Pages

Sunday, 24 July 2011

ശിലകള്‍ പ്രതിഷേധിക്കുന്നു

Lunar rocks
മനുഷ്യന്‍ ചന്ദ്രനില്‍ പോയിവന്നു എന്നുള്ളതിന്റെ ഏറ്റവും അനിഷേധ്യമായ തെളിവെന്താണ്? തര്‍ക്കമില്ല, അപ്പോളോ സഞ്ചാരികള്‍ പലതവണയായി അവിടെനിന്നും കൊണ്ടുവന്ന ചാന്ദ്രശിലകള്‍(lunar rocks) തന്നെയാണ്. ചാന്ദ്രശിലകള്‍ ഭൗമശിലകളില്‍നിന്ന് ഗുണപരമായും ഘടനാപരമായും ഉള്ളടക്കപരമായും വ്യത്യസ്തമാണ്. അങ്ങനെയെങ്കില്‍ അത് മറ്റൊരു ലോകത്തുനിന്ന് തന്നെ വരേണ്ടതുണ്ട്. ഏതാണ് ആ ലോകം? നാസ പറയുന്നു:ചന്ദ്രനാണെന്ന്. ഹോക്‌സ് മുതലാളിമാര്‍ പറയുന്നു.... അവരെന്തു പറയുന്നു?! അവര്‍ വിശേഷിച്ചൊന്നും പറയുന്നില്ല! ആകെമൊത്തം തട്ടിപ്പായതിനാല്‍ ചാന്ദ്രശിലയും തട്ടിപ്പായേ മതിയാകൂ എന്നവര്‍ അതികഠിനമായി വിശ്വസിക്കുന്നു.

ചാന്ദ്രശിലയെന്ന് പറഞ്ഞ് മരക്കഷണം കൊടുത്ത് ആംസ്റ്റര്‍ഡാമിലെ റിക്‌സ് മ്യൂസിയത്തെ കബളിപ്പിച്ച കഥ കഴിഞ്ഞവര്‍ഷം പുറത്തുവന്നിരുന്നു. വരണ്ടുണങ്ങിയ ഒരു മരക്കഷണമായിരുന്നുവത്രെ 'ചാന്ദ്രശില'യായി ഇത്രയും കാലം മ്യൂസിയം അധികൃതര്‍ സൂക്ഷിച്ചിരുന്നത്.*(1 മനുഷ്യരുടെ ക്രയവിക്രയത്തില്‍ സാമാന്യേന സംഭവിക്കുന്ന ഒരു തട്ടിപ്പാണിത്. കൊടുത്തവന്‍ പറ്റിച്ചു; വാങ്ങിച്ചവന്‍ ശ്രദ്ധിച്ചതുമില്ല. അതല്ലാതെ ഇത്തരം സംഭവങ്ങളില്‍ നിന്നും ചാന്ദ്രശിലയുടെ ആധികാരികത സംബന്ധിച്ച നിഗമനങ്ങള്‍ രൂപപ്പെടുത്തന്നത് യുക്തിഹീനമായിരിക്കും. പക്ഷെ ഹോക്‌സര്‍മാര്‍ ഈ വാര്‍ത്ത വല്ലാതെ ആഘോഷിക്കുകയുണ്ടായി. ആത്മവിശ്വാസം നിലനിറുത്താന്‍ അവരിത് പരസ്പരം കൈമാറി ഉന്മാദംകൊണ്ടു. വാസ്തവത്തില്‍ ഈ പരിപാടി ഇന്നുമിന്നലെയും തുടങ്ങിയതല്ല. ചാന്ദ്രശിലയാണെന്ന് പറഞ്ഞ് വ്യജവസ്തുക്കള്‍ വിറ്റവരും സൂക്ഷ്മതയില്ലാതെ അത് വാങ്ങിവെച്ച് വര്‍ഷങ്ങളോളം സൂക്ഷിച്ചവരും നിരവധിയുണ്ട്.*(2)

ചാന്ദ്രശില അമേരിക്കയുടെ ദേശീയസ്വത്തായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. അത് അനധികൃതമായി വാങ്ങുന്നതും വില്‍ക്കുന്നതും കുറ്റകരമാണ്. എന്നാല്‍ ഇപ്പോഴും ശാസ്ത്രകുതുകികള്‍ക്ക് നാസ നേരിട്ട് ഏതാനും ഗ്രാം ചാന്ദ്രശില അയച്ചുകൊടുക്കാറുണ്ട്. വര്‍ഷങ്ങള്‍ക്കുമുമ്പ് ഒരു മലപ്പുറത്തുകാരന് ഇങ്ങനെ അഞ്ചു ഗ്രാമില്‍ താഴെ ചാന്ദ്രശില ആറുമാസം സൂക്ഷിക്കാന്‍ ലഭിച്ചതായി പത്രത്തില്‍ വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പേര് ഓര്‍ക്കുന്നില്ല.

382 കിലോ ശിലകളാണ് അപ്പോളോ സഞ്ചാരികള്‍ പലതവണയായി കൊണ്ടുവന്നത്. അവയെ 2196 വ്യത്യസ്ത കഷണങ്ങളായി വേര്‍തിരിച്ചിട്ടുണ്ട്. 97000 വ്യക്തിഗത സാമ്പിളുകളായി (indivdual specimens)ഈ ശിലാശേഖരം വിഭജിക്കപ്പെട്ടിരിക്കുന്നു. ലോകമെമ്പാടുള്ള അറുപതിലധികം ലാബോറട്ടറികളില്‍ ഈ സാമ്പിളുകള്‍ പരിശോധിച്ചിട്ടുണ്ട്. പഠനം ഇപ്പോഴും തുടരുകയാണ്. ശരാശരി 1100 സാമ്പിളുകള്‍ പുതുതായി വര്‍ഷംതോറും ഗവേഷകര്‍ക്ക് അയച്ചുകൊടുക്കാറുമുണ്ട്. ചാന്ദ്രശിലകള്‍ റോബോട്ടുകള്‍ ഉപയോഗിച്ച് ശേഖരിച്ചതാണെന്നാണ് ഒരാരോപണം തട്ടിപ്പുവാദക്കാര്‍ ഉന്നയിക്കാറുണ്ട്. തികച്ചും യുക്തിരഹിതമായ ഒരു വാദമാണിത്. എന്തെന്നാല്‍ മനുഷ്യബുദ്ധിയുടെ സഹായത്തോടെ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കപ്പെടുമ്പോള്‍ ലഭിക്കുന്ന വൈവിധ്യവും പ്രാതിനിധ്യസ്വഭാവവും(variety and representative character) അമേരിക്കയുടെ പക്കലുള്ള ചാന്ദ്രശിലാശേഖരത്തില്‍ പ്രകടമാണ്. ചന്ദ്രന്റെ ഭിന്നമേഖലകളില്‍ നിന്നുള്ള ശിലകള്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട്. ചാന്ദ്രയാത്രികര്‍ ചാന്ദ്രോപരിതലത്ത് പരതിനടന്നാണ് അവയെല്ലാം ശേഖരിച്ചത്. ഉദാഹരണമായി അപ്പോളോ-15 ലെ യാത്രികര്‍ കണ്ടത്തിയ സവിശേഷമായ 'ഉത്പ്പത്തി ശിലകള്‍' ('genisis rocks') ഒരു റോബോട്ടിന് കണ്ടെത്താനാവുമെന്ന് കരുതാനാവില്ലതന്നെ.

1970 കള്‍ക്കുശേഷം സോവിയറ്റ് യൂണിയന്‍ തങ്ങളുടെ 3 ലൂണ ദൗത്യങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കി ചന്ദ്രനില്‍നിന്നും പാറ ശേഖരിച്ചുകൊണ്ടുവരികയുണ്ടായി. ലൂണ-16(1970), ലൂണ-20(1972), ലൂണ- 24(1976) എന്നിവയാണ് പ്രസ്തുത വാഹനങ്ങള്‍.*(3) 
ഇവയിലെ യന്ത്രകരങ്ങള്‍ നിയതമായി ശേഖരിച്ച (random collection)ശിലകള്‍ ഏറെക്കുറെ ഏകതാനതയുളളതും (unidimensional) ആവര്‍ത്തന(repetitious)സ്വഭാവമുള്ളവയുമായിരുന്നു. മൂന്നു യാത്രയിലും കൂടി ലഭിച്ച മൊത്തം ശേഖരമാകട്ടെ വെറും 301 ഗ്രാം മാത്രവും! തങ്ങളുടെ പക്കലുള്ള ചാന്ദ്രശിലകളുടെ സാമ്പിള്‍ അമേരിക്കയും സോവിയറ്റ് യൂണിയനും പരസ്പരം കൈമാറിയിട്ടുണ്ട്. രണ്ടുപേരും പരിശോധിച്ച് രണ്ടും ഘടനാപരമായും ഉള്ളടക്കപരമായും സമാനമാണെന്ന് ബോധ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്.വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ചത് മൂലം പ്രതീക്ഷിക്കാവുന്ന കേവലമായ ഉപരിതലസ്പര്‍ശിയായ (peripheral) ചില വ്യതിയാനങ്ങള്‍ മാത്രമാണ് അവയ്ക്കിടയില്‍ ഉണ്ടായിരുന്നത്. അതായത് ചാന്ദ്രശില ചന്ദ്രനില്‍ നിന്നുള്ളവയാണെന്നും അത് മനുഷ്യര്‍ അവിടെയിറങ്ങി ശേഖരിച്ചതാണെന്നും സോവിയറ്റ് യൂണിയന്‍ പ്രത്യക്ഷമായും പരോക്ഷമായും ആംഗികമായും വാചികമായും മൂര്‍ത്തമായും അമൂര്‍ത്തമായും അംഗീകരിച്ചിട്ടുണ്ട്.

393-434 കോടി വര്‍ഷം വരെ പഴക്കമുള്ള ചാന്ദ്രശിലകള്‍ ഭൂമിയുടെ ഉപരിതലത്തില്‍ സാധാരണയായി കാണപ്പെടുന്ന മറ്റേതു ശിലയേക്കാളും പ്രായം ചെന്നവയാണ്. അന്തരീക്ഷവും കാലാവസ്ഥാവ്യതിയാനങ്ങളും മൂലം ഭൂമിയിലെ ഏറ്റവും പഴക്കംചെന്ന ശിലകള്‍ മിക്കവാറും ഭൗമാന്തര്‍ഭാഗത്തേക്ക് പോയിട്ടുണ്ടാവും. അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ ആ പ്രശ്‌നമില്ല. അവിടെ ആകെയുള്ളത് അഗ്നിപര്‍വതങ്ങളും 'ചന്ദ്രകമ്പ'ങ്ങളും മാത്രമാണ്. അതുകൊണ്ടുതന്നെ ചന്ദ്രന്‍ രൂപംകൊണ്ട കാലത്തെ പാറകളില്‍ പലതും അതേപടി ഇപ്പോഴും ചന്ദ്രോപരിതലത്തില്‍ ലഭ്യമാണ്. 1981 ല്‍ അന്റാര്‍ട്ടിക്കയിലെ അലന്‍ ഹില്‍സിന് (Allen hills) സമീപം കണ്ടെത്തിയ ചന്ദ്രഭാഗങ്ങള്‍ 1969 ല്‍ അപ്പോളോ യാത്രികര്‍ കൊണ്ടുവന്ന ചാന്ദ്രശിലകളുമായി പൂര്‍ണ്ണ സാദൃശ്യമുള്ളവയായിരുന്നു. ചന്ദ്രനില്‍ നിന്നും ഉല്‍ക്കകള്‍ ഭൂമിയില്‍ പതിക്കുന്നത് അപൂര്‍വമാണ്. ഇന്നുവരെയായി ഏതാണ്ട് 25 സ്ഥിരീകരിക്കപ്പെട്ട കേസുകളെ അത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളു.*(4)

ദശകങ്ങളായി അന്റാര്‍ട്ടിക്കയില്‍ വീണ ഉല്‍ക്കാ പദാര്‍ത്ഥങ്ങള്‍ ശേഖരിച്ചപ്പോഴാണ് അവയില്‍ ചിലവ ചന്ദ്രനില്‍ നിന്നുള്ളവയാണെന്ന് തെളിഞ്ഞത്. ആ ശേഖരത്തിന്റെ അളവാകട്ടെ 4 വര്‍ഷം കൊണ്ട് ചന്ദ്രനില്‍നിന്ന് കൊണ്ടുവന്ന 382 കിലോയേക്കാള്‍ വളരെ കുറവായിരുന്നു. ഭൗമാന്തരീക്ഷത്തില്‍ വെച്ച് കത്തിയെരിഞ്ഞ പാടും ഭൗമാന്തരീക്ഷവുമായി സമ്പര്‍ക്കത്തിലായിരുന്നതിന്റെ തെളിവുകളും അവ ഉല്‍ക്കകളാണെന്ന കാര്യം സംശയാതീതമായി സ്ഥിരീകരിക്കുന്നുണ്ട്.*(5) ദീര്‍ഘകാലം ഭൂമിയില്‍ കിടന്നതിന്റെ ഫലമായി അവയിലെ സൂക്ഷ്മസുഷിരങ്ങളിലും മറ്റും ഭൗമപദാര്‍ത്ഥങ്ങള്‍ ദ്വിതീയനിക്ഷേപമായി (Secondary deposit) അടിഞ്ഞുകയറിയിട്ടുണ്ടായിരുന്നു. അപ്പോളോ യാത്രികര്‍ കൊണ്ടുവന്ന ചാന്ദ്രശിലകളാകട്ടെ അത്തരത്തില്‍ മലിനപ്പെടാത്ത 'ശുദ്ധശില'കളായിരുന്നു. വായു കടക്കാത്ത പെട്ടികളിലാണ് അപ്പോളോ യാത്രികര്‍ അവ ശേഖരിച്ച് ഭൂമിയിലെത്തിച്ചത്. അതേസമയം ഘടനാപരമായി ഈ ഉല്‍ക്കകള്‍ നൂറ് ശതമാനം ചാന്ദ്രശിലകളാണ്. സത്യത്തില്‍ ചാന്ദ്രയാത്ര തട്ടിപ്പാണെന്ന് തെളിയിക്കാന്‍ ഏറെ ഗുസ്തി പിടിക്കേണ്ട കാര്യമൊന്നുമില്ല. അതിനായി യാത്രാചിത്രങ്ങളും വീഡിയോകളും സൂക്ഷ്മാവലോകനം ചെയ്ത് തലപുണ്ണാക്കേണ്ടതുമില്ല. മറിച്ച് നാസയുടെ പക്കലുള്ള ചാന്ദ്രശിലകളുടെ ആധികാരികത തകര്‍ത്താല്‍ മാത്രം മതിയാകും. ഈ ഒരൊറ്റ കാര്യം ചെയ്താല്‍ ഹോസ്‌കര്‍മാര്‍ക്ക് ഇന്റര്‍നാഷണല്‍ ബോക്‌സര്‍മാരുടെ താരപരിവേഷം ലഭിക്കും.

നിരന്തരമായ ഉല്‍ക്കാപതനം ഏറ്റുവാങ്ങിയ കയ്യൊപ്പുകളും (micrometeriod bombardment) രൂപീകരണവേളയില്‍ പ്രാപഞ്ചികരശ്മികളുടെ ആഘാതത്തിന് വിധേയമായതിന്റെ (Exposure to cosmic radiation) ബാക്കിപത്രവും ചാന്ദ്രശിലകള്‍ ഇന്നും പേറുന്നുണ്ട്. അങ്ങനെയൊരു ശില ഭൂമിയിലെങ്ങും കണ്ടെത്താനാവില്ല; കൃത്രിമമായി നിര്‍മ്മിക്കാനുമാവില്ല. ചാന്ദ്രശിലകള്‍ അന്തരീക്ഷശൂന്യവും ജലരഹിതവുമായ അന്തരീക്ഷത്തിലാണ് ഉരുവംകൊണ്ടവയാണ്.മാത്രമല്ല ഭൗമഗുരുത്വത്തെ അപേക്ഷിച്ച് കുറഞ്ഞ തോതിലുള്ള ഗുരുത്വാകര്‍ഷണത്തില്‍ വളര്‍ന്ന അവ ശതകോടിക്കണക്കിന് വര്‍ഷങ്ങളായി അതിശൈത്യവും അതിതാപവും അനുഭവിച്ചവയാണ്. ചാന്ദ്രശിലകളെപ്പോലെ തുടര്‍ച്ചയായി പതിനാലര ദിവസത്തോളം നീണ്ടുനില്‍ക്കുന്ന പകലുകളും രാത്രികളും ഭൗമശിലകള്‍ക്ക് ഒരിക്കലും അനുഭവിക്കേണ്ടി വന്നിട്ടുമില്ല.

ജലവുമായി ബന്ധപ്പെടുകയും കാലാവസ്ഥവ്യതിയാനത്തിനും വിധേയമാക്കപ്പെടുകയും ചെയ്യുന്നതിനാല്‍ മറ്റൊരു ഗ്രഹപദാര്‍ത്ഥങ്ങള്‍ക്കുമില്ലാത്തവിധം എളുപ്പം തിരിച്ചറിയാവുന്ന ചില സവിശേഷതകള്‍(uniquesness) ഭൗമശിലകള്‍ക്കുണ്ട്. ഇതൊന്നും ചാന്ദ്രശിലയില്‍ ഒരിക്കലും കണ്ടെത്താനാവില്ല. അപ്പോളോ യാത്രയ്ക്ക് ശേഷം ചാന്ദ്രശിലകള്‍ ഏതാണ്ട് നൂറിലധികം രാജ്യങ്ങള്‍ക്ക് അമേരിക്ക അയച്ചുകൊടുത്തിട്ടുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ഈ ശിലാഭാഗങ്ങള്‍ അറുപതോളം ഗവേഷകര്‍ ഈ ശിലകള്‍ സൂക്ഷ്മമായി പഠിച്ചുവരികയാണ്. ഇന്നുവരെ ഒരാളും ചാന്ദ്രശില ഭൂമിയിലുണ്ടായതാണെന്നോ അതല്ലെങ്കില്‍ കൃത്രിമമായി സൃഷിക്കപ്പെട്ടതാണെന്നോ പറഞ്ഞിട്ടില്ല. ലോകത്തെ ഏതൊരു യൂണിവേഴ്‌സിറ്റിക്ക് വേണമെങ്കിലും ഈ പരീക്ഷണം നടത്താം. ചാന്ദ്രയാത്ര സംബന്ധിച്ച ഒരു സാധുവായ പ്രോജക്റ്റിന്റെ വെളിച്ചത്തില്‍ ഒദ്യോഗികമായി ആവശ്യപ്പെട്ടാല്‍ നാസ അവരുടെ പക്കലുള്ള ചാന്ദ്രശിലയില്‍ നിന്ന് കുറച്ചുഭാഗം എത്തിച്ചുകൊടുക്കും. അത് കൊണ്ടുപോയി ഏതുതരം പരീക്ഷണ-നിരീക്ഷണങ്ങള്‍ക്കും വിധേയമാക്കാം. എത്ര വിദഗ്ധരെ വേണമെങ്കിലും കാണിച്ച് ഉപദേശം തേടാം. പക്ഷെ, വീണ്ടും പറയട്ടെ, ഇന്നുവരെ ലോകത്ത് ഒരാള്‍ക്കും ചാന്ദ്രശിലകള്‍ ഭൂമിയില്‍നിന്ന് ലഭിക്കുമെന്നോ കൃത്രിമമായി നിര്‍മ്മിക്കാനാവുമെന്നോ വസ്തുനിഷ്ഠമായി തെളിയിക്കാനായിട്ടില്ല.

ഭൂമിയിലേക്ക് കത്തിക്കരിഞ്ഞുവീണ അവശിഷ്ടങ്ങളായ ഉല്‍ക്കാപദാര്‍ത്ഥങ്ങള്‍ പണ്ടേ ലഭ്യമാണെന്ന് വാദിക്കുന്നവരുണ്ടോ? ഒന്നോര്‍ക്കുക, ശിലാവിദഗ്ധരെ സംബന്ധിച്ചിടത്തോളം ചാന്ദ്രശിലയുടെ ഘടന എളുപ്പം തിരിച്ചറിയാനാവും. അത്ര ലളിതമാണതിന്റെ രാസഘടന. ഉല്‍ക്കാ വിദ്ഗധര്‍ക്ക് ഒറ്റനോട്ടത്തില്‍ തന്നെ ചാന്ദ്രശിലയും ഉല്‍ക്കാഭാഗങ്ങളും വേര്‍തിരിച്ചറിയാം. സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയാല്‍ ഫലം കൂടുതല്‍ സ്ഥിരീകരിക്കപ്പെടും. അപ്പോളോ സഞ്ചാരികള്‍ കൊണ്ടുവന്ന ശിലകള്‍ ഭൂമിയില്‍ ലഭ്യമല്ലെന്ന് തട്ടിപ്പുകാരും സമ്മതിക്കുന്നുണ്ട്. എന്തായാലും ഈ 382 കിലോ ശിലകള്‍ ഭൂമിയിലേതല്ല, അത് എവിടെനിന്നോ കൊണ്ടുവന്നതാണ്. മനുഷ്യന്‍ ചന്ദ്രനല്ലാതെ മറ്റൊരു ഗ്രഹത്തിലും പോയതായി അവകാശപ്പെടുന്നുമില്ല.

പക്ഷെ ചില തട്ടിപ്പുവിദഗ്ധര്‍ പുതിയൊരു സാധ്യതയുമായി ഇതിനെ നേരിടുന്നുണ്ട്. ഭൂമിയുടെ അന്തര്‍ഭാഗത്ത് ഹൈഡ്രജന്‍ബോംബ് പൊട്ടിച്ച സമയത്ത് അവിടെ അണുശക്തിയില്‍ ഉരുകിതിളച്ച ലാവ ഉറഞ്ഞുണ്ടായ സവിശേഷശിലകളാണ് ചാന്ദ്രശിലകളായി അവതരിപ്പിച്ചതെന്നാണ് അവര്‍ വാദിക്കുക. പരമ അബദ്ധമാണിതെന്ന് മനസ്സിലാക്കാന്‍ സ്‌ക്കൂള്‍ വിദ്യാഭ്യാസം തന്നെ ധാരാളം. ഇതൊരു ഭാവനാലോലമായ ഊഹാപോഹമാണ്; വസ്തുനിഷ്ഠമായ തെളിവ് പൂജ്യവും. അങ്ങനെയൊന്ന് നിര്‍മ്മിക്കാന്‍ ആര്‍ക്കും ഇന്നുവരെ സാധിച്ചിട്ടില്ല. ഹൈഡ്രജന്‍ ബോംബ് സ്‌ഫോടനത്തിന് സമീപത്തുനിന്നും ചാന്ദ്രശിലപോലെ സവിശേഷശിലകള്‍ കണ്ടെത്തിയതായി ആരും ഇന്നുവരെ സാക്ഷ്യപ്പെടുത്തിയിട്ടില്ല. ഭൂമിയുടെ ഏതുഭാഗത്തുവെച്ച് രൂപംകൊള്ളുന്ന ശിലയിലും അത് തെര്‍മോന്യൂക്‌ളിയര്‍ പ്രവര്‍ത്തനം വഴിയായാലും അവസാദശില നിക്ഷേപം വഴിയായാലും ഭൗമാന്തരീക്ഷത്തിന്റെയും ജലത്തിന്റെയും ഓക്‌സിജന്റേയും പ്രത്യക്ഷവും പരോക്ഷവുമായ കയ്യൊപ്പുകളുണ്ടായിരിക്കും. അപ്പോളോ സഞ്ചാരികള്‍ കൊണ്ടുവന്ന 382 കിലോയ്ക്ക് സമാനമായി നൂറു ഗ്രാം ശില ഏതുവിധേനയും ഉണ്ടാക്കിക്കൊണ്ടു വന്നാല്‍ സര്‍വ തര്‍ക്കവും അവിടെ തീരും. ടെലിവിഷന്‍ സ്റ്റുഡിയോകളിലും പുസ്തകങ്ങളിലും പരന്നൊഴുകുന്ന ഹോക്‌സമാരില്‍ ഒരാള്‍പോലും എന്തേ ആ വഴി നോക്കുന്നില്ല? ഉത്തരം ലളിതം: നാക്ക് വളച്ചൊടിക്കുന്നതു പോലെയല്ലല്ലോ, അതൊക്കെ വലിയ പ്രയാസമുള്ള കാര്യമല്ലേ!

ചാന്ദ്രശില മാത്രമല്ല ചാന്ദ്രധൂളിയും(lunar dust) സവിശേഷമാണ്. ചാന്ദ്രോപരിതലത്തിലെ ജലരഹിതമായ ഈ പൊടി ശരിക്കും നമ്മുടെ ടാല്‍ക്കം പൗഡറിന്റെ സ്വഭാവസവിശേഷതയോട് സമാനതയുള്ളതാണ്. ജലമില്ലാത്ത ചന്ദ്രനില്‍
(നിയതമായ അര്‍ത്ഥത്തില്‍. ഹൈഡ്രോക്‌സില്‍ രൂപത്തിലുണ്ട്) അപ്പോളോ സഞ്ചാരികളുടെ കാല്‍പ്പാദങ്ങള്‍ സുവ്യക്തമായി പതിഞ്ഞത് ചാന്ദ്രധൂളിയുടെ സവിശേഷത കൊണ്ടാണ്. ആ കാല്‍പ്പാടുകള്‍ ലക്ഷക്കണക്കിന് വര്‍ഷം യാതൊരു മാറ്റവുമില്ലാതെ അവിടെയുണ്ടാകും; ബാഹ്യവസ്തുക്കളോ ഉല്‍ക്കകളോ ആ സ്ഥലങ്ങളില്‍ വന്ന് വീണില്ലെങ്കില്‍. അതായത് ഇനി ചന്ദ്രനില്‍ ചെല്ലുന്നവര്‍ക്ക് മുന്‍ഗാമികളുടെ 'കാല്‍പ്പാടുകള്‍ പിന്തുടരാന്‍' വളരെ എളുപ്പമായിരിക്കും. ചാന്ദ്രധൂളി അഭൗമമാണെന്നതില്‍ ഇന്നും ശാസ്ത്രലോകത്ത് രണ്ടുപക്ഷമില്ലെന്നറിയുക.

വാന്‍ അലന്റെ മമ്മി

ഭൂമിയുടെ കാന്തികവലയം അതിനുചുറ്റും പിടിച്ചുനിറുത്ത അയണുകളുടെ(ചാര്‍ജിത കണങ്ങള്‍) വലയമാണ് വാന്‍ അലന്‍ റേഡിയോ ബെല്‍റ്റ് എന്നപേരില്‍ അറിയപ്പെടുന്നത്. ഈ വലയത്തിലെ ഉന്നത-ഊര്‍ജ്ജനിലയിലുള്ള ചാര്‍ജിത കണങ്ങള്‍ സൗരവാതത്തില്‍നിന്നും പ്രാപഞ്ചികരശ്മികളില്‍ നിന്നുമാണ് എത്തിപ്പെടുന്നതെന്ന് കരുതപ്പെടുന്നു. ഭൂമിയുടെ കാന്തികമണ്ഡലത്തിന് (magnetosphere) ഉള്ളില്‍ സ്ഥിതിചെയ്യുന്ന ഈ റേഡിയേഷന്‍ വലയത്തിന്റെ സാധ്യത 1954 ല്‍ തന്നെ ചൂണ്ടിക്കാട്ടിയ അമേരിക്കന്‍ ബഹിരാകാശ ശാസ്ത്രജ്ഞനായ ജയിംസ് വാന്‍ അലന്റെ (James Van Allen/(September 7, 1914–August 9, 2006 ) പേരിലാണ് ഈ റേഡിയേഷന് വലയം ഇന്നറിയപ്പെടുന്നത്. 


James Van Allen
വാന്‍ അലന്‍ റേഡിയേഷന്‍ വലയം അതിജീവിക്കാന്‍ ജീവനുള്ള ഒന്നിനും കഴിയില്ലെന്നാണ് ഹോക്‌സര്‍മാരുടെ വാദം. ``Any human being traveling through the van Allen belt would have been rendered either extremely ill or actually killed by the radiation within a short time thereof.''*(6) എന്നാണ് ഹോക്‌സ് രാജാവായ ബില്‍ കെയ്‌സിംഗ് പറയുന്നത്. അതായത് വാന്‍ അലന്‍ ബെല്‍റ്റ് മുറിച്ചു കടക്കാന്‍ ശ്രമിക്കുന്ന മനുഷ്യസഞ്ചാരികള്‍ ഒന്നുകില്‍ ഉടനടി ഗുരുതരമായ രോഗം ബാധിച്ച് കുഴഞ്ഞുവീഴും അല്ലെങ്കില്‍ കുറച്ച് സമയത്തിനകം കൊല്ലപ്പെടും. ബഹിരാകാശദൗത്യം നിര്‍വഹിക്കാറുള്ള ചില റഷ്യന്‍ കോസ്‌മോനോട്ടുകളുമായുള്ള അഭിമുഖവും ഈ വാദം സാധൂകരിക്കാനായി അവര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇനിയഥവാ മനുഷ്യസഞ്ചാരികള്‍ക്ക് കുഴപ്പമൊന്നും പറ്റിയില്ലെങ്കിലും വാഹനത്തിന്റെ മുന്‍ഭാഗം തുളച്ച് റേഡിയേഷന്‍ പ്രസരണം അകത്ത് കടക്കാനിടയുണ്ടെന്നും കെയ്‌സിംഗ് കണ്ടെത്തുന്നുണ്ട്.

അപ്പോളോദൗത്യം വരെ ഭൗമഭ്രമണപഥം വരെയേ മനുഷ്യന്‍ പോയിട്ടുള്ളു. വാന്‍ അലന്‍ ബെല്‍റ്റിന് വളരെ ഉള്ളിലാണ് അത്തരം ഭ്രമണപഥങ്ങളെന്നതിനാല്‍ പ്രശ്‌നമില്ല. അപ്പോളോദൗത്യത്തിലാണ് ഈ ബെല്‍റ്റ് മുറിച്ചുകടന്ന് മറ്റൊരു ഗ്രഹത്തിലേക്ക് മനുഷ്യന്‍ പോകുന്നത്. റഷ്യന്‍ ചാന്ദ്രദൗത്യത്തിലെ കോസ്‌മോനോട്ടിന് റേഡിയേഷന്‍ ബെല്‍റ്റ് മുറിച്ചുകടക്കുന്നതില്‍ ആശങ്കയുണ്ടാവുക സ്വാഭാവികമാണ്. പക്ഷെ അപ്പോളോ ദൗത്യം ആ ആശങ്ക അസ്ഥാനത്താണെന്ന് സംശയാതീതമായി തെളിയിച്ചു. അപ്പോളോ സഞ്ചാരികള്‍ക്കൊന്നും കാര്യമായ റേഡിയേഷന്‍ ബാധയുണ്ടയതായോ അര്‍ബുദം പിടിപെട്ടതായോ റിപ്പോര്‍ട്ടുകളില്ല. യാതൊരു സുരക്ഷാസംവിധാനവുമില്ലാതെ ഒരാള്‍ കൂടുതല്‍ നേരം വാന്‍ അലന്‍ റേഡിയേന്‍ ബെല്‍റ്റില്‍ ചെലവിട്ടാല്‍ കെയ്‌സിംഗ് പറയുന്ന പ്രശ്‌നമുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ സുരക്ഷാകവചങ്ങളുമായി അതിവേഗം ഈ മേഖലയിലൂടെ കടന്നുപോകുന്ന വാഹനസഞ്ചാരികള്‍ക്ക് വാന്‍അലന്‍ ബെല്‍റ്റ് ഒരു ഭീഷണിയല്ലെന്നാണ് അപ്പോളോ ദൗത്യം ആവര്‍ത്തിച്ച് തെളിയിച്ചത്.
ബഹിരാകാശത്ത് സൗരജ്വാലകള്‍(Sun flares), സൗരവാതങ്ങള്‍ (Solar wind), പ്രാപഞ്ചികരശ്മികള്‍ (Cosmic rays) തുടങ്ങിയവയുടെയൊക്കെ സജീവ സാന്നിധ്യമുണ്ടെന്നതില്‍ തര്‍ക്കമില്ല. അതിലൊക്കെ നല്ലതോതില്‍ റേഡിയേഷന്‍ സാധ്യത അടങ്ങിയിട്ടുണ്ടെന്നതും അനിഷേധ്യമാണ്. ബഹിരാകാശത്ത് സഞ്ചരിക്കുന്ന ഏതൊരുവസ്തുവിനും റേഡിയേഷന്‍ ആഘാതമേല്‍ക്കാനുള്ള സാധ്യതയുണ്ട്. രണ്ടു രീതിയിലുള്ള സൗരജ്വലനം ഉണ്ടാകാറുണ്ട്. ഒന്ന് അതിതീവ്രതയുള്ളതും(High intensity sunfares)മറ്റൊന്ന് കുറഞ്ഞ തീവ്രതയുള്ളതും(Low intensity sunflares). അതിതീവ്ര സൗരജ്വാലകള്‍ താരതമ്യേന വളരെ കുറവാണ്. മാത്രമല്ല സ്ഥിതിവിരക്കണക്കിലാധാരമായി അവയുടെ സാധ്യത സംബന്ധിച്ച് നമുക്ക് ഏകദേശം കൃത്യമായ നിഗമനങ്ങളില്‍ എത്തിച്ചേരാനുമാവും. ഇത് കൈകാര്യം ചെയ്യാനായി നാസയ്ക്ക് പ്രത്യേക വിദ്ഗ്ധസംഘം തന്നെയുണ്ട്. അപ്പോളോ മനുഷ്യദൗത്യങ്ങള്‍ നിശ്ചയിച്ച് സമയത്തൊന്നും അതിതീവ്ര സൗരജ്വലാപ്രവാഹം ഉണ്ടായിരുന്നില്ല. ആയതിനാല്‍ സ്വാഭാവികമായ റേഡിയേഷന്‍ മാത്രമേ അപ്പോളോ സഞ്ചാരികള്‍ക്ക് നേരിടേണ്ടി വന്നിട്ടുള്ളു. വിക്ഷേപണസമയത്ത് ഉയര്‍ന്ന തീവ്രതയുള്ള സൗരജ്വാലയ്ക്ക് സാധ്യതയുണ്ടായിരുന്നുവെങ്കില്‍ വിക്ഷേപണം മാറ്റിവെക്കുമായിരുന്നു. ഇന്നും ഇതൊക്കെ സസൂക്ഷ്മം വിലയിരുത്തിയാണ് സ്‌പേസ് ഷട്ടില്‍ മുതല്‍ ചെറിയ റോക്കറ്റുകള്‍ വരെ വിക്ഷേപിക്കുന്നത്.
ചെറിയ ഉന്നതിയുള്ള ഭ്രമണപഥങ്ങള്‍ (low altitude orbits) ക്രമീകരിക്കുകയും വളരെപെട്ടെന്ന് റേഡിയേഷന്‍ ബേല്‍റ്റിലൂടെ കടന്നുപോകുകയും(rapid movement) ചെയ്താല്‍ മാരകമായ തോതില്‍ റേഡിയേഷന്‍ ഏല്‍ക്കാനുള്ള സാധ്യത തീരെക്കുറവാണ്. തീയിലൂടെ നടക്കുന്നതിന് തുല്യമാണിത്. വേണ്ടത്ര സമയം കാലും തീക്കനലുമായി സമ്പര്‍ക്കമുണ്ടെങ്കിലേ പൊള്ളലേല്‍ക്കുകയുള്ളുവല്ലോ. വാന്‍ അലന്‍ റേഡിയോ ബെല്‍റ്റില്‍ തങ്ങുകയോ അതിലൂടെ സാവധാനം കടന്നുപോകുകയോ ചെയ്താല്‍ തീര്‍ച്ചയായും പ്രശ്‌നമാണ്. നാസയ്ക്ക് 1950 കളിലേ ഇതിനെക്കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു. വാന്‍ അലന്‍ റേഡിയോ ബെല്‍റ്റിലൂടെ കടന്നുപോയത് മൂലം അപ്പോളോയാത്രികര്‍ ഏറ്റുവാങ്ങിയ മൊത്തം റേഡിയഷന്റെ ശരാശരി അളവ് കേവലം 2 r.e.m (radiation emission per minute)മാത്രമായിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. 

200 r.e.m നും 300 r.e.m നും ഇടയ്ക്കുള്ള അളവിലെത്തുമ്പോള്‍ മാത്രമാണ് റേഡിയേഷന്‍ അസുഖകരമായിത്തീരുന്നത്(radiation sickness). മരണപരിധി 300 r.e.mആണ്.  2 r.e.m 
എന്ന റേഡിയേഷന്‍ തോത്‌ ഭൂമിയില്‍ കൂടിയ റേഡിയേഷന്‍ സാധ്യതയുള്ള പല സ്ഥലങ്ങളിലും( ന്യൂക്‌ളിയര്‍ പ്‌ളാന്റുകള്‍ക്ക് സമീപം) നിലനില്‍ക്കുന്നതിലും വളരെ കുറഞ്ഞയളവിലുള്ള റേഡിയേഷന്‍ സാധ്യതയാകുന്നു. അങ്ങോട്ടുമിങ്ങോട്ടുമായി (to and fro) കേവലം രണ്ടു മണിക്കൂര്‍ മാത്രമേ അപ്പോളോ യാത്രികര്‍ വാന്‍ അലന്‍ റേഡിയേഷന്‍ ബെല്‍റ്റിലൂടെ കടന്നുപോയിട്ടുള്ളു. റേഡിയേഷന്‍ ആഘാതം 1 r .e.m ല്‍ കുറച്ചുകൊണ്ടുവരികയായിരുന്നു ലക്ഷ്യം. അപ്പോളോ വാഹനത്തില്‍ ഓണ്‍ബോര്‍ റേഡിയേഷന്‍ മോണിറ്ററും (on board radiation monitor) ഓരോ സഞ്ചാരിക്കും സ്വന്തം നിലയില്‍ ഡോസിമീറ്ററു(dosimeter)മുണ്ടായിരുന്നു.അതായത് റേഡിയേഷന്‍ ബെല്‍റ്റ് തന്ത്രപരമായി മറികടക്കാനാവും; നാസ നിരവധി തവണ അത് തെളിയിച്ചിട്ടുമുണ്ട്.*(7)

വാന്‍ അലന്‍ റേഡിയേഷന്‍ ബെല്‍റ്റിനെക്കുറിച്ച് കണ്ടുപിടിക്കുന്നത് 1958 ലാണ്. അതായത് അപ്പോളോയാത്രയ്ക്ക് ഏതാണ്ട് 11 വര്‍ഷം മുമ്പ്. മനുഷ്യന്‍ കയറാത്ത വാഹനങ്ങള്‍ ഉപയോഗിച്ച് ഈ റേഡിയേഷന്‍ വലയം മറികടക്കുകയും അപ്പോഴൊക്കെ ഉണ്ടായ റേഡിയേഷന്‍തോത് സസൂക്ഷ്മം പഠിക്കുകയും ചെയ്തശേഷമാണ് മനുഷ്യരെ ഇതിലൂടെ കടത്തിവിട്ടത്. ബാഹ്യ ബഹിരാകാശത്തില്‍ (outer space)നിരവധി അയണോസ്പിയറുകളുടേയും സൗരവാത-വിക്ഷോഭങ്ങളുടേയും സാന്നിധ്യവുമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ക്ക് വ്യക്തമായി തിരിച്ചറിയാനായതും ഈ കാലയളവില്‍ തന്നെയാണ്. മാത്രമല്ല സൂര്യന്റെ കൊറോണ(corona)യെക്കുറിച്ചും ശാസ്ത്രലോകം കൂടുതല്‍ ശ്രദ്ധിച്ചുതുടങ്ങിയിരുന്നു. അതായത് ഇത്തരം സാധ്യതകളെല്ലാം മുന്നില്‍കണ്ടുകൊണ്ടു തന്നെയാണ് അപ്പോളോദൗത്യങ്ങളും ആസൂത്രണം ചെയ്തിട്ടുള്ളത്.

ചന്ദ്രോപരിതലത്തിലെ അതിസൂക്ഷ്മമായ ഉല്‍ക്കാധാരയില്‍ നിന്ന് (micrimeteoroid bombardment) അപ്പോളോ യാത്രികര്‍ക്ക് രക്ഷപെടാനാവുമായിരുന്നില്ലെന്നതാണ് മറ്റൊരു ആരോപണം. അന്തരീക്ഷമില്ലാത്ത ചന്ദ്രോപരിതലത്തില്‍ ഈ ഭീഷണി വളരെ കൂടുതലാണെന്നും അവര്‍ വിലയിരുത്തുന്നു. ഉല്‍ക്കാധൂളികള്‍ക്കെതിരെയുള്ള മതിയായ പ്രതിരോധം അപ്പോളോ യാത്രികര്‍ക്ക് നല്‍കിയിരുന്നു. വളരെ ചെറിയ ധൂളി(powder) പ്രസരണമായാതിനാല്‍ വളരെ കട്ടികുറഞ്ഞ പ്രതിരോധം മാത്രമേ ഇതിനെ നേരിടാനായി ആവശ്യമുണ്ടായിരുന്നുള്ളു. ചന്ദ്രനിലിറങ്ങിയ 'ഈഗിള്‍' എന്നറിയപ്പെട്ട ലൂണാര്‍ മോഡുള്‍ (Lunar Module) പുറത്താകമാനം വളരെ കട്ടികുറഞ്ഞ അലൂമിനിയം ഷീല്‍ഡ്(ഒരിഞ്ചിന്റെ ചെറിയൊരംശം)കൊണ്ട് പൊതിഞ്ഞിരുന്നു. ചാന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച അപ്പോളോ യാത്രകരുടെ സ്‌പേസ്സ്യൂട്ടിലും (micrimeteoroid garment) സമാനമായ അലൂമിനിയം പൊതിയലുണ്ടായിരുന്നു. യാത്രികരുടെ ചിത്രങ്ങളില്‍ സ്‌പേസ് സ്യൂട്ട് വെള്ളിപോലെ മിന്നിത്തിളങ്ങാന്‍ ഒരു കാരണമതാണ്.

ചാന്ദ്രയാത്ര തട്ടിപ്പാണെന്ന് വാദിക്കുന്നവര്‍ വാന്‍ അലന്‍ റേഡിയോ ബെല്‍റ്റിനെക്കുറിച്ചും ധൂളിപ്രസരണത്തെക്കുറിച്ചും എന്തെങ്കിലും ആധികാരികപഠനം നടത്തിയവരാണെന്ന് ധരിക്കരുത്. അവര്‍ പ്രധാനമായും ആശ്രയിക്കുന്നത് ഊഹാപോഹങ്ങളും കേട്ടറിവുകളും മാത്രമാണ്. പഠിക്കാനൊന്നും അവര്‍ക്ക് നേരമില്ലെന്നതാണ് വാസ്തവം. പഠിച്ചുനടന്നാല്‍ ഒരുകാലത്തും ഹോക്‌സ് സിദ്ധാന്തവുമായി ജനമധ്യത്തില്‍ വിലസാനാവില്ലല്ലോ. നാസയാകട്ടെ ഇതൊക്കെ സൂക്ഷ്മമായി പഠിക്കുകയും കാര്യങ്ങള്‍ വിജയകരമായി നേരിടുകയും ചെയ്തിരിക്കുന്നു. ഉപ്പോളം വരില്ലല്ലോ ഉപ്പിലിട്ടത്!?***


Reference
1) http://www.telegraph.co.uk/science/space/6105902/Moon-rock-given-to-Holland-by-Neil-Armstrong-and-Buzz-Aldrin-is-fake.html
(2) www.suntimes.com/.../woman-nabbed-in-moon-rock-scam.ht... - United States
(3) http://news.bbc.co.uk/onthisday/hi/dates/stories/september/20/newsid_4092000/4092669.stm
(4) meteorites.wustl.edu/lunar/howdoweknow.htm
(5) www.scientificamerican.com/article.cfm?id=moon-anhydrous-water
(6)http://www.badastronomy.com/bad/tv/foxapollo.html#radiation
(7) //www.braeunig.us/space/69-19.htm)
Tuesday, 19 July 2011

സ്വപ്നം പൂത്തുലഞ്ഞ ദിവസം

''സൃഷ്ടിക്ക് ശേഷമുള്ള ഏറ്റവും മഹത്തായ ദിവസം!'' (“The Greatest day since creation!”) 1969 ജൂലൈ 21 ന് നീല്‍ ആംസ്‌ട്രോംഗ് (Neil Armstrong) ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയതിനെ കുറിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്‌സണ്‍ (Richard Nixon) വിശേഷിപ്പിച്ചതിങ്ങനെ.''മനുഷ്യന്റെ ഒരു കാല്‍വെപ്പും മനുഷ്യാരാശിയുടെ ഒരു വന്‍ കുതിച്ചുചാട്ടവും''(' a single step for a man, a giant leap for (the) mankind') എന്നാണ് ആംസ്‌ട്രോംങ് ആ വേളയില്‍ പ്രതികരിച്ചത്. ഇരുവരും മുന്‍കൂട്ടി കാണാതെ പഠിച്ചുവെച്ച വാചകങ്ങളായിരുന്നു ഉരുവിട്ടതെങ്കിലും ആംസ്‌ട്രോങ് പറഞ്ഞ വാക്കുകള്‍ യഥാര്‍ത്ഥത്തില്‍ തന്റേതായിരുന്നുവെന്ന് ചന്ദ്രനില്‍ ഇറങ്ങിയ രണ്ടാമത്തെ മനുഷ്യനായ ബുസ് ഓള്‍ഡ്രിന്‍ (Edwin 'Buzz' Aldrin) പിന്നീട് സൂചിപ്പിക്കുകയുണ്ടായി. കാണാതെ പഠിച്ചിട്ടും വാചകം വ്യാകരണ പിഴവില്ലാതെ പറയാന്‍ ആവേശതള്ളിച്ച കാരണം ആംസ്‌ട്രോങിനായില്ല. ആംസ്‌ട്രോങ് തന്നെയാവും ചന്ദ്രോപരിതലത്തില്‍ ആദ്യമിറങ്ങുകയെന്നതില്‍ ഭൂമിയില്‍നിന്ന് തിരിപ്പോഴെ തീര്‍ച്ചയുണ്ടായിരുന്നു. സീനിയോറിറ്റിയും പരിചയവും കൂടുതല്‍ അദ്ദേഹത്തിനായിരുന്നു. 
ഒരു ഭൗമേതരഗ്രഹത്തില്‍ ആദ്യമെത്തുന്ന മനുഷ്യന്‍ താനായിരുന്നെങ്കില്‍ എന്ന് ഓള്‍ഡ്രിന്‍ ആഗ്രഹിച്ചുപോയതില്‍ തെറ്റുപറയാനാവില്ലല്ലോ. എങ്കിലും തന്റെ പ്രിയസുഹൃത്ത് ആ നേട്ടം സ്വന്തമാക്കിയതില്‍ അദ്ദേഹം സന്തോഷവാനായിരുന്നു. യാത്രയ്ക്ക് ശേഷം താരതത്മ്യേന കുറച്ച് അഭിമുഖങ്ങളിലും പൊതുപരിപാടികളിലും മാത്രമേ ആംസ്‌ട്രോംഗ് പങ്കെടുത്തിട്ടുള്ളു. അതേസമയം അപ്പോളോ-11 ദൗത്യത്തിന്റെ പരസ്യമുഖമായി പില്‍ക്കാലമത്രയും നിലകൊണ്ടത് ഓള്‍ഡ്രിനായിരുന്നു. അപ്പോളോ-11 ദൗത്യത്തില്‍ മാതൃവാഹനത്തില്‍ ചന്ദ്രനെ ചുറ്റികൊണ്ടിരുന്ന മൈക്കല്‍ കൊളിന്‍സ് (Michael Collins)പിന്നീട് അമേരിക്കയില്‍ നാഷണല്‍ എയര്‍ ആന്‍ഡ് സ്‌പേസ് മ്യൂസിയം ഡയറക്ടര്‍ സ്ഥാനമടക്കം പല ഉയര്‍ന്ന തസ്തികകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് അമേരിക്ക അപ്പോളോ ദൗത്യത്തിന് രൂപംകൊടുത്തത്. അപ്പോളോ-11 മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കി. അതിന് മുമ്പ് അമേരിക്ക നടത്തിയ ജെമിനി സീരിസ് ഉല്‍പ്പെടെയുള്ള ബഹിരാകാശശ്രമങ്ങളുടെ വിജയകരമായ പരിണതിയായിരുന്നു അപ്പോളോ-11. അപ്പോളോ ദൗത്യശൃംഖലയുടെ തുടക്കം ശുഭകരമായിരുന്നില്ല. അപ്പോളോ-ഒന്നില്‍ വിക്ഷേപണത്തിന് മുമ്പുണ്ടായ പൊട്ടിത്തെറിയില്‍ 3 യാത്രികരും മരണമടഞ്ഞിരുന്നു. 1970 ന് മുമ്പ് മനുഷ്യനെ ചന്ദനിലിറക്കി വിജയകരമായി തിരിച്ചുകൊണ്ടുവരുമെന്നത് 1961 ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ജോണ്‍.എഫ് കെന്നഡി അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ വാഗ്ദാനമാണ്. 


'First, I believe that this nation should commit itself to achieving the goal, before this decade is out, of landing a man on the Moon and returning him safely to the Earth.'(The Moon Adress' by John F Kennedy at the Capitol, May 25,1961) 


സോവിയറ്റ് നേട്ടങ്ങളില്‍ നിരാശ പൂണ്ടിരുന്ന അമേരിക്കന്‍ ജനതയ്ക്ക് അവര്‍ കാണാന്‍ കൊതിച്ച സ്വപ്നം വിജയകരമായി വിറ്റ കെന്നഡിക്ക് അത് യാഥാര്‍ത്ഥ്യമാകുന്നതിന് സാക്ഷ്യം വഹിക്കാനായില്ല. 1969-72 കാലഘട്ടത്തില്‍ റിച്ചാഡ് നിക്‌സണ്‍ പ്രസിഡന്റായിരിക്കുമ്പോഴാണ് അത് സഫലമാക്കപ്പെട്ടത്. ഒരു തവണയല്ല-ആറുതവണ. നിക്‌സന്റെ കാലത്തേ മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ടുള്ളു. അപ്പോളോ-11 മുതല്‍ അപ്പോളോ 17 വരെയുള്ള ഏഴ് ദൗത്യങ്ങളില്‍ 6 എണ്ണം അമേരിക്ക വിജയകരമായി പൂര്‍ത്തിയായി. അപ്പോളോ-ഒന്ന് മുതല്‍ അപ്പോളോ-പത്ത് വരെ ചന്ദ്രനെ ഭ്രമണം ചെയ്യുന്നതും സോഫ്റ്റ് ലാന്‍ഡിംഗും വരെയുള്ള ലക്ഷ്യങ്ങള്‍ നിറവേറ്റിയിരുന്നു. അപ്പോളോ 11,12,14,15,16,17, എന്നിവയായിരുന്നു വിജയം കണ്ട ദൗത്യങ്ങള്‍. ഓക്‌സിജന്‍ സിലിണ്ടറിലെ പൊട്ടിത്തെറിയും വൈദ്യുതിക്കുറവും കാരണം അപ്പോളോ-13 ന് ചാന്ദ്രഭ്രമണപഥം വരെയെത്തി തിരികെ പോരേണ്ടിവന്നു. അപ്പോളോ ദൗത്യങ്ങളില്‍ മൂന്ന് യാത്രികരാണ് ഉണ്ടായിരുന്നത്. ഓരോതവണയും രണ്ടുപേര്‍ വീതം ചന്ദ്രോപരിതലത്തിലിറങ്ങി. 6 പേര്‍ മാതൃപേടകത്തില്‍ ചന്ദ്രനെ ഭ്രമണം ചെയ്തു. അതായത് 3 വര്‍ഷത്തിനുള്ളില്‍ മൊത്തം 12 മനുഷ്യര്‍ ചന്ദ്രനെ തൊട്ടറിഞ്ഞു, നടന്നു, ഓടി, റോവര്‍ ഓടിച്ചു, ഹാമര്‍ത്രോ നടത്തി, പാട്ടുപാടി, ഗോള്‍ഫ് കളിച്ചു, പരീക്ഷണങ്ങള്‍ നടത്തി. 3.4-4.4 ബില്യണ്‍ വര്‍ഷം പഴക്കമുണ്ടെന്ന് തെളിയിക്കപ്പെട്ട 363 കിലോഗ്രാം ചാന്ദ്രശില ഭൂമിയിലെത്തിച്ചു. അതായത് മൊത്തം 12 ആംസ്‌ട്രോങുമാര്‍, 6 കൊളിന്‍സുമാര്‍! 
John F Kennedy

ഒരുപക്ഷെ ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവുമധികം രേഖപ്പെടുത്തപ്പെട്ട ചരിത്രസംഭവമാണ് ചാന്ദ്രയാത്ര. ഇത്രയധികം ആളുകള്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുത്തതും, മാധ്യമങ്ങള്‍ വന്‍തോതില്‍ റിപ്പോര്‍ട്ടു ചെയ്തതും, പതിനായിരക്കണക്കിന് ചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിക്കപ്പെട്ടതുമായ മറ്റൊരു ചരിത്രസംഭവം ഇരുപതാം നൂറ്റാണ്ടില്‍ വേറെ ഉണ്ടായിട്ടില്ല. ചാന്ദ്രയാത്രയുടെ ദൃശ്യങ്ങള്‍ നേരിട്ട ടെലിവിഷനില്‍ കണ്ട കോടിക്കണക്കിന് ജനങ്ങള്‍ ഇന്നുമവശേഷിക്കുന്നു. ആദ്യയാത്ര മാത്രമല്ല, പിന്നീടുള്ള 7 യാത്രകളും ടെലിവിഷന്‍ തല്‍സമയം സ്വീകരണമുറികളിലെത്തിച്ചു. ചാന്ദ്രയാത്രയുടെ അനിഷേധ്യമായി തെളിവുകള്‍ താഴെക്കാണുന്ന വെബ്‌സൈറ്റുകളില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട്: 
http://www.badastronomy.com/bad/tv/foxap
http://www.braeunig.us/space/hoax.htm
http://www.clavius.org/

പതിനേഴ് അപ്പോളോ ദൗത്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ ഏതാണ്ട് നാലുലക്ഷം പേരാണ്. മറ്റൊരു പത്ത് ലക്ഷം പരോക്ഷമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവരില്‍ 60 ശതമാനവും ഇന്നും ജീവിച്ചിരിക്കുന്നു. ഇതില്‍ ഒരാള്‍പോലും ഇന്നുവരെ ചാന്ദ്രയാത്ര തട്ടിപ്പായിരുന്നുവെന്ന്'അവകാശപ്പെട്ടു'കൊണ്ടുപോലും രംഗത്ത് വന്നിട്ടില്ല. ഒരാള്‍പോലും മരണക്കിടക്കിയില്‍ വെച്ച് 'അപ്രിയസത്യം'കുമ്പസരിച്ചിട്ടുമില്ല. തട്ടിപ്പ് ആധികാരികമായി പുറത്തറിയിക്കുന്നവരെ കാത്തിരിക്കുന്ന സൗഭാഗ്യങ്ങളും മാധ്യമപരിലാളനയു കണക്കിലെടുത്താല്‍ ഇത് തികച്ചും അത്ഭുതാവഹമെന്നേ പറയാവൂ. 

ലോകത്തെ പ്രമുഖരായ ശാസ്ത്രജ്ഞരോ റോക്കറ്റ് സാങ്കേതിക വിദഗ്ധരോ ചാന്ദ്രയാത്രയുടെ ആധികാരികത ഇന്നേവരെ ചോദ്യം ചെയ്തിട്ടില്ല. ഹോക്‌സ് വീരന്‍മാരായ ബില്‍ കെയ്‌സിംഗ്(Bill Kaising),റാല്‍ഫ് റെനെ (Ralph Rene) എന്നിവരെ തീര്‍ച്ചയായും ഒഴിവാക്കാം. ബഹിരാകാശരംഗത്ത് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ ഔദ്യോഗിക ഏജന്‍സികളൊന്നും ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രമല്ല ഇന്ത്യയുള്‍പ്പെടുള്ള നവാഗതര്‍ നാസയുമായി നിരന്തരം സഹകരിച്ചുകൊണ്ടാണ് 'ചന്ദ്രയാന്‍'പോലുള്ള പദ്ധതികള്‍ നടപ്പിലാക്കിയത്.2017 ല്‍ ആദ്യ ഏഷ്യാക്കാരനെ ചന്ദ്രനിലെത്തിക്കാനുള്ള ശ്രമവുമായി ചൈന മുന്നോട്ടുപോവുകയാണ്. ഒരുപക്ഷെ അമേരിക്ക എത്തിച്ചതിലധികം മനുഷ്യരെ ചന്ദ്രനിലെത്താക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞേക്കും. ആ മാതൃകയിലാണ് അവര്‍ തുടര്‍ വിക്ഷേപണശൃംഖല സംവിധാനം ചെയ്തിരിക്കുന്നത്. എന്തായാലും ഇക്കാര്യത്തില്‍ ചൈനയുടെ തുടക്കം വളരെ നിര്‍ണ്ണായകമാണ്. 


2020 ല്‍ വീണ്ടും ചാന്ദ്രയാത്ര നടത്താനുള്ള നാസയുടെ ശ്രമങ്ങള്‍ക്ക് സാമ്പത്തികഞെരുക്കം മൂലം ഒബാമ സര്‍ക്കാര്‍ തടയിട്ടിരിക്കുകയാണ്. തട്ടിപ്പ് സിദ്ധാന്തക്കാര്‍ അഥവാ ഹോക്‌സര്‍മാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം ബില്യണ്‍ കണക്കിന് ഡോളറും സമയവും ഊര്‍ജ്ജവും മെനക്കെടുത്തി വീണ്ടും ചാന്ദ്രശിലകള്‍ ശേഖരിക്കാന്‍ പോകുന്നത് അത്ര ഉത്സാഹത്തോടെയല്ല അമേരിക്കന്‍ ഭരണകൂടത്തിലെ ഒരുവിഭാഗം കാണുന്നത്. സാമ്പത്തികമാന്ദ്യം കൂനിന്‍മേല്‍ കുരുവായി വന്നെത്തുകയും ചെയ്തു. എങ്കിലും സാമ്പത്തികമാന്ദ്യം തീരുന്ന മുറയ്ക്ക് മൂണ്‍മിഷന്‍ പുരാരംഭിക്കാമെന്ന ഉറപ്പ്‌ നാസയ്ക്ക് ലഭിച്ചിട്ടുള്ളതിനാല്‍ അമേരിക്ക ഇനിയും ചന്ദ്രനില്‍ പോകുമെന്നുതന്നെ കരുതാം. 


 ചാന്ദ്രയാത്ര 'റീലോഡ്' ചെയ്താല്‍ തട്ടിപ്പുവാദക്കാര്‍ക്ക് അനര്‍ഹമായ പരിഗണനയും ശ്രദ്ധയും ലഭിക്കുന്ന അവസഥയുണ്ടാകും. കേരളം തൊട്ട് പ്യൂര്‍ട്ടോറിക്ക വരെയുള്ള ഹോക്‌സര്‍മാര്‍ നാസ തങ്ങള്‍ക്കായി വീണ്ടും റോക്കറ്റ് വിടുന്നുവെന്ന അവകാശവാദവുമായി പതഞ്ഞൊഴുകും. മാത്രമല്ല നാളെ ഇത്തരത്തില്‍ ഉന്നയിക്കപ്പെടുന്ന അഭ്യൂഹങ്ങളും തട്ടിപ്പുസിദ്ധാന്തങ്ങളും ശരിയല്ലെന്ന് തെളിയിക്കേണ്ട ബാധ്യത ബന്ധപ്പെട്ട രാജ്യങ്ങള്‍ക്കും ശാസ്ത്രസംഘടനകള്‍ക്കുമുണ്ടെന്ന തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെടാനുമിടയുണ്ട്. 2030 ആകുമ്പോഴേക്കും ചന്ദ്രനില്‍ ആളെ എത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ആദ്യം സ്വന്തംനിലയില്‍ ബഹിരാകാശത്ത് ഒരു മനുഷ്യനെ എത്തിച്ച ശേഷമേ നമുക്കതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കാനാവൂ. അതൊക്കെ സാധ്യമാകണമെങ്കില്‍ എത്രകോടി രൂപയുടെ പൂജയും ഹോമവും സര്‍വമത പ്രാര്‍ത്ഥനയും വേണ്ടിവരുമെന്ന് തിട്ടമില്ല. രണ്ടായാലും  തുലാഭാരവും തേരുവലിയുമൊക്കെ കൂടാതെ പറ്റില്ല. യാത്ര ചന്ദ്രനിലേക്കായതിനാല്‍ വെറുമൊരു ഗണപതി പൂജയില്‍ കാര്യങ്ങള്‍ ഒതുങ്ങാനിടയില്ല-ശരിക്കും ഒരു 'ശശിപൂജ' തന്നെ വേണ്ടിവരും. ആയിനത്തില്‍ അഞ്ചു പൈസ ചെലവില്ലാതെ അര നൂറ്റാണ്ടിന് മുമ്പ് സോവിയറ്റ് യൂണിയന്‍ നിരവധി തവണ അനായാസം ഇതൊക്കെ ചെയ്തിട്ടുണ്ടാവാം. പക്ഷെ വിഷമിക്കരുത്, നമ്മുടെ ഹോമബഡ്ജറ്റ് കനത്തതായിരിക്കും; സംഗതി നടക്കണമെങ്കില്‍ അതേ നിവൃത്തിയുള്ളു. ആദ്യത്തെ സഞ്ചാരി ബഹിരാകാശത്ത് ചെന്നിരുന്ന് ഭഗവത് ഗീത ലൈവായി വായിച്ച് കേള്‍പ്പിക്കുന്നത് നിങ്ങള്‍ക്ക് കേള്‍ക്കേണ്ടേ? അപ്പോളോദൗത്യവിജയത്തിന്റെ ഏറ്റവും വലിയ സാക്ഷിയും പുറംതെളിവും സോവിയറ്റ് യൂണിയനാണ്. ഇന്ന് റഷ്യയില്‍ തട്ടിപ്പ് സാഹിത്യമൊക്കെ (Hoax Literature) വിറ്റഴിയുന്നുണ്ടാവാം;സംശയാലുക്കളുമുണ്ടാകാം. പക്ഷെ സോവിയറ്റ് സ്‌പേസ് ഏജന്‍സി ഇന്നുവരെ ഔദ്യോഗികമായി ചാന്ദ്രയാത്രയില്‍ സംശയം പ്രകടിപ്പിച്ചിട്ടില്ല. അപരന്റെ വീഴ്ചകള്‍ ഉന്മാദപൂര്‍വം ആഘോഷിച്ചിരുന്ന ശീതയുദ്ധത്തിന്റെ പാരമ്യതയില്‍ അമേരിക്ക ഇത്രവലിയ ഒരു 'തട്ടിപ്പ്' ഏഴ് പ്രാവശ്യം ആവര്‍ത്തിച്ചിട്ടും സോവിയറ്റ് യൂണിയന് അത് കണ്ടുപിടിക്കാനായില്ലെന്ന് പറഞ്ഞാല്‍ അതവരെ തീരെ കൊച്ചാക്കുകയാണ്. എന്തിനേറെ ശീതയുദ്ധത്തിന് ശേഷമെങ്കിലും അവര്‍ക്ക് രാജകീയമായി സംശയം പ്രകടിപ്പിക്കാമായിരുന്നു-കുറഞ്ഞപക്ഷം ഇപ്പോഴെങ്കിലും. അമേരിക്ക സോവിയറ്റ് യൂണിയനുമായി ഒത്തുകളിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന വാദം തരക്കേടില്ല. പക്ഷെ 'ശീതയുദ്ധം'(Cold war) തന്നെ മാലോകരെ പറ്റിക്കാന്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് നടത്തിയ ഒരു 'ഒത്തുകളി'യാണെന്ന് കൂടി തട്ടിവിട്ടാല്‍ ഈ മായാവാദം കുറേക്കൂടി വശ്യസുന്ദരമാകും. 

1955-70 കാലഘട്ടത്തില്‍ ബഹിരാകാശരംഗത്ത് സോവിയറ്റ് യൂണിയന്‍ നടത്തിയ വിസ്മയാവഹമായ മുന്നേറ്റങ്ങള്‍ അമേരിക്കന്‍ ജനതയ്ക്ക് വല്ലാത്ത ഇച്ഛാഭംഗമാണ് സമ്മാനിച്ചത്. ആദ്യത്തെ ബഹിരാകാശവാഹനം, ആദ്യത്തെ മൃഗം, ആദ്യമനുഷ്യന്‍, ആദ്യവനിത, ആദ്യത്തെ ചാന്ദ്രവാഹനം എന്നുവേണ്ട എല്ലാക്കാര്യത്തിലും "ചെകുത്താന്റെ സാമ്ര്യാജ്യ'മായ സോവിയറ്റ് യൂണിയന്‍ ഒരുപടി മു
മ്പിലായത് ഇതിനെയെല്ലാം വെല്ലുന്ന എന്തെങ്കിലും ചെയ്യണമെന്ന വാശി അമേരിക്കന്‍ ജനങ്ങളിലും ഭരണനേതൃത്വത്തിലുമുണ്ടാക്കി. ഒരുപക്ഷെ അപ്പോളോ-9 ല്‍ തന്നെ അമേരിക്ക മനുഷ്യനെ ഇറക്കുമായിരുന്നു. അത്ര രൂക്ഷമായിരുന്നു'ചന്ദ്രനു വേണ്ടിയുള്ള പോരാട്ടം'('the race for the moon'). അപ്പോളോ-11 1969 ജൂലെ 21 ന് ചന്ദ്രനില്‍ ഇറങ്ങുന്നതിന് കഷ്ടിച്ച് ഒരു മാസം മുമ്പാണ് സോവിയറ്റ് യൂണിയന്റെ ~ഒരു പരീക്ഷണവാഹനം (probe)ചന്ദ്രനില്‍ ചെന്നിടിച്ചിറങ്ങിയത്. പക്ഷെ എന്തുകൊണ്ട് സോവിയറ്റ് യൂണിയന്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള ഉദ്യമം തുടരാതിരുന്നത്? അമേരിക്ക ആദ്യം ചെയ്തു എന്നു കരുതി റഷ്യാക്കാര്‍ക്ക് അത് രണ്ടാമത് ചെയ്തുകൂടാ എന്നു പറയുന്നതില്‍ ന്യായമില്ല. സോവിയറ്റ് യൂണിയന്‍ അണുബോംബുണ്ടാക്കിയത് അമേരിക്കയ്ക്ക് ശേഷമാണ്. അമേരിക്ക ജപ്പാന്റെ മണ്ണില്‍ 'ലിറ്റില്‍ ബോയി'യേയും 'ഫാറ്റ്മാനേ'യും ('little boy' & 'fatman') വലിച്ചെറിഞ്ഞ് ലോകത്തെ ഞെട്ടിച്ച് നാലുവര്‍ഷം കഴിഞ്ഞ് 1949 ലാണ് സോവിയറ്റ് യൂണിയന്റെ ആദ്യ അണുസ്‌ഫോടനപരീക്ഷണം നടത്തിയത്. 'ആദ്യമെത്തുക'എന്നത് ('to be the first') അഭിമാനകരമാണെങ്കിലും രണ്ടാമതെത്തുന്നതിനും  പ്രാധാന്യമുണ്ട്. ആദ്യമെത്തുന്നയാള്‍ തന്നെ എന്നും ആധിപത്യം തുടരണമെന്ന് നിര്‍ബന്ധമില്ലല്ലോ. സ്‌പെയിന്‍ ആദ്യം കോളനികള്‍ സ്ഥാപിച്ചതിനാല്‍ തങ്ങള്‍ ആ രംഗത്തേക്കില്ലെന്ന് ബ്രിട്ടണും ഫ്രാന്‍സും തീരുമാനിച്ചില്ലെന്നോര്‍ക്കുക.
 
ആദ്യഘട്ടത്തില്‍ അതിശയകരമായ ബഹിരാകാശനേട്ടങ്ങള്‍ നേടിയെടുത്തെങ്കിലും സോവിയറ്റ് യൂണിയനില്‍ അതുസംബന്ധിച്ച വിജയോന്മാദം ഏറെ നീണ്ടുനിന്നില്ല. ചന്ദ്രനാണ് ആത്യന്തികലക്ഷ്യമെന്ന പ്രഖ്യാപനവുമായി അമേരിക്ക രംഗത്തുവന്നതിന് ശേഷം പ്രത്യേകിച്ചും. ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച സോവിയറ്റ് സാങ്കേതികവിദഗ്ധരുടെ അഭിപ്രായത്തില്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കി തിരിച്ചെത്തിക്കുന്ന സാങ്കേതികവിദ്യയില്‍ നിന്ന് 1968 പോലും അവര്‍ പിന്നിലായിരുന്നു. അതായത് ഭ്രമണവാഹനത്തില്‍ നിന്ന് ചന്ദ്രനിലേക്ക് ആളെ ഇറക്കി വിജയകരകമായി തിരിച്ചെടുക്കുന്ന സാങ്കേതികത അന്നവരുടെ കൈപ്പിടിയില്‍ ഒതുങ്ങുന്ന ഒന്നായിരുന്നില്ല. ശീതയുദ്ധത്തിന് ശേഷം സോവിയറ്റ് യൂണിയന്റെ അന്നത്തെ ദൗര്‍ബല്യത്തെ കുറിച്ച് കൂടുതല്‍ പ്രകടമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അന്നുവരെയുള്ള റഷ്യന്‍ ശ്രമങ്ങളൊക്കെ ചന്ദ്രനെ പ്രദക്ഷിണം ചെയ്യുന്നതിലും പ്രോബുകളെ ചന്ദ്രോപരിതലത്തില്‍ ഇറക്കുന്നതിലും കേന്ദ്രീകരിച്ചായിരുന്നു. സോവിയറ്റ് ലാന്‍ഡിംഗ് പൊതുവെ ഇടിച്ചിറക്കലുകളായിരുന്നുവെന്നതും(crash landing) പരിഗണിക്കണം. അവരിപ്പോഴും ബഹിരാകാശത്ത് പോയി വരുന്നത് വാഹനം പാരച്ച്യൂട്ട് ഉപയോഗിച്ച് കടലിലോ മരുഭൂമിയിലോ മെല്ലെ വീഴ്ത്തിയാണ്. അമേരിക്കന്‍ സ്‌പേസ് ഷട്ടില്‍ നടത്തുന്നതുപോലുള്ള പളാറ്റ്‌ഫോം ലാന്‍ഡിംഗ് അവര്‍ക്ക് വശമില്ല.
 


1966 ല്‍ അന്തരിച്ച സെര്‍ജി കൊറല്യവായിരുന്നു(Sergey P Korolyov) സോവിയറ്റ് ബഹിരാകാശപോരാട്ടങ്ങളുടെ പടനായകന്‍. എന്നാല്‍ അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം നേതൃത്വത്തിലെത്തിയ വാസിലി മിഷിന് (Vasily Pavlovich Mishin) കൊറല്യവിന്റെ നേതൃപാടവമോ വ്യക്തിഗതപ്രഭാവമോ ഇല്ലായിരുന്നു. സോവിയറ്റ് ഭരണനേതൃത്വം സൃഷ്ടിച്ച ഇരുമ്പ് മറയ്ക്കുള്ളില്‍ ചാന്ദ്രപോരാട്ടത്തില്‍ സോവിയറ്റ് യൂണിയനെ വിജയത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനായില്ല. അപര്യാപ്തമായ ഫണ്ടിംഗും അതീവരഹസ്യമായ പ്രവര്‍ത്തനശൈലിയും ഏകോപിച്ച് നിര്‍ദ്ദിഷ്ട ലക്ഷ്യത്തിലെത്താന്‍ അദ്ദേഹം പരാജയപ്പെട്ടു. അപ്പോളോ ദൗത്യത്തിന്റെ വിജയത്തിന് ശേഷം ഏറെക്കാലം പൊതുവേദികളില്‍ മിഷിനെ കാണാനുണ്ടായിരുന്നില്ല(Ref-http://www.britannica.com/EBchecked/topic/761610/Vasily-Pavlovich-Mishin)

ഇതൊക്കെയാണെങ്കിലും 1969 ആയപ്പോഴേക്കും സോവിയറ്റ് യൂണിയന്‍ മനുഷ്യനെ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിച്ച് ചന്ദ്രനെ വലയം ചെയ്യിക്കുന്നതിന് വളരെ അടുത്തെത്തിയിരുന്നു. പക്ഷെ അപ്പോളോ ദൗത്യം വിജയിച്ചത് അവര്‍ക്ക് വൈകാരികമായി വലിയ തിരിച്ചടിയായി. ജപ്പാനില്‍ ബോംബിട്ട അതേ വൈകാരിക ആഘാതം അപ്പോളോ വിജയം സോവിയറ്റ് യൂണിയനില്‍ സൃഷ്ടിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു. പരാജയബോധം മാത്രമല്ല ചന്ദ്രനെക്കുറിച്ച് അറിഞ്ഞിടത്തോളം കാര്യങ്ങള്‍ അക്കാര്യത്തില്‍ മുന്നോട്ടുപോകുന്നതിലുള്ള അവരുടെ താല്‍പര്യം നനച്ചുകളയുന്നതായിരുന്നു. ചന്ദ്രനിലെ മൃതശിലകള്‍ കൊണ്ടുവരാനായി റോബോട്ടുകളെ അയച്ചാല്‍ മതിയാകുമെന്ന ചിന്തയ്ക്ക് മുന്‍തൂക്കം ലഭിച്ചു. മിഷിന്റെ പദ്ധതികള്‍ വിജയിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷെ ചന്ദ്രനിലിറങ്ങിയ ആദ്യ മനുഷ്യനാകേണ്ടിയിരുന്ന വ്യക്തിയാണ് സോവിയറ്റ് കോസ്‌മോനോട്ടായ അലക്‌സി ലിയനോവ് (Alexei Leonov). അപ്പോളോ ദൗത്യം കഴിഞ്ഞ്‌ മുപ്പത് വര്‍ഷത്തിന് ശേഷം അദ്ദേഹം റോയിട്ടറിനോട് പറഞ്ഞത് സോവിയറ്റ് പരാജയം ഒരിക്കലും ഫണ്ടിന്റെ ദൗര്‍ലഭ്യം കൊണ്ടായിരുന്നില്ലെന്നാണ്. ഫണ്ട് ആവശ്യത്തിനുണ്ടായിരുന്നുവെന്നും കാര്യങ്ങള്‍ കൃത്യമായി വിശകലനം ചെയ്യുന്നതില്‍ വന്ന തകാരാറാണ് ദൗത്യം വിജയം കാണാതിരിക്കാന്‍ പ്രധാന കാരണമായതെന്നു അദ്ദേഹം പറഞ്ഞു:

'Some people today say there wasn't enough money. Nothing of the kind. We had the money but we only needed to spend it properly,' Leonov told Reuters. 'Mishin says the Defense Ministry didn't give us money. This is not true. We did not properly analyze things. ...That was his mistake.' (Ref-www.space.com) 

സോവിയറ്റ് യൂണിയന്‍ ഉപരിതലത്തില്‍ നിരങ്ങിനീങ്ങുന്ന റോവറുകളും 
ഇംപാക്റ്റ് പ്രോബുകളും(rovers and impact probes) ചന്ദ്രനിലിറക്കിയിട്ടുണ്ട്. അമേരിക്കയാകട്ടെ റോവറുകളും സോഫ്റ്റ് ലാന്‍ഡറുകളും(soft landers) ഇറക്കി. ചന്ദ്രനില്‍ ചെന്നിറങ്ങുന്നതും അവിടെനിന്ന് തിരിച്ചുകയറി ഭൂമിയില്‍ തിരികെയെത്തുന്നതും തമ്മില്‍ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ വലിയ വ്യത്യാസമുണ്ട്. മൃദുവായ ലാന്‍ഡിംഗ്, തിരിച്ച് ചാന്ദ്ര ഭ്രമണപഥത്തിലെത്താനുള്ള റോക്കറ്റ്, ചാന്ദ്രഭ്രമണപഥത്തില്‍ നിന്നും ഭൂമിയുടെ ഭ്രമണപഥത്തിലെത്താന്‍ ആവശ്യമായ റോക്കറ്റ്, ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്നും ഭൗമാന്തരീക്ഷം തുളച്ച് ഉപരിതലത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനുള്ള സാങ്കേതികത്തികവ് എന്നിവയൊക്കെ ഇവിടെ നിര്‍ണ്ണായകമാകുന്നുണ്ട്. റോവറുകളും പ്രോബുകളും ഇടിച്ചിറക്കുന്നതില്‍നിന്നും ഏറെ ദൂരെ സഞ്ചരിക്കേണ്ടതുണ്ടെന്ന് സാരം. പ്രോബുകള്‍ ഇടിച്ചിറക്കാനായി അവയെ നിശ്ചിതവേഗത്തില്‍ ചാന്ദ്രഭ്രമണപഥത്തില്‍ നിന്നും തള്ളിക്കൊടുത്താല്‍ മതിയാകും. ബാക്കി ജോലി ചന്ദ്രന്റെ ഗുരുത്വാകര്‍ഷണശക്തി നിര്‍വഹിച്ചുകൊള്ളും. ചന്ദ്രനെ ഭ്രമണംചെയ്യാനും ഇതേ ബുദ്ധിമുട്ടേയുള്ളു. ഈ ദൗത്യങ്ങള്‍ വിജയകരമായി തരണം ചെയ്യാന്‍ അമേരിക്കയെ തുണച്ചത് സാറ്റേണ്‍ റോക്കറ്റുകളാണ്(Saturn V). സാറ്റേണ്‍ റോക്കറ്റുകള്‍ അഞ്ചു സീരിസുകളുണ്ട്. ഒന്നു മുതല്‍ അഞ്ചുവരെ(the F-1 Kerosene-LOX monster, and the J-series LH/LOX upper stage engines).വിശദാംശങ്ങള്‍ പിന്നീട്.

വന്‍ ചെലവുള്ള'ബഹിരാകശയുദ്ധ'ത്തിന് സോവിയറ്റ് യൂണിയനെ പ്രേരിപ്പിച്ച് അവരെ പാപ്പരാക്കി 'ശീതയുദ്ധ'ത്തില്‍ വിജയം വരിക്കുകയായിരുന്നു അമേരിക്ക ചെയ്തതെന്ന് വാദിക്കുന്ന ചരിത്രകാരന്‍മാരുണ്ട്. ചന്ദ്രനിലെത്താനുള്ള ബൂസ്റ്റര്‍ റോക്കറ്റ് സ്‌പേസില്‍വെച്ച് ഘടിപ്പിച്ചെടുക്കുന്നതായിരുന്നു (assemble)ഇരുകൂട്ടര്‍ക്കും നല്ലതെന്ന് ചിന്തിക്കുന്നവര്‍ ഇന്നുമുണ്ട്. അതായത് കുറഞ്ഞശക്തിയുള്ള റോക്കറ്റുപയോഗിച്ച് നിര്‍ദ്ദിഷ്ട റോക്കറ്റിന്റെ ഘടകഭാഗങ്ങള്‍ ഭൗമഭ്രമണപഥത്തില്‍ എത്തിക്കുകയും അവിടെ വെച്ച് കൂട്ടിയോജിപ്പിക്കുകയും ചെയ്യുക. പക്ഷെ ഇരുവരും അതിന് തയ്യാറാകാതെ'നേരിട്ടുള്ള വണ്ടി'('straight bus')തന്നെ വികസിപ്പിച്ചെടുക്കാനാണ് ശ്രമിച്ചത്. അമേരിക്ക അതില്‍ വിജയിച്ചു, അവര്‍ തുടരെ ഏഴ് ഗോളുകളടിച്ചു. സോവിയറ്റ് യൂണിയന് ഒന്നുപോലും മടക്കാനാകുന്നതിന് മുമ്പ് കളിയും തീര്‍ന്നു.


വാസ്തവത്തില്‍ ചാന്ദ്രപര്യവേഷണരംഗത്തും ആദ്യഘട്ടത്തില്‍ സോവിയറ്റ് യൂണിയനായിരുന്നു മുന്‍തൂക്കം. ലൂണ സീരിസാണ് അവരെയതിന് സഹായിച്ചത്. പക്ഷെ ബൂസ്റ്റര്‍ റോക്കറ്റ് (Booster rocket))വികസിപ്പിച്ചെടുക്കുന്നതില്‍ അവര്‍ക്ക് അപ്രതീക്ഷിത തിരിച്ചടികള്‍ നേരിട്ടു. അവരുടെ ബൂസ്റ്റര്‍ ആയിരുന്ന N-1 ഒട്ടുംതന്നെ ഫലപ്രദമായില്ലെന്ന് പറയാം. N-1 ന്റെ ഒരു പരീക്ഷണവിക്ഷേപണം റോക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൊട്ടിത്തെറിയിലാണ് അവസാനിച്ചത്. ഈ റോക്കറ്റിന്റെ തുടരെയുള്ള പരീക്ഷണ വിക്ഷേപണങ്ങള്‍ നാല് വലിയ ഗര്‍ത്തങ്ങളാണ് അവര്‍ക്ക് സമ്മാനിച്ചത്. സോവിയറ്റ് ആത്മവിശ്വാസത്തില്‍ വീണ നാല് വന്‍ തുളകളായിരുന്നു അവ. അതിലൊന്നാകാട്ടെ വിക്ഷേപണത്തറയിലുമായിരുന്നു. ആ അപകടത്തില്‍ കുറഞ്ഞത് 100 റഷ്യന്‍ സാങ്കേതിക വിദഗ്ധരെങ്കിലും മരണമടുയകയും ചെയ്തു. മനുഷ്യനെ ചന്ദ്രനില്‍ ഇറക്കുന്നതില്‍ പെട്ടെന്ന് വിജയം വരിക്കാനാവുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട അവര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുകയെന്ന ലക്ഷ്യത്തിന് പ്രാധാന്യം നല്‍കാന്‍ തുടങ്ങി. 'വെള്ളിമെഡലി'നാണ് മത്സരിക്കുന്നതെന്ന ബോധ്യം അപ്പോഴേ സോവിയറ്റ് നേതൃത്വത്തിനുണ്ടായിരുന്നു. തങ്ങള്‍ 'മത്സരപ്പന്തയ'ത്തിലാണെന്ന വാദം സോവിയറ്റ് യൂണിയന്‍ അതോടെ ഏകപക്ഷീയമായി നിരാകരിച്ചു. പരാജയം മറയ്ക്കാന്‍ റോക്കറ്റ് സ്‌ഫോടനത്തിന്റെ മുഴുവന്‍ അവശിഷ്ടവും നശിപ്പിക്കുകയും ചെയ്തു. (http://en.wikipedia.org/wiki/N1_rocket).

എന്നാല്‍ അപ്പോഴും തങ്ങള്‍ ചന്ദ്രനുവേണ്ടിയുള്ള ഓട്ടപ്പന്തയത്തിലാണെന്ന് എഴുതുകയും പറയുകയും ചെയ്തുകൊണ്ടിരുന്ന അമേരിക്കയ്ക്ക് സാറ്റേണ്‍ റോക്കറ്റുകള്‍ വലിയ നേട്ടം കൊണ്ടുവന്നു. ചാന്ദ്രദൗത്യത്തില്‍ അമേരിക്ക ജയിച്ചെങ്കില്‍ അതിന്റെ പ്രധാനകാരണം പര്യാപ്തമായ ബൂസ്റ്റര്‍ റോക്കറ്റ് വികസിപ്പിച്ചെടുത്തുവെന്നത് തന്നെയാണ്. ആംസ്‌ട്രോങോ നിക്‌സണോ അല്ല മറിച്ച് സാറ്റേണ്‍ റോക്കറ്റാണ് ചാന്ദ്രയാത്രയിലെ യഥാര്‍ത്ഥ ഹീറോ എന്ന് പറഞ്ഞാല്‍ തെറ്റില്ലെന്ന് തോന്നുന്നു. ചന്ദ്രന് വേണ്ടിയുള്ള മത്സരത്തില്‍ തുടക്കത്തില്‍ മാത്രമേ ശരിക്കും 'മത്സര'മുണ്ടായിരുന്നുള്ളു. പിന്നീടങ്ങോട്ട് അമേരിക്ക അതിവേഗം  മുന്നേറുകയായിരുന്നു. പ്രചരണോപാധിയെന്ന നിലയില്‍ മത്സരപന്തയം ('Race for Moon') എന്ന വാക്ക് തന്നെ അമേരിക്കന്‍ ഭരണനേതൃത്വവും ശാസ്ത്രനേതൃത്വവും ഊന്നി പറഞ്ഞുകൊണ്ടിരുന്നു. എന്തെന്നാല്‍ വിജയിക്കുമെന്ന് ഉറപ്പുള്ള ഒരു മത്സരത്തിലാണ് തങ്ങളെന്ന് അവര്‍ക്കറിയാമായിരുന്നു. എതിരാളി ബഹുദൂരം പിന്നിലാണെന്ന ബോധ്യം അവരുടെ ആവേശം വര്‍ദ്ധിപ്പിച്ചു. 


എന്നിട്ടും അപ്പോളോ ദൗത്യങ്ങള്‍ക്ക് മുമ്പ് ചന്ദ്രനില്‍ ലൂണാര്‍ റോവര്‍ ഇറക്കി ഒരു 'പ്രകമ്പനം'സൃഷ്ടിക്കാന്‍ സോവിയറ്റ് യൂണിയനായി. പക്ഷെ അതില്‍ക്കൂടുതലൊന്നും മുന്നോട്ടുപോകാന്‍ അവര്‍ ശ്രമിച്ചില്ല. അപ്പോളോ വിജയത്തിന് ശേഷമാകട്ടെ കാര്യമായ ശ്രമങ്ങള്‍ തീരെയുണ്ടായില്ല. രണ്ടുപേര്‍ പങ്കെടുക്കുന്ന ഒരു മത്സരത്തില്‍ രണ്ടാമതെത്തുന്നത് പ്രചരണയുദ്ധത്തില്‍ (Propaganda war)സഹായകരമല്ലെന്ന തിരിച്ചറിവ് അവരെ തളര്‍ത്തി. 

കൃത്യ സമയത്ത് ബൂസ്റ്റര്‍ റോക്കറ്റ് വികസിപ്പിച്ചെടുക്കാനായില്ലെന്നത് കഥയുടെ ഒരു ഭാഗം മാത്രം. ചന്ദ്രനില്‍ ആളെ എത്തിച്ച് തിരിച്ചുകൊണ്ടുവരുന്നതെങ്ങനെ എന്ന കാര്യത്തില്‍ കൃത്യമായ അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ സോവിയറ്റ് നേതൃത്വത്തിന് സാധിച്ചിരുന്നില്ല. അമേരിക്കയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ നാസ(NASA) ഉണ്ടായിരുന്നു. കൂടുതല്‍ കേന്ദ്രീകൃതവും തീരുമാനങ്ങള്‍ ഉടനടി നടപ്പിലാക്കാന്‍ ശേഷിയുള്ളതുമായിരുന്നു സോവിയറ്റ് ഭരണകൂടമെന്നത് ശരിതന്നെ. എന്നാല്‍ ഈ മേഖലയില്‍ അവര്‍ പിന്നാക്കമായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. 

അറുപതുകളുടെ അവസാനം സോവിയറ്റ് യൂണിയനില്‍ പരസ്പരം മത്സരിച്ച രണ്ട് ചാന്ദ്രപദ്ധതികളെങ്കിലുമുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. കൊറോല്യവ് (Korolev) നേതൃത്വം നല്‍കിയ എന്‍-1 (N-1)റോക്കറ്റുപയോഗിക്കുന്ന സോയൂസ് വാഹനം(Soyuz LK &LOK) ഉള്‍പ്പെട്ട പദ്ധതിയായിരുന്നു ആദ്യത്തേത്. സമാന്തരമായി തന്നെ ചെലോമേയിയുടെ (Chelomei) യു.ആര്‍ 700(UR-700) റോക്കറ്റ് ഉപയോഗിക്കുന്ന പദ്ധതിയും മുന്നോട്ടുപോയികൊണ്ടിരുന്നു. ഫണ്ടും ശ്രദ്ധയും ഈ രണ്ട് സാധ്യതകളിലും കേന്ദ്രീകരിച്ചാണ് സോവിയറ്റ് നേതൃത്വം മുന്നോട്ടുപോയിരുന്നത്. എങ്ങനെയും മത്സരവിജയം കൈവരിക്കുക എന്നതായിരുന്നു ആത്യന്തിക ലക്ഷ്യമെന്ന് ഇക്കാര്യം സ്ഥിരീകരിക്കുന്നു. എന്‍-1 റോക്കറ്റിന്റെ പരാജയത്തെ തുടര്‍ന്ന് ചന്ദ്രനെ ഭ്രമണം ചെയ്യാനുള്ള പദ്ധതിയിലായിരുന്നുവല്ലോ സോവിയറ്റ് ശ്രദ്ധ. എന്നാലവിടെയും രണ്ട് പദ്ധതികള്‍ സമാന്തരമായി മുന്നോട്ടുനീങ്ങുന്നുണ്ടായിരുന്നു. 

'എല്ലാ മുട്ടകളും ഒരു കൂടയിലിടാതിരിക്കുക'എന്നതായിരുന്നു ('Never put all your eggs in one basket')സോവിയറ്റ് നയം. അതിലവരെ തെറ്റുപറയാനുമാവില്ല. എന്നാല്‍ ബഹിരാകാശപ്പോരാട്ടത്തില്‍ ആദ്യഘട്ടത്തില്‍ ഏറെ തുണച്ച ഈ നിലപാട് എന്തുകൊണ്ടോ ചാന്ദ്രദൗത്യത്തിന്റെ കാര്യത്തില്‍ അവരെ രക്ഷിച്ചില്ല. അതേസമയം നോവ, സാറ്റേണ്‍ എന്നീ രണ്ടു റോക്കറ്റുകള്‍ അമേരിക്ക പരിഗണിച്ചിരുന്നുവെങ്കിലും നിര്‍മ്മിക്കാന്‍ എളുപ്പം സാറ്റേണെന്ന് കണ്ട് പെട്ടെന്നുതന്നെ അത് അത് തെരഞ്ഞെടുക്കുകയായിരുന്നു.

രണ്ടാം ലോകയുദ്ധത്തിനൊടുവില്‍ ആരാണ് മികച്ച ജര്‍മ്മന്‍ ശാസ്ത്രജ്ഞരെ സ്വന്തമാക്കിയത് അവരാണ് ചാന്ദ്രനുവേണ്ടിയുള്ള യുദ്ധത്തില്‍ ജയിച്ചതെന്ന് പറയാറുണ്ട്. അമേരിക്കയ്ക്കാണ് ആ ഭാഗ്യമുണ്ടായതെന്ന് പറയാം. വെണ്‍ഹ്ര്‍ വോണ്‍ ബ്രോണിന്റെ (Wernher von Braun)നേതൃത്വത്തിലുള്ള ജര്‍മ്മന്‍ ശാസ്ത്രജ്ഞരായിരുന്നു സാറ്റേണ്‍ ബുസ്റ്റര്‍ സീരീസ് വികസിപ്പിച്ചെടുത്തത്. സോവിയറ്റ് ദൗത്യത്തിലും ജര്‍മ്മന്‍ ശാസ്ത്രജ്ഞരുടെ പങ്കാളിത്തമുണ്ടായിരുന്നു. ജര്‍മ്മനി രണ്ടാം ലോകയുദ്ധത്തില്‍ വിജയിച്ചിരുന്നുവെങ്കില്‍ ബഹിരാകാശയുദ്ധത്തില്‍ ആര് മുമ്പിലെത്തുമായിരുന്നുവെന്ന് ഊഹിക്കാന്‍ പ്രയാസമില്ല.  റോക്കറ്റ് സാങ്കേതികതയില്‍ നാസി ജര്‍മ്മനി അക്കാലത്ത്  അത്രമാത്രം മുന്‍തൂക്കം നേടിയിരുന്നുവെന്നത് സുവിദമാണ്. 


സാറ്റേണ്‍ ബൂസ്റ്ററുകള്‍ ആകാശഭീമന്‍മാരാണ്. ഇന്ന് അമേരിക്ക ഉപയോഗിക്കുന്ന സ്‌പേസ് ഷട്ടിലുകളുമായി യാതൊരു താരതമ്യവും അതിനില്ല. ലക്ഷ്യം, വലുപ്പം, ഭാരംവഹിക്കാനുള്ള ശേഷി (pyload) തുടങ്ങി ഒട്ടനവധി കാര്യങ്ങളില്‍ ഈ വ്യത്യാസമുണ്ട്.111 മീറ്റര്‍ ഉയരവും 1,29300 കിലോഗ്രാം വാഹകശേഷിയുമുള്ള ആകാശഭീമനായിരുന്നു അപ്പോളോ-11 വഹിച്ച ബോയിംഗ് കോര്‍പ്പറേഷന്റെ സാറ്റേണ്‍ ബൂസ്റ്റര്‍. ഭൗമഭ്രമണപഥത്തില്‍ നിന്ന് 48500 കിലോഗ്രാം വസ്തുക്കളാണ് അത് ചന്ദ്രനിലേക്ക് കൊണ്ടുപോയത്. 1981 ലാണ് അമേരിക്ക ആദ്യമായി സ്‌പേസ്ഷട്ടിലുകളുടെ പരീക്ഷണവിക്ഷേപണം നടത്തിയത്. 1982 ല്‍ രംഗത്തിറക്കിയ സ്‌പേസ്ഷട്ടിലുകള്‍ 135 വിക്ഷേപണത്തിന് ശേഷം 2011 ജൂലെ എട്ടിന് അവസാന വിക്ഷേപണവും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കൊളമ്പിയ, ചലഞ്ചര്‍, അറ്റ്‌ലാന്റിസ്, എന്‍ഡവര്‍ എന്നിവയായിരുന്നു അമേരിക്കന്‍ സ്‌പേസ് ഷട്ടിലുകള്‍. ഇവിടെയും ശ്രദ്ധിക്കുക, അമേരിക്ക 1982 കൈവരിച്ച ഒരു സാങ്കേതികനേട്ടം റഷ്യയുള്‍പ്പെടെ ഒരു രാജ്യവും ഇതുവരെ നേടിയിട്ടില്ല. 

എഴുപതുകള്‍ക്ക് ശേഷം സാറ്റേണ്‍ റോക്കറ്റുകള്‍ കയ്യൊഴിഞ്ഞ് സ്‌പേസ് ഷട്ടിലുകളിലേക്ക് അമേരിക്ക മാറിയത് ആവര്‍ത്തിച്ചുപയോഗിക്കാവുന്ന ബഹിരാകാശ വാഹനമാണത്‌ എന്നതുകൊണ്ടുതന്നെ. 1972-92 കാലഘട്ടത്തില്‍ ആരും ചാന്ദ്രയാത്രയില്‍ സംശയം പ്രകടിപ്പിച്ചിരുന്നില്ല. ചന്ദ്രനിലേക്ക് വീണ്ടും പോകാത്തതെന്തേ?-എന്നാരും ചോദിച്ചിട്ടുമില്ല. ആ തലമുറയില്‍ അങ്ങനെയൊരു ചോദ്യമുയരാനുള്ള സാധ്യത കുറവായിരുന്നു. പക്ഷെ അതല്ല ഇന്ന് നമ്മുടെ കാര്യം. നമുക്കത് ഒന്നുകൂടി ഡിജിറ്റല്‍ സാങ്കേതികതയില്‍ കണ്ടാല്‍ കൊള്ളാമെന്നുണ്ട്. ഭൂമിയില്‍ പിടിമുറുക്കാന്‍ ചന്ദ്രനില്‍ പോയിട്ട് കാര്യമില്ലെന്നും അമേരിക്ക മനസ്സിലാക്കി. ചാന്ദ്രയാത്ര പ്രയോജനരഹിതമായ ധൂര്‍ത്താണെന്നതും ആ രംഗത്ത് മറ്റ് എതിരാളികളില്ലെന്നതും ബൂസ്റ്റര്‍ റോക്കറ്റുകള്‍ പെട്ടിയില്‍ വെക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ച കാരണങ്ങളാണ്. റോക്കറ്റും വിമാനവും ഗ്‌ളൈഡറുമെല്ലാം ഏകോപിപ്പിക്കപ്പെടുന്ന വാഹനമാണ് സ്‌പേസ് ഷട്ടിലുകള്‍. സ്വാഭാവികമായും സാങ്കേതികവിദ്യയില്‍ വ്യതിയാനമുണ്ടായി(shift in technology). പഴയത് മാറ്റിവെക്കപ്പെട്ടു. 56.1 മീറ്റര്‍ ഉയരമുള്ള സ്‌പേസ് ഷട്ടിലിന്റെ പേലോഡ് ശേഷി വെറും 24300 കിലോഗ്രാം മാത്രമാണ്. ഭൗമഭ്രമണപഥത്തിലെത്തി ഭൂമിയെ വലംവെയ്ക്കാനായി ആസൂത്രണം ചെയ്യപ്പെട്ടവയാണവ. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ എന്തെങ്കിലും അത്യാവശ്യസാഹചര്യമുണ്ടായാല്‍ ആഴ്ചകള്‍ക്കുള്ളില്‍ സഹായമെത്തിക്കാന്‍ സ്‌പേസ് ഷട്ടിലുകള്‍ക്കാവും. ഇതിനൊക്കെ വേണ്ടി മറ്റുപല മേഖലകളിലും ഒത്തുതീര്‍പ്പ് (compromise) അത്യാവശ്യമാണ്. 

ഭൗമഭ്രമണപഥം തന്നെയാണ് അമേരിക്ക വര്‍ഷങ്ങളായി ശ്രദ്ധിച്ചുവരുന്നത്. അതിന് വ്യാവസായികവും സൈനികവും തന്ത്രപരവുമായ പ്രാധ്യാന്യമുണ്ട്. അടുത്ത ലക്ഷ്യം ചൊവ്വാ പര്യവേഷണമാണ്. ചൊവ്വയില്‍ 2037 ല്‍ മനുഷ്യനെ ഇറക്കുമെന്നാണവരുടെ പ്രഖ്യാപനം.

ശാസ്ത്രത്തിന് പിറകോട്ടോടാനാവില്ല.സാറ്റേണ്‍ റോക്കറ്റുപോലെ ശക്തിയേറിയ ഭീമന്‍ ബൂസ്റ്ററുകള്‍ ഉണ്ടാക്കണമെങ്കില്‍ അമേരിക്കയ്ക്കാണെങ്കിലും കുറഞ്ഞത് 5-7 വര്‍ഷം വരെ വേണ്ടിവരും; ഇന്ത്യപോലെ ഒരു നവാഗതരാജ്യത്തിന് കുറഞ്ഞത് 15-20 വര്‍ഷമെങ്കിലും. എന്നാല്‍ ആ റോക്കറ്റ് തന്നെ ഇനിയുമുണ്ടാക്കുന്നത് പശ്ചാത്ഗമനമായിരിക്കും. സ്വഭാവികമായും കൂടുതല്‍ പരിഷ്‌കൃതമവും നൂതനുവുമായ ബൂസ്റ്ററുകളായിരിക്കും നാം കാണാന്‍പോകുന്നത്. അതിനൊപ്പെം തന്നെ 2015 വരെ അന്താരാഷ്ട്ര ബഹിരാകാശനിലയവും തുടരന്ന് ചൊവ്വാദൗത്യവും അമേരിക്കയ്ക്ക് മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. ചൊവ്വായാത്രയ്ക്കുപയോഗിക്കുന്ന റോക്കറ്റും ചാന്ദ്രയാത്രയ്ക്ക് ഉപയോഗിക്കുന്ന ബൂസ്റ്ററും തമ്മില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും രണ്ടും ഒരേദിശയിലുള്ള പ്രവര്‍ത്തനശൈലി അവലംബിക്കുന്നതിനാലാണ് 2020 ല്‍ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാമെന്ന് നാസ ഉറപ്പ് പറഞ്ഞത്. ചാന്ദ്രയാത്ര 1972 ല്‍ നിറുത്തിവെച്ചത് തീര്‍ച്ചയായും പൊതുജനത്തിനും ശാസ്ത്രനേതൃത്വത്തിനും അതില്‍ താല്‍പര്യം കുറഞ്ഞതുകൊണ്ടാണ്. സമാന പര്യവേഷണങ്ങള്‍ ആവര്‍ത്തനസ്വഭാവമുള്ള വിവരങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ചിന്താശേഷിയുള്ള ഏതൊരു ജനതയും അങ്ങനെയോ ചിന്തിക്കാനിടയുള്ളു. മധുവിധു ജീവിതാന്ത്യം വരെ നിലനില്‍ക്കണമെന്ന മോഹിക്കുന്നതില്‍ തെറ്റില്ല, പക്ഷെ അതില്‍ പ്രയോഗികതയും യാഥാര്‍ത്ഥ്യബോധവും തീരെ കുറവാണെന്നറിയണം. ഇന്ന് ചന്ദ്രനിലേക്ക് വീണ്ടും പോകണമെന്ന് ആവശ്യപ്പെടുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു പ്രധാന സാധ്യത ബഹിരാകാശ ടൂറിസമാണ്!

അടുത്ത ഗ്രഹാന്തരയാത്രയ്ക്കുള്ള ബൂസ്റ്ററുകളും ത്രസ്റ്ററുകളും വികസിപ്പിച്ചെടുക്കുമ്പോള്‍ പഴയ രൂപമാതൃക തന്നെ പൊടിതട്ടിയെടുക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞല്ലോ. Technological advancement is cumulative. തീര്‍ച്ചയായും അപ്പോളയുടെ വിജയകരമായ വശങ്ങള്‍ ഉള്‍ക്കൊള്ളാം. സ്‌പേസ്ഷട്ടില്‍ സാങ്കേതികത, സോവിയറ്റ് സോയൂസ്-പ്രോഗ്രസ്സ്‌ വാഹനങ്ങളിലെ(Soyuz and Progress spacecraft) സാങ്കേതികത, അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (International Space Station)അനുവര്‍ത്തിച്ച് വിജയിച്ച സാങ്കേതിക ഇവയൊക്കെ പ്രയോജനപ്പെടുത്തി കുറേക്കൂടി മികച്ച ഒരു വാഹനം നിര്‍മ്മിക്കാനാവും. 30 വര്‍ഷമായി കയ്യൊഴിയപ്പെട്ട സാറ്റേണ്‍ ബൂസ്റ്ററുകള്‍ തിരികെ കൊണ്ടുവരാന്‍ പഴയ നിര്‍മ്മാണവിദ്യതന്നെ ഒന്നടങ്കം പുനാരാവിഷ്‌ക്കരിക്കേണ്ടി (retool)വരും. അതിനെക്കാള്‍ എന്തുകൊണ്ടും എളുപ്പമായിരിക്കും പുതിയ സാങ്കേതികത ഉപയോഗിച്ച് ഒരു നവീനവാഹനം നിര്‍മ്മിക്കുന്നത്. പഴയ വാഹനം തന്നെ പൊടി തട്ടിയെടുക്കുന്നതില്‍ വൈകാരികത മാത്രമേയുള്ളു. 

സ്‌പേസ് ഷട്ടില്‍ ഭൗമഭ്രമണത്തിനായി നിര്‍മ്മിക്കപ്പെട്ടവയാണ്. ആ ലക്ഷ്യം നിറവേറ്റാന്‍ ഏറ്റവും ഉത്തമം അവ തന്നെയാണെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ചന്ദ്രനില്‍ പോകേണ്ടിവന്നിട്ടില്ല. അതുകൊണ്ടുതന്നെ അതിനുതകുന്ന വഹാനങ്ങളും റോക്കറ്റുകളും ഇപ്പോള്‍ ലഭ്യമല്ല. പണ്ട് ഫെര്‍ഡിനാഡ് മഗല്ലന്‍ ജലമാര്‍ഗ്ഗം ലോകം മുഴുവന്‍ ചുറ്റിയിട്ടുണ്ട്. ഇന്നതാരും ചെയ്യുന്നില്ലന്ന് ചൂണ്ടിക്കാട്ടി അങ്ങനെയൊന്ന് അസാധ്യമാണെന്ന് പറയാനാവില്ല. ഇന്നതിന്റെ ആവശ്യമില്ലന്നു പറഞ്ഞാല്‍ അതൊരു നിഷേധപ്രസ്താവനയാകുകയുമില്ല. വാസ്തവത്തില്‍ സാറ്റേണ്‍ റോക്കറ്റുകളേയും സ്‌പേസ്ഷട്ടിലുകളേയും താരതമ്യപ്പെടുത്തി ചാന്ദ്രയാത്ര നടന്നിട്ടില്ലെന്ന വാദിക്കുന്നത് മറ്റുള്ളവരെ കരിയിപ്പിക്കാനോ ചിരിപ്പിക്കാനോ ലക്ഷ്യമിട്ടുള്ള ഒരു ഗൂഡതന്ത്രമാണ്. തങ്ങള്‍ മുന്തിയയിനം '
സംശയാലുക്കളാ'ണെന്ന ഖ്യാതി ജന്മാന്തരങ്ങള്‍ നിലനില്‍ക്കണമെന്ന് നിര്‍ബന്ധബുദ്ധിയുള്ളവരാണ് പലപ്പോഴും ഇത്തരം അതിസാഹസങ്ങള്‍ക്ക് മുതിരുന്നത്.

ചില തെരഞ്ഞെടുക്കപ്പെട്ട കെട്ടുകഥകളൊഴിച്ച് ബാക്കിയെല്ലാം സംശയിച്ച് നശിപ്പിക്കാന്‍ പരിശീലനം കിട്ടിയവര്‍ തങ്ങളുടെ സംശയക്കുഴല്‍ സ്വമതത്തിലേക്ക് തിരിച്ചുവെച്ചിരുന്നെങ്കില്‍ അവര്‍ക്ക് ലഭിക്കുമായിരുന്ന ബൂസ്റ്റര്‍ പ്രവേഗംകൊണ്ട് ഒരുപക്ഷെ ചന്ദ്രനും കടന്ന് പ്‌ളൂട്ടോയ്ക്കപ്പുറമെത്താന്‍ കഴിയുമായിരുന്നു. പക്ഷെ അപ്പോഴും ഒരു സേഫ് ലാന്‍ഡിംഗിനുള്ള സാധ്യത ഉറപ്പ് പറയാനാവില്ലെന്നു മാത്രം.*****

Thursday, 14 July 2011

ചന്ദ്രനില്‍ ജലമില്ലേ?


“I am a conspiracy theorist and I want attention”

ചന്ദ്രനില്‍ ജലമുണ്ടോ? ഉണ്ടെന്ന് പറയുന്നത് നാസ. ഏതാണ്ട് 50 വര്‍ഷങ്ങളായി നിലനിന്ന സംശയം ഈയിടെ ലഭ്യമായ ഡേറ്റാ കൂടി വിശകലനംചെയ്തതോടെ സ്ഥിരീകരിക്കപ്പെട്ടെന്നും അവര്‍ അറിയിക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്ന് വാദിച്ച് ചില 'സത്യാന്വേഷികളും' രംഗത്ത് വന്നിട്ടുണ്ട്. 'എനിക്ക് വ്യാജസിദ്ധാന്തങ്ങള്‍ തിരിച്ചറിയാനുള്ള വൈദഗ്ധ്യമുണ്ട്. ഞാന്‍ പറയുന്നു, സംഗതി ശുദ്ധതട്ടിപ്പാണ്. എനിക്ക് എങ്ങനെയെങ്കിലും ശ്രദ്ധിക്കപ്പെടണം'-എന്നതാണ് ഇക്കൂട്ടരുടെ പൊതുനിലപാട്. 1990 അവസാനം പ്രചരിപ്പിക്കപ്പെട്ട 'മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല' എന്ന വ്യാജസിദ്ധാന്തം (The Moon Hoax Theory) കോടികള്‍ വിറ്റുവരവുള്ള കോര്‍പ്പറേറ്റ് വ്യവസായമായി പരിണമിച്ചിരുന്നു. ശാസ്ത്രജ്ഞരെ നിഷ്പ്രഭമാക്കിയ ഒരുപിടി 'സൂപ്പര്‍ ശാസ്ത്രജ്ഞമാര്‍' ആ കോലാഹലത്തിലൂടെ ഭൂജാതരായി. ശാസ്ത്രചരിത്രം എരിവുംപുളിയും ചേര്‍ത്ത് കെട്ടുകഥകളായി വായനാമുറികളിലെത്തിക്കപ്പെട്ടു. വിവാദങ്ങള്‍ സമ്പത്തും പ്രശ്‌സ്തിയും കായ്ക്കുന്ന കല്‍പ്പവൃക്ഷമാതോടെ പുസ്തകങ്ങള്‍, വീഡിയോകള്‍, ടീ ഷര്‍ട്ടുകള്‍, കാര്‍ട്ടൂണുകള്‍, ടി.വി പരിപാടികള്‍, ചലച്ചിത്രങ്ങള്‍, സെമിനാറുകള്‍ തുടങ്ങിയവയിലൂടെ ലോകമെമ്പാടും ഈ സിദ്ധാന്തചര്‍ച്ച കാട്ടുതീപോലെ വ്യാപിച്ചു. ക്ഷിപ്രവിശ്വാസികളേയും സാധാരണക്കാരേയും പെട്ടെന്ന് ആകര്‍ഷിക്കാനായതോടെ ബില്‍ കെയ്‌സിങും റാല്‍ഫ് റെനെയും ഉള്‍പ്പെടെയുള്ള വിവാദനായകര്‍(Hoaxers) ക്ഷണത്തില്‍ ലോകപ്രശസ്തരുമായി. ഉത്തരാധുനികതയുടെ ബാനറില്‍ അരങ്ങേറിയ ഈ കണ്ടുപിടുത്തത്തിന് അമേരിക്കയുടെ ശത്രുരാജ്യങ്ങളിലും ഇസ്‌ളാമികലോകത്തും കൂടുതല്‍ സ്വീകാര്യത ലഭിച്ചത് സ്വഭാവികംമാത്രം. അമേരിക്കന്‍ വിരുദ്ധതയും മതാന്ധതയും സിദ്ധാന്തത്തിന്റെ എരിവ് കൂട്ടിയെന്ന് സാരം. ചാന്ദ്രയാത്രയെക്കുറിച്ച് സംശയമുയര്‍ത്താന്‍ പ്രേരിപ്പിക്കുന്ന ചില വാദങ്ങള്‍ മുന്നോട്ടുവെക്കുന്നതില്‍ വിവാദപ്രിയര്‍ ആദ്യഘട്ടത്തില്‍ വിജയിച്ചിരുന്നുവെന്നത് സത്യമാണ്. എന്നാല്‍ തടസ്സവാദങ്ങള്‍ക്ക് ഒന്നൊന്നായി കൃത്യമായ മറുപടി നല്‍കപ്പെടുകയും (വീഡിയോ സിമുലേഷന്‍ ഉള്‍പ്പടെ) ചാന്ദ്രയാത്രകള്‍ നടത്താന്‍ ചൈനയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ പുതിയതായി പദ്ധതിയിടുകയും ചെയ്തതോടെ കോലാഹലം ഏതാണ്ട് തണുത്ത മട്ടാണ്. പക്ഷെ വിവാദപ്രിയര്‍ പിന്‍മാറിയെന്ന് ധരിക്കരുത്. ചന്ദ്രനില്‍ ജലമുണ്ടെന്ന വാദം തട്ടിപ്പാണെന്നാണ് പുതിയ 'കണ്ടുപിടുത്തം'. നാസ ഒരുക്കുന്ന ചതിക്കുഴിയില്‍നിന്ന് ലോകജനതയെ രക്ഷിക്കുകയാണ് തങ്ങളുടെ ദൗത്യമെന്ന് ആണയിടുന്ന ഇക്കൂട്ടര്‍ ശാസ്ത്രജ്ഞര്‍ക്കില്ലാത്ത സാമൂഹികബോധവും ശാസ്ത്രീയവീക്ഷണവും അവകാശപ്പെടാനും മടിക്കുന്നില്ല. പക്ഷെ അമേരിക്കയില്‍ നവവിവാദ വാര്‍ത്തകളില്‍ ഇരുപത്തിയെട്ടാം സ്ഥാനമേ ഇതിനുള്ളു;ഇപ്പോള്‍ ആദ്യസ്ഥാനം മൈക്കള്‍ ജാക്‌സണ്‍ മരിച്ചിട്ടില്ല എന്ന സിദ്ധാന്തത്തിനാണത്രെ!വിവാദ വ്യവസായം

ശാസ്ത്രലോകം അംഗീകരിക്കുന്നുവെന്ന് പറഞ്ഞുനടക്കുന്നതില്‍ കാര്യമില്ല. ഇത് പോസ്റ്റ്-മോഡേണ്‍ യുഗമാണ്. മഷിയിട്ടുനോട്ടത്തിനും വിഷമിറക്കലിനും ജനിതകശാസ്ത്രത്തിന്റെയും നാനോ ടെക്‌നോളജിയുടേയും പ്രാധാന്യം നല്‍കേണ്ടതുണ്ട്. ചന്ദ്രനില്‍ പോകുന്നതുപോലെ മഹനീയമാണ് പോയില്ലെന്ന് തെളിയിക്കുന്നതും. ചന്ദ്രനില്‍ ജലമുണ്ടെന്ന വാദം തകര്‍ക്കുന്നത് അവിടെ ഓക്‌സിജന്‍ കണ്ടെത്തുന്നതിന് തുല്യമായി കാണണം. നിലവിലുള്ള ധാരണയ്ക്ക് വിരുദ്ധമായി തികച്ചും അപ്രതീക്ഷിതമായി ചന്ദ്രനില്‍ ജലമുണ്ടെന്ന് കണ്ടെത്തിയതാണ് സംശയസിദ്ധാന്തത്തിന്റെ ആധാരശില. ക്രമനിബന്ധമായ പരിണാമം ഈ തിരക്കഥയില്‍ ദൃശ്യമില്ല. ചന്ദ്രനില്‍നിന്ന് കൊണ്ടുവന്നെന്ന് പറയപ്പെടുന്ന ശിലകള്‍ കഴിഞ്ഞ 40 വര്‍ഷമായി ഇവിടെയുണ്ട്. ആവര്‍ത്തിച്ചാവര്‍ത്തിച്ച് പരിശോധിച്ചുവെങ്കിലും അവയില്‍ ജലാംശമില്ലെന്ന് തന്നെയായിരുന്നു എക്കാലത്തേയും ഗവേഷണഫലം. പുതിയ ചാന്ദ്രപര്യവേഷണമുള്‍പ്പടെയുള്ള പദ്ധതികള്‍ ഉള്‍പ്പെട്ട നാസയുടെ കോണ്‍സ്റ്റലേഷന്‍ മിഷന്‍ (Constellation Mission) സാമ്പത്തികമാന്ദ്യം മൂലം ഏതാണ്ടവസാനിപ്പിക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ഒരുങ്ങിവരികയായിരുന്നു. തുടര്‍ന്നങ്ങോട്ടും മിഷന് ഫണ്ട് ഉറപ്പാക്കാനാണ് ജലസാന്നിദ്ധ്യമെന്ന വ്യാജ അവകാശവാദവുമായി ഉടനടി രംഗത്തെത്താന്‍ നാസയെ പ്രേരിപ്പിച്ചത്. ജലമുണ്ടെന്ന് പ്രഖ്യാപിച്ചിട്ട് പിന്നീട് തിരുത്തേണ്ടിവന്നാലും കോണ്‍സ്റ്റലേഷന്‍ മിഷനെ തത്ക്കാലം രക്ഷപ്പെടുത്താമല്ലോ. 2011 സാമ്പത്തികവര്‍ഷം മുതല്‍ കോണ്‍സ്റ്റലേഷന്‍ മിഷനുള്ള സാമ്പത്തികസഹായം നിര്‍ത്തിവെക്കുകയാണെന്ന് പ്രസിഡന്റ് ബാരക്ക് ഒബാമ പ്രഖ്യാപിച്ചതും ഇവിടെ കൂട്ടിവായിക്കേണ്ടതുണ്ട്. 
ജലംതേടി ചൊവ്വയിലേക്ക് നിരവധി പര്യവേഷണപേടകങ്ങള്‍ അയക്കപ്പെട്ടിട്ടുണ്ട്; പ്രതീക്ഷയും സമൃദ്ധമായിരുന്നു. ജലാംശം കണ്ടെന്നും ഹിമപാളികള്‍ ലഭ്യമാണെന്നുമൊക്കെയുള്ള ചിതറിത്തെറിച്ച സൂചനകള്‍ ലഭ്യമാണെങ്കിലും ഒന്നും തീര്‍ച്ചപ്പെടുത്തിയിട്ടില്ല. ഉണങ്ങിവരണ്ട പാറക്കഷണമെന്ന് പറഞ്ഞ് എഴുതിത്തള്ളപ്പെട്ട ചന്ദ്രനില്‍ ജലമുണ്ടെന്നുള്ള പെട്ടെന്നുള്ള കണ്ടെത്തല്‍ അവിശ്വസനീയംതന്ന. ചൊവ്വയില്‍ ജലമുണ്ടാകാമെന്ന സൂചന ചൊവ്വയുടെ ടോപ്പോഗ്രാഫി ചിത്രങ്ങള്‍ പണ്ടുമുതലേ നല്‍കി വരുന്നുണ്ട്. എന്നാല്‍ ചന്ദ്രന്റെ കാര്യത്തില്‍ അത്തരം സൂചനകളൊന്നുമുണ്ടായിരുന്നില്ലെന്ന് മാത്രമല്ല നേരെ വിപരീതമായിരുന്നു പൊതുധാരണ. 1969-72 കാലയളവില്‍ ചന്ദ്രനില്‍ ആറ് (അപ്പോളോ 11 മുതല്‍ 17 വരെയുള്ള) വാഹനങ്ങളിലായി 12 പേര്‍ ചന്ദ്രനിലിറങ്ങുകയും 18 പേര്‍ ചന്ദ്രനെ പ്രദക്ഷിണംവെക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അവരുടെയാരുടേയും നാവില്‍നിന്ന് 'ജലം' എന്ന വാക്ക് പോലും ഇന്നേവരെ പുറത്തുവന്നിട്ടില്ല. ചന്ദ്രനില്‍ ജലമുണ്ടെന്ന് കണ്ടെത്തിയതിന് തൊട്ടുപുറമെ ചൊവ്വയില്‍ ഭൂമിയില്‍ കാണപ്പെടുന്ന രൂപത്തില്‍ ജലമുണ്ടെന്ന വാര്‍ത്തയും പുറത്ത് വിട്ടുണ്ട്. തുടരെ ശുഭവാര്‍ത്തകള്‍ ആസൂത്രിതമായി പ്രചരിപ്പിച്ചിട്ടും സാമ്പത്തികമാന്ദ്യം മൂലം ചാന്ദ്രദൗത്യം ഒബാമ സര്‍ക്കാര്‍ നിറുത്തിവെച്ചത് നാസയ്‌ക്കേറ്റ കനത്ത പ്രഹരമാണ്. അന്തരീക്ഷമില്ലാത്ത ചന്ദ്രനില്‍ ഓക്‌സിജനും ഹൈഡ്രജനുമൊന്നും ഉണ്ടാകില്ലെന്നും അഥവാ ഉണ്ടായാലും നിലനില്‍ക്കില്ലെന്ന് ഏത് സ്‌ക്കൂള്‍ക്കുട്ടിക്കുമറിയാം, പിന്നെയല്ലേ ജലം!......ആരോപണപ്രവാഹത്തിന്റെ ഗതി ഏതാണ്ടിങ്ങനെയാണ്. ചാന്ദ്രശിലയില്‍ ജലാംശമുണ്ടെന്ന് ഇനി വാദിച്ചാല്‍ മുമ്പ് പറഞ്ഞതെല്ലാം കള്ളമാണെന്ന് തെളിയും; ജലാംശം ഇല്ലെന്ന് വ്യക്തമായാല്‍ ശില ചന്ദ്രനില്‍നിന്നല്ലെന്ന് സമ്മതിക്കേണ്ടതുണ്ട്. അതായത് ചന്ദ്രനില്‍ ജലമുണ്ടെങ്കില്‍ ചന്ദ്രനില്‍ പോയിട്ടില്ല;പോയിട്ടുണ്ടെങ്കില്‍ അവിടെ ജലമില്ല!
 

ചന്ദ്രനിലെ ജലസാന്നിധ്യം നാസയുടെ പെട്ടെന്നുണ്ടായി വെളിപാടാണോ? അല്ല-എന്ന് സൗമ്യമായി ഉത്തരം നല്‍കാവുന്ന ചോദ്യമാണിത്. എന്തെന്നാല്‍ അത്തരം സംശയങ്ങള്‍ക്ക് മനുഷ്യചരിത്രത്തോളം പഴക്കമുണ്ട്. സംഗതി തങ്ങളുടെ മതഗ്രന്ഥത്തില്‍ പണ്ടേ എഴുതിവെച്ചിട്ടുണ്ടെന്ന മട്ടിലുള്ള പതിവ് മതഗീര്‍വാണങ്ങള്‍ക്കും പഞ്ഞമില്ലല്ലോ. സത്യത്തില്‍ ചാന്ദ്രജലം ഒരു ഭൂകമ്പവാര്‍ത്തയല്ല; പൊതുജനത്തെ ഉന്മാദത്തിലാറാടിക്കുന്ന യാതൊന്നും അതിലില്ലതാനും. സൂക്ഷ്മമായി പരിശോധിച്ചാല്‍ അതൊരു റിവേഴ്‌സ് ന്യൂസാണെന്ന് മനസ്സിലാക്കാം. ഇനിയും മനുഷ്യന്‍ കടന്നുച്ചെന്നിട്ടില്ലാത്ത ചൊവ്വയില്‍ ജലമുണ്ടെന്ന് കണ്ടെത്തിയ സ്ഥിതിക്ക് 40 വര്‍ഷങ്ങള്‍ക്ക് മുമ്പ് 12 മനുഷ്യര്‍ ഓടിക്കളിച്ച നമ്മുടെ ഉപഗ്രഹത്തില്‍ സൂക്ഷ്മരൂപത്തില്‍ ജലമുണ്ടെന്ന വിവരം ആഘോഷിക്കുന്നതെങ്ങനെ?! നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ ഇറങ്ങുന്നതിന് 8 വര്‍ഷം മുമ്പുതന്നെ(1961) കാലിഫോര്‍ണിയ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരായിരുന്ന കെന്നത്ത് വാട്‌സണ്‍(Kenneth Watson), ബ്രൂസ് സി മുറൈ(Bruce C. Murray), ഹാരിസണ്‍ മുറൈ(Harrison Brown) എന്നിവര്‍ ചന്ദ്രനിലെ ജലസാധ്യത സംബന്ധിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്. ചന്ദ്രന്റെ ധ്രൂവപ്രദേശത്ത് ഹിമരൂപത്തില്‍ ജലമുണ്ടെന്നായിരുന്നു അന്നവരുടെ നിഗമനം. സൗരവാതത്തില്‍ അടങ്ങിയിട്ടുള്ള ഹൈഡ്രജനാണ് ചാന്ദ്രജലത്തിന്റെ പ്രഭവകേന്ദ്രമായി വിലയിരുത്തപ്പെട്ടത്. കോടിക്കണക്കിന് വര്‍ഷങ്ങളായി ഇത് സംഭവിക്കുന്നു. ഹൈഡ്രോക്‌സില്‍ രൂപത്തിലുള്ള ജലസാന്നിധ്യമാണിവിടെ വിവക്ഷിക്കപ്പെടുന്നത്. ഹൈഡ്രോക്‌സില്‍ നിയതമായ അര്‍ത്ഥത്തില്‍ ജലമല്ലെന്ന് നമുക്കറിയാം. വേണമെങ്കില്‍ ജലത്തിന്റെ പ്രാഗ്‌രൂപമായോ ജനിതകധാതുവായോ ഹൈഡ്രോക്‌സിലുകളെ സങ്കല്‍പ്പിക്കാം. എന്നാല്‍ ഭൂമിയുമായി ഏതോ ഗ്രഹസമാനമായ വസ്തു കൂട്ടിയിടിച്ചാണ് ചന്ദ്രന്‍ ഉണ്ടായതെന്ന സിദ്ധാന്തം പിന്‍പറ്റുന്നവരാണ് അമേരിക്കയിലെ ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ ആല്‍ബര്‍ട്ടോ സാലിനെ(Alberto Saal) പോലുള്ള ശാസ്ത്രജ്ഞര്‍. ചന്ദ്രന്റെ അകക്കാമ്പില്‍(Mantle) തന്നെ കനത്ത ജലനിക്ഷേപമുണ്ടെന്ന പക്ഷക്കാരാണിവര്‍(http://news.bbc.co.uk/2/hi/science/natur). ധൂമകേതുക്കള്‍, ഉല്‍ക്കകള്‍ തുടങ്ങിയ ബഹിരാകാശവസ്തുക്കള്‍ കൂട്ടിയിടിച്ച വകയില്‍ കിട്ടിയ ബാക്കിയിരിപ്പാണ് ചാന്ദ്രജലമെന്ന വാദവും ശക്തമാണ്.

1994 ല്‍ അമേരിക്കയുടെ ക്‌ളമെന്റൈന്‍ പ്രോബാണ് (Clementine probe) ചന്ദ്രനിലെ ഹിമം സംബന്ധിച്ച ഏറ്റവും കൃത്യമായ സൂചനകള്‍കൊണ്ടുവന്നത്. ബൈ സ്റ്റാറ്റിക് റഡാര്‍ എക്‌സിപിരിമിന്റ് (Bistatic radar experiment) എന്ന പേരിലറിയപ്പെട്ട പരീക്ഷണശൃംഖലയിലൂടെ ചന്ദ്രനിലെ ധ്രൂവഗര്‍ത്തങ്ങളിലേക്ക് റേഡിയോ തരംഗങ്ങള്‍ അയച്ച് തിരിച്ച് ലഭ്യമായ പ്രതിധ്വനിയുടെ അടിസ്ഥാനത്തില്‍ ഗര്‍ത്തങ്ങളുടെ അടിത്തട്ടിന്റെ സ്വഭാവം നിര്‍ണ്ണയിക്കുകയായിരുന്നു. ഭൂമിയിലെ ഡീപ് സ്‌പേസ് നെറ്റ് വര്‍ക്ക് (Deep Space Network) എന്നറയപ്പെടുന്ന ഡിഷ് ആന്റനകളിലൂടെ സഹായത്തോടെയാണ് ഈ പ്രതിധ്വനികള്‍ വിശകലനം ചെയ്തത്. മടക്കതരംഗങ്ങളുടെ കാന്തികമാനവും പോളറൈസേഷനും കമ്പ്യൂട്ടര്‍സഹായത്തോടെ പഠിച്ചതില്‍നിന്നും ചന്ദ്രന്റെ ധ്രൂവഗര്‍ത്തങ്ങളുടെ അടിത്തട്ടില്‍ പാറയല്ല മറിച്ച് ഹിമപാളികളാണെന്ന നിഗമനമുണ്ടായി. 1998 ല്‍ അമേരിക്കയുടെതന്നെ ലൂണാര്‍ പ്രോസ്‌പെക്റ്റ് പ്രോബ് (Lunar Prospector Probe)നടത്തിയത് ചാന്ദ്രമണ്ണിലെ ഹൈഡ്രജന്റെ അളവ് നിര്‍ണ്ണയിക്കാനുള്ള പരീക്ഷണങ്ങളാണ്. ചന്ദ്രന്റെ ധ്രൂവപ്രദേശങ്ങളില്‍ ഹൈഡ്രജന്റെയും ഹൈഡ്രോക്‌സില്‍ പറ്റിപ്പിടച്ച ധാതുക്കളുടേയും (Hydroxyl radical (•OH)സാന്നിധ്യം കണ്ടെത്തിയ ഈ പരീക്ഷണവും ചാന്ദ്രഹിമം സംബന്ധിച്ച നിഗമനങ്ങള്‍ ഊട്ടിയുറപ്പിക്കുകയാണുണ്ടായത്.
 

താമസമെന്തേ...?

ജലമുണ്ടെന്ന് പറയാന്‍ എന്തുകൊണ്ടിത്ര വൈകിയെന്ന ചോദ്യമാണല്ലോ വിവാദത്തിന്റെ പ്രാണവായു. ശാസ്ത്രീയമായ സ്ഥിരീകരണങ്ങള്‍ കേവലം വെളിപാടല്ല; സാധ്യതയുണ്ടെന്നുകരുതി മാത്രം ഒന്നും ചാടിക്കയറി പ്രഖ്യാപിക്കാനുമാവില്ല. ജലസാന്നിധ്യം തേടിയുള്ള നാസയുടെ അന്വേഷണസപര്യയില്‍ കയറ്റിറക്കങ്ങളുണ്ടായിട്ടുണ്ടെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 1999 ല്‍ ചന്ദ്രന് സമീപത്തുകൂടി കടന്നുപോയ കാസിനി-ഹ്യൂജന്‍സ് ദൗത്യം (Cassini–Huygens mission) നല്‍കിയ ഡേറ്റ ജലസാന്നിധ്യം സംബന്ധിച്ച അന്തിമനിഗമനത്തിന് സഹായകരമായിരുന്നില്ല. 1999 ജൂലൈയില്‍ ലൂണാര്‍ പ്രോസ്‌പെക്റ്റസ് പ്രോബ് അതിന്റെ ദൈത്യം പൂര്‍ത്തിയാക്കിയതോടെ ചന്ദ്രന്റെ ദക്ഷിണധ്രൂവത്തിലെ ഷൂമാക്കര്‍ ഗര്‍ത്തത്തിലേക്ക് (Shoemaker crater)മന:പൂര്‍വം ഇടിച്ചിറക്കിയിരുന്നു. ആഘാതം സൃഷ്ടിച്ച സ്‌ഫോടനം ഉയര്‍ത്തുന്ന പൊടിപടലം ഭൂമിയില്‍നിന്നുള്ള കൂറ്റന്‍ ദൂരദര്‍ശിനികളുടെ സഹായത്തോടെ വീക്ഷിച്ച് സ്‌പെക്‌ട്രോ ഗ്രാഫ് ഘടന വിലയിരുത്താനായിരുന്നു പദ്ധതി. എന്നാല്‍ അക്കുറിയും ജലം സംബന്ധിച്ച് സ്ഥിരീകരണം സാധ്യമായില്ല. 2005ലെ ഡീപ് ഇംപാക്റ്റ് സ്‌പേസ് ക്രാഫ്റ്റ് (Deep Impact spacecraft) നടത്തിയ സ്‌പെക്‌ട്രോമീറ്റര്‍ പഠനങ്ങളും സ്ഥിരീകരണക്ഷമമായ തെളിവെത്തിക്കുന്നതില്‍ വിജയിച്ചില്ല. 2006 ല്‍ നടത്തിയ റഡാര്‍പഠനങ്ങള്‍ (Arecibo planetary radar) മുമ്പ് ചാന്ദ്രഹിമം സംബന്ധിച്ച് ലഭ്യമായ സൂചനകള്‍ ചാന്ദ്രശിലകള്‍ പൊട്ടിത്തെറിച്ചത് വഴി സൃഷ്ടിക്കപ്പെട്ടാതിയിക്കൂടേ എന്ന മറുചോദ്യവുമുയര്‍ത്തി. 2007 സെപ്റ്റംബറില്‍ ജപ്പാന്റെ കാഗുയ പ്രോബ് (Kaguya probe)ചാന്ദ്രോപരിതലത്തിന്റെ ഗാമാമീറ്റര്‍ സ്‌പെക്‌ട്രോമെട്രി (Gamma ray spectrometry)എടുത്തിരുന്നു. കാഗുയായുടെയുടെ ഉയര്‍ന്ന റെസല്യൂഷന്‍ ശേഷിയുള്ള സെന്‍സറുകള്‍ക്കും (High resolution imaging sensors) ചാന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം അവിതര്‍ക്കിതമായി തിരിച്ചറിയാനായില്ല. മേല്‍സൂചിപ്പിച്ച പര്യവേഷണങ്ങളൊക്കെ തൃപ്തികരമായ സാധൂകരണം കൊണ്ടുവന്നില്ലെങ്കിലും തുടരന്വേഷണങ്ങള്‍ക്ക് വ്യക്തമായ ദിശാബോധം നല്‍കുന്നവയായിരുന്നു; മാത്രമല്ല മുന്‍നിഗമനങ്ങള്‍ക്ക് വിപരീതമായ സൂചനകള്‍ ഒരിക്കലും ഉണ്ടായിട്ടുമില്ല.2009 സെപ്റ്റംബറില്‍ ചന്ദ്രയാന്‍-ഒന്നില്‍ ഘടിപ്പിച്ചിരുന്ന മൂണ്‍ മിനറോളജി മാപ്പര്‍ (Moon Mineraolgy Mapper) ചാന്ദ്രോപരിതസത്തില്‍ ഹൈഡ്രോക്‌സിലിന്റെ സാന്നിധ്യം കൃത്യമായി സ്ഥിരീകരിച്ചു. മണ്ണില്‍ ഇടകര്‍ന്ന ധാതുക്കളുടെ രൂപത്തിലാണ് ഹൈഡ്രോക്‌സില്‍ സാന്നിധ്യം കണ്ടെത്തിയത്. അവ ധാതുക്കളാണോ അതോ ജലസാന്നിധ്യമാണോ എന്ന സംശയവും നാസ സസൂക്ഷ്മം പരിഗണിച്ചിരുന്നു. 2009 ഒക്‌റ്റോബറില്‍ അമേരിക്ക തങ്ങളുടെ അറ്റ്‌ലസ്-5 റോക്കറ്റിന്റെ മുകളിലത്തെ ഭാഗം ചന്ദ്രനിലെ സേബസ് ഗര്‍ത്തിലേക്ക് ഇടിച്ചിറക്കി. തത്ഫലമായി മുകളിലേക്കുയര്‍ന്ന പൊട്ടിത്തെറി ശകലങ്ങളിലൂടെ ലൂണാര്‍ റെക്കണസെന്‍സ് ഓര്‍ബിറ്റര്‍ (Lunar Reconnaissance Orbiter (LRO) കടന്നുപോയി ജലാംശം പരിശോധിച്ചു. സ്‌പെക്ട്രല്‍ ദീപ്തികള്‍ ക്ഷിപ്രനിര്‍ധാരണം സാധ്യമായില്ലെങ്കിലും വിശദവും സൂക്ഷ്മവുമായ അവേേലാകനത്തിന് ശേഷം 2009 നവം 13 ന് നാസ ചന്ദ്രധ്രൂവത്തിലെ വന്‍ഗര്‍ത്തങ്ങളില്‍ ഹിമസാന്നിധ്യമുണ്ടെന്ന കാര്യം സംശയാതീതമായി സ്ഥിരീകരിച്ചു. 10/1000000 ജലാംശമാണ് കണ്ടെത്തപ്പെട്ടത്. ഭൂമിയിലെ ഏത് ഉണങ്ങിവരണ്ട മരുഭൂമിയിലും കണ്ടെത്താവുന്നതിലും കുറഞ്ഞ അനുപാതമാണിത്. അറുപത് ശതമാനംവരെ ജലമുള്ള ഭാഗങ്ങള്‍ ചൊവ്വയില്‍ കണ്ടെത്താനായിട്ടുണ്ടെന്നോര്‍ക്കണം. ഇപ്പോള്‍ ലഭ്യമായിരിക്കുന്നത് ദ്വന്ദസൂചനകളില്ലാത്ത അനിധേഷ്യമായ (“unambiguous evidence”) തെളിവാണെന്ന് നാസ തറപ്പിച്ചു പറയുന്നു. വെറുംവാക്ക് പറയാനായിരുന്നെങ്കില്‍ ഇത്ര സുദീര്‍ഘമായ അന്വേഷണങ്ങള്‍ നടത്തി കാത്തിരിക്കേണ്ടതില്ലല്ലോ. ഏതെങ്കിലും രാജ്യമോ ഉത്തരവാദിത്വപ്പെട്ട ഗവേഷണ ഏജന്‍സിയോ ഇന്നുവരെ 'ജലവിവാദം' ഏറ്റെടുക്കാന്‍ താല്പര്യം കാട്ടിയിട്ടുമില്ല. ചന്ദ്രനില്‍ ജലസാന്നിധ്യമുണ്ട്, ധ്രൂവങ്ങളില്‍ ഹിമനിക്ഷേപവുമുണ്ട്. അത് നാമുദ്ദേശിക്കുന്ന രീതിയില്‍ ഉപയോഗപ്പെടുത്താന്‍ കഠിനാദ്ധ്വാനം വേണ്ടിവരുമെന്ന് മാത്രം. ചന്ദ്രനിലെ ജലസാന്നിധ്യം മനുഷ്യര്‍ക്ക് താവളമുണ്ടാക്കാനും റോക്കറ്റിന് ഇന്ധനമായി പ്രയോജനപ്പെടുത്താനുമൊക്ക ഇനിയുമേറെ സഞ്ചരിക്കേണ്ടതുണ്ട്. എന്നാല്‍ അത് സാധ്യമാക്കാനുള്ള സാങ്കേതികജ്ഞാനം നമുക്കിന്നുണ്ട്. ചന്ദ്രനിലെ സമ്പത്ത് ആര്‍ക്കൊക്കെ കൈവശമാക്കാം എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല. 1984 ല്‍ നിലവില്‍ വന്ന ചാന്ദ്രനിയമമനുസരിച്ച് (the Moon Treaty-Agreement Governing the Activities of States on the Moon and Other Celestial Bodies-1984) യു.എന്‍ ചാര്‍ട്ടര്‍ പ്രകാരമുള്ള ഒരു അന്താരാഷ്ട്ര ഏജന്‍സിയുടെ കീഴിലാണ് അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. എന്നാല്‍ റഷ്യയും അമേരിക്കയുമുള്‍പ്പടെ പ്രധാനപ്പെട്ട ബഹിരാകാശപര്യവേഷകരാജ്യങ്ങളൊന്നും ഒപ്പിട്ടിട്ടില്ലാത്ത ചാന്ദ്രനിയമം തീരെ ദുര്‍ബലമാണെന്ന് പറയാതെവയ്യ.


ചാന്ദ്രശിലകള്‍ പറയുന്നത്‌

അപ്പോളോ സഞ്ചാരികള്‍ കൊണ്ടുവന്ന 328 കിലോഗ്രാം ചാന്ദ്രശിലകളില്‍ ജലാംശം സംബന്ധിച്ച സൂചനയില്ലായിരുന്നുവെന്ന വാദവും ശരിയല്ല. ഈ ശിലകള്‍ ആദ്യം പരിശോധിച്ചപ്പോള്‍തന്നെ ജലസാന്നിധ്യം സംബന്ധിച്ച് സൂചനകള്‍ നാസയ്ക്ക് ലഭിച്ചിരുന്നു. പിന്നീട് പല ഘട്ടങ്ങളിലും സൂചന ആവര്‍ത്തിക്കപ്പെടുകയും ചെയ്തിരുന്നു. ചാന്ദ്രശിലകളേക്കാള്‍ ചന്ദ്രനില്‍നിന്ന് കൊണ്ടുവന്ന സ്ഫടികശകലങ്ങളിലാണ് (Glass pebbles)കൂടുതല്‍ വ്യക്തമായ ജലസാന്നിധ്യമുണ്ടായിരുന്നത്(Ref-http:/technology.sympatico.msn.cbc.ca/E). വായുരഹിതവും ജലരഹിതവുമായ അന്തരീക്ഷത്തിലാണ് ചാന്ദ്രശിലകള്‍ രൂപംകൊണ്ടതെന്ന് അന്ന് പൊതുവെ അംഗീകരിക്കപ്പെട്ടിരുന്നതിനാല്‍ ഹൈഡ്രോക്‌സില്‍ സാന്നിധ്യം പോലെയുള്ള ജലസൂചകങ്ങള്‍ മനുഷ്യസമ്പര്‍ക്കം കൊണ്ട് (contamination)സംഭവിച്ചതാകാനേ തരമുള്ളു എന്ന നിഗമനത്തിലാണ് നാസ എത്തിച്ചേര്‍ന്നത്. ചന്ദ്രനില്‍ ജലമില്ല എന്ന മുന്‍വിധി ഇക്കാര്യത്തില്‍ നിര്‍ണ്ണായകമായി എന്നതാണ് സത്യം. മുന്‍വിധികളുമായി മുന്നോട്ടുപോകാന്‍ പാടില്ലെന്ന സുവര്‍ണ്ണനിയമം ലംഘിക്കപ്പെട്ടത് ശാസ്ത്രചരിത്രത്തില്‍ പലപ്പോഴും തിരിച്ചടികള്‍ കൊണ്ടുവന്നിട്ടുണ്ടല്ലോ. ചാന്ദ്രധ്രൂവത്തിലെ നിഴല്‍പ്രദേശങ്ങളിലും കൂറ്റന്‍ ഗര്‍ത്തങ്ങളിലും ഹിമസാന്നിധ്യം ഉണ്ടെന്നായിരുന്നുവല്ലോ 1961 മുതലുള്ള സങ്കല്‍പ്പം. അപ്പോളോ സഞ്ചാരികള്‍ കൊണ്ടുവന്ന പാറകളൊക്കെത്തന്നെ ചന്ദ്രന്റെ മധ്യരേഖാപ്രദേശത്തെ ഉപരിതലത്തില്‍നിന്നുള്ളവയാണ്. 14 ദിവസം വീതം ദൈര്‍ഘ്യമുള്ള പകലും രാത്രിയുമുള്ള ചന്ദ്രനില്‍ മധ്യരേഖാപ്രദേശത്ത് ഉപരിതല ജലസാന്നിധ്യം ഉണ്ടാകില്ലെന്ന് ഏതാണ്ടുറപ്പിക്കാം. എന്നാല്‍ ആഴത്തില്‍ കുഴിച്ചാല്‍ അവിടെയും ഹൈഡ്രോക്‌സിലുകള്‍ കലര്‍ന്ന അടിമണ്ണ് ലഭിക്കാനിടയുണ്ട്. അപ്പോളോ പര്യവേഷകര്‍ ആഴത്തില്‍ കുഴിച്ചെടുത്ത മണ്ണോ പാറയോ ചന്ദ്രനില്‍നിന്ന് കൊണ്ടുവന്നിട്ടില്ല. നാസ ഇതുവരെ നടത്തിയ എല്ലാ ചാന്ദ്രപര്യവേഷണങ്ങളിലും ജലസാന്നിധ്യം സംബന്ധിച്ച ചിതറിയ സൂചനകളുണ്ടായിരുന്നുവെങ്കിലും പൂര്‍ണ്ണ സ്ഥിരീകരണം സാധ്യമായിരുന്നില്ല. ചാന്ദ്രപര്യവേഷണങ്ങള്‍ ഒരു നൈരന്തര്യമാണ്; ഒരിക്കല്‍ കണ്ടെത്തിയതുകൊണ്ടോ യാദൃശ്ചികമായി രേഖപ്പെടുത്തിയതുകൊണ്ടോ കാര്യമില്ല. നിരീക്ഷണഫലം തെളിവുകളുടെ സഹായത്തോടെ ആവര്‍ത്തിച്ചുറപ്പിക്കേണ്ടതുണ്ട്(Repeat and consoliate).ചന്ദ്രന്‍ പൊതുവെ ജലരഹിതമാണെങ്കിലും ചാന്ദ്രധ്രൂവത്തില്‍ ധാരാളം ജലനിക്ഷേപമുണ്ടെന്ന് ശാസ്ത്രലോകം അംഗീകരിക്കച്ചപ്പോഴും വിവാദപ്രിയര്‍ക്ക് തൃപ്തിയില്ല. 2006 ല്‍ പ്യൂര്‍ട്ടോറിക്കയിലെ ആര്‍സിബോ ഒബ്‌സര്‍വേറ്റി റഡാര്‍ മാപ്പിംഗ് നടത്തിയശേഷം ചാന്ദ്രധ്രൂവങ്ങളില്‍ ജലമില്ലെന്ന് കണ്ടെത്തിയെന്ന നുണപ്രചരണം അവരഴിച്ചുവിട്ടു. ലൂണാര്‍ പ്രോസ്‌പെക്റ്റര്‍ ചാന്ദ്രധ്രൂവം പഠിച്ചശേഷം എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ സംശയകരമാണെന്നായിരുന്നു മറ്റൊരു വികലവാദം. എന്തെന്നാല്‍ സര്‍കുലാര്‍ പോളാര്‍ റേഷ്യോ(Circular Polar ratio-CPR) വര്‍ദ്ധിച്ച് കാണപ്പെടുന്നത് ജലസാന്നിധ്യസൂചകമാണെന്ന് നാസ പറഞ്ഞതില്‍ കഴമ്പില്ലത്രെ. കാരണം ഹിമാധിക്യം മാത്രമല്ല ഉന്നത ഊഷ്മാവും(116 ഡിഗ്രി വരെ ചൂടുള്ള സ്ഥലങ്ങള്‍) സമാനമായ റഡാര്‍ ചിത്രങ്ങള്‍ സമ്മാനിക്കാറുണ്ട്. വാസ്തവത്തില്‍ പ്യൂര്‍ട്ടോറിക്കന്‍ ഒബസ്ര്‍വേറ്ററിയുടെ മേല്‍പ്പറഞ്ഞ നിരീക്ഷണഫലത്തില്‍ അത്ഭുതകരമായൊന്നുമില്ല. 116 ഡിഗ്രി ചൂടുള്ള സ്ഥലങ്ങളും ഹിമസാന്നിധ്യമുള്ള സ്ഥലങ്ങളും ഒരേ സി.പി. ആര്‍ കാണിക്കുമെന്ന സാങ്കേതികനിരീക്ഷണം ചാന്ദ്രധ്രൂവത്തെ സംബന്ധിച്ച പഠനങ്ങളില്‍ അപ്രസക്തമാണ്. സൂര്യന്‍ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത കൂറ്റന്‍ ഗര്‍ത്തങ്ങളാണ് ചാന്ദ്രധ്രൂവത്തിലുള്ളത്. അത്തരം കിടങ്ങുകളില്‍ ജലമില്ലെന്ന് വന്നാല്‍പോലും അതികഠിനമായ ശൈത്യം ഉറപ്പാണ്. അന്തരീക്ഷമില്ലാത്തതിനാല്‍ ചന്ദ്രനില്‍ ഒരു രീതിയിലുള്ള താപവാഹനവും സംഭവിക്കുകയുമില്ല. ചന്ദ്രന്റെ അച്ചുതണ്ടിന്റെ ചരിവ്, ധ്രൂവത്തിന്റെ പൊതുസ്ഥിതി എന്നിവ പരിശോധിച്ചാലും ചാന്ദ്രധ്രൂവം എപ്പോഴും ശൈത്യത്തിലാണെന്ന് ഉറപ്പിക്കാം. 116 ഡിഗ്രി ചൂടുള്ള ഒരു സ്ഥലവും ചാന്ദ്രധ്രൂവത്തിലുണ്ടാകില്ലെന്ന് പ്രത്യേകം പറയേണ്ടതില്ല. ചന്ദ്രനിലെന്നല്ല സൗരയൂഥത്തിലെ ഒരു ഗ്രഹ/ഉപഗ്രഹത്തിന്റെ ധ്രൂവത്തിലും ഇത്ര ഉയര്‍ന്ന ഊഷ്മാവിന് സാധ്യതയില്ല. ചന്ദ്രന്റെ മധ്യരേഖപ്രദേശത്തെ റഡാര്‍മാപ്പിംഗ് മുന്നോട്ടുവെക്കുന്ന CPR പരിശോധിച്ചിക്കുമ്പോള്‍ ഇത്തരം സാധ്യതകള്‍ പരിഗണിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ചാന്ദ്രധ്രൂവത്തിന്റെ കാര്യത്തില്‍ അത്തരം നിരീക്ഷണങ്ങള്‍ തീര്‍ത്തും അപ്രസ്‌കതമാണ്. 'ഇത്ര പെട്ടെന്നെങ്ങനെ' ജലം കണ്ടെത്തിയെന്ന ചോദ്യവും കഴമ്പില്ലാത്തതാണ്. ശാസ്ത്രത്തില്‍ അനുമാനങ്ങള്‍ നൂറ്റാണ്ടുകള്‍ നീണ്ടേക്കാം; പക്ഷെ സ്ഥിരീകരിക്കാന്‍ ഒരു നിമിഷംതന്നെ ധാരാളം. വ്യക്തമായ ജലസൂചന ലഭിച്ച 1996 ലെ ലൂണാര്‍പ്രോസ്‌പെക്റ്റര്‍ ലഭ്യമാക്കിയ ക്‌ളെമന്റിയ ഡേറ്റയില്‍നിന്നുതന്നെ (Clementine data) വേണമെങ്കില്‍ കാര്യങ്ങള്‍ ഉറപ്പിക്കാമായിരുന്നു. അതിലുപയോഗിച്ചിരുന്ന ന്യൂട്രോണ്‍ സ്‌പെക്‌റ്റോ മീറ്റര്‍ (Neutron Spectrometer) 0.1% ശതമാനംവരെയുള്ള ജലസാന്നിധ്യം തിരിച്ചറിയാന്‍ ശേഷിയുള്ളതായിരുന്നു. ചാന്ദ്രോപരിതലത്തിന്റെ പുറംപാളിയിലെ(Lunar regolith) ജലസാന്നിധ്യമാണ് അന്ന് നിരീക്ഷണവിധേയമാക്കിയത്. ഏതാണ്ട് 0.3-1% വരെ ജലസാന്നിധ്യമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. സൂക്ഷ്മഹിമപാളികള്‍ ചാന്ദ്രധ്രൂവങ്ങളിലാകെ ചിതറിക്കിടക്കുന്നുവെന്നും വ്യക്തമാക്കപ്പെട്ടിരുന്നു. ഉത്തരധ്രൂവത്തില്‍ (10,000-50,000 ചതുരശ്ര കിലോമീറ്റര്‍) ദക്ഷിണധ്രൂവത്തേക്കാള്‍ (5,000- 20,000 ചതുരശ്രകിലോമീറ്റര്‍) കൂടുതല്‍ ജലസാന്നിധ്യമുണ്ടെന്നായിരുന്നു കണ്ടെത്തല്‍. ക്ഷമാപൂര്‍വം കുറേക്കൂടി കാത്തിരിക്കാമെന്ന പക്വമായ നിലപാടാണ് അന്ന് നാസ സ്വീകരിച്ചതെന്ന് വ്യക്തം. എന്നാല്‍ വ്യാപനമല്ല മറിച്ച് ധ്രൂവങ്ങളിലെ ചില പ്രത്യേക പോക്കറ്റുകളില്‍ ഹിമനിക്ഷേപമുണ്ടെന്നാണ് (Localized concentrations) ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. ഉത്തരധ്രൂവത്തില്‍ 1850 ച.കീ വിസ്തീര്‍ണ്ണവും ദക്ഷിണധ്രൂവത്തില്‍ 650 ച.കീ വ്യസത്തിലും ഇടവിട്ട കാണപ്പെടുന്ന ഈ നിക്ഷേപം ഏതാണ്ട് 6.6 ബില്യണ്‍ ടണ്‍ കിലോഗ്രാം വരും. 150-250 ഡിഗ്രിവരെ പകല്‍ താപനിലയുയരുന്ന ചാന്ദ്രോപരിതലത്തില്‍ ഹിമപാളി നിലനില്‍ക്കില്ലെന്ന് നമുക്കറിയാം. കുറഞ്ഞ ആകര്‍ഷണശക്തിയുള്ള ചന്ദ്രന് നീരാവി ബഹിരാകാശത്തേക്ക് വാര്‍ന്നുപോകുന്നത് തടയാനുമാകില്ല. ചന്ദ്രനിലെ ജലസാന്നിധ്യം ധ്രൂവങ്ങള്‍പോലുള്ള നിഴല്‍പ്രദേശങ്ങളില്‍ മാത്രമായിരിക്കുമെന്ന് നമുക്കറിയാമായിരുന്നു. ഉത്തരധ്രൂവത്തില്‍ ഇത്തരം സ്ഥിരം നിഴല്‍പ്രദേശങ്ങള്‍ കുറവാണെങ്കിലും അവിടെ ജലസാന്നിധ്യം താരതമ്യേന കൂടുതലാണെന്നായിരുന്നു ലൂണാര്‍ പ്രോസ്‌പെക്റ്റര്‍ കണ്ടെത്തല്‍. ഈ പ്രദേശങ്ങളിലെ ആഴമേറിയ കിടങ്ങുകളില്‍ നല്ലതോതില്‍ ഹിമസാന്നിധ്യമുണ്ടെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്. 12 കിലോമീറ്റര്‍ വരെ ആഴമുള്ള, മൈനസ് 250 ഡിഗ്രിയില്‍ താണ ഊഷ്മാവുള്ള , ഈ കിടങ്ങുകളുടെ അടിത്തട്ടിലെ ജലസാന്നിധ്യം ബില്യണ്‍ക്കണക്കിന് വര്‍ഷം സുരക്ഷിതമായിരിക്കും. ചാന്ദ്രോപരിതലത്തില്‍ ഇടിച്ച് വീഴുന്ന ധൂമകേതുക്കളില്‍ ധാരാളം ഹിമവും നീരാവിയുമുണ്ടാകും. ചാന്ദ്രധ്രൂവത്തില്‍ കിടങ്ങുകള്‍ രൂപംകൊണ്ടത് ഉല്‍ക്കപതനം കൊണ്ടാണെന്ന നിഗമനവും ജലസാന്നിധ്യം സംബന്ധിച്ച കണ്ടെത്തലുകളെ ശക്തമായി പിന്തുണയ്ക്കുകയാണ്.ചന്ദ്രനിലെ ജലം സംബന്ധിച്ച് ഇപ്പോള്‍ വന്നിട്ടുള്ളത് കേവലം സാധ്യതാപ്രവചനമല്ല. കാര്യങ്ങള്‍ തീര്‍ച്ചമൂര്‍ച്ച വരുത്തി ഉറപ്പിച്ചതായാണ് നാസ അറിയിക്കുന്നത്;വിശദാംശങ്ങള്‍ പര്യസ്യപ്പെടുത്തിയിട്ടുമുണ്ട്. ചന്ദ്രനില്‍ ജലമുണ്ടെന്ന് പറഞ്ഞ് അമേരിക്കയ്ക്ക് ലോകത്തെ പറ്റിക്കാനാവുമെന്ന വാദം അതിചിന്തയാണ്. മനുഷ്യരെ അയക്കാതെ ഇന്ത്യപോലുള്ള ഒരു നവാഗത പര്യവേഷകരാജ്യത്തിനുപോലും പരിശോധിച്ചറിയാവുന്ന കാര്യമാണിത്. ഇനി ഏത് രാജ്യം ചാന്ദ്രപര്യവേഷണം നടത്തിയാലും ജലവിഷയം സസൂക്ഷ്മം പരിശോധിക്കപ്പെടും. ഇതൊന്നും അറിയാത്ത മണ്ടശിരോമണികളാണ് നാസയിലിരിക്കുന്നതെന്ന വാദം ഉദാത്തമാണോ? അമേരിക്ക ഒരു സാമ്രാജ്യത്വശക്തിയാണെന്നതുകൊണ്ട് മാത്രം അവരുടെ നേട്ടങ്ങള്‍ തള്ളാനാവില്ല.നാളെ ഇസ്‌ളാമികസാമ്ര്യാജ്യത്വം സമാനമായൊരു പഠനഫലമായി മുന്നോട്ടുവന്നാലും അത് പരിശോധിച്ച് അംഗീകരിക്കാന്‍ ശാസ്ത്രലോകത്തിന് ബാധ്യതയുണ്ട്. അന്വേഷകരുടെ രാഷ്ട്രീയ-സാംസ്‌ക്കാരിക പശ്ചാത്തലത്തിനല്ല ഇക്കാര്യത്തില്‍ പ്രാധാന്യം. ഇപ്പോഴത്തെ നിലയ്ക്ക് ചന്ദ്രനില്‍ കണ്ടെത്തിയ ജലസാന്നിധ്യംകൊണ്ട് വലിയ നേട്ടമുണ്ടെന്ന് പറയാനാവില്ലെങ്കിലും ഭൂഗര്‍ഭജലംപോലെ ചന്ദ്രന്റെ ഉള്ളറയില്‍ ഹിമരൂപത്തിലോ മറ്റോ ജലം(H2O)ശേഖരിക്കപ്പെട്ടിട്ടുണ്ടങ്കില്‍ കളി മാറും. ബഹിരാകാശ യാത്രയ്ക്കുള്ള ഇടത്താവളമായി ഉപയോഗിക്കാമെന്ന് മാത്രമല്ല ഭൂമിയില്‍നിന്ന് ജീവന്‍ പറിച്ചു നടന്നതുള്‍പ്പെടെയുള്ള സ്വപ്നങ്ങള്‍ക്ക് അത് ശക്തിപകരുകയും ചെയ്യും. 

ചന്ദ്രയാന്‍-ഒന്നിലെ (Chandrayaan-I) മൂണ്‍ ഇംപാക്റ്റ് പ്രോബിലെ (The Moon Impact Probe) മൂണ്‍ മിനറോളജി മാപ്പര്‍ വഴി (Moon Minerolgy Mapper (M3)ഏതാണ്ട് പത്ത് മാസത്തിന് മുമ്പ് തന്നെ ചന്ദ്രനില്‍ ജലമുണ്ടെന്ന് തിരിച്ചറിഞ്ഞതാണ്. പക്ഷെ പ്രോട്ടോക്കോള്‍പ്രകാരം ഇന്ത്യക്ക് അന്നത് പരസ്യമായി പ്രഖ്യാപിക്കാനാവുമായിരുന്നില്ലെന്ന് മാത്രം. ഇംപാക്റ്റ് പ്രോബില്‍നിന്ന് ലഭിച്ച ഡേറ്റാ ഇന്ത്യ നാസയ്ക്ക് കൈമാറിയതിന്റെ ഒരു കാരണം അത്തരം ഡേറ്റ സൂക്ഷ്മമായി വിശകലനംചെയ്യാനുള്ള സാങ്കേതികജ്ഞാനം അമേരിക്ക, റഷ്യ, ചില യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമേ ലഭ്യമായിട്ടുള്ളു എന്നതാണ്. ബഹിരാകാശ സാങ്കേതികവിദ്യയുടെ (Space technology and applications)കാര്യത്തില്‍ നാം ഏറെ പുരോഗമിച്ചിട്ടുണ്ടെങ്കിലും ഇത്തരം ഡേറ്റാപഠനത്തിന്റെ കാര്യത്തില്‍ നമുക്ക് വേണ്ടത്ര മുന്‍പരിചയമില്ലെന്നത് ഒരു വസ്തുതയാണ്. തിടുക്കത്തില്‍ പ്രഖ്യാപനംനടത്തി പിന്നീട് വിഡ്ഢികളാകുന്നതിനേക്കാള്‍ നല്ലത് കൂടുതല്‍ സാങ്കേതികപരിജ്ഞാനമുള്ള ഏജന്‍സികളെക്കൊണ്ട് പരിശോധിച്ചുറപ്പുവരുത്തുന്നത് തന്നെ. ചന്ദ്രയാനില്‍ സൗജന്യമായി കൊണ്ടുപോയ മൂണ്‍ ഇംപാക്റ്റ് പ്രോബ് ശേഖരിച്ച ഡേറ്റ സംബന്ധിച്ച് സ്വന്തം നിലയില്‍ പ്രഖ്യാപനം നടത്താന്‍ കരാര്‍പ്രകാരം ഐ.എസ്.ആര്‍ ഒ യ്ക്ക് കഴിയുമായിരുന്നില്ലെന്നതും വസ്തുതയാണ്. അമേരിക്കന്‍ ഉപകരണം സൗജന്യമായി കൊണ്ടുപോയത് നമ്മുടെ ഔദാര്യമായി ലഘൂകരിക്കാനാവില്ല. 40 വര്‍ഷത്തിന് മുമ്പ് ചാന്ദ്രയാത്രയുടെ എരിവും പുളിവുമറിഞ്ഞ ഒരു രാജ്യം നല്‍കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശകങ്ങള്‍ ഇന്ത്യയെപ്പോലൊരു കന്നിക്കാരിക്ക് എത്രമാത്രം സഹായകരമായിരിക്കുമെന്ന് പറയേണ്ടിതില്ല. ഒരു പാലമിട്ടാല്‍ അങ്ങോട്ടുമിങ്ങോട്ടും പോകാമെന്നറിയാന്‍ ചന്ദ്രയാന്‍ വിക്ഷേപിച്ച വകയില്‍ തുലഭാരമാടുകയും രഥംവലിക്കുകയും ചെയ്ത ഐ.എസ്.ആര്‍.ഒ മേധാവികളുടെ ദിവ്യദൃഷ്ടിയൊന്നും ആവശ്യമില്ലല്ലോ.*******