5 മണിക്ക് എറണാകുളത്ത് മറൈന്‍ ഡ്രൈവില്‍ വെച്ച് പ്രകാശനം ചെയ്യപ്പെടുന്ന അമ്പിളിക്കുട്ടന്‍മാര്‍: ചാന്ദ്രയാത്രയും ഗൂഡാലോചനാസിദ്ധാന്തങ്ങളും(ഡി.സി ബുക്‌സ്, കോട്ടയം, പേജ് 192) എന്ന എന്റെ പുതിയ പുസ്തകത്തിന് ഞാനും ശ്രീ മുഹമ്മദ് നസീറും ചേര്‍ന്നെഴുതിയ ആമുഖത്തില്‍ നിന്നും. പ്രകാശനത്തിന് ശേഷം പവര്‍പോയന്റ് പ്രസന്റേഷന്‍:''അമ്പിളിക്കുട്ടന്‍മാര്‍'' അവതരണം- രവിചന്ദ്രന്‍ സി)