Pages

Wednesday, 14 December 2011

ഒന്നും മൂന്നും തമ്മിലുള്ള വ്യത്യാസം

The tunnel between Command
Module& Lunar Module after
docking
 മനുഷ്യന്റെ ചാന്ദ്രയാത്രകള്‍ ശരിക്കും ഒരു റിലേ ഓട്ടം പോലെയായിരുന്നു. ഏതെങ്കിലും ഒരു ഘട്ടം പിഴച്ചാല്‍ മുഴുവന്‍ പദ്ധതിയും തകിടം മറിയുമായിരുന്നു. ഭൂമിയില്‍ നിന്നും വിക്ഷേപിച്ച സാറ്റേണ്‍ റോക്കറ്റിന്റെ ഭാരത്തിന്റെ 95 ശതമാനവും ഇന്ധനമായിരുന്നുവെന്ന് മുമ്പ് സൂചിപ്പിച്ചല്ലോ. റോക്കറ്റിന് മുകളില്‍ സ്ഥാപിച്ചിരുന്ന ചാന്ദ്രപേടകത്തിന് മൂന്ന് ഭാഗങ്ങളുണ്ടെന്നും കണ്ടു. കമാന്‍ഡ് മോഡ്യൂള്‍(CM), സപ്‌ളൈ മോഡ്യൂള്‍, (SM)ലൂണാര്‍ മോഡ്യൂള്‍(LM) എന്നിവയാണ് ഈ ഭാഗങ്ങള്‍. ഇതില്‍ ലൂണാര്‍ മോഡ്യൂള്‍ പിന്നറ്റത്തും കമാന്‍ഡ് മോഡ്യൂള്‍ മുന്നറ്റത്തുമാണ്. ഇടയിലാണ് പ്രൊപ്പല്ലന്റുകളും ഇന്ധനവും മറ്റും ശേഖരിച്ചിട്ടുള്ള സപ്‌ളൈ മോഡ്യൂള്‍. കമാന്‍ഡ് മോഡ്യൂളും സപ്‌ളൈ മോഡ്യൂളും കൂട്ടിചേര്‍ത്ത് മുന്‍ഭാഗത്തിന് കാമാന്‍ഡ് ആന്‍ഡ് സപ്‌ളൈ മോഡ്യൂള്‍ (CSM) എന്നും പറയാറുണ്ട്.


Artist's view: CM and LM after docking

ചാന്ദ്രപേടകവും വഹിച്ചുകൊണ്ടുള്ള റോക്കറ്റ് ഒന്നര ഭൗമഭ്രമണം പൂര്‍ത്തിയാക്കിയ ശേഷമാണ് റോക്കറ്റ് പുന:പ്രവര്‍ത്തിച്ച് ചന്ദ്രനിലേക്ക് കുതിക്കുന്നത്. പിന്നീട് മൂന്നു ദിവസത്തെ യാത്രയാണ്. ആ പ്രായാണത്തിനിടയില്‍ രണ്ടു കാര്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്. (ഒന്ന്)സാറ്റേണ്‍ റോക്കറ്റിന്റെ അവശേഷിച്ച ഭാഗം കത്തിച്ചുകളയുക. (രണ്ട്) ലൂണാര്‍ മോഡ്യൂളന്റെ പുറംകവചം വേര്‍പെടുത്തുക. ഇതു രണ്ടും നിര്‍വഹിച്ചു കഴിഞ്ഞാല്‍ പിന്നെ ചെയ്യാനുള്ളത് പിറകിലിരിക്കുന്ന ലൂണാര്‍ മോഡ്യൂളിനെ സപ്‌ളൈമോഡ്യൂളിന്റെ മുകളിലൂടെ ഉയര്‍ത്തി കൊണ്ടുവന്ന് ഏറ്റവും മുന്നിലുള്ള കമാന്‍ഡ് മോഡ്യൂളിന്റെ നാസികാഗ്രഭാഗത്ത് ഘടിപ്പിക്കുക എന്നതാണ്. നാം പിറകില്‍ നില്‍ക്കുന്ന ശിശുവിനെ തലയ്ക്ക് മീതെ എടുത്തുയര്‍ത്തി മുന്‍വശത്ത് എത്തിക്കുന്നത് സങ്കല്‍പ്പിക്കു. ഏതാണ്ട് അതുപോലെയാണ് പിന്നിലിരിക്കുന്ന ല്യൂണാര്‍ മോഡ്യൂള്‍ വാഹനത്തിന്റെ മുന്നിലെത്തുന്നത്. പേടകം മണിക്കൂറില്‍ 36000 കിലോമീറ്റര്‍ വേഗത്തില്‍ കുതിച്ചിരമ്പി പായുമ്പോഴാണ് ബാഹിരാകാശത്ത് വെച്ച് ഈ സര്‍ക്കസ് അരങ്ങേറുന്നത്! സര്‍വീസ് മോഡ്യൂളിന്റെ മധ്യഭാഗത്ത് ഘടിപ്പിച്ചിരിക്കുന്ന ഒരു യന്ത്രക്കൈയ്യുടെ സഹായത്തോടെയാണ് ലൂണാര്‍ മോഡ്യൂളിനെ വാഹനത്തിന്റെ മുന്നിലെത്തിക്കുന്നത്.

വിലക്ഷണമായ, ഏതാണ്ട് ചിലന്തിയുടെ ആകൃതിയുള്ള ലൂണാര്‍ മോഡ്യൂള്‍ ഇത്രയും വേഗത്തില്‍ കുതിച്ചുപോയുന്ന വാഹനത്തിന്റെ മുന്നില്‍ ഘടിപ്പിച്ചാല്‍ എങ്ങനെ മുന്നോട്ടുപോകാനാവും? ന്യായമായ ചോദ്യം തന്നെ. ഭൂമിയിലോ ഭൗമാന്തരീക്ഷത്തിലോ അത്തരമൊരു കാര്യം ചിന്തിക്കാന്‍ പോലുമാവില്ല. അവിടെ വായുപ്രതിരോധം പരമാവധി കുറയ്ക്കാന്‍ സഹായകമായ ആകൃതിയുണ്ടാവണം. പക്ഷെ ബഹരാകാശത്ത് അന്തരീക്ഷപ്രതിരോധമോ ഭാരമോ ഇല്ലാത്തതിനാല്‍ വിക്ഷേപണവസ്തുവിന്റെ ആകൃതിയോ ഭാരമോ ഒരു വിഷയമല്ല. ലൂണാര്‍ മോഡ്യൂള്‍ ശൂന്യാകാശത്തില്‍ മാത്രം പറക്കാനായി ആസൂത്രണം ചെയ്യപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അതിന്റെ മുന്‍ഭാഗം പോര്‍മുനപോലെ (streamline) രൂപപ്പെടുത്തേണ്ട കാര്യമുണ്ടായിരുന്നില്ല.

ലൂണാര്‍ മോഡ്യൂള്‍ മുന്നില്‍ വെച്ചുകൊണ്ട് 3 ദിവസം സഞ്ചരിച്ച് ചന്ദ്രാകാശത്ത് എത്തുന്ന പേടകം ചന്ദ്രനെ വലം വെക്കാന്‍ തുടങ്ങുന്നു. ചാന്ദ്രഭ്രമണപഥത്തില്‍ ലൂണാര്‍ മോഡ്യൂളിനേയും കമാന്‍ഡ് മോഡ്യൂളിനേയും ബന്ധിപ്പിക്കുന്ന ഭാഗം ഒരു കുഴലെന്നപോലെ തുറക്കാവുന്നതാണ്. ഈ കുഴലിലൂടെ സഞ്ചാരികള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും നുഴഞ്ഞുകയറാം. ലൂണാര്‍ മോഡ്യൂള്‍ മുന്‍വശത്ത് വന്നുകഴിഞ്ഞാല്‍ യാത്രികരില്‍ രണ്ടുപേര്‍ കമാന്‍ഡ് മോഡ്യൂളില്‍ നിന്നും ലൂണാര്‍മോഡ്യൂളിലേക്ക് കയറും. ബാക്കിയുള്ള ഒരാള്‍ കമാന്‍ഡ് മോഡ്യൂളില്‍ തന്നെ ഇരിക്കും. തുടര്‍ന്ന് ലൂണാര്‍ മോഡ്യൂള്‍ കമാന്‍ഡ് മോഡ്യൂളില്‍ നിന്ന് മെല്ലെ വേര്‍പെടുന്നു. രണ്ടു വാഹനങ്ങളും വ്യത്യസ്ത ഭ്രമണപഥങ്ങള്‍ സ്വീകരിച്ച് ചന്ദ്രനെ ചുറ്റുന്നത് തുടരും. കുറെക്കഴിയുന്നതോടെ ലൂണാര്‍ മോഡ്യൂള്‍ അതിലെ ദിശാറോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് മെല്ലെ ചന്ദ്രനിലേക്ക് വീഴുന്നു.

ഇന്ധനം പരമാവധി ശേഖരിക്കാനായി ലൂണാര്‍ മോഡ്യൂളിന്റെ ഭാരം പരമാവധി കുറയ്ക്കാനാണ് നാസ തീരുമാനിച്ചത്. അതിനായി യാത്രികര്‍ക്കുള്ള സീറ്റുകള്‍ പോലും ഉപേക്ഷിച്ചു. എത്ര ഇന്ധനം ശേഖരിക്കാമോ ദൗത്യത്തിന്റെ മൊത്തം അതിജീവനസാധ്യത അത്രകണ്ട് വര്‍ദ്ധിക്കുമല്ലോ. നീല്‍ ആംസ്‌ട്രോങും ഓള്‍ഡ്രിനും ചന്ദ്രനിലും ചെന്നിറങ്ങിയതും അവിടെനിന്ന് കയറിയതും നിന്നുകൊണ്ടായിരുന്നുവെന്ന് സാരം. ഇത്രയും ദൂരം യാത്ര ചെയ്യുന്നവര്‍ക്ക് ഇരിക്കാന്‍ നല്ല രണ്ട് സീറ്റുപോലും കൊടുക്കാതിരുന്ന നാസയിലെ ബുദ്ധിരാക്ഷസന്‍മാരെ സമ്മതിക്കണം! പക്ഷെ, ഓര്‍ക്കുക, ചന്ദ്രയാത്ര കേവലം മറ്റൊരു യാത്രയല്ല!

7 മീറ്റര്‍ ഉയരവും 15 ടണ്‍ ഭാരവുമുള്ള ലൂണാര്‍ മോഡ്യൂളില്‍ കഷ്ടിച്ച് ചുരുണ്ടുകൂടി കിടക്കാനും ചാരിനില്‍ക്കാനും മാത്രമുള്ള സ്ഥലമേ ലഭ്യമായിരുന്നുള്ളു. ലൂണാര്‍ മോഡ്യൂളിന്റെ അഷ്ടഭുജാകൃതിയുള്ള(octagonal) കീഴ്ഭാഗത്ത് (descent stage)ബ്രേക്ക് ചെയ്യാനുള്ള ഒരൊറ്റ എന്‍ജിനും ലാന്‍ഡിംഗിന്റെ ആഘാതം താങ്ങാനാവശ്യമായ ഷോക്ക് അബ്‌സോര്‍ബറുകളുള്ള കാലുകളും ഉണ്ടായിരുന്നു. ഈ ബ്രേക്കിംഗ് എന്‍ജിന്‍ (descent engine) നിരന്തരം ചന്ദ്രോപരിതലത്തിലേക്ക് ജ്വാല (exhaust) തള്ളിക്കൊണ്ടിരിക്കും. അതുമൂലം ചന്ദ്രനിലേക്ക് വീഴുന്ന പേടകത്തിന് മേല്‍ മുകളിലേക്ക് ഒരു തള്ളല്‍ അനുഭവപ്പെടും. ഇതുമൂലം വീഴ്ചയുടെ വേഗത കുറഞ്ഞുവരുന്നു. അവസാനം വാഹനത്തിന് തറതൊടാനാവാത്ത വിധം പ്രതിരോധമുണ്ടാകും. ചാന്ദ്രോപരിതലത്തില്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്തുന്നതുവരെ ഇടിച്ചു വീഴാതെ തങ്ങിനില്‍ക്കാന്‍ (hover)ഇതുമൂലം സാധിക്കും. പക്ഷെ നിശ്ചിതസമയത്തിനുളളില്‍ നിര്‍ദ്ദിഷ്ട സ്ഥലം കണ്ടെത്തിയില്ലെങ്കില്‍ എന്‍ജിനിലെ ഇന്ധനം തീരുകയും പേടകം ഇടിച്ചിറങ്ങുകയും ചെയ്യും. ഇന്ധനം തീരുന്നതിന് മുമ്പ് കഴിവതും പെട്ടെന്ന് ഇറക്കാനായിരുന്നു നാസയുടെ നിര്‍ദ്ദേശം. അപ്പോളോ-11 ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുന്ന സമയത്ത് 5 മിനിറ്റ് നേരത്തേക്കുള്ള ഇന്ധനം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു.Self launching of 'Eagle'  from Moon
The fire, fume and dust are
just poetic imagination
ലൂണാര്‍ മോഡ്യൂളിന്റെ കീഴ്ഭാഗത്ത് ജലം, ഇന്ധനം(അപ്പോളോ 15 മുതല്‍) എന്നിവയും ശേഖരിച്ചിരുന്നു. ഉപരിഭാഗത്താകട്ടെ യാത്രികരുടെ കാബിനും, ഓക്‌സിജന്‍, ഓണ്‍ബോര്‍ഡ് കമ്പ്യൂട്ടര്‍, റേഡിയോ-ടെലിവിഷന്‍ ഉപകരണങ്ങള്‍ എന്നിവയും സ്ഥാപിച്ചിരുന്നു. ചന്ദ്രനില്‍ നിന്നും തിരിച്ച് പറന്നുകയറാന്‍ പ്രവര്‍ത്തിപ്പിക്കേണ്ട റോക്കറ്റ് എന്‍ജിന്‍ ഉപരിഭാഗത്തിന്റെ അടിവശത്തുണ്ടായിരുന്നു. നാലുവീതമുള്ള നാലു കൂട്ടം (മൊത്തം 16) ഉയരം ക്രമീകരിക്കുന്ന നിയന്ത്രണറോക്കറ്റുകളും(attitude control thrusters) ഉപരിഭാഗത്തുണ്ടായിരുന്നു. ചന്ദ്രാകാശത്തെത്തി കണ്‍ട്രോണ്‍ മോഡ്യൂളുമായി ഡോക്കിംഗ് നടത്താനും സഞ്ചാദിശ ക്രമീകരിക്കാനും ഇവയുടെ പങ്ക് വളരെ നിര്‍ണ്ണായകമായിരുന്നു.

ഉപരിഭാഗത്തിന്റെ അടിത്തട്ടിലുള്ള ത്രികോണാകൃതിയിലുള്ള സ്‌ക്രീനുണ്ടായിരുന്നു. യു-ട്യൂബില്‍ നാസ പുറത്തുവിട്ട വീഡിയോ കണ്ടവര്‍ക്കെറിയാം, യാത്രികര്‍ ചാന്ദ്രോപരിതലം കണ്ടുകൊണ്ടിരുന്നത് ത്രികോണാകൃതിയുള്ള ഈ ജാലകത്തിലൂടെയാണ്. ലാന്‍ഡിംഗിന് ശേഷം പേടകത്തില്‍ നിന്ന് യാത്രികര്‍ പുറത്തിറങ്ങുന്നതും തിരിച്ചുകയറുന്നതും വളരെ ശ്രമപ്പെട്ടാണ്. ഈഗിളിന്റെ കാലുകളില്‍ ഘടിപ്പിച്ച കോവേണിയിലൂടെയാണ് യാത്രികര്‍ പുറത്തിറങ്ങിയത്. അത്തരത്തിലൊന്ന് നാസ ഇപ്പോഴും പ്രദര്‍ശനത്തിനായി (at the National Air and Space Museum in Washington)സൂക്ഷിച്ചിട്ടുണ്ട്.

ചന്ദ്രനിലിറങ്ങിയ സഞ്ചാരികള്‍ അവരോട് നിര്‍ദ്ദേശിച്ചിരുന്ന അന്വേഷണങ്ങളും ദൗത്യങ്ങളും നിര്‍വഹിച്ചു. പാറയും മറ്റും ശേഖരിച്ച് തിരിച്ചുകയറിയ ശേഷം ഉപരിഭാഗം (ascent stage) മാത്രമായി ചന്ദ്രനില്‍ നിന്ന് റോക്കറ്റ് എന്‍ജിനുകളുടെ സഹായത്തോടെ പറന്നുപൊങ്ങി. പാമ്പ് പടം പൊഴിക്കുന്നതുപോലെ കീഴ്ഭാഗം ചന്ദ്രനില്‍ ഉപേക്ഷിച്ചാണ് യാത്രികര്‍ ചന്ദ്രനില്‍ നിന്ന് പറന്നകന്നത്. 'വിക്ഷേപണത്തറ'യായി (launch pad) ഉപയോഗിച്ച കീഴ്ഭാഗം ഉപേക്ഷിക്കപ്പെട്ടു.

ബഹിരാകാശത്തെ ബാലെ

The docking target of Lunar Module
as seen from the Command Module
ചാന്ദ്രയാത്രയുടെ മുഴുവന്‍ വിജയവും ചാന്ദ്രഭ്രമണപഥത്തില്‍ വെച്ച് നടത്തപ്പെട്ട വിഘടന-പുന:സംഘടന ദൗത്യത്തെ (undocking and redocking maneuvers) ഡോക്കിംഗിനെ ആശ്രയിച്ചാണിരുന്നത്. അതായത് കമാന്‍ഡ് മോഡ്യൂളില്‍ നിന്ന് ഈഗിള്‍ വേര്‍പെടുന്നതും തിരിച്ച് ചന്ദ്രനിലിറങ്ങിയശേഷം വീണ്ടും കണ്ടെത്തി സംയോജിക്കുന്നതും സത്യത്തില്‍ വിസ്മയകരമായ ഒരു കാര്യം തന്നെയായിരുന്നു. ശരിക്കും ഒരു ആകാശ ബാലെ! ലൂണാര്‍ മോഡ്യൂളിനെ കമാന്‍ഡ് മോഡ്യൂളിന്റെ മുന്നില്‍ കൊണ്ടുവരുന്ന ഡോക്കിംഗ് പേടകങ്ങള്‍ തമ്മിലുള്ള ബന്ധം വിച്ഛേദിക്കാതെ നിര്‍വഹിക്കുന്ന ഒന്നാണ്. അപ്പോളോ-11 ന് മുമ്പുള്ള ദൗത്യങ്ങളില്‍ വിജയകരമായി റിഹേഴ്‌സല്‍ നടത്തിയ പ്രക്രിയയാണിത്.

കമാന്‍ഡ്‌മോഡ്യൂളും ലൂണാര്‍ മോഡ്യൂളും ഒറ്റ പേടകമായി ചന്ദ്രനിലേക്കുള്ള യാത്ര തുടരുന്നതിന് മുമ്പ് തന്നെ റോക്കറ്റിന്റെ (S-IVB rocket)ബാക്കിവന്ന ഭാഗം ജ്വലിപ്പിച്ച് സൂര്യന് ചുറ്റുമായുള്ള ഒരു ഭ്രമണപഥത്തിലേക്ക് തള്ളി വിട്ടിരുന്നു. എന്നാല്‍ അപ്പോളോ-13 മുതലുള്ള ദൗത്യങ്ങളില്‍ ഇങ്ങനെ ബാക്കിവന്ന റോക്കറ്റ് ഭാഗം ചാന്ദ്രപേടകത്തിന് ഒപ്പം സഞ്ചരിക്കുകയും ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി ചാന്ദ്രോപരിതലത്തിലേക്ക് തകര്‍ന്ന് വീഴുകയുമാണുണ്ടായത്. ഇതുമൂലം ചന്ദ്രനിലുണ്ടായ മനുഷ്യനിര്‍മ്മിതമായ ചാന്ദ്രകമ്പം (a man-made moonquake) അവിടെ സ്ഥാപിച്ചിരുന്ന കമ്പമാപിനികള്‍ (seismometers)രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോളോ-11, 12 എന്നീ ദൗത്യസംഘങ്ങളാണ് ഈ കമ്പമാപിനി ചന്ദ്രനില്‍ സ്ഥാപിച്ചത്. ചന്ദ്രന്റെ ആന്തരികഘടനയെ കുറിച്ച് പഠിക്കാന്‍ ഇത്തരം 'ഇടിച്ചിറക്കലുകള്‍' നാസയെ ഏറെ സഹായിച്ചിട്ടുണ്ട്.

ല്യൂണാര്‍ മോഡ്യൂളും കമാന്‍ഡ് മോഡ്യൂളും തമ്മില്‍ ഒരു കുഴല്‍ (tunnel)വഴിയാണ് ബന്ധിപ്പിച്ചിരുന്നതെന്ന് പരാമര്‍ശിച്ചല്ലോ. ഇതിലൂടെ യാത്രികര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാനാവുമായിരുന്നു. ഈ കുഴല്‍ വളരെ ഇടുങ്ങിയതാണെന്നും ഇതിലൂടെ മനുഷ്യര്‍ക്ക് നുഴഞ്ഞുപോകാനാവില്ലെന്നും ഒരു ഹോക്‌സ് വാദമുണ്ട്. തികച്ചും വാസ്തവവിരുദ്ധമാണിത്. സ്ഥലപരിമിതയുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം സഞ്ചാരം അസാധ്യമാണെന്നല്ല. ഇതു സംബന്ധിച്ച് നാസ ലഭ്യമാക്കിയ അളവുകള്‍ ശ്രദ്ധിക്കുക: 32 ഇഞ്ച് വ്യാസവും 18 ഇഞ്ച് നീളവുമാണ് ഈ കുഴലിനുള്ളത്. അതായത് ഏതാണ്ട് മൂന്നടി വീതി, ഒന്നരയടി നീളം. അത്തരമൊരു കുഴലിലൂടെ സ്‌പേസ്സ്യൂട്ടിട്ട് മനുഷ്യന് നുഴഞ്ഞുപോകാം. അതുകൊണ്ട് തന്നെ അതൊരു ചര്‍ച്ച ചെയ്യേണ്ട വാദമായി കാണാനാവില്ല.

ചന്ദ്രനിലിറങ്ങാന്‍ നേരത്ത് മാത്രമല്ല അതിന് മുമ്പ് വൈദ്യുതിബന്ധവും യന്ത്രസംവിധാനവും പരിശോധിക്കാനായി യാത്രികര്‍ പലകുറി കമാന്‍ഡ് മോഡ്യൂളില്‍ നിന്നും ല്യൂണാര്‍ മോഡ്യൂളിലേക്ക് സഞ്ചരിച്ചിട്ടുണ്ട്. ഇവിടെ നിര്‍ണ്ണായകമായ ആ ചോദ്യമുയരുന്നു: എന്തുകൊണ്ട് ചാന്ദ്രപേടകത്തിന് മൂന്ന് ഭാഗങ്ങള്‍? ചന്തയില്‍ നിന്നും കാലിവണ്ടി തിരിച്ചുവരുന്നപോലെ അവസാനം കമാന്‍ഡ് മോഡ്യൂള്‍ മാത്രമാണ് ഭൂമിയില്‍ തിരിച്ചുവരുന്നത്. ബാക്കിയൊക്കെ കത്തിത്തീരുകയോ ഉപേക്ഷിക്കുകയോ ചെയ്യപ്പെടുന്നു. ലൂണാര്‍ മോഡ്യൂള്‍ മാത്രമാണ് ചന്ദ്രനിലിറിങ്ങുന്നത്. ആദ്യം നാസ തയ്യാറാക്കിയ കമാന്‍ഡ് മോഡ്യൂളിന് മൂന്നു ഭാഗങ്ങള്‍ വിഭാവനം ചെയ്തിരുന്നില്ല. മറിച്ച് കമാന്‍ഡ് മോഡ്യൂളും സര്‍വീസ് മോഡ്യൂളും ലൂണാര്‍ മോഡ്യൂളും ചേര്‍ന്ന് ഒരൊറ്റ വാഹനം. ഈ വാഹനത്തില്‍ ചന്ദ്രനില്‍ പോയി ഇറങ്ങുന്നു-അതേ വാഹനത്തില്‍ തിരിച്ചു ഭൂമിയിലേക്ക് വരുന്നു. എത്ര എളുപ്പം! എത്ര ലളിതം! അതായത് ഒരു വിമാനം ചെന്നിറങ്ങി പറന്നുപൊങ്ങുന്നതുപോലെ.

അങ്ങനെയെങ്കില്‍ ചന്ദ്രാകാശത്തില്‍ ജീവന്‍ പണയം വെച്ച് നടത്തുന്ന Lunar orbit rendezvous(LOR) എന്നറിയപ്പെടുന്ന സംഘടനവും വിഘടനവും പുന: സംഘടനവുമൊക്കെ ഒഴിവാക്കാം. ആദ്യഘട്ടത്തില്‍ നാസയ്ക്ക് ഇത് സംബന്ധിച്ച് മൂന്ന് പദ്ധതികളാണുണ്ടായിരുന്നത്. നേരിട്ടുള്ള വിക്ഷേപണവും(direct ascent) തിരിച്ചുവരവും സാധ്യമായ നോവ ('Nova')എന്ന പേരുള്ള ഏകതാനതയുള്ള ഒരു പടുകൂറ്റന്‍ റോക്കറ്റായിരുന്നു (monolithic rocket) ആദ്യം വിഭാവനം ചെയ്തത്. നോവ ബഹിരാകാശത്തേക്ക് വിക്ഷേപിക്കും. അവിടെ നിന്ന് അത് ചന്ദ്രന്റെ ഭമണപഥത്തിലെത്തും. തുടര്‍ന്ന് ചന്ദ്രനിലിറങ്ങി തിരിച്ചുകയറി തിരിച്ച് ഭൂമിയിലെത്തും-ഇതായിരുന്നു പദ്ധതി.

രണ്ടാമത്തെ പദ്ധതിയില്‍ ഭൗമഭ്രമണപഥത്തില്‍ വെച്ചുള്ള ഡോക്കിംഗായിരുന്നു (Earth Orbit Rendezvous)ലക്ഷ്യമിട്ടത്. ഇതനുസരിച്ച് രണ്ട് ചെറിയ റോക്കറ്റുകള്‍ ബഹിരാകാശത്തേക്ക് വിക്ഷേപിക്കും. ഒന്നില്‍ യാത്രികരും മറ്റൊന്നില്‍ ഇന്ധനവും. ഭൗമഭ്രമണപഥത്തില്‍ വെച്ച് രണ്ടും സംയോജിപ്പിക്കും. തുടര്‍ന്ന് അവിടെ നിന്ന് ചന്ദ്രനിലേക്ക് പറക്കും. 2017-20 കാലഘട്ടത്തില്‍ ചൈന നടത്താനിടയുള്ള ചാന്ദ്രയാത്രയ്ക്ക് ഈ രീതി അവലംബിക്കാനാണ് സാധ്യത. മൂന്നാമത്തെ പദ്ധതിയില്‍ ചാന്ദ്രാകാശത്തെ വിഘടിക്കലും സംയോജിപ്പിക്കലും വിഭാവനം ചെയ്തു. John C Houbolt
1916 ല്‍ യൂറി കോണ്‍ട്രാറ്റിയുക്ക് (Yuri Kondratyuk) എന്ന ഉക്രെയിന്‍കാരനാണ് (Lunar orbit rendezvous (LOR)) എന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. LOR ആയിരിക്കും ചന്ദ്രനില്‍ ചെന്നിറങ്ങി തിരിച്ചുവരാനുള്ള ഏറ്റവും ചെലവ് കുറഞ്ഞ മാര്‍ഗ്ഗം (most economical way)എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. അമേരിക്കയില്‍ ടോം ഡോലനാണ് (Tom Dolan)ഇങ്ങനെയൊരു നിര്‍ദ്ദേശം ആദ്യം വെച്ചത്. പിന്നീട് അപ്പോളോ മിഷന്‍ സ്റ്റീയറിംഗ് ഗ്രൂപ്പ് അംഗമായ ജോണ്‍ സി ഹോബോള്‍ട്ടിന്റെ നേതൃത്വത്തിലുള്ള സംഘം പദ്ധതി വികസിപ്പിച്ചെടുക്കുകയായിരുന്നു. ഇതാണ് അവസാനം നാസ നടപ്പിലാക്കിയത്.

ഈ ത്രിതലപദ്ധതിക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഒന്നാമതായി മൂന്ന് വ്യത്യസ്ത വാഹനങ്ങളും ബഹിരാകാശത്ത് വെച്ച് അവയുടെ സംയോജനവും വിഘടനവും (docking and undocking) ഉണ്ടാക്കുന്ന വിഷമതകളും വെല്ലുവിളികളും ഊഹിക്കാവുന്നതേയുള്ളു. ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് നടത്തുന്ന ഡോക്കിംഗ് താരതമ്യേന സുരക്ഷിതമാണെന്ന് പറയാം. അഥവാ ഡോക്കിംഗ് സാധിക്കാതെ വന്നാല്‍ ക്രമേണ ഇന്ധനം നഷ്ടപ്പെട്ട് വാഹനം താഴേക്ക് ഊര്‍ന്നിറങ്ങുകയും ക്രമേണ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ച് കയറുകയും ചെയ്യും. അങ്ങനെ വന്നാല്‍ ശ്രമം പരാജയപ്പെട്ടാലും പേടകം സുരക്ഷിതമായി ഭൂമിയില്‍ ലാന്‍ഡ് ചെയ്യിക്കാനാവും. ഇനി അഥവാ ഭൗമഭ്രമണപഥത്തില്‍ കുടുങ്ങിപ്പോയാല്‍ അത്യാവശ്യം പ്രാണവായുവും ഭക്ഷണവും മറ്റ് ഉപഭോഗസ്തുക്കളും കരുതിയിട്ടുണ്ടെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ സാധ്യത തള്ളിക്കളയേണ്ടതുമില്ല.

പക്ഷെ അതുപോലെയാണോ ചാന്ദ്രാകാശത്ത് വെച്ച് നടത്തുന്ന സംഘാടനവും വിഘടനവും?! ശരിക്കും ജീവന്‍ കയ്യില്‍ വെച്ചുകൊണ്ടുള്ള കളിയാണത്. വിഘടനത്തെക്കാള്‍ നിര്‍ണ്ണായകമാണ് ചന്ദ്രനില്‍ നിന്ന് തിരിച്ചുകയറിയ ശേഷമുള്ള സംഘാടനം. ലഭ്യമായ ഇന്ധനപരിധിക്കുള്ളില്‍ ഡോക്കിംഗ് സാധ്യമായില്ലെങ്കില്‍ പദ്ധതി അപ്പാടെ പാളുകയും ലൂണാര്‍മോഡ്യൂള്‍ ക്രമേണ ചന്ദ്രനിലേക്ക് വഴുതി വീഴുകയും ചെയ്യും. യാതൊരുവിധ രക്ഷാപ്രവര്‍ത്തനവും ഈ ഘട്ടത്തില്‍ സാധ്യമല്ല. കമാന്‍ മോഡ്യൂളില്‍ ഇരിക്കുന്ന യാത്രികന് രണ്ട് സഹപ്രവര്‍ത്തകരെയും ഉപേക്ഷിച്ച് തിരിച്ചുപോരുകയല്ലാതെ മറ്റ് ഗത്യന്തരമില്ല.

ഒ! രണ്ടു സഹപ്രവര്‍ത്തകരേയും നഷ്ടപ്പെട്ട് ഭൂമിയിലേക്ക് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ആ യാത്രയൊന്നു വിഭാവനം ചെയ്തുനോക്കൂ. ഒരു ദ്വീപില്‍ ഒറ്റപ്പെട്ടത് മൂലമുണ്ടായ ഏകാന്തതയാല്‍ മരിച്ചുപോയ സ്വന്തം പിതാവിനെപ്പറ്റി പരിതപിക്കുന്ന ഒരു കഥാപാത്രം ഇംഗ്‌ളീഷ് നാടകകൃത്തായ ബര്‍നാര്‍ഡ് ഷായുടെ 'ദി ആപ്പിള്‍ക്കാര്‍ട്ട്' എന്ന നാടകത്തിലുണ്ട്. ആ ഏകാന്തതയും ഇതുമായി താരതമ്യപ്പെടുത്താന്‍ പോലുമാകില്ല. ഒരു മനുഷ്യന്‍ പ്രപഞ്ചത്തിന്റെ അഗാധതയിലൂടെ മൂന്ന് ദിവസം ഒറ്റയ്ക്ക്, അതും അവിശ്വസനീയമായ വേഗതയില്‍, യാത്ര ചെയ്യുന്നു!!

എന്നാല്‍ ഇതൊക്കെ പരിഗണിക്കുമ്പോഴും മൂന്ന് ഭിന്ന വാഹനങ്ങള്‍ തന്നെയാണ് പ്രായോഗികമെന്ന് നാസ തിരിച്ചറിഞ്ഞു. അതിനും സാധുവായ നിരവധി കാരണങ്ങളുണ്ട്. ഒന്നാമതായി, ഭൂമിയില്‍ നിന്ന് വിക്ഷേപിക്കുന്ന വാഹനം ബഹിരാകാശത്തുകൂടി യാത്ര ചെയ്ത് ചന്ദ്രനിലിറങ്ങി തിരിച്ചു കയറണമെന്ന് വന്നാല്‍ അത്തരമൊരു വാഹനത്തിന് എല്ലാ ദൗത്യങ്ങളെല്ലാം നിറവേറ്റാനുള്ള ശേഷിയുണ്ടായിരിക്കണം. അങ്ങനെയെങ്കില്‍ മൂന്ന് യാത്രികരുടെ ആവശ്യം തന്നെയില്ല, രണ്ടുപേര്‍ മതിയാകും. പക്ഷെ ഒന്നാലോചിക്കുക, ചന്ദ്രനിലിറങ്ങുന്ന വാഹനത്തില്‍ തിരിച്ചുകയറാനുളള എന്‍ജിന്‍ മാത്രമല്ല തിരിച്ച് ചാന്ദ്രഭ്രമണപഥത്തില്‍ നിന്നും ഭൂമിയിലേക്ക് കുതിക്കാനുള്ള പ്രൊപ്പല്ലന്റും അതിനുവേണ്ട ഇന്ധനവും കരുതിയിട്ടുണ്ടാവണം. ഈ അധികഭാരവും വഹിച്ചുകൊണ്ട് വേണം ചന്ദ്രനിലിറങ്ങാനും തിരിച്ചുകയറാനും.

തീര്‍ച്ചയായും ഇത്തരത്തില്‍ ഭാരവും വലുപ്പവും കൂടുന്നുതല്‍ കാരണം നിയന്ത്രിക്കാനായി കുറേക്കൂടി ശക്തി കൂടിയ ബ്രേക്കിംഗ് റിട്രോ റോക്കറ്റ് എന്‍ജിന്‍ ആവശ്യമായി വരും, അതിനാനുപാതികമായ അധിക ഇന്ധനവും, തത്ഫലമായുണ്ടാകുന്ന അധികഭാരവും. ഇനി ചന്ദ്രനിലെത്തിക്കഴിഞ്ഞാല്‍ അവിടെനിന്ന് തിരിച്ചുകയറാനും കൂടുതല്‍ ശക്തിയുള്ള, അധിക ഇന്ധനം ആവശ്യമായ എന്‍ജിന്‍ ആവശ്യമുണ്ട്. ചുരുക്കത്തില്‍ ഇത്തരത്തിലുള്ള അമിതഭാരവും വഹിച്ചുകൊണ്ടുള്ള ലാന്‍ഡിംഗും സ്വയം വിക്ഷേപണവും പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണ്.

മാത്രമല്ല വ്യത്യസ്തഭാഗങ്ങള്‍ ഒരുക്കുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളുമില്ലാത്ത അത്തരം പദ്ധതികള്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് തടസ്സമാവുകയും ചെയ്യും. ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പുന:പ്രവേശമാണ് മറ്റൊരു കീറാമുട്ടി. ബഹിരാകാശ യാത്രയിലെ ഏറ്റവും അപകടം പിടിച്ച രണ്ടു ഘട്ടങ്ങളാണ് ഭൂമിയില്‍ നിന്നുള്ള വിക്ഷേപണവും ഭൗമാന്തരീക്ഷത്തിലേക്കുള്ള തിരിച്ചുവരവും. 90 ശതമാനം അപകടവും സംഭവിക്കുന്നത് ഈ ഘട്ടങ്ങളിലാണ്(ഉദാഹരണം-സ്‌പേസ് ഷട്ടില്‍ ചലഞ്ചര്‍(വിക്ഷേപണം), സ്‌പേസ് ഷട്ടില്‍ കൊളംബിയ(തിരിച്ചുവരവ്)). വിക്ഷേപിക്കുമ്പോള്‍ ഒരു വാഹനമായാലും മൂന്നെണ്ണമായാലും വിക്ഷേപിച്ചേ മതിയാകൂ. പക്ഷെ തിരിച്ചുവരുമ്പോള്‍ ഭൗമാന്തരീക്ഷത്തില്‍ വെച്ച് തീപിടിക്കാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് നാം പലകുറി കണ്ടതാണ്. അപ്പോളോ കമാന്‍ഡ് മോഡ്യൂളും സര്‍വീസ് മോഡ്യൂളും ഒരുമിച്ച് ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ സര്‍വീസ് മോഡ്യൂള്‍ വിഘടപ്പിച്ച് അന്തരീക്ഷത്തില്‍ വെച്ച് കത്തിച്ചുകളയുകയായിരുന്നു. സര്‍വീസ് മോഡ്യൂളും ഒപ്പം കൂട്ടിയാല്‍ ഭൗമാന്തരീക്ഷത്തില്‍വെച്ച് ചൂടുകൂടി പേടകം മൊത്തം കത്തിപ്പോകാനുളള സാധ്യത വര്‍ദ്ധിക്കുമെന്നതും പരിഗണിക്കപ്പെട്ടു.

അതുകൊണ്ട് തന്നെയാണ് കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുന്ന ത്രിതലപേടകം ഉപയോഗിച്ചത്. അത്ഭുതകരമെന്ന് പറയട്ടെ, അപ്പോളോ-13 ഒഴിച്ചു നിറുത്തിയാല്‍ ഒരിക്കല്‍പോലും ഈ രീതി പരാജയപ്പെട്ടിട്ടില്ല. അപ്പോളോ-13 ലും പരാജയപ്പെട്ടത് ഓക്‌സിജന്‍ സിലണ്ടറിന്റെ പൊട്ടിത്തെറി മൂലമാണെന്നും ഓര്‍ക്കണം. അപ്പോളോ-1 രൂപകല്‍പ്പനചെയ്ത സമയത്ത് ഏകപേടക സംവിധാനമാണ് വിഭാവനം ചെയ്തിരുന്നത്. പക്ഷെ അപ്പോളോ-1 ന്റെ ദുരന്തം അത് സംബന്ധിച്ച സാങ്കേതിക ന്യൂനതകളിലേക്ക് കൂടുതല്‍ വെളിച്ചം വീശി. അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ (review board's recommendations)വെളിച്ചത്തില്‍ അത്തരം ന്യൂനതകള്‍ കൂടി പരിഹരിച്ചുകൊണ്ടാണ് ത്രിതല മാതൃക സ്വീകരിക്കാന്‍ നാസ അവസാനം നിര്‍ബന്ധിതമായത്. **

Thursday, 8 December 2011

നാമവിടെ എത്തിയതെങ്ങനെ?

The Hoax Terror! One of the many
morphed pictures designed by hoaxers
doing rounds in the net
നാസ ആയിരങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്ന
  ഒരു കൂറ്റന്‍ സ്ഥാപനമാണ്. ഐതിഹാസികമായ അപ്പോളോ ദൗത്യപരമ്പരയില്‍(Apollo mission) തീര്‍ച്ചയായും അവര്‍ക്ക് പിഴവുകളുണ്ടായിട്ടുണ്ട്. അബദ്ധങ്ങളും തെറ്റുകുറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. മനുഷ്യന്റെ പരിശ്രമങ്ങളെന്ന നിലയില്‍ അതൊക്കെ തികച്ചും പ്രതീക്ഷിതമാണുതാനും. ദൗത്യം സംബന്ധിച്ച പല കാര്യങ്ങളും നാസ ഇനിയും പുറത്ത് വിട്ടിട്ടില്ല. സസൂക്ഷ്മം വിലയിരുത്തിയാല്‍ ദുരൂഹമായി തോന്നുന്ന ചില വസ്തുതകള്‍ കണ്ടെത്താനാവുമെന്നതില്‍ സംശയമില്ല. അപ്പോളോ ദൗത്യത്തില്‍ സൈനികരഹസ്യങ്ങളും രാജ്യരക്ഷാ താല്‍പര്യങ്ങളും ഉള്‍പ്പെട്ടിരുന്നുവെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ ദൗത്യം സംബന്ധിച്ച ചില സവിശേഷമായ വിശദാംശങ്ങള്‍ ഒരിക്കലും ലഭ്യമായില്ലെന്നും വരാം. പക്ഷെ അപ്പോളോ ദൗത്യം അപ്പാടെ തട്ടിപ്പാണെന്ന് പറയുന്നതും നാസയുടെ പിഴവുകളും ദൗത്യദുരൂഹതകളും ചൂണ്ടിക്കാണിക്കുന്നതും രണ്ടാണ്. തനിക്ക് കഴിയാത്തതിനാല്‍ ആര്‍ക്കും കഴിയില്ല; തനിക്ക് മനസ്സിലാകാത്തതുകൊണ്ട് അങ്ങനെ സംഭവിച്ചിട്ടില്ല-എന്ന സമീപനം ശാസ്ത്രീയമോ യുക്തസഹമോ അല്ല.

'പിരമിഡ് വിഡ്ഢികള്‍' (pyramid fools) എന്നറിയപ്പെടുന്ന ഒരു വിഭാഗമുണ്ട്. പുരാതന ഈജിപ്റ്റിലെ പിരിമിഡുകളുടെ നിര്‍മ്മാണം മനുഷ്യസാധ്യമല്ലെന്നാണ് ഇക്കൂട്ടര്‍ വാദിക്കുക. ഗ്രഹാന്തരജീവികളാണ് പിരമിഡുകള്‍ ഉണ്ടാക്കിയതെന്നും അതിന്റെ നിര്‍മ്മാണരഹസ്യം ഇന്നും മനുഷ്യന് അജ്ഞാതമാണെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. ഈ വിഷയത്തിലും പുസ്‌കമെഴുതി വിറ്റ് പണം വാരുന്നവരുണ്ട്. പിരമിഡ് പോലൊന്ന് ആധുനിക മനുഷ്യന് നിര്‍മ്മിക്കാനാവില്ലേ? തീര്‍ച്ചയായും സാധിക്കും. പണ്ട്, 3000 വര്‍ഷം മുമ്പ് അതെങ്ങനെ നിര്‍മ്മിച്ചു എന്നാണ് ചോദ്യമെങ്കില്‍ അത്തരം അന്വേഷണം നടത്തുകയല്ലേ വേണ്ടത്? അതല്ലാതെ പിരമിഡ് മനുഷ്യസാധ്യമല്ലെന്നും ഗ്രഹാന്തരജീവികളാണ് അവ നിര്‍മ്മിച്ചതെന്നും പറയുന്നത് ഭോഷ്‌ക്കല്ലേ? ഭൂമിയില്‍ തന്നെയുള്ള ഒരു കാര്യത്തെപ്പറ്റി ഇത്തരത്തില്‍ കിന്നരസാഹിത്യം പടച്ചുവിടാമെങ്കില്‍ ശരാശരി മുന്നേമുക്കാല്‍ ലക്ഷം കിലോമീറ്റര്‍ അകലെ നിലക്കുന്ന ചന്ദ്രനില്‍ നടന്ന കാര്യങ്ങളെ പറ്റി എഴുതുന്നതിനുണ്ടോ ചൊരുക്ക് തോന്നേണ്ടൂ?!

''
അപ്പോളോ-11 ന് മുമ്പുള്ള എല്ലാ ചാന്ദ്രദൗത്യങ്ങളിലും കുറഞ്ഞത് 20000   അപാകതകള്‍ ഉണ്ടായിരുന്നുവെന്ന് നാസ സമ്മതിച്ചിട്ടുള്ളതാണ്. എന്നിട്ടും മനുഷ്യന്‍ അനായസം ചന്ദ്രനില്‍ ഇറങ്ങി തിരിച്ചുവന്നു''- പ്രമുഖ ചാന്ദ്രയാത്രാ തട്ടിപ്പുവാദക്കാരനായ റാല്‍ഫ് റെനെ പറഞ്ഞതാണിത്. ഇരുപതിനായിരം പിഴവുകള്‍ ഉണ്ടായിരുന്നുവത്രെ? അതിനെന്ത്? പിഴവുകളുടെ എണ്ണമല്ല മറിച്ച് അവയുടെ സ്വഭാവവും പ്രാധാന്യവുമാണ് നിര്‍ണ്ണായകം. ദൗത്യം പരാജയപ്പെടാന്‍ 20000 ന്യൂനതകളുടെ ആവശ്യമൊന്നുമില്ല. ഒരൊറ്റ ഒരെണ്ണം മതിയാകും! 

നല്ല ആരോഗ്യമുള്ള ഒരു മനുഷ്യനെ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ നിരവധി ന്യൂനതകളും ആരോഗ്യപ്രശ്‌നങ്ങളും കണ്ടെത്താനാവുമെന്ന് ഓര്‍ക്കുക. അപ്പോളോ ദൗത്യത്തില്‍ പങ്കെടുത്ത മൈക്കല്‍ കൊളിന്‍സ് ചന്ദ്രനെ വലംവെച്ചുകൊണ്ടിരുന്ന കമാന്‍ഡ് മോഡ്യൂള്‍ മാത്രമെടുക്കുക. അതില്‍ കുറഞ്ഞത് ഇരുപത് ലക്ഷത്തിലധികം സൂക്ഷ്മ ഘടകങ്ങളുണ്ട്(individual parts). മുമ്പ് സൂചിപ്പിച്ച ഇരുപതിനായിരം ന്യൂനതകള്‍ മുഴുവന്‍ കമാന്‍ഡ് മോഡ്യൂളിനാണെന്ന് വെറുതെ സങ്കല്‍പ്പിക്കുക. അപ്പോഴും അത് നൂറ് ഘടകങ്ങളില്‍ ഒന്ന് (1/100) എന്ന ശരാശരിയേ പ്രദാനം ചെയ്യുന്നുള്ളു. ഇനയിതിനോട് സാറ്റേണ്‍ റോക്കറ്റും ല്യൂണാര്‍ മോഡ്യൂളും കൂടി ചേര്‍ത്താല്‍ ഈ ശരാശരി മുന്നൂറില്‍ ഒന്നാകും(1/300). ചാന്ദയാത്ര പോലൊരു ദൗത്യത്തില്‍ ഈ നിരക്ക് പ്രതീക്ഷിക്കാവുന്നത് തന്നെയാണ്. മത്രമല്ല, നാം 'ന്യൂനതകള്‍' എന്ന് പറയുന്നതില്‍ മഹാഭൂരിപക്ഷവും പ്രവര്‍ത്തനത്തിലെ താളപ്പിഴയും നടപടിക്രമത്തിലെ പിഴവുകളുമാകുന്നു (anomalies in performance or procedural problems).

ആസൂത്രണത്തിലെ പിഴവുകള്‍(design flaws), ശേഷിയില്‍ കുറഞ്ഞപ്രവര്‍ത്തനം(under performance), മന്ദഗതിയിലുള്ള പ്രതികരണം (slow response)എന്നിവയും ഈ വകുപ്പില്‍ പെടും. എന്നാല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനം നിലച്ച ഘടകങ്ങള്‍ ഇവയില്‍തന്നെ പത്ത് ശതമാനം പോലുമില്ല. ചാന്ദ്രദൗത്യം പോലൊരു വമ്പന്‍ ദൗത്യത്തില്‍ ഇത്തരത്തിലുള്ള പാകപ്പിഴകള്‍ അതിന്റെ ആത്യന്തിക ഫലത്തെ കാര്യമായി സ്വാധീനിക്കില്ലെന്നാണ് മനസ്സിലാക്കേണ്ടത്. മാത്രമല്ല, റാല്‍ഫ് റെനെ ചൂണ്ടിക്കാട്ടുന്നവിധം ശരാശരി ഇരുപതിനായിരം ന്യൂനതകള്‍ ഉണ്ടായിരുന്ന അപ്പോളോ-11 ന് മുമ്പുള്ള ദൗത്യങ്ങളില്‍ ഭൂരിപക്ഷവും അവയുടെ പ്രഖ്യാപിത ലക്ഷ്യം സ്തുത്യര്‍ഹമായി നിറവേറ്റുകയാണുണ്ടായത്. അപ്പോളോ-11 വരെയുള്ള ദൗത്യങ്ങള്‍ക്ക് ന്യൂനതകളുമായി ദൗത്യം നിറവേറ്റാമെങ്കില്‍ പിന്നീടങ്ങോട്ടും പ്രശ്‌നമുണ്ടാകേണ്ട കാര്യമില്ല, റാല്‍ഫ് റെനെയ്‌ക്കൊഴികെ.

''Just one defect could have blown the whole thing'' എന്നാണ് റെനെ പറഞ്ഞത്. ശരിയാണല്ലോ. ആര്‍ക്കും പറയാന്‍ കഴിയുന്ന കാര്യമാണത്. പക്ഷെ ആ ന്യൂനത നിര്‍ണ്ണായകമായ ഒന്നായിരിക്കണം. ഇന്‍ഡിക്കേറ്റര്‍ ലാമ്പിന്റെ ഗ്‌ളാസ്സുപൊട്ടിയതുകൊണ്ടോ ഫുട്ട് റെസ്റ്റ് ഒടിഞ്ഞുപോകുന്നതുകൊണ്ടോ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതിന് വിഷമമുണ്ടാകില്ല. പക്ഷെ എന്‍ജിനില്‍ തടസ്സം വന്നാല്‍ ബാക്കിയെല്ലാം ശരിയായിട്ടും പ്രയോജനമില്ല. ന്യൂനതകളുടെ എണ്ണമല്ല മറിച്ച് അതിന്റെ സ്വഭാവമാണ് വിഷയം. ന്യൂനതകളില്‍ പലതും മണ്ടത്തരങ്ങളായിരുന്നു. ഉദാഹരണമായി,ചന്ദ്രനില്‍ ചെന്നിറങ്ങിയശേഷം ആംസ്‌ട്രോങ് ആദ്യം നിലത്തിറങ്ങി, തുടര്‍ന്ന് ഓള്‍ഡ്രിനും. ഓള്‍ഡ്രിന് പുറത്തിറങ്ങിയ ശേഷം 'ഈഗിളി'ന്റെ വാതില്‍ തുറന്നുതന്നെ കിടന്നു. കാരണം വാതില്‍ പുറത്തുനിന്നും അടയ്ക്കാനുള്ള പൂട്ട് സംവിധാനം ഉണ്ടായിരുന്നില്ല! ഇത്രയധികം പേര്‍ പങ്കെടുത്ത ഒരു മഹാദൗത്യത്തില്‍ ആരും ഇതിനെക്കുറിച്ച് ചിന്തിച്ചില്ലെന്നത് കൗതുകകരമല്ലേ?!

ഹോക്‌സ് വാദങ്ങള്‍ സാധാരണക്കാരെ ആകര്‍ഷിക്കാന്‍ പ്രധാന കാരണം ചാന്ദ്രയാത്ര എങ്ങനെ നിര്‍വഹിച്ചു എന്നതിനെ സംബന്ധിച്ച് സാമാന്യജനത്തിന് വലിയ ധാരണയില്ലെന്നതാണ്. ശാസ്ത്രവിഷയങ്ങളില്‍ നിജസ്ഥിതി തിരിക്കാന്‍ മിനക്കെടാതെ അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും അടിപ്പെടുന്ന പ്രവണത ഉത്തരാധുനിക സമൂഹത്തില്‍ ശക്തിപ്പെടുകയാണ്. എങ്ങനെ നാം ചന്ദ്രനില്‍ പോയി എന്നത് മനസ്സിലാക്കുകയാണ് തട്ടിപ്പുവാദ സിദ്ധാന്തത്തെ ശരിയായി നിര്‍ധാരണം ചെയ്യാനുള്ള ഒരെളുപ്പവഴി. എങ്ങനെയത് ചെയ്തു എന്നറിയുന്നത് ഹോക്‌സ് വാദക്കാര്‍ ഉന്നയിക്കുന്ന സംശയങ്ങളില്‍ മിക്കവയും ദൂരീകരിക്കും. അടിസ്ഥാന സമവാക്യങ്ങളില്‍ നിന്ന് തന്നെ തുടങ്ങാം. ഇതിനായി ചാന്ദയാത്ര സംബന്ധിച്ച ചില സാങ്കേതികപദങ്ങളും ശാസ്ത്രവസ്തുതകളും സാമാന്യമായ രൂപത്തിലെങ്കിലും പരിചയപ്പെടേണ്ടതുണ്ട്. വളരെ ലഘുവായ തോതില്‍ അപ്പോളോ-11 ന്റെ പ്രയാണം പരിചയപ്പെടാം. ചന്ദ്രനില്‍ പോയിട്ടില്ല എന്ന് മനസ്സിലാക്കാനും പ്രചരിപ്പിക്കാനും ഇത്തരം പഠനത്തിന്റെ ആവശ്യമൊന്നുമില്ല. 'എനിക്ക് മനസ്സിലാകുന്നില്ല', 'വിശ്വസനീയമായി തോന്നുന്നില്ല'-എന്നൊക്കെ സദാ ഉരുവിട്ടുകൊണ്ടിരുന്നാല്‍ മതിയാകും.വിഖ്യാതമായ സാറ്റേണ്‍ റോക്കറ്റുകളാണ് (Saturn V)ഭൂമിയില്‍ നിന്നും ചാന്ദ്രവാഹനങ്ങളെ വിക്ഷേപിക്കാനായി ഉപയോഗിച്ചതെന്ന് നമുക്കറിയാം. 111 മീറ്റര്‍(363 അടി) ഉയരവും 3000 ടണ്‍ (6.7 ദശലക്ഷം പൗണ്ട്) ഭാരവുമുള്ള ഈ ഭീമന്‍ റോക്കറ്റ് എക്കാലത്തും ലോകത്ത് നിര്‍മ്മിക്കപ്പെട്ട ഏറ്റവും ശക്തിയേറിയ റോക്കറ്റാണ്. ഇതിലും ശക്തമായ ഒന്ന് പിന്നെ നിര്‍മ്മിച്ചിട്ടില്ല എന്നാല്‍ എന്താണര്‍ത്ഥം?! തട്ടിപ്പുവാദ സിദ്ധാന്തമനുസരിച്ച് ഉത്തരം അനായാസമാണ്:അങ്ങനെയൊന്ന് ഒരിക്കലും നിര്‍മ്മിച്ചിട്ടില്ല!!!

സാറ്റേണ്‍ റോക്കറ്റിന്റെ വിക്ഷേപണത്തോടനുബന്ധിച്ചുണ്ടാകുന്ന സ്‌ഫോടകശക്തിക്ക് 100 പൗണ്ട് ഭാരമുള്ള ഒരു ലോഹച്ചീളിനെ 3 മൈല്‍ അകലേക്ക് തെറിപ്പിക്കാനാവുമായിരുന്നു! എല്ലാം ഒരു സ്‌ഫോടനത്തില്‍ കലാശിച്ചാല്‍ കാണികള്‍ക്കും അപകടം ഉറപ്പായിരുന്നു. മുന്‍കരുതല്‍ എന്ന നിലയ്ക്ക് വി.ഐ.പി പ്രേക്ഷകരെ വിക്ഷേപണത്തറയില്‍ നിന്നും മൂന്നരമൈല്‍ അകലെയായാണ് നാസ ഇരുത്തിയത്. മൂന്ന് ഘട്ടങ്ങളാണ് സാറ്റേണ്‍ റോക്കറ്റിനുള്ളത്. ഏറ്റവും മുകളിലായാണ് ചാന്ദ്രയാത്രികര്‍ ഇരിക്കുന്ന അപ്പോളോ എന്നറിയപ്പെടുന്ന ചാന്ദ്രവാഹനം ഘടിപ്പിച്ചിട്ടുള്ളത്. റോക്കറ്റിന്റെ ഏറ്റവും മുകളില്‍ ഒരു ചെറു റോക്കറ്റ് അധികമായി ഘടിപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും കാരണവശാല്‍ ദൗത്യം പാളിയാല്‍ അപ്പോളോ യാത്രികര്‍ക്ക് അവരിരിക്കുന്ന ഭാഗം റോക്കറ്റില്‍ നിന്ന് വിഘടിപ്പിച്ച് അപകടത്തില്‍ തെന്നിമാറാന്‍ സഹായിക്കുന്നതാണ് ഈ റോക്കറ്റ് (Launch Escape System).

വളരെ പെട്ടെന്ന് ശക്തിയേറിയ പ്രവേഗം ഉത്പ്പാദിക്കാന്‍ (high-acceleration rocket) ഈ റോക്കറ്റിന് സാധിക്കും. അതായത് ഒരുതരം എമര്‍ജന്‍സി എക്‌സിറ്റായി ഇതിനെ കണക്കാക്കാം. സാറ്റോണ്‍ റോക്കറ്റില്‍ S-IC എന്നറിയപ്പെടുന്ന ആദ്യഘട്ടമാണ് ഏറ്റവും വലുതും ഭാരമേറിയതും. ഇതാണ് വിക്ഷേപണത്തറയില്‍ വെച്ച് ജ്വലിപ്പിക്കുന്നത്. ഈ ഭാഗത്തിന് പത്ത് മീറ്റര്‍ വ്യാസമുണ്ട്. സെക്കന്‍ഡില്‍ 13.3 ടണ്‍ ഇന്ധനം ആഹരിക്കുന്ന അഞ്ച് എന്‍ജിനുകളാണ്(F-I engines) അതിലുള്ളത്. മണ്ണെണ്ണയും ദ്രവഓക്‌സിജനുമാണ് ഇന്ധനം. റോക്കറ്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വസ്തുക്കളെയും ഭൂമിയുടെ കഠിനമായ ഗുരുത്വബലത്തെ പരാജയപ്പെടുത്തി 68 കിലോമീറ്റര്‍ (220000 അടി) ഉയരത്തില്‍ എത്തിക്കുകയെന്നതാണ് ഈ ഘട്ടത്തിന്റെ ദൗത്യം. ഏകദേശം 9,900 കിലോമീറ്റര്‍ (9,900 km/h)വേഗത്തിലാണ് റോക്കറ്റ് ഭൂമിയില്‍ നിന്നും ഇരമ്പിയകലുന്നത്. ഈ ആദ്യഘട്ടം കത്തിയെരിഞ്ഞ് അറ്റ്‌ലാന്റിക് മഹാസമുദ്രത്തില്‍ വീഴത്തക്ക രീതിയിലാണ് വിക്ഷേപണം ആസൂത്രണം ചെയ്തത്.

ഒന്നാംഘട്ടം കത്തിയെരിഞ്ഞു കഴിഞ്ഞാല്‍ രണ്ടാംഘട്ടം പ്രവര്‍ത്തിക്കും. ഒന്നാംഘട്ടം വേര്‍പെടുമ്പോള്‍ റോക്കറ്റിന്റെ ഭാരം ഗണ്യമായി കുറയുന്നുണ്ടെന്നറിയണം. ഭൂമിയുടെ ഗുരുത്വവലിവിലും കുറവുണ്ട്. എന്തെന്നാല്‍ 68 കിലോമീറ്റര്‍ ഉയരത്തിലാണ് റോക്കറ്റ് ഇപ്പോഴുള്ളത്. രണ്ടാംഘട്ടത്തിലെ (The S-II second stage) ഇന്ധനത്തില്‍ വ്യത്യാസമുണ്ട്. ദ്രവ ഹൈഡ്രജനും (liquid hydrogen)ഓക്‌സിജനുമാണ് ഈ സമയം കത്തിയെരിയുന്നത്. അഞ്ച് എന്‍ജിനുകള്‍ (J-2 engines) ഈ ഘട്ടത്തിലുമുണ്ട്. മണിക്കൂറില്‍ 25000 കിലോമീറ്റര്‍ (25,000 km/h)വേഗതയില്‍ ഈ ഘട്ടത്തില്‍ റോക്കറ്റ് മുന്നോട്ട് കുതിക്കും. 68 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും ഏകദേശം 182 കിലോമീറ്റര്‍ ഉയരം വരെ രണ്ടാംഘട്ടം വിക്ഷേപണവാഹനത്തെ എത്തിക്കുന്നു. അപ്പോള്‍ വിക്ഷേപണം(liftoff) കഴിഞ്ഞിട്ട് ഏതാണ്ട് 9 മിനിറ്റായിട്ടുണ്ടാവും. കത്തിയെരിഞ്ഞ രണ്ടാംഘട്ടവും അറ്റ്‌ലാന്റിക്കിലേക്ക് കുടഞ്ഞിട്ട് സാറ്റേണ്‍ റോക്കറ്റ് മുന്നോട്ടുള്ള പ്രയാണം തുടരുന്നു. രസകരമായ വസ്തുതയെന്തെന്നാല്‍ ആദ്യത്തെ രണ്ടുഘട്ടങ്ങള്‍ വേര്‍പെടുമ്പോള്‍ സാറ്റേണ്‍-അഞ്ച് റോക്കറ്റിന്റെ പത്തില്‍ ഒന്ന് ഭാരം മാത്രമേ പിന്നെ അവശേഷിക്കുന്നുള്ളു എന്നതാണ്. ഇതില്‍നിന്നും റോക്കറ്റ് എന്നാല്‍ പ്രധാനമായും ഒരു വമ്പന്‍ ഇന്ധനടാങ്കാണെന്ന തിരിച്ചറിവിലേക്ക് നാമെത്തുന്നു. 

ഇനി മണിക്കൂറില്‍ 28000 കിലോമീറ്റര്‍ എന്ന വേഗം കൈവരിക്കേണ്ടതുണ്ട്. അതിനായി 188 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിച്ചേരണം. അതിനായി ഒരു 'അധികതള്ളല്‍' (extra kick)ആവശ്യമായി വരും. മൂന്നാംഘട്ടത്തില്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാനാവുന്ന ഒരു എന്‍ജിനാണുള്ളത്(restartable single J-2 engine). തുടര്‍ന്ന് അത് പ്രവര്‍ത്തിപ്പിക്കുന്നു. വിക്ഷേപണം കഴിഞ്ഞ് ശരിക്കും 12 മിനിറ്റ് ആകുമ്പോഴേക്കും യാത്രികര്‍ ഒരു ഭൗമഭ്രമണപഥത്തില്‍ (orbit around the Earth)എത്തിച്ചേര്‍ന്നിട്ടുണ്ടാവും. ഭ്രമണം നടക്കുമ്പോള്‍ കുറേനേരം റോക്കറ്റ് ഓഫാക്കുന്നു. അവിടെവെച്ച് അവര്‍ മുഴുവന്‍ യന്ത്രസംവിധാനങ്ങളും (onboard systems) ഒരിക്കല്‍ക്കൂടി പരിശോധിക്കുന്നു. താഴെ ഗ്രൗണ്ട് സ്റ്റേഷനില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നു. ശേഷം ഭൂമിയെ ഒരുതവണ സമ്പൂര്‍ണ്ണമായി ഭ്രമണം ചെയ്യുന്നു. രണ്ടാമത്തെ ഭ്രമണം ഏതാണ്ട് പകുതിയായപ്പോള്‍, ഫ്‌ളോറിഡയില്‍ നിന്നും വിക്ഷേപിച്ച് ഏകദേശം 3 മണിക്കൂര്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ്, മൂന്നാം ഘട്ട റോക്കറ്റ് വീണ്ടും പ്രവര്‍ത്തിപ്പിച്ചു.

ഓര്‍ക്കുക, മൂന്നാം ഘട്ടം ഓഫാക്കാനും റീസ്റ്റാര്‍ട്ടാക്കാനും സാധിക്കുന്ന ഒന്നാണ്. റോക്കറ്റ് ഏതാണ് ആറു മിനിറ്റാണ് പ്രവര്‍ത്തിപ്പിക്കുന്നത്. അതുവഴി വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 39000 കിലോമീറ്ററാക്കി ഉയര്‍ത്തുന്നു. ഒരു മനുഷ്യനിര്‍മ്മിത ബഹിരാകാശവാഹനം ആര്‍ജ്ജിച്ച ഏറ്റവും വലിയ വേഗതയായിത് കണക്കാക്കപ്പെടുന്നു. ഭൂമിയില്‍വെച്ച് ഈ വേഗത കൈവരിക്കാനാവാത്തതിന്റെ കാരണം ഭൗമഗുരുത്വവും അന്തരീക്ഷവും തീര്‍ക്കുന്ന വമ്പന്‍ പ്രതിരോധമാണ്. ഒപ്പം ഗതി ചന്ദ്രന് നേരെയാക്കുന്നു. വാഹനം ചന്ദ്രനിലേക്ക് പായുന്നു. ആ സമയം ചന്ദ്രന്‍ അവിടെ നിന്നും 403000 കിലോമീറ്റര്‍ അകലെയായിരുന്നുവെന്ന് അപ്പോളോ രേഖകള്‍ സൂചിപ്പിക്കുന്നു.

അപ്പോള്‍ ചന്ദ്രന്‍ നില്‍ക്കുന്ന സ്ഥലത്തേക്കല്ല മറിച്ച് മൂന്നു ദിവസം കഴിഞ്ഞ് ചന്ദ്രന്‍ എവിടെയാവും ഉണ്ടാവുക എന്നത് കണക്കുകൂട്ടിയാണ് വാഹനം മുന്നോട്ട് കുതിക്കുന്നത്. അതല്ലാതെ നേരെ ചന്ദ്രനിലേക്ക് വെച്ചുപിടിച്ചാല്‍ അപ്പോളോ അവിടെ ചെല്ലുമ്പോള്‍ 
ചന്ദ്രനവിടെ ഉണ്ടാവില്ല. അപ്പോള്‍ നേരത്തെ കണ്ടുവെച്ച സ്ഥാനത്ത് നിന്നും ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ അകലെയായിരിക്കുമെന്ന് മാത്രമല്ല സഞ്ചാരവേഗതകാരണം വാഹനം ബഹിരാകാശത്തിന്റെ അഗാധതലങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യും. നമുക്കറിയാം,ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം എപ്പോഴും സമാനമല്ല. 3.63 ലക്ഷം കി.മീറ്റര്‍ മുതല്‍ 4.05 ലക്ഷം കി.മീറ്റര്‍ വരെ അത് വ്യത്യസ്തമപ്പെടാം. അതായത് വ്യത്യാസപരിധി 41000 കിലമീറ്ററിലും അധികമാണ്. 
The Earth& Moon: Look so close,
yet 400000 Km away!
ചന്ദ്രനില്‍ എത്തിച്ചേരണമെങ്കില്‍ എത്ര കൃത്യമായ ആസൂത്രണം വേണമെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം. സ്വയം കറങ്ങുകയും ദീര്‍ഘവൃത്താകൃതിയില്‍ ഭ്രമണം ചെയ്യുകയും ചെയ്യുന്ന ഒരു വസ്തുവില്‍ നിന്നും സ്വയം കറങ്ങുകയും ദീര്‍ഘവൃത്താകൃതിയില്‍ ഭ്രമണം ചെയ്യുകയും ചെയ്യുന്ന മറ്റൊരു വസ്തുവിലേക്കുള്ള പ്രയാണം ഗൗരവപൂര്‍വം കൈകാര്യം ചെയ്യേണ്ട ഒരു ഗണിതശാസ്ത്രപ്രശ്‌നം കൂടിയാണ്. ഇവിടെ വയലാര്‍ പാടിയതുപോലെ സര്‍വത്ര ചലനമാണ്. ഭൂമി ചലിക്കുന്നു, അപ്പോളോ വാഹനം ചലിക്കുന്നു, ചന്ദ്രന്‍ ചലിക്കുന്നു, പ്രപഞ്ചം മൊത്തത്തില്‍ ചലിക്കുന്നു ചലനം.. ചലനം...

ഇനി മൂന്ന് പേര്‍ക്ക് മൂന്ന് ദിവസം യാത്ര. ചന്ദ്രനിലേക്ക് കുതിക്കുന്ന വാഹനത്തിന് പ്രാരംഭവേഗത നിലനിര്‍ത്താനാവില്ല. കാരണം? ഭൂമി വിളിക്കുന്നു! ഭൂമി 'വലിക്കുന്നു'എന്നാണ് ശരിക്കും പറയേണ്ടത്. ഭൗമഗുരുത്വം മൂലം മുന്നോട്ടുള്ള പ്രയാണവേഗത ക്രമേണ കുറഞ്ഞുവരും. ശ്രദ്ധിക്കുക, ഭൂമിയുടേയും ചന്ദ്രന്റേയും ഗുരുത്വബലം അനുഭവപ്പെടുന്ന ഒരു ക്ഷേത്രത്തിലൂടെയാണ് (field) അപ്പോളോ പേടകം പായുന്നത്. ഭൂമിയില്‍നിന്ന് അകലുന്തോറും ഭൗമാകര്‍ഷണം കുറയുകയും ചന്ദ്രന്റെ ആകര്‍ഷണം കൂടുകയും ചെയ്യും. ഒരു ഘട്ടമെത്തുമ്പോള്‍ ഭൗമഗുരുത്വവും ചാന്ദ്രഗുരുത്വവും തുല്യമാകുന്ന ഒരു ബിന്ദുവില്‍ വാഹനമെത്തും. അങ്ങോട്ടുമിങ്ങോട്ടും തുല്യവലിവുള്ള ഈ ഘട്ടത്തില്‍ പേടകം അക്ഷരാര്‍ത്ഥത്തില്‍ ഭാരരഹിത(weightless)മായിരിക്കും. പക്ഷെ ഈ ബിന്ദു കഴിഞ്ഞാല്‍ പിന്നെ വേഗത ഒന്നും ചെയ്യാതെ വര്‍ദ്ധിക്കുകയാണ്. കാരണം? ചന്ദ്രന്റെ ഗുരുത്വബലം.

പകല്‍ സമയയാത്രയില്‍ യന്ത്രസംവിധാനങ്ങളുടേയും ഗ്രൗണ്ട് സ്റ്റേഷന്റെയും സഹായത്തോടെയും യാത്രികര്‍ വളരെ മര്‍മ്മപ്രധാനമായ വിഘടനം (undocking), ഭ്രമണംചെയ്തുകൊണ്ടുള്ള പുനര്‍സംഘടനം ( rotation and redocking) എന്നിവയുടെ റിഹേഴ്സലുകള്‍ നടത്തുന്നു. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി കഴിഞ്ഞാല്‍ നിര്‍വഹിക്കേണ്ട കൃത്യത്തിന്റെ തയ്യാറെടുപ്പാണിത്. വിജയകരമായി ഇത് നിര്‍വഹിച്ചശേഷം യാത്രികര്‍ സാറ്റേണ്‍ റോക്കറ്റിന്റെ മൂന്നാം ഭാഗം ബഹിരാകാശത്ത് ഉപേക്ഷിച്ചു. ഇനി ബാക്കിയുള്ളത് കമാന്‍ഡ് മോഡ്യൂളും ലൂണാര്‍ ലാന്‍ഡറും('ഈഗിള്‍')സര്‍വീസ് മോഡ്യൂളുമാണ്. 4 മീറ്ററാണ് കമാന്‍ഡ് മോഡ്യൂളിന്റെ വീതി, 3.5 മീറ്റര്‍ ഉയരം. ഒരു ചെറിയ വാനിന്റെ ചരക്കു കയറ്റുന്ന സ്ഥലത്തിന്റെ വലുപ്പമാണ് കാബിനുള്ളത്. ടോയ്‌ലറ്റില്ല. പകരം ഒരു ട്യൂബ് വഴി ഖര-ദ്രവ മാലിന്യങ്ങള്‍ ശേഖരിക്കാനായി ബാഗുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

കമാന്‍ഡ് മോഡ്യൂലിന്റെ വശങ്ങളില്‍ നിയന്ത്രണ റോക്കറ്റുകളും (maneuvering thrusters) പുറത്ത് താപകവചങ്ങളുമുണ്ട്. തിരികെ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന അതിതാപം നേരിടാനാണ് ഈ താപകവചങ്ങള്‍. എന്തെന്നാല്‍ അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കപ്പെടുന്ന ഭീമന്‍ റോക്കറ്റില്‍ ഭൂമിയില്‍ തിരിച്ചെത്തുന്ന ഏക ഘടകം കമാന്‍ഡ് മോഡ്യൂളാണ്. കമാന്‍ഡ് മോഡ്യൂളിന്റെ പിറകില്‍ സര്‍വീസ് മോഡ്യൂളാണുള്ളത്(Service Module (SM). അപ്പോളോ വാഹനത്തിന്റെ 16 നിയന്ത്രണ റോക്കറ്റുകള്‍ക്ക് വേണ്ട ഇന്ധനം സൂക്ഷിച്ചിരിക്കുന്നതിവിടെയാണ്. ഓക്‌സജന്‍, ജലം, വൈദ്യുതോര്‍ജ്ജം എന്നിവയാണ് സര്‍വീസ് മോഡ്യൂളില്‍ ശേഖരിച്ചിട്ടുണ്ട്.

ചന്ദ്രനിലിറങ്ങേണ്ട ല്യൂണാര്‍ മോഡ്യൂള്‍ 'ഈഗിള്‍' സര്‍വീസ് മോഡ്യൂളിനും താഴെയാണ്. മൂന്നുയാത്രികര്‍ സഞ്ചരിക്കുന്നത് കമാന്‍മോഡ്യൂളിലാണ്. ചന്ദ്രഭ്രമണപഥത്തിലെത്തിയാല്‍ ഇവരില്‍ രണ്ടുപേര്‍ ഈഗിളിലേക്ക് ഊഴ്ന്നിറങ്ങേണ്ടതുണ്ട്. ശേഷം കമാന്‍ഡ് മോഡ്യൂളുമായി വേര്‍പെട്ട് ചന്ദ്രനിലേക്കിറങ്ങണം. ദൗത്യം കഴിഞ്ഞ് തിരിച്ച് ചന്ദ്രനില്‍ നിന്ന് സ്വയം വിക്ഷേപിച്ച് പറന്നുപൊങ്ങി വീണ്ടും കമാന്‍ഡ് മോഡ്യൂളുമായി കൂടിച്ചേരണം. ഡോക്കിംഗിന് ശേഷം ഈഗിള്‍ ഉപേക്ഷിക്കപ്പെടും. അത് കുറേനേരം ചന്ദ്രനെ ഭ്രമണം ചെയ്യും. ക്രമേണ ച്ര്രന്ദാകര്‍ഷണത്തിന് അടിപ്പെട്ട് ചന്ദ്രനിലേക്ക് ഇടിച്ചുവീഴും. അതായത് ഈഗിള്‍ രണ്ടുതവണ ചന്ദ്രനിലിറങ്ങുന്നുണ്ട്! ആദ്യം സഞ്ചാരികളുമായുള്ള നിയന്ത്രിതമായ ലാന്‍ഡിംഗും രണ്ടാമത്തേത് ഇടിച്ചിറങ്ങലും. രണ്ടാമത്തെ 'ലാന്‍ഡിംഗിന്'ശേഷം ഈഗിള്‍ ഇപ്പോഴും ചന്ദ്രനിലെവിടെയെങ്കിലും ചിന്നിച്ചിതറി കിടപ്പുണ്ടാവും****