Pages

Wednesday 14 December 2011

ഒന്നും മൂന്നും തമ്മിലുള്ള വ്യത്യാസം

The tunnel between Command
Module& Lunar Module after
docking
 മനുഷ്യന്റെ ചാന്ദ്രയാത്രകള്‍ ശരിക്കും ഒരു റിലേ ഓട്ടം പോലെയായിരുന്നു. ഏതെങ്കിലും ഒരു ഘട്ടം പിഴച്ചാല്‍ മുഴുവന്‍ പദ്ധതിയും തകിടം മറിയുമായിരുന്നു. ഭൂമിയില്‍ നിന്നും വിക്ഷേപിച്ച സാറ്റേണ്‍ റോക്കറ്റിന്റെ ഭാരത്തിന്റെ 95 ശതമാനവും ഇന്ധനമായിരുന്നുവെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. റോക്കറ്റിന് മുകളില്‍ സ്ഥാപിച്ചിരുന്ന ചാന്ദ്രപേടകത്തിന് മൂന്ന് ഭാഗങ്ങളുണ്ടെന്നും കണ്ടു. കമാന്‍ഡ് മോഡ്യൂള്‍(CM), സപ്‌ളൈ മോഡ്യൂള്‍, (SM)ലൂണാര്‍ മോഡ്യൂള്‍(LM) എന്നിവയാണ് ഈ ഭാഗങ്ങള്‍. ഇതില്‍ ലൂണാര്‍ മോഡ്യൂള്‍ പിന്നറ്റത്തും കമാന്‍ഡ് മോഡ്യൂള്‍ മുന്നറ്റത്തുമാണ്. ഇടയിലാണ് പ്രൊപ്പല്ലന്റുകളും ഇന്ധനവും മറ്റും ശേഖരിച്ചിട്ടുള്ള സപ്‌ളൈ മോഡ്യൂള്‍. കമാന്‍ഡ് മോഡ്യൂളും സപ്‌ളൈ മോഡ്യൂളും കൂട്ടിചേര്‍ത്ത് മുന്‍ഭാഗത്തിന് കാമാന്‍ഡ് ആന്‍ഡ് സപ്‌ളൈ മോഡ്യൂള്‍ (CSM) എന്നും പറയാറുണ്ട്.


Artist's view: CM and LM after docking

ചാന്ദ്രപേടകവും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് ഒന്നര ഭൗമഭ്രമണം പൂര്‍ത്തിയാക്കിയ ശേഷമാണ് റോക്കറ്റ് പുന:പ്രവര്‍ത്തിച്ച് ചന്ദ്രനിലേക്ക് കുതിക്കുന്നത്. പിന്നീട് മൂന്നു ദിവസത്തെ യാത്രയാണ്. ആ പ്രായാണത്തിനിടയില്‍ രണ്ടു കാര്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്. (ഒന്ന്)സാറ്റേണ്‍ റോക്കറ്റിന്റെ അവശേഷിച്ച ഭാഗം കത്തിച്ചുകളയുക. (രണ്ട്) ലൂണാര്‍ മോഡ്യൂളന്റെ പുറംകവചം വേര്‍പെടുത്തുക. ഇതു രണ്ടും നിര്‍വഹിച്ചു കഴിഞ്ഞാല്‍ പിന്നെ ചെയ്യാനുള്ളത് പിറകിലിരിക്കുന്ന ലൂണാര്‍ മോഡ്യൂളിനെ സപ്‌ളൈമോഡ്യൂളിന്റെ മുകളിലൂടെ ഉയര്‍ത്തി കൊണ്ടുവന്ന് ഏറ്റവും മുന്നിലുള്ള കമാന്‍ഡ് മോഡ്യൂളിന്റെ നാസികാഗ്രഭാഗത്ത് ഘടിപ്പിക്കുക എന്നതാണ്. നാം പിറകില്‍ നില്‍ക്കുന്ന ശിശുവിനെ തലയ്ക്ക് മീതെ എടുത്തുയര്‍ത്തി മുന്‍വശത്ത് എത്തിക്കുന്നത് സങ്കല്‍പ്പിക്കു. ഏതാണ്ട് അതുപോലെയാണ് പിന്നിലിരിക്കുന്ന ല്യൂണാര്‍ മോഡ്യൂള്‍ വാഹനത്തിന്റെ മുന്നിലെത്തുന്നത്. പേടകം മണിക്കൂറില്‍ 36000 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചിരമ്പി പായുമ്പോഴാണ് ബാഹിരാകാശത്ത് വെച്ച് ഈ സര്‍ക്കസ് അരങ്ങേറുന്നത്! സര്‍വീസ് മോഡ്യൂളിന്റെ മധ്യഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ഒരു യന്ത്രക്കൈയ്യുടെ സഹായത്തോടെയാണ് ലൂണാര്‍ മോഡ്യൂളിനെ വാഹനത്തിന്റെ മുന്നിലെത്തിക്കുന്നത്.

വിലക്ഷണമായ, ഏതാണ്ട് ചിലന്തിയുടെ ആകൃതിയുള്ള ലൂണാര്‍ മോഡ്യൂള്‍ ഇത്രയും വേഗത്തില്‍ കുതിച്ചുപോയുന്ന വാഹനത്തിന്റെ മുന്നില്‍ ഘടിപ്പിച്ചാല്‍ എങ്ങനെ മുന്നോട്ടുപോകാനാവും? ന്യായമായ ചോദ്യം തന്നെ. ഭൂമിയിലോ ഭൗമാന്തരീക്ഷത്തിലോ അത്തരമൊരു കാര്യം ചിന്തിക്കാന്‍ പോലുമാവില്ല. അവിടെ വായുപ്രതിരോധം പരമാവധി കുറയ്ക്കാന്‍ സഹായകമായ ആകൃതിയുണ്ടാവണം. പക്ഷെ ബഹരാകാശത്ത് അന്തരീക്ഷപ്രതിരോധമോ ഭാരമോ ഇല്ലാത്തതിനാല്‍ വിക്ഷേപണവസ്തുവിന്റെ ആകൃതിയോ ഭാരമോ ഒരു വിഷയമല്ല. ലൂണാര്‍ മോഡ്യൂള്‍ ശൂന്യാകാശത്തില്‍ മാത്രം പറക്കാനായി ആസൂത്രണം ചെയ്യപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അതിന്റെ മുന്‍ഭാഗം പോര്‍മുനപോലെ (streamline) രൂപപ്പെടുത്തേണ്ട കാര്യമുണ്ടായിരുന്നില്ല.

ലൂണാര്‍ മോഡ്യൂള്‍ മുന്നില്‍ വെച്ചുകൊണ്ട് 3 ദിവസം സഞ്ചരിച്ച് ചന്ദ്രാകാശത്ത് എത്തുന്ന പേടകം ചന്ദ്രനെ വലം വെക്കാന്‍ തുടങ്ങുന്നു. ചാന്ദ്രഭ്രമണപഥത്തില്‍ ലൂണാര്‍ മോഡ്യൂളിനേയും കമാന്‍ഡ് മോഡ്യൂളിനേയും ബന്ധിപ്പിക്കുന്ന ഭാഗം ഒരു കുഴലെന്നപോലെ തുറക്കാവുന്നതാണ്. ഈ കുഴലിലൂടെ സഞ്ചാരികള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും നുഴഞ്ഞുകയറാം. ലൂണാര്‍ മോഡ്യൂള്‍ മുന്‍വശത്ത് വന്നുകഴിഞ്ഞാല്‍ യാത്രികരില്‍ രണ്ടുപേര്‍ കമാന്‍ഡ് മോഡ്യൂളില്‍ നിന്നും ലൂണാര്‍മോഡ്യൂളിലേക്ക് കയറും. ബാക്കിയുള്ള ഒരാള്‍ കമാന്‍ഡ് മോഡ്യൂളില്‍ തന്നെ ഇരിക്കും. തുടര്‍ന്ന് ലൂണാര്‍ മോഡ്യൂള്‍ കമാന്‍ഡ് മോഡ്യൂളില്‍ നിന്ന് മെല്ലെ വേര്‍പെടുന്നു. രണ്ടു വാഹനങ്ങളും വ്യത്യസ്ത ഭ്രമണപഥങ്ങള്‍ സ്വീകരിച്ച് ചന്ദ്രനെ ചുറ്റുന്നത് തുടരും. കുറെക്കഴിയുന്നതോടെ ലൂണാര്‍ മോഡ്യൂള്‍ അതിലെ ദിശാറോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് മെല്ലെ ചന്ദ്രനിലേക്ക് വീഴുന്നു.

ഇന്ധനം പരമാവധി ശേഖരിക്കാനായി ലൂണാര്‍ മോഡ്യൂളിന്റെ ഭാരം പരമാവധി കുറയ്ക്കാനാണ് നാസ തീരുമാനിച്ചത്. അതിനായി യാത്രികര്‍ക്കുള്ള സീറ്റുകള്‍ പോലും ഉപേക്ഷിച്ചു. എത്ര ഇന്ധനം ശേഖരിക്കാമോ ദൗത്യത്തിന്റെ മൊത്തം അതിജീവനസാധ്യത അത്രകണ്ട് വര്‍ദ്ധിക്കുമല്ലോ. നീല്‍ ആംസ്‌ട്രോങും ഓള്‍ഡ്രിനും ചന്ദ്രനിലും ചെന്നിറങ്ങിയതും അവിടെനിന്ന് കയറിയതും നിന്നുകൊണ്ടായിരുന്നുവെന്ന് സാരം. ഇത്രയും ദൂരം യാത്ര ചെയ്യുന്നവര്‍ക്ക് ഇരിക്കാന്‍ നല്ല രണ്ട് സീറ്റുപോലും കൊടുക്കാതിരുന്ന നാസയിലെ ബുദ്ധിരാക്ഷസന്‍മാരെ സമ്മതിക്കണം! പക്ഷെ, ഓര്‍ക്കുക, ചന്ദ്രയാത്ര കേവലം മറ്റൊരു യാത്രയല്ല!

7 മീറ്റര്‍ ഉയരവും 15 ടണ്‍ ഭാരവുമുള്ള ലൂണാര്‍ മോഡ്യൂളില്‍ കഷ്ടിച്ച് ചുരുണ്ടുകൂടി കിടക്കാനും ചാരിനില്‍ക്കാനും മാത്രമുള്ള സ്ഥലമേ ലഭ്യമായിരുന്നുള്ളു. ലൂണാര്‍ മോഡ്യൂളിന്റെ അഷ്ടഭുജാകൃതിയുള്ള(octagonal) കീഴ്ഭാഗത്ത് (descent stage)ബ്രേക്ക് ചെയ്യാനുള്ള ഒരൊറ്റ എന്‍ജിനും ലാന്‍ഡിംഗിന്റെ ആഘാതം താങ്ങാനാവശ്യമായ ഷോക്ക് അബ്‌സോര്‍ബറുകളുള്ള കാലുകളും ഉണ്ടായിരുന്നു. ഈ ബ്രേക്കിംഗ് എന്‍ജിന്‍ (descent engine) നിരന്തരം ചന്ദ്രോപരിതലത്തിലേക്ക് ജ്വാല (exhaust) തള്ളിക്കൊണ്ടിരിക്കും. അതുമൂലം ചന്ദ്രനിലേക്ക് വീഴുന്ന പേടകത്തിന് മേല്‍ മുകളിലേക്ക് ഒരു തള്ളല്‍ അനുഭവപ്പെടും. ഇതുമൂലം വീഴ്ചയുടെ വേഗത കുറഞ്ഞുവരുന്നു. അവസാനം വാഹനത്തിന് തറതൊടാനാവാത്ത വിധം പ്രതിരോധമുണ്ടാകും. ചാന്ദ്രോപരിതലത്തില്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്തുന്നതുവരെ ഇടിച്ചു വീഴാതെ തങ്ങിനില്‍ക്കാന്‍ (hover)ഇതുമൂലം സാധിക്കും. പക്ഷെ നിശ്ചിതസമയത്തിനുളളില്‍ നിര്‍ദ്ദിഷ്ട സ്ഥലം കണ്ടെത്തിയില്ലെങ്കില്‍ എന്‍ജിനിലെ ഇന്ധനം തീരുകയും പേടകം ഇടിച്ചിറങ്ങുകയും ചെയ്യും. ഇന്ധനം തീരുന്നതിന് മുമ്പ് കഴിവതും പെട്ടെന്ന് ഇറക്കാനായിരുന്നു നാസയുടെ നിര്‍ദ്ദേശം. അപ്പോളോ-11 ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുന്ന സമയത്ത് 5 മിനിറ്റ് നേരത്തേക്കുള്ള ഇന്ധനം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു.



Self launching of 'Eagle'  from Moon
The fire, fume and dust are
just poetic imagination
ലൂണാര്‍ മോഡ്യൂളിന്റെ കീഴ്ഭാഗത്ത് ജലം, ഇന്ധനം(അപ്പോളോ 15 മുതല്‍) എന്നിവയും ശേഖരിച്ചിരുന്നു. ഉപരിഭാഗത്താകട്ടെ യാത്രികരുടെ കാബിനും, ഓക്‌സിജന്‍, ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടര്‍, റേഡിയോ-ടെലിവിഷന്‍ ഉപകരണങ്ങള്‍ എന്നിവയും സ്ഥാപിച്ചിരുന്നു. ചന്ദ്രനില്‍ നിന്നും തിരിച്ച് പറന്നുകയറാന്‍ പ്രവര്‍ത്തിപ്പിക്കേണ്ട റോക്കറ്റ് എന്‍ജിന്‍ ഉപരിഭാഗത്തിന്റെ അടിവശത്തുണ്ടായിരുന്നു. നാലുവീതമുള്ള നാലു കൂട്ടം (മൊത്തം 16) ഉയരം ക്രമീകരിക്കുന്ന നിയന്ത്രണറോക്കറ്റുകളും(attitude control thrusters) ഉപരിഭാഗത്തുണ്ടായിരുന്നു. ചന്ദ്രാകാശത്തെത്തി കണ്‍ട്രോണ്‍ മോഡ്യൂളുമായി ഡോക്കിംഗ് നടത്താനും സഞ്ചാദിശ ക്രമീകരിക്കാനും ഇവയുടെ പങ്ക് വളരെ നിര്‍ണ്ണായകമായിരുന്നു.

ഉപരിഭാഗത്തിന്റെ അടിത്തട്ടിലുള്ള ത്രികോണാകൃതിയിലുള്ള സ്‌ക്രീനുണ്ടായിരുന്നു. യു-ട്യൂബില്‍ നാസ പുറത്തുവിട്ട വീഡിയോ കണ്ടവര്‍ക്കെറിയാം, യാത്രികര്‍ ചാന്ദ്രോപരിതലം കണ്ടുകൊണ്ടിരുന്നത് ത്രികോണാകൃതിയുള്ള ഈ ജാലകത്തിലൂടെയാണ്. ലാന്‍ഡിംഗിന് ശേഷം പേടകത്തില്‍ നിന്ന് യാത്രികര്‍ പുറത്തിറങ്ങുന്നതും തിരിച്ചുകയറുന്നതും വളരെ ശ്രമപ്പെട്ടാണ്. ഈഗിളിന്റെ കാലുകളില്‍ ഘടിപ്പിച്ച കോവേണിയിലൂടെയാണ് യാത്രികര്‍ പുറത്തിറങ്ങിയത്. അത്തരത്തിലൊന്ന് നാസ ഇപ്പോഴും പ്രദര്‍ശനത്തിനായി (at the National Air and Space Museum in Washington)സൂക്ഷിച്ചിട്ടുണ്ട്.

ചന്ദ്രനിലിറങ്ങിയ സഞ്ചാരികള്‍ അവരോട് നിര്‍ദ്ദേശിച്ചിരുന്ന അന്വേഷണങ്ങളും ദൗത്യങ്ങളും നിര്‍വഹിച്ചു. പാറയും മറ്റും ശേഖരിച്ച് തിരിച്ചുകയറിയ ശേഷം ഉപരിഭാഗം (ascent stage) മാത്രമായി ചന്ദ്രനില്‍ നിന്ന് റോക്കറ്റ് എന്‍ജിനുകളുടെ സഹായത്തോടെ പറന്നുപൊങ്ങി. പാമ്പ് പടം പൊഴിക്കുന്നതുപോലെ കീഴ്ഭാഗം ചന്ദ്രനില്‍ ഉപേക്ഷിച്ചാണ് യാത്രികര്‍ ചന്ദ്രനില്‍ നിന്ന് പറന്നകന്നത്. 'വിക്ഷേപണത്തറ'യായി (launch pad) ഉപയോഗിച്ച കീഴ്ഭാഗം ഉപേക്ഷിക്കപ്പെട്ടു.

ബഹിരാകാശത്തെ ബാലെ

The docking target of Lunar Module
as seen from the Command Module
ചാന്ദ്രയാത്രയുടെ മുഴുവന്‍ വിജയവും ചാന്ദ്രഭ്രമണപഥത്തില്‍ വെച്ച് നടത്തപ്പെട്ട വിഘടന-പുന:സംഘടന ദൗത്യത്തെ (undocking and redocking maneuvers) ഡോക്കിംഗിനെ ആശ്രയിച്ചാണിരുന്നത്. അതായത് കമാന്‍ഡ് മോഡ്യൂളില്‍ നിന്ന് ഈഗിള്‍ വേര്‍പെടുന്നതും തിരിച്ച് ചന്ദ്രനിലിറങ്ങിയശേഷം വീണ്ടും കണ്ടെത്തി സംയോജിക്കുന്നതും സത്യത്തില്‍ വിസ്മയകരമായ ഒരു കാര്യം തന്നെയായിരുന്നു. ശരിക്കും ഒരു ആകാശ ബാലെ! ലൂണാര്‍ മോഡ്യൂളിനെ കമാന്‍ഡ് മോഡ്യൂളിന്റെ മുന്നില്‍ കൊണ്ടുവരുന്ന ഡോക്കിംഗ് പേടകങ്ങള്‍ തമ്മിലുള്ള ബന്ധം വിച്ഛേദിക്കാതെ നിര്‍വഹിക്കുന്ന ഒന്നാണ്. അപ്പോളോ-11 ന് മുമ്പുള്ള ദൗത്യങ്ങളില്‍ വിജയകരമായി റിഹേഴ്‌സല്‍ നടത്തിയ പ്രക്രിയയാണിത്.

കമാന്‍ഡ്‌മോഡ്യൂളും ലൂണാര്‍ മോഡ്യൂളും ഒറ്റ പേടകമായി ചന്ദ്രനിലേക്കുള്ള യാത്ര തുടരുന്നതിന് മുമ്പ് തന്നെ റോക്കറ്റിന്റെ (S-IVB rocket)ബാക്കിവന്ന ഭാഗം ജ്വലിപ്പിച്ച് സൂര്യന് ചുറ്റുമായുള്ള ഒരു ഭ്രമണപഥത്തിലേക്ക് തള്ളി വിട്ടിരുന്നു. എന്നാല്‍ അപ്പോളോ-13 മുതലുള്ള ദൗത്യങ്ങളില്‍ ഇങ്ങനെ ബാക്കിവന്ന റോക്കറ്റ് ഭാഗം ചാന്ദ്രപേടകത്തിന് ഒപ്പം സഞ്ചരിക്കുകയും ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി ചാന്ദ്രോപരിതലത്തിലേക്ക് തകര്‍ന്ന് വീഴുകയുമാണുണ്ടായത്. ഇതുമൂലം ചന്ദ്രനിലുണ്ടായ മനുഷ്യനിര്‍മ്മിതമായ ചാന്ദ്രകമ്പം (a man-made moonquake) അവിടെ സ്ഥാപിച്ചിരുന്ന കമ്പമാപിനികള്‍ (seismometers)രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോളോ-11, 12 എന്നീ ദൗത്യസംഘങ്ങളാണ് ഈ കമ്പമാപിനി ചന്ദ്രനില്‍ സ്ഥാപിച്ചത്. ചന്ദ്രന്റെ ആന്തരികഘടനയെ കുറിച്ച് പഠിക്കാന്‍ ഇത്തരം 'ഇടിച്ചിറക്കലുകള്‍' നാസയെ ഏറെ സഹായിച്ചിട്ടുണ്ട്.

ല്യൂണാര്‍ മോഡ്യൂളും കമാന്‍ഡ് മോഡ്യൂളും തമ്മില്‍ ഒരു കുഴല്‍ (tunnel)വഴിയാണ് ബന്ധിപ്പിച്ചിരുന്നതെന്ന് പരാമര്‍ശിച്ചല്ലോ. ഇതിലൂടെ യാത്രികര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാനാവുമായിരുന്നു. ഈ കുഴല്‍ വളരെ ഇടുങ്ങിയതാണെന്നും ഇതിലൂടെ മനുഷ്യര്‍ക്ക് നുഴഞ്ഞുപോകാനാവില്ലെന്നും ഒരു ഹോക്‌സ് വാദമുണ്ട്. തികച്ചും വാസ്തവവിരുദ്ധമാണിത്. സ്ഥലപരിമിതയുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം സഞ്ചാരം അസാധ്യമാണെന്നല്ല. ഇതു സംബന്ധിച്ച് നാസ ലഭ്യമാക്കിയ അളവുകള്‍ ശ്രദ്ധിക്കുക: 32 ഇഞ്ച് വ്യാസവും 18 ഇഞ്ച് നീളവുമാണ് ഈ കുഴലിനുള്ളത്. അതായത് ഏതാണ്ട് മൂന്നടി വീതി, ഒന്നരയടി നീളം. അത്തരമൊരു കുഴലിലൂടെ സ്‌പേസ്സ്യൂട്ടിട്ട് മനുഷ്യന് നുഴഞ്ഞുപോകാം. അതുകൊണ്ട് തന്നെ അതൊരു ചര്‍ച്ച ചെയ്യേണ്ട വാദമായി കാണാനാവില്ല.

ചന്ദ്രനിലിറങ്ങാന്‍ നേരത്ത് മാത്രമല്ല അതിന് മുമ്പ് വൈദ്യുതിബന്ധവും യന്ത്രസംവിധാനവും പരിശോധിക്കാനായി യാത്രികര്‍ പലകുറി കമാന്‍ഡ് മോഡ്യൂളില്‍ നിന്നും ല്യൂണാര്‍ മോഡ്യൂളിലേക്ക് സഞ്ചരിച്ചിട്ടുണ്ട്. ഇവിടെ നിര്‍ണ്ണായകമായ ആ ചോദ്യമുയരുന്നു: എന്തുകൊണ്ട് ചാന്ദ്രപേടകത്തിന് മൂന്ന് ഭാഗങ്ങള്‍? ചന്തയില്‍ നിന്നും കാലിവണ്ടി തിരിച്ചുവരുന്നപോലെ അവസാനം കമാന്‍ഡ് മോഡ്യൂള്‍ മാത്രമാണ് ഭൂമിയില്‍ തിരിച്ചുവരുന്നത്. ബാക്കിയൊക്കെ കത്തിത്തീരുകയോ ഉപേക്ഷിക്കുകയോ ചെയ്യപ്പെടുന്നു. ലൂണാര്‍ മോഡ്യൂള്‍ മാത്രമാണ് ചന്ദ്രനിലിറിങ്ങുന്നത്. ആദ്യം നാസ തയ്യാറാക്കിയ കമാന്‍ഡ് മോഡ്യൂളിന് മൂന്നു ഭാഗങ്ങള്‍ വിഭാവനം ചെയ്തിരുന്നില്ല. മറിച്ച് കമാന്‍ഡ് മോഡ്യൂളും സര്‍വീസ് മോഡ്യൂളും ലൂണാര്‍ മോഡ്യൂളും ചേര്‍ന്ന് ഒരൊറ്റ വാഹനം. ഈ വാഹനത്തില്‍ ചന്ദ്രനില്‍ പോയി ഇറങ്ങുന്നു-അതേ വാഹനത്തില്‍ തിരിച്ചു ഭൂമിയിലേക്ക് വരുന്നു. എത്ര എളുപ്പം! എത്ര ലളിതം! അതായത് ഒരു വിമാനം ചെന്നിറങ്ങി പറന്നുപൊങ്ങുന്നതുപോലെ.

അങ്ങനെയെങ്കില്‍ ചന്ദ്രാകാശത്തില്‍ ജീവന്‍ പണയം വെച്ച് നടത്തുന്ന Lunar orbit rendezvous(LOR) എന്നറിയപ്പെടുന്ന സംഘടനവും വിഘടനവും പുന: സംഘടനവുമൊക്കെ ഒഴിവാക്കാം. ആദ്യഘട്ടത്തില്‍ നാസയ്ക്ക് ഇത് സംബന്ധിച്ച് മൂന്ന് പദ്ധതികളാണുണ്ടായിരുന്നത്. നേരിട്ടുള്ള വിക്ഷേപണവും(direct ascent) തിരിച്ചുവരവും സാധ്യമായ നോവ ('Nova')എന്ന പേരുള്ള ഏകതാനതയുള്ള ഒരു പടുകൂറ്റന്‍ റോക്കറ്റായിരുന്നു (monolithic rocket) ആദ്യം വിഭാവനം ചെയ്തത്. നോവ ബഹിരാകാശത്തേക്ക് വിക്ഷേപിക്കും. അവിടെ നിന്ന് അത് ചന്ദ്രന്റെ ഭമണപഥത്തിലെത്തും. തുടര്‍ന്ന് ചന്ദ്രനിലിറങ്ങി തിരിച്ചുകയറി തിരിച്ച് ഭൂമിയിലെത്തും-ഇതായിരുന്നു പദ്ധതി.

രണ്ടാമത്തെ പദ്ധതിയില്‍ ഭൗമഭ്രമണപഥത്തില്‍ വെച്ചുള്ള ഡോക്കിംഗായിരുന്നു (Earth Orbit Rendezvous)ലക്ഷ്യമിട്ടത്. ഇതനുസരിച്ച് രണ്ട് ചെറിയ റോക്കറ്റുകള്‍ ബഹിരാകാശത്തേക്ക് വിക്ഷേപിക്കും. ഒന്നില്‍ യാത്രികരും മറ്റൊന്നില്‍ ഇന്ധനവും. ഭൗമഭ്രമണപഥത്തില്‍ വെച്ച് രണ്ടും സംയോജിപ്പിക്കും. തുടര്‍ന്ന് അവിടെ നിന്ന് ചന്ദ്രനിലേക്ക് പറക്കും. 2017-20 കാലഘട്ടത്തില്‍ ചൈന നടത്താനിടയുള്ള ചാന്ദ്രയാത്രയ്ക്ക് ഈ രീതി അവലംബിക്കാനാണ് സാധ്യത. മൂന്നാമത്തെ പദ്ധതിയില്‍ ചാന്ദ്രാകാശത്തെ വിഘടിക്കലും സംയോജിപ്പിക്കലും വിഭാവനം ചെയ്തു. 



John C Houbolt
1916 ല്‍ യൂറി കോണ്‍ട്രാറ്റിയുക്ക് (Yuri Kondratyuk) എന്ന ഉക്രെയിന്‍കാരനാണ് (Lunar orbit rendezvous (LOR)) എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. LOR ആയിരിക്കും ചന്ദ്രനില്‍ ചെന്നിറങ്ങി തിരിച്ചുവരാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗ്ഗം (most economical way)എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. അമേരിക്കയില്‍ ടോം ഡോലനാണ് (Tom Dolan)ഇങ്ങനെയൊരു നിര്‍ദ്ദേശം ആദ്യം വെച്ചത്. പിന്നീട് അപ്പോളോ മിഷന്‍ സ്റ്റീയറിംഗ് ഗ്രൂപ്പ് അംഗമായ ജോണ്‍ സി ഹോബോള്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതി വികസിപ്പിച്ചെടുക്കുകയായിരുന്നു. ഇതാണ് അവസാനം നാസ നടപ്പിലാക്കിയത്.

ഈ ത്രിതലപദ്ധതിക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഒന്നാമതായി മൂന്ന് വ്യത്യസ്ത വാഹനങ്ങളും ബഹിരാകാശത്ത് വെച്ച് അവയുടെ സംയോജനവും വിഘടനവും (docking and undocking) ഉണ്ടാക്കുന്ന വിഷമതകളും വെല്ലുവിളികളും ഊഹിക്കാവുന്നതേയുള്ളു. ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് നടത്തുന്ന ഡോക്കിംഗ് താരതമ്യേന സുരക്ഷിതമാണെന്ന് പറയാം. അഥവാ ഡോക്കിംഗ് സാധിക്കാതെ വന്നാല്‍ ക്രമേണ ഇന്ധനം നഷ്ടപ്പെട്ട് വാഹനം താഴേക്ക് ഊര്‍ന്നിറങ്ങുകയും ക്രമേണ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ച് കയറുകയും ചെയ്യും. അങ്ങനെ വന്നാല്‍ ശ്രമം പരാജയപ്പെട്ടാലും പേടകം സുരക്ഷിതമായി ഭൂമിയില്‍ ലാന്‍ഡ് ചെയ്യിക്കാനാവും. ഇനി അഥവാ ഭൗമഭ്രമണപഥത്തില്‍ കുടുങ്ങിപ്പോയാല്‍ അത്യാവശ്യം പ്രാണവായുവും ഭക്ഷണവും മറ്റ് ഉപഭോഗസ്തുക്കളും കരുതിയിട്ടുണ്ടെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ സാധ്യത തള്ളിക്കളയേണ്ടതുമില്ല.

പക്ഷെ അതുപോലെയാണോ ചാന്ദ്രാകാശത്ത് വെച്ച് നടത്തുന്ന സംഘാടനവും വിഘടനവും?! ശരിക്കും ജീവന്‍ കയ്യില്‍ വെച്ചുകൊണ്ടുള്ള കളിയാണത്. വിഘടനത്തെക്കാള്‍ നിര്‍ണ്ണായകമാണ് ചന്ദ്രനില്‍ നിന്ന് തിരിച്ചുകയറിയ ശേഷമുള്ള സംഘാടനം. ലഭ്യമായ ഇന്ധനപരിധിക്കുള്ളില്‍ ഡോക്കിംഗ് സാധ്യമായില്ലെങ്കില്‍ പദ്ധതി അപ്പാടെ പാളുകയും ലൂണാര്‍മോഡ്യൂള്‍ ക്രമേണ ചന്ദ്രനിലേക്ക് വഴുതി വീഴുകയും ചെയ്യും. യാതൊരുവിധ രക്ഷാപ്രവര്‍ത്തനവും ഈ ഘട്ടത്തില്‍ സാധ്യമല്ല. കമാന്‍ മോഡ്യൂളില്‍ ഇരിക്കുന്ന യാത്രികന് രണ്ട് സഹപ്രവര്‍ത്തകരെയും ഉപേക്ഷിച്ച് തിരിച്ചുപോരുകയല്ലാതെ മറ്റ് ഗത്യന്തരമില്ല.

ഒ! രണ്ടു സഹപ്രവര്‍ത്തകരേയും നഷ്ടപ്പെട്ട് ഭൂമിയിലേക്ക് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ആ യാത്രയൊന്നു വിഭാവനം ചെയ്തുനോക്കൂ. ഒരു ദ്വീപില്‍ ഒറ്റപ്പെട്ടത് മൂലമുണ്ടായ ഏകാന്തതയാല്‍ മരിച്ചുപോയ സ്വന്തം പിതാവിനെപ്പറ്റി പരിതപിക്കുന്ന ഒരു കഥാപാത്രം ഇംഗ്‌ളീഷ് നാടകകൃത്തായ ബര്‍നാര്‍ഡ് ഷായുടെ 'ദി ആപ്പിള്‍ക്കാര്‍ട്ട്' എന്ന നാടകത്തിലുണ്ട്. ആ ഏകാന്തതയും ഇതുമായി താരതമ്യപ്പെടുത്താന്‍ പോലുമാകില്ല. ഒരു മനുഷ്യന്‍ പ്രപഞ്ചത്തിന്റെ അഗാധതയിലൂടെ മൂന്ന് ദിവസം ഒറ്റയ്ക്ക്, അതും അവിശ്വസനീയമായ വേഗതയില്‍, യാത്ര ചെയ്യുന്നു!!

എന്നാല്‍ ഇതൊക്കെ പരിഗണിക്കുമ്പോഴും മൂന്ന് ഭിന്ന വാഹനങ്ങള്‍ തന്നെയാണ് പ്രായോഗികമെന്ന് നാസ തിരിച്ചറിഞ്ഞു. അതിനും സാധുവായ നിരവധി കാരണങ്ങളുണ്ട്. ഒന്നാമതായി, ഭൂമിയില്‍ നിന്ന് വിക്ഷേപിക്കുന്ന വാഹനം ബഹിരാകാശത്തുകൂടി യാത്ര ചെയ്ത് ചന്ദ്രനിലിറങ്ങി തിരിച്ചു കയറണമെന്ന് വന്നാല്‍ അത്തരമൊരു വാഹനത്തിന് എല്ലാ ദൗത്യങ്ങളെല്ലാം നിറവേറ്റാനുള്ള ശേഷിയുണ്ടായിരിക്കണം. അങ്ങനെയെങ്കില്‍ മൂന്ന് യാത്രികരുടെ ആവശ്യം തന്നെയില്ല, രണ്ടുപേര്‍ മതിയാകും. പക്ഷെ ഒന്നാലോചിക്കുക, ചന്ദ്രനിലിറങ്ങുന്ന വാഹനത്തില്‍ തിരിച്ചുകയറാനുളള എന്‍ജിന്‍ മാത്രമല്ല തിരിച്ച് ചാന്ദ്രഭ്രമണപഥത്തില്‍ നിന്നും ഭൂമിയിലേക്ക് കുതിക്കാനുള്ള പ്രൊപ്പല്ലന്റും അതിനുവേണ്ട ഇന്ധനവും കരുതിയിട്ടുണ്ടാവണം. ഈ അധികഭാരവും വഹിച്ചുകൊണ്ട് വേണം ചന്ദ്രനിലിറങ്ങാനും തിരിച്ചുകയറാനും.

തീര്‍ച്ചയായും ഇത്തരത്തില്‍ ഭാരവും വലുപ്പവും കൂടുന്നുതല്‍ കാരണം നിയന്ത്രിക്കാനായി കുറേക്കൂടി ശക്തി കൂടിയ ബ്രേക്കിംഗ് റിട്രോ റോക്കറ്റ് എന്‍ജിന്‍ ആവശ്യമായി വരും, അതിനാനുപാതികമായ അധിക ഇന്ധനവും, തത്ഫലമായുണ്ടാകുന്ന അധികഭാരവും. ഇനി ചന്ദ്രനിലെത്തിക്കഴിഞ്ഞാല്‍ അവിടെനിന്ന് തിരിച്ചുകയറാനും കൂടുതല്‍ ശക്തിയുള്ള, അധിക ഇന്ധനം ആവശ്യമായ എന്‍ജിന്‍ ആവശ്യമുണ്ട്. ചുരുക്കത്തില്‍ ഇത്തരത്തിലുള്ള അമിതഭാരവും വഹിച്ചുകൊണ്ടുള്ള ലാന്‍ഡിംഗും സ്വയം വിക്ഷേപണവും പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണ്.

മാത്രമല്ല വ്യത്യസ്തഭാഗങ്ങള്‍ ഒരുക്കുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളുമില്ലാത്ത അത്തരം പദ്ധതികള്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് തടസ്സമാവുകയും ചെയ്യും. ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പുന:പ്രവേശമാണ് മറ്റൊരു കീറാമുട്ടി. ബഹിരാകാശ യാത്രയിലെ ഏറ്റവും അപകടം പിടിച്ച രണ്ടു ഘട്ടങ്ങളാണ് ഭൂമിയില്‍ നിന്നുള്ള വിക്ഷേപണവും ഭൗമാന്തരീക്ഷത്തിലേക്കുള്ള തിരിച്ചുവരവും. 90 ശതമാനം അപകടവും സംഭവിക്കുന്നത് ഈ ഘട്ടങ്ങളിലാണ്(ഉദാഹരണം-സ്‌പേസ് ഷട്ടില്‍ ചലഞ്ചര്‍(വിക്ഷേപണം), സ്‌പേസ് ഷട്ടില്‍ കൊളംബിയ(തിരിച്ചുവരവ്)). വിക്ഷേപിക്കുമ്പോള്‍ ഒരു വാഹനമായാലും മൂന്നെണ്ണമായാലും വിക്ഷേപിച്ചേ മതിയാകൂ. പക്ഷെ തിരിച്ചുവരുമ്പോള്‍ ഭൗമാന്തരീക്ഷത്തില്‍ വെച്ച് തീപിടിക്കാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് നാം പലകുറി കണ്ടതാണ്. അപ്പോളോ കമാന്‍ഡ് മോഡ്യൂളും സര്‍വീസ് മോഡ്യൂളും ഒരുമിച്ച് ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ സര്‍വീസ് മോഡ്യൂള്‍ വിഘടപ്പിച്ച് അന്തരീക്ഷത്തില്‍ വെച്ച് കത്തിച്ചുകളയുകയായിരുന്നു. സര്‍വീസ് മോഡ്യൂളും ഒപ്പം കൂട്ടിയാല്‍ ഭൗമാന്തരീക്ഷത്തില്‍വെച്ച് ചൂടുകൂടി പേടകം മൊത്തം കത്തിപ്പോകാനുളള സാധ്യത വര്‍ദ്ധിക്കുമെന്നതും പരിഗണിക്കപ്പെട്ടു.

അതുകൊണ്ട് തന്നെയാണ് കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുന്ന ത്രിതലപേടകം ഉപയോഗിച്ചത്. അത്ഭുതകരമെന്ന് പറയട്ടെ, അപ്പോളോ-13 ഒഴിച്ചു നിറുത്തിയാല്‍ ഒരിക്കല്‍പോലും ഈ രീതി പരാജയപ്പെട്ടിട്ടില്ല. അപ്പോളോ-13 ലും പരാജയപ്പെട്ടത് ഓക്‌സിജന്‍ സിലണ്ടറിന്റെ പൊട്ടിത്തെറി മൂലമാണെന്നും ഓര്‍ക്കണം. അപ്പോളോ-1 രൂപകല്‍പ്പനചെയ്ത സമയത്ത് ഏകപേടക സംവിധാനമാണ് വിഭാവനം ചെയ്തിരുന്നത്. പക്ഷെ അപ്പോളോ-1 ന്റെ ദുരന്തം അത് സംബന്ധിച്ച സാങ്കേതിക ന്യൂനതകളിലേക്ക് കൂടുതല്‍ വെളിച്ചം വീശി. അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ (review board's recommendations)വെളിച്ചത്തില്‍ അത്തരം ന്യൂനതകള്‍ കൂടി പരിഹരിച്ചുകൊണ്ടാണ് ത്രിതല മാതൃക സ്വീകരിക്കാന്‍ നാസ അവസാനം നിര്‍ബന്ധിതമായത്. **

Thursday 8 December 2011

നാമവിടെ എത്തിയതെങ്ങനെ?

The Hoax Terror! One of the many
morphed pictures designed by hoaxers
doing rounds in the net
നാസ ആയിരങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്ന
  ഒരു കൂറ്റന്‍ സ്ഥാപനമാണ്. ഐതിഹാസികമായ അപ്പോളോ ദൗത്യപരമ്പരയില്‍(Apollo mission) തീര്‍ച്ചയായും അവര്‍ക്ക് പിഴവുകളുണ്ടായിട്ടുണ്ട്. അബദ്ധങ്ങളും തെറ്റുകുറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. മനുഷ്യന്റെ പരിശ്രമങ്ങളെന്ന നിലയില്‍ അതൊക്കെ തികച്ചും പ്രതീക്ഷിതമാണുതാനും. ദൗത്യം സംബന്ധിച്ച പല കാര്യങ്ങളും നാസ ഇനിയും പുറത്ത് വിട്ടിട്ടില്ല. സസൂക്ഷ്മം വിലയിരുത്തിയാല്‍ ദുരൂഹമായി തോന്നുന്ന ചില വസ്തുതകള്‍ കണ്ടെത്താനാവുമെന്നതില്‍ സംശയമില്ല. അപ്പോളോ ദൗത്യത്തില്‍ സൈനികരഹസ്യങ്ങളും രാജ്യരക്ഷാ താല്‍പര്യങ്ങളും ഉള്‍പ്പെട്ടിരുന്നുവെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ ദൗത്യം സംബന്ധിച്ച ചില സവിശേഷമായ വിശദാംശങ്ങള്‍ ഒരിക്കലും ലഭ്യമായില്ലെന്നും വരാം. പക്ഷെ അപ്പോളോ ദൗത്യം അപ്പാടെ തട്ടിപ്പാണെന്ന് പറയുന്നതും നാസയുടെ പിഴവുകളും ദൗത്യദുരൂഹതകളും ചൂണ്ടിക്കാണിക്കുന്നതും രണ്ടാണ്. തനിക്ക് കഴിയാത്തതിനാല്‍ ആര്‍ക്കും കഴിയില്ല; തനിക്ക് മനസ്സിലാകാത്തതുകൊണ്ട് അങ്ങനെ സംഭവിച്ചിട്ടില്ല-എന്ന സമീപനം ശാസ്ത്രീയമോ യുക്തസഹമോ അല്ല.

'പിരമിഡ് വിഡ്ഢികള്‍' (pyramid fools) എന്നറിയപ്പെടുന്ന ഒരു വിഭാഗമുണ്ട്. പുരാതന ഈജിപ്റ്റിലെ പിരിമിഡുകളുടെ നിര്‍മ്മാണം മനുഷ്യസാധ്യമല്ലെന്നാണ് ഇക്കൂട്ടര്‍ വാദിക്കുക. ഗ്രഹാന്തരജീവികളാണ് പിരമിഡുകള്‍ ഉണ്ടാക്കിയതെന്നും അതിന്റെ നിര്‍മ്മാണരഹസ്യം ഇന്നും മനുഷ്യന് അജ്ഞാതമാണെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. ഈ വിഷയത്തിലും പുസ്‌കമെഴുതി വിറ്റ് പണം വാരുന്നവരുണ്ട്. പിരമിഡ് പോലൊന്ന് ആധുനിക മനുഷ്യന് നിര്‍മ്മിക്കാനാവില്ലേ? തീര്‍ച്ചയായും സാധിക്കും. പണ്ട്, 3000 വര്‍ഷം മുമ്പ് അതെങ്ങനെ നിര്‍മ്മിച്ചു എന്നാണ് ചോദ്യമെങ്കില്‍ അത്തരം അന്വേഷണം നടത്തുകയല്ലേ വേണ്ടത്? അതല്ലാതെ പിരമിഡ് മനുഷ്യസാധ്യമല്ലെന്നും ഗ്രഹാന്തരജീവികളാണ് അവ നിര്‍മ്മിച്ചതെന്നും പറയുന്നത് ഭോഷ്‌ക്കല്ലേ? ഭൂമിയില്‍ തന്നെയുള്ള ഒരു കാര്യത്തെപ്പറ്റി ഇത്തരത്തില്‍ കിന്നരസാഹിത്യം പടച്ചുവിടാമെങ്കില്‍ ശരാശരി മുന്നേമുക്കാല്‍ ലക്ഷം കിലോമീറ്റര്‍ അകലെ നിലക്കുന്ന ചന്ദ്രനില്‍ നടന്ന കാര്യങ്ങളെ പറ്റി എഴുതുന്നതിനുണ്ടോ ചൊരുക്ക് തോന്നേണ്ടൂ?!

''
അപ്പോളോ-11 ന് മുമ്പുള്ള എല്ലാ ചാന്ദ്രദൗത്യങ്ങളിലും കുറഞ്ഞത് 20000   അപാകതകള്‍ ഉണ്ടായിരുന്നുവെന്ന് നാസ സമ്മതിച്ചിട്ടുള്ളതാണ്. എന്നിട്ടും മനുഷ്യന്‍ അനായസം ചന്ദ്രനില്‍ ഇറങ്ങി തിരിച്ചുവന്നു''- പ്രമുഖ ചാന്ദ്രയാത്രാ തട്ടിപ്പുവാദക്കാരനായ റാല്‍ഫ് റെനെ പറഞ്ഞതാണിത്. ഇരുപതിനായിരം പിഴവുകള്‍ ഉണ്ടായിരുന്നുവത്രെ? അതിനെന്ത്? പിഴവുകളുടെ എണ്ണമല്ല മറിച്ച് അവയുടെ സ്വഭാവവും പ്രാധാന്യവുമാണ് നിര്‍ണ്ണായകം. ദൗത്യം പരാജയപ്പെടാന്‍ 20000 ന്യൂനതകളുടെ ആവശ്യമൊന്നുമില്ല. ഒരൊറ്റ ഒരെണ്ണം മതിയാകും! 

നല്ല ആരോഗ്യമുള്ള ഒരു മനുഷ്യനെ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ നിരവധി ന്യൂനതകളും ആരോഗ്യപ്രശ്‌നങ്ങളും കണ്ടെത്താനാവുമെന്ന് ഓര്‍ക്കുക. അപ്പോളോ ദൗത്യത്തില്‍ പങ്കെടുത്ത മൈക്കല്‍ കൊളിന്‍സ് ചന്ദ്രനെ വലംവെച്ചുകൊണ്ടിരുന്ന കമാന്‍ഡ് മോഡ്യൂള്‍ മാത്രമെടുക്കുക. അതില്‍ കുറഞ്ഞത് ഇരുപത് ലക്ഷത്തിലധികം സൂക്ഷ്മ ഘടകങ്ങളുണ്ട്(individual parts). മുമ്പ് സൂചിപ്പിച്ച ഇരുപതിനായിരം ന്യൂനതകള്‍ മുഴുവന്‍ കമാന്‍ഡ് മോഡ്യൂളിനാണെന്ന് വെറുതെ സങ്കല്‍പ്പിക്കുക. അപ്പോഴും അത് നൂറ് ഘടകങ്ങളില്‍ ഒന്ന് (1/100) എന്ന ശരാശരിയേ പ്രദാനം ചെയ്യുന്നുള്ളു. ഇനയിതിനോട് സാറ്റേണ്‍ റോക്കറ്റും ല്യൂണാര്‍ മോഡ്യൂളും കൂടി ചേര്‍ത്താല്‍ ഈ ശരാശരി മുന്നൂറില്‍ ഒന്നാകും(1/300). ചാന്ദയാത്ര പോലൊരു ദൗത്യത്തില്‍ ഈ നിരക്ക് പ്രതീക്ഷിക്കാവുന്നത് തന്നെയാണ്. മത്രമല്ല, നാം 'ന്യൂനതകള്‍' എന്ന് പറയുന്നതില്‍ മഹാഭൂരിപക്ഷവും പ്രവര്‍ത്തനത്തിലെ താളപ്പിഴയും നടപടിക്രമത്തിലെ പിഴവുകളുമാകുന്നു (anomalies in performance or procedural problems).

ആസൂത്രണത്തിലെ പിഴവുകള്‍(design flaws), ശേഷിയില്‍ കുറഞ്ഞപ്രവര്‍ത്തനം(under performance), മന്ദഗതിയിലുള്ള പ്രതികരണം (slow response)എന്നിവയും ഈ വകുപ്പില്‍ പെടും. എന്നാല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനം നിലച്ച ഘടകങ്ങള്‍ ഇവയില്‍തന്നെ പത്ത് ശതമാനം പോലുമില്ല. ചാന്ദ്രദൗത്യം പോലൊരു വമ്പന്‍ ദൗത്യത്തില്‍ ഇത്തരത്തിലുള്ള പാകപ്പിഴകള്‍ അതിന്റെ ആത്യന്തിക ഫലത്തെ കാര്യമായി സ്വാധീനിക്കില്ലെന്നാണ് മനസ്സിലാക്കേണ്ടത്. മാത്രമല്ല, റാല്‍ഫ് റെനെ ചൂണ്ടിക്കാട്ടുന്നവിധം ശരാശരി ഇരുപതിനായിരം ന്യൂനതകള്‍ ഉണ്ടായിരുന്ന അപ്പോളോ-11 ന് മുമ്പുള്ള ദൗത്യങ്ങളില്‍ ഭൂരിപക്ഷവും അവയുടെ പ്രഖ്യാപിത ലക്ഷ്യം സ്തുത്യര്‍ഹമായി നിറവേറ്റുകയാണുണ്ടായത്. അപ്പോളോ-11 വരെയുള്ള ദൗത്യങ്ങള്‍ക്ക് ന്യൂനതകളുമായി ദൗത്യം നിറവേറ്റാമെങ്കില്‍ പിന്നീടങ്ങോട്ടും പ്രശ്‌നമുണ്ടാകേണ്ട കാര്യമില്ല, റാല്‍ഫ് റെനെയ്‌ക്കൊഴികെ.

''Just one defect could have blown the whole thing'' എന്നാണ് റെനെ പറഞ്ഞത്. ശരിയാണല്ലോ. ആര്‍ക്കും പറയാന്‍ കഴിയുന്ന കാര്യമാണത്. പക്ഷെ ആ ന്യൂനത നിര്‍ണ്ണായകമായ ഒന്നായിരിക്കണം. ഇന്‍ഡിക്കേറ്റര്‍ ലാമ്പിന്റെ ഗ്‌ളാസ്സുപൊട്ടിയതുകൊണ്ടോ ഫുട്ട് റെസ്റ്റ് ഒടിഞ്ഞുപോകുന്നതുകൊണ്ടോ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതിന് വിഷമമുണ്ടാകില്ല. പക്ഷെ എന്‍ജിനില്‍ തടസ്സം വന്നാല്‍ ബാക്കിയെല്ലാം ശരിയായിട്ടും പ്രയോജനമില്ല. ന്യൂനതകളുടെ എണ്ണമല്ല മറിച്ച് അതിന്റെ സ്വഭാവമാണ് വിഷയം. ന്യൂനതകളില്‍ പലതും മണ്ടത്തരങ്ങളായിരുന്നു. ഉദാഹരണമായി,ചന്ദ്രനില്‍ ചെന്നിറങ്ങിയശേഷം ആംസ്‌ട്രോങ് ആദ്യം നിലത്തിറങ്ങി, തുടര്‍ന്ന് ഓള്‍ഡ്രിനും. ഓള്‍ഡ്രിന് പുറത്തിറങ്ങിയ ശേഷം 'ഈഗിളി'ന്റെ വാതില്‍ തുറന്നുതന്നെ കിടന്നു. കാരണം വാതില്‍ പുറത്തുനിന്നും അടയ്ക്കാനുള്ള പൂട്ട് സംവിധാനം ഉണ്ടായിരുന്നില്ല! ഇത്രയധികം പേര്‍ പങ്കെടുത്ത ഒരു മഹാദൗത്യത്തില്‍ ആരും ഇതിനെക്കുറിച്ച് ചിന്തിച്ചില്ലെന്നത് കൗതുകകരമല്ലേ?!

ഹോക്‌സ് വാദങ്ങള്‍ സാധാരണക്കാരെ ആകര്‍ഷിക്കാന്‍ പ്രധാന കാരണം ചാന്ദ്രയാത്ര എങ്ങനെ നിര്‍വഹിച്ചു എന്നതിനെ സംബന്ധിച്ച് സാമാന്യജനത്തിന് വലിയ ധാരണയില്ലെന്നതാണ്. ശാസ്ത്രവിഷയങ്ങളില്‍ നിജസ്ഥിതി തിരിക്കാന്‍ മിനക്കെടാതെ അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും അടിപ്പെടുന്ന പ്രവണത ഉത്തരാധുനിക സമൂഹത്തില്‍ ശക്തിപ്പെടുകയാണ്. എങ്ങനെ നാം ചന്ദ്രനില്‍ പോയി എന്നത് മനസ്സിലാക്കുകയാണ് തട്ടിപ്പുവാദ സിദ്ധാന്തത്തെ ശരിയായി നിര്‍ധാരണം ചെയ്യാനുള്ള ഒരെളുപ്പവഴി. എങ്ങനെയത് ചെയ്തു എന്നറിയുന്നത് ഹോക്‌സ് വാദക്കാര്‍ ഉന്നയിക്കുന്ന സംശയങ്ങളില്‍ മിക്കവയും ദൂരീകരിക്കും. അടിസ്ഥാന സമവാക്യങ്ങളില്‍ നിന്ന് തന്നെ തുടങ്ങാം. ഇതിനായി ചാന്ദയാത്ര സംബന്ധിച്ച ചില സാങ്കേതികപദങ്ങളും ശാസ്ത്രവസ്തുതകളും സാമാന്യമായ രൂപത്തിലെങ്കിലും പരിചയപ്പെടേണ്ടതുണ്ട്. വളരെ ലഘുവായ തോതില്‍ അപ്പോളോ-11 ന്റെ പ്രയാണം പരിചയപ്പെടാം. ചന്ദ്രനില്‍ പോയിട്ടില്ല എന്ന് മനസ്സിലാക്കാനും പ്രചരിപ്പിക്കാനും ഇത്തരം പഠനത്തിന്റെ ആവശ്യമൊന്നുമില്ല. 'എനിക്ക് മനസ്സിലാകുന്നില്ല', 'വിശ്വസനീയമായി തോന്നുന്നില്ല'-എന്നൊക്കെ സദാ ഉരുവിട്ടുകൊണ്ടിരുന്നാല്‍ മതിയാകും.



വിഖ്യാതമായ സാറ്റേണ്‍ റോക്കറ്റുകളാണ് (Saturn V)ഭൂമിയില്‍ നിന്നും ചാന്ദ്രവാഹനങ്ങളെ വിക്ഷേപിക്കാനായി ഉപയോഗിച്ചതെന്ന് നമുക്കറിയാം. 111 മീറ്റര്‍(363 അടി) ഉയരവും 3000 ടണ്‍ (6.7 ദശലക്ഷം പൗണ്ട്) ഭാരവുമുള്ള ഈ ഭീമന്‍ റോക്കറ്റ് എക്കാലത്തും ലോകത്ത് നിര്‍മ്മിക്കപ്പെട്ട ഏറ്റവും ശക്തിയേറിയ റോക്കറ്റാണ്. ഇതിലും ശക്തമായ ഒന്ന് പിന്നെ നിര്‍മ്മിച്ചിട്ടില്ല എന്നാല്‍ എന്താണര്‍ത്ഥം?! തട്ടിപ്പുവാദ സിദ്ധാന്തമനുസരിച്ച് ഉത്തരം അനായാസമാണ്:അങ്ങനെയൊന്ന് ഒരിക്കലും നിര്‍മ്മിച്ചിട്ടില്ല!!!

സാറ്റേണ്‍ റോക്കറ്റിന്റെ വിക്ഷേപണത്തോടനുബന്ധിച്ചുണ്ടാകുന്ന സ്‌ഫോടകശക്തിക്ക് 100 പൗണ്ട് ഭാരമുള്ള ഒരു ലോഹച്ചീളിനെ 3 മൈല്‍ അകലേക്ക് തെറിപ്പിക്കാനാവുമായിരുന്നു! എല്ലാം ഒരു സ്‌ഫോടനത്തില്‍ കലാശിച്ചാല്‍ കാണികള്‍ക്കും അപകടം ഉറപ്പായിരുന്നു. മുന്‍കരുതല്‍ എന്ന നിലയ്ക്ക് വി.ഐ.പി പ്രേക്ഷകരെ വിക്ഷേപണത്തറയില്‍ നിന്നും മൂന്നരമൈല്‍ അകലെയായാണ് നാസ ഇരുത്തിയത്. മൂന്ന് ഘട്ടങ്ങളാണ് സാറ്റേണ്‍ റോക്കറ്റിനുള്ളത്. ഏറ്റവും മുകളിലായാണ് ചാന്ദ്രയാത്രികര്‍ ഇരിക്കുന്ന അപ്പോളോ എന്നറിയപ്പെടുന്ന ചാന്ദ്രവാഹനം ഘടിപ്പിച്ചിട്ടുള്ളത്. റോക്കറ്റിന്റെ ഏറ്റവും മുകളില്‍ ഒരു ചെറു റോക്കറ്റ് അധികമായി ഘടിപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും കാരണവശാല്‍ ദൗത്യം പാളിയാല്‍ അപ്പോളോ യാത്രികര്‍ക്ക് അവരിരിക്കുന്ന ഭാഗം റോക്കറ്റില്‍ നിന്ന് വിഘടിപ്പിച്ച് അപകടത്തില്‍ തെന്നിമാറാന്‍ സഹായിക്കുന്നതാണ് ഈ റോക്കറ്റ് (Launch Escape System).

വളരെ പെട്ടെന്ന് ശക്തിയേറിയ പ്രവേഗം ഉത്പ്പാദിക്കാന്‍ (high-acceleration rocket) ഈ റോക്കറ്റിന് സാധിക്കും. അതായത് ഒരുതരം എമര്‍ജന്‍സി എക്‌സിറ്റായി ഇതിനെ കണക്കാക്കാം. സാറ്റോണ്‍ റോക്കറ്റില്‍ S-IC എന്നറിയപ്പെടുന്ന ആദ്യഘട്ടമാണ് ഏറ്റവും വലുതും ഭാരമേറിയതും. ഇതാണ് വിക്ഷേപണത്തറയില്‍ വെച്ച് ജ്വലിപ്പിക്കുന്നത്. ഈ ഭാഗത്തിന് പത്ത് മീറ്റര്‍ വ്യാസമുണ്ട്. സെക്കന്‍ഡില്‍ 13.3 ടണ്‍ ഇന്ധനം ആഹരിക്കുന്ന അഞ്ച് എന്‍ജിനുകളാണ്(F-I engines) അതിലുള്ളത്. മണ്ണെണ്ണയും ദ്രവഓക്‌സിജനുമാണ് ഇന്ധനം. റോക്കറ്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വസ്തുക്കളെയും ഭൂമിയുടെ കഠിനമായ ഗുരുത്വബലത്തെ പരാജയപ്പെടുത്തി 68 കിലോമീറ്റര്‍ (220000 അടി) ഉയരത്തില്‍ എത്തിക്കുകയെന്നതാണ് ഈ ഘട്ടത്തിന്റെ ദൗത്യം. ഏകദേശം 9,900 കിലോമീറ്റര്‍ (9,900 km/h)വേഗത്തിലാണ് റോക്കറ്റ് ഭൂമിയില്‍ നിന്നും ഇരമ്പിയകലുന്നത്. ഈ ആദ്യഘട്ടം കത്തിയെരിഞ്ഞ് അറ്റ്‌ലാന്റിക് മഹാസമുദ്രത്തില്‍ വീഴത്തക്ക രീതിയിലാണ് വിക്ഷേപണം ആസൂത്രണം ചെയ്തത്.

ഒന്നാംഘട്ടം കത്തിയെരിഞ്ഞു കഴിഞ്ഞാല്‍ രണ്ടാംഘട്ടം പ്രവര്‍ത്തിക്കും. ഒന്നാംഘട്ടം വേര്‍പെടുമ്പോള്‍ റോക്കറ്റിന്റെ ഭാരം ഗണ്യമായി കുറയുന്നുണ്ടെന്നറിയണം. ഭൂമിയുടെ ഗുരുത്വവലിവിലും കുറവുണ്ട്. എന്തെന്നാല്‍ 68 കിലോമീറ്റര്‍ ഉയരത്തിലാണ് റോക്കറ്റ് ഇപ്പോഴുള്ളത്. രണ്ടാംഘട്ടത്തിലെ (The S-II second stage) ഇന്ധനത്തില്‍ വ്യത്യാസമുണ്ട്. ദ്രവ ഹൈഡ്രജനും (liquid hydrogen)ഓക്‌സിജനുമാണ് ഈ സമയം കത്തിയെരിയുന്നത്. അഞ്ച് എന്‍ജിനുകള്‍ (J-2 engines) ഈ ഘട്ടത്തിലുമുണ്ട്. മണിക്കൂറില്‍ 25000 കിലോമീറ്റര്‍ (25,000 km/h)വേഗതയില്‍ ഈ ഘട്ടത്തില്‍ റോക്കറ്റ് മുന്നോട്ട് കുതിക്കും. 68 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും ഏകദേശം 182 കിലോമീറ്റര്‍ ഉയരം വരെ രണ്ടാംഘട്ടം വിക്ഷേപണവാഹനത്തെ എത്തിക്കുന്നു. അപ്പോള്‍ വിക്ഷേപണം(liftoff) കഴിഞ്ഞിട്ട് ഏതാണ്ട് 9 മിനിറ്റായിട്ടുണ്ടാവും. കത്തിയെരിഞ്ഞ രണ്ടാംഘട്ടവും അറ്റ്‌ലാന്റിക്കിലേക്ക് കുടഞ്ഞിട്ട് സാറ്റേണ്‍ റോക്കറ്റ് മുന്നോട്ടുള്ള പ്രയാണം തുടരുന്നു. രസകരമായ വസ്തുതയെന്തെന്നാല്‍ ആദ്യത്തെ രണ്ടുഘട്ടങ്ങള്‍ വേര്‍പെടുമ്പോള്‍ സാറ്റേണ്‍-അഞ്ച് റോക്കറ്റിന്റെ പത്തില്‍ ഒന്ന് ഭാരം മാത്രമേ പിന്നെ അവശേഷിക്കുന്നുള്ളു എന്നതാണ്. ഇതില്‍നിന്നും റോക്കറ്റ് എന്നാല്‍ പ്രധാനമായും ഒരു വമ്പന്‍ ഇന്ധനടാങ്കാണെന്ന തിരിച്ചറിവിലേക്ക് നാമെത്തുന്നു. 

ഇനി മണിക്കൂറില്‍ 28000 കിലോമീറ്റര്‍ എന്ന വേഗം കൈവരിക്കേണ്ടതുണ്ട്. അതിനായി 188 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിച്ചേരണം. അതിനായി ഒരു 'അധികതള്ളല്‍' (extra kick)ആവശ്യമായി വരും. മൂന്നാംഘട്ടത്തില്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാനാവുന്ന ഒരു എന്‍ജിനാണുള്ളത്(restartable single J-2 engine). തുടര്‍ന്ന് അത് പ്രവര്‍ത്തിപ്പിക്കുന്നു. വിക്ഷേപണം കഴിഞ്ഞ് ശരിക്കും 12 മിനിറ്റ് ആകുമ്പോഴേക്കും യാത്രികര്‍ ഒരു ഭൗമഭ്രമണപഥത്തില്‍ (orbit around the Earth)എത്തിച്ചേര്‍ന്നിട്ടുണ്ടാവും. ഭ്രമണം നടക്കുമ്പോള്‍ കുറേനേരം റോക്കറ്റ് ഓഫാക്കുന്നു. അവിടെവെച്ച് അവര്‍ മുഴുവന്‍ യന്ത്രസംവിധാനങ്ങളും (onboard systems) ഒരിക്കല്‍ക്കൂടി പരിശോധിക്കുന്നു. താഴെ ഗ്രൗണ്ട് സ്റ്റേഷനില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നു. ശേഷം ഭൂമിയെ ഒരുതവണ സമ്പൂര്‍ണ്ണമായി ഭ്രമണം ചെയ്യുന്നു. രണ്ടാമത്തെ ഭ്രമണം ഏതാണ്ട് പകുതിയായപ്പോള്‍, ഫ്‌ളോറിഡയില്‍ നിന്നും വിക്ഷേപിച്ച് ഏകദേശം 3 മണിക്കൂര്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ്, മൂന്നാം ഘട്ട റോക്കറ്റ് വീണ്ടും പ്രവര്‍ത്തിപ്പിച്ചു.

ഓര്‍ക്കുക, മൂന്നാം ഘട്ടം ഓഫാക്കാനും റീസ്റ്റാര്‍ട്ടാക്കാനും സാധിക്കുന്ന ഒന്നാണ്. റോക്കറ്റ് ഏതാണ് ആറു മിനിറ്റാണ് പ്രവര്‍ത്തിപ്പിക്കുന്നത്. അതുവഴി വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 39000 കിലോമീറ്ററാക്കി ഉയര്‍ത്തുന്നു. ഒരു മനുഷ്യനിര്‍മ്മിത ബഹിരാകാശവാഹനം ആര്‍ജ്ജിച്ച ഏറ്റവും വലിയ വേഗതയായിത് കണക്കാക്കപ്പെടുന്നു. ഭൂമിയില്‍വെച്ച് ഈ വേഗത കൈവരിക്കാനാവാത്തതിന്റെ കാരണം ഭൗമഗുരുത്വവും അന്തരീക്ഷവും തീര്‍ക്കുന്ന വമ്പന്‍ പ്രതിരോധമാണ്. ഒപ്പം ഗതി ചന്ദ്രന് നേരെയാക്കുന്നു. വാഹനം ചന്ദ്രനിലേക്ക് പായുന്നു. ആ സമയം ചന്ദ്രന്‍ അവിടെ നിന്നും 403000 കിലോമീറ്റര്‍ അകലെയായിരുന്നുവെന്ന് അപ്പോളോ രേഖകള്‍ സൂചിപ്പിക്കുന്നു.

അപ്പോള്‍ ചന്ദ്രന്‍ നില്‍ക്കുന്ന സ്ഥലത്തേക്കല്ല മറിച്ച് മൂന്നു ദിവസം കഴിഞ്ഞ് ചന്ദ്രന്‍ എവിടെയാവും ഉണ്ടാവുക എന്നത് കണക്കുകൂട്ടിയാണ് വാഹനം മുന്നോട്ട് കുതിക്കുന്നത്. അതല്ലാതെ നേരെ ചന്ദ്രനിലേക്ക് വെച്ചുപിടിച്ചാല്‍ അപ്പോളോ അവിടെ ചെല്ലുമ്പോള്‍ 
ചന്ദ്രനവിടെ ഉണ്ടാവില്ല. അപ്പോള്‍ നേരത്തെ കണ്ടുവെച്ച സ്ഥാനത്ത് നിന്നും ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ അകലെയായിരിക്കുമെന്ന് മാത്രമല്ല സഞ്ചാരവേഗതകാരണം വാഹനം ബഹിരാകാശത്തിന്റെ അഗാധതലങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യും. നമുക്കറിയാം,ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം എപ്പോഴും സമാനമല്ല. 3.63 ലക്ഷം കി.മീറ്റര്‍ മുതല്‍ 4.05 ലക്ഷം കി.മീറ്റര്‍ വരെ അത് വ്യത്യസ്തമപ്പെടാം. അതായത് വ്യത്യാസപരിധി 41000 കിലമീറ്ററിലും അധികമാണ്. 
The Earth& Moon: Look so close,
yet 400000 Km away!
ചന്ദ്രനില്‍ എത്തിച്ചേരണമെങ്കില്‍ എത്ര കൃത്യമായ ആസൂത്രണം വേണമെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം. സ്വയം കറങ്ങുകയും ദീര്‍ഘവൃത്താകൃതിയില്‍ ഭ്രമണം ചെയ്യുകയും ചെയ്യുന്ന ഒരു വസ്തുവില്‍ നിന്നും സ്വയം കറങ്ങുകയും ദീര്‍ഘവൃത്താകൃതിയില്‍ ഭ്രമണം ചെയ്യുകയും ചെയ്യുന്ന മറ്റൊരു വസ്തുവിലേക്കുള്ള പ്രയാണം ഗൗരവപൂര്‍വം കൈകാര്യം ചെയ്യേണ്ട ഒരു ഗണിതശാസ്ത്രപ്രശ്‌നം കൂടിയാണ്. ഇവിടെ വയലാര്‍ പാടിയതുപോലെ സര്‍വത്ര ചലനമാണ്. ഭൂമി ചലിക്കുന്നു, അപ്പോളോ വാഹനം ചലിക്കുന്നു, ചന്ദ്രന്‍ ചലിക്കുന്നു, പ്രപഞ്ചം മൊത്തത്തില്‍ ചലിക്കുന്നു ചലനം.. ചലനം...

ഇനി മൂന്ന് പേര്‍ക്ക് മൂന്ന് ദിവസം യാത്ര. ചന്ദ്രനിലേക്ക് കുതിക്കുന്ന വാഹനത്തിന് പ്രാരംഭവേഗത നിലനിര്‍ത്താനാവില്ല. കാരണം? ഭൂമി വിളിക്കുന്നു! ഭൂമി 'വലിക്കുന്നു'എന്നാണ് ശരിക്കും പറയേണ്ടത്. ഭൗമഗുരുത്വം മൂലം മുന്നോട്ടുള്ള പ്രയാണവേഗത ക്രമേണ കുറഞ്ഞുവരും. ശ്രദ്ധിക്കുക, ഭൂമിയുടേയും ചന്ദ്രന്റേയും ഗുരുത്വബലം അനുഭവപ്പെടുന്ന ഒരു ക്ഷേത്രത്തിലൂടെയാണ് (field) അപ്പോളോ പേടകം പായുന്നത്. ഭൂമിയില്‍നിന്ന് അകലുന്തോറും ഭൗമാകര്‍ഷണം കുറയുകയും ചന്ദ്രന്റെ ആകര്‍ഷണം കൂടുകയും ചെയ്യും. ഒരു ഘട്ടമെത്തുമ്പോള്‍ ഭൗമഗുരുത്വവും ചാന്ദ്രഗുരുത്വവും തുല്യമാകുന്ന ഒരു ബിന്ദുവില്‍ വാഹനമെത്തും. അങ്ങോട്ടുമിങ്ങോട്ടും തുല്യവലിവുള്ള ഈ ഘട്ടത്തില്‍ പേടകം അക്ഷരാര്‍ത്ഥത്തില്‍ ഭാരരഹിത(weightless)മായിരിക്കും. പക്ഷെ ഈ ബിന്ദു കഴിഞ്ഞാല്‍ പിന്നെ വേഗത ഒന്നും ചെയ്യാതെ വര്‍ദ്ധിക്കുകയാണ്. കാരണം? ചന്ദ്രന്റെ ഗുരുത്വബലം.

പകല്‍ സമയയാത്രയില്‍ യന്ത്രസംവിധാനങ്ങളുടേയും ഗ്രൗണ്ട് സ്റ്റേഷന്റെയും സഹായത്തോടെയും യാത്രികര്‍ വളരെ മര്‍മ്മപ്രധാനമായ വിഘടനം (undocking), ഭ്രമണംചെയ്തുകൊണ്ടുള്ള പുനര്‍സംഘടനം ( rotation and redocking) എന്നിവയുടെ റിഹേഴ്സലുകള്‍ നടത്തുന്നു. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി കഴിഞ്ഞാല്‍ നിര്‍വഹിക്കേണ്ട കൃത്യത്തിന്റെ തയ്യാറെടുപ്പാണിത്. വിജയകരമായി ഇത് നിര്‍വഹിച്ചശേഷം യാത്രികര്‍ സാറ്റേണ്‍ റോക്കറ്റിന്റെ മൂന്നാം ഭാഗം ബഹിരാകാശത്ത് ഉപേക്ഷിച്ചു. ഇനി ബാക്കിയുള്ളത് കമാന്‍ഡ് മോഡ്യൂളും ലൂണാര്‍ ലാന്‍ഡറും('ഈഗിള്‍')സര്‍വീസ് മോഡ്യൂളുമാണ്. 4 മീറ്ററാണ് കമാന്‍ഡ് മോഡ്യൂളിന്റെ വീതി, 3.5 മീറ്റര്‍ ഉയരം. ഒരു ചെറിയ വാനിന്റെ ചരക്കു കയറ്റുന്ന സ്ഥലത്തിന്റെ വലുപ്പമാണ് കാബിനുള്ളത്. ടോയ്‌ലറ്റില്ല. പകരം ഒരു ട്യൂബ് വഴി ഖര-ദ്രവ മാലിന്യങ്ങള്‍ ശേഖരിക്കാനായി ബാഗുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

കമാന്‍ഡ് മോഡ്യൂലിന്റെ വശങ്ങളില്‍ നിയന്ത്രണ റോക്കറ്റുകളും (maneuvering thrusters) പുറത്ത് താപകവചങ്ങളുമുണ്ട്. തിരികെ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന അതിതാപം നേരിടാനാണ് ഈ താപകവചങ്ങള്‍. എന്തെന്നാല്‍ അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കപ്പെടുന്ന ഭീമന്‍ റോക്കറ്റില്‍ ഭൂമിയില്‍ തിരിച്ചെത്തുന്ന ഏക ഘടകം കമാന്‍ഡ് മോഡ്യൂളാണ്. കമാന്‍ഡ് മോഡ്യൂളിന്റെ പിറകില്‍ സര്‍വീസ് മോഡ്യൂളാണുള്ളത്(Service Module (SM). അപ്പോളോ വാഹനത്തിന്റെ 16 നിയന്ത്രണ റോക്കറ്റുകള്‍ക്ക് വേണ്ട ഇന്ധനം സൂക്ഷിച്ചിരിക്കുന്നതിവിടെയാണ്. ഓക്‌സജന്‍, ജലം, വൈദ്യുതോര്‍ജ്ജം എന്നിവയാണ് സര്‍വീസ് മോഡ്യൂളില്‍ ശേഖരിച്ചിട്ടുണ്ട്.

ചന്ദ്രനിലിറങ്ങേണ്ട ല്യൂണാര്‍ മോഡ്യൂള്‍ 'ഈഗിള്‍' സര്‍വീസ് മോഡ്യൂളിനും താഴെയാണ്. മൂന്നുയാത്രികര്‍ സഞ്ചരിക്കുന്നത് കമാന്‍മോഡ്യൂളിലാണ്. ചന്ദ്രഭ്രമണപഥത്തിലെത്തിയാല്‍ ഇവരില്‍ രണ്ടുപേര്‍ ഈഗിളിലേക്ക് ഊഴ്ന്നിറങ്ങേണ്ടതുണ്ട്. ശേഷം കമാന്‍ഡ് മോഡ്യൂളുമായി വേര്‍പെട്ട് ചന്ദ്രനിലേക്കിറങ്ങണം. ദൗത്യം കഴിഞ്ഞ് തിരിച്ച് ചന്ദ്രനില്‍ നിന്ന് സ്വയം വിക്ഷേപിച്ച് പറന്നുപൊങ്ങി വീണ്ടും കമാന്‍ഡ് മോഡ്യൂളുമായി കൂടിച്ചേരണം. ഡോക്കിംഗിന് ശേഷം ഈഗിള്‍ ഉപേക്ഷിക്കപ്പെടും. അത് കുറേനേരം ചന്ദ്രനെ ഭ്രമണം ചെയ്യും. ക്രമേണ ച്ര്രന്ദാകര്‍ഷണത്തിന് അടിപ്പെട്ട് ചന്ദ്രനിലേക്ക് ഇടിച്ചുവീഴും. അതായത് ഈഗിള്‍ രണ്ടുതവണ ചന്ദ്രനിലിറങ്ങുന്നുണ്ട്! ആദ്യം സഞ്ചാരികളുമായുള്ള നിയന്ത്രിതമായ ലാന്‍ഡിംഗും രണ്ടാമത്തേത് ഇടിച്ചിറങ്ങലും. രണ്ടാമത്തെ 'ലാന്‍ഡിംഗിന്'ശേഷം ഈഗിള്‍ ഇപ്പോഴും ചന്ദ്രനിലെവിടെയെങ്കിലും ചിന്നിച്ചിതറി കിടപ്പുണ്ടാവും****

Thursday 10 November 2011

ചന്ദ്രനില്‍ ചാടുമ്പോള്‍

Apollo-16: John young
gives a jump salute to US flag
ചന്ദ്രനില്‍ വെച്ച് ചിത്രീകരിച്ച നാസാദൃശ്യങ്ങളില്‍ പുറമേ നിന്ന് ശബ്ദം കയറ്റിയും മോര്‍ഫ് ചെയ്തും ഹോക്‌സ് വീരന്‍മാര്‍ ആഘോഷിക്കാറുണ്ടെങ്കിലും അടിസ്ഥാനപരമായി അത്തരം ദൃശ്യങ്ങള്‍ ഭൂമിയില്‍ വെച്ച് ചിത്രീകരിക്കാനാവില്ലെന്ന് അവരും ഏറെക്കുറെ സമ്മതിക്കും. പ്രസ്തുത വീഡിയോ ദൃശ്യങ്ങള്‍ ഭൂമിയില്‍ വെച്ച് ഷൂട്ട് ചെയ്യാനാവുകയില്ല എന്ന വസ്തുതയെ നേരിടാനാവില്ലെന്ന് മനസ്സിലാക്കിയ തട്ടിപ്പുവാദക്കാര്‍ ബദലായി മറ്റൊരു വിചിത്രവാദമാണ് മുന്നോട്ടുവെക്കുന്നത്. അതായത് ചന്ദ്രനില്‍ വെച്ച് ഷൂട്ട് ചെയ്ത ദൃശ്യങ്ങളൊക്കെ ഇരട്ടി വേഗത്തില്‍ (double speed) പ്രവര്‍ത്തിപ്പിച്ചാല്‍ (play) മതി, അത് ഭൂമിയില്‍ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ക്ക് തുല്യമായി തീരും! ഡേവിഡ് പെര്‍സിയെ (David percy) പോലൊരാള്‍ ഇത് പറയുമ്പോള്‍ നാമത് ശ്രദ്ധിക്കണം. അതായത് സംഗതി വളരെ എളുപ്പമാകുന്നു-ഭൂമിയില്‍ വെച്ച് ചിത്രീകരിക്കുക, ശേഷം പകുതിവേഗതയില്‍ പ്‌ളെ ചെയ്യുക- ചാന്ദ്രദൃശ്യങ്ങള്‍ തയ്യാറായിക്കഴിഞ്ഞു!

നാം സിനിമയില്‍ സ്‌ളോമോഷന്‍ (slow motion) കാണാറുണ്ട്. സ്‌ളോമോഷനും ചാന്ദ്രവീഡിയോകളും താരതമ്യം ചെയ്യുന്നവര്‍ക്ക് ഈ വാദത്തിലെ കഥയില്ലായ്മ പെട്ടെന്ന് ബോധ്യപ്പെടും. നഗ്നനേത്രങ്ങള്‍കൊണ്ട് വ്യക്തമായി തിരിച്ചറിയാവുന്ന വ്യത്യാസമാണിവിടെയുള്ളത്. പെര്‍സി ഇരട്ടി വേഗതയില്‍ ചാന്ദ്രദൃശ്യങ്ങള്‍ പ്‌ളേ ചെയ്തു കാണിക്കുന്ന ഹോക്‌സ് വീഡിയോ കണ്ടാലും ഇത് ബോധ്യപ്പെടും. അതില്‍ ഇരട്ടി വേഗതയില്‍ ചാന്ദ്രദൃശ്യങ്ങള്‍ പ്‌ളേചെയ്യുമ്പോള്‍ ഭൂമിയിലെ സ്വഭാവിക ചലനവേഗതയല്ല നാം കാണുന്നത്. തീര്‍ച്ചയായും നമുക്ക് പരിചിതമായ സ്‌ളോമോഷനല്ല ചാന്ദ്രദൃശ്യങ്ങളിലുള്ളത്. അതായത് ഇരട്ടിവേഗതയിലും പകുതി വേഗതയിലും നമുക്ക് നാസാചിത്രങ്ങളുടെ വേഗതയും താളവും ലഭിക്കുന്നില്ല. നാസ വിഡീയോകള്‍ സ്‌ളോമോഷനില്‍ പ്‌ളേ ചെയ്താല്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാക്കും.

വേഗത മാത്രമല്ല ഇവിടെ പരിശോധിക്കേണ്ടത്. നാസാ വീഡിയോകള്‍ പരിശോധിക്കുന്ന ആര്‍ക്കും ചാന്ദ്രസഞ്ചാരികളുടെ ചലനത്തിന് വേണ്ടി വരുന്ന ആയാസം (effort) ഭൂമിയെ അപേക്ഷിച്ച് വളരെ കുറവാണെന്ന് തിരിച്ചറിയാനാവും. തിരിയാനും മറിയാനുമൊക്കെ ഭൂമിയില്‍ ചെയ്യുന്നതുപോലെ ചന്ദ്രനില്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ കറങ്ങിയടിച്ച് തറയില്‍ക്കിടക്കും.

തറയില്‍ വീണാലും പേടിക്കാനില്ല. നിഷ്പ്രയാസം എഴുന്നേല്‍ക്കാം. കാരണം, എഴുന്നേല്‍ക്കാനും തിരിയാനുമൊക്കെ ഭൂമിയില്‍ പ്രയോഗിക്കുന്നതിലും വളരെക്കുറച്ച് ബലം (ആറിലൊന്ന്) മതിയാകും (
http://www.youtube.com/watch?v=Ufs0mnE4Ocs&feature=related). ഭൂമിയില്‍ പ്രയോഗിക്കുന്ന അതേ ബലം പ്രയോഗിച്ച് കൈകുത്തി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചാല്‍ ചന്ദ്രനില്‍ 'അന്തരീക്ഷ'ത്തിലേക്ക് അല്‍പ്പം ഉയരും. പവര്‍ സ്റ്റീയറിംഗ് ഉള്ള പുതിയ തലമുറ കാറുകളുടെ സ്റ്റീയറിംഗ് പഴയ ചരക്കു ലോറികളുടെ സ്റ്റീയറിംഗ് പിടിച്ചുതിരിക്കുന്നതുപോലെ തിരിച്ചാല്‍ വണ്ടി വല്ലവരുടേയും പരുയിടത്തിലേക്ക് പോവുന്നത് കാണാം. അതുതന്നെയാണ് ചന്ദ്രനിലെ ചലനങ്ങള്‍ക്കാവശ്യമായ ആയാസത്തിന്റെ കാര്യത്തില്‍ സംഭവിക്കുക. വളരെ മെല്ലെ...മൃദുവായി വേണം എന്തെങ്കിലും ചെയ്യാന്‍. മാസങ്ങളോളം ഇതിനുള്ള പരിശീലനം ലഭിച്ചശേഷമാണ് യാത്രികര്‍ ചന്ദ്രനിലെത്തിയത്.
John young
അപ്പോളോ 16 ലെ സഞ്ചാരിയായ ജോണ്‍ യംഗ് അമേരിക്കന്‍ പാതാകയെ നോക്കി അഭിവാദ്യം ചെയ്യുന്ന വീഡിയോയില്‍ ഉയര്‍ന്ന് ചാടിയിട്ട് അദ്ദേഹം ലാന്‍ഡ് ചെയ്തത് ശ്രദ്ധിക്കുക(http://www.youtube.com/watch?v=OSJlL4wqLGo&feature=related). 85 കിലോ ഭാരവുമായി ആര്‍ക്കെങ്കിലും ഭൂമിയില്‍ ഇങ്ങനെ ചാടാനാവുമോ? മറിഞ്ഞുവീഴാതെ ഇത്ര അനായാസം ലാന്‍ഡ് ചെയ്യാനാവുമോ? കൊച്ചുകുട്ടികള്‍ തുള്ളിച്ചാടുന്നതുപോലെ വീണ്ടും വീണ്ടും ചാടാനാകുമോ? ഭൂമിയില്‍ അസാധ്യമായ കാര്യമാണിതെന്നതില്‍ രണ്ടു പക്ഷമുണ്ടാകാനിടയില്ല. ഇതുപോലെ ഭൂമിയില്‍ ചാടുന്ന(?) ഒരാളുടെ കുതിപ്പും കിതപ്പുമൊന്നും യംഗില്‍ കാണാനില്ല. സ്‌പേസ് സ്യൂട്ടിന്റെ ഭാഗമായി ധരിച്ചിരിക്കുന്ന ഹെല്‍മറ്റ് കാരണം തലയുയര്‍ത്തി നേരാംവണ്ണം സൂര്യനെ നോക്കാന്‍ പോലും ബുദ്ധിമുട്ടുള്ളിടത്താണ് അദ്ദേഹം ഇങ്ങനെ തുള്ളിച്ചാടുന്നത്.
Miandad mimics More
ജോണ്‍ യംഗിന്റെ ചാട്ടത്തിന്റെ ആയാസരാഹിത്യം പെട്ടെന്ന് ബോധ്യപ്പെടണമെന്നുണ്ടെങ്കില്‍ 1992 ലെ ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യാ-പാക് മത്സരത്തില്‍ ജാവേദ്മിയന്‍ദാദ് കിരണ്‍ മോറെയെ അനുകരിച്ച് നടത്തുന്ന തവളച്ചാട്ടവും മേല്‍പ്പറഞ്ഞ അപ്പോളോ ദൃശ്യവുമായി ഒരു താരതമ്യം ചെയ്താല്‍ മതി. രണ്ടും യു-ട്യൂബിലുണ്ട്. (http://www.youtube.com/watch?v=qwnnKUwt8xw)
ചാന്ദ്രസഞ്ചാരികള്‍ ധരിക്കുന്ന സ്‌പേസ് സ്യൂട്ട് സഞ്ചാരസ്വാതന്ത്ര്യം വളരെയേറെ പരിമിതപ്പെടുത്തുന്ന ഒന്നാണെന്നറിയാമല്ലോ. ഭൂമിയില്‍ ഈ സ്യൂട്ടും ധരിച്ച് ആയാസത്തോടെ നടന്നാണ് അവര്‍ വിക്ഷേപണ വാഹനത്തില്‍ കയറുന്നത്. പക്ഷെ ചന്ദ്രനില്‍ വെച്ച് അവര്‍ എളുപ്പത്തില്‍ കുതിച്ചുചാടുകയും ഹാമര്‍ത്രോ എറിയുകയും ഗോള്‍ഫ് കളിക്കുകയും ഓടിത്തിമിര്‍ക്കുകയും ചെയ്തു. താരതമ്യേന അനായാസമായാണ് അവരത് ചെയ്തത്. 

നാസ വിഡിയോകളില്‍ യാത്രികര്‍ കുത്തനെ ഉയര്‍ന്ന് ചാടുന്ന (hop) പല രംഗങ്ങളുമുണ്ട്. ഈ വീഡിയോ കാണിച്ചിട്ട് ''ചന്ദ്രനിലാണെങ്കില്‍ ഇത്രയും ചാടിയാല്‍ പോരാ, ആറിലൊന്ന് ഗുരുത്വാകര്‍ഷണമുള്ള സ്ഥലത്ത് 'ആറിരട്ടി' പൊക്കത്തില്‍ ചാടാന്‍ സാധിക്കണമെന്ന് വാദിച്ച് ചാന്ദ്രയാത്ര തട്ടിപ്പാണെന്ന് തെളിയിക്കുന്ന വിദഗ്ധന്‍മാരുമുണ്ട്. അവര്‍ പറയുന്നതിതാണ്: ഭൂമിയില്‍ 1 മീറ്റര്‍ പൊക്കത്തില്‍ കുത്തനെ ഉയര്‍ന്ന് ചാടാന്‍ കഴിയുന്ന ഒരാള്‍ക്ക് ചന്ദ്രനില്‍ 6 മീറ്റര്‍ പൊക്കത്തില്‍ ചാടാന്‍ സാധിക്കണം. കാരണം അവിടെ ആറിലൊന്നു ഗുരുത്വാകര്‍ഷണമല്ലേയുള്ളൂ. പുസ്തകം വാങ്ങി വായിക്കുന്ന കോവിദന്‍മാര്‍ അന്തംവിടും. 6 മീറ്റര്‍ പൊക്കത്തില്‍, പോട്ടെ 4 മീറ്റര്‍ പൊക്കത്തില്‍പോലും ഒരു അപ്പോളോ സഞ്ചാരിക്കും ചാടാനായില്ല എന്നല്ലേ നാം മനസ്സിലാക്കുന്നത്? അതില്‍നിന്നും ചാന്ദ്രയാത്ര തട്ടിപ്പായിരുന്നുവെന്ന് സംശയാതീതമായ തെളിയുന്നു. ഹോക്‌സ് ജനുസ്സില്‍പ്പെട്ട ഒരു കിടിലന്‍ പുസ്തകത്തിന് വകുപ്പായി!

ശരിയാണ്, ചാന്ദ്രയാത്രികരില്‍ ആരും തന്നെ ആറ് മീറ്റര്‍ ഉയരത്തില്‍ ചാടിയിട്ടില്ല; ചാടുകയുമില്ല. കാരണം പലതുണ്ട്. ആദ്യമായി കണക്ക് തന്നെ തെറ്റാണ്. ഹോക്‌സ് സൈദ്ധാന്തികരുടെ ഇതേ കണക്കനുസരിച്ച് തറനിരപ്പില്‍നിന്നും 2.45 മീറ്ററിലധികം ഉയരത്തില്‍ ചാടുന്ന ഭൂമിയിലെ ഹൈജമ്പ് ലോകറെക്കാഡുകാരനെ ചന്ദ്രനിലെത്തിച്ചാല്‍ അയാള്‍ കുറഞ്ഞത് 15 മീറ്റര്‍ ഉയരത്തില്‍ ചാടുമെന്നാണ് കരുതേണ്ടത്. അതായത്, ചന്ദ്രനില്‍ ഏതാണ്ട് ഒരു മൂന്നുനില കെട്ടിടത്തിന്റെ പൊക്കത്തിലെത്താന്‍ അയാള്‍ക്ക് സാധിക്കണം. ശാസ്ത്രീയമായ അജ്ഞതയാണോ ഗണിതപരമായ അജ്ഞതയാണോ ഇവിടെയും തട്ടിപ്പുവാദികളുടെ തുണയ്‌ക്കെത്തുന്നതെന്ന് കൃത്യമായി പറയാനാവില്ല.

ഉയര്‍ന്ന് ചാടുമ്പോള്‍ കൈവരിക്കുന്ന ഉയരം നാമെങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത്? ശിരസ്സ് എത്തിപ്പെടുന്ന ഉയരമോ? അതോ പാദങ്ങള്‍ തറനിരപ്പില്‍ നിന്നും കൈവരിക്കുന്ന ഉയരമോ? രണ്ടും പരിഗണിക്കാനാവില്ല. കുത്തനെ ഉയര്‍ന്നുചാടുമ്പോള്‍ ശരിക്കും നാം നമ്മുടെ ഗുരുത്വകേന്ദ്രം(centre of gravity) അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തുകയാണ് ചെയ്യുന്നത്. നമ്മുടെ ഗുരുത്വകേന്ദ്രം ഏതാണ്ട് നാഭീകേന്ദ്രത്തിന് അടുത്തായി വരും. അതായത് 1.80 മീറ്റര്‍ ഉയരമുള്ള ഒരു ആറടിക്കാരന്‍ നിവര്‍ന്നുനില്‍ക്കുമ്പോള്‍ അയാളുടെ ഗുരുത്വകേന്ദ്രം ഒരു മീറ്റര്‍ പൊക്കത്തിലാണെന്ന് കരുതാം. അങ്ങനെയെങ്കില്‍ അയാള്‍ ഒന്നര മീറ്റര്‍ ഉയരത്തില്‍ ചാടുമ്പോള്‍ ശരിക്കും ചാടുന്നത് അര മീറ്റര്‍ മാത്രം. അതായത് 1 മീറ്റര്‍ ഉയരത്തിലുള്ള ഗുരുത്വകേന്ദ്രം അരമീറ്റര്‍ കൂടി അധികം (extra height) ഉയര്‍ത്തിയപ്പോഴാണ് തറനിരപ്പില്‍നിന്നും ഒന്നര മീറ്റര്‍ ഉയരത്തില്‍ അയാള്‍ ചാടിയെന്ന് നാം പറയുന്നത്. അപ്പോള്‍ ടിയാന്‍ യഥാര്‍ത്ഥത്തില്‍ ചാടിയത് അര മീറ്ററാണ്; മൊത്തം കണക്കില്‍ ഒന്നര മീറ്ററും. ഹൈജമ്പില്‍ നമുക്ക് നമ്മുടെ ഉയരത്തില്‍ ചാടാന്‍ പോലും പലപ്പോഴും പ്രയാസമാണ്. കുത്തനെ ഉയര്‍ന്ന് പൊങ്ങുമ്പോള്‍ താണ്ടുന്ന ഉയരം അതിലും കുറവായിരിക്കും. അങ്ങനെയെങ്കില്‍ ഭൂമിയില്‍ അര മീറ്റര്‍ ചാടുന്ന ഒരാള്‍ ചന്ദ്രനില്‍ ചാടുക കേവലം മൂന്ന് മീറ്റര്‍(0.5X6) പൊക്കത്തില്‍ മാത്രമായിരിക്കും.

ഏതാണ്ട് 85 കിലോ ഭാരം വരുന്ന സ്‌പേസ് സ്യൂട്ടും യന്ത്രസംവിധാനങ്ങളും ഏരിയലുമൊക്കെയായി ചന്ദ്രയാത്രികര്‍ കുത്തനെ ചാടിയത് 3 മീറ്റര്‍ ഉയരത്തിലും കുറവാണ്. പക്ഷെ യാതൊരു പരിശീലനവുമില്ലാതെ, ഭൂമിയെ അപേക്ഷിച്ച് ഗണ്യമായ ഉയരം കൈവരിക്കാന്‍ അവര്‍ക്കായി. ഭൂമിയിലൊരിക്കലും ചിന്തിക്കാന്‍ പോലുമാകാത്ത ഉയരമാണത്. ഭൂമിയില്‍ സമാനമായ സ്‌പേസ് സ്യൂട്ടുമായി അരയടി പൊക്കത്തില്‍പോലും കുത്തനെ മുകളിലോട്ട് ചാടാനാവില്ല. മാത്രമില്ല താഴോട്ട് വീഴുന്ന വേഗതയും(falling speed) ഗുരുത്വബലം കുറവുള്ള ഒരു ഗ്രഹത്തില്‍ സംഭവിക്കേണ്ട നിരക്കിലാണ്. ഭൂമിയില്‍ 85 കിലോ ഭാരവുമായി 75 കിലോ ശരീരഭാരമുള്ള ഒരാള്‍ ഇത്തരത്തില്‍ പൊങ്ങിച്ചാടികൊണ്ടിരുന്നാല്‍ 
 അയാള്‍ക്ക്‌ അസ്ഥി സംബന്ധമായ പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്. പക്ഷെ പേടിക്കേണ്ട, ഭൂമിയില്‍ ഇത് സാധ്യമല്ല. ചന്ദ്രനില്‍ 85 കിലോ ഭാരം 15 കിലോയിലും താഴെയായിരുന്നു; ശരീരഭാരമാകട്ടെ 12 കിലോയും. അങ്ങനെ മൊത്തം 27-28 കിലോ മാത്രം. ഈ ഭാരം അനായാസം ഉയര്‍ത്താനുള്ള പേശീഘടനയും കരുത്തും നമുക്കുണ്ട്. ഈ ശാസ്ത്രവസ്തുതകള്‍ ബോധ്യപ്പെടുന്ന ആരും ഇത്തരം ഹോക്‌സ് ആരോപണങ്ങളോട് പ്രതികരിക്കാന്‍ പോലും തയ്യാറാവില്ല. 

ശ്രദ്ധിക്കുക, സ്‌പേസ് സ്യൂട്ടിന്റെ ശരാശരി ഭാരം 85 കിലോഗ്രാമും ആസ്‌ട്രോനോട്ടിന്റെ ശരാശരി ഭാരം 75 കിലോ കൂടിയാകുമ്പോള്‍ ശരാശരി 160 കിലോഗ്രാമായി. അത്രയും ഭാരം കുത്തനെ മുകളിലേക്ക് ഉയര്‍ത്തുന്നതിനെ കുറിച്ചാണ് നാം സംസാരിക്കുന്നത്. പക്ഷെ ചന്ദ്രനില്‍ ഇത് കേവലം 27 കിലോഗ്രാമാണല്ലോ. ഭൂമിയിലാണെങ്കിലും സാധാരണ ഒരാള്‍ ചാടുന്നതിന്റെ വളരെകുറച്ച് ഉയരം മാത്രമേ 85 കിലോഗ്രാം പേറുന്ന ഒരാള്‍ക്ക് ചാടാനാവൂ എന്നതില്‍ തര്‍ക്കമില്ലല്ലോ. അപ്പോള്‍ ''ആറിരട്ടി'' എന്ന കണക്ക് പ്രായോഗികതലത്തില്‍ ദുര്‍ബലപ്പെടുകയാണ്. ചാടുന്നത് മനുഷ്യനായതുകൊണ്ട് വേറെയും പ്രശ്‌നമുണ്ട്. ഭാരം കൂടിയാല്‍ അവന് ചാടാനേ കഴിയില്ല. സ്‌പേസ് സ്യൂട്ട് നില്‍ക്കുന്ന നില്‍പ്പില്‍ മുകളിലോട്ട് കുതിക്കാന്‍ (leap)പ്രതിബന്ധമുണ്ടാക്കുന്ന ഒരു സംവിധാനമാണെന്ന് മറക്കരുത്. സ്യൂട്ട് യാത്രികരുടെ സക്രിയതയും ചലനാത്മകതയും നല്ലൊരളവില്‍ തടസ്സപ്പെടുത്തുന്നുണ്ട്. കൈമുട്ടും കാല്‍മുട്ടം വേണ്ടത്ര വളയ്ക്കാനാവില്ല. കുതിപ്പിന് ആവശ്യമായ വലിവും പ്രവേഗവും കൈവരിക്കുക എളുപ്പവുമല്ല. നില്‍ക്കുന്ന നില്‍പ്പില്‍ മുകളിലോട്ട് ചാടണമെങ്കില്‍ കാല്‍മുട്ട് നന്നായി വളഞ്ഞേ തീരു. ഇല്ലെങ്കില്‍ ആര്‍ജ്ജിക്കുന്ന ഉയരം ഗണ്യമായി കുറയും. ചന്ദ്രനില്‍ സ്‌പേസ് സ്യൂട്ടില്‍ നിന്നുകൊണ്ട് ചാടിയവര്‍ക്ക് ഈ പ്രശ്‌നമുണ്ടായിരുന്നു. അപ്പോള്‍ ചന്ദ്രനിലായാലും സ്‌പേസ് സ്യൂട്ടിട്ട് ചാടിയാല്‍ വളരെ കുറച്ച് ഉയരമേ കൈവരിക്കാനാവുകയുള്ളു. അതായത് നാം മുമ്പ് സൂചിപ്പിച്ച രീതിയില്‍ മൂന്ന് മീറ്റര്‍ ഉയരം ആ അവസ്ഥയില്‍ ദുഷ്‌ക്കരമാണ്.

ഇടയ്ക്കു പറയട്ടെ, ചന്ദ്രനില്‍ ലാന്‍ഡ് ചെയ്ത ല്യൂണാര്‍മോഡ്യൂളിനുള്ളില്‍ ഭൗമാന്തരീക്ഷമാണുള്ളത്. എന്നാല്‍ പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് (EVM-Extra vehicular activities)സ്‌പേസ് സ്യൂട്ട് കൂടിയേ തീരൂ. സ്‌പേസ് സ്യൂട്ടില്ലാതെ പരമാവധി 15 സെക്കന്‍ഡില്‍ കൂടുതല്‍ ബഹിരാകാശത്ത് തങ്ങാനാവില്ലെന്നാണ് കരുതപ്പെടുന്നത്. ഭാരരഹിതമായ അവസ്ഥയില്‍ ശരീരത്തിന്റെ ആകൃതി പെട്ടെന്ന് നഷ്ടപ്പെടും. ശരീരം വീര്‍ത്ത് ഏതാണ്ട് ഇരട്ടിയോളം വലുതാകും, മാത്രമല്ല ശ്വാസം പുറത്തുവിടാനാവശ്യമായി തോതില്‍ ചുരുങ്ങാന്‍ ശ്വാസകോശത്തിന് കഴിയാതെ വരുന്നതിനാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ യാത്രികന്‍ കുഴഞ്ഞുവീഴും. സംഭവിക്കാനിടയുള്ള മറ്റ് അപകടങ്ങളൊക്കെ വിട്ടുകളയുക, ഒരു സെക്കന്‍ഡ് പോലും സ്‌പേസ് സ്യൂട്ടില്ലാതെ ബഹിരാകാശത്ത് കഴിയാനാവില്ല.

ഭൂമിയിലെ ആറിലൊന്ന് ഭാരം അനുഭവപ്പെടുമെന്നതിനാല്‍ ചന്ദ്രനില്‍ സ്ഥിതി അത്രയും ഗുരുതരമല്ല. പക്ഷെ പ്രാപഞ്ചികരശ്മികള്‍, റേഡിയേഷന്‍, അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവയുടെ നിരന്തരപ്രസരണവും ഒപ്പം അതിതീവ്ര കാലവസ്ഥയുമുള്ള ചന്ദ്രനില്‍ സ്‌പേസ് സ്യൂട്ടില്‍ നിന്ന് പുറത്തുവരുന്നത് ആത്മഹത്യാപരമായിരിക്കും. മാത്രമല്ല ബോധം കെട്ട് വീഴുകയോ മറ്റോ ചെയ്താല്‍ പെട്ടെന്നൊരു തിരിച്ചുവരവ് (recovery) പ്രായേണ ദുഷ്‌ക്കരമാവും. സ്‌പേസ് സ്യൂട്ട് ഒരു കൃത്രിമഭൂമിയാണ്. മര്‍ദ്ദവും ഊഷ്മാവുമൊക്കെ കൃത്യമായി അതിനുള്ളില്‍ ക്രമീകരിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ 12 പേര്‍ ചന്ദ്രനിലിറങ്ങി മണിക്കൂറുകളോളം അവിടെ 
 ചെലവിട്ടുവെങ്കിലും ചന്ദ്രന്‍ എങ്ങനെയിരിക്കുമെന്ന് ഒരു മനുഷ്യനും ഇന്നുവരെ അറിഞ്ഞിട്ടില്ല, അനുഭവിച്ചിട്ടില്ല.

ചന്ദ്രനിലെ ചാട്ടത്തിലേക്ക് തിരികെ വരാം. ചാന്ദ്രദൃശ്യങ്ങളില്‍ നിന്നും വിഡിയോയില്‍ നിന്നും യാത്രികര്‍ കുത്തനെ ഉയര്‍ന്ന് ചാടുമ്പോള്‍ ശരാശരി 10 അടിയിലേറെ ഉയരം കൈവരിക്കുന്നതായി കണക്കാക്കപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ മൊത്തം ശരാശരി 160 കിലോഗ്രാം ഭാരമാണ് സ്വന്തം ഊര്‍ജ്ജം കൊണ്ട് ചാന്ദ്രയാത്രികര്‍ 10 അടി ഉയരത്തിലേക്ക് ഉയര്‍ത്തുന്നത്. ഓള്‍ഡ്രിന്‍ ഒരു ചിത്രത്തില്‍ ഏകദേശം 12 അടി പൊക്കത്തില്‍ ചാടുന്നുണ്ട്. എന്നാല്‍ പിന്നീടെത്തിയ യാത്രികര്‍ ഈ 'റെക്കോഡ്'തകര്‍ക്കുന്നതും നാം കാണുന്നു.

ഇനി പ്രായോഗികത വിട്ട് അല്‍പ്പം സൈദ്ധാന്തികമായി ചിന്തിക്കാം. ഭൂമിയിലെ പലായനപ്രവേഗം 9.8മീറ്റര്‍/സെക്കന്‍ഡും ചന്ദ്രനില്‍ ആയത് 1.6 മീറ്റര്‍/ സെക്കന്‍ഡും ആണെന്നിരിക്കെ ഭൂമിയില്‍ ഗുരുത്വകേന്ദ്രം അര മീറ്റര്‍ (3 അടി)ഉയര്‍ത്തുന്ന ഒരാള്‍ക്ക് താത്വികമായി ചന്ദ്രനില്‍ 18 അടി ഉയര്‍ത്താനാവേണ്ടതാണെന്ന് ആദ്യം സൂചിപ്പിച്ചല്ലോ. സത്യത്തില്‍ താത്വികമായി 18 അടിയിലും കൂടിയ ഉയരത്തിലേക്ക് പോകാനാവണം. എന്തുകൊണ്ടെന്നാല്‍ ചന്ദ്രനില്‍ അന്തരീക്ഷമുയര്‍ത്തുന്ന പ്രതിരോധം(air resistence) ഇല്ലല്ലോ. ഉയരുന്ന വസ്തുവിന് മേലുള്ള വിരുദ്ധപ്രതിരോധത്തിന്റെ അഭാവം കൂടുതല്‍ ഉയരം ആര്‍ജ്ജിക്കാന്‍ വിക്ഷേപിത വസ്തുവിനെ സഹായിക്കേണ്ടതാണ്. ഭൂമിയിലെ പലായനപ്രവേഗമായ 9.8/സെക്കന്‍ഡ് എന്ന പ്രവേഗം കണക്കാക്കിയിരിക്കുന്നത് ഈ പ്രതിരോധം കൂടി കണക്കിലെടുത്താണെങ്കിലും അന്തരീക്ഷരാഹിത്യത്തില്‍ കൈവരിക്കാനാവുന്ന ഉയരം ആറിരട്ടിയിലും അധികമായിരിക്കുമെന്ന അഭിപ്രായത്തിനാണ് വിദഗ്ധരുടെ ഇടയില്‍ മുന്‍തൂക്കം. ല്യൂണാര്‍ മോഡ്യൂള്‍ വിക്ഷേപിക്കപ്പെട്ടപ്പോള്‍ റോക്കറ്റ് ശക്തി വേണ്ടതിലധികമായി തോന്നിയെങ്കില്‍ അതിന് കാരണം വായുപ്രതിരോധം പൂജ്യമായതാവാം.

കടലാസില്‍ കാണുന്ന 'ആറിരട്ടി' പ്രായോഗികതലത്തില്‍ സാധ്യമാകാത്തതിന് പല കാരണങ്ങളുമുണ്ട്. ചന്ദ്രനില്‍ ഒരു മനുഷ്യന് എത്ര ഇരട്ടി ഉയരത്തില്‍ ചാടാം എന്നതിനപ്പറ്റി കൃത്യമായ ഒരുത്തരം ശാസ്ത്രലോകം ഇനിയും നല്‍കിയിട്ടില്ല. പലരും പല മാതൃകകളും അവതരിപ്പിക്കുന്നുണ്ട്. 'ആറിരട്ടി' കണക്ക് പ്രായോഗികമാകാത്തതിന് പ്രധാനകാരണം, മുമ്പ് സൂചിപ്പിച്ചതുപോലെ ചാടുന്നത് മനുഷ്യനാണ് എന്നതുതന്നെ. ആറിരട്ടി പൊക്കത്തില്‍ ചാടണമെങ്കില്‍ അതിന് തുല്യമായ പ്രവേഗം നല്‍കാന്‍ നമ്മുടെ പേശീഘടനയ്ക്ക് (muscle structure) സാധിക്കണം. നാം മുകളിലേക്ക് കുതിക്കുകയാണ്, അല്ലാതെ ഉത്തോലക സഹായേത്തോടെ പൊങ്ങുകയല്ല. ഗുരുത്വത്തിനെതിരെ സ്വയം ആര്‍ജ്ജിക്കുന്ന പ്രവേഗമാണ് (acceleration) നമുക്ക് വേണ്ടത്. അതിനായി പേശീഘടന വലിഞ്ഞ് ചുരുങ്ങി മുകളിലേക്കുള്ള തള്ളല്‍ബലം (upward thrust)സൃഷ്ടിക്കണം. പേശീ ഉണ്ടായാല്‍ പോരാ, അങ്ങനെ ചെയ്യുന്ന ശീലം കൂടി നമ്മുടെ ശരീരത്തിനുണ്ടാവണം. ഭൂമിയില്‍ വസിക്കുന്ന നമ്മുടെ ശരീരത്തിന് ഭൗമജീവിതത്തിന്റേതായ പരിമിതികളും പരിധികളുമുണ്ട്. സാധാരണഗതിയില്‍ ചാടുന്നതിന്റെ ആറിരിട്ടി പ്രവേഗം നല്‍കാനാവശ്യമായ വലിവ് നമ്മുടെ പേശികള്‍ക്കുണ്ടാവില്ലെന്നതാണ് വസ്തുത.

അതോടൊപ്പം മുമ്പ് സൂചിപ്പിച്ചതുപോലെ സ്‌പേസ് സ്യൂട്ടു കാരണം സഞ്ചാരികള്‍ക്ക് കാല്‍ മുട്ട് വേണ്ടത്ര വളയ്ക്കാനോ മടക്കാനോ സാധിക്കില്ല. അതുകൊണ്ടുതന്നെ കാല്‍മുട്ട് നേരെചൊവ്വെ മടക്കി മേല്‍കുതിപ്പിനാവശ്യമായ പ്രവേഗം സമ്പാദിക്കാനുമാവില്ല. അങ്ങനെ വരുമ്പോള്‍ ഭൂമിയില്‍ ചാടുന്നതില്‍ കുറേക്കൂടി പൊക്കത്തില്‍ ഒന്നര-രണ്ടിരട്ടി ഉയരത്തില്‍ ചാടാനേ സാധാരണഗതിയില്‍ നമ്മുടെ പേശീകള്‍ അനുവദിക്കുകയുള്ളു എന്നാണ് മനസ്സിലാക്കേണ്ടത്. പിന്നെ, ചന്ദ്രനില്‍ പോയത് ചാടി റെക്കോഡിടാനൊന്നുമല്ല; യാത്രികര്‍ പ്രൊഫഷണല്‍ ചാട്ടക്കാരുമായിരുന്നില്ല. ല്യൂണാര്‍ മോഡ്യൂളിന്റെ വിക്ഷേപണത്തില്‍ 'ആറിരട്ടി' കണക്ക് കൃത്യമായി പാലിക്കപ്പെടും;ഒരുപക്ഷെ അതിലേറെ. പക്ഷെ പല കാരണങ്ങള്‍കൊണ്ട് ഭാരം പേറിനില്‍ക്കുന്ന മനുഷ്യനത് സാധിക്കില്ല. അതാണ് വിഡിയോ കണ്ട് ചന്ദ്രനിലെ ചാട്ടം ഇതുപോരാ എന്ന് പരിതപിക്കുന്നവര്‍ മനസ്സിലാക്കേണ്ട 
പ്രാഥമികപാഠം***

Sunday 6 November 2011

പൊടിയെവിടെ? കുഴിയെവിടെ?

Apollo-11 LM,'Eagle'
picture taken by Collins from CM
'അമ്പിളിക്കുട്ടന്‍'മാരുടെ സംശയപ്രവാഹത്തിന്റെ അണമുറിയുന്നില്ല. കാരണം അവരുടെ പണി താരതമ്യേന എളുപ്പമാണ്. വെറുതെ സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നാല്‍ കച്ചവടം നടക്കും. കൗതുകം പൂണ്ട് ആദ്യമൊക്കെ ലാടവൈദ്യന്‍മാരുടെ പിന്നാലെയെന്നപോലെ ജനം ചുറ്റും കൂടും. കള്ളി പൊളിയുന്നതോടെ ഇക്കൂട്ടരെ ഇരുത്തേണ്ടിടത്ത് ഇരുത്തുന്നതും ഇതേ ജനമായിരിക്കും. ചാന്ദ്രവാഹനം(Lunar Module) ചെന്നിറിങ്ങുമ്പോള്‍ അതിന്റെ ആഘാതം മൂലം ചാന്ദ്രോപരിതലത്തില്‍ ഒരു വന്‍ ഗര്‍ത്തം(crater) തന്നെ രൂപം കൊള്ളേണ്ടതല്ലേ? ചാന്ദ്രധൂളി (lunar dust) അവിടെയെല്ലാം തെറിക്കേണ്ടതല്ലേ? ടണ്‍ക്കണക്കിന് ഭാരമുള്ള വാഹനം പൂഴിയില്‍ പുതഞ്ഞുപോകേണ്ടതല്ലേ? മനുഷ്യനേയും കൊണ്ട് ചന്ദ്രനിലിറങ്ങിയ വാഹനങ്ങള്‍ ആരോ അവിടെ മൃദുവായി കൊണ്ടുചെന്നുവെച്ചതുപോലെ കാണപ്പെടുന്നതിന്റെ രഹസ്യമെന്ത്? ഭൂമിയില്‍ നിന്നും ലക്ഷക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ച ഒരു വാഹനം ചന്ദ്രനിലേക്ക് ചെന്നുവീഴുമ്പോള്‍ ലാന്‍ഡിംഗിന്റെ ആഘാതത്തില്‍ ഒരു വലിയ ഗര്‍ത്തം ഉണ്ടായേ തീരൂ, ആഘാതത്തില്‍ ചിതറിത്തെറിക്കുന്ന ധൂളി വളരെ ദൂരത്തില്‍ പരക്കുകയും...- ചിലരെങ്കിലും ശഠിച്ചു.

ചന്ദ്രനിലെ ഓരോ കാര്യത്തെക്കുറിച്ച് പയുമ്പോഴും ഭൂമിയിലെ സമാനമായ സാഹചര്യങ്ങളെക്കുറിച്ചാണ് നമ്മുടെ മസ്തിഷ്‌ക്കം ചിന്തിക്കുക. ഇന്ത്യന്‍ രാഷ്ട്രപതി ഹെലികോപ്റ്ററില്‍ കൊല്ലം ആശ്രമം മൈതാനത്ത് വന്നിറങ്ങുന്നതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹെലികോപ്റ്റര്‍ നിലംതൊട്ടതും പത്തു മിനിറ്റ് പൊടി കാരണം ആര്‍ക്കും പരസ്പരം കാണാന്‍ പോലും സാധിച്ചിരുന്നില്ല. തിരികെ പോകാനായി പറന്നുപൊങ്ങിയപ്പോഴും സമാനമായ സാഹചര്യം. ഇതുപോലുള്ള ഭൗമസാഹചര്യങ്ങള്‍ മനസ്സില്‍ പേറിക്കൊണ്ട് ചന്ദ്രനിലെ ലാന്‍ഡിംഗും ടേക്ക് ഓഫുമൊക്കെ വിഭാവനം ചെയ്യാന്‍ പലരും ശ്രമിക്കുന്നത്. ഒരു കാര്യം ആദ്യമേ സൂചിപ്പിക്കാം. ചന്ദ്രോപരിതലത്തില്‍ ധൂളിനിക്ഷേപമുണ്ട്. പക്ഷെ അവിടെ പൊടി പറക്കുമെങ്കില്‍ കൊടിയും പറക്കും. അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ ഇത് രണ്ടും സാധ്യമല്ല. ആഘാതം മൂലം ധൂളിതന്മാത്രകള്‍ അലങ്കോലപ്പെട്ട് (disturbed) പൊങ്ങിയുയരും, ചിതറി വീഴുകയും ചെയ്യും. എന്നാല്‍ ഉപരിതലത്തിന് മുകളില്‍ തങ്ങിനില്‍ക്കില്ല.

ഓര്‍ക്കുക, ലൂണാര്‍മോഡ്യൂള്‍ ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നില്ല. അത് നിയന്ത്രിതമായ (controlled) ഒരു വീഴ്ചയായായിരുന്നു. ഭൂമിയില്‍ ഒരു വസ്തു വന്നിറങ്ങുന്നതിലും വളരെ കുറഞ്ഞ ആഘാതമേ ചന്ദ്രനില്‍ ചെന്നിറങ്ങുമ്പോള്‍ സൃഷ്ടിക്കപ്പെടുകയുള്ളുവെന്ന് നമുക്കറിയാം. ചന്ദ്രന്റെ കുറഞ്ഞ ഗുരുത്വാകര്‍ഷണം തന്നെകാരണം. അതായത് ചന്ദ്രനിലേക്ക് ചെന്നുവീഴുന്ന വസ്തുവിന്റെ മേല്‍ താഴോട്ടുള്ള ആകര്‍ഷണം ബലം ഭൂമിയെ അപേക്ഷിച്ച് താരതമ്യേന കുറവാണ്.

എന്നുകരുതി ചക്കവെട്ടിയിടുന്നതുപോലെ വാഹനം നിലംപതിച്ചാല്‍ പിന്നെ തൂത്തുവാരുകയേ നിവൃത്തിയുള്ളു. മാത്രമല്ല അന്തരീക്ഷമില്ലാത്തതിനാല്‍ വീഴ്ചയ്‌ക്കെതിരെ ഭൂമിയില്‍ അനുഭവപ്പെടുന്ന പ്രതിരോധം ചന്ദ്രനിലില്ല. ചന്ദ്രനിലേക്ക് വീണ ല്യൂണാര്‍ മോഡ്യൂളില്‍ ഒരു എന്‍ജിന്‍ മുഖേനെ(descent engine) നിയന്ത്രിച്ചിരുന്നതെന്ന് സൂചിപ്പിച്ചല്ലോ. ഈ എന്‍ജിന്‍ ലാന്‍ഡിംഗിന് തൊട്ടുമുമ്പേ ഓഫാക്കി (shut down) വാഹത്തിന്റെ വേഗത പരമാവധി കുറച്ചിരുന്നു. മോഡ്യൂളിന്റെ ലാന്‍ഡിംഗ് പാഡിന്റെ താഴേക്ക് നീളുന്ന ഒരു കേബിള്‍ വയറുണ്ടായിരുന്നു. ഇലക്‌ട്രോണിക് സെന്‍സറുകളുണ്ടായിരുന്ന ഈ കേബിള്‍ ചന്ദ്രോപരിതലത്തില്‍ തൊട്ട നിമിഷം മോഡ്യൂളിലെ ഡാഷ്‌ബോര്‍ഡില്‍ ഇതുസംബന്ധിയായ ഒരു ലൈറ്റ് (Contact Light) തെളിയുകയുണ്ടായി. തറനിരപ്പിലേക്ക് വാഹനം അടുത്തുവെന്ന വിവരം സഞ്ചാരികള്‍ക്ക് ലഭിക്കുകയും അവര്‍ എന്‍ജിന്‍ ഓഫ് ചെയ്യുകയും ചെയ്തു.

അപ്പോളോ-11 ന്റെ ലാന്‍ഡിംഗ് വേളയില്‍ സഞ്ചരികള്‍ നാസയുമായി നടത്തിയ ആശയവിനിമയത്തിന്റെ മുഴുവന്‍ രേഖകളും നമുക്ക് ലഭ്യമാണ്. ല്യൂണാര്‍ മോഡ്യൂള്‍ കുത്തനെ നിലംപതിക്കുകയായിരുന്നില്ല. മറിച്ച് മുന്നോട്ട് വേഗതയില്‍ പറന്ന് താഴുകയായിരുന്നു. പൈലറ്റായിരുന്ന ബുസ് ഓള്‍ഡ്രിന്‍ അനുമിമിഷം വാഹനത്തിന്റെ ഉയരം (altitude), സമാന്തര വേഗത (horizontal velocity), ലംബവേഗത (vertical velocity) എന്നിവ സംബന്ധിച്ചുള്ള വിവരം ഹൂസ്റ്റണിലേക്ക് വിളിച്ചു പറയുന്നുണ്ടായിരുന്നു. താഴേക്കുള്ള വേഗതയാണ് ലംബവേഗത;സമാന്തരവേഗതയാകട്ടെ മുന്നോട്ടുള്ള വേഗതയും. ''കുറേശ്ശെ പൊടി കാണുന്നുണ്ട്'' ('picking up some dust') എന്ന് ഓള്‍ഡ്രിന്‍ ഹൂസ്റ്റണിലേക്ക് വിളിച്ചു പറഞ്ഞതിന് ശേഷമുള്ള ട്രാന്‍സ്‌ക്രിപ്റ്റില്‍ നിന്നും ചന്ദ്രനില്‍നിന്നും കേവലം 20 അടി ഉയരത്തില്‍ എത്തിയ വേളയില്‍ വാഹനത്തിന്റെ താഴേക്കുള്ള വേഗത സെക്കന്‍ഡില്‍ 0.5 അടിയും (0.5ft/s)മുന്നോട്ടുള്ള വേഗത സെക്കന്‍ഡില്‍ 4 അടിയുമാണെന്ന് (4 ft/s)ഓള്‍ഡ്രിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നമുക്ക് കേള്‍ക്കാം. 

വാഹനം ചന്ദ്രനില്‍ നിന്ന് 5 അടി ഉയരത്തിലെത്തിയപ്പോഴാണ് താഴേക്കിട്ട കേബിള്‍ തറ തൊടുകയും കോണ്ടാക്റ്റ് ലൈറ്റ് കത്തുകയും ചെയ്തത്. അതോടെ ഓള്‍ഡ്രിന്‍ എന്‍ജിനും ഓഫാക്കി. ഏതാണ്ട് ഒരു വലിയ പക്ഷി വന്ന് പറന്നിറങ്ങുന്നതുപോലെയാണ് 'ഈഗിള്‍' ലാന്‍ഡ് ചെയ്തതെന്നാണ് ഇത് വ്യക്തമാക്കുന്നത്. 'ഈഗിള്‍' എന്ന പേര് കൊണ്ട് നാസ ഉദ്ദേശിച്ചതും മറ്റൊന്നാകാനിടയില്ല. മാത്രമല്ല 20 അടി പൊക്കത്തിലെത്തുമ്പോഴും 4 ft/s വേഗത മുന്നോട്ടുള്ളതിനാല്‍ വാഹനത്തിന്റെ പുകക്കുഴലില്‍ നിന്നും പ്രവഹിക്കുന്ന ധൂമക്കാറ്റില്‍ പൊടി നാലുപാടും ചിതറി പോകാനുള്ള സാധ്യതയാണ് കാണുന്നത്. ലംബവേഗതയാണ് കൂടുതലെങ്കില്‍ പുറത്തേക്കുള്ള ധൂമപ്രവാഹം തറയിലേക്ക് കേന്ദ്രീകൃതമായി പതിച്ച് അവിടെ ഒരു ഗര്‍ത്തം രൂപംകൊള്ളാനുള്ള സാധ്യത താരതമ്യേന വര്‍ദ്ധിക്കുമായിരുന്നു. രണ്ടായാലും സെക്കന്‍ഡില്‍ 0.5 അടി എന്നാല്‍ മണിക്കൂറില്‍ അര കിലോമീറ്ററേ വരൂ. വളരെ വളരെ കുറഞ്ഞ വേഗതയാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അപ്പോളോദൗത്യം പര്യാലോചിക്കുന്ന വേളയില്‍ ചാന്ദ്രോപരിതലത്തിലെ ധൂളിയുടെ അളവിനെക്കുറിച്ച് രണ്ടഭിപ്രായമുണ്ടായിരുന്നു. ബില്യണ്‍ കണക്കിന് വര്‍ഷങ്ങളിലായി രൂപംകൊണ്ട ധൂളി നല്ല ആഴത്തില്‍ ചാന്ദ്രോപരിതലത്തില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടാകുമെന്നായിരുന്നു ഒരു കൂട്ടരുടെ വാദം. അതായത് ചാന്ദ്രോപരിതലം മീറ്ററുകള്‍ ആഴമുള്ള ഒരു 'ധൂളിമെത്ത' (dust bed) ആണെന്നും അവിടെ ടണ്‍കണക്കിന് ഭാരമുള്ള ഒരു വാഹനം എത്ര സാവധാനം ചെന്നിറങ്ങിയാലും തിരിച്ചെടുക്കാനാവാത്ത വിധം പുതഞ്ഞുകയറുമെന്നായിരുന്നു അനുമാനം. ഒരുപക്ഷെ 'ഈഗിളി'ന്റെ രൂപരേഖയില്‍ നീണ്ട കാലുകള്‍ ഉള്‍പ്പെടുത്താന്‍ ഡിസൈനര്‍മാര്‍ തുനിഞ്ഞതിന്റെ ഒരു കാരണം ഇതായിരിക്കണം. മാത്രമല്ല ല്യൂണാര്‍ മോഡ്യൂള്‍ അഥവാ പുതഞ്ഞുകയറിയാലും അതിന്റെ കീഴ്ഭാഗം ഉപേക്ഷിച്ച് തിരിച്ചുകയറാനാവുന്ന വിധമാണ് വിക്ഷേപണം തയ്യാറാക്കിയിരുന്നത്. 'ഈഗിളും' മറ്റു വാഹനങ്ങളും പുതഞ്ഞുകയറിയില്ല. പക്ഷെ കീഴ്ഭാഗം ഉപേക്ഷിച്ച് തന്നെയാണ് എല്ലാ 
യാത്രികരും ചന്ദ്രനില്‍നിന്ന് തിരികെ കയറിയതെന്നോര്‍ക്കുക.

അതേസമയം, ഏതാനും ഇഞ്ച് ആഴത്തിലുള്ള ധൂളിനിക്ഷേപമേ ചാന്ദ്രോപരിതലത്തിലുള്ളുവെന്നും അതിന് കീഴില്‍ കട്ടികൂടിയ 
ചന്ദ്രശിലാപാളികള്‍ ആണെന്നുമായിരുന്നു മറ്റൊരു കൂട്ടരുടെ അഭിപ്രായം. ഈ വാദമാണ് ആത്യന്തികമായി ശരിയായത്. ആദ്യവാദം ശരിയായിരുന്നുവെങ്കില്‍ ഒരുപക്ഷെ 'പാരച്യൂട്ട്' വഴി ചന്ദ്രനിലിറങ്ങുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരുമായിരുന്നു. ഭൂമിയിലെ അന്തരീക്ഷത്തില്‍ സാധാരണ ഉപയോഗിക്കുന്ന വായുമര്‍ദ്ദം പ്രയോജനപ്പെടുത്തുന്ന പാരച്യൂട്ടല്ല മറിച്ച് സാവാധാനം ചെന്നിറങ്ങാന്‍ സഹായിക്കുന്ന റിട്രോറോക്കറ്റുകളും (retro rockets) ഷോക്ക അബ്‌സോര്‍ബറുകളുമുള്ള ഒരു പാരച്യൂട്ട് സംവിധാനമാണ് ഉദ്ദേശിക്കുന്നത്.

'ഗര്‍ത്തമെവിടെ?' എന്ന ചോദ്യത്തിന് ഹേതുവാകുന്നത് ഒരു താരതമ്യമാണ്. ലൂണാര്‍ ലാന്‍ഡിംഗിന് മുമ്പ് ചന്ദ്രനില്‍ ചെന്നിറങ്ങിയാല്‍ എങ്ങനെയുണ്ടാവും എന്ന് ഭാവനയില്‍ കണ്ടുകൊണ്ട് നാസ ചുമതലപ്പെടുത്തിയ ചിത്രകാരന്‍മാര്‍ ചില ചിത്രങ്ങള്‍ (sketches) വരച്ചിരുന്നു. ഈ ചിത്രങ്ങളില്‍ വാഹനം ചെന്നിറങ്ങുന്നിടത്ത് ഒരു ഗര്‍ത്തം (a big blast crater) രൂപം കൊള്ളുന്നതായി കാണിച്ചിരുന്നു. അതായിരുന്നു അന്നത്തെ അനുമാനം. എന്നാല്‍ അപ്പോളോ-11 ലാന്‍ഡ് ചെയ്തശേഷമുള്ള അസ്സല്‍ ചിത്രത്തില്‍ (photograph) ഗര്‍ത്തമില്ല. നാസ ലോകത്തെ ബോധ്യപ്പെടുത്തിയ കാര്യം അവര്‍തന്നെ പിന്നീട് തള്ളിപ്പറഞ്ഞെന്നായിരുന്നു ഇതിനെക്കുറിച്ചുള്ള ഹോക്‌സ് വാദക്കാരുടെ പരിഭവം. ചന്ദ്രോപരിതലത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുന്നതിന് മുമ്പ് ഭാവനയെ ആധാരമാക്കി വരച്ച ചിത്രങ്ങളെ യാഥാര്‍ത്ഥ്യവുമായി കൂട്ടിക്കുഴയ്ക്കുന്നതില്‍ കഥയില്ലെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. എന്തുചെയ്യാം, 'common sense is not that common' എന്നാണല്ലോ കവിവാക്യം!

താഴേക്കിറങ്ങുന്ന ചാന്ദ്രവാഹനത്തിന് എന്‍ജിന്‍ ഉണ്ട്. അതായത്, നിലംപതിക്കുന്ന വസ്തുവായി അത് താഴേക്ക് വീഴുന്നുവെങ്കിലും വീഴ്ചയുടെ വേഗത നിയന്ത്രിക്കാന്‍ അപ്പോളോ യാത്രികര്‍ക്ക് കഴിയുമായിരുന്നു. കൃത്യമായും അത് തന്നെയാണവര്‍ ചെയ്തതും. ചാന്ദ്രോപരിതലത്തിലേക്ക് അടുത്തുകൊണ്ടിരിക്കവെ അവര്‍ എന്‍ജിന്‍ നിയന്ത്രിച്ച് (throttled back on the engine) അതിന്റെ വേഗത ഗണ്യമായി കുറച്ചിരുന്നു. മുന്‍നിശ്ചയപ്രകാരം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ആ ഭാഗം ശരിക്കും ഒരു ഗര്‍ത്തമാണെന്ന് തിരിച്ചറിഞ്ഞ് കുറേക്കൂടി മുന്നോട്ട് മാറി ലാന്‍ഡിംഗ് നടത്താനുള്ള ആംസ്‌ട്രോങിന്റെ തീരുമാനം വളരെ നിര്‍ണ്ണായകമായി തീര്‍ന്ന കാര്യം മുമ്പ് വിശദീകരിച്ചല്ലോ.

ഏതാനും ഇഞ്ച് കനത്തിലുള്ള ചാന്ദ്രധൂളി നിക്ഷേപമേ ചന്ദ്രന്റെ ഉപരിതലത്തിലുണ്ടായിരുന്നുള്ളു. അതിനടിയിലാകട്ടെ കട്ടികൂടിയ ശിലാഭാഗവും. ചാന്ദ്രവാഹനത്തിന്റെ ലാന്‍ഡിംഗ് മൂലം തുളയ്ക്കാന്‍ കഴിയുന്നതിലും അധികം കട്ടിയുള്ള ശിലഭാഗമാണത്. അതേസമയം, വാഹനം ചെന്നിറങ്ങിയപ്പോള്‍ ധൂളി തെറിച്ചിട്ടുണ്ട്. ചെറിയൊരു കുഴി രൂപം കൊള്ളാനുള്ള സാധ്യതയുമുണ്ട്. ഈ ചെറുഗര്‍ത്തം രൂപം കൊള്ളാനിടയുള്ളത് ലാന്‍ഡറിന്റെ കീഴ്ഭാഗത്തായതിനാല്‍ (underneath the LEM engine) നമുക്കത് കാണാനായില്ലെന്ന് മാത്രം. മാത്രമല്ല ദൗത്യത്തിന് ശേഷം തിരിച്ച് പറന്നുപൊങ്ങിയപ്പോള്‍ ലാന്‍ഡറിന്റെ അടിഭാഗം അവിടെ നിന്ന് മാറ്റപ്പെടുന്നില്ല. അതിപ്പോഴും അവിടെയുണ്ട്. അതുകൊണ്ട് തന്നെ ഗര്‍ത്തം ശരിക്കും കാണാന്‍ അതവിടെനിന്നും മാറ്റേണ്ടതുണ്ട്.

ലാന്‍ഡിംഗ് വേളയില്‍ ഈഗിള്‍ പറപ്പിച്ചുകളഞ്ഞ ധൂളി വാഹനത്തിന് ചുറ്റുമായി ചിതറി വീഴുകയായിരുന്നു. ലാന്‍ഡിംഗിന് ശേഷം മണിക്കൂറുകള്‍ക്ക് ശേഷമെടുത്ത ചിത്രങ്ങളാണ് നമുക്ക് ലഭ്യമായിട്ടുള്ളത്. അതില്‍ നിന്നും തെറിച്ചുവീണ ധൂളിയേത് മുമ്പേ ഉണ്ടായിരുന്നവയേത് എന്നൊന്നും അനുമാനിക്കാനാവില്ലല്ലോ. തീര്‍ച്ചയായും ചാന്ദ്രധൂളി വാഹനത്തില്‍ പൊതിഞ്ഞ് പറ്റിപിടിക്കുകയുണ്ടായി. മാത്രമല്ല ചാന്ദ്ര യാത്രികരുടെ പാദമുദ്ര ഇത്രയും വ്യക്തമായി ആഴത്തില്‍ പതിയാന്‍ ഒരു കാരണം ഇത്തരത്തില്‍ ഇളക്കിയെറിഞ്ഞ ധൂളി ലാന്‍ഡറിന്റെ ചുറ്റുമുണ്ടായിരുന്നു എന്നതു കൂടിയാണ്. 
ജലരഹിതമായ ചാന്ദ്രധൂളിയില്‍ ഇത്രയും സുവ്യക്തവും ആഴമുള്ളതുമായ പാദമുദ്ര ഒരിക്കലുമുണ്ടാകില്ലെന്നായിരുന്നവല്ലോ മറ്റൊരു ഹോക്‌സ് ആരോപണം. പക്ഷെ ഇതും വസ്തുതാ വിരുദ്ധമാണ്. ചാന്ദ്രധൂളി തികച്ചും സവിശേഷമാണ്. ഭൂമിയില്‍ കാണുന്ന ധൂളിയുമായി അതിനെ താരതമ്യപ്പെടുത്തരുത്. ചാന്ദ്രധൂളി ഉണങ്ങിവരണ്ടതാണെന്നതില്‍ സംശയമില്ല. പക്ഷെ പാദമുദ്ര പതിയാനായി ഈര്‍പ്പമുണ്ടാകണമെന്ന് നിര്‍ബന്ധിമില്ല. ഉദാഹരണമായി ഈര്‍പ്പരഹിതമായ ടാല്‍ക്കം പൗഡര്‍. തറയില്‍ ടാല്‍ക്കം പൗഡറോ സമാനമായതോ ആയ വസ്തു നിലത്ത് വിതറിയിട്ട് മുകളിലൂടെ ഷൂസ് ധരിച്ച് നടന്നാല്‍ പാദമുദ്ര വ്യക്തമായി തന്നെ പതിയും. ചാന്ദ്രധൂളിക്കും അത്തരം സവിശേഷതയുണ്ട്. ഭൂമിയില്‍ വെച്ച് ഇത് പരീക്ഷിച്ചറിഞ്ഞിട്ടുള്ളതാണ്.

ഇത്രയധികം പൊടി ലാന്‍ഡറിന് ചുറ്റും പരന്നെങ്കില്‍ എന്തുകൊണ്ട് സഞ്ചാരികളുടെ കുപ്പായമൊക്കെ വളരെ വൃത്തിയായി കാണപ്പെട്ടു?! ദേ വരുന്നു അടുത്ത ചോദ്യം! ഒന്നാമതായി, ചാന്ദ്രധൂളി തങ്ങിനില്‍ക്കില്ല. മാത്രമല്ല ലാന്‍ഡ് ചെയ്തിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് സഞ്ചാരികള്‍ 'ഈഗിളി'ല്‍ നിന്ന് പുറത്തിറങ്ങിയത്. ഇതൊക്കെയായിട്ടും ചാന്ദ്രോപരിതലത്തില്‍ നിന്നും തിരിച്ച് ലാന്‍ഡറിനുള്ളില്‍ കയറിയശേഷം തങ്ങളുടെ കുപ്പായവും വസ്തുക്കളുമൊക്കെ വൃത്തിയാക്കാന്‍ സഞ്ചാരികള്‍ മണിക്കൂറുകള്‍ കഷ്ടപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ ലാന്‍ഡറിനുള്ളിലാകെ പൊടി പുരളുമായിരുന്നു.

ഇതുസംബന്ധിച്ച മറ്റൊരു ആരോപണമിതാണ്: ലൂണാര്‍ മോഡ്യൂളിന്റെ മുകള്‍ഭാഗം ചന്ദ്രനില്‍നിന്ന് പറന്നുപൊങ്ങിയപ്പോള്‍ ഉണ്ടായ റോക്കറ്റ് സ്‌ഫോടനത്തിന്റെ ജ്വലനത്തിന്റെ യാതൊരു ലക്ഷണമൊന്നും കാണാനായില്ല. ഭൂമിയില്‍ കാണുന്നതുപോലുള്ള പൊട്ടിത്തെറിയും ജ്വാലയും ('blast' flame) പ്രഭാപൂരവുമൊന്നും നാം കാണുന്നില്ല. സിനിമയിലെ സംഘട്ടനരംഗത്ത് കാണുന്നതുപോലെ കേബിള്‍ വയറുപയോഗിച്ച് പൊക്കി ഉയര്‍ത്തിയതു പോലെയാണ് ലാന്‍ഡറിന്റെ മുകള്‍ഭാഗം ഉയരുന്നത്! വിക്ഷേപണത്തിന്റെ വിഡിയോ മാത്രമാണ് നമുക്ക് കാണാന്‍ സാധിച്ചിട്ടുള്ളത്. വിക്ഷേപണത്തോടനുബന്ധിച്ച് തീര്‍ച്ചയായും സ്‌ഫോടനം സംഭവിക്കുന്നുണ്ട്. കുറെ പാറക്കണങ്ങളും പൊടിപടലവും പുറത്തേക്ക് തെറിക്കുന്നത് കാണാം. ഒരു കഷണം കാമറയുടേ അടുത്തേക്കാണ് തെറിച്ച് വീഴുന്നത്. 

Apollo-16 Lift-off
അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ സ്‌ഫോടനസംഭവിയായ ജ്വാലയും പ്രഭാപൂരവും ദൃശ്യമാകാത്തത് സ്വഭാവികം മാത്രം. ഒന്നാമതായി കത്താന്‍ സഹായിക്കുന്ന ഓക്‌സിജന്‍ അവിടെയില്ല. ബഹിരാകാശത്ത് സഞ്ചരിക്കുന്ന ഏതൊരു വാഹനവും ജ്വലനത്തിനാവാശ്യമായ ഓക്‌സിജന്‍ ദ്രവരൂപത്തില്‍ കൂടെ കരുതേണ്ടി വരുന്നതിന്റെ കാരണവുമിതുതന്നെ. അന്തരീക്ഷവായു ആഹരിച്ച് ജ്വലനം നടത്തുന്ന ജെറ്റ് എന്‍ജിനില്‍ (jet engines) നിന്നും വിരുദ്ധമായി ബഹിരാകാശത്ത് സഞ്ചരിക്കുന്ന റോക്കറ്റുകള്‍ ജ്വലനത്തിന് ആവശ്യമായ മുഴുവന്‍ രാസപദാര്‍ത്ഥങ്ങളും ഉള്ളില്‍ കരുതിയിട്ടുണ്ടാവും. ബഹിരാകാശത്ത് നടക്കുന്ന സ്‌ഫോടനത്തിന് ('blast') ആ പേര് കൊടുക്കാമോ എന്നു സംശയമുണ്ട്. കാരണം അവിടെ നടക്കുന്ന ജ്വലനം('burn') നമുക്ക് ഭൂമിയില്‍ പരിചിതമായ ഒന്നല്ല. ജ്വലനത്തിന് ഭൂമിയിലേതുപോലുള്ള പ്രഭയോ ധൂമമോ ('flame') ഉണ്ടാവില്ല.

ബഹിരാകാശത്ത് റോക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്. ഭൂമിയിലെപ്പോലെ വന്‍ സ്‌ഫോടനവും ഉഗ്രശബ്ദവും രാക്ഷസീയമായ പുകയുമൊന്നും അവിടെയുണ്ടാകില്ല. വിവിധ അറകളിലായി സൂക്ഷിച്ചിരുന്ന വ്യത്യസ്ത രാസപദാര്‍ത്ഥങ്ങള്‍ നിശ്ചിത അളവില്‍ കൂട്ടിക്കലരാന്‍ (mix) അനുവദിക്കുകയാണ് ചെയ്യുന്നത്. ഈ രാസപ്രവര്‍ത്തനഫലമായുണ്ടാകുന്ന ഊര്‍ജ്ജം വാഹനത്തിന്റെ മുഖാഗ്രത്തിലൂടെ (nozzle)പുറത്തുവിടുന്നു. ബാക്കിയൊക്കെ ന്യൂട്ടന്റെ മൂന്നാം ചലന നിയമമനുസരിച്ച് നടക്കുന്നു.

ഭൂമിയില്‍ വെച്ച് ലൂണാര്‍ മോഡ്യൂളിന്റെ ലാന്‍ഡിംഗും വിക്ഷേപണവും പലകുറി പരീക്ഷണം നടത്തി ന്യൂനതകള്‍ പരിഹരിച്ച ശേഷമാണ് അപ്പോളോ-11 ലെ സഞ്ചാരികള്‍ ചന്ദ്രനിലിറങ്ങിയത്. ആറിരട്ടി ഗുരുത്വബലവും നിറഞ്ഞ അന്തരീക്ഷവുമുള്ള ഭൂമിയില്‍ വിക്ഷേപണവും ലാന്‍ഡിംഗുമൊക്കെ കൂടുതല്‍ സാഹസികമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വിക്ഷേപണവസ്തു കത്തിയെരിയാനുള്ള സാധ്യത വളരെയേറെയാണ്. ഇത്തരത്തില്‍ ഭൂമിയില്‍ വെച്ച് നടത്തിയ ഒരു പരീക്ഷണ ലാന്‍ഡിംഗിനിടെ ഉണ്ടായ അപകടത്തില്‍ നിന്നും തലനാരിഴ വ്യത്യസത്തിലാണ് നീല്‍ ആംസ്‌ട്രോങ് രക്ഷപെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് കത്തിയെരിഞ്ഞ് താഴേയ്ക്ക് നിലംപതിച്ച ലാന്‍ഡറില്‍ നിന്നും തക്കസമയത്ത് പാരച്ച്യൂട്ടില്‍ താഴേക്ക് ചാടുകയായിരുന്നു അദ്ദേഹം.

Apollo-9 LM docked with command
Module in space
അപ്പോളോ-9 ല്‍ തന്നെ ല്യൂണാര്‍ മോഡ്യൂള്‍ ബഹിരാകാശത്തേക്ക് കൊണ്ടുപോയിരുന്നു. ബഹിരാകാശ സഞ്ചാരത്തിന് അനുയോജ്യമാണതെന്ന് പരീക്ഷിച്ചുറപ്പ് വരുത്തുകയായിരുന്നു ലക്ഷ്യം. ഭൗമഭ്രമണപഥത്തില്‍ വെച്ച് ബഹിരാകാശ സഞ്ചാരവും ബഹിരാകാശത്ത് വെച്ചുള്ള സംഘാടനവും(docking) നടത്തുന്നതില്‍ ലൂണര്‍ മോഡ്യൂള്‍ വിജയമാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം സംരംഭങ്ങള്‍ വിജയകരമായി നിര്‍വഹിക്കാന്‍ അപ്പോളോ-9 യാത്രികര്‍ക്കായി. അപ്പോളോ-9 ലെ ല്യൂണാര്‍ മോഡ്യൂള്‍ ബഹിരാകാശയാത്രയ്ക്ക് ശേഷം ഭൂമിയിലേക്ക് തിരികെ കൊണ്ടുപോന്നു. അതിപ്പോള്‍ പരസ്യപ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്.

Apollo-10 astronauts
എന്നാല്‍ അപ്പോളോ-10 (1969 മേയ്-18) ഒരുപടി കൂടി കടന്നു. തോമസ് സ്റ്റഫോഡ്(Thomas P. Stafford), യൂജിന്‍ സെര്‍നാന്‍ (Eugene A. Cernan), ജോണ്‍ ഡബ്ലിയു യംങ് (John W. Young) എന്നീ മൂന്നു സഞ്ചാരികളുമായി ചാന്ദ്രഭ്രമണപഥത്തിലെത്തി. ശേഷം യംഗിനെ കമാന്‍ഡ് മോഡ്യൂലില്‍ ഇരുത്തി 13941 കിലോഗ്രാം ഭാരമുള്ള സ്‌നൂപ്പി (Snoopy) എന്ന ല്യൂണാര്‍ മോഡ്യൂളില്‍ കയറി സ്റ്റഫോഡും സെര്‍നാനും വേര്‍പെട്ടു. സാധാരണയായി ചാന്ദ്രോപരിതലത്തില്‍ നിന്നും 111 കിലോമീറ്റര്‍ ഉയരത്തിലാണ് എല്ലാ കമാന്‍ഡ് മോഡ്യൂളുകളും ചന്ദ്രനെ വലം വെക്കുക. സ്‌നൂപ്പി ആ ഉയരത്തില്‍ നിന്നും മാതൃവാഹനത്തില്‍നിന്ന് താഴോട്ട് വീണു. ശരിക്കും ചന്ദ്രനിലേക്ക് 'ഇറങ്ങു'കയായിരുന്നു അവര്‍. ചന്ദ്രനിലിറങ്ങിയ ആദ്യത്തെ മനുഷ്യര്‍!!! ചന്ദ്രോപരിതലത്തിന് 15.6 കിലോമീറ്റര്‍ ഉയരത്തില്‍ വരെ അവരെത്തി. പക്ഷെ ലാന്‍ഡ് ചെയ്തില്ല. ഇതു തന്നെയാണ് രണ്ടു മാസത്തിന് ശേഷം ആംസ്‌ട്രോങും ഓള്‍ഡ്രിനും ചെയ്തത്. സെര്‍നാനും സ്റ്റഫോഡും ആംസ്‌ട്രോങിനും ഓള്‍ഡ്രിനും ഇറങ്ങേണ്ട സ്ഥലം (sea of tranquility) നിരീക്ഷിക്കുകയുണ്ടായി. വാസ്തവത്തില്‍ ലാന്‍ഡിംഗ് ഒഴികെയുള്ള മിക്ക കാര്യങ്ങളും അപ്പോളോ-10 ലെ സഞ്ചാരികള്‍ നിര്‍വഹിച്ചിരുന്നു. അവര്‍ക്ക് ലാന്‍ഡ് ചെയ്തുകൂടായിരുന്നോ?

കൊളളാം, നല്ല ചോദ്യം തന്നെ! സ്‌നൂപ്പിയില്‍ ലാന്‍ഡിംഗിനുള്ള സംവിധാനം ഇല്ലായിരുന്നു. തിരിച്ച് പൊങ്ങാനുള്ള ഇന്ധനവും കമ്മിയായിരുന്നു. തങ്ങള്‍ ഒരു കാരണവശാലും ചന്ദ്രനിലിറങ്ങരുതെന്ന് ചിലര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നാണ് സെര്‍നന്‍ ഇതിനെക്കുറിച്ച് തമാശരൂപത്തില്‍ പിന്നീട് പറഞ്ഞത്. ''അവര്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള യാതൊരു അവസരവും കൊടുക്കാന്‍ പാടില്ല. കൊടുത്താല്‍ അത് ചെയ്യാനിടയുണ്ടെന്ന് ഞങ്ങളെ നന്നായി അറിയാവുന്ന പലരും ചിന്തിച്ചിട്ടുണ്ടാവണം'' ('A lot of people thought about the kind of people we were: 'Don't give those guys an opportunity to land, 'cause they might!'') എന്നുകൂടി അദ്ദേഹം പറയുകയുണ്ടായി. ഒരുപക്ഷെ ആംസ്‌ട്രോങിനും ഓള്‍ഡ്രിനും മുമ്പേ ചന്ദ്രനിലിറങ്ങേണ്ടവരാണ് സെര്‍നനും യംങും. പക്ഷെ നാമവരെ കുറിച്ച് അധികം കേട്ടിട്ടില്ല. എല്ലാ പ്രശസ്തിയും അപ്പോലോ-11 ലെ സഞ്ചാരികള്‍ക്കാണ് ലഭിച്ചത്. ഇതിനെ 'തലവര' എന്ന് അന്ധവിശ്വാസികള്‍ വിലയിരുത്തും. കൃത്യമായ സാങ്കേതികാസൂത്രണവും പടിപടിയായ നിര്‍വഹണവുമെന്ന് ശാസ്ത്രബോധമുള്ളവരും***

Sunday 9 October 2011

മഹത്തായ തിരിച്ചുവരവുകള്‍

Armstrong and Aldrin
അര്‍ജ്ജുനപുത്രനായ അഭിമന്യുവിന് ചക്രവ്യൂഹം ഭേദിച്ച് ഉള്ളില്‍ കടക്കാനായെന്നും പുറത്തുകടക്കാനുള്ള വിദ്യ അറിയാതിരുന്നതിനാല്‍ വീരമൃത്യു വരിച്ചുവെന്നുമാണ് മഹാഭാരതകഥ. 'ചന്ദ്രനില്‍ ആദ്യമിറങ്ങിയ മനുഷ്യരെ'ന്നാണ് ആംസ്‌ട്രോങിനേയും ഓള്‍ഡ്രിനേയും നാം പൊതുവെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ ആദ്യമായി 'ചന്ദ്രനില്‍ നിന്നും പുറത്തുവന്ന മനുഷ്യര്‍' എന്ന വിശേഷണവും അവര്‍ക്കുള്ളതാണ്. ചന്ദ്രനില്‍ ചെന്നിറങ്ങുന്നതു പോലെയല്ല അവിടെനിന്നും രക്ഷപെടുന്നത്. ഭൂമിയില്‍ നിന്നങ്ങോട്ട് പോകാന്‍ അനവധി പേരുടെ സഹായമുണ്ടായിരുന്നു. ഭൂമിയില്‍ നിന്നും മറ്റുള്ളവര്‍ ചേര്‍ന്ന് അവരെ വിക്ഷേപിക്കുകയായിരുന്നുവല്ലോ. ചന്ദ്രന്റെ ഗുരുത്വം കാരണം ചാന്ദ്രോപരിതലത്തിലേക്ക് ചെന്ന് വീഴുകയും(fall) ചെയ്തു. എന്നാല്‍ തിരിച്ച് ചന്ദ്രനില്‍ നിന്ന് അവര്‍ 'സ്വയം വിക്ഷേപിക്കു'കയായിരുന്നു(self launched). ആദ്യമായിട്ടായിരുന്നു മനുഷ്യര്‍ മറ്റൊരു ഗ്രഹത്തില്‍ നിന്നും പുറത്തുവന്നത്.
Lunar module landing
picture from Command module
1969 ജൂലൈ 20 ന് ആംസ്‌ട്രോങും ഓള്‍ഡ്രിനും ചന്ദ്രോപരിതലത്തിലിറങ്ങി. ഈ സമയം മെക്കല്‍ കൊളിന്‍സ് കമാന്‍ഡ് മോഡ്യൂളില്‍ ചന്ദ്രനെ പ്രദക്ഷണം ചെയ്യുന്നു. എപ്പോഴും കൊളിന്‍സിനെ കൂട്ടികളുമായി ബന്ധപ്പെടാനാവില്ല. ഇടയ്ക്കിടെ കൊളിന്‍സ് സഞ്ചാരികള്‍ ഇറങ്ങിയ ചാന്ദ്രവശത്തിന്റെ വിപരീതഭാഗത്തായിരിക്കും. ആ വേളകളില്‍ ഏതാണ്ട് 40 മിനിറ്റ് സമയം സഞ്ചാരികളുമായും ഗ്രൗണ്ട് സ്റ്റേഷനുമായുള്ള കൊളിന്‍സിന്റെ വാര്‍ത്താവിനിമയം തടസ്സപ്പെടും. ചിന്തിക്കുക, എല്ലാവരുമായി ബന്ധമറ്റ് പാവം കൊളിന്‍സ്! കൊളിന്‍സ് പ്രതീക്ഷിക്കുന്നത് താഴെയുള്ള ചങ്ങാതിമാര്‍ എത്രയും പെട്ടെന്ന് പണി തീര്‍ത്ത് ല്യൂണാര്‍മോഡ്യൂളില്‍ പൊങ്ങിയുയര്‍ന്ന് തന്നോടൊപ്പം ചേരുമെന്നാണ്.

ആംസ്‌ട്രോങിനും ഓള്‍ഡ്രിനേയും കുറിച്ച് ചിന്തിക്കുക. അവര്‍ ചന്ദ്രനിലാണ്. തിരിച്ച് ഭൂമിയില്‍ വരണമെങ്കില്‍ ചന്ദ്രനില്‍ നിന്ന് പറന്നുയര്‍ന്ന് ചാന്ദ്രഭ്രമണപഥത്തിലുള്ള കമാന്‍ഡ് മോഡ്യൂളില്‍(കൊളംബിയ) തിരകെയെത്തണം. ഭൂമിയുടെ ആറിലൊന്ന് ഗുരുത്വശക്തിയേ ഉള്ളുവെങ്കിലും ചന്ദ്രനും ഒരു ഗുരുത്വാകര്‍ഷണ കിണര്‍ തന്നെയാണ്. ഗുരുത്വാകര്‍ഷണം താരതമ്യേന കുറവാണെങ്കിലു ചന്ദ്രനിലേക്ക് വീഴുന്ന ഏതൊരു ഖരവസ്തുവും പൊട്ടിച്ചിതറുമെന്ന് കാര്യത്തില്‍ സംശയം വേണ്ട. കട്ടികുറഞ്ഞവ തവിടുപൊടിയാകും. അന്തരീക്ഷമില്ലാത്തതിനാല്‍ കത്തിയെരിഞ്ഞ് പോകില്ലെന്ന് മാത്രം. അതുകൊണ്ടുതന്നെ ചന്ദ്രിനിലേക്ക് വീഴുന്ന വസ്തുക്കളൊക്കെ അതിന്റെ ഉപരിതലത്തില്‍ എത്തിച്ചേരുകയും അവിടെ നിലനില്‍ക്കുകയും ചെയ്യും.

ഭൂമിയില്‍നിന്നും എത്ര പ്രയാസപ്പെട്ടാണ് നാമൊരു വസ്തു ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുന്നതെന്ന് ഓര്‍ത്തുനോക്കൂ. ചില വിക്ഷേപണങ്ങള്‍ പരാജയമായി കത്തിയെരിഞ്ഞ് കടലില്‍ പതിക്കുന്നു. നൂറ് കണക്കിന് വിദഗ്ധരുടെ സഹായസഹകരണത്തോടെ ഭൂമിയില്‍വെച്ച് നിര്‍വഹിക്കപ്പെടുന്ന ഈ കൃത്യം തന്നെയാണ് ചന്ദ്രനില്‍വെച്ചും ചെയ്യാനുള്ളത്. പക്ഷെ അത് നിര്‍വഹിക്കാനായി അവിടെ രണ്ടേ രണ്ടുപേര്‍ മാത്രം. അവരിരുവരും സാങ്കേതികവിദഗ്ധരുമല്ല. എങ്കിലും അവരുടെ പക്കല്‍ റോക്കറ്റുകളുണ്ട്, സദാ നിര്‍ദ്ദേശങ്ങളുമായി ഹൂസ്റ്റണും. എന്തെങ്കിലും നേരീയ പിഴവ് പറ്റിയാല്‍ എന്നന്നേക്കുമായി അവര്‍ ചന്ദ്രോപരിതലത്തില്‍ കുടുങ്ങിപ്പോകും. ആര്‍ക്കുമവരെ രക്ഷിക്കാനാവില്ല. രക്ഷാദൗത്യം ഏതാണ്ട് അസാധ്യമാണ്. അങ്ങനെ സംഭവിച്ചാല്‍ ചന്ദ്രനെ വലംവെക്കുന്ന കൊളിന്‍സിനും ദൗത്യം ഉപേക്ഷിച്ച് മടങ്ങാനുള്ള നിര്‍ദ്ദേശം ലഭിക്കും. എത്ര നിര്‍ണ്ണായകമായിരുന്നു ആ ഘട്ടമെന്ന് ഭാവനയില്‍ കാണുക. ചന്ദ്രനില്‍ പിന്നീട് ചെന്നിറിങ്ങിയ സഞ്ചാരികളുടേയും മനസ്സില്‍ ഈ ചിന്തകള്‍ തീ പടര്‍ത്തിയിട്ടുണ്ടാവാം. മരിക്കാന്‍ തയ്യാറായി പോയവരാണ് അപ്പോളോ സഞ്ചാരികള്‍. ലോകത്തെ ഏറ്റവും ധീരരായ ഒരുപിടി മനുഷ്യര്‍! കുടുങ്ങിപ്പോയാല്‍ വേദനാരഹിതമായ മരണത്തിനായി എന്തെങ്കിലും ഉപാധികള്‍ അവര്‍ കരുതിയിരുന്നുവോ?!

The New york times on July 21st, 1969
മനുഷ്യന്‍ കയറിയ ആറ് ല്യൂണാര്‍ മോഡ്യൂളുകള്‍ ചന്ദ്രനില്‍ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. വ്യത്യസ്തമായ പേരുകളില്‍ അറിയപ്പെട്ടിരുന്ന ഈ ആറെണ്ണത്തിനും വ്യത്യസ്ത ഭാരവുമാണുണ്ടായിരുന്നത്. ഈഗിള്‍ (Eagle) എന്നായിരുന്നു അപ്പോളോ-11 ലെ ലാന്‍ഡറിന്റെ പേരെങ്കില്‍ അപ്പോളോ-12 ന്റെ ലാന്‍ഡറിനെ 'ഇന്‍ട്രെപിഡ്' (Intrepid) എന്നാണ് നാമകരണം ചെയ്തിരുന്നത്. ചന്ദ്രനിലിറങ്ങാതെ തിരികെ പോന്ന അപ്പോളോ-13 ലെ ലാന്‍ഡറിന്റെ പേര് 'അക്വേറിയസ' (Aquarius) എന്നും അപ്പോളോ-14 ന് 'ആന്റെയേഴ്‌സ്' (Antares) എന്നുമായിരുന്നു. ഓരോ തവണയും ഏതെങ്കിലും തരത്തിലുള്ള പുരോഗമനം അല്ലെങ്കില്‍ ഭേദഗതി ഈ വാഹനത്തില്‍ നാസ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപ്പോളോ ദൗത്യത്തിനിടിയില്‍ ഒരിക്കല്‍ പോലും പരാജായപ്പെടാത്ത ഭാഗമാണ് ല്യൂണാര്‍ മോഡ്യൂള്‍. മാത്രമല്ല അപ്പോളോ-13 സമ്പൂര്‍ണ്ണ ദുരന്തമാകുന്നതില്‍ നിന്ന് രക്ഷപ്പെടുത്തിയതും ല്യൂണാര്‍ മോഡ്യൂള്‍ നല്‍കിയ അധികസേവനം മൂലമാണ്. കേവലം 48 മണിക്കൂര്‍ സഞ്ചാരികള്‍ക്ക് ജീവരക്ഷ ഉറപ്പ് വരുത്താനുള്ള ഊര്‍ജ്ജസംവിധാനമുണ്ടായിരുന്ന മോഡ്യൂള്‍ 90 മണിക്കൂറാണ് അത്തരമൊരവസ്ഥ പ്രദാനം ചെയ്തത്. മാത്രമല്ല പ്രവര്‍ത്തന തകരാറുണ്ടായ കമാന്‍ഡ് മോഡ്യൂളിലെ ബാറ്ററികള്‍ റീചാര്‍ജ്ജ് ചെയ്യാനും ല്യൂണാര്‍ മോഡ്യൂളിലെ ബാറ്ററി സഹായകരമായി വര്‍ത്തിച്ചു. ചുരുക്കത്തില്‍ ല്യൂണാര്‍ മോഡ്യൂള്‍ ചന്ദ്രനിലിറക്കിയ ശേഷമായിരുന്നു അപ്പോളോ-13 ലെ കമാന്‍ഡ് മോഡ്യൂളില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചിരുന്നതെങ്കില്‍ അതിലെ സഞ്ചാരികള്‍ ഒരിക്കലും ജീവനോടെ ഭൂമിയില്‍ തിരിച്ചെത്തുമായിരുന്നില്ല.

ലൂണാര്‍ മോഡ്യൂളിന്റെ വിക്ഷേപണം പകര്‍ത്തിയതാര് എന്ന് ഹോക്‌സര്‍മാര്‍ ആവേശത്തോടെ ചോദിക്കുന്നു. സഞ്ചാരികള്‍ ചന്ദ്രനില്‍ നിന്നും നിഷ്‌ക്രമിച്ചു കഴിഞ്ഞാല്‍ പിന്നെയാരാണ് മോഡ്യൂളിനെ പിന്തുടര്‍ന്ന് ദൃശ്യം ഷൂട്ട് ചെയ്തത്?! നല്ല ചോദ്യം തന്നെ! ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വളരെ വ്യക്തമാണ്. അപ്പോളോ 15,16,17 എന്നീ ദൗത്യങ്ങള്‍ക്കൊപ്പം കൊണ്ടുപോയ ലൂണാര്‍ റോവറില്‍ ഘടിപ്പിച്ചിരുന്ന ക്യാമറ വഴിയാണ് വിക്ഷേപണദൃശ്യം ഷൂട്ട് ചെയ്തത്. ഹൂസ്റ്റണിലെ മിഷന്‍ കണ്‍ട്രോളിലിരുന്നതാണ് ഈ ക്യാമറ തത്സമയം നിയന്ത്രിച്ചത്. ചാന്ദ്രോപരിതലത്തില്‍ ഓടിക്കാനായി ഭൂമിയില്‍നിന്നും കൊണ്ടുപോയ 'ചെറിയ കാര്‍' ആണ് ല്യൂണാര്‍ റോവര്‍ എന്നറിയപ്പെടുന്നത്. അപ്പോളോ-15, 16, 17 എന്നീ ദൗത്യങ്ങളില്‍ മാത്രമാണ് ല്യൂണാര്‍ റോവര്‍ ഉപയോഗിപ്പെട്ടത്. ഈ ദൗത്യങ്ങളുടെ തിരിച്ചുവരവ് മാത്രമേ ചിത്രീകരിക്കപ്പെട്ടിട്ടുള്ളു.

അപ്പോളോ-15, അപ്പോളോ-16 എന്നിവയുടെ വിക്ഷേപണം ചിത്രീകരിച്ചത് വിജയകരമായിരുന്നില്ല. അപ്പോളോ-16,17 എന്നിവയിലേ സ്വയം ഉയര്‍ന്നുതുറക്കുന്ന പാന്‍-അപ്പ് ('pan up')ക്യാമറ ഉണ്ടായിരുന്നുള്ളു. അപ്പോളോ-15 ലെ വിക്ഷേപണദൃശ്യത്തില്‍ ലാന്‍ഡറിനെ (Falcon)പിന്തുടരാന്‍ ക്യാമറയ്ക്ക് കഴിയുന്നില്ല.(
http://www.youtube.com/watch?v=BMBcLg0DkLA) പാന്‍-അപ്പ് ക്യാമറയുമായി ചിത്രീകരിച്ച അപ്പോളോ-16 ല്‍ ക്യാമറ ഉയര്‍ന്ന് പൊങ്ങുന്ന ലാന്‍ഡറിനെ(Orion) കുറച്ച് പിന്തുടരുന്നുണ്ട്.( http://www.youtube.com/watch?v=iVovICLaEaU).എന്നാല്‍ അപ്പോളോ-17 ന്റെ വിക്ഷേപണത്തില്‍ ഈ ക്യാമറ ശരിക്കും തൃപ്തികമായി പ്രവര്‍ത്തിക്കുകയും ലാന്‍ഡര്‍ ഉയരങ്ങളിലേക്ക് കുതിക്കുന്നത് പിന്തുടരുകയും ചെയ്തു.(http://www.youtube.com/watch?NR=1&v=3fOSTfGXVN4) ആദ്യമായി കളര്‍ ക്യാമറ ഉപയോഗിച്ചതും അപ്പോളോ-17 ല്‍ ആയിരുന്നു. അപ്പോളോദൗത്യത്തിന്റെ ഭാഗമായി നാം കാണുന്ന പൊതുവായ ലാന്‍ഡര്‍ വിക്ഷേപണദൃശ്യങ്ങളെല്ലാം അപ്പോളോ-17 ന്റേതാണ്.

അതാവരുന്നു മറ്റൊരു ഹോക്‌സ് ചോദ്യ: അവസാനത്തെ ദൗത്യമായ അപ്പോളോ-17 ന്റെ സ്വയംവിക്ഷേപണദൃശ്യം ആരാണ് ഭൂമിയിലെത്തിച്ചത്? ഈ ചോദ്യം ഉയരുന്നത് മറ്റൊരു തെറ്റിദ്ധാരണയില്‍ നിന്നാണ്. അതായത് അപ്പോളോ 15, 16 എന്നിവയുടെ വിക്ഷേപണം ഷൂട്ട് ചെയ്ത് ലൂണാര്‍ റോവറില്‍ ഭദ്രമായി സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു എന്ന തെറ്റിദ്ധാരണയാണത്. പിന്നീടെത്തിയ ദൗത്യക്കാര്‍ അത് ശേഖരിച്ചുവെന്നാണ് ഇക്കൂട്ടര്‍ ചിന്തിക്കുന്നത്. അപ്പോളോ-17 ന്റെ കാര്യത്തിലാകട്ടെ, പിന്നെ ചന്ദ്രനില്‍ ചെന്ന് ദൃശ്യം വീണ്ടെടുക്കാന്‍ ആരുമവിടെ പോയിട്ടില്ലല്ലോ!? എന്നാല്‍ ഈ സംശയത്തിലും തീരെ കഴമ്പില്ല. കാരണം അപ്പോളോ ദൗത്യം ലൈവായി ഭൂമിയിലേക്ക് സംപ്രേഷണം ചെയ്ത അതേ സാങ്കേതികത ഉപയോഗിച്ചാണ് വിക്ഷേപണവും ഷൂട്ട് ചെയ്തത്. അതായത് സഞ്ചാരികള്‍ തങ്ങളുടെ സ്വയംവിക്ഷേപണം കണ്ടത് തിരിച്ച് ഭൂമിയില്‍ വന്നിട്ടാണെങ്കില്‍ ഭൂമിയിലുള്ളവര്‍ കുറഞ്ഞത് നാലു ദിവസം മുമ്പ് നേരിട്ട് തന്നെ ഈ ദൃശ്യം കണ്ടിരുന്നു.

റേഡിയോ സിഗ്നലുകള്‍ സ്വീകരിക്കുന്നതില്‍ ചന്ദ്രനും ഭൂമിയും തമ്മില്‍ ഏതാണ്ട് 1.3 സെക്കന്‍ഡ് മുതല്‍ 2 സെക്കന്‍ഡു വരെ താമസമുണ്ടാകും. അതിനാല്‍ വിക്ഷേപണത്തിന് കുറഞ്ഞത് 2 സെക്കന്‍ഡ് മുമ്പെങ്കിലും ക്യാമറയക്ക് ദൃശ്യം ഷൂട്ട് ചെയ്യാനും ഫോക്കസ് മെല്ലെ ഉയര്‍ത്താനുമുള്ള സന്ദേശം കൊടുത്തിട്ടുണ്ടാവണം. ഇത് ആറു സെക്കന്‍ഡ് വരെ നീണ്ടിരിക്കാനും സാധ്യതയുണ്ട്. ഓര്‍ക്കുക, ലൂണാര്‍ മോഡ്യൂളിന്റെ മുകള്‍ഭാഗം മാത്രമേ വിക്ഷേപിക്കപ്പെടുന്നുള്ളു. കീഴ്ഭാഗം അപ്പടി വിക്ഷേപണതറയില്‍ ബാക്കിയുണ്ടാവും. ആദ്യം മുകള്‍ഭാഗം ഉയരുന്നത് ഏതാണ്ട് കുത്തനെതന്നെ ആണെങ്കിലും പിന്നീട് ചരിഞ്ഞ് 45 ഡിഗ്രിയിലേക്ക് ചായുന്നതിനാല്‍ ക്യാമറ മെല്ലെ അല്‍പ്പെ ഉയര്‍ത്തിയാല്‍ ('pan up')തന്നെ മോഡ്യൂ ള്‍ വലിയ ഉയരത്തിലെത്തി മറയുന്നതുവരെയുള്ള ദൃശ്യം ലൈവായി ഭൂമിയിലെത്തിക്കാനാവും. പാന്‍-അപ് ക്യാമറയുണ്ടായിട്ടും അപ്പോളോ 16 ന്റെ വിക്ഷേപണം ഇത്തരത്തില്‍ പൂര്‍ണ്ണ അളവില്‍ പിന്തുടരപ്പെട്ടില്ലെന്ന് സൂചിപ്പിച്ചല്ലോ. ആരെങ്കിലും(?) ചന്ദ്രനില്‍ നിന്ന് ഷൂട്ട് ചെയ്യുകയാണെങ്കില്‍ ഇതിലും എത്രയോ നിലവാരമുള്ള വിക്ഷേപണദൃശ്യമായിരിക്കും ലഭിക്കുകയെന്ന് ആലോചിക്കേണ്ടതുണ്ട്. ഉയരത്തില്‍ (അതായത് ഏതാണ്ട് 14 കിലോമീറ്റര്‍ കഴിഞ്ഞ്) പലപ്രാവശ്യം കമാന്‍ഡ് മോഡ്യൂളിന് പിന്നാലെ കെഞ്ചി നടന്നശേഷമാണ് മിക്കപ്പോഴും ല്യൂണാര്‍മോഡ്യൂളും കമാന്‍ഡ് മോഡ്യൂളും തമ്മിലുള്ള സംഘാടനം (docking) ഡോക്കിംഗ് നടന്നത്. ഈ രംഗം കമാന്‍ഡ് മോഡ്യൂളിലിരുന്ന് കൊളിന്‍സും മറ്റ് ഭ്രമണക്കാരും ഷൂട്ട് ചെയ്തിട്ടുണ്ട്. 

Armstrong landing
picture from window camera
അപ്പോളോ-11 ലാന്‍ഡ് ചെയതശേഷം നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ കാല്‍ കുത്തുന്നത് ഷൂട്ട് ചെയ്യാനായി ആരായിരുന്നു ചന്ദ്രനില്‍ തയ്യാറായിരുന്നത് എന്ന ചോദ്യവും സമാന കാറ്റഗറിയില്‍ പെട്ടതാണ്. ഈഗിളിന്റെ തുറന്ന ജനാലയില്‍ ഗോവേണിയിലെ ദൃശ്യം ഷൂട്ട് ചെയ്യാന്‍ പാകത്തില്‍ നീണ്ടുവരുന്ന ഒരു ക്യാമറ സ്ഥാപിച്ചിരുന്നു. ഇറങ്ങുന്നതിന് മുമ്പ് ഒരു വയറ് വലിച്ച് ആംസ്‌ട്രോങ് തന്നെയാണ് ആ ക്യാമറ പ്രവര്‍ത്തനസജ്ജമാക്കിയത്. ആദ്യമായി മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തുന്നത് ലോകത്തെ ലൈവായി കാണിക്കണമെന്ന് നാസയ്ക്ക് വാശിയുണ്ടായിരുന്നു. അഥവാ ഈ ക്യാമറയില്‍ മുഴുവന്‍ ദൃശ്യങ്ങളും കൃത്യമായി ഷൂട്ട് ചെയ്യാന്‍ കഴിയാതെ വന്നിരുന്നെങ്കില്‍ ഓള്‍ഡ്രിന്‍ മുകളില്‍ നിന്ന് ഈ ദൃശ്യം ഷൂട്ട് ചെയ്യാനുള്ള പരിപാടിയുമുണ്ടായിരുന്നുവത്രെ.
Aldrin landing
picture by Armstrong
ആസ്‌ട്രോനോട്ടുകള്‍ പരസ്പരം ഷൂട്ട് ചെയ്യാനുള്ള മറ്റൊരു ബദല്‍ പദ്ധതിയുമുണ്ടായിരുന്നു. ആര് ഷൂട്ട് ചെയ്താലും അന്നത്തെ സാങ്കേതികതമികവ് കാരണം ചിത്രത്തിന്റെ വ്യക്തതയില്‍ വലിയ വ്യത്യാസമൊന്നും ഉണ്ടാകാനിടയില്ലായിരുന്നു. വിന്‍ഡോ ക്യാമറ വഴി ഏതാനും പടികള്‍ മാത്രമുള്ള ഗോവേണി മുഴുവനും തറയും ഫോക്കസില്‍ വ്യക്തമായി കിട്ടിയതോടെ പാര്‍ശ്വവീക്ഷണം തന്നെയാണ് ഉത്തമമെന്ന നിഗമനത്തില്‍ എത്തുകയായിരുന്നു. 
ല്യൂണാര്‍ മോഡ്യൂള്‍ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നുവല്ലോ. അതില്‍ മുകളിലെ ഭാഗത്താണ് സഞ്ചാരികള്‍ ഇരുന്നത്. ഈ ഭാഗം മാത്രമാണ് ഉയര്‍ന്ന് പൊങ്ങിയത്. കമാന്‍ഡ് മോഡ്യൂളുമായി ഡോക്ക് ചെയ്ത ശേഷം ഈ ഭാഗവും ചന്ദ്രനിലേക്ക് വീഴ്ത്തുകയായിരുന്നു. വിക്ഷേപണത്തിനുപയോഗിച്ച റോക്കറ്റ് എന്‍ജിന് 15570 ന്യൂട്ടണ്‍ തള്ളല്‍ (upward thrust)പ്രദാനം ചെയ്യാനുള്ള ശേഷിയുണ്ടായിരുന്നു. സഞ്ചാരികള്‍ ഒഴികെ ഇന്ധനമുള്‍പ്പെടെയുള്ള മോഡ്യൂളിന്റെ ഭാരം 4547 കിലോഗ്രാമായിരുന്നു. സഞ്ചാരികള്‍ക്കായി 144 കിലോഗ്രാം ഭാരം സങ്കല്‍പ്പിച്ചാണ് നാസ കണക്കുകൂട്ടിയത്. അതായത് മൊത്തം വിക്ഷേപിക്കേണ്ട ഭാരം 4691 കിലോഗ്രാം. അതില്‍ 2358 കിലോഗ്രാം ഭാരം ഇന്ധനത്തിന്റേതാണ്. അതായത് മുഴുവന്‍ ഇന്ധനവും കത്തി തീര്‍ന്നാല്‍ അതിന്റെ ഭാരം (dry mass) കേവലം 2333 കിലോഗ്രാം മാത്രം. 7662 ന്യൂട്ടണാണ് ചന്ദ്രിലെ ഗുരുത്വം താഴോട്ട് നടത്തുന്ന പിടിവലി. ഉയര്‍ന്ന് പൊങ്ങി കഴിഞ്ഞാല്‍ ഗുരുത്വം കുറഞ്ഞതായതിനാല്‍ 14 കിലോ മീററ്ററാകുമ്പോഴേക്കും ചന്ദ്രനെ ഭ്രമണം ചെയ്യാന്‍ തുടങ്ങാം. ഭൂമിയിലാണെങ്കില്‍ ഇത്രയു ഉയരത്തില്‍ ഭ്രമണത്തിന് തുനിഞ്ഞാല്‍ വിക്ഷേപണവസ്തു എപ്പോള്‍ താഴെ വീണെന്ന് ചോദിച്ചാല്‍ മതി. എന്‍ജിന്റെ ശക്തിയും പൈലോഡുമൊക്കെ പരിഗണിക്കുമ്പോള്‍ ചന്ദ്രനില്‍ പുറത്തുവരുന്നതില്‍ യാതൊരു സാങ്കേതിക പ്രശ്‌നവുമില്ലെന്ന് തെളിയുന്നു. അപ്പോളോ ദൗത്യത്തില്‍ ഒരിക്കലും പരാജയപ്പെടാത്ത ഉപകരണമാണ് ല്യൂണാര്‍ മോഡുകളെന്ന് ഞാന്‍ മുമ്പ് സൂചിപ്പിച്ചു. അത് നൂറ് ശതമാനം ശരിയല്ല. കാരണം വാഹനത്തിന് കാര്യമായ തകരാറൊന്നുമുണ്ടായില്ലെങ്കിലും മിക്ക ലാന്‍ഡിംഗുകളും ഉദ്ദേശിച്ച സ്ഥലത്തിന് അപ്പുറത്തോ ഇപ്പുറത്തോ ആയിരുന്നു. എന്തിനേറെ പറയുന്നു ആംസ്‌ട്രോങിന്റെ മനസാന്നിധ്യം കാരണമാണ് അപ്പോളോ-11 ഒരു വലിയ കുഴിയില്‍ ചെന്ന് ലാന്‍ഡ് ചെയ്യുന്നതില്‍നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്. ലാന്‍ഡിംഗ് പോലല്ലല്ലോ വിക്ഷേപണം. അതില്‍ യാതൊരു തെറ്റും സംഭവിക്കാന്‍ പാടില്ല. ആറുതവണയും സംഭവിച്ചില്ലെന്നതില്‍ നിന്നും നാസ അതീവ സൂക്ഷ്മതയോടെ നിര്‍വഹിച്ച ഒരു കൃത്യമായിരുന്നു ചന്ദ്രനില്‍ നിന്നുള്ള വിക്ഷേപണമെന്ന് തെളിയുന്നു. അതിന്റെ വിജയം ഉറപ്പുവരുത്താനായി ചന്ദ്രോപരിതലത്തില്‍ നിന്നും കൊണ്ടുവരാവുന്ന പാറയും പൊടിയുമൊക്കെ നിര്‍ദ്ദിഷ്ട വാഹകശേഷിയിലും കുറഞ്ഞ അളവിലേ ശേഖരിച്ചിരുന്നുള്ളു. ഭാരം കൂടിയതുകൊണ്ട് ഒരു പ്രശ്‌നമുണ്ടാകരുതല്ലോ.

സോവിയറ്റ് യൂണിയന്റെ ലൂണ-2(1959 സെപ്റ്റം-14) ആണ് ചന്ദ്രനില്‍ ആദ്യമായി ഇടിച്ചിറങ്ങിയ കൃത്രിമവാഹനം. ലൂണ-9 (1966 ഫെബ്രുവരി 6)ആദ്യത്തെ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി. 1966 ജൂണ്‍ രണ്ടിന് ലാന്‍ഡ് ചെയ്ത സര്‍വെയര്‍-1 ആണ് ചന്ദ്രനില്‍ മൃദുവായി ഇറങ്ങിയ ആദ്യത്തെ അമേരിക്കന്‍ വാഹനം. ലൂണ-16,(1970), ലൂണ-20(1972) സോണ്ട്-8(1970) എന്നീ സോവിയറ്റ് വാഹനങ്ങള്‍ ചന്ദ്രനില്‍നിന്നും സാമ്പിള്‍ ശേഖരിച്ച് ഭൂമിയില്‍ മടങ്ങിയെത്തിയിട്ടുണ്ട്. പക്ഷെ ആദ്യമായി ചന്ദ്രനില്‍ നിന്ന് തിരിച്ചുവന്നത് മനുഷ്യന്‍ കയറിയ വാഹനം തന്നെയാണ്. അപ്പോളോ-11 ലെ സഞ്ചാരികള്‍ അത് സാധ്യമാക്കിയ 1969 ജൂലൈ 20 ന് മുമ്പ് പ്രോബുകള്‍ക്ക് അത് സാധിച്ചിരുന്നില്ല. ചന്ദ്രനില്‍ ചെന്നിറങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് ആംസ്‌ട്രോങും ഓള്‍ഡ്രിനും ഈഗിളില്‍ നിന്നും പുറത്തിറങ്ങിയത്. രണ്ടര മണിക്കൂര്‍ അവര്‍ ചന്ദ്രോപരിതലത്തില്‍ ചെലവിട്ടു. തിരികെ ലൂണാര്‍ മോഡ്യൂളില്‍ കയറിയശേഷം അത്യാവശ്യ യന്ത്രപരിശോധനകള്‍ക്ക് ശേഷം ഉറങ്ങാനുള്ള നിര്‍ദ്ദേശമാണ് ഭൂമിയില്‍ നിന്ന് നല്‍കിയത്. ഓള്‍ഡ്രിന്‍ മോഡ്യൂളിന്റെ മുകള്‍ഭാഗത്തെ തറയില്‍കിടന്ന് അസ്വസ്ഥമായ മനസ്സുമായി അല്‍പ്പം മയങ്ങി. ആംസ്‌ട്രോങ് ഉറങ്ങിയതേയില്ല. എത്ര ഉദ്വേഗജനകമായ നിമിഷങ്ങള്‍! നിങ്ങള്‍ക്കത് ഭാവനയില്‍ കാണാന്‍ കഴിയുന്നുണ്ടോ? അന്നേവരെ ഒരു വാഹനവും നിര്‍വഹിച്ചിട്ടില്ലാത്ത കാര്യമാണവര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. പക്ഷെ എന്തിനും ഒരു തുടക്കം ആരെങ്കിലും കുറിച്ചല്ലേ പറ്റൂ. ഏതാണ്ട് മൂന്നു മണിക്കൂറിന് ശേഷം റോക്കറ്റുകള്‍ കത്തിച്ച് അവര്‍ കൊളിന്‍സിനെ തേടി പറന്നുയരുകയായിരുന്നു. അന്നത്തെ സാങ്കേതികവിദ്യയ്ക്ക് തീര്‍ച്ചയായും ചെയ്യാവുന്ന കാര്യം തന്നെയാണവര്‍ നിര്‍വഹിച്ചത്. ബാക്കി ചരിത്രം.

ചാന്ദ്രോപരിതലത്തില്‍ നിന്ന് പുറത്തുവരാനാവില്ലെന്ന മട്ടില്‍ അമ്പിളിക്കുട്ടന്‍മാര്‍ നടത്തുന്ന പ്രചരണം കഥയില്ലാത്തതാണെന്ന് വ്യക്തമാകുന്നു. 'തേന്‍മാവിന്‍കൊമ്പത്ത്' എന്ന ചലച്ചിത്രത്തില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്നതുപോലെ മൊത്തത്തില്‍ കഥയില്ലാത്ത ഒരു വാദം പരിശോധിച്ച് അതിലെ ഓരോ വാദവും കഥയില്ലാത്തതാണെന്ന് വാദിക്കുന്നതില്‍ കഥയില്ലെന്നറിയില്ലെങ്കില്‍.... പക്ഷെ ശാസ്ത്രം അപഹസിക്കപ്പെടുമ്പോള്‍, അന്ധവിശ്വാസികള്‍ അത് നിര്‍ദാക്ഷണ്യം വെട്ടിവിഴുങ്ങുമ്പോള്‍ ലളിതമായ ശാസ്ത്രസത്യങ്ങള്‍ സാധൂകരിക്കാന്‍ നമുക്ക് ഘോരഘോരം പ്രസംഗിക്കേണ്ടിവരുന്നു. പലതുകൊണ്ടും നാം ജീവിച്ചിരിക്കുന്ന കാലഘട്ടം നിര്‍ബന്ധപൂര്‍വം അതാവശ്യപ്പെടുന്നു.****