Pages

Sunday 18 September 2011

ചിത്രവധവും നിഴല്‍യുദ്ധവും

തങ്ങളല്ല മറിച്ച് നാസ പുറത്തിറക്കിയ ചിത്രങ്ങള്‍ തന്നെയാണ് ചാന്ദ്രയാത്ര തട്ടിപ്പാണെന്ന് തെളിയിക്കുന്നതെന്ന് അമ്പിളിക്കുട്ടന്‍മാര്‍ പലപ്പോഴും പറയാറുണ്ട്. അവരുടെ അഭിപ്രായമനുസരിച്ച് ചിത്രങ്ങള്‍ മുന്നോട്ടുവെക്കുന്ന സത്യം വിളിച്ചുപറയുന്നുവെന്ന കുറ്റം മാത്രമേ അവര്‍ ചെയ്യുന്നുള്ളു. നാസാചിത്രങ്ങളില്‍ ഇവര്‍ കൗശലപൂര്‍വം ആരോപിക്കുന്ന 'ക്രമക്കേടുകളും വൈചിത്ര്യ'ങ്ങളുമാണ് പലപ്പോഴും സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നത്. ഛായാഗ്രഹണത്തിന്റെ (Photography) സാങ്കേതികവശങ്ങള്‍ സംബന്ധിച്ച് മഹാഭൂരിപക്ഷത്തിനും വേണ്ടത്ര അറിവില്ലെന്നത് ഹോക്‌സ് വീരന്‍മാര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കുന്നുണ്ട്. അതിശയോക്തി തട്ടിപ്പുവാദത്തിന്റെ കൂടെപ്പിറപ്പാണ്. മനപ്പായസത്തില്‍ മധുരം അല്‍പ്പം കൂടിയതുകൊണ്ട് കുഴപ്പമില്ലല്ലോ എന്ന ലൈന്‍. 


തങ്ങളുടെ വാദം ശരിയാണെന്ന് സ്ഥാപിക്കാനായി പല അപ്പോളോചിത്രങ്ങളും തങ്ങളുടെ അജണ്ടയനുസരിച്ച് എഡിറ്റ് ചെയ്യാനും ബ്‌ളാക്ക്&വെറ്റ് ചിത്രങ്ങള്‍ക്ക് നിറംകൊടുത്ത് നിഴലുകളുടെ കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി അവതരിപ്പിക്കാനും തട്ടിപ്പുവാദക്കാര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടുണ്ട്. 
Aldrin's visor in focus
2004 ലെ കണക്കനുസരിച്ച് 4 ബില്യണ്‍ ഡോളര്‍ വിറ്റുവരവുണ്ടായിരുന്ന ഹോക്‌സ് വ്യവസായത്തിന്റെ ജീവനാഡിയായ ചിത്രവിചാരണ ഇന്റര്‍നെറ്റിലും വന്‍തോതില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. ഇതിനെല്ലാം കിറുകൃത്യമായ വിശദീകരണങ്ങള്‍ എതിര്‍ സൈറ്റുകളിലും ലഭ്യമാണെന്നത് വേറെ കാര്യം.
ഛായാഗ്രഹണം സംബന്ധിച്ച വിശദീകരണം പലപ്പോഴും സാങ്കേതികതയുടെ അതിപ്രസരമുള്ളതിനാല്‍ സാധാരണക്കാര്‍ക്ക് അല്‍പ്പം ദുര്‍ഗ്രാഹ്യമായി തോന്നാം. എന്നാല്‍ ഒന്ന് മനസ്സിരുത്തിയാല്‍ 
ഗ്രഹിക്കാനാവാത്ത സങ്കീര്‍ണ്ണതയൊന്നും അവയിലില്ലതാനും. അപ്പോളോചിത്രങ്ങള്‍ സംബന്ധിച്ച സംശയങ്ങള്‍ കൂടുതലും ഉയര്‍ത്തിയിട്ടുള്ള ഡേവിഡ് പെര്‍സിയും മാര്‍ക്ക് ബെന്നറ്റും ചേര്‍ന്ന് രചിച്ച'ഡാര്‍ക്ക് മൂണിലാണ്'('Dark Moon'). ചിത്രവിസ്താരത്തിലൂടെ അപ്പോളോദൗത്യങ്ങളെ അപഹസിക്കുന്ന ദൗത്യമാണ് ഇവര്‍ ഏറ്റെടുത്തത്. പെര്‍സിയും കൂട്ടരും ഉന്നയിക്കുന്നതും പ്രമുഖ ഹോക്‌സ് സൈറ്റുകളില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നതുമായ 'വിവാദ'ചിത്രങ്ങളില്‍ പ്രാതിനിധ്യസ്വഭാവമുള്ള ചിലവ നമുക്കിവിടെ പരിശോധിക്കാം.

ബുസ് ഓള്‍ഡ്രിന്റെ വിഖ്യാതമായ ഈ ചിത്രം ലോകപ്രശസ്തമാണ്. അപ്പോളോ-11 ദൗത്യം സമ്മാനിച്ച് ഏറ്റവും മിഴിവുള്ള ചിത്രവുമാണിത്. മിക്കപ്പോഴും പുസ്തകങ്ങളിലും നോട്ടുബുക്കിന്റെ പുറംചട്ടയിലുമൊക്കെ ആദ്യത്തെ ചാന്ദ്രമനുഷ്യനായി('The First Moon man') തിളങ്ങുന്നത് ആംസ്‌ട്രോങല്ല മറിച്ച് ഓള്‍ഡ്രിനാണ്. അപ്പോളോ ചിത്രങ്ങളില്‍ ഏറ്റവുമധികം വിചാരണ ചെയ്യപ്പെട്ട ഒരു ചിത്രമാണിത്; ഒരുപക്ഷെ ഹോക്‌സ് വീരന്‍മാരുടെ ഏറ്റവും പ്രിയപ്പെട്ടതും. 'ബഹുവിധക്രമക്കേടു'കളാണ്(Multiple anomalies) ഈ ചിത്രത്തില്‍ ആരോപിക്കപ്പെടുന്നത്. 



ആംസട്രോങിന്റെ നെഞ്ചിലുറപ്പിച്ചിരിക്കുന്ന ഹാസല്‍ ബാള്‍ഡ് ക്യാമറ വഴിയാണ് ഫോട്ടോ എടുത്തതെങ്കില്‍ ഓള്‍ഡ്രിന്റെ ഹെല്‍മെററിന്റെ പിറകുവശം എങ്ങനെയാണ് ചിത്രത്തില്‍ പതിയുന്നത്? ചിത്രത്തിലെ ഹെല്‍മറ്റിന്റ മുഖാവരണത്തിലുള്ള നിഴലുകള്‍ ഏങ്ങോട്ടൊക്കെയാണ് പായുന്നത്? ഓള്‍ഡ്രിന്റെ നിഴലിന് ആംസ്‌ട്രോങിന്റെ നിഴലിനേക്കാള്‍ ഇത്രയധികം നീളമുണ്ടാകാന്‍ കാരണമെന്ത്? ഒരേ പ്രകാശ സ്രോതസ്സാണെങ്കില്‍ ഇതൊരിക്കലും സംഭവിക്കില്ലതന്നെ. ഓള്‍ഡ്രിന്റെ ചിത്രത്തില്‍ കൈയുടെ നിഴല്‍ കാണാനില്ല, എന്നാല്‍ ഷൂ കറുത്തിരുണ്ടിരിക്കുന്നു. അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ പശ്ചാത്തലത്തിലുള്ള ചക്രവാളം വരെ പ്രകാശപൂര്‍ണ്ണമായി കാണേണ്ടതല്ലേ? ഇവിടെ ശരിക്കും ഭൂമിയിലെന്നപോലെയാണ് പശ്ചാത്തലം ഇരുണ്ട് കാണുന്നത്. ചക്രവാളമൊട്ടു കാണാനുമില്ല. ഇനി, ഓള്‍ഡ്രിന്റെ ഹൈല്‍മറ്റിന്റെ ദര്‍പ്പണസമാനമായ മുഖകവചം (face plate)നോക്കുക. അതില്‍ ഫോട്ടോയെടുക്കുന്ന ആംസ്‌ട്രോങുണ്ട്. ഒപ്പം മറ്റു രണ്ടുപേര്‍ കൂടി! ചന്ദ്രനില്‍ ഇറങ്ങിയത് ആംസ്‌ട്രോങും ഓള്‍ഡ്രിനും മാത്രം. അപ്പോള്‍ ബാക്കി രണ്ടുപേര്‍ ആരാണ്?(ചോദ്യം തമാശയായി തള്ളരുത്).

ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കപ്പെടുന്ന ഇരുനൂറിലധികം ഹോക്‌സ് വീഡിയോ ക്‌ളിപ്പുകള്‍ കാണാനിടവന്നിട്ടുണ്ട്. ഇത്തരം വിഡീയോ ക്‌ളിപ്പുകളിലെ വാദങ്ങളും വിശദീകരണങ്ങളും പലപ്പോഴും തീരെ താഴ്ന്ന നിലവാരത്തിലുള്ളതാണ്. മലയാളത്തില്‍ ശരിക്കും 'ചവര്‍' എന്ന വിളിപ്പേരിന് എന്തുകൊണ്ടും അര്‍ഹമായവ. എങ്കിലും കൊതുകത്തിന്റെ പേരില്‍ ലക്ഷങ്ങളെ ആകര്‍ഷിക്കുന്ന അവ സൃഷ്ടിക്കുന്ന ആശയക്കുഴപ്പം വളരെ വലുതാണെന്നറിയണം. ഇതെഴുമ്പോള്‍ ഏതാണ്ട് 3.10 ലക്ഷം പേര്‍ ഇതിനകം കണ്ട യൂ-ട്യൂബിലെ ഒരു വീഡിയോ ക്‌ളിപ്പിന്റെ ലിങ്കാണ് താഴ:

http://www.youtube.com/watch?v=YWgXM6I_bvE&feature=related


 തീര്‍ച്ചയായും ആയിരങ്ങള്‍ ഇതില്‍ പറയുന്നതൊക്കെ അപ്പടി വിശ്വസിച്ചിട്ടുണ്ടാവണം.കുറേപ്പര്‍ക്ക് നല്ല സംശയവുമുണ്ടായിട്ടുണ്ടാവാം. ഈ വിഖ്യാതചിത്രം ഓള്‍ഡ്രിന്റയല്ല മറിച്ച് നീല്‍ ആംസ്‌ട്രോങിന്റെയാണെന്നാണ് ഈ ക്‌ളിപ്പ് സധൈര്യം വിളിച്ചു പറയുന്നത്! മാത്രമല്ല ആംസ്‌ട്രോങ് ഒരു സ്ത്രീയാണെന്ന് തെളിഞ്ഞതായും ഈ വളരെ അനായാസം തെളിയിക്കുന്നു! ബാക്കി കാര്യങ്ങളൊക്കെ പറയാതിരിക്കുന്നതാണ് ഭംഗി. നാല്‍പ്പത് വര്‍ഷത്തിന് മുമ്പ് ചന്ദ്രനില്‍ പോയെങ്കില്‍ പിന്നെന്തുകൊണ്ട് ഇപ്പോള്‍ പോകുന്നില്ല?, അന്ന് ചന്ദ്രനിലേക്ക് ബഹിരാകാശയാനങ്ങള്‍ അയച്ചിരുന്നെങ്കില്‍ ഇന്നെന്താ കേവലം സ്‌പേസ്ഷട്ടിലിലേക്ക് പരിമിതപ്പെടുന്നു?...തുടങ്ങിയ കുട്ടിച്ചോദ്യങ്ങളില്‍ അഭിരമിക്കുന്ന ക്ഷമ തീരെയില്ലാത്ത അതിബുദ്ധികളാണെങ്കില്‍ 'രണ്ടിലൊന്നുറപ്പിക്കാന്‍' ഈ ക്‌ളിപ്പ് തന്നെ ധാരാളം! അന്വേഷണബുദ്ധിയുള്ളവര്‍ക്കാകട്ടെ നിലവാരമില്ലാത്ത ഫലിതബിന്ദുക്കള്‍ ആസ്വദിക്കുന്ന സംത്യപ്തിയാണിത് പ്രദാനം ചെയ്യുന്നത്.

തല്‍ക്കാലം ഈ ക്‌ളിപ്പ് വിട്ടുകളയാം. മേല്‍ക്കാണിച്ചിരിക്കുന്ന ചിത്രത്തിലേക്ക് തിരിച്ചുവരാം. 'ചിത്രവിചാരണ'യ്ക്ക് ഏറ്റവും അനുയോജ്യമായ ചിത്രം തന്നെയാണിത്. കാരണം ഇതിലൂടെ അപ്പോളോചിത്രങ്ങള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന സമാനസ്വഭാവമുള്ള ഒരു പിടി ആരോപണങ്ങള്‍ക്ക് വിശദീകരണം കണ്ടെത്താനാവും. ആദ്യമായി പറയട്ടെ, ചിത്രം ഓള്‍ഡ്രിന്റെ തന്നെയാണ്, ചിത്രീകരിച്ചത് നീല്‍ ആംസ്‌ട്രോങും. http://fineartamerica.com/featured/apollo-11-buzz-aldrin-granger എന്ന സൈറ്റില്‍ ചിത്രത്തിന്റെ ഒരേ ഭാഗവും വലുതാക്കി കാണാനാവും). ഓള്‍ഡ്രിന്‍ നിന്നത് ഒരു ചെറിയ കുഴി (crater)യിലായിരുന്നുവെന്ന് പിന്നീട് ആംസ്‌ട്രോങ് പറഞ്ഞിട്ടുണ്ട്. ആംസട്രോങ് പറഞ്ഞതുകൊണ്ട് മാത്രം വിശ്വസിക്കേണ്ടതില്ല. ഓള്‍ഡ്രിന്റെ ഹെല്‍മെറ്റിന്റെ മുഖാവരണത്തിലെ പ്രതിഫലനചിത്രത്തില്‍ ആംസ്‌ട്രോങ് അല്‍പ്പം ഉയരത്തില്‍ നില്‍ക്കുന്നുവെന്ന് വ്യക്തമാണ്. ഓള്‍ഡ്രിന്‍ സൂര്യന് പ്രതിമുഖമായാണ് നില്‍ക്കുന്ന
ത്. അദ്ദേഹത്തിന്റെ ഇടതുവശത്ത് ചക്രവാളത്തിലാണ് സൂര്യന്‍. 


കനകഛായ(golden tint) ചിത്രത്തില്‍ വീണിരിക്കുന്നത് ല്യൂണാര്‍ മോഡ്യൂളായ 'ഈഗിളി'ലെ (The Eagle)സ്വര്‍ണ്ണനിറമുള്ള അലൂമിനിയം കവചപാളികളില്‍ നിന്നുള്ള പ്രതിഫലപ്രകാശം മൂലമാണ്. ബ്‌ളാക്ക്&വൈറ്റ് ചിത്രത്തില്‍ ഇത് പ്രകടമാകില്ല. കളര്‍ ചിത്രത്തില്‍ ആള്‍ഡ്രിന്റെ സ്‌പേസ് സ്യൂട്ട് സ്വര്‍ണ്ണപ്രഭയില്‍ കുളിച്ചതായി തോന്നും. 'ഈഗിള്‍' സമീപത്തുണ്ടായിരുന്നില്ലെങ്കില്‍ ഓള്‍ഡ്രിന്റെ ചിത്രം കുറേക്കൂടി ഇരുളുമായിരുന്നുവെന്നതിലും സംശയമില്ല. സ്വീകരിക്കുന്ന പ്രകാശത്തില്‍ പകുതിയിലധികവും പുറത്തേക്ക് പ്രതിഫലിപ്പിച്ച് കളയാന്‍ ശേഷിയുള്ള സ്വര്‍ണ്ണവര്‍ണ്ണമുള്ള ഈ അലൂമിനിയം പാളി 'ഈഗിളി'നെ കടുത്ത ചൂടില്‍നിന്നും രക്ഷിക്കാനായി പൊതിഞ്ഞിട്ടുള്ളതാണ്. 
Aldrin with handicam
in training session
നെഞ്ചില്‍ സ്ഥാപിച്ചിരിക്കുന്ന ഹാസല്‍ബാള്‍ഡ് ക്യാമറ (chest camera)ഉപയോഗിച്ച് മാത്രമാണ് ചിത്രങ്ങളൊക്കെ എടുത്തിരിക്കുന്നതെന്ന വാദം ശരിയല്ലെന്ന് നാം കണ്ടതാണ്. ഈ ചിത്രത്തില്‍ ഹെല്‍മറ്റിലെ പ്രതിരൂപങ്ങള്‍ സൂക്ഷിച്ചുനോക്കിയാല്‍ ആംസ്‌ട്രോങ് കയ്യില്‍ പിടിച്ചിരിക്കുന്ന ക്യാമറ (handicam) ഉപയോഗിച്ചാണ് ഈ ചിത്രം എടുത്തിരിക്കുന്നതെന്ന് വ്യക്തമാണ്. അപ്പോളോ പരിശീലനത്തിനിടെ ഹാന്‍ഡിക്യാം ഉപയോഗിച്ച് ചിത്രമെടുക്കാനുള്ള പരിശീലനവും സഞ്ചാരികള്‍ക്ക് നല്‍കിയിരുന്നുവല്ലോ. ഇനി നെഞ്ചിലുറപ്പിച്ചിരിക്കുന്ന ക്യാമറ വെച്ച് എടുത്താലും ഓള്‍ഡ്രിന്‍ നില്‍ക്കുന്ന പ്രതലത്തിന്റെ താഴ്ച പരിഗണിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഹെല്‍മെറ്റിന്റെ പിറകുവശവും ബാക്ക്‌ബോക്‌സും ചിത്രത്തില്‍ പതിയുമായിരുന്നു. അതേസമയം ഓള്‍ഡ്രിനും ആംസ്‌ട്രോങും സമനിരപ്പുള്ള പ്രതലത്തിലാണ് നിന്നിരുന്നതെങ്കില്‍ ഇത്തരമൊരു ചിത്രം ലഭിക്കില്ലെന്ന ഹോക്‌സ് വാദം സാധുവാണ്. അങ്ങനെയെങ്കില്‍ ഹെല്‍മെറ്റിന്റെ പിറകുഭാഗം പതിയുകയുമില്ലെന്നും സമ്മതിക്കാം. പക്ഷെ യാഥാര്‍ത്ഥ്യം അതല്ലാത്ത സ്ഥിതിക്ക് അക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയുടെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. ചന്ദ്രനില്‍ ഒരൊറ്റ പ്രകാശസ്രോതസ്സേ ഉള്ളുവെന്ന യാഥാര്‍ത്ഥ്യവും ഇവിടെ അട്ടിമറിക്കപ്പെടുന്നില്ല. 


Lunar Module covered with
heat protection foils at the bottom
ശരിയാണ്, സൂര്യനാണ് ഏക പ്രകാശസ്രോതസ്സ്. കൃത്രിമ പ്രകാശം ഫോട്ടോയെടുക്കാന്‍ ഉപയോഗിച്ചിട്ടില്ലെന്ന നാസയും സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ചന്ദ്രനില്‍ വിവിധങ്ങളായ പ്രതിഫലനപ്രകാശം(reflected light)നിലനില്‍ക്കുന്നുണ്ട്. ചന്ദ്രോപരിതലത്തില്‍ വെച്ച് ചിത്രീകരിക്കുന്ന ഫോട്ടോകള്‍ വിശകലനം ചെയ്യുമ്പോള്‍ അതുംകൂടി പരിഗണിക്കേണ്ടതായിട്ടുണ്ട്. ഭൂമിയില്‍നിന്ന് ചന്ദ്രനെക്കാണുന്നതിലും 69 ഇരട്ടി പ്രകാശതീവ്രതയോടെ ചാന്ദ്രാകാശത്ത് നില്‍ക്കുന്ന ഭൂമി സൂര്യപ്രകാശം ചന്ദ്രനിലേക്ക് തിരിച്ച് പ്രതിഫലിപ്പിക്കുന്നുണ്ട്. ചന്ദ്രോപരിതലത്ത് വീഴുന്ന സൂര്യപ്രകാശത്തിന്റെ 10 ശതമാനം അത് സ്വയം പുറത്തേക്ക് പ്രതിഫലിപ്പിക്കുന്നുണ്ട്. അപ്പോളോ സഞ്ചാരികളുടെ സ്‌പേസ് സ്യൂട്ടു മുതല്‍ ക്യാമറവരെ പ്രകാശം പുറത്തേക്ക് പ്രതിഫലിപ്പിക്കുന്ന അലൂമിനിയം മിശ്രിതം കൊണ്ടാണ് പൊതിഞ്ഞിട്ടുള്ളത്. ഇനി ലൂണാര്‍ മോഡ്യൂളിനെ പൊതിഞ്ഞിരിക്കുന്ന അലുമിനിയം കലര്‍ന്ന ആവരണപാളി പകുതിയിലധികം പ്രകാശമാണ് പുറത്തേക്ക് പ്രതിഫലിപ്പിക്കുന്നത്. നേരിട്ടുള്ള കാഴ്ചയില്‍ തോന്നുന്നതിലധികം സ്വാധീനം ഫോട്ടോഗ്രാഫിലുണ്ടാക്കാന്‍ ഈ പ്രതിഫലനങ്ങള്‍ക്ക് സാധിക്കും. ഫോട്ടോഗ്രാഫി എന്നാല്‍ പ്രകാശം കൊണ്ടുള്ള എഴുത്ത് എന്നാണല്ലോ അര്‍ത്ഥം ('writing by light'/ photo-light, graphein-to write). സഞ്ചാരിയുടെ സ്‌പേസ് സ്യൂട്ടു മുതല്‍ ക്യാമറവരെയുള്ള വസ്തുക്കള്‍ പ്രകാശം പുറത്തേക്ക് പ്രതിഫലിപ്പിക്കുന്ന അലൂമിനിയം മിശ്രിതം കൊണ്ട് പൊതിഞ്ഞില്ലായിരുന്നെങ്കില്‍ ചിത്രത്തില്‍ ഓള്‍ഡ്രിന്‍ അപ്പാടെ ഇരുണ്ടുപോകുമായിരുന്നു.


Picture of Aldrin's visor enlarged
ഈ ചിത്രത്തില്‍ കാണുന്ന മറ്റ് 'രണ്ടുപേര്‍' യഥാര്‍ത്ഥത്തില്‍ മനുഷ്യരല്ല മറിച്ച് അമേരിക്കന്‍ പതാകയും സൗരവാതം (solar wind) ആഗിരണം ചെയ്ത് പഠനവിധേയമാക്കാനായി സ്ഥാപിച്ചിരിക്കുന്ന ഉപകരണവുമാണ്(Solar Wind Composition Experiment). 
Solar wind composition
Experiment
അപ്പോളോ പാക്കേജിന്റെ ഭാഗമായി സഞ്ചാരികള്‍ ഇത്തരത്തിലുള്ള നിരവധി ഉപകരണങ്ങള്‍ ചാന്ദ്രോപരിതലത്തില്‍ വിന്യസിച്ചിട്ടുണ്ട്. ALSEP(The Apollo Lunar Surface Experiments Package )എന്നാണ് ഈ പരീക്ഷണപദ്ധതിയുടെ ചുരുക്കപ്പേര്. സൗരവാതം പ്രധാനമായും ചാര്‍ജുള്ള കണങ്ങളുടെ(charged particles) പ്രവാഹമാണെന്ന് കരുതപ്പെടുന്നു. ചുറ്റുമുള്ള കാന്തികമണ്ഡലം കാരണം ഇത് ഭൂമിയെ ബാധിക്കില്ല. എന്നാല്‍ ഭൂമിയുടെ കാന്തികമണ്ഡലത്തില്‍ നിന്നും വളരെ അകന്നു നില്‍ക്കുന്ന ചന്ദ്രനില്‍ സൗരവികരണങ്ങള്‍ ആഗിരണം ചെയ്ത് പഠിക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഈ ഉപകരണം അവിടെ സ്ഥാപിച്ചിട്ടുള്ളത്. ഇതുവഴി ചന്ദ്രനില്‍ സൗരവികിരണങ്ങള്‍ പതിക്കുമ്പോള്‍ അത് ഭൂമിയിലിരുന്ന് വിശകലനം ചെയ്യാനാവും. ചിലരെങ്കിലും ഈ ചിത്രത്തിലെ അമേരിക്കന്‍ പതാകയും സൗരവാത ഉപകരണവും തമ്മില്‍ പരസ്പരം മാറ്റി പറയാറുണ്ട്. പക്ഷെ ഈ രൂപത്തിന്റെ കീഴ്ഭാഗം ശ്രദ്ധിച്ചാല്‍ അത് സൗരവാത ഉപകരണം തന്നെയാണെന്ന് വ്യക്തമാകും. മാത്രമല്ല, മറ്റ് അപ്പോളോ ചിത്രങ്ങളില്‍ ലൂണാര്‍മോഡ്യൂളുമായുള്ള അതിന്റെ സാമീപ്യം ഒത്തുനോക്കുമ്പോഴും അത് പതാകയല്ല സൗരവാത ഉപകരണമാണെന്ന് സ്ഥിരീകരിക്കാം. 


Austronauts at different planes
shadows dissimilar

ഇവിടെ നിഴലുകളുടെ കാര്യത്തിലുള്ള സംശയവും കഴമ്പില്ലാത്തതാണ്. ഒരേ ഉപരിതലത്തില്‍ നില്‍ക്കുമ്പോള്‍ തന്നെ പ്രതലത്തിന്റെ നിമ്‌ന്നോന്നതിയനുസരിച്ച് ഒരേ പൊക്കമുള്ള രണ്ടുപേരില്‍ ഒരാളുടെ നിഴലിന് നീളം കൂടുക സാധാരണമാണ്. ഇവിടെ താഴ്ചയില്‍ നില്‍ക്കുന്ന ഓള്‍ഡ്രിന്റെ നിഴലിന് നീളം കൂടിയത് തികച്ചും സ്വഭാവികം മാത്രം. 


Astronauts at the same place
shadows having similar
length
ല്യൂണാര്‍ മോഡ്യൂളിന്റെയും ആംസ്‌ട്രോങിന്റേയും നിഴല്‍ വ്യത്യസ്ത ദിശകളിലേക്ക് പോകുന്നതില്‍ അസ്വഭാവികതയുണ്ടെന്ന ഹോക്‌സ് വാദവും നിലനില്‍ക്കില്ല. പ്രതലത്തിന്റെ നിമ്‌നോന്നതിയും സൂര്യന്റെ സ്ഥാനവും ചിത്രമെടുക്കുന്ന കോണളവും സൃഷ്ടിക്കുന്ന വ്യതിയാനം തന്നെയാണ് ഈ നിഴലുകളുടെ വിന്യാസത്തിലും പ്രതിഫലിക്കുന്നത് ഫോട്ടോഗ്രാഫിയുടെ പ്രാഥമികതത്വമാണിവിടെയും മനസ്സിലാക്കാനുളള്ളത്. അപ്പോളോ സഞ്ചാരികള്‍ വ്യത്യസ്ഥസ്ഥാനങ്ങളില്‍ വരുമ്പോള്‍ നിഴലുകളുടെ നീളം കൂടുകയും കുറയുകയും ചെയ്യുന്നത് ചിത്രത്തില്‍ കാണാം. 
അതേ സമയം ഏതാണ്ട് ഒരേസ്ഥലത്ത് ഒരുമിച്ച് നില്‍ക്കുമ്പോള്‍ ഈ വ്യത്യാസം കാണാനുമില്ല. 
Things of same height
at different planes causing
different shadows
ഇവിടെ സൂര്യന്‍ ചന്ദ്രനില്‍ ഒരു പ്രകാശസ്രോതസ്സാണുള്ളത്. അതേസമയം ഛായാഗ്രഹണത്തെ സ്വാധീനിക്കാനാവുന്ന തരത്തില്‍ പ്രതിഫലിക്കപ്പെടുന്ന(reflected light) പ്രകാശവുമുണ്ട്. ചിത്രം ശ്രദ്ധിച്ചാലറിയാം ആംസ്‌ട്രോംങും മോഡ്യൂളും സമാന്തരമായല്ല നിലകൊള്ളുന്നത്. പ്രതലത്തിന്റെ നിരപ്പിലും വ്യത്യാസമുണ്ട്. ആംസ്‌ട്രോങും മോഡ്യൂളും തമ്മിലുള്ള അകലവും നിലകൊള്ളുന്ന പ്രതലത്തിന്റെ നിമ്‌ന്നോന്നതിയും സൂര്യന്റെ കോണളവും കൂടി പരിഗണിക്കുമ്പോള്‍ നിഴലിലുണ്ടാകുന്ന ഈ വ്യതിയാനം പ്രതീക്ഷിതം തന്നെ. 
These poles are of same height
yet the shadows keep deviating
ഒന്നിലധികം പ്രകാശസ്രോതസ്സുണ്ടെങ്കില്‍ ഒരു വസ്തുവിന് തീര്‍ച്ചയായും ഒന്നിലധികം നിഴലുകളുണ്ടാകണം. ഭൂമിയിലായാലും ചന്ദ്രനിലായാലും അക്കാര്യത്തില്‍ മാറ്റമുണ്ടാവില്ല. അതേസമയം ഒരു പ്രകാശസ്രോതസ്സുള്ളപ്പോഴും പ്രകാശത്തിന്റെ പ്രഭവ കോണളവും ചിത്രീകരിക്കുന്ന വസ്തുവിന് പ്രതലവുമായ ഉയരവും നിഴലുകളുടെ നീളവും ദിശയും വ്യതിയാനപ്പെടുത്തും. അന്തരീക്ഷമുള്ള ഭൂമിയിലായാലും ഇതുതന്നെ സംഭവിക്കും. ഈ ചിത്രം ശ്രദ്ധിക്കുക. തുല്യ ഉയരമുള്ള ഈ കുറ്റികള്‍ നാട്ടിയിരിക്കുന്നത് ഏറെക്കുറെ സമാന്തരമായാണ്. എന്നിട്ടും അവയുടെ നിഴലുകള്‍ വ്യതിയാനപ്പെട്ട് പോവുകയാണ്.

ഓള്‍ഡ്രിന്റെ 'വിവാദ'ചിത്രത്തിലേക്ക് തിരിച്ചുവരാം. ചന്ദ്രനില്‍ നില്‍ക്കുന്ന ഒരു വസ്തുവിനും ഒന്നിലധികം നിഴലുകളിലെന്ന് നാം കണ്ടതാണല്ലോ. മാത്രമല്ല ഈ ചിത്രത്തില്‍ സൂര്യന് പ്രതിമുഖമായി നില്‍ക്കുന്ന എല്ലാ വസ്തുക്കളുടേയും നിഴല്‍ കൃത്യമായും പിറകില്‍ തന്നെയാണ് പതിക്കുന്നത്. അതുകൊണ്ടുതന്നെ ബഹുപ്രകാശസ്രോതസ്സ് (Multiple sources of light) എന്ന ഡേവിഡ് പെര്‍സിയുടെ ആരോപണം പൂര്‍ണ്ണമായും റദ്ദാക്കപ്പെടുകയാണ്. നിഴലിന്റെ നീളം കൂടുന്നതും വശങ്ങളിലേക്ക് മാറുന്നതുമൊക്കെ ഭൂമിയില്‍പ്പോലും സംഭവിക്കുന്ന കാര്യങ്ങളാണെന്ന് കണ്ടുകഴിഞ്ഞു. 'Dark Moon' ല്‍ ബെന്നറ്റും പെര്‍സിയും 'നിഴല്‍യുദ്ധം'നടത്തുന്നത് ചാന്ദ്രോപരിതലം സമനിരപ്പാണെന്ന ധാരണയിലാണ്. ഒന്നുകില്‍ അവരതിനെപ്പറ്റി വേണ്ടത്ര പഠിച്ചിട്ടില്ല, അല്ലെങ്കില്‍ യാഥാര്‍ത്ഥ്യം മന:പൂര്‍വം വിട്ടുകളയുന്നു.

ഓള്‍ഡ്രിന്റെ കൈയുടെ നിഴലില്ലാതിരിക്കുമ്പോള്‍ ഷൂ കറുത്തിരിക്കുന്നതെന്തെന്ന സംശയത്തിനും കൃത്യവും ലളിതവുമായ വിശദീകരണമുണ്ട്. സൂര്യന്‍ ഓള്‍ഡ്രിന്റെ പിറകില്‍ ഇടതുവശത്താണ്. സ്വഭാവികമായും നിഴല്‍ മുന്നില്‍ വലതുവശത്ത് വീഴുന്നു. കൈയുടെ നിഴല്‍ ശരീരത്തില്‍ വീഴാതിരിക്കാന്‍ കാരണമതാണ്. എന്നാല്‍ കാല്‍പ്പാദത്തോട് (feet)ചേര്‍ന്ന കണങ്കാലിന്റെ (shin)നിഴല്‍ നേരിട്ട് പാദത്തില്‍ തന്നെ വീഴുന്നു. അതിനാലാണ് പാദം ഇരുണ്ട് കാണപ്പെടുന്നത്. ഇതൊഴിവാക്കണമെങ്കില്‍ പ്രകാശസ്രോതസ്സ്(സൂര്യന്‍) പിറകില്‍നിന്നും മാറി കുറഞ്ഞപക്ഷം സമാന്തരമായെങ്കിലുമായി നിലകൊള്ളേണ്ടതുണ്ട്.

P
Picture taken in Earth. The distant
mountain ranges look brighter
though not clear
ചക്രവാളം വ്യക്തമായി കാണാനാവാത്തത് ചന്ദ്രനില്‍ അസ്വഭാവികമാണെന്ന വാദവും ശരിയല്ല. ചന്ദ്രനിലായാലും ദൃശ്യപരിധി വര്‍ദ്ധിക്കുന്നതിനുസരിച്ച് ദൃശ്യം ക്രമേണ മറഞ്ഞില്ലാതാവുകയാണ് ചെയ്യുന്നത്. അന്തരീക്ഷമുള്ള ഭൂമിയില്‍ പശ്ചാത്തലത്തിലെ ദൂരെയുള്ള വസ്തുക്കള്‍ അവ്യക്തമായി മാഞ്ഞുപോകുന്നതായി (fade) കാണാം. അന്തരീക്ഷവായു പ്രകാശം ചിതറിപ്പിക്കുന്നതുകൊണ്ടാണ് ദൂരദൃശ്യങ്ങള്‍ ഇത്തരത്തില്‍ മാഞ്ഞുപോകുന്നതായി കാണപ്പെടുന്നത്. പക്ഷെ അതോടൊപ്പം മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് ഇങ്ങനെ മാഞ്ഞുപോകുമ്പോഴും പിന്‍ദൃശ്യങ്ങള്‍ അവ്യക്തമാണെങ്കിലും കൂടുതല്‍ പ്രകാശമാന(bright)മായിരിക്കുമെന്നതാണ്. നമുക്കത് ധവളിമയായി തോന്നും. 


ഭൂമിയിലെ കാര്യമെടുക്കാം. ദൂരെനിന്നും നീണ്ടു നിവര്‍ന്നുകിടക്കുന്ന പര്‍വതനിരകളുടെ ചിത്രമെടുത്താല്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന പര്‍വതങ്ങളായിരിക്കും തൊട്ടുമുന്നിലുള്ളവയേക്കാള്‍ പ്രകാശമാനമായി കാണുക. അന്തരീക്ഷമില്ലാത്ത ചന്ദ്രനില്‍ അത് സംഭവിക്കില്ല. അതിനാല്‍ ഇവിടെ പശ്ചാത്തലം കറുത്തിരുണ്ട് കാണപ്പെടും ഭൂമിയിലെപ്പോലെ വിദൂര പശ്ചാത്തലം പ്രകാശമാനമാകുന്നിമില്ല. ഈ ഒരു കാരണം കൊണ്ടു തന്നെ ചിത്രം അന്തരീക്ഷരഹിതമായ സാഹചര്യത്തിലാണ് ഈ ചിത്രം എടുത്തതാണെന്ന് വ്യക്തമാകുന്നു. ഇനി സ്റ്റുഡിയോയില്‍ കറുത്ത തുണി പിറകില്‍ വിരിച്ച് ഷൂട്ട് ചെയ്തതാണെന്ന് വാദിച്ചാലും പശ്ചാത്തലവും സ്‌ക്രീനുമായി ചേരുന്ന ഭാഗത്തിന് അതിന് തൊട്ടുമുമ്പുള്ള ഭാഗത്തേക്കാള്‍ തെളിച്ചമുണ്ടാകേണ്ടതാണ്. ഈ ചിത്രത്തില്‍ ദൃശ്യപരിധി വര്‍ദ്ധിക്കുന്തോറും പ്രകാശമാനം കുറയുകയാണ്. ഫലത്തില്‍ ഈ ഹോക്‌സ് വാദവും അപ്പോളോ ചിത്രങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതില്‍ അവസാനിക്കുന്നു. ചിത്രവധവും നിഴല്‍ യുദ്ധവും വഴി ഒരിക്കലും യാഥാര്‍ത്ഥ്യത്തെ ഞെക്കികൊല്ലാനാവില്ല. ഭാവന പിന്‍വലിച്ചാലും നിലനില്‍ക്കുന്നതെന്തോ അതാണ് യാഥാര്‍ത്ഥ്യം. 
(തടുരും)http://www.youtube.com/watch?v=YWgXM6I_bvE&feature=related

Tuesday 13 September 2011

നക്ഷത്രങ്ങള്‍ സാക്ഷി

Lunar sky devoid of stars
അപ്പോളോ-11 ലെ യാത്രികര്‍ ചന്ദ്രനില്‍വെച്ച് എടുത്ത ചിത്രങ്ങളിലെല്ലാം പശ്ചാത്തലമായി കറുത്തിരുണ്ട് താരരഹിതമായ ശൂന്യാകാശമാണുള്ളത്. നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കിയപ്പോഴും തങ്ങള്‍ക്ക് ചാന്ദ്രാകാശത്ത് നക്ഷത്രങ്ങളെ കാണാനായില്ലെന്നാണ് യാത്രയ്ക്ക് ശേഷം ഹൂസ്റ്റണില്‍ വെച്ച് നടത്തിയ ഔദ്യോഗിക പത്രസമ്മേളനത്തില്‍ വെച്ച് നീല്‍ ആംസ്‌ട്രോങും ലോകത്തോട് പറഞ്ഞത്(See http://www.youtube.com/watch?v=BI_ZehPOMwI). ഇതെങ്ങനെ സാധ്യമാകും? അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ നക്ഷത്രങ്ങളെ കൂടുതല്‍ തെളിമയോടെ കാണേണ്ടതല്ലേ? എവിടെപ്പോയി നക്ഷത്രങ്ങളൊക്കെ?! തങ്ങള്‍ മാത്രമാണ് അവിടെയുള്ള 'താര'ങ്ങളെന്ന് ആംസ്‌ട്രോങിനും കൂട്ടുകാരനും തോന്നയതാവുമോ? താരാരഹിതമായ ചാന്ദ്രകാശത്തെ കുറിച്ചുള്ള അവകാശവാദം അപ്പോളോ സഞ്ചാരികള്‍ ശരിക്കും ചന്ദ്രനില്‍ പോയിട്ടില്ലെന്നതിന്റെ ശക്തമായ തെളിവായി ഹോക്‌സ് പുസ്തകങ്ങളില്‍ ആദ്യം മുതലേ സ്ഥാനം പിടിച്ചിട്ടുണ്ട്. ബില്‍ കെയിസിംഗ് ഇത് തന്റെ പുസ്തകത്തില്‍ ഉന്നയിച്ചിട്ടുണ്ടെന്ന് മുന്‍ അദ്ധ്യായത്തില്‍ പരാമര്‍ശിച്ചിരുന്നുവല്ലോ. അതനുസരിച്ച് മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നക്ഷത്രങ്ങളെ കണ്ടിട്ടുണ്ടാവണം, കണ്ടിട്ടില്ലെങ്കില്‍ അതിനര്‍ത്ഥം അവര്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല എന്നുതന്നെ! ചാന്ദ്രാകാശത്ത് നക്ഷത്രങ്ങളുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. ആംസ്‌ടോങും ഓള്‍ഡ്രിനും നക്ഷത്രങ്ങളെ കണ്ടിട്ടുണ്ടാവില്ല. എന്നാല്‍ അവരിരുവരും ചന്ദ്രോപരിതലത്തില്‍ ഇറങ്ങി നടന്നപ്പോള്‍ മുകളില്‍നിന്ന് സാക്ഷ്യംവഹിച്ച താരാഗണങ്ങള്‍ ഒരുപക്ഷെ അത്ഭുതംകൊണ്ട് കണ്ണു ചിമ്മിയിട്ടുണ്ടാവാം!

നാമിവിടെ നിന്ന് ചന്ദ്രനെ കാണുന്നതിലും എത്രയോ ഇരട്ടി പ്രശോഭയോടെ 
കറുത്തിരുണ്ട ചാന്ദ്രാകാശത്ത് താരനിബിഡമായ പശ്ചാത്തലത്തില്‍  ഭൂമിയെ കാണേണ്ടതാണ്! ചാന്ദ്രോപരിതലം സൂര്യനില്‍ നിന്നും സ്വീകരിക്കുന്ന പ്രകാശത്തിന്റെ പത്ത് ശതമാനം പുറത്തേക്ക് പ്രതിഫലിപ്പിക്കുന്നുണ്ട്. ഭൂമിയില്‍ നിന്ന് ചന്ദ്രനെ കാണുന്നതിന്റെ 69 ഇരട്ടി പ്രകാശമാനവുമായിട്ടാണ് ഭൂമിയെ ചന്ദ്രനില്‍ നിന്ന് നോക്കികാണാനാവുക. ചന്ദ്രനിലെ 'ഭൂനിലാവ്' എത്ര സമുജ്ജ്വലമായിരിക്കുമെന്ന് ഊഹിച്ചു നോക്കൂ. അതും അന്തരീക്ഷത്തിന്റെ തടസ്സവുമില്ലാതെ പരന്നൊഴുകുന്ന ആ പൂനിലാവ്! ഭൂമിക്ക് അഭിമുഖമായി വരുന്ന ചന്ദ്രന്റെ അര്‍ദ്ധപകുതിയില്‍ സത്യത്തില്‍ രാത്രിയുണ്ടോ എന്നുതന്നെ സംശയിക്കണം. എഴുതാനും വായിക്കാനും വേണ്ട പ്രകാശം തീര്‍ച്ചയായും ഭൂനിലാവില്‍ ചന്ദ്രനിലുണ്ടാവും. ചന്ദ്രനില്‍നിന്ന് നോക്കുമ്പോള്‍ ഭൂമി വളരെ തിളക്കമുള്ള ഗ്രഹമാണെങ്കിലും നഗ്നനേത്രങ്ങള്‍ കൊണ്ട് നോക്കുമ്പോള്‍ ഒറ്റനോട്ടത്തില്‍ പശ്ചാത്തലത്തില്‍ നക്ഷത്രങ്ങളെ കാണാനാവില്ല. അപ്പോളോ യാത്രികരെടുത്ത ഭൂമിചിത്രങ്ങളില്‍ നക്ഷത്രങ്ങളില്ല. കറുത്തിരുണ്ട ചാന്ദ്രാകാശത്ത് കൃത്യമായും ഭൂമി മാത്രം!
ഭൂമിയില്‍നിന്ന് പകല്‍സമയത്ത് ആകാശത്തേക്ക് നോക്കിയാലും ചിത്രങ്ങളെടുത്താലും നക്ഷത്രങ്ങളുണ്ടാവില്ല. പകല്‍ സമയത്ത് പലപ്പോഴും ചന്ദ്രനും ദൃശ്യമായിരിക്കില്ല. സൂര്യന്റെ തീഷ്ണപ്രകാശം, ഭൗമാന്തരീക്ഷത്തില്‍ സൗരപ്രകാശത്തിന് സംഭവിക്കുന്ന അപഭ്രംശങ്ങള്‍, അന്തരീക്ഷത്തിലെ കാര്‍മേഘപാളികള്‍ എന്നിവയൊക്കെ തടസ്സം സൃഷ്ടിക്കുന്ന ഘടകങ്ങളാണെന്ന് നമുക്കറിയാം. പക്ഷെ ചന്ദ്രനില്‍ സൗരവികരണങ്ങള്‍ക്ക് അത്തരം പ്രശ്‌നങ്ങളൊന്നുമില്ലാത്തതിനാല്‍ അവിരാമവും നിര്‍ദ്ദയവുമായ സൗരപ്രഹരമാണ് ചാന്ദ്രോപരിതലം ഏറ്റുവാങ്ങുന്നത്. അതും പതിനാലര ദിവസം വീതം നീണ്ടുനില്‍ക്കുന്ന പകലുകളും രാത്രികളും! അപ്പോളോ യാത്രികര്‍ ചെന്നിറങ്ങിയ സ്ഥലത്തൊക്കെ പകല്‍ സമയമായിരുന്നു-ഒന്നുകില്‍ പ്രഭാതവേള അല്ലെങ്കില്‍ വൈകുന്നേരം. ഇനി രാത്രിയിലായിരുന്നെങ്കിലും ചിത്രത്തില്‍ നക്ഷത്രങ്ങള്‍ കടന്നുവരാന്‍ സാധ്യത കുറവാണെന്നതാണ് വാസ്തവം. 
Earth from Moon.
 No stars in the backdrop
താരതമ്യേന വലിയ പ്രകാശമുള്ള വസ്തുക്കളെ ഫോക്കസ് ചെയ്ത് ചിത്രമെടുക്കുമ്പോള്‍ ചുറ്റുമുള്ള ചെറിയ പ്രകാശമുള്ള വസ്തുക്കള്‍ പശ്ചാത്തലത്തില്‍ പതിയാന്‍ സാധ്യത തീരെക്കുറവാണ്. അതല്ലെങ്കില്‍ ക്യാമറയുടെ എക്‌സ്‌പോഷര്‍(Exposure)സമയം വര്‍ദ്ധിപ്പിച്ച് പശ്ചാത്തലം കൂടി പതിയുന്നതിന് അവസരമൊരുക്കണം. അങ്ങനെ ചെയ്താല്‍ തീര്‍ച്ചയായും ചാന്ദ്രാകാശത്തുള്ള താരകങ്ങളുടെ ചിത്രമെടുക്കാം. ഭൗമാകാശത്തും ഇത് സാധ്യമാണ്. മറിച്ചായാല്‍ പൊട്ടുപോലുള്ള നക്ഷത്രങ്ങള്‍ പതിയില്ല. ഇന്റര്‍ നാഷണല്‍ സ്‌പേസ് സ്റ്റേഷനിലെ ക്യാമറകള്‍ മുഖേനയും ഹബിള്‍സ് ടെലസ്‌ക്കോപ്പ് വഴിയും ബഹിരാകാശത്തില്‍ നിന്ന് ഭൂമിയുടെ ചിത്രമെടുത്തതില്‍ നക്ഷത്രങ്ങളുണ്ടാകാറില്ലെന്നത് ശ്രദ്ധിക്കണം. എന്നാല്‍ എക്‌സ്‌പോഷര്‍ സമയം വര്‍ദ്ധിപ്പിച്ചാല്‍ താരകങ്ങള്‍ പതിയുകയും ചെയ്യും. അങ്ങനെയുള്ള ചിത്രങ്ങളും നമുക്ക് ലഭ്യമാണ്. ഹബിള്‍സ് ക്യാമറ വഴി എടുത്ത ഭൂമിയുടെ ചിത്രങ്ങളാണ് താഴെയുള്ളത്. ആദ്യത്തേത് എക്‌സ്‌പോഷര്‍ സമയം കുറഞ്ഞതും രണ്ടാമത്തേത് വര്‍ദ്ധിപ്പിച്ച എക്‌പോഷര്‍ സമയമുള്ളതും. അള്‍ട്രാവയലറ്റ് രശ്മികളുപയോഗിക്കുന്ന ക്യാമറയിലും പശ്ചാത്തലത്തിലുള്ള താരങ്ങള്‍ പതിയും.സാധാരണ കാമറ ഉപയോഗിച്ചവര്‍ക്കുപോലും എളുപ്പം മനസ്സിലാകുന്ന ഒരു സാങ്കേതിക വിവരമായതിനാല്‍ ഇവിടെ കൂടുതല്‍ വിശദീകരണം ആവശ്യമില്ലെന്നു കരുതാം. 
Apollo-16 astronauts filmed Earth
with starry background
using ultra violet photography
ചാന്ദ്രയാത്രികര്‍ പെട്ടെന്ന് ഫോക്കസ് ചെയ്ത് ഒറ്റയടിക്കെടുത്ത ചിത്രങ്ങളാണ് പൊതുവെ ലഭ്യമായിട്ടുള്ളത്. അവര്‍ക്ക് ചാന്ദ്രോപരിതലത്തില്‍ മറ്റു നിരവധി പരീക്ഷണദൗത്യങ്ങളും നിര്‍വഹിക്കേണ്ടതുണ്ടായിരുന്നു. ചാന്ദ്രയാത്രികര്‍ക്ക് ചിത്രങ്ങളെടുക്കുന്നതിന് മുന്‍പരിശീലനം നല്‍കിയിരുന്നുവെങ്കിലും അവരവിടെ ഫോട്ടോഗ്രാഫി മത്സരത്തിന് പോയതൊന്നുമല്ലെന്ന് ഓര്‍ക്കേണ്ടതുണ്ട്. തുടരെ ക്‌ളിക്ക് ചെയ്ത് പരമാവധി ചിത്രങ്ങളെടുക്കുകയെന്ന ഉദ്ദേശ്യമായിരിക്കും അവരെ ഭരിച്ചത്. സഞ്ചാരികളുടെ സ്‌പേസ് സ്യൂട്ടില്‍ സ്ഥാപിച്ചിരുന്ന ക്യാമറയ്‌ക്കൊപ്പം കയ്യില്‍പ്പിടിക്കാവുന്ന ക്യാമറയും (handicam) അവരുപയോഗിച്ചു. ഓട്ടോഫോക്കസ് (automatic focus), ഓട്ടോ എക്‌സ്‌പോഷര്‍ (automatic exposure) തുടങ്ങിയ സാങ്കേതിക സൗകര്യങ്ങളൊന്നും അവയിലില്ലായിരുന്നു. ഇന്ന് സാധാരണ മൊബൈല്‍ ഫോണുകളില്‍ പോലും ലഭ്യമായ വ്യൂഫൈന്‍ഡറും (view finder) ലഭ്യമായിരുന്നില്ല. എന്നുകരുതി ഇവയൊന്നുമില്ലാതെ ചിത്രങ്ങളെടുക്കാനാവില്ലെന്ന് വാദിക്കരുത്. ഇവയൊന്നുമില്ലാതെ തന്നെയാണ് അറുപതുകളില്‍ മനുഷ്യന്‍ മനോഹരമായ ചിത്രങ്ങള്‍ എടുത്തുകൊണ്ടിരുന്നത്. Manual focussing വളരെ പ്രയാസകരമാണൊന്നും പറഞ്ഞേക്കരുത്. പരിശീലനമുള്ളവര്‍ക്ക് അനായാസമത് സാധിക്കും. പിന്നെ വേണ്ടത് ദൃശ്യപശ്ചാത്തലം, ദൃശ്യകോണ്‍, പ്രകാശസംവിധാനം എന്നിവയെക്കുറിച്ചുള്ള അവബോധവമാണ്. അതൊക്കെ നേടിയ ശേഷമാണ് അപ്പോളോ സഞ്ചാരികളെല്ലാം ചന്ദ്രനില്‍ കാലുകുത്തിയത്. 
ISS from Mir(2008). See the
background without stars
അപ്പോളോ യാത്രികര്‍ മൊത്തം 4834 മിനിറ്റുകള്‍ ചന്ദ്രനില്‍ ചെലവിട്ടതിന്റെ സ്മാരകമായി 5771 ചിത്രങ്ങള്‍ എടുത്തിട്ടുണ്ട്. അതായത് ഓരോ അമ്പതു സെക്കന്‍ഡ് കൂടുമ്പോഴും ഒരു എക്‌സ്‌പോഷര്‍ എന്ന നിരക്കില്‍! ഇതില്‍ 'അമ്പിളിക്കുട്ടന്‍മാര്‍'ക്ക് സംശയമുണ്ട്. പെട്ടെന്നു ചിത്രങ്ങള്‍ എടുക്കുകയാണെങ്കില്‍ ഒരു മിനിട്ടില്‍ 20-30 ചിത്രങ്ങളെടുക്കാനാവും. അപ്പോള്‍ 50 സെക്കന്‍ഡില്‍ ഒരു എക്‌സ്‌പോഷര്‍ എന്ന കണക്കില്‍ അസ്വഭാവികതയൊന്നുമില്ല. മാത്രമല്ല ഇവിടെ മഹാഭൂരിപക്ഷവും ശരീരത്തില്‍ ഉറപ്പിച്ചിരുന്ന ക്യാമറ വഴി എടുത്തവയാണ്. അപ്പോളോ യാത്രികരെടുത്ത ചിത്രങ്ങളൊക്കെ അവിശ്വസനീയമായവിധം പൂര്‍ണ്ണതയോട് അടുത്തവയാണെന്നാണ് (nearing perfection)ഹോക്‌സര്‍മാരുടെ വാദം. കൃത്രിമ സെറ്റിട്ട് പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരെ വെച്ച് ഷൂട്ട് ചെയ്തതിനാലാണ് ഇത്ര മിഴിവുറ്റ ചിത്രങ്ങള്‍ കിട്ടിയതെന്ന് അവര്‍ ആരോപിക്കുന്നു. പക്ഷെ ഈ ആരോപണത്തിലുമ യാതൊരു കഴമ്പുമില്ല. ആരോപിക്കുന്ന തോതിലുള്ള പൂര്‍ണ്ണത (perfection) അപ്പോളോയാത്രികരുടെ ചിത്രങ്ങള്‍ക്കില്ലെന്ന് നാസയുടെ ഫിലിം ശേഖരം പരിശോധിക്കുന്ന ആര്‍ക്കും മനസ്സിലാക്കാനാവും.
A 'sun struck' frame
നാസയുടെ അപ്പോളോ ഫോട്ടോശേഖരത്തില്‍ നിലവാരം കുറഞ്ഞ ആയിരക്കണക്കിന് ചിത്രങ്ങളുണ്ട്. കൊച്ചുകുട്ടികള്‍ പോലും വരുത്താത്ത അപാകതകളാണ് അവയില്‍ ചിലവയ്ക്കുള്ളത്. വിലക്ഷണ കോണുകളില്‍ നിന്ന് എടുത്തവ, അരികും മൂലയുമില്ലാത്തവ, നിഴല്‍ പരന്നവ ...തുടങ്ങി ഭൂമിയില്‍ നാം ഫോട്ടോ എടുക്കുമ്പോള്‍ ഉണ്ടാകാനിടയുള്ള എല്ലാ ന്യൂനതകളും അപ്പോളോ ചിത്രങ്ങള്‍ക്കുമുണ്ട്. അതായത് ഫിലിം ദുര്‍വ്യയം ചെയ്യുന്നതില്‍ വിഖ്യാതരായ ചാന്ദ്രസഞ്ചാരികളും അത്ര പിന്നാക്കമായിരുന്നില്ല. അപ്പോളോ ഫിലിം റോള്‍ (the Apollo film rolls)പരിശോധിച്ചാല്‍ അതില്‍ പല ഫിലിമുകളും ഇരുണ്ടതോ ശൂന്യമോ ആണെന്ന് കാണാം. ഒരു റോള്‍ മാറ്റി പുതിയത് ഇടുമ്പോള്‍ ശരിയായ ഫ്രെയിം ലഭിക്കാനായി ആദ്യത്തെ കുറെ ഫിലിമുകള്‍ റോള്‍ ചെയ്ത് മുന്നോട്ടു വിടുന്നതിനാലാണിത് സംഭവിക്കുന്നത്. ക്യാമറയുടെ മാഗസിനിലൂടെ (magazine)പ്രകാശം അരിച്ചുകയറിയതിന്റെ ബാക്കി പത്രമാണ് മറ്റു ചില ഫിലിമുകള്‍ കാഴ്ചവെക്കുന്നത്(താഴത്തെ ചിത്രം കാണുക). ഒരു റോള്‍ തീരുമ്പോള്‍ ഊരിയെടുത്ത് അടുത്തത് ഇടാന്‍ ശ്രമിക്കുമ്പോഴാണ് തീര്‍ന്ന റോളിന്റെ അവസാന ഫ്രെയിമില്‍ ഇത്തരത്തില്‍ ബാഹ്യപ്രകാശം കടക്കാന്‍ സാദ്ധ്യതയുണ്ട്. ചുരുക്കത്തില്‍ അപ്പോളോ ഫിലിം റോളുകളുടെ ആദ്യത്തേതും അവസാനത്തേതുമായ പല ഫ്രെയിമുകളും ഉപയോഗശൂന്യമായിപ്പോയി. വേണ്ടത്ര ശ്രദ്ധയില്ലെങ്കില്‍ ഭൂമിയില്‍വെച്ചായാലും സംഭവിക്കാനിടയുള്ള ഒരു കാര്യമാണിത്. എന്നാല്‍ പ്രൊഫഷണല്‍ വിദഗ്ധര്‍ ഇത്തരം അപാകതകള്‍ ഒഴിവാക്കും. 
an over exposed frame
 released by NASA
അപ്പോളോ ഫിലിം റോളിന്റെ ചില ഫ്രെയിമുകളില്‍ ലെന്‍സ് ഫ്‌ളെയറുകളുടെ(lens flares)സാന്നിദ്ധ്യം ദൃശ്യമാണ്. സാധാരണ നാം ഉപയോഗിക്കുന്ന ക്യാമറ ലെന്‍സ് നിരവധി ചെറിയ ലെന്‍സുകള്‍ ചേര്‍ന്നുണ്ടാക്കിയ ഒരു സംയുക്ത(compound lens)ദര്‍പ്പണമാണ്. ക്യാമറയില്‍ പതിയുന്ന പ്രകാശം ഈ ലെന്‍സുകള്‍ക്കിടയില്‍ തെന്നി തെറിക്കുമ്പോള്‍ (bounce between the lens)ചിത്രത്തില്‍ ചില പുള്ളികളും കുത്തുകളും ധവളിമയുമൊക്കെ പ്രത്യക്ഷപ്പെടാം. ഇതിനെയാണ് പൊതുവില്‍ ലെന്‍സ് ഫ്‌ളെയേഴ്‌സ് എന്നുവിളിക്കുന്നത്. ക്രമരഹിതമായ പ്രകാശമുള്ളപ്പോഴും വശങ്ങളില്‍ നിന്ന് ചിത്രമെടുക്കുമ്പോഴും ലെന്‍സ് ഫ്‌ളെയേഴ്‌സിന്റെ സാധ്യത വര്‍ദ്ധിക്കും. ലോകപ്രശസ്ത ജര്‍മ്മന്‍ കമ്പനിയായ സീസ് (Zeiss) നിര്‍മ്മിച്ച ക്യാമറയില്‍ ഇത്രയധികം ലെന്‍സ് ഫ്‌ളെയ്‌ഴ്‌സ് വന്നതിനെ തട്ടിപ്പുവാദികള്‍ ചോദ്യം ചെയ്യാറുണ്ട്. അതങ്ങനെ സംഭവിക്കാന്‍ പാടില്ലെന്നും സൂര്യനല്ലാതെ മറ്റേതോ കൃത്രിമപ്രകാശത്തിന്റെ(artificial light)പശ്ചാത്തലത്തില്‍ രംഗങ്ങള്‍ ഷൂട്ട് ചെയ്തതു കൊണ്ടു സംഭവിച്ചവയാണെന്നുമാണ് ഹോക്‌സ് സിദ്ധാന്തം. 
Optical illusions created by
Lens flares
സീസ് കമ്പനി ലെന്‍സ് നിര്‍മ്മാണത്തില്‍ അദ്വതീയരാണ്. ഏറ്റവും മികച്ച ഉല്‍പ്പന്നം തന്നെയാണവര്‍ നാസയ്ക്ക് കൈമാറിയത്. അതേസമയം ശരിയായ രീതിയില്‍ ചിത്രമെടുത്താന്‍ ലെന്‍സ് ഫ്‌ളെയര്‍ ഒഴിവാക്കാനാവുമെന്നതില്‍ സംശയമില്ല. സീസിന്റേതല്ല അതിലും നിലവാരം കുറഞ്ഞ ലെന്‍സായാലും പ്രശ്‌നമില്ല. ലെന്‍സ് ഫ്‌ളെയര്‍ ഒഴിവാക്കാനുള്ള ഉത്തരവാദിത്വം ലെന്‍സിനല്ല മറിച്ച് ഛായാഗ്രാഹകനാണ്. പ്രകാശസത്രോതസ്സുകളെക്കുറിച്ചും ദൃശ്യകോണുകളെ കുറിച്ചും സാങ്കേതികജ്ഞാനവും സൗന്ദര്യപരമായ അവബോധവുമുള്ള ഏതൊരാള്‍ക്കും ലെന്‍സ് ഫ്‌ളെയേഴ്‌സ് ഒഴിവാക്കാന്‍ പ്രയാസമില്ല. എന്നാല്‍ അപ്പോളോ യാത്രികര്‍ സൗന്ദര്യശാസ്ത്രപരമായ നിലപാട് സ്വീകരിക്കാവുന്ന അവസ്ഥയിലായിരുന്നില്ല. ലഭ്യമായ സമയത്തിനുള്ളില്‍ പരമാവധി ചിത്രങ്ങളെടുക്കുകയായിരുന്നു അവരുടെ ഉദ്ദേശ്യം. മറ്റു സാങ്കേതികതകള്‍ ശ്രദ്ധിക്കുക അവര്‍ക്കത്ര എളുപ്പമായിരുന്നില്ല. view finder ഉണ്ടായിട്ടുകൂടി ഇന്ന് നാമെടുക്കുന്ന ചിത്രങ്ങള്‍ പാളിപ്പോകുന്നുവെന്നോര്‍ക്കുക.
പില്‍ക്കാലത്ത് നാസ പ്രസിദ്ധീകരിച്ച അപ്പോളോ ചിത്രങ്ങളില്‍ മിക്കതും നല്ലരീതില്‍ എഡിറ്റിംഗിനും ക്രോപ്പിംഗിനും(Editing and Cropping)the Apollo film rolls വിധേയമായവ തന്നെയാണ്. ഇതൊക്കെ ചെയ്തത് ചിത്രങ്ങളില്‍ കൃത്രിമം കാട്ടാനായിരുന്നുവെന്ന് എടുത്തുചാടി വ്യഖ്യാനിക്കരുത്. ഒരു വിവാഹത്തിന്റെ ആല്‍ബം തയ്യാറാക്കുമ്പോള്‍ അപ്രസക്തവും ന്യൂനതകളുള്ളവയുമായ പല ചിത്രങ്ങളും ഒഴിവാക്കപ്പെടാറില്ലേ. അല്ലാത്തവയുടെ മികവ് വര്‍ദ്ധിപ്പിക്കാനായി ക്രോപ്പിംഗും എഡിറ്റിംഗും നടത്തുന്നതും സാധാരണയാണ്. ഇത്തരം കടലാസുപണികള്‍ നടത്തുന്നതുകൊണ്ട് വിവാഹം കൃത്രിമമായിരുന്നുവെന്ന് ആരും ആരോപിക്കാറില്ലല്ലോ. നാസയുടെ പ്രസിദ്ധീകരണവിഭാഗവും അത്രയേ ചെയ്തുള്ളു. കൊള്ളാവുന്ന ചിത്രങ്ങള്‍ തെരഞ്ഞുപിടിച്ച് എഡിറ്റിംഗിലൂടെ അവയുടെ മികവ് വര്‍ദ്ധിപ്പിച്ച് പ്രസിദ്ധീകരിച്ചു. അപ്പോളോ ചിത്രങ്ങളില്‍ സങ്കലനചിഹ്നങ്ങള്‍ അഥവാ ക്രോസ് വയേഴ്‌സ് (cross wires)വ്യത്യസ്ത സ്ഥാനങ്ങളില്‍ വരാന്‍ കാരണമതാണ്. 
One of the defective pictures
in the NASA archives
കൃത്യതയും വ്യക്തതയുമില്ലാത്ത ചിത്രങ്ങളുടെ ഒരു വന്‍ശേഖരം തന്നെ നാസയുടെ പക്കലുണ്ടായിരുന്നുവെന്ന് സൂചിപ്പച്ചല്ലോ. അടുത്തിടെവരെ അവരത് പുറത്തുവിട്ടിരുന്നില്ല. അതുകൊണ്ട് പ്രസാധകര്‍ക്കോ അന്വേഷകര്‍ക്കോ വലിയ പ്രയോജനമില്ലല്ലോ. എന്നാല്‍ ഈയിടെ ആ ചിത്രങ്ങളില്‍ പലതും നാസ പുറത്തുവിട്ടു. അവയൊക്കെ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനാവുന്ന രീതിയില്‍ ഇന്റര്‍നെറ്റില്‍ ലഭ്യവുമാണ്. അത്തരം അവ്യക്തചിത്രങ്ങള്‍ പരിഷ്‌ക്കരിക്കാനും പുന:സംഘടിപ്പിക്കാനും സഹായകരമായ ഡിജിറ്റല്‍ സാങ്കേതികത ഇന്ന് നമുക്ക് സ്വന്തമാണ്. ഒരുപക്ഷെ അതുവഴി പ്രസ്തുത ചിത്രങ്ങള്‍ വീണ്ടെടുക്കാന്‍ ലോകമെമ്പാടുമുള്ള സാങ്കേതികവിദഗ്ധര്‍ക്ക് കഴിഞ്ഞേക്കും. പൂര്‍ണ്ണതയില്ലെങ്കിലും അമൂല്യങ്ങളാണവ. അപ്പോളോ ചിത്രങ്ങളെല്ലാം അവിശ്വസനീയമായ രീതിയില്‍ പൂര്‍ണ്ണതുയുള്ളവയാണെന്ന തട്ടിപ്പുവാദത്തില്‍ കഥയില്ലെന്ന് സ്ഥാപിക്കാനാണ് ഇത്രയും പറഞ്ഞത്. എന്നാല്‍ ഇതേ വാദം പിന്നീട് അമ്പിളിക്കുട്ടന്‍മാര്‍ തന്നെ തിരുത്തിയതായി കാണാം. എല്ലാ അപ്പോളോ ചിത്രത്തിലും എന്തെങ്കിലും ന്യൂനതയോ ക്രമക്കേടോ ഉണ്ടെന്ന വിപരീത നിലപാടാണ് പില്‍ക്കാലത്ത് ബെന്നറ്റും ഡേവിഡ് പെര്‍സിയും 'Dark Moon' എന്ന കൃതിയില്‍ സ്വീകരിച്ചത്. കുഴപ്പമുണ്ടെങ്കില്‍ കുറ്റം, ഇല്ലെങ്കില്‍ കുറ്റം!!

വിളറിയ ദൃശ്യങ്ങള്‍ 

Poor video of  the first Moon landing
മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇന്നും അത്ര വ്യക്തമല്ലല്ലോ. അപ്പോളോ-11 യാത്ര സംബന്ധിച്ച നിശ്ചലചിത്രങ്ങളൊക്കെ പൊതുവെ മിഴിവുറ്റതും വീഡിയോ നിലവാരം കുറഞ്ഞതുമായതാണ് മറ്റു ചിലരുടെ പുരികമുയര്‍ത്തുന്നത്. എന്തുകൊണ്ട് ഈ അന്തരം? അമേരിക്കയിലെ നെവാദ മരുഭൂമിയിലെ അപ്പോളോ യാത്രികരുടെ പരിശീലനക്യാമ്പില്‍ തയ്യാറാക്കിയ കൃത്രിമ സെറ്റിലാണ് ചാന്ദ്രദൃശ്യങ്ങള്‍ മുഴുവന്‍ ഷൂട്ട് ചെയ്ത ആരോപണമാണല്ലോ അമ്പിളിക്കുട്ടന്‍മാര്‍ പ്രധാനമായും ഉന്നയിക്കാറുള്ളത്. മുമ്പ് മനുഷ്യന്‍ ഉള്‍പ്പെടാത്ത ചാന്ദ്രദൗത്യങ്ങള്‍ വഴി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണത്രെ ഈ സെറ്റിട്ടത്. ആരോപണം സാധൂകരിക്കാനായി അപ്പോളോ യാത്രികര്‍ നെവാദ മരുഭൂമിയില്‍ ലൂണാര്‍റോവര്‍ ഓടിക്കുന്നതുള്‍പ്പെടെയുള്ള ദൃശ്യങ്ങളും ചിത്രങ്ങളും അവര്‍ ഉദ്ധരിക്കാറുമുണ്ട്(താഴത്തെ ചിത്രം ശ്രദ്ധിക്കുക). സത്യത്തില്‍ മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടുണ്ടെന്ന് തെളിയാന്‍ ഈ ചിത്രങ്ങളും അസ്സല്‍ അപ്പോളോ ചിത്രങ്ങളും താരതമ്യം ചെയ്താല്‍ മാത്രം മതിയാകും. അത്രമാത്രമുണ്ട് അവയ്ക്കിടയിലെ വ്യത്യാസങ്ങള്‍. ദൃശ്യഘടന, പശ്ചാത്തലം, പ്രകാശവിതരണം തുടങ്ങിയവയൊക്കെ ഭൂമിയില്‍ വെച്ച് ഷൂട്ട് ചെയ്ത ചിത്രങ്ങളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. മാത്രമല്ല നിശ്ചലചിത്രങ്ങള്‍ കമനീയമായി ചിത്രീകരിക്കാമെങ്കില്‍ വിഡിയോചിത്രങ്ങളുടെ മാത്രം നിലവാരം മാത്രം ഇടിയാന്‍ കാരണമെന്ത്? 'തട്ടിപ്പ് രഹസ്യങ്ങള്‍'മറയ്ക്കാനാണത്രെ നാസ വിഡിയോ മന:പൂര്‍വം അവ്യക്തമാക്കിയത്. അങ്ങനെയെങ്കില്‍ നിശ്ചലചിത്രങ്ങള്‍ കൂടി അവ്യക്തമാക്കി കൂടായിരുന്നോ? ഈ ചോദ്യത്തിന്റെ ഉത്തരവും അവ്യക്തം!
Aldrin -Photo taken by Armstrong
The Apollo-11 stills were
relatively clear
വാസ്തവത്തില്‍ ഈ ഹോക്‌സ് വാദം വളരെ രസകരമാണ്. ഇത്ര കാര്യമായി ഹോംവര്‍ക്ക് ചെയ്ത് ചാന്ദ്രസമാനമായ സാഹചര്യം നെവാദ മരുഭൂമിയില്‍ ഒരുക്കേണ്ടതുണ്ടോ? ന്യായമായ ചോദ്യം! ചന്ദ്രനിലെ സാഹചര്യം എങ്ങനെയെന്ന് ഭൂമിയിലുള്ള ആര്‍ക്കുമറിയില്ല. ചന്ദ്രനിലെ സാഹചര്യം ഇവിടെയിരുന്ന് ഊഹിക്കുന്നതിനുമില്ലേ ഒരതിര്?! അന്നുവരെ ആരുമവിടെ പോയിട്ടില്ല-ഹോക്‌സ് സിദ്ധാന്തമനുസരിച്ച് ഭാവിയിലും ആര്‍ക്കുമവിടെ പോകാനുമാവില്ല-പിന്നെയെന്തിന് ശീതയുദ്ധകാലത്ത് 'സമാനമായ' സാഹചര്യം സൃഷ്ടിക്കാന്‍ നാസ ഇത്രയധികം കഷ്ടപ്പെടണം? ഭാവിയില്‍ ആരെങ്കിലും ചന്ദ്രനില്‍ ഇറങ്ങിയാല്‍ കള്ളി വെളിച്ചത്താവുമെന്ന് ഭയന്നാണോ? അങ്ങനെയെങ്കില്‍ മനുഷ്യന് ചന്ദ്രനില്‍ ചെന്നിറങ്ങാമെന്ന് നാസ ആത്മാര്‍ത്ഥമായും വിശ്വസിച്ചിരുന്നുവെന്നുറപ്പ്. അങ്ങനെ ചിന്തിച്ചിരുന്നെങ്കില്‍ 'തട്ടിപ്പ്' നടത്താന്‍ നാസ ഒരിക്കലും തുനിയുകയില്ലായിരുന്നു.

ഭാവിയില്‍ ആരെങ്കിലും ചന്ദ്രനില്‍ ചെന്നിറങ്ങിയാല്‍ അമേരിക്ക ഉപേക്ഷിച്ചുപോയ നിരവധി വാഹനങ്ങളുടേയും യന്ത്രഭാഗങ്ങളുടേയും അവശിഷ്ടം കാണിച്ചു കൊടുക്കാന്‍ ലോകം നാസയോട് ആവശ്യപ്പെടില്ലേ? അതൊക്കെ പോകട്ടെ, അമ്പത് അമേരിക്കന്‍ സംസ്ഥാനങ്ങളെ (പ്യൂര്‍ട്ടോറിക്കയും ഡിസ്ട്രിക്റ്റ് കൊളംബിയയും ചേരുമ്പോള്‍ ഭാവിയില്‍ അത് 52 ആയിക്കൂടെന്നില്ല)പ്രതിനിധീകരിക്കുന്ന 50 നക്ഷത്രങ്ങളുള്ള അമേരിക്കന്‍ പതാകകള്‍ ആറെണ്ണം നാട്ടിയ രൂപത്തില്‍ അവിടെയുണ്ടാവേണ്ടതല്ലേ? ഒരു പക്ഷെ അമേരിക്കന്‍ യാത്രികര്‍ ചന്ദ്രനില്‍ കണ്ട നക്ഷത്രങ്ങള്‍ ഇവ മാത്രമായിരിക്കുമോ?! അപ്പോളോ യാത്രികര്‍ നാട്ടിയ പതാകകളില്‍ ചിലത് മടക്കയാത്രയ്ക്കായി റോക്കറ്റ് കത്തിച്ചപ്പോഴുണ്ടായ സ്‌ഫോടനത്തില്‍ ആടിയുലഞ്ഞ് ചിതറുന്നതായി വീഡിയോ ദൃശ്യത്തില്‍ കാണുന്നുണ്ട്. ഒരുപക്ഷെ അവയില്‍ ചിലതെങ്കിലും നശിച്ചിട്ടുണ്ടാവും. ഇല്ലെങ്കില്‍ മേല്‍ സൂചിപ്പിച്ച ആറു പതാകകളും അവിടെയുണ്ടാവും;കുറഞ്ഞപക്ഷം അവയുടെ അവശിഷ്ടങ്ങളെങ്കിലും. മനുഷ്യന്‍ കയറാത്ത പ്രോബുകളില്‍ ചന്ദ്രനിലെത്തിക്കപ്പെട്ട നിരവധി അമേരിക്കന്‍-സോവിയറ്റ് പതാകകള്‍ ചാന്ദ്രോപരിതലത്തില്‍ വേറെയുമുണ്ടാവും. എങ്ങനെ നോക്കിയാലും കണ്ടുപിടിക്കുമെന്ന് ഉറപ്പുള്ള ഒരു 'തട്ടിപ്പാ'ണിത്. ഇതൊന്നും മുന്‍കൂട്ടി കാണാന്‍ സാധിക്കാത്തവരായിരുന്നോ നാസയിലും അമേരിക്കന്‍ ഭരണനേതൃത്വത്തിലുമുണ്ടായിരുന്നത്?!

Apollo-12 LM with the
transmitting antenna
അപ്പോളോ-11 ലെ ല്യൂണാര്‍ മോഡ്യൂളില്‍ (LM) ഉറപ്പിച്ചിരുന്ന ആന്റിനയും (antenna)അതിലെ ബാറ്ററിശേഖരം പ്രദാനം ചെയ്തിരുന്ന വൈദ്യുതിയുടേയും സഹായത്തോടെയാണ് ഭൂമിയിലേക്ക് ലാന്‍ഡിംഗ് ദൃശ്യങ്ങള്‍ നേരിട്ട് സംപ്രേഷണം ചെയ്തിരുന്നത്. ദൃശ്യ സിഗ്നലുകളുടെ ബാന്‍ഡ് വിഡ്ത്ത്(band width) പരിമിതമായിരുന്നു. അപ്പോളോ-11 ല്‍ ഉപയോഗിച്ച ടി.വി ക്യാമറ ബ്‌ളാക്ക്-വെറ്റ് ശേഷി മാത്രമേ ഉണ്ടായിരുന്നുള്ളു. 10 frames-per-second ആയിരുന്നു അതിന്റെ സ്‌കാന്‍ നിരക്ക്. 320 lines-per-frame ആയിരുന്നു ഒരു ഫ്രെയിമിലെ വരികളുടെ നിരക്ക്. പുറം ലോകത്തേക്ക് സംപ്രേഷണം ചെയ്യണമെങ്കില്‍ കേമേഴസ്യല്‍ ടി.വി മാനദണ്ഡങ്ങളിലേക്ക്(EIA standard) ഇത് മാറ്റേണ്ടതുണ്ടായിരുന്നു. 10 frames/second എന്നു പറയുമ്പോള്‍ നമ്മുടെ സ്‌ളോമോഷനിലും കുറഞ്ഞ വേഗതയേ ദൃശ്യത്തിനുണ്ടാകൂ; ഏതാണ്ട് മുറിഞ്ഞു മുറിഞ്ഞു മുന്നോട്ടുപോകും.

അമേരിക്കയിലെ കമേഴ്‌സ്യല്‍ ടി.വി സംപ്രേഷണ നിരക്ക് ഒരു സെക്കന്‍ഡില്‍ 30 ഫ്രെയിമുകളാണ്(29.97 frames-per-second at 525 lines-per-frame). ഉയര്‍ന്ന ബാന്‍ഡ് വിഡ്ത്ത് (data-carrying capacity)ഉണ്ടെങ്കിലേ ഉന്നത നിലവാരത്തിലുള്ള ടി.വി ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യാനാവുകയുള്ളു. അപ്പോളോ-11 ല്‍ ഇതിനായി ഉപയോഗിച്ചത് ലൂണാര്‍ മോഡ്യൂളില്‍ തന്നെയുള്ള കേവലം ഒരു മീറ്റര്‍ വ്യാസമുള്ള ആന്റനയാണ്(The LM built-in antenna). പരമാവധി ബ്‌ളാക്ക്&വൈറ്റ് ചിത്രങ്ങള്‍ സംപ്രേഷണം ചെയ്യാനുള്ള 
ശേഷിയേ ഇതിന്റെ ട്രാന്‍സ്മിറ്ററിനുള്ളു. എന്നാല്‍ കുറേക്കൂടി ശേഷിയുള്ള ഉപരിതലത്തില്‍ സ്ഥാപിക്കാവുന്ന പ്രത്യേക ആന്റനയാണ് (free-standing S-band antenna) അപ്പോളോ-12, 14 എന്നീ ദൗത്യങ്ങളില്‍ ഉപയോഗിച്ചത്. ഇതുവഴിയാണ് നമുക്ക് കളര്‍ ദൃശ്യചിത്രങ്ങള്‍ ലഭിച്ചത്. കുറഞ്ഞത് 30 മിനിറ്റെങ്കിലും ഈ ആന്റിന ചാന്ദ്രോപരിതലത്തില്‍ സ്ഥാപിക്കാനായി ആവശ്യമുണ്ട്. അപ്പോളോ-11 യാത്രികര്‍ ആകെ 2.32 മണിക്കൂറാണ് ചെലവഴിച്ചത്. ഇതില്‍ 30 മിനിറ്റ് ആന്റിന ഉറപ്പിക്കാനായി മാറ്റിവെക്കാനാവുമായിരുന്നില്ല. മാത്രമല്ല ആദ്യത്തെ മനുഷ്യന്‍ ചന്ദ്രനില്‍ കാലു കുത്തുന്നത് സമാനതകളില്ലാത്ത ചരിത്ര മുഹൂര്‍ത്തമാണ്. അതിന്റെ പവിത്രത നഷ്ടപ്പെടുത്തുക അചിന്ത്യമായിരുന്നു. ആന്റന സ്ഥാപിക്കാനായി ആദ്യമിറങ്ങി വന്നിട്ട് പിന്നീട് കയറി തിരികെപോയി വീണ്ടുമിറങ്ങി വരുന്നത് ചരിത്രത്തെ അപഹസിക്കലാവും.

ശേഷി കുറഞ്ഞ ല്യൂണാര്‍ മോഡ്യുള്‍ ആന്റന വഴി സംപ്രേഷണം ചെയ്തതു കൊണ്ടാണ് അപ്പോളോ-11 ബ്‌ളാക്ക്&വൈറ്റ് സംപ്രേഷണത്തിന്റെ നിലവാരം തീരെ കുറഞ്ഞുപോയത്. ബ്‌ളാക്ക്&വൈറ്റ് സംപ്രേഷണത്തിലൂടെ ബാന്‍ഡ് വിഡ്ത്ത് മൂന്നില്‍ രണ്ട് ഭാഗം കുറയ്ക്കാനും അതുവഴി LM ലെ ബാറ്ററിചാര്‍ജ്ജ് കുറച്ച് ലാഭിക്കാനും സാധിച്ചു. ല്യൂണാര്‍ മോഡ്യൂളിന്റെ മൊത്തം പ്രവര്‍ത്തനത്തിന് ആവശ്യമായ ബാറ്ററിയില്‍ നിന്നാണ് സിഗ്നല്‍ ട്രാന്‍സ്മിറ്ററിലേക്കുള്ള വൈദ്യുതിയും എത്തിക്കൊണ്ടിരുന്നത്. അതുകൊണ്ടുതന്നെ ബാറ്ററി ചാര്‍ജ് ലാഭിക്കാന്‍ ചിത്രസിഗ്നലുകള്‍ കുറഞ്ഞ ബാന്‍ഡ്‌വിഡ്ത്തിലേക്കി മാറ്റി ലളിതവല്‍ക്കരിക്കുകയെന്നത് അപ്പോളോ-11 നെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമായിരുന്നു. അമേരിക്കയില്‍ കളര്‍ ടെലിവിഷന്‍ പ്രചാരത്തിലുണ്ടായിരുന്നിട്ടും കളര്‍ ഇന്‍ഫര്‍മേഷന്‍ (colour information) ഉപേക്ഷിച്ച് ബ്‌ളാക്ക്&വൈറ്റ് മോഡുലേഷന്‍ തെരഞ്ഞെടുത്തതും സിഗ്നല്‍ ലളിതവല്‍ക്കരിക്കുന്നതിന്റെ ഭാഗമായിരുന്നു. ആദ്യ സംരഭത്തിലുണ്ടായിരുന്ന ഈ പരിമിതികള്‍ പിന്നീടുള്ള ദൗത്യങ്ങളില്‍ തൃപ്തികരമായി പരിഹരിച്ചുവെന്നത് വേറെ കാര്യം. 

S-band antenna in Command Module
അതേസമയം തന്നെ കമാന്‍ഡ് മോഡ്യൂള്‍(Command Module) വഴി അപ്പോളോ-11 ല്‍ നിന്ന് കളര്‍ ചിത്രങ്ങള്‍ ലഭ്യമാക്കിയതെങ്ങനെ എന്ന ബാര്‍ട്ട് സിബ്രലിന്റെ ചോദ്യം ഇലിടെ വിട്ടുകളയേണ്ടതില്ല. കമാന്‍ഡ് മോഡ്യൂളും (CM) ല്യൂണാര്‍ മോഡ്യൂളും(LM) രണ്ടാണ്. ല്യൂണാര്‍ മോഡ്യൂള്‍, സഞ്ചാരികള്‍, പരീക്ഷണസാമഗ്രികള്‍ തുടങ്ങിയവയെല്ലാം വഹിച്ചുകൊണ്ട് ചന്ദ്രനെ ചുറ്റിയ ചാന്ദ്രവാഹനമാണ് കമാന്‍ഡ് മോഡ്യൂള്‍. അതില്‍ കളര്‍ ചിത്രങ്ങള്‍ക്ക് വേണ്ട സിഗ്നലുകള്‍ അയക്കാന്‍ ശേഷിയുള്ള എസ്-ബാന്‍ഡ് ആന്റന സ്ഥാപിച്ചിട്ടുണ്ടായിരുന്നു. അതില്‍ ഊര്‍ജ്ജം ഉദ്പാതിച്ചിരുന്നത് ബാറ്ററിയില്‍ നിന്നായിരുന്നില്ല, മറിച്ച് അതില്‍ സ്ഥാപിച്ചിരുന്ന ഇന്ധന സെല്ലുകളില്‍(fuel cells) നിന്നായിരുന്നു. അതാകട്ടെ, ല്യൂണാര്‍ മോഡ്യൂളില്‍ ലഭ്യമായ ബാറ്ററിശേഖരത്തില്‍ നിന്നും വളരെ കൂടുതലുമായിരുന്നു. കമാന്‍ഡ് മോഡ്യൂളിലെ എസ്-ബാന്‍ഡ് ക്യാമറ വഴി താഴെയുള്ള ലൂണാര്‍ മോഡ്യൂളിലെ സിഗ്നലുകള്‍ നേരിട്ട് സ്വീകരിച്ചിരുന്നുവെങ്കില്‍ പിന്നീട് CM ല്‍ നിന്ന് കളര്‍ സംപ്രേഷണംതന്നെ സാധ്യമാകുമായിരുന്നില്ലേ? തീര്‍ച്ചയായും സാധിക്കുമായിരുന്നു. എന്നാല്‍ അവിടെ പ്രശ്‌നം മറ്റൊന്നായിരുന്നു. കമാന്‍ മോഡ്യൂള്‍ എപ്പോഴും ചന്ദ്രനെ പ്രദക്ഷണം ചെയ്തുകൊണ്ടിരിക്കുകയായിരിക്കും. അതിനാല്‍ പ്രദക്ഷണത്തിന്റെ പകുതിസമയം അത് ചന്ദ്രന്റെ മറ്റേ വശത്തായിരിക്കും. അപ്പോഴൊക്കെ ഭൂമിക്ക് അഭിമുഖമല്ലാത്തതിനാല്‍ ഭൗമസ്റ്റേഷനുമായുള്ള ബന്ധം തടസ്സപ്പെടും. അപ്പോളോ-11 യാത്രികര്‍ ചന്ദ്രനില്‍ ചെലവിട്ട രണ്ടര മണിക്കൂര്‍ സമയം പലകുറി കമാന്‍മോഡ്യൂളിലിരുന്ന മൈക്കല്‍ കൊളിന്‍സിന് ല്യൂണാര്‍ മോഡ്യൂളുമായും ഭൗമസ്റ്റേഷനുമായുള്ള ബന്ധം നഷ്ടപ്പെടുകയുണ്ടായി. അതുകൊണ്ടുതന്നെ കളര്‍ സംപ്രേഷണത്തെപ്പറ്റി ആലോചിക്കാനാവുമായിരുന്നില്ല.

ചന്ദ്രനില്‍നിന്ന് ല്യൂണാര്‍ മോഡ്യൂളിലെ ചെറിയ ആന്റന വഴി സംപ്രേഷണം ചെയ്ത ദുര്‍ബല ദൃശ്യസിഗ്നലുകള്‍ ആദ്യം ഓസ്‌ട്രേലിയയിലെ Honeysuckle Creek's സ്റ്റേഷന്റെ ഡിഷ് ആന്റിനവഴിയാണ് പിടിച്ചെടുത്തത്. പിന്നീടത് ഹൂസ്റ്റണിലുള്ള മിഷന്‍ കണ്‍ട്രോളിലെ പത്തിഞ്ച് വലുപ്പുള്ള ഒരു ബ്‌ളാക്ക്&വൈറ്റ് മോണിറ്ററിലാണ് തെളിഞ്ഞത്. അതായത് ഇന്നു നാം ഉപയോഗിക്കുന്ന കമ്പ്യൂട്ടര്‍ മോണിറ്ററിന്റെ(സ്റ്റാന്‍ഡേര്‍ഡ്-15 ഇഞ്ച്) മൂന്നില്‍ രണ്ട് വ്യപ്തി മാത്രമുള്ള ഒരു സ്‌ക്രീനായിരുന്നുവത്. ആ സ്‌ക്രീനില്‍ നിന്നാണ് അതിലേലേക്ക് ഫോക്കസ് ചെയ്തുവെച്ചിരുന്ന ഒരു വിഡികോണ്‍ കാമറ (vidicon camera)വഴി ദൃശ്യങ്ങള്‍ ഒപ്പിയെടുത്ത് ടി.വി പ്രേക്ഷകര്‍ക്കു മുന്നിലെത്തിച്ചത്. ഈ സ്‌ക്രീനിലെ ചെറിയ പൊടിപടലവും അഴുക്കുപാടുകളുമൊക്കെ വീഡിയോയില്‍ കലര്‍പ്പുണ്ടാക്കി. അതാകട്ടെ വീഡിയോ ദൃശ്യങ്ങള്‍ കുറേക്കൂടി മോശമാക്കി. അതേസമയം നിശ്ചലചിത്രങ്ങളില്‍(stills) മിക്കതും ഭദ്രമായി സൂക്ഷിച്ച് ഭൂമിയില്‍ കൊണ്ടുവന്ന് വികസിപ്പിച്ചടുക്കുകയായിരുന്നു. 

Honey suckle creek's station
ചന്ദ്രനില്‍ നിന്നുള്ള ശബ്ദസംപ്രേഷഷണം ഏഴു സെക്കന്‍ഡ് വൈകിയാണ് പുറംലോകത്തിന് ലഭിച്ചുകൊണ്ടിരുന്നത്. ആസട്രോനോട്ടുകളുടെ വാചകത്തില്‍ സംഭവിക്കുന്ന പാകപ്പിഴകളും ഉച്ചാരണപ്പിശകും ഗ്രൗണ്ട് കണ്‍ട്രോള്‍ എഞ്ചിനീയര്‍മാര്‍ക്ക് തിരുത്താന്‍ അവസരമൊരുക്കാനായിട്ടായിരുന്നു വൈകിപ്പിച്ചത്. അപ്പോളോ-7 ലെ യാത്രികര്‍ക്കും ഗ്രൗണ്ട് കണ്‍ട്രോള്‍ മിഷനുമിടയ്ക്കുണ്ടായ സ്വരചേര്‍ച്ചയില്ലായ്മ ശബ്ദസംപ്രേഷണത്തിന്റെ കാര്യത്തില്‍ എഡിറ്റിംഗ് നടത്താന്‍ നാസയെ പ്രേരിപ്പിച്ച ഘടകമാണ്. ചന്ദ്രനില്‍ നിന്നും ശബ്ദം ഇവിടെ ലഭിക്കാനും തിരിച്ചു മറുപടി നല്‍കുന്നതിനും ഇടയ്ക്ക് ഏതാണ്ട് രണ്ടു സെക്കന്‍ഡിന്റെ അന്തര(lag)മുണ്ടാവും. സംഭാഷണം ശ്രദ്ധിക്കുന്ന ശ്രോതാക്കള്‍ക്ക് ഇത് അലോരസമുണ്ടാക്കും. അതുകൊണ്ടും എഡിറ്റിംഗ് ആവശ്യമായിരുന്നു. ഇതിലൊക്കെ അടങ്ങിയിരിക്കുന്ന രാജ്യരക്ഷാതാല്‍പര്യം സംരക്ഷിക്കാന്‍ നാസയ്ക്ക് നിയമപരമായ അവകാശവുമുണ്ടെന്നതും പരിഗണിക്കണം. വിഡിയോയുടെ കാര്യത്തില്‍ സംഭവിച്ച വൈകിക്കലാകട്ടെ(delay) മേല്‍ വിശദീകരിച്ചതുപോലെ സാങ്കേതികവുമായിരുന്നു.

ചന്ദ്രനില്‍ ഇറങ്ങി സുരക്ഷിതമായി തിരിച്ചുപോരുകയെന്നത് മാത്രമായിരുന്നു അപ്പോളോ-11 ന്റെ പ്രഖ്യാപിതലക്ഷ്യം. 1961 ല്‍ കെന്നഡി മനുഷ്യനെ ചന്ദ്രനിലിറക്കുമെന്ന് പ്രഖ്യാപിച്ചപ്പോള്‍ അവിടെ നിന്ന് പാറ കൊണ്ടുവരുമെന്നോ അത് ടി.വി യില്‍ ലൈവായി ലോകത്തെ കാണിക്കുമെന്നോ ചാന്ദ്രോപരിതലത്തില്‍ പരീക്ഷണം നടത്തുമെന്നോ സൂചിപ്പിച്ചിരുന്നില്ല. അതൊക്കെ പിന്നീട് കാലാനുസാരിയായി അപ്പോളോപദ്ധതിയോട് കൂട്ടിച്ചേര്‍ത്തതാണ്. പിന്നീട് കൂട്ടിച്ചേര്‍ത്ത കാര്യങ്ങള്‍ക്ക് കുറച്ച് ശ്രദ്ധ കൊടുക്കാനേ നാസയ്ക്കായുള്ളു. പിന്നിടുള്ള ദൗത്യങ്ങളില്‍ കൂടുതല്‍ കൃത്യവും വ്യക്തവും ദൈര്‍ഘ്യമേറിയതുമായ ദൃശ്യചിത്രങ്ങള്‍ ലഭിച്ചുവെന്നതോര്‍ക്കുക. 'തട്ടിപ്പ്' ഒളിപ്പിക്കാനായി അപ്പോളോ-11 ന്റെ വിഡീയോ മന:പൂര്‍വം അലങ്കോലപ്പെടുത്തിയെന്ന് (ആസ്‌ട്രോനോട്ടുകളെ കെട്ടിയിറിക്കിയ കേബിള്‍ വയറുകള്‍ കാണാതിരിക്കാനായി/' to hide the wires') ആരോപിക്കുന്ന റാല്‍ഫ് റെനയെ കൂട്ടരും പിന്നീടുള്ള ദൗത്യങ്ങളിലെ വ്യക്തത കൂടിയ ചിത്രങ്ങളെപ്പറ്റി നിശബ്ദത പാലിക്കുന്നത് ദുരൂഹമല്ലേ.

അത്യുഷ്ണവും അതിശൈത്യവും
ചന്ദ്രനിലെ അത്യുഷ്ണത്തില്‍ ക്യാമറ പൊട്ടിത്തെറിക്കുമെന്നും ഉള്ളിലെ ഫിലിം ഉരുകിയൊലിക്കുമെന്നുമാണ് മറ്റൊരു ഹോക്‌സ് വാദം. അപ്പോളോദൗത്യത്തിനായി ക്യാമറ നിര്‍മ്മിച്ച് കൊടുത്തത് വിശ്രുതമായ ഹസല്‍ബാള്‍ഡ് കമ്പനിയാണ്. ചാന്ദ്രയാത്രയ്ക്കായി പ്രത്യേകം തയ്യാറാക്കിയ ക്യമറയാണ് (Hassalbald-500 EL)ഉപയോഗിച്ചത്. ക്യാമറയ്ക്കുള്ളില്‍ ഉപയോഗിക്കേണ്ട ഫിലിം നിര്‍മ്മിച്ചതാകട്ടെ കോഡാക്കും(Codak). തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ചന്ദ്രനിലെ കാലവസ്ഥയില്‍ ന്യൂനതകളില്ലാതെ പ്രവര്‍ത്തിക്കുമെന്ന കാര്യത്തില്‍ കോഡാക്കിനോ ഹസല്‍ബാള്‍ഡിനും അന്നുമിന്നും സംശയമൊന്നുമില്ല. ചന്ദ്രനില്‍ ഉപയോഗിക്കാന്‍ സവിശേഷ ഫിലിമൊന്നും കൊണ്ടുപോയില്ലെന്ന് നാസ വെളിപെടുത്തിയിട്ടുണ്ട്. ചന്ദ്രനിലെ കാലാവസ്ഥ അതിരൂക്ഷമാണെന്നതില്‍ സംശയമില്ല. 280 Fഅല്ലെങ്കില്‍ 136 ഡിഗ്രി സെന്റിഗ്രേഡാണ്(അല്ലെങ്കില്‍ ഡിഗ്രി സെല്‍ഷ്യസ്, രണ്ടും ഫലത്തില്‍ ഒന്നുതന്നെ. സ്വീഡിഷ് അസ്‌ട്രോണമറായ ആന്‍ഡേഴ്‌സ് സെല്‍ഷ്യസാണ് (Anders Celsius-1701-44)നൂറിന്റെ അംശങ്ങളായി താപമാനദണ്ഡം കണക്കാക്കുന്ന രീതി ആദ്യമായി അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ ഓര്‍മ്മയ്ക്കാണ് 1948 ല്‍ ഡിഗ്രി സെല്‍ഷ്യസ് എന്ന് ഈ യൂണിറ്റ് പുനര്‍നാമകരണം ചെയ്തത്) പൂര്‍ണ്ണ സൂര്യപ്രകാശത്തില്‍ ചന്ദ്രോപരിതലത്തിലെ ഊഷ്മാവ്. ഇത് ഏതാണ്ട് മധ്യരേഖയിലെ ഉച്ചനേരത്തെ ശരാശരി ഉപരിതല ഊഷ്മാവാണ്(surface temperature). ഭൂമിയില്‍ നാം പൊതുവില്‍ അനുഭവിക്കുകയും പരാമര്‍ശിക്കുകയും അന്തരീക്ഷ ഊഷ്മാവുമായി(atmosperic temperature)ഇതിനെ താരതമ്യം ചെയ്യരുത്. ചന്ദ്രനില്‍ അന്തരീക്ഷമില്ലാത്തതിനാല്‍ അന്തരീക്ഷ ഊഷ്മാവെന്ന പ്രശ്‌നമേ ഉദിക്കുന്നില്ല. ഉപരിതലത്തിലെ വസ്തുക്കളുടെ പ്രതിഫലനനിരക്കനുസരിച്ച് 138 ഡിഗ്രി സെല്‍ഷ്യസ് എന്ന കണക്ക് വ്യത്യാസപ്പെടാം. ചാന്ദ്രോപരിതലത്തിന്റെ വിവിധഭാഗങ്ങളില്‍ അതാത് സ്ഥലങ്ങളെ പൊതിഞ്ഞിരിക്കുന്ന വസ്തുക്കളുടെ പ്രതിഫലനശേഷിയനുസരിച്ച്(ability to reflect light) താപനില കൂടിയും കുറഞ്ഞുമിരക്കും. ഭൂമിയിലെന്നപോലെ, ചാന്ദ്രോപരിതലത്തിലെ ഉരരിതല ഊഷ്മാവ് ചന്ദ്രനിലെവിടെയും ഒരുപോലെയാവില്ല. ഇവിടെയായാലും ഉച്ചനേരത്ത് ടാറിട്ട റോഡില്‍ ചവിട്ടുന്നതുപോലെയല്ലല്ലോ പച്ചമണ്ണില്‍ ചവിട്ടുന്നത്. അപ്പോളോ വാഹനങ്ങള്‍ ചെന്നിറങ്ങിയ ചാന്ദ്രോപരിതലത്തിലെ സ്ഥലങ്ങളിലെ ശരാശരി കൂടിയതാപനിലയും കുറഞ്ഞ താപനിലയും +180F നും -180 F നും ഇടയ്ക്കായിരുന്നുവെന്നാണ് നാസ സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. അതായത് മുമ്പ് പരാമര്‍ശിച്ച +280F എന്നത് മധ്യരേഖാപ്രദേശത്തെ ഉയര്‍ന്ന ശരാശരിയാണ്. ഇതാകട്ടെ, വീണ്ടും പറയട്ടെ, ചന്ദ്രോപരിതലത്തിലെ പാറയുടേയും ചാന്ദ്രധൂളിയുടേയും ഊഷ്മാവാണ്.

Hassal bald 500-EL
ഡോ. ഡേവിഡ് ഗ്രോവ്‌സിനെ (Dr.David Groves) ഉദ്ധരിച്ചുകൊണ്ട് ബെന്നറ്റും പെര്‍സിയും 'Dark Moon' ല്‍ നടത്തുന്ന വാദമൊക്കെ രൂക്ഷമായ ചൂടിനും തണുപ്പിനും ശരാശരി നാലു മണിക്കൂര്‍ ഫിലിമും ക്യാമറയും വിധേയമായതായി സങ്കല്‍പ്പിച്ചുകൊണ്ടാണ്. അങ്ങനെയാണ് ഫിലിം ഉരുകുമെന്നും ക്യാമറ പൊട്ടിത്തെറിക്കുമെന്നും അവര്‍ അവകാശപ്പെടുന്നത്. ഡോ.ഗ്രോവ്‌സ് ഭൂമിയിലെ ഒരു ചൂളയില്‍ ഈ പരീക്ഷണം നടത്തി ഫിലിം ഉരുക്കി കാണിക്കുക കൂടി ചെയ്തു! ഭൂമിയില്‍ നടക്കുന്ന അന്തരീക്ഷത്തിലൂടെയുള്ള താപസംവഹനപ്രക്രിയ (convective heat transfer) ചന്ദ്രനില്‍ അസംഭവ്യമാണെന്ന് അടിസ്ഥാനവിവരം കൂടി അദ്ദേഹം മറന്നുവെന്നത് അതിശയകരമാണ്. തുടര്‍ച്ചയായി കുറഞ്ഞത് 4 മണിക്കൂറെങ്കിലും അപ്പോളോ സഞ്ചാരികള്‍ ക്യാമറ സൂര്യന് നേരെ ഉയര്‍ത്തിപിടിച്ചുകൊണ്ട് നിന്നാലേ +180Fഎന്ന താപനില ആര്‍ജ്ജിക്കാനാവൂ. പക്ഷെ അവരൊരിക്കലും അങ്ങനെ ക്യാമറ 'ചൂടാക്കാന്‍' നില്‍ക്കുകയായിരുന്നില്ലെന്ന് നമുക്കറിയാം. സഞ്ചാരികള്‍ പല കാര്യങ്ങള്‍ ചെയ്യുകയും സദാ ചലിക്കുകയും ചെയ്തുകൊണ്ടിരുന്നു. സൂര്യനഭിമുഖമായും പ്രതിമുഖമായും സഞ്ചരിക്കവെ ക്യാമറയും ഫിലിമും പ്രകാശത്തിലും നിഴലിലും മാറിമാറി കടന്നുപൊയ്‌ക്കൊണ്ടിരുന്നു. അന്തരീക്ഷമില്ലാത്തതിനാല്‍ ചന്ദ്രനില്‍ നിഴലിന് നല്ല തണുപ്പായിരിക്കുമെന്നോര്‍ക്കുക. തണുപ്പിലെത്തുന്ന വസ്തു ചൂടുപിടിക്കാനും ചൂടുപിടിച്ച വസ്തു പൂര്‍ണ്ണമായി തണുക്കാനും നേരം കുറെ പിടിക്കുമെന്നതിനാല്‍ അപ്പോളോ സഞ്ചാരികള്‍ ഉപയോഗിച്ച ക്യാമറ +180F/ -180 F എന്ന താപനില കൈവരിക്കാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് വ്യക്തമാണ്. ചൂടുപോലെതന്നെ സ്‌പേസിലെ കൊടുംതണുപ്പ് ഫിലിമിനും ക്യാമറയ്ക്കും അതിജീവിക്കാനാവില്ലെന്ന വാദവും ഉയര്‍ത്തപ്പെടുന്നുണ്ട്. ഇന്നും സ്‌പേസില്‍ പ്രവര്‍ത്തിക്കുന്ന നൂറുകണക്കിന് ക്യാമറകള്‍ ഈ പ്രസ്താവത്തെ നോക്കി ചിരിക്കുകയാണ്.
Apollo-12 Astronaut
with chest camera on
സൂര്യരശ്മികള്‍ കൂടുതല്‍ ലംബമായി പതിക്കുന്നതിനാല്‍ ചന്ദ്രനിലും ഉച്ചനേരത്ത് പ്രഭാത-പ്രദോഷ വേളകളെക്കാള്‍ താരതമ്യേന ചൂട് കൂടുതലായിരിക്കും. സഞ്ചാരികള്‍ കൃത്യമായും പ്രഭാത-സായന്തനവേളകളില്‍ ചെന്നിറങ്ങത്തക്ക വിധമാണ് അപ്പോളോ യാത്രകള്‍ സംവിധാനം ചെയ്തിരുന്നതെന്ന് സൂചിപ്പിച്ചുവല്ലോ. എങ്കിലും പ്രത്യേക ബൂട്ടുകളില്ലാതെ പകല്‍ സമയത്ത് ചന്ദ്രനില്‍ ചവിട്ടി നില്‍ക്കാന്‍ പ്രയാസമായിരിക്കും. പക്ഷെ ഉപരിതലത്തിന്റെ അതേ ചൂട് മുകളിലോട്ട് ആസ്‌ട്രോനോട്ടുകള്‍ക്ക് താങ്ങേണ്ടി വന്നിട്ടുണ്ടാവില്ല. സ്‌പേസ് സ്യൂട്ടിന് പുറത്ത് ലേപനം ചെയ്തിരുന്ന അലൂമിനിയം കവചം സൂര്യനില്‍ നിന്ന് നേരിട്ട് പതിക്കുന്ന പ്രകാശത്തിന്റെ പകുതിയും പ്രതിഫലിപ്പിച്ച് പുറത്തുവിടാന്‍ ശേഷിയുള്ളതായിരുന്നു. മാത്രമല്ല ഉപരിതലോഷ്മാവ് മുകളിലേക്ക് ബാധിക്കുന്ന പ്രശ്‌നവും ഉദിക്കുന്നില്ലല്ലോ. ഭൂമിയില്‍ തന്നെ ഉപരിതലത്തില്‍ നിന്ന് മുകളിലോട്ട് പോകുന്തോറും ഊഷ്മാവ് കുറയുന്നതോര്‍ക്കുക. നല്ല സൂര്യപ്രകാശമുള്ളപ്പോഴും അന്തരീക്ഷത്തിന്റെ ഉയര്‍ന്ന മണ്ഡലങ്ങളില്‍ ഊഷ്മാവ് പൂജ്യത്തിലും താഴെയാണല്ലോ. ആ നിലയ്ക്ക് ചന്ദ്രനില്‍ നില്‍ക്കുന്ന ഒരാളുടെ പാദവും ശിരസ്സും തമ്മില്‍ ഊഷ്മാവിന്റെ കാര്യത്തില്‍ അന്തരമുണ്ടാകും. ഇതേ വ്യത്യാസം സൂര്യനഭിമുഖമായും പ്രതിമുഖമായും നില്‍ക്കുന്ന ശരീരഭാഗങ്ങള്‍ക്കിടയിലുമുണ്ടാകും. ചന്ദ്രനില്‍ നിങ്ങള്‍ കൈപ്പത്തി ഉയര്‍ത്തി സൂര്യനെ മറയ്ക്കുകയാണെങ്കില്‍ നിങ്ങളുടെ കൈയ്യുടെ പുറം ചൂടായി കൊണ്ടിരിക്കുന്നതനുസരിച്ച് ഉള്‍വശം തണുത്തുകൊണ്ടിരിക്കും! പറഞ്ഞു വരുന്നതിതാണ്-സഞ്ചാരികളുടെ കയ്യിലും നെഞ്ചത്തും നിലകൊള്ളുന്ന ക്യാമറയ്ക്ക ചന്ദ്രനിലെ ഉപരിതല താപനിലയിലും കുറഞ്ഞ ഊഷ്മാവേ നേരിടേണ്ടിവരുകയുള്ളു.


ഹാസല്‍ബാള്‍ഡ് ക്യാമറയുടെ പുറംചട്ടയിലാകമാനം പ്രകാശം പ്രതിഫലിപ്പിക്കുന്ന അലുമിനിയം മിശ്രിതം (a shiny polished metal finish)പൂശിയിട്ടുണ്ടായിരുന്നു. മാത്രമല്ല ഒരു മുന്‍കരുതലെന്ന നിലയില്‍ ക്യാമറയുടെ പുറംകവചത്തിനുള്ളിലും താപം ആഗിരണം ചെയ്യാന്‍ ശേഷിയുള്ള പ്‌ളേറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ടായിരുന്നുവെന്ന് ഹാസല്‍ബാള്‍ഡ് സ്ഥിരീകരിക്കുന്നുണ്ട്. ഇവിടെ ശ്രദ്ധിക്കേണ്ടത് എത്ര സമയം ഫിലിം അതിതാപകാലവസ്ഥയുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ വരുന്നുവെന്നതാണ്. ക്യാമറയുടെ മുകളില്‍ പതിക്കുന്ന പ്രകാശത്തില്‍ നല്ലൊരു ശതമാനം പ്രതിഫലനം ചെയ്ത് പുറത്തുപോകും. ബാക്കിയുള്ള താപം ഫിലിമിനെ ബാധിക്കണമെങ്കില്‍ ക്യാമറയിലൂടെ താപവിനിമയം നടന്ന് ഫിലിം ഇരിക്കുന്ന സ്ഥാനത്തെ ചൂടുപിടിപ്പിക്കണം. എങ്കില്‍ മാത്രമേ ഫിലിമുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന ക്യാമറാഭാഗം(the camera body) വഴി ഫിലിമിന് ചൂടേല്‍ക്കുകയുള്ളു. 65 ഡിഗ്രി സെല്‍ഷ്യസില്‍ തങ്ങളുടെ ഫിലിം ഉരുകുമെന്നാണ് കോഡാക്ക് പറഞ്ഞിട്ടുള്ളത്. എന്നാല്‍ മേല്‍ വിശദീകരിച്ചതില്‍ നിന്നും ഫിലിമില്‍ അത്രയും ഉയര്‍ന്ന താപമേല്‍ക്കാനുള്ള സാധ്യത തീരെയില്ലെന്ന് കാണാം. പ്രഭാത-സായന്തന നേരങ്ങളില്‍ പകല്‍താപനില കുറവാണ്. സുരക്ഷാ കവചമുള്ളതിനാല്‍ ഫിലിമില്‍ നേരിട്ട് സൂര്യപ്രകാശം വീഴുന്നുമില്ല. അന്തരീക്ഷമില്ലാത്തതിനാല്‍ മറ്റുരീതിയിലുള്ള താപവിനിമയങ്ങളൊന്നും ചന്ദ്രനില്‍ നടക്കുന്നില്ല. വളരെ പെട്ടെന്ന് ക്‌ളിക്ക് ചെയ്യുകയും പെട്ടെന്നടയ്ക്കുകയും ചെയ്താല്‍ ഫിലിം ചൂടാകാനുള്ള സാധ്യത വീണ്ടും കുറയുകയാണ്. ശരിക്കും അങ്ങനെ തന്നെയാണല്ലോ നാം ഫോട്ടാ എടുക്കുന്നത്. പക്ഷെ ഫിലിം കൂടുതല്‍ സമയം തുറന്നുവെച്ചിരുന്നാല്‍ ചന്ദ്രനിലെ അത്യുഷ്ണത്തില്‍ ഫിലിമിന് കേടുപാട് സംഭവിക്കാനും സാധ്യതയുണ്ടായിരുന്നു. ഫിലിമിന്റെ തുറന്നുവെക്കല്‍ സമയം കുറയ്ക്കണമെന്ന നിര്‍ദ്ദേശം ചാന്ദ്രയാത്രികര്‍ക്ക് നല്‍കിയിരുന്നു. അതാകട്ടെ, പരോക്ഷമായി, ചാന്ദ്രാകാശത്തിലെ നക്ഷത്രങ്ങളെ ഷൂട്ട് ചെയ്‌തെടുത്തില്ലെന്ന പരാതിക്കും കാരണമായി. ഫിലിം കുടുതല്‍ സമയം തുറന്നുവെച്ചിരുന്നുവെങ്കില്‍ ഫിലിമിന് കേടുപാടു സംഭവിച്ച് ഷൂട്ടിംഗ് തന്നെ മുടങ്ങുമായിരുന്നു. നന്നായി എക്‌സ്‌പോസ് ചെയ്യാത്തതനാല്‍ നക്ഷത്രങ്ങളെ കിട്ടിയതുമില്ല! നോക്കണേ, സാഹചര്യങ്ങളുടെ ഓരോരോ സമ്മര്‍ദ്ദങ്ങള്‍!!
(തുടരും)

Saturday 3 September 2011

പടയില്‍ തോറ്റതും പന്തയത്തില്‍ ജയിച്ചതും

The award winner picture (from
Vietnam war site)
അമേരിക്ക ചന്ദ്രനില്‍ പൊയെന്ന് കെട്ടുകഥയുണ്ടാക്കിയത് വിയറ്റ്‌നാം യുദ്ധത്തിലെ പരാജയം മറച്ചുവെക്കാനായിരുന്നുവോ?! ചന്ദ്രനെ കീഴടക്കിയ ശേഷവും അമേരിക്ക വിയറ്റ്‌നാമില്‍ തോറ്റെന്ന് ചരിത്രം. വടക്കന്‍ വിയറ്റ്‌നാമിനും തെക്കന്‍ വിയറ്റ്‌നാമിനും ഇടയില്‍ നടന്ന 1950 മുതല്‍ 1975 വരെ നീണ്ട അനുസ്യൂതമായ ആഭ്യന്തരയുദ്ധത്തെയാണ് നാം 'വിയറ്റ്‌നാം യുദ്ധ'മെന്ന് വിളിക്കുന്നത്. കമ്പോഡിയ, ലോവോസ് പോലുള്ള രാജ്യങ്ങളും അതില്‍ ഭാഗഭാക്കുകളായിരുന്നു. വിദേശശക്തികളുടെ സാന്നിധ്യമാണ് ഈ ആഭ്യന്തരയുദ്ധത്തിന് ആഗോളമാനം നല്‍കിയത്. 


വടക്കന്‍ വിയറ്റ്‌നാമിന്റെ സ്‌പോണ്‍സര്‍ സോവിയറ്റ് യൂണിയനായിരുന്നു. തെക്കന്‍ വിയ്റ്റനാമിന് പിന്തുണ നല്‍കിയതാകട്ടെ അമേരിക്കയും ഓസ്ട്രിലിയയും ഫിലപ്പൈന്‍സും മറ്റും. അതായത് അമേരിക്കയും സോവിയറ്റ് യൂണിയനും തമ്മിലുള്ള നിഴല്‍യുദ്ധമായിരുന്നു വിയറ്റ്‌നാം യുദ്ധം. ഇരുകൂട്ടരും പ്രത്യക്ഷമായും പരോക്ഷമായും സൈനികര്‍, ആയുധങ്ങള്‍, ടാങ്കുകള്‍, മിസൈലുകള്‍, പോര്‍വിമാനങ്ങള്‍ എന്നിവ വിയറ്റ്‌നാമില്‍ വിന്യസിച്ചു. തങ്ങളുടെ കൂട്ടാളികള്‍ക്ക് സൈനികപരീശീലനം നല്‍കി. അവസാനം സോവിയറ്റ് പിന്തുണയുള്ള കമ്മ്യൂണിസ്റ്റ് വടക്കന്‍ വിയറ്റ്‌നാം വിജയം വരിച്ചു. കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ കീഴില്‍ വിയറ്റ്‌നാം ഏകീകരിക്കപ്പെട്ടു. പരമാവധി പിടിച്ചുനില്‍ക്കാന്‍ നോക്കിയെങ്കിലും 1973 ആയപ്പോഴേക്കും അമേരിക്കയ്ക്ക് അവിടെനിന്നും പൂര്‍ണ്ണമായും പിന്‍മാറേണ്ടി വന്നു. അതിനുശേഷവും ഇടപെടണമെന്ന് അമേരിക്കയ്ക്ക് ആഗ്രഹമുണ്ടായിരുന്നു. യുദ്ധവിരാമസന്ധി പാലിക്കപ്പെട്ടില്ലെങ്കില്‍ വീണ്ടും രംഗത്തെത്തുമെന്നൊക്കെ പ്രസിഡന്റ് നിക്‌സണ്‍ ഭീഷണിപ്പെടുത്തിയിരുന്നതാണ്. പക്ഷെ അമേരിക്കയുടെ പ്രതീക്ഷയനുസരിച്ച് ഒന്നും നടന്നില്ല. 
American choppers in vietnam
അമേരിക്കയെ സംബന്ധിച്ചിടത്തോളം കമ്മ്യൂണിസത്തിനും സോവിയറ്റ് യൂണിയനുമെതിരായ യുദ്ധമായിരുന്നു വിയറ്റ്‌നാമില്‍ നടന്നത്. ജയിക്കാമായിരുന്ന ഒരു യുദ്ധത്തില്‍നിന്ന് അണുബോംബ് കയ്യിലുണ്ടായിരുന്ന അമേരിക്ക പിന്‍മാറിയത് വിയറ്റ്‌നാമികളുടെ പോരാട്ടവീര്യവും ഒളിപ്പോര്‍ തന്ത്രവും കൊണ്ടു മാത്രമാണെന്ന് പറയുമ്പോള്‍ അവിടെ കാര്യങ്ങള്‍ വല്ലാതെ ലഘൂകരിക്കപ്പെടുകയാണ്. യു.എസ് സൈനികരുടെ ശവം തിരികെവരുമ്പോഴുണ്ടായ പ്രതിഷേധവും യുദ്ധവിരുദ്ധറാലികളുമൊക്കെ അമേരിക്കയില്‍ അരങ്ങേറിയിട്ടുണ്ട്. തീര്‍ച്ചയായും അതൊക്കെ പിന്‍മാറ്റത്തില്‍ അതിന്റേതായ പങ്കുവഹിച്ചിട്ടുണ്ടാകാം. പക്ഷെ, ആലോചിക്കുക, പൂച്ച എത്ര മിടുക്കനായാലും പുലിയുടെ മുന്നില്‍ രക്ഷയില്ല. സോവിയറ്റ് യൂണിയനായിരുന്നു വിയറ്റ് നാം ജനതയുടെ പിന്നില്‍ മറഞ്ഞുനിന്ന് 'റാവുത്തര്‍'(വിയറ്റ്‌നാം കോളനിയിലെ 'റാവുത്തര്‍' എന്ന കഥാപാത്രത്തെ ഓര്‍ക്കുക. റാവുത്തരെ കണ്ടാണ് ഓട്ടോക്കൂലിക്ക് തര്‍ക്കിച്ച് നിന്ന ഡ്രൈവര്‍ കൂലിയും കളഞ്ഞ് ജീവനും കൊണ്ടോടുന്നത്).


വിയറ്റ്‌നാം യുദ്ധം മുറുകുന്നത് 1965-70 കാലഘട്ടത്തിലാണ്. മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള ഉഗ്രശപഥം കെന്നഡി പ്രഖ്യാപിച്ചത് 1961 ലും. അന്നും വിയറ്റ്‌നാമില്‍ സംഘര്‍ഷം രൂക്ഷമാണ്;അതിന് ദശകങ്ങള്‍ക്കു മുമ്പും ശേഷവും അവിടെ പോരാട്ടമുണ്ട്. തീര്‍ച്ചയായും കെന്നഡിക്കും വിയറ്റ്‌നാം തലവേദനയായിരുന്നു. പക്ഷെ വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്ക തോല്‍ക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് മനുഷ്യന്‍ ഒരു ദശകത്തിനുള്ളില്‍ ചന്ദ്രനിലിറക്കുമെന്ന് കെന്നഡി പ്രസ്താവിച്ചതെന്ന് ആരും വാദിക്കില്ലല്ലോ. കാര്യങ്ങള്‍ നേരാംവണ്ണം പോയിരുന്നെങ്കില്‍ ഒരുപക്ഷെ അപ്പോളോ-7 ന് മുമ്പേ മനുഷ്യന്‍ ചന്ദ്രനിലിറങ്ങുമായിരുന്നു.  അപ്പോളോ ദൗത്യത്തിലെ ആദ്യവാഹനമായ അപ്പോളോ-1 വിക്ഷേപിക്കുന്നത് 1967 ലാണ്. അന്ന് വിയറ്റ്‌നാം യുദ്ധത്തില്‍ അമേരിക്ക തോറ്റിട്ടില്ല. അപ്പോളോ-1 ലെ മൂന്ന് സഞ്ചാരികളും പരീക്ഷണഘട്ടത്തില്‍ തന്നെ കൊല്ലപ്പെട്ടത് കനത്ത തിരിച്ചടിയായിരുന്നു. ആദ്യമായി മനുഷ്യന്‍ ചന്ദ്രനിലിറങ്ങുന്നത് 1969 ജൂലൈ 20ന്; അവസാനമിറങ്ങിയത് 1972 ലും. അന്നും വിയറ്റ്‌നാമില്‍ അമേരിക്ക യുദ്ധം തുടരുകയാണ്. 1973 ലാണ് പൂര്‍ണ്ണമായ പിന്‍മാറ്റം. ചുരുക്കിപറഞ്ഞാല്‍ അമേരിക്കയുടെ ചാന്ദ്രദൗത്യവും  വിയറ്റ്‌നാം യുദ്ധവും സന്ദര്‍ഭവശാല്‍ സമകാലികമായിരുന്നു എന്നല്ലാതെ അവയെ പരസ്പരം ബന്ധിക്കുന്ന കാര്യങ്ങള്‍ കുറവാണ്. ഒരുപക്ഷെ വിയറ്റ്‌നാം യുദ്ധത്തിലെ തിരിച്ചടികള്‍ സോവിയറ്റ് യൂണിയനെ തറപറ്റിക്കാനുള്ള ആസക്തി അമേരിക്കന്‍ ഭരണകൂടത്തില്‍ വര്‍ദ്ധിപ്പിച്ചിരിക്കാം.

ചാന്ദ്രവിജയങ്ങള്‍ വിയറ്റ്‌നാമിലെ തിരിച്ചടികള്‍ മറക്കാന്‍ ഒരു പരിധി വരെ സഹായിച്ചിട്ടുമുണ്ടാവാം. പക്ഷെ അതൊരു യാദൃശ്ചികനേട്ടമായി കണ്ടാല്‍ മതി. അപ്രതീക്ഷിതമല്ലായിരുന്നുവെങ്കിലും ആശ്വാസകരമായിരുന്നുവത്. ക്യൂബന്‍ മിസൈല്‍ സംഘര്‍ഷത്തിന്റെ കാലത്താണ് ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള പദ്ധതിക്ക് അമേരിക്ക രൂപം കൊടുക്കുന്നത്. ക്യൂബന്‍ വിഷയത്തില്‍ പിന്നോ
ട്ടടിച്ചത് സോവിയറ്റ് യൂണിയനാണ്. രാഷ്ട്രീയ സംഭവവികാസങ്ങളിലെ നേട്ടവും കോട്ടവുമൊക്കെ അതിന്റെ വഴിക്കുപോകും. അപ്പോളോ-11 ഒരു ദുരന്തമായി മാറിയിരുന്നെങ്കില്‍ ഒരു പക്ഷെ വിയറ്റ്‌നാം യുദ്ധം കഴിഞ്ഞാലും അമേരിക്ക ചന്ദ്രനിലെത്തില്ലായിരുന്നു. അമേരിക്ക അന്നുവരെ ഒരു യുദ്ധത്തിലും തോറ്റിട്ടില്ല. പിന്നെ വിയറ്റ്‌നാമില്‍ തോല്‍ക്കുമെന്ന് കരുതി അവരെന്തിന് ലോകത്തെ മൊത്തം കബളിപ്പിക്കുക എന്ന അതിസാഹസത്തിന് മുതിരണം? അതിലും ഭേദം വടക്കന്‍ വിയറ്റ്‌നാമില്‍ അണുബോംബിടുകയായിരുന്നു!

വിയറ്റ്‌നാം യുദ്ധത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് തുടരെ തുടരെ ചാന്ദ്രയാത്ര നടത്തിയതെന്ന് വെറുതെ വാദിക്കാം. പക്ഷെ ചാന്ദ്രയാത്ര അങ്ങനെ 'ആഗ്രഹിക്കുമ്പോള്‍' ചെയ്യാവുന്ന ഒന്നാണോ?!. ഇതിലെ ഓരോ ദൗത്യവും 
വര്‍ഷങ്ങള്‍ക്ക്‌ മുമ്പ് ആസൂത്രണം ചെയ്യേണ്ടതുണ്ട്. യാത്രികര്‍ക്ക് വിജയകരമായ പരിശീലനം നല്‍കണം. ആയിരക്കണക്കിന് കാര്യങ്ങള്‍ മുന്‍കൂട്ടി തയ്യാറാക്കേണ്ടതുണ്ട്. സ്‌പേസ് ഷട്ടില്‍ പോലെയല്ല, ഇവിടെ ഓരോ പ്രാവശ്യവും റോക്കറ്റ് പൂര്‍ണ്ണമായും കത്തിയെരിയുകയാണ്. കമാന്‍ഡ് മോഡ്യൂള്‍ ഒഴികെ ചന്ദ്രനിലേക്ക് കൊണ്ടുപാകുന്നതൊന്നും തിരികെ കൊണ്ടുവരുന്നുമില്ല. അതായത് ഓരോ ദൗത്യത്തിനും എല്ലാം ആദ്യം മുതല്‍ തന്നെ തുടങ്ങണം.


വിയറ്റ്‌നാം യുദ്ധപരാജയത്തിന്റെ ക്ഷീണം മാറ്റാനായിരുന്നുവെങ്കില്‍ അപ്പോളോ-18 ല്‍ നിന്ന് അമേരിക്ക പിന്‍മാറിയതെന്തിന്? യുദ്ധക്ഷീണം ഏറ്റവും രൂക്ഷമായിരുന്ന കാലമാണതെന്ന് ഓര്‍ക്കണം. വാസ്തവത്തില്‍ യുദ്ധപരാജയം അപ്പോളോ വിജയത്തിന്റെ തിളക്കം നശിപ്പിക്കുകയാണ് ചെയ്തത്. ചാന്ദ്രയാത്ര അമേരിക്കന്‍ സമൂഹത്തിന് മടുക്കാന്‍ കാരണമായതില്‍ ഒരു ഘടകം യുദ്ധപരാജയമായിരുന്നു. വിയറ്റ്‌നാം തിരിഞ്ഞുകുത്തിയിരുന്നില്ലെങ്കില്‍ ഏതാനും ചാന്ദ്രദൗത്യങ്ങള്‍ കൂടി നടത്തുമായിരുന്നു എന്നു കരുതുന്നവര്‍ ഏറെയാണ്. എന്തായാലും ഹോക്‌സു വാദമനുസരിച്ച് സോവിയറ്റ് യൂണിയന്‍ എന്തുകൊണ്ടാണ് ചന്ദ്രനില്‍ പോകാഞ്ഞതെന്ന് നമുക്ക് നിസ്സാരമായി മനസ്സിലാക്കാനാവും. എന്തെന്നല്ലേ? വിയറ്റ്‌നാം യുദ്ധത്തില്‍ ജയിച്ചതിന്റെ ലഹരിമൂലം!!

തട്ടിപ്പ് ഒരിക്കല്‍ വിജയിച്ചതുകൊണ്ട് ആവര്‍ത്തിച്ചു എന്നും പറയുന്നത് തന്നെ യുക്തിഹീനമാണ്. ഒരിടത്ത് കയറി ഒരേ രീതിയില്‍ രണ്ടുപ്രാവശ്യം മോഷ്ടിക്കാന്‍ സധാരണ കളള്ളന്‍മാര്‍ പോലും മടിക്കുമെന്നോര്‍ക്കുക. തട്ടിപ്പായിരുന്നുവെങ്കില്‍ ഒരിക്കല്‍ കൊണ്ട് അവസാനിപ്പിക്കന്നതാണ് എന്തുകൊണ്ടും ബുദ്ധി. 'അസാമാന്യബുദ്ധി' ഉണ്ടെന്ന് സ്വയം അഹങ്കരിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് സാമാന്യബുദ്ധിയുണ്ടെന്ന് അംഗീകരിക്കാന്‍ വിസമ്മതിക്കുമെന്ന ചൊല്ല് അക്ഷരംപ്രതി ശരിവെക്കന്നതാണ് 
ചാന്ദ്രയാത്ര സംബന്ധിച്ച തട്ടിപ്പുവാദം. ചന്ദ്രയാത്രയില്‍ തുടരെ വിജയിച്ചതുകൊണ്ടല്ലേ അവര്‍ക്ക് ഇതൊക്കെ പറയാനായത്? മറിച്ച് അപ്പോളോ 12,14,15 എന്നിവ പരാജയപ്പെട്ടിരുന്നുവെങ്കിലോ? അതുണ്ടാക്കുമായിരുന്ന പ്രഹരം ആദ്യവിജയലഹരി പൂര്‍ണ്ണമായും നശിപ്പിക്കുമായിരുന്നു. സന്ദര്‍ഭവശാല്‍ ചന്ദ്രനും വിയറ്റ്‌നാമും സമകാലികമായി കടന്നുവന്നു. അതിനപ്പുറം യാതൊന്നും ഈ സംഭവങ്ങള്‍ക്കിടയിലില്ല. ചാന്ദ്രവിജയം വിയറ്റ്‌നാമില്‍ വിജയം കൊണ്ടുവന്നില്ല. വിയറ്റ്‌നാമില്‍ ജയിച്ച സോവിയറ്റ് യൂണിയന് ചന്ദ്രനില്‍ ജയിക്കാനുമായില്ല. രണ്ടിടത്തും ഹോം വര്‍ക്ക് നന്നായി ചെയ്തവര്‍ നേട്ടം കൊയ്തു.

സോവിയറ്റ് യൂണിയന്റെ ചാന്ദ്രദൗത്യത്തിനും വിയറ്റ്‌നാം യുദ്ധവുമായി നേരിട്ട് ബന്ധമില്ല. ഇന്ന് നാം കാണുന്ന ഇന്ത്യയുടേയും ചൈനയുടേയും ദൗത്യങ്ങള്‍ക്കോ അത്തരം പശ്ചാത്തലമില്ല. രണ്ടും ഒരു കാലത്ത് സംഭവിച്ചുവെന്നതുകൊണ്ടു മാത്രം അവ പരസ്പരം ബന്ധിപ്പിക്കുന്നത് ബാലിശമാണ്. ''കാറ്റടിച്ചാല്‍ കറണ്ടുപോകും, കറണ്ടടിച്ചാല്‍ കാറ്റുപോകുമെന്ന കെ.എസ്.ഇ.ബി-യുടെ ഒന്നാം വൈദ്യുതിവിതരണനിയമം പരിഗണിക്കുക. കാറ്റടിച്ചതുകൊണ്ടാണ് കറണ്ടുപോയത് എന്നത് നമ്മുടെ ക്ഷിപ്രബുദ്ധിയില്‍ തോന്നുന്ന കാര്യമാണ്. കാറ്റടിച്ചാല്‍ വൈദ്യുതിബന്ധം തകരാറിലാകാം. പക്ഷെ എപ്പോഴുമങ്ങനെ ആയിക്കൊള്ളണമെന്നില്ല. മുന്‍കൂട്ടി ആസൂത്രണം ചെയ്ത അറ്റകുറ്റപണികള്‍ക്കായി വൈദ്യുതിബന്ധം വിച്ഛേദിക്കാം. മുന്‍കൂട്ടി ആസൂത്രണം ചെയ്ത് ചാന്ദ്രദൗത്യം വിയറ്റ്‌നാം യുദ്ധക്കാലത്തുകൂടി കടന്നുപോയെന്നത് യാഥാര്‍ത്ഥ്യമാണ്; അതുമാത്രമാണ് യാഥാര്‍ത്ഥ്യം.

'തട്ടിപ്പ് രഹസ്യം' പുറത്തറിയാതിരിക്കാനായി നാസ സംശയമുയര്‍ത്തിയവരെയൊക്കെ കൊന്നുതള്ളിയെന്നാണ് മറ്റൊരു ആരോപണം. പ്രത്യക്ഷമായും പരോക്ഷമായും ഏതാണ്ട് നാലുലക്ഷം പേര്‍ പങ്കെടുത്ത ഒരു മഹാസംരംഭത്തിലെ എത്രപേരെ കൊന്നാല്‍ പ്രശ്‌നം പരിഹരിക്കാം!? തലപ്പത്തുള്ള ഏതാനും ചിലര്‍ക്ക് മാത്രമേ ഇതിനെക്കുറിച്ച് ശരിയായ അറിവുണ്ടായിരുന്നുള്ളുവത്രെ. അപ്പോള്‍ ഏതാനും പേരെ കൊന്നാല്‍ മതിയാകും. പക്ഷെ സ്വഭാവികമരണമൊഴികെ, തലപ്പത്തുള്ളവര്‍ക്കൊന്നും ഇന്നുവരെ ജീവന്‍ നഷ്ടപ്പെട്ടിട്ടില്ല. ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ട ഒരാളും ഇന്നേ വരെ കുറ്റസമ്മതം നടത്തിയിട്ടില്ല, ആരും മരണവേളയില്‍ കുമ്പസരിച്ചിട്ടുമില്ല. ലോകാത്ഭുതമല്ലേ ഇത്!!!

ചാന്ദ്രയാത്രാ തട്ടിപ്പ് മറച്ചുവെക്കാനായി നാസ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രധാന 'കൊലപാതക'ങ്ങളിലേക്ക് ഒന്ന് കണ്ണോടിക്കാം.

1964 ഒക്‌ടോബറില്‍ തിയോഡര്‍ ഫ്രീമാന്‍ (Theodore Freeman)പക്ഷിയുമായി കൂട്ടിയിടിച്ചപ്പോള്‍ T-38 ല്‍ നിന്ന് പാരച്യൂട്ട് വഴി പുറത്തേക്ക് ചാടാനുള്ള ശ്രമത്തിനിടയില്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ എയര്‍ഫോഴ്‌സ് ഇപ്പോഴും ഉപയോഗിക്കുന്ന രണ്ടു എന്‍ജിനുള്ള സോപ്പര്‍സോണിക് ജെറ്റ്‌വിമാനമാണ് T-38(The Northrop T-38 Talon). വിമാനത്തിന് നേരെ പക്ഷിയെ പറഞ്ഞുവിട്ടത് നാസയാണെന്ന് സമാധാനിക്കാം. ശ്രദ്ധിക്കുക, 1964 ഒക്‌ടോബര്‍ വരെ 'അപ്പോളോ തട്ടിപ്പ്' രഹസ്യമാക്കി വെക്കാന്‍ നാസയ്ക്ക് ആരേയും കൊല്ലേണ്ടി വന്നിട്ടില്ല!
അല്ലെങ്കില്‍ അതിന് മുമ്പുള്ള കണക്കുകള്‍ ഹോക്‌സുകാര്‍ പരിഗണിക്കുന്നില്ല! 1966 ല്‍ എലിയറ്റ് സീയും ചാര്‍ലി ബാസറ്റും (Elliot See and Charlie Bassett ) T-38 ല്‍ തന്നെ ഉണ്ടായ മറ്റൊരു അപകടത്തില്‍ മരണമടഞ്ഞു. മോശം കാലാവസ്ഥയായിരുന്നു ഇക്കുറി വില്ലന്‍. അതും നാസ സൃഷ്ടിച്ചാതാണെന്ന് കരുതാം. 
The Hapless Apollo-1 Crew
അപ്പോളോ ദൗത്യങ്ങളില്‍ ഒന്നാമത്തെ വാഹനമായ അപ്പോളോ-1 ലെ മൂന്ന് യാത്രക്കാരും 1967 ജനുവരി 27 വിക്ഷേപണത്തിന് മുമ്പ് കമാന്‍ഡ് മോഡ്യൂളില്‍ നടത്തിയ സിമുലേഷന്‍ പരീക്ഷണത്തിനിടിയില്‍ ഉണ്ടായ അഗ്നിബാധയില്‍ ദാരുണമായി കൊല്ലപ്പെടുകയുണ്ടായി. ഒപ്പം കമാന്‍ഡ് മോഡ്യൂളും നാമാവിശേഷമായി. ഗ്രീസം, എഡ് വൈറ്റ്, റോജര്‍ ബി.ചഫെ (Virgil Grissom, Edward White, Roger B. Chaffee) എന്നിവരായിരുന്നു ഹതഭാഗ്യരായ ആ സഞ്ചാരികള്‍. 1967 ഫെബ്രുവരി 21 നാണ് അപ്പോളോ-1 വിക്ഷേപണം നിശ്ചയിച്ചിരുന്നത്. ഇതുമൂലം മനുഷ്യസഞ്ചാരികളുമായുള്ള അപ്പോളോ സംരംഭം 20 മാസം തടസ്സപ്പെട്ടു. അമ്പരന്നുപോയ നാസ സ്‌ഫോടനത്തിന്റെ കാരണമന്വേഷിക്കാനായി ഒരു അന്വേഷണ കമ്മീഷനെ (Apollo 204 Accident Review Board)ചുമതലപ്പെടുത്തുകയുണ്ടായി. അഗ്നിബാധയുടെ കാരണം പൂര്‍ണ്ണമായും കണ്ടെത്താനായിട്ടില്ലെങ്കിലും തുടര്‍ സംരംഭങ്ങള്‍ക്ക് സഹായകരമായ രീതിയില്‍ കമാന്‍ഡ് മോഡ്യൂളിന്റെ രൂപഘടന സംബന്ധിച്ച് നിരവധി നിര്‍ണ്ണായകവിവരങ്ങള്‍ ശേഖരിക്കാന്‍ കമ്മിഷനായി(Ref-http://en.wikipedia.org/wiki/Apollo_1)

അപ്പോളോ-1 ലെ യാത്രക്കാര്‍ക്ക് പകരക്കാരായി നിശ്ചയിക്കപ്പെട്ട ബദല്‍സംഘം പിന്നീട് അതേ സാറ്റേണ്‍ V റോക്കറ്റിന്റെ സഹായത്തോടെ അപ്പോളോ-7 ല്‍ ബഹിരാകാശയാത്ര നടത്തുകയുണ്ടായി. 11 ദിവസം ഭൂമിയെ പ്രദക്ഷണം ചെയ്ത് ചാന്ദ്രയാത്രയ്ക്കാവശ്യമായ പരീക്ഷണനിരീക്ഷണങ്ങള്‍ നടത്തി. ഫലത്തില്‍ അപ്പോളോ -7 ആയിരുന്ന ആദ്യത്തെ മനുഷ്യര്‍ ഉള്‍പ്പെട്ട അപ്പോളോദൗത്യം. ആദ്യമായി സ്‌പേസില്‍ നിന്ന് ടെലിവിഷന്‍ സംപ്രേഷണം ചെയ്തതും ഈ ദൗത്യത്തിലൂടെയാണ്. ഏതാണ്ട് രണ്ടുമാസത്തിന് ശേഷം അപ്പോളോ-8 ല്‍ മനുഷ്യന്‍ ആദ്യമായി ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രഭ്രമണപഥത്തിലെത്തി വലം വെച്ചു. ചുരുക്കത്തില്‍ അപ്പോളോ-1 ലെ അപകടം നാസയ്ക്ക് നേരിട്ട സാങ്കേതികമായ തിരിച്ചടി മാത്രമാണ്. അപ്പോളോ-1 ല്‍ സംഭവിച്ച പിഴവുകള്‍ ഒരിക്കലും ആവര്‍ത്തിക്കപ്പെട്ടില്ല. 
വേണ്ടത്ര കരുതലും സൂക്ഷ്മതയുമുണ്ടായിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന ദുരന്തമായിരുന്നുവതെന്ന് ഇന്ന് നമുക്ക് പറയാം. കോടിക്കണക്കിന് ഡോളര്‍ നഷ്ടപ്പെടുത്തി കമാന്‍ഡ് മോഡ്യൂളും നശിപ്പിച്ചേ ആളെ കൊല്ലാനാകൂ എന്ന് നാസ തീരുമാനിച്ചെങ്കില്‍ അവരെ കുറിച്ച് കൂടുതലൊന്നും എഴുതാനില്ല. അപ്പോളോ-1 ലെ അഗ്നിബാധ പടര്‍ന്ന് റോക്കറ്റിനും ഗ്രൗണ്ട് സ്റ്റേഷനും തീ പിടിച്ചിരുന്നുവെങ്കില്‍ ഈ 'ഗൂഡാലോചന' നടത്തിയവരും ഭസ്മമാകുമായിരുന്നുവെന്ന് കാണാന്‍ സാമാന്യബുദ്ധി മതി. 'തീയില്‍ച്ചാടി തീ കെടുത്താന്‍' നാസ തുനിയുമോ? ഈ ശ്രമത്തിലൂടെ 20 മാസം വരുന്ന തിരിച്ചടി ഏറ്റുവാങ്ങാനും പിന്നീട് കമ്മീഷനം വെച്ച് കാരണമന്വേഷിച്ച് ആ റിപ്പോര്‍ട്ടിന്‍ പ്രകാരം വേണ്ടത്ര ഭേദഗതികള്‍ വരുത്താനും സ്വയം വിമര്‍ശനം നടത്താനും നാസ തയ്യാറായെങ്കില്‍ ഒരുപക്ഷെ ലോകത്ത് ഏറ്റവും കൂടുതല്‍ പണവും സമയവും സാങ്കേതിക മികവും ഉപയോഗിച്ച് നടത്തിയ പമ്പര വിഡ്ഢിത്തരമായിരുന്നു ആ കൊലപാതകമെന്ന് പറയേണ്ടിവരും. ശരിക്കും എലിയെ പേടിച്ച് ഇല്ലം ചുട്ട വിഡ്ഢികള്‍!!!

എഡ്വാര്‍ഡ് ഗിവന്‍സ് (Edward Givens)1967 ല്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതാണ് മറ്റൊരു സംഭവം.  അക്കാലയളവില്‍ ഉണ്ടായ മറ്റൊരു അപകടത്തില്‍ ക്‌ളിഫ്ട്ടണ്‍ വില്യംസ് ടി-38 സോപ്പര്‍സോണിക് പരിശീലനത്തില്‍ കൊല്ലപ്പെട്ടു. ടി-38 അപകടങ്ങളിലെല്ലാം അതിന്റെ പൈലറ്റുമാര്‍ക്ക് ഉത്തരവാദിത്വമുണ്ടായിരുന്നു. 1967 ല്‍ കൊല്ലപ്പെട്ട മൈക്കല്‍ ആഡംസാണ് (Michael Adams ആണ്) X-15 എന്ന വിമാനത്തിലുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട ഏക പൈലറ്റ്. അദ്ദേഹം നാസയുടെ ബഹിരാകാശ സഞ്ചാരിയായിരുന്നില്ല(Astronaut) മറിച്ച് കേവലം ഒരു ടെസ്റ്റ് പൈലറ്റ് മാത്രമായിരുന്നു. 1967 ല്‍ F-104 ല്‍ കൊല്ലപ്പെട്ട റോബര്‍ട്ട് ഹെന്റി ലോറന്‍സ് ജൂനിയര്‍ (Robert Henry Lawrence, Jr.) അമേരിക്കന്‍ എയര്‍ഫോഴ്‌സ് പൈലറ്റായിരുന്നു.

1967 ല്‍ തീവണ്ടിയുമായി മോട്ടോര്‍ വാഹനം കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ട റൊണാള്‍ഡ് ബാരന്‍ (Thomas Ronald Baron) നാസ ജീവനക്കാരനായിരുന്നു. ബാരനും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ ഒരു റെയില്‍വെ ക്രോസ്സില്‍ വെച്ച് തീവണ്ടിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപ്പോളോ പ്രോഗ്രാമിന്റെ വിമര്‍ശകനായിരുന്നു ബാരണ്‍. അപ്പോളോ-1 ല്‍ സംഭവിച്ച അപകടത്തിന്റെ പേരില്‍ നാസയില്‍ ക്വാളിറ്റി കണ്‍ട്രോളര്‍ ഇന്‍സ്‌പെക്റ്ററായിരുന്ന ബാരനെ പുറത്താക്കിയിരുന്നു. അന്നുമുതല്‍ അദ്ദേഹം അപ്പോളോ പ്രോഗ്രാമിന്റെ കടുത്ത വിമര്‍ശകനായി മാറുകയും നാസയ്‌ക്കെതിരെ ആരോപണമുന്നയിക്കുകയും ചെയ്തിട്ടുണ്ട്. നാസയുടെ ശ്രദ്ധക്കുറവിന് തന്നെ ബലിയാടാക്കിയെന്നായിരുന്നു ബാരന്റെ പരാതി. ഇദ്ദേഹത്തിന്റെ മരണകാരണം അന്വേഷിക്കുകയും അപകടമരണമാണെന്ന് കൃത്യമായി സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ മരണങ്ങളൊക്കെ സ്വഭാവികമായ അപകടമരണങ്ങളാണെന്ന് മാത്രമല്ല നീല്‍ ആംസ്‌ട്രോങ് ആദ്യമായി ചന്ദ്രനിലിറങ്ങുന്നതിന് ഏതാണ്ട് കുറഞ്ഞത് 20 മാസം മുമ്പെങ്കിലും സംഭവിച്ചവയുമാണ്. ഇവയൊന്നും അപ്പോളോ-11 മുതലുള്ള ചാന്ദ്രയാത്രാരഹസ്യങ്ങള്‍ ഒളിച്ചുവെക്കാനായി നാസ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന വാദം 
നിലനില്‍ക്കില്ല.

2001 ലെ ഫോക്‌സ് ടെലിവിഷന്‍ അവതരിപ്പിച്ച മൂണ്‍ഹോക്‌സ് പരിപാടിയില്‍ പങ്കെടുത്തതിന് ശേഷം ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മരണമടഞ്ഞ ബ്രയന്‍ ഡി വെല്‍ച്ചിനെയാണ് (Brian D. Welch) തുറുപ്പുശീട്ടായി ചില ഉപജാപകരെങ്കിലും കാണുന്നത്. നാസയുടെ പബ്‌ളിക് അഫയേഴ്
സ്‌ ഓഫീസിലെ ഉദ്യാഗസ്ഥനായും മീഡിയ ഡയറക്ടറായും പ്രവര്‍ത്തിച്ച വ്യക്തിയാണ് വെല്‍ച്ച്. ഹൃദായാഘാതം മൂലം മരിക്കുമ്പോള്‍ വെറും 42 വയസ്സ് മാത്രമായിരുന്നു പ്രായം. ഈ 'കുറഞ്ഞപ്രായ'മാണ് വെല്‍ച്ചിന്റെ മരണം കൊലപാതകമാണെന്ന് വാദമുയര്‍ത്താന്‍ തട്ടിപ്പുവാദക്കാരെ പ്രേരിപ്പിച്ചതെന്ന് വ്യക്തം. മാനസികപീഡനത്തിലൂടെയോ അതല്ലെങ്കില്‍ തിരിച്ചറിയാനാവാത്ത ഏതെങ്കിലും രാസപദാര്‍ത്ഥങ്ങള്‍ കുത്തിവെച്ചതിനാലോ ആയിരിക്കാം വെല്‍ച്ചിന് ഹൃദായാഘാതമുണ്ടായതെന്ന് ബഹുമാനപ്പെട്ട ഹോക്‌സര്‍മാര്‍ ഊഹിക്കുന്നു. ഊഹത്തെ സാധൂകരിക്കുന്ന തെളിവ് എന്തെങ്കിലും?! Excuse me.

രസകരമായ കാര്യമിതൊന്നുമല്ല. ഫോക്‌സ് ടെലിവിഷന്‍ പരിപാടില്‍ വെല്‍ച്ച് പങ്കെടുത്തത് തട്ടിപ്പുവാദക്കാരുടെ വാദങ്ങളിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടാനും നാസയെ ശക്തമായി ന്യായീകരിക്കാനുമാണ്! വെല്‍ച്ച് ഒരു ഹോക്‌സറല്ല മറിച്ച് ഒരു ഡിബങ്കര്‍(debunker) ആയിരുന്നു. അതിനും അമ്പിളിക്കുട്ടന്‍മാര്‍ക്ക് കൃത്യമായ മറുപടിയുണ്ട്. എന്താണന്നല്ലേ? തട്ടിപ്പ് വാദത്തെ എതിര്‍ത്തുവെങ്കിലും വെല്‍ച്ച് പിന്നെയെങ്ങാനും നിലപാട് മാറ്റികൂടെന്നില്ലല്ലോ. ആ ആശങ്കയി
ല്‍  നാസ അദ്ദേഹത്തെ അജ്ജാതമായ രീതിയില്‍ ഹൃദായാഘാതത്തിന് ഇരയാക്കുകയായിരുന്നു! നാസയെ പിന്തുണച്ച് എഴുതുകയും പറയുകയും ചെയ്യുന്ന ആരേയും ഭാവിയില്‍ നിലപാട് മാറ്റുമെന്ന് ആശങ്കപ്പെട്ട് വകവരുത്താന്‍ നാസ മടിക്കില്ലെന്നാണ് ഈ 'സംഭവം' നമ്മോട് പറയുന്നത്. വായിക്കുമ്പോള്‍ ഭയം തോന്നുന്നുണ്ടോ?

മേല്‍പ്പറഞ്ഞ ആസ്‌ട്രോനോട്ടുകളുടെ മരണങ്ങളെല്ലാം അവരവരുടെ ജോലിയുമായി നേരിട്ട് ബന്ധപ്പെട്ടുണ്ടായ അപകടങ്ങളായിരുന്നു. അതില്‍ തന്നെ മൈക്ക് ആഡംസിനും റോബര്‍ട്ട് ലോറന്‍സിനും അപ്പോളോ ദൗത്യമുള്‍പ്പെടുന്ന സിവിലിയന്‍ ബഹിരാകാശപ്രോഗാരാമുമായി (the civilian manned space program) യാതൊരു ബന്ധവുമുണ്ടായിരുന്നില്ലെന്നും സൂചിപ്പിച്ചു. 2011 ലെ ഏറ്റവും പുതിയ വിവരമനുസരിച്ച് 1969-72 ല്‍ ചന്ദ്രനില്‍ ഇറങ്ങിയ 12 അപ്പോളോ യാത്രക്കാരില്‍ ആംസ്‌ട്രോങും ബുസ് ഓള്‍ഡ്രിനുമടക്കം 9 പേരും ചന്ദ്രനില്‍ പോയ മറ്റു 12 പേരില്‍ മൈക്കല്‍ കൊളിന്‍സടക്കം 9 പേരും ഇന്നും 
ജീവനോടുണ്ട്‌. അവര്‍ക്കാര്‍ക്കും നാസയെക്കുറിച്ച് പരാതിയില്ല. 1989 ല്‍ ഹൃദയാഘാതം മൂലം അന്തരിച്ച അപ്പോളോ-15 ലെ യാത്രക്കാരനായ ജയിംസ് ഇര്‍വിന്‍(James Irwin) 'തട്ടിപ്പ് 'പുറത്തുകൊണ്ടുവരാന്‍ തയ്യാറെടുക്കുകയായിരുന്നുവെന്ന വാദമുഖവും ഉന്നയിക്കപ്പെടുന്നുണ്ട്. 'തയ്യാറെടുപ്പ്'മാത്രമേ നടന്നിട്ടുള്ളുവെന്നതിനാലാകണം ഈ വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളും അരൂപിയായി നിലകൊള്ളുന്നു. അപ്പോളോ ദൗത്യത്തിനിടയ്ക്കും മുമ്പും പിമ്പും കൊല്ലപ്പെട്ട അമേരിക്കന്‍ ആസ്‌ട്രോനോട്ടുകളുടെ ശരാശരി കണക്ക് സമാനമായ കാലയളവില്‍ സോവിയറ്റ് യൂണിന് നഷ്ടപ്പെട്ട കോസ്‌മോനോട്ടുകളുടെ ശരാശരിക്ക്‌ ഏതാണ്ട് സമാനമാണ്. 1961-72 കാലയളവില്‍ സോവിയറ്റ് യൂണിയന്റെ കുറഞ്ഞത് 8 കോസ്‌മോനോട്ടുകളെങ്കിലും മരണമടഞ്ഞിട്ടുണ്ട്. അവരുടെ ചാന്ദ്രയാത്രാ പദ്ധതിയുടെ തലവനായിരുന്ന സെര്‍ജി കൊറല്യേവ്(Sergei Korolev)1966 ശസ്ത്രക്രിയയ്ക്കിടയിലാണ് മരണമടഞ്ഞത്.

ഇനി അപ്പോളോ ചിത്രങ്ങളും ദൃശ്യങ്ങളും സംബന്ധിച്ച പൊതുവായ ആരോപണങ്ങളിലേക്ക്. അപ്പോളോ ഫുട്ടേജുകളില്‍ മിക്കതും നിര്‍മ്മിച്ചത് വിഖ്യാത ഹോളിവുഡ് സംവിധായകനും നിര്‍മ്മിതാവുമായ സ്റ്റാന്‍ലി കുബ്രിക്ക് (Stanley Kubrick/July 26, 1928 – March 7, 1999) എന്ന മഹാപ്രതിഭയാണെന്ന് വാദിക്കുന്ന ഹോക്‌സ്പ്രചരണം പരിഗണിക്കാം. തന്റെ ജീവിതത്തിന്റെ അവാസാന നാലു ദശകം ഇംഗ്‌ളണ്ടില്‍ സ്ഥിര താമമാക്കിയ അമേരിക്കന്‍ പൗരനാണ് കുബ്രിക്ക്. 1968 ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ '2001: A Space Odyssey' എന്ന സയന്‍സ് ഫിക്ഷന്‍ ചലച്ചിത്രം എക്കാലത്തേയും ഏറ്റവും മികച്ച പത്ത് ചിത്രങ്ങളില്‍ ഒന്നായി 2002 ല്‍ 'സൈറ്റ് ആന്‍ഡ് സൗണ്ട് പോള്‍' ('Sight & Sound poll of critics') തെരഞ്ഞെടുക്കുകയുണ്ടായി. 2010 ല്‍ മൂവിംഗ് ആര്‍ട്‌സ് ഫിലിം ജേര്‍ണലാകട്ടെ (The Moving Arts Film Journal) ഇന്നേവരെ നിര്‍മ്മിക്കപ്പെട്ട ഏറ്റവും മഹത്തായ ചലച്ചിത്രമായി ('the greatest film ever made') '2001: A Space Odyssey' തെരഞ്ഞെടുത്തിരുന്നു. തിരക്കഥയെഴുതിയ വിഖ്യാത സയന്‍സ് ഫിക്ഷന്‍ എഴുത്തുകാരനായ ആര്‍തര്‍ സി ക്‌ളാര്‍ക്കും കുബ്രിക്കുമായുള്ള കൂട്ടുകെട്ട് ഈ ചിത്രത്തിന്റെ വിജയത്തിന് പിന്നിലെ മുഖ്യ ചാലകശക്തിയായി വിലയിരുത്തപ്പെടുന്നു. '2001: A Space Odyssey' ല്‍ കുറേനേരം പശ്ചാത്തലം ചന്ദ്രോപരിതലമാണ്. കൂടാതെ അത്യന്താധുനികമായ അനിമേഷനുകളും സ്‌പെഷ്യല്‍ എഫക്റ്റുകളും അതില്‍ ഉപയോഗിച്ചിട്ടുമുണ്ട്. തട്ടിപ്പ് വാദക്കാര്‍ ഈ ചിത്രത്തിലേക്ക് തിരിയാന്‍ പ്രധാന കാരണമിതൊക്കെയാണ്.

Stanley Kubrick
കുബ്രിക്ക് നിഗൂഡതകളുള്ള ഒരു വ്യക്തിയാണ്. വളരെ അന്തര്‍മുഖനും ആരുമായും അധികം ഇടപഴകാത്തതുമായ ആളാണദ്ദേഹം. സ്വന്തം ചിത്രങ്ങളെക്കുറിച്ച് സംസാരിക്കുന്നതുപോലും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. കുബ്രിക്കിന്റെ ആദ്യകാല ചിത്രങ്ങള്‍ക്ക് തണുപ്പന്‍ പ്രതികരണമാണ് ലഭിച്ചതെങ്കിലും പില്‍ക്കാലത്ത് അവയില്‍ പലതും ഇതിഹാസമാനങ്ങളുള്ള ക്‌ളാസ്സിക്കുകളായി വിലയിരുത്തപ്പെട്ടു. എല്ലാംകൊണ്ടും തികച്ചും അസാധരണമായ വ്യക്തിത്വം. ലണ്ടനിലെ ഏതോ നഗരപ്രാന്തത്തിലാണത്രെ ഈ അവിശ്വാസി ജീവിതത്തിന്റെ നല്ലൊരു പങ്കും ചെലവിട്ടത്. കുബ്രിക്കിന്റെ 1964 ലെ ചിത്രമായ Dr. Strangelove അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് നിക്‌സന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രമായിരുന്നുവത്രെ. തന്റേയും ഭാര്യയുടേയും ജീവന്‍ രക്ഷിക്കാനാണ് ഗതികെട്ട് കുബ്രിക്ക് ഈ തട്ടിപ്പിന് കൂട്ടുനിന്നതെന്ന വാദവും ഇതിനൊപ്പം ചേര്‍ത്തുവിടുന്നുണ്ട്. കുബ്രിക്കും സംഘവും ചിത്രത്തിന്റേതിന് സമാനമായ അത്യന്താധുനികമായ സെറ്റിട്ട് Moon landing ചിത്രീകരിച്ചുവെന്നാണ് ആരോപണം. നിര്‍മ്മാണത്തിനുമുമ്പുള്ള ചില ഘട്ടങ്ങളൊക്കെ 1968 ന് മുമ്പുതന്നെ ചിത്രീകരിച്ചു സൂക്ഷിച്ചുവെച്ചുവത്രെ. '2001: A Space Odyssey' ചിത്രീകരിച്ച ഇംഗ്‌ളണ്ടിലെ അതേ സൗണ്ട് സ്റ്റേജിലാണ് (Borehamwood, U.K.) ആംസ്‌ട്രോങിന്റെ ലാന്‍ഡിംഗ് രംഗങ്ങളും ചിത്രീകരിച്ചിട്ടുള്ളത്. ആദ്യത്തെ മൂന്ന് ചാന്ദ്രയാത്രകളിലെ ചെന്നിറങ്ങലും ഭൂമിയിലേക്കുള്ള തിരിച്ചുവരവും ഷൂട്ട് ചെയ്തുകൊടുക്കണമെന്നാണ് നാസ കുബ്രിക്കിനോട് ആവശ്യപ്പെട്ടതത്രെ. വാള്‍ട്ട് ഡിസ്‌നി അനിമേഷനുകളും ധാരാളമായി പ്രയോജനപ്പെടുത്തണമെന്നും നിര്‍ദ്ദേശിക്കപ്പെട്ടു. ഇതൊക്കെ ഷൂട്ട് ചെയ്യുന്ന ബഹിരാകാശവാഹനം ഭൂമിയുടെ ഭ്രമണപഥത്തിലായിരിക്കും. അവിടെനിന്നും ചന്ദ്രനില്‍ നിന്നും നേരിട്ട് സംപ്രേഷണം ചെയ്യുന്നുവെന്ന വ്യജേന ദൃശ്യങ്ങള്‍ സംപ്രഷണം ചെയ്യാം-ഇതായിരുന്നുവത്രെ നാസയും കുബ്രിക്കുമായുള്ള കരാര്‍.

ഈ ആശയം രസാവഹമായി പ്രതിപാദിക്കുന്ന 'Dark Side of the Moon' എന്ന പേരിലുള്ള ഒരു 'മോക്കുമെന്ററി'(mockumentary) 2002 ല്‍ ഫ്രാങ്കോ-ജര്‍മ്മന്‍ ടി.വി നെറ്റ്‌വര്‍ക്കായ Arte ല്‍ അവതരിപ്പിക്കപ്പെട്ടു. വില്യം കരല്‍ (William Karel) സംവിധാനം ചെയ്ത ഈ ഫ്രഞ്ച് ആക്ഷേപഹാസ്യചിത്രത്തിന്റെ പേര് 'Opération Lune' എന്നാണ്. മുന്‍ യു.എസ് ഡിഫന്‍സ് സെക്രട്ടറി ഡൊണാള്‍ഡ് റംസ്ഫീല്‍ഡ്, വിദേശകാര്യസെക്രട്ടറി ഹെന്റി കിസിംഗര്‍, ബുസ് ഓള്‍ഡ്രിന്‍, കുബ്രിക്കിന്റെ വിധവ ക്രിസ്റ്റീന്‍ കുബ്രിക്ക് എന്നിവര്‍ ഇതില്‍ 'പ്രത്യക്ഷപ്പെടുന്നുണ്ട്'. അപ്പോളോ ചിത്രങ്ങള്‍ ഷൂട്ട് ചെയ്യാനായി കുബ്രിക്ക് നാസയുമായി സഹകരിച്ചുവെന്ന് മാത്രമല്ല രഹസ്യം മൂടിവെക്കുന്നതിന്റെ ഭാഗമായി സി.ഐ.എ യെക്കൊണ്ട് കൊലപ്പെടുത്തുകയും ചെയ്തുവെന്ന രീതിയിലാണ് കരേല്‍ ഇതിവൃത്തം അവതരിപ്പിക്കുന്നത്. വാദങ്ങള്‍ റംസ്ഫീല്‍ഡും കിസിംഗറും മറ്റും അപ്പടി സ്ഥിരീകരിക്കുകയും ചെയ്യുന്നു. എന്നാല്‍ അവസാനമാണ് തങ്ങളെ കബളിപ്പിക്കുകയായാരുന്നുവെന്ന് പ്രേക്ഷകന് മനസ്സിലാകുന്നത്. പറഞ്ഞതെല്ലാം പരസ്പരവിരുദ്ധമായ തമാശകളായിരുന്നുവെന്ന് പ്രധാന കഥാപാത്രങ്ങള്‍ ഒരുമിച്ചിരുന്ന് ചര്‍ച്ച ചെയ്യുന്നത് കാണുമ്പോള്‍ ചിരിക്കാമെങ്കിലും അപ്പോഴും പ്രേക്ഷകന്റെ അമ്പരപ്പ് വിട്ടുപോകണമെന്നില്ല. ഓസ്‌ട്രേലിയയിലെ എസ്,ബി,എസ് ടെലിവിഷന്‍ ഒരു 'ഏപ്രില്‍ ഫൂള്‍' ദിനത്തിലാണ് ഇതാദ്യം സംപ്രേഷണം ചെയ്തത്. 2008 നവമ്പര്‍ 17 ന് 'കുബ്രിക്ക് വാര'ത്തോടനുബന്ധിച്ച് പുന:സംപ്രേഷണം ചെയ്യുകയും ചെയ്തു. ഉദ്ദേശ്യം നര്‍മ്മം സൃഷ്ടിക്കുക എന്നതു മാത്രമാണെങ്കിലും കുബ്രിക്കിന്റെ പേരില്‍ അസംബന്ധം പ്രചരിപ്പിക്കുന്നവരെ കളിയാക്കുകയാണ് ഈ ചിത്രം ചെയ്യുന്നതെന്ന് സൂക്ഷ്മനിരീക്ഷണത്തില്‍ വ്യക്തമാകും(Ref-http://en.wikipedia.org/wiki/Dark_Side_of_the_Moon_(mockumentary)

കുബ്രിക്ക് നാസയ്ക്ക് വേണ്ടി അപ്പോളോ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്തുവെന്ന വാദം പതിവുപോലെ യാതൊരു തെളിവുമില്ലാത്ത ഊഹാപോഹം മാത്രമാണ്. നിലവാരമില്ലാത്ത ഇത്തരം കെട്ടുകഥകളോട് പല കാരണങ്ങളാല്‍ നാസ പ്രതികരിക്കാറില്ല. റാല്‍ഫ് റെനെയ്ക്കും ബില്‍കെയ്‌സിംഗിനുമെതിരെ നാസ കേസുകൊടുക്കാത്തതെന്തേ എന്ന ചോദ്യത്തിന്റെ ഉത്തരവും ഈ നിലപാടിലുണ്ട്. അതിന് തുനിഞ്ഞുകഴിഞ്ഞാല്‍ നാസയ്ക്ക് പിന്നെ അതിനേ സമയമുണ്ടാകുകയുള്ളു. അവര്‍ക്ക് പിന്നെ സ്വന്തം പണി ചെയ്യാന്‍ നേരം കിട്ടില്ലെന്ന് സാരം. മാത്രമല്ല അനര്‍ഹമായ പേരും 
പ്രശസ്തിയും അമ്പിളിക്കുട്ടന്‍മാര്‍ക്ക് കൈവരുകയും ചെയ്യും. ഭാവിയില്‍ സമാനമായ ആരോപണം ഉന്നയിച്ച് ആര്‍ക്കും രംഗത്തുവരാം. ഹോക്‌സ് വാദങ്ങള്‍ക്ക് മറുപടി കൊടുക്കാനായി ജിം ഓബര്‍ഗിന് (James Edward Oberg) അഡ്വാന്‍സ് വരെ കൊടുത്തിട്ട് പ്രസാധനം വേണ്ടെന്ന് വെക്കാന്‍ നാസ തീരുമാനിച്ചതിന്റെ കാരണവും മറ്റൊന്നല്ല. പുസ്തകസംരംഭത്തിനെതിരെ ഒട്ടനവധി പാരതികളാണ് നാസയ്ക്ക ലഭിച്ചത്. മറുപടി പുസ്തകം എന്ന ആശയം നാസ ഉപേക്ഷിച്ചെങ്കിലും ഓബര്‍ഗ് സ്വന്തംനിലയില്‍ പുസ്തകരചനയുമായി മുന്നോട്ട് പോകുകയാണ്. വേണ്ടത്ര വിവരങ്ങള്‍ നാസയെപ്പോലുള്ള ഏജന്‍സികള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാത്തതും ഇക്കാലത്തെ വികലമായ ശാസത്രവിദ്യാഭ്യാസവുമാണ് തട്ടിപ്പുവാദങ്ങള്‍ തഴച്ചുവളരാന്‍ കാരണമെന്ന് ഓബര്‍ഗ് നിരീക്ഷിക്കുന്നു.

വിസില്‍ എവിടെയുമിരുന്ന് ആര്‍ക്കുവേണമെങ്കിലും അടിക്കാം. പക്ഷെ അതിനോടൊക്കെ പുസ്തകം എഴുതി പ്രതികരിക്കാന്‍ തുടങ്ങിയാല്‍ ഭാവിയില്‍ ഇത്തരം നിലപാടുകള്‍ക്കെതിരെ അപ്പപ്പോള്‍ പുസ്തകം എഴുതേണ്ടി വരും, പത്രസമ്മേളനം നടത്തേണ്ടി വരും. 'ഹോക്‌സര്‍മാര്‍ക്ക് നാസയുടെ മറുപടി' എന്ന രീതിയിലുള്ള ഒരു ഔദ്യോഗിക പുസ്തകം വേണ്ടെന്ന് നാസ തീരുമാനിച്ചതും ഇതേ കാരണത്താലാണ്. മാത്രമല്ല ഫില്‍ പ്‌ളെയിറ്റിന്റെ (Phil Plait) 'ബാഡ് ആസ്‌ട്രോണമി'(Bad Astronomy: Misconceptions and Misuses Revealed, from Astrology to the Moon Landing 'Hoax' (2002)പോലുള്ള പുസ്തകങ്ങളും നിരവധി ശാസ്ത്ര വെബ്‌സൈറ്റുകളും ഹോക്‌സ് ആരോപണങ്ങളുടെ പൊള്ളത്തരം എണ്ണിയെണ്ണി ലോകത്തെ ബോധ്യപ്പെടുത്തി കഴിഞ്ഞു. 'തട്ടിപ്പുവാദമാണ് 'ലോകത്തിലെ 'ഏറ്റവും വലിയ തട്ടിപ്പെന്നു' തെളിയിക്കുന്ന വിരുദ്ധസാഹിത്യവും(Debunking Literature) വീഡിയോകളും 
ധാരാളമായുണ്ട്‌. തട്ടിപ്പുവിരുദ്ധ വിവരങ്ങളും ഉപജാപചരിത്രവും ആര്‍ക്കും എളുപ്പത്തില്‍ ലഭ്യമാകുന്ന രീതിയില്‍ ചിത്രങ്ങള്‍ സഹിതം വികിപീഡിയ പോലുള്ള ജനകീയ സൈറ്റുകളില്‍ നല്ല നിലയില്‍ ക്രോഡീകരിച്ചിട്ടുണ്ട്(See http://en.wikipedia.org/wiki/Moon_landing_conspiracy_theories)

'2004 ല്‍ ബ്രിട്ടണിലെ ഗാസ്‌ഗോ യൂണിവേഴ്‌സിറ്റിയിലെ മാര്‍ട്ടിന്‍ ഹെന്‍ഡ്രിയും കെന്‍ സ്‌കെല്‍ഡണിനും (Martin Hendry and Ken Skeldon)ബ്രിട്ടണിലെ പാര്‍ട്ടിക്കിള്‍ ഫിസിക്‌സ് ആന്‍ഡ് അസ്‌ട്രോണമി കൗണ്‍സില്‍ (Particle Physics and Astronomy Research Council)ചാന്ദ്രയാത്രാവിവാദത്തെ കുറിച്ച് സ്വന്തന്ത്രമായി അന്വേഷണം നടത്താനായി ധനസഹായം അനുവദിക്കുകയുണ്ടായി. തുടര്‍ന്ന് 2004 നവമ്പറില്‍ ഗാളാസ്‌ഗോ സയന്‍സ് സെന്ററില്‍ ചെയ്ത പ്രഭാഷണങ്ങളില്‍ അവര്‍ ഉപജാപകരുടെ പത്ത് പ്രധാനവാദങ്ങളും ഒന്നിനുപിറകെ ഒന്നായി അനായാസം തകര്‍ത്തെറിയുകയുണ്ടായി.

കുബ്രിക്കിന്റെ മരണത്തിന് (1999) ശേഷമാണ് തട്ടിപ്പുവാദക്കാര്‍ ഈ ആരോപണം ശക്തമായി ഉന്നയിക്കാന്‍ തുടങ്ങിയത്. അപ്പോളോ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യാനായി കുബ്രിക്കും സംഘവും ബഹിരാകാശത്ത് പോയോ? തീര്‍ച്ചയായുമില്ല. അപ്പോള്‍ പിന്നെ ഭൂമിയിലെ ഏതെങ്കിലും സ്റ്റുഡിയോയിലായിരിക്കും സംഗതി ചിത്രീകരിച്ചത്. എങ്കില്‍ എവിടെയാണ് ആ സ്റ്റുഡിയോ? വാള്‍ട്ട് ഡിസ്‌നിയുടേതായിരിക്കും എന്നൊന്നും ഊഹിച്ചതുകൊണ്ടായില്ല. ഊഹത്തിന് മുകളില്‍ ഊഹങ്ങളുമായി നടക്കുന്നവരെ പരിഗണിക്കാന്‍ ഗൗരവബുദ്ധിയുള്ളവര്‍ വിസമ്മതിക്കും. '2001: A Space Odyssey' എന്ന വിഖ്യാതചിത്രം പുറത്തിറങ്ങിയത് അപ്പോളോ-11 ല്‍ മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങുന്നതിന് മുമ്പായിരുന്നു. ആ ചിത്രത്തില്‍ കുബ്രിക്ക് ചാന്ദ്രോപരിതലം ചിത്രീകരിച്ചിരിക്കുന്നത് നാമിന്നു കാണുന്ന നാസയുടെ അസ്സല്‍ വീഡിയോയില്‍ കാണുന്നതിലും വളരെ വ്യത്യസ്തമായിട്ടായിട്ടാണ്. ശബ്ദത്തിലും ദൃശ്യത്തിലുമൊക്കെ പ്രകടമായ വ്യത്യാസമുണ്ട്.

ചിത്രത്തിന്റെ സി.ഡി.വാങ്ങി ഇന്റര്‍നെറ്റില്‍ ലഭ്യമായ നാസ പുറത്തിറക്കിയ അപ്പോളോ ദൃശ്യങ്ങളുമായി താരതമ്യപ്പെടുത്തുന്ന ഏതൊരാള്‍ക്കും ഈ ആരോപണത്തിലെ കഥയില്ലായ്മ പെട്ടെന്ന് ബോധ്യപ്പെടും. നാസയുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ഏറോ സ്‌പേസ് കോണ്‍ട്രാക്റ്റര്‍മാരായ ഫ്രെഡറിക് ഓര്‍ഡവെ, ഹാരി ലാന്‍ജ് (Frederick Ordway and Harry Lange) എന്നിവരുടെ സേവനവും കുബ്രിക് തന്റെ വിശ്രുതചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പ്രയോജനപ്പെടുത്തിയിരുന്നു. സീസ് (Zeiss) കമ്പനി നാസയ്ക്കായി നിര്‍മ്മിച്ചതില്‍ ബാക്കിവന്ന ചില 50 mm f/0.7 ലെന്‍സുകള്‍ കുബ്രിക്ക് ഉപയോഗിച്ചിട്ടുണ്ട്. എന്നാല്‍ ഈ ലെന്‍സ് 'ബാരി ലൈണ്ടന്‍'(Barry Lyndon (1975) എന്ന ചിത്രത്തിന് വേണ്ടിയാണ് അദ്ദേഹം ഉപയോഗിച്ചത്. നിശ്ചലചായഗ്രഹണത്തിന് ഉപയോഗിക്കാനായി നിര്‍മ്മിക്കപ്പെട്ട ഈ ലെന്‍സുകളില്‍ വിഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കാനായി ചില പരിഷ്‌ക്കാരങ്ങള്‍ നടത്തേണ്ടതുണ്ടായിരുന്നു.

കുബ്രിക്കിന് മാത്രമായി ഇത്രയും ദൈര്‍ഘ്യമേറിയ ദൃശ്യങ്ങളും ആയിരക്കണക്കിന് ഫോട്ടോകളും ചാന്ദ്രസമാനമായ അന്തരീക്ഷത്തില്‍ ഷൂട്ട് ചെയ്യാനാകുമോ? വെറുതെയൊന്ന് ചിന്തിച്ചുനോക്കുക. നൂറ് കണക്കിന് സാങ്കേതികവിദഗ്ധരും ജോലിക്കാരും ഇതിനാവശ്യമായി വരും. അവരാരെങ്കിലും ജീവിതത്തില്‍ ഏതെങ്കിലും ദുര്‍ബല നിമിഷത്തില്‍ ഈ തട്ടിപ്പ് പുറത്തുപറയില്ലെന്ന് നാസ കരുതുന്നുണ്ടാവുമോ? രഹസ്യം പൊതുവെ സൂക്ഷിക്കാന്‍ ശേഷിയില്ലാത്തവരാണ് മനുഷ്യരില്‍ 80 ശതമാനവും. ചാന്ദ്രയാത്ര യഥാര്‍ത്ഥത്തില്‍ തട്ടിപ്പായിരുന്നുവെങ്കില്‍ അത് ഷൂട്ട് ചെയ്യാതിരിക്കാനുള്ള വിവേകമെങ്കിലും നാസയ്ക്കുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതല്ലേ ബുദ്ധി? മാത്രമല്ല അമേരിക്കയില്‍ പൊതുവെ രഹസ്യങ്ങള്‍ സൂക്ഷിക്കാന്‍ പ്രയാസമാണ്. എന്തൊക്കെ കുറ്റം പറഞ്ഞാലും നോം ചോംസ്‌ക്കിയെ പോലുള്ള ഒരാള്‍ക്കുപോലും നിര്‍ബാധം അഭിപ്രായപ്രകടനം നടത്താനുള്ള സ്വാതന്ത്രവും അവകാശവും അനുവദിക്കുന്ന രാജ്യമാണത്. പ്രസിഡന്റായിരുന്ന നിക്‌സന് ചന്ദ്രനിലേക്ക് ഏഴ് 'കള്ള യാത്രകള്‍ 'നടത്താനായി
ട്ടും തന്റെ സ്ഥാനം തെറിപ്പിച്ച 'വാട്ടര്‍ഗേറ്റ്' ഒളിപ്പിക്കാനായില്ല എന്നു പറയുന്നതില്‍ വിരോധാഭാസമുണ്ട്. ഒരു മൊണിക്കാ ലെവിന്‍സ്‌ക്കി വിചാരിച്ചാല്‍ രാജ്യത്തിന്റെ പരമാധികാരിക്ക് വരെ കസേര പോകാമെന്ന അവസ്ഥയുള്ള രാജ്യത്ത് ലക്ഷക്കണക്കിന് പേര്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുത്ത ഒരു കാര്യത്തിലെ തട്ടിപ്പ് തുറന്നുപറയാന്‍ ഇന്നുവരെ ആരും രംഗത്തുവന്നില്ലെന്നത് ലോകത്തെ എട്ടാം അത്ഭുതമായി കാണാവുന്നതാണ്.

നാസയുടെ നേതൃത്വത്തിലാണ് ചാന്ദ്രയാത്ര നടന്നതെങ്കിലും അമേരിക്കയിലേയും വിദേശരാജ്യങ്ങളിലേയും പല ഏജന്‍സികളും മൂന്നാംകക്ഷിയായി അവ പിന്തുടര്‍ന്നിരുന്നു. ഇത്തരം മൂന്നാം കക്ഷികള്‍ക്ക് വ്യക്തമായ നിരീക്ഷണം സാധ്യമാകത്തക്ക വിധം വിക്ഷേപണത്തിന്റെ സാങ്കതികവിശദാംശങ്ങള്‍ നാസ ആദ്യയാത്രയ്ക്ക് ശേഷമുള്ള തുടര്‍യാത്ര
കള്‍ക്കുമുമ്പ്‌ പ്രസിദ്ധീകരിച്ചിരുന്നു. തീര്‍ച്ചയായും സോവിയറ്റ് യൂണിയന്‍ അപ്പോളോ ദൗത്യത്തിന്റെ ഓരോ ഘട്ടവും കൃത്യമായി പിന്തുടര്‍ന്നിരുന്നു. ചാര ഉപഗ്രഹങ്ങള്‍ ഉള്‍പ്പെടെയുള്ള അന്ന് ലഭ്യമായിരുന്ന എല്ലാ അത്യാന്താധുനിക വിവരശേഖരണ സംവിധാനവും അവരതിനായി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. യൂറോപ്പിലാകട്ടെ, ബ്രിട്ടണ്‍ അപ്പോളോ ദൗത്യം പിന്തുടര്‍ന്നിരുന്നു. 


നാസയുടെ മാന്‍ഡ് സ്‌പേസ് ഫ്‌ളൈറ്റ് നെറ്റ്‌വര്‍ക്ക്(The NASA Manned Space Flight Network (MSFN) ലോകത്തെമ്പാടും സ്റ്റേഷനുകളുള്ള വിവരശൃംഖലയാണ്. മെര്‍ക്കുറി, ജെമിനി, അപ്പോളോ, സ്‌കൈലാബ് തുടങ്ങിയ ബഹിരാകാശദൗത്യങ്ങള്‍ ആദ്യന്തം പിന്തുടര്‍ന്ന സ്ഥാപനമാണത്.
 NASA's Deep Space Network
ലോകമെമ്പാടുമായി വിന്യസിക്കപ്പെട്ട സ്റ്റേഷനുകള്‍ ഈ നെറ്റ്‌വര്‍ക്കിനുണ്ട്. മിക്ക സ്റ്റേഷനുകളും വിക്ഷേപണം, ഭൗമഭ്രമണം തുടങ്ങിയവയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നല്‍കിവരുന്നത്. എന്നാല്‍ വന്‍ ആന്റനകളുമായി പ്രവര്‍ത്തിച്ചുപോന്ന മൂന്ന് ഡീപ് സ്‌പേസ് സൈറ്റുകള്‍ (Deep Space Sites) ഭൗമഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കും തിരിച്ചുമുള്ള യാത്രയും പിന്തുടരാന്‍ നാസ ഉപയോഗിച്ചിരുന്നു. ഇന്ന് ഈ മൂന്ന് സൈറ്റുകള്‍ സംയോജിച്ചാണ് നാസയുടെ ഡീപ് സ്‌പേസ് ഒരു ശൃംഖലയായി പ്രവര്‍ത്തിക്കുന്നത്. അമേരിക്കയിലെ കാലിഫോര്‍ണിയയിലും സ്‌പെയിനിലെ മാഡ്രിഡിലും ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാന്‍ബറയിലുമാണ് ഈ ഡീപ് സ്‌പേസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്(The Goldstone Deep Space Communications, California; the Madrid Deep Space Communication, Madrid, Canberra Deep Space Communication Complex in Tidbinbilla).

നാസയുടെ ഉടമസ്ഥതയിലുള്ളതാണെങ്കിലും അവിടങ്ങളില്‍ ജോലി ചെയ്യുന്നത് അതാതിടങ്ങളിലെ പ്രാദേശിക നിവാസികളാണ്. ഇതിനു പുറമെ ഓസ്‌ട്രേലിയയിലെ തന്നെ പാര്‍ക്ക്‌സ് ഒബ്‌സര്‍വേറ്ററിയുമായും (The Parkes Observatory in New South Wales) നാസ പുറംകരാറില്‍ ഏര്‍പ്പെട്ടിരുന്നു. ഇത് നാസയുടെ അധികാരപരിധിക്ക് പുറത്തുള്ള സ്ഥാപനമാകുന്നു. ഓസ്‌ട്രേലിയന്‍ സര്‍ക്കരിന്റെ കീഴിലുള്ള Commonwealth Scientific and Industrial Research Organization (CSIRO)എന്ന സ്ഥാപനത്തിനാണ് അതിന്റെ നിയന്ത്രണം.

ഇതിനെല്ലാം പുറമേ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കുമായി ബന്ധമില്ലാത്ത നിരവധി 
കമ്മ്യൂണിക്കേഷന്‍ സൈറ്റുകള്‍ അപ്പോളോ-11 ല്‍ നിന്നുള്ള പ്രക്ഷേപണങ്ങള്‍ സ്വീകരിക്കുന്നതില്‍ സഹകരിച്ചിട്ടുണ്ട്. കാര്‍ണര്‍വോന്‍ ട്രാക്കിംഗ് സ്റ്റേഷന്‍ (Carnarvon Tracking Station)അപ്പോളോ ദൗത്യത്തിന്റെ ഭൂമിയുമായി ബന്ധപ്പെട്ട ഘട്ടം പിന്തുടരാന്‍ ഉപയോഗിച്ച വളരെ ചെറിയ സ്റ്റേഷനാണ്. ഈ സ്റ്റേഷന്‍ തന്നെ പിന്നീട് ചാന്ദ്രോപരിതലത്തിലെ നടത്തിയ പരീക്ഷണഫലങ്ങള്‍ പിടിച്ചെടുക്കാനായും ഉപയോഗപ്പെടുത്തി. 
Honey Suckle Creek
Tracking  Station, (1967-81)
ഓസ്‌ട്രേലിയയിലെ 'Honeysuckle Creek Tracking Station' (1967-1981) ആണ് ചന്ദ്രോപരിതലത്തില്‍ നിന്നുള്ള ടി.വി സിഗ്നലുകള്‍ പിടിച്ചെടുത്ത് വിതരണം ചെയ്തത്. നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ ഇറങ്ങുന്ന ദൃശ്യങ്ങള്‍ ആദ്യം ലഭിച്ചതും സംപ്രേഷണം ചെയ്തതും ഓസ്‌ട്രേലിയന്‍ ടെലിവിഷന്‍ ആയിരുന്നു. ഓസ്‌ട്രേലിയന്‍ സ്റ്റേഷനില്‍ നിന്നാണ് സിഗ്‌നലുകള്‍ അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് പോയികൊണ്ടിരുന്നത്. അതായത് അമേരിക്കയുള്‍പ്പെടെയുള്ള ലോകം കാണുന്നതിന് ഏതാണ്ട് 55 സെക്കന്റുകള്‍ക്ക് മുമ്പേ ഓസ്‌ട്രേലിയക്കാര്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലുകുത്തുന്നത് കണ്ടു! ഭൂമിയില്‍ ഓസ്‌ട്രേലിയ സ്ഥിതിചെയ്യുന്ന സവിശേഷസ്ഥാനമാണ് ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായത്. ഹൂസ്റ്റണില്‍ സ്വീകരിക്കപ്പെട്ട ഈ ദൃശ്യങ്ങള്‍ നേരിട്ടല്ല പുറംലോകത്തേക്ക് സംപ്രേഷണം ചെയ്തതെന്നാണ് മറ്റൊരു കൗതുകകരമായ വസ്തുത. മറിച്ച് ഹൂസ്റ്റണിലെ നാസാ ആസ്ഥാനത്തെ സ്‌ക്രീനില്‍ നിന്നും ഷൂട്ട് ചെയ്ത് പകര്‍ത്തുകയായിരുന്നു. ആ ദൃശ്യങ്ങളാണ് 'ചന്ദ്രനില്‍നിന്നും ലൈവ്' ('Live from Moon') എന്ന പേരില്‍ പുറംലോകം കണ്ടത്.
അപ്പോളോ-11 ദൗത്യം ഉറപ്പാക്കപ്പെട്ടപ്പോള്‍ തന്നെ ലാന്‍ഡിംഗ് ദൃശ്യങ്ങള്‍ സ്വീകരിക്കുക ഓസ്‌ട്രേലിയ വഴിയായിരിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. തട്ടിപ്പ് നടത്തുകയായിരുന്നു ഉദ്ദേശ്യമെങ്കില്‍ നാസ തങ്ങളുടെ ഡീപ് സ്‌പേസ് നെറ്റ്‌വര്‍ക്കിന് പുറത്തുള്ള സ്റ്റേഷനുകളെ ഈ ദൗത്യവുമായി ഒരു കാരണവശാലും സഹകരിപ്പിക്കില്ലായിരുന്നു. അപ്പോളോ-11 സംപ്രേഷണവുമായി ബന്ധപ്പെട്ട മിക്ക സ്റ്റേഷനുകളും ഇന്നും നാസയുമായി ബന്ധപ്പെടാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരടക്കം ലോകത്തെ ഒന്നടങ്കം വായടപ്പിച്ചുകൊണ്ടാണ് നാസ ഇന്നും ഈ തട്ടിപ്പ് ഒളിപ്പിച്ചു വെച്ചിരിക്കുന്നുവെന്ന വാദം വെട്ടിവിഴുങ്ങുക പ്രയാസകരം തന്നെ.

അപ്പോളോയാത്രയുമായി ബന്ധപ്പെട്ട് ഏറ്റവുമധികം പ്രാധാന്യമുള്ള ഘട്ടങ്ങള്‍ വിക്ഷേപണവും ഭൂമിയിലേക്കുള്ള തിരിച്ചുവരവുമാണ്. ഏറ്റവുമധികം അപകടസാധ്യതയുള്ള ഘട്ടങ്ങളാണവ. സാറ്റേണ്‍ പോലുള്ള ലോകം കണ്ടിട്ടുള്ളതില്‍ വെച്ചേറ്റവും ശക്തിയും വലുപ്പവുമുള്ള പതിനൊന്നു ബുസ്റ്റര്‍ റോക്കറ്റുക
ള്‍  ജനലക്ഷങ്ങള്‍ നോക്കിനില്‍ക്കെയാണ്‌ അമേരിക്ക വിക്ഷേപിച്ചത്. അവയില്‍ അപ്പോളോ-7 ഒഴികെയുള്ളവ 7-8 ദിവസങ്ങള്‍ കഴിഞ്ഞാണ് തിരികെ ഭൂമിയിലെത്തിയത്. ചന്ദ്രനില്‍ പോയില്ലെങ്കില്‍ പിന്നെവിടെയാണ് ഇത്രയും സമയം അവര്‍ തങ്ങിയത്?? ഉപജാപകപ്രമാണിമാരുടെ ഉത്തരം റെഡി: അത്രയും നേരം അവര്‍ ബഹിരാകാശത്ത് ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുകയായിരുന്നു! അതായത് 24 അമേരിക്കക്കാര്‍ മൂന്നു വര്‍ഷത്തിനിടെ പലതവണയായി മൊത്തം ഏതാണ്ട് രണ്ടരമാസം ഭൂമിക്ക് ചുറ്റും കറങ്ങുകയും ഭൗമസ്റ്റേഷനുമായി റേഡിയോ സിഗ്നലുകള്‍ വഴി സദാ ആശയവിനിമയം നടത്തുകയും ചെയ്തിട്ട് ലോകത്ത് ആര്‍ക്കുമത് കണ്ടുപിടിക്കാനായില്ല!!!

1956 ല്‍ സ്പുട്‌നിക്ക് എന്ന ചെറു ഉപഗ്രഹം സോവിയറ്റ് യൂണിയന്‍ വിക്ഷേപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ പാശ്ചാത്യലോകം അതില്‍നിന്നുള്ള  റേഡിയോ സിഗ്നലുകള്‍ പിടിച്ചെടുത്ത് ലോകത്തെ അറിയിച്ചിരുന്നു. സോവിയറ്റ് യൂണിയന്‍ പറയാതെ തന്നെ സ്പുട്‌നിക്കിന്റെ വിക്ഷേപണത്തെ സംബന്ധിച്ച വാര്‍ത്ത ബ്രിട്ടീഷ്-അമേരിക്കന്‍ മാധ്യമങ്ങളില്‍ വന്നിരുന്നു. ഭൗമഭ്രമണപഥത്തിലെ വളരെ ദുര്‍ബലമായ സാന്നിധ്യംപോലും ഭൂമിയില്‍ നിന്ന് തിരിച്ചറിയാനുള്ള കഴിവ് അമ്പതുകളുടെ മധ്യത്തില്‍പോലും ലോകത്തിനുണ്ടായിരിക്കെ 1969-72 കാലഘട്ടത്തില്‍ അമേരിക്ക കാണിച്ച ഈ 'ഒടിവിദ്യ' ലോകത്തിലെ മറ്റൊരു മഹാത്ഭുതം തന്നെ. ഒരുപക്ഷെ ചന്ദ്രനില്‍ പോകുന്നതിനേക്കാള്‍ എത്രയോ മഹത്തരമായ സാങ്കേതിക മികവാണ് അത്തരത്തില്‍ നിരന്തരമായി ലോകത്തെ കബളിപ്പിക്കാന്‍ ആവശ്യമായി വരിക! തട്ടിപ്പ് നടത്തുന്നവര്‍ വീണ്ടും അതാവര്‍ത്തിക്കുമോ? പിടിക്കപ്പെടാന്‍ കൊതിപൂണ്ടിരിക്കുകയായിരുന്നോ അമേരിക്ക? അത് നിസ്സാരമായ ആവര്‍ത്തനമല്ല. വിക്ഷേപണം-8 ദിവസം ഭൂമിയില്‍നിന്ന് അപ്രത്യക്ഷമാകല്‍-തിരിച്ചുവരവ് എത്ര സങ്കീര്‍ണ്ണവും അപകടകരവുമായ ആവര്‍ത്തനമായിരുന്നുവത്! ചന്ദ്രനില്‍ പോകാനാവുമെന്ന് തെളിയിക്കാന്‍ ഇതില്‍ ഒന്നോ രണ്ടോ തവണ 'തട്ടിപ്പ് 'ആസൂത്രണം ചെയ്താല്‍ മതിയാകും. മൂന്നാമത്തെ ദൗത്യം പരാജയപ്പെട്ടിട്ടും പിന്നെയും നാലെണ്ണം കൂടി നടത്തിയ ശേഷമാണ് അഞ്ചാമത്തെ ദൗത്യം(അപ്പോളോ-18) ഉപേക്ഷിച്ചത്. 

Apollo-13 crew rescued from
Pacific ocean
അപ്പോളോ-13 ദൗത്യത്തിന്റെ പരാജയം എന്തിനാണ് നാസ പരസ്യമാക്കിയത്? അവരും ചന്ദ്രന്‍ വരെ പോവുകയും ചന്ദ്രനെ ഭ്രമണം ചെയ്യുകയും ചെയ്തതാണല്ലോ. ചന്ദ്രനിലിറങ്ങിയില്ല എന്നതൊഴിച്ച് ബാക്കിയൊക്കെ ഏറെക്കുറെ സംഭവിക്കുകയും ചെയ്തു ഉപജാപകരുടെ വാദമനുസരിച്ച് ഇതിന്റെയും ദൃശ്യങ്ങളും ചിത്രങ്ങളുമൊക്കെ പെട്ടിയില്‍ റെഡിയുമാണ് പിന്നെന്തിന് അപ്പോളോ-13 ദൗത്യം പരാജയപ്പെട്ടതായി അമേരിക്ക സമ്മതിച്ചു? ഉപജാപകര്‍ മണ്ടരാണെന്ന് ധരിക്കരുത്. അവര്‍ക്കതിനും കിടിലന്‍ ഉത്തരമുണ്ട്: എല്ലാ ദൗത്യങ്ങളും വിജയിച്ചാല്‍ ലോകത്തിന് 'സംശയം' തോന്നുമെന്ന് കരുതി അമേരിക്ക മന:പൂര്‍വം ഒരെണ്ണം അലങ്കോലപ്പെടുത്തിയതാണ്. അതല്ലാതെ ഓക്‌സിജന്‍ ടാങ്കിന്റെ പൊട്ടിത്തെറി പോലുളള നിസ്സാര അബദ്ധങ്ങള്‍ എങ്ങനെ ഒഴിവാക്കണമെന്ന് കൊച്ചുകുട്ടികള്‍ക്ക് പോലുമറിയാം!! അതായത് അപ്പോളോ വിജയങ്ങള്‍ മാത്രമല്ല പരാജയങ്ങള്‍ കൂടിയും നാസയുടെ 'തട്ടിക്കൂട്ടു'കളാണ്. വിമര്‍ശിക്കുമ്പോള്‍ ഇങ്ങനെതന്നെ വേണം-മുങ്ങിയാലും പൊങ്ങിയാലും വിടരുത്!!!***