Pages

Thursday 10 November 2011

ചന്ദ്രനില്‍ ചാടുമ്പോള്‍

Apollo-16: John young
gives a jump salute to US flag
ചന്ദ്രനില്‍ വെച്ച് ചിത്രീകരിച്ച നാസാദൃശ്യങ്ങളില്‍ പുറമേ നിന്ന് ശബ്ദം കയറ്റിയും മോര്‍ഫ് ചെയ്തും ഹോക്‌സ് വീരന്‍മാര്‍ ആഘോഷിക്കാറുണ്ടെങ്കിലും അടിസ്ഥാനപരമായി അത്തരം ദൃശ്യങ്ങള്‍ ഭൂമിയില്‍ വെച്ച് ചിത്രീകരിക്കാനാവില്ലെന്ന് അവരും ഏറെക്കുറെ സമ്മതിക്കും. പ്രസ്തുത വീഡിയോ ദൃശ്യങ്ങള്‍ ഭൂമിയില്‍ വെച്ച് ഷൂട്ട് ചെയ്യാനാവുകയില്ല എന്ന വസ്തുതയെ നേരിടാനാവില്ലെന്ന് മനസ്സിലാക്കിയ തട്ടിപ്പുവാദക്കാര്‍ ബദലായി മറ്റൊരു വിചിത്രവാദമാണ് മുന്നോട്ടുവെക്കുന്നത്. അതായത് ചന്ദ്രനില്‍ വെച്ച് ഷൂട്ട് ചെയ്ത ദൃശ്യങ്ങളൊക്കെ ഇരട്ടി വേഗത്തില്‍ (double speed) പ്രവര്‍ത്തിപ്പിച്ചാല്‍ (play) മതി, അത് ഭൂമിയില്‍ വെച്ച് ചിത്രീകരിച്ച ദൃശ്യങ്ങള്‍ക്ക് തുല്യമായി തീരും! ഡേവിഡ് പെര്‍സിയെ (David percy) പോലൊരാള്‍ ഇത് പറയുമ്പോള്‍ നാമത് ശ്രദ്ധിക്കണം. അതായത് സംഗതി വളരെ എളുപ്പമാകുന്നു-ഭൂമിയില്‍ വെച്ച് ചിത്രീകരിക്കുക, ശേഷം പകുതിവേഗതയില്‍ പ്‌ളെ ചെയ്യുക- ചാന്ദ്രദൃശ്യങ്ങള്‍ തയ്യാറായിക്കഴിഞ്ഞു!

നാം സിനിമയില്‍ സ്‌ളോമോഷന്‍ (slow motion) കാണാറുണ്ട്. സ്‌ളോമോഷനും ചാന്ദ്രവീഡിയോകളും താരതമ്യം ചെയ്യുന്നവര്‍ക്ക് ഈ വാദത്തിലെ കഥയില്ലായ്മ പെട്ടെന്ന് ബോധ്യപ്പെടും. നഗ്നനേത്രങ്ങള്‍കൊണ്ട് വ്യക്തമായി തിരിച്ചറിയാവുന്ന വ്യത്യാസമാണിവിടെയുള്ളത്. പെര്‍സി ഇരട്ടി വേഗതയില്‍ ചാന്ദ്രദൃശ്യങ്ങള്‍ പ്‌ളേ ചെയ്തു കാണിക്കുന്ന ഹോക്‌സ് വീഡിയോ കണ്ടാലും ഇത് ബോധ്യപ്പെടും. അതില്‍ ഇരട്ടി വേഗതയില്‍ ചാന്ദ്രദൃശ്യങ്ങള്‍ പ്‌ളേചെയ്യുമ്പോള്‍ ഭൂമിയിലെ സ്വഭാവിക ചലനവേഗതയല്ല നാം കാണുന്നത്. തീര്‍ച്ചയായും നമുക്ക് പരിചിതമായ സ്‌ളോമോഷനല്ല ചാന്ദ്രദൃശ്യങ്ങളിലുള്ളത്. അതായത് ഇരട്ടിവേഗതയിലും പകുതി വേഗതയിലും നമുക്ക് നാസാചിത്രങ്ങളുടെ വേഗതയും താളവും ലഭിക്കുന്നില്ല. നാസ വിഡീയോകള്‍ സ്‌ളോമോഷനില്‍ പ്‌ളേ ചെയ്താല്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാക്കും.

വേഗത മാത്രമല്ല ഇവിടെ പരിശോധിക്കേണ്ടത്. നാസാ വീഡിയോകള്‍ പരിശോധിക്കുന്ന ആര്‍ക്കും ചാന്ദ്രസഞ്ചാരികളുടെ ചലനത്തിന് വേണ്ടി വരുന്ന ആയാസം (effort) ഭൂമിയെ അപേക്ഷിച്ച് വളരെ കുറവാണെന്ന് തിരിച്ചറിയാനാവും. തിരിയാനും മറിയാനുമൊക്കെ ഭൂമിയില്‍ ചെയ്യുന്നതുപോലെ ചന്ദ്രനില്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ കറങ്ങിയടിച്ച് തറയില്‍ക്കിടക്കും.

തറയില്‍ വീണാലും പേടിക്കാനില്ല. നിഷ്പ്രയാസം എഴുന്നേല്‍ക്കാം. കാരണം, എഴുന്നേല്‍ക്കാനും തിരിയാനുമൊക്കെ ഭൂമിയില്‍ പ്രയോഗിക്കുന്നതിലും വളരെക്കുറച്ച് ബലം (ആറിലൊന്ന്) മതിയാകും (
http://www.youtube.com/watch?v=Ufs0mnE4Ocs&feature=related). ഭൂമിയില്‍ പ്രയോഗിക്കുന്ന അതേ ബലം പ്രയോഗിച്ച് കൈകുത്തി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചാല്‍ ചന്ദ്രനില്‍ 'അന്തരീക്ഷ'ത്തിലേക്ക് അല്‍പ്പം ഉയരും. പവര്‍ സ്റ്റീയറിംഗ് ഉള്ള പുതിയ തലമുറ കാറുകളുടെ സ്റ്റീയറിംഗ് പഴയ ചരക്കു ലോറികളുടെ സ്റ്റീയറിംഗ് പിടിച്ചുതിരിക്കുന്നതുപോലെ തിരിച്ചാല്‍ വണ്ടി വല്ലവരുടേയും പരുയിടത്തിലേക്ക് പോവുന്നത് കാണാം. അതുതന്നെയാണ് ചന്ദ്രനിലെ ചലനങ്ങള്‍ക്കാവശ്യമായ ആയാസത്തിന്റെ കാര്യത്തില്‍ സംഭവിക്കുക. വളരെ മെല്ലെ...മൃദുവായി വേണം എന്തെങ്കിലും ചെയ്യാന്‍. മാസങ്ങളോളം ഇതിനുള്ള പരിശീലനം ലഭിച്ചശേഷമാണ് യാത്രികര്‍ ചന്ദ്രനിലെത്തിയത്.
John young
അപ്പോളോ 16 ലെ സഞ്ചാരിയായ ജോണ്‍ യംഗ് അമേരിക്കന്‍ പാതാകയെ നോക്കി അഭിവാദ്യം ചെയ്യുന്ന വീഡിയോയില്‍ ഉയര്‍ന്ന് ചാടിയിട്ട് അദ്ദേഹം ലാന്‍ഡ് ചെയ്തത് ശ്രദ്ധിക്കുക(http://www.youtube.com/watch?v=OSJlL4wqLGo&feature=related). 85 കിലോ ഭാരവുമായി ആര്‍ക്കെങ്കിലും ഭൂമിയില്‍ ഇങ്ങനെ ചാടാനാവുമോ? മറിഞ്ഞുവീഴാതെ ഇത്ര അനായാസം ലാന്‍ഡ് ചെയ്യാനാവുമോ? കൊച്ചുകുട്ടികള്‍ തുള്ളിച്ചാടുന്നതുപോലെ വീണ്ടും വീണ്ടും ചാടാനാകുമോ? ഭൂമിയില്‍ അസാധ്യമായ കാര്യമാണിതെന്നതില്‍ രണ്ടു പക്ഷമുണ്ടാകാനിടയില്ല. ഇതുപോലെ ഭൂമിയില്‍ ചാടുന്ന(?) ഒരാളുടെ കുതിപ്പും കിതപ്പുമൊന്നും യംഗില്‍ കാണാനില്ല. സ്‌പേസ് സ്യൂട്ടിന്റെ ഭാഗമായി ധരിച്ചിരിക്കുന്ന ഹെല്‍മറ്റ് കാരണം തലയുയര്‍ത്തി നേരാംവണ്ണം സൂര്യനെ നോക്കാന്‍ പോലും ബുദ്ധിമുട്ടുള്ളിടത്താണ് അദ്ദേഹം ഇങ്ങനെ തുള്ളിച്ചാടുന്നത്.
Miandad mimics More
ജോണ്‍ യംഗിന്റെ ചാട്ടത്തിന്റെ ആയാസരാഹിത്യം പെട്ടെന്ന് ബോധ്യപ്പെടണമെന്നുണ്ടെങ്കില്‍ 1992 ലെ ലോകകപ്പ് ക്രിക്കറ്റിലെ ഇന്ത്യാ-പാക് മത്സരത്തില്‍ ജാവേദ്മിയന്‍ദാദ് കിരണ്‍ മോറെയെ അനുകരിച്ച് നടത്തുന്ന തവളച്ചാട്ടവും മേല്‍പ്പറഞ്ഞ അപ്പോളോ ദൃശ്യവുമായി ഒരു താരതമ്യം ചെയ്താല്‍ മതി. രണ്ടും യു-ട്യൂബിലുണ്ട്. (http://www.youtube.com/watch?v=qwnnKUwt8xw)
ചാന്ദ്രസഞ്ചാരികള്‍ ധരിക്കുന്ന സ്‌പേസ് സ്യൂട്ട് സഞ്ചാരസ്വാതന്ത്ര്യം വളരെയേറെ പരിമിതപ്പെടുത്തുന്ന ഒന്നാണെന്നറിയാമല്ലോ. ഭൂമിയില്‍ ഈ സ്യൂട്ടും ധരിച്ച് ആയാസത്തോടെ നടന്നാണ് അവര്‍ വിക്ഷേപണ വാഹനത്തില്‍ കയറുന്നത്. പക്ഷെ ചന്ദ്രനില്‍ വെച്ച് അവര്‍ എളുപ്പത്തില്‍ കുതിച്ചുചാടുകയും ഹാമര്‍ത്രോ എറിയുകയും ഗോള്‍ഫ് കളിക്കുകയും ഓടിത്തിമിര്‍ക്കുകയും ചെയ്തു. താരതമ്യേന അനായാസമായാണ് അവരത് ചെയ്തത്. 

നാസ വിഡിയോകളില്‍ യാത്രികര്‍ കുത്തനെ ഉയര്‍ന്ന് ചാടുന്ന (hop) പല രംഗങ്ങളുമുണ്ട്. ഈ വീഡിയോ കാണിച്ചിട്ട് ''ചന്ദ്രനിലാണെങ്കില്‍ ഇത്രയും ചാടിയാല്‍ പോരാ, ആറിലൊന്ന് ഗുരുത്വാകര്‍ഷണമുള്ള സ്ഥലത്ത് 'ആറിരട്ടി' പൊക്കത്തില്‍ ചാടാന്‍ സാധിക്കണമെന്ന് വാദിച്ച് ചാന്ദ്രയാത്ര തട്ടിപ്പാണെന്ന് തെളിയിക്കുന്ന വിദഗ്ധന്‍മാരുമുണ്ട്. അവര്‍ പറയുന്നതിതാണ്: ഭൂമിയില്‍ 1 മീറ്റര്‍ പൊക്കത്തില്‍ കുത്തനെ ഉയര്‍ന്ന് ചാടാന്‍ കഴിയുന്ന ഒരാള്‍ക്ക് ചന്ദ്രനില്‍ 6 മീറ്റര്‍ പൊക്കത്തില്‍ ചാടാന്‍ സാധിക്കണം. കാരണം അവിടെ ആറിലൊന്നു ഗുരുത്വാകര്‍ഷണമല്ലേയുള്ളൂ. പുസ്തകം വാങ്ങി വായിക്കുന്ന കോവിദന്‍മാര്‍ അന്തംവിടും. 6 മീറ്റര്‍ പൊക്കത്തില്‍, പോട്ടെ 4 മീറ്റര്‍ പൊക്കത്തില്‍പോലും ഒരു അപ്പോളോ സഞ്ചാരിക്കും ചാടാനായില്ല എന്നല്ലേ നാം മനസ്സിലാക്കുന്നത്? അതില്‍നിന്നും ചാന്ദ്രയാത്ര തട്ടിപ്പായിരുന്നുവെന്ന് സംശയാതീതമായ തെളിയുന്നു. ഹോക്‌സ് ജനുസ്സില്‍പ്പെട്ട ഒരു കിടിലന്‍ പുസ്തകത്തിന് വകുപ്പായി!

ശരിയാണ്, ചാന്ദ്രയാത്രികരില്‍ ആരും തന്നെ ആറ് മീറ്റര്‍ ഉയരത്തില്‍ ചാടിയിട്ടില്ല; ചാടുകയുമില്ല. കാരണം പലതുണ്ട്. ആദ്യമായി കണക്ക് തന്നെ തെറ്റാണ്. ഹോക്‌സ് സൈദ്ധാന്തികരുടെ ഇതേ കണക്കനുസരിച്ച് തറനിരപ്പില്‍നിന്നും 2.45 മീറ്ററിലധികം ഉയരത്തില്‍ ചാടുന്ന ഭൂമിയിലെ ഹൈജമ്പ് ലോകറെക്കാഡുകാരനെ ചന്ദ്രനിലെത്തിച്ചാല്‍ അയാള്‍ കുറഞ്ഞത് 15 മീറ്റര്‍ ഉയരത്തില്‍ ചാടുമെന്നാണ് കരുതേണ്ടത്. അതായത്, ചന്ദ്രനില്‍ ഏതാണ്ട് ഒരു മൂന്നുനില കെട്ടിടത്തിന്റെ പൊക്കത്തിലെത്താന്‍ അയാള്‍ക്ക് സാധിക്കണം. ശാസ്ത്രീയമായ അജ്ഞതയാണോ ഗണിതപരമായ അജ്ഞതയാണോ ഇവിടെയും തട്ടിപ്പുവാദികളുടെ തുണയ്‌ക്കെത്തുന്നതെന്ന് കൃത്യമായി പറയാനാവില്ല.

ഉയര്‍ന്ന് ചാടുമ്പോള്‍ കൈവരിക്കുന്ന ഉയരം നാമെങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത്? ശിരസ്സ് എത്തിപ്പെടുന്ന ഉയരമോ? അതോ പാദങ്ങള്‍ തറനിരപ്പില്‍ നിന്നും കൈവരിക്കുന്ന ഉയരമോ? രണ്ടും പരിഗണിക്കാനാവില്ല. കുത്തനെ ഉയര്‍ന്നുചാടുമ്പോള്‍ ശരിക്കും നാം നമ്മുടെ ഗുരുത്വകേന്ദ്രം(centre of gravity) അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തുകയാണ് ചെയ്യുന്നത്. നമ്മുടെ ഗുരുത്വകേന്ദ്രം ഏതാണ്ട് നാഭീകേന്ദ്രത്തിന് അടുത്തായി വരും. അതായത് 1.80 മീറ്റര്‍ ഉയരമുള്ള ഒരു ആറടിക്കാരന്‍ നിവര്‍ന്നുനില്‍ക്കുമ്പോള്‍ അയാളുടെ ഗുരുത്വകേന്ദ്രം ഒരു മീറ്റര്‍ പൊക്കത്തിലാണെന്ന് കരുതാം. അങ്ങനെയെങ്കില്‍ അയാള്‍ ഒന്നര മീറ്റര്‍ ഉയരത്തില്‍ ചാടുമ്പോള്‍ ശരിക്കും ചാടുന്നത് അര മീറ്റര്‍ മാത്രം. അതായത് 1 മീറ്റര്‍ ഉയരത്തിലുള്ള ഗുരുത്വകേന്ദ്രം അരമീറ്റര്‍ കൂടി അധികം (extra height) ഉയര്‍ത്തിയപ്പോഴാണ് തറനിരപ്പില്‍നിന്നും ഒന്നര മീറ്റര്‍ ഉയരത്തില്‍ അയാള്‍ ചാടിയെന്ന് നാം പറയുന്നത്. അപ്പോള്‍ ടിയാന്‍ യഥാര്‍ത്ഥത്തില്‍ ചാടിയത് അര മീറ്ററാണ്; മൊത്തം കണക്കില്‍ ഒന്നര മീറ്ററും. ഹൈജമ്പില്‍ നമുക്ക് നമ്മുടെ ഉയരത്തില്‍ ചാടാന്‍ പോലും പലപ്പോഴും പ്രയാസമാണ്. കുത്തനെ ഉയര്‍ന്ന് പൊങ്ങുമ്പോള്‍ താണ്ടുന്ന ഉയരം അതിലും കുറവായിരിക്കും. അങ്ങനെയെങ്കില്‍ ഭൂമിയില്‍ അര മീറ്റര്‍ ചാടുന്ന ഒരാള്‍ ചന്ദ്രനില്‍ ചാടുക കേവലം മൂന്ന് മീറ്റര്‍(0.5X6) പൊക്കത്തില്‍ മാത്രമായിരിക്കും.

ഏതാണ്ട് 85 കിലോ ഭാരം വരുന്ന സ്‌പേസ് സ്യൂട്ടും യന്ത്രസംവിധാനങ്ങളും ഏരിയലുമൊക്കെയായി ചന്ദ്രയാത്രികര്‍ കുത്തനെ ചാടിയത് 3 മീറ്റര്‍ ഉയരത്തിലും കുറവാണ്. പക്ഷെ യാതൊരു പരിശീലനവുമില്ലാതെ, ഭൂമിയെ അപേക്ഷിച്ച് ഗണ്യമായ ഉയരം കൈവരിക്കാന്‍ അവര്‍ക്കായി. ഭൂമിയിലൊരിക്കലും ചിന്തിക്കാന്‍ പോലുമാകാത്ത ഉയരമാണത്. ഭൂമിയില്‍ സമാനമായ സ്‌പേസ് സ്യൂട്ടുമായി അരയടി പൊക്കത്തില്‍പോലും കുത്തനെ മുകളിലോട്ട് ചാടാനാവില്ല. മാത്രമില്ല താഴോട്ട് വീഴുന്ന വേഗതയും(falling speed) ഗുരുത്വബലം കുറവുള്ള ഒരു ഗ്രഹത്തില്‍ സംഭവിക്കേണ്ട നിരക്കിലാണ്. ഭൂമിയില്‍ 85 കിലോ ഭാരവുമായി 75 കിലോ ശരീരഭാരമുള്ള ഒരാള്‍ ഇത്തരത്തില്‍ പൊങ്ങിച്ചാടികൊണ്ടിരുന്നാല്‍ 
 അയാള്‍ക്ക്‌ അസ്ഥി സംബന്ധമായ പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്. പക്ഷെ പേടിക്കേണ്ട, ഭൂമിയില്‍ ഇത് സാധ്യമല്ല. ചന്ദ്രനില്‍ 85 കിലോ ഭാരം 15 കിലോയിലും താഴെയായിരുന്നു; ശരീരഭാരമാകട്ടെ 12 കിലോയും. അങ്ങനെ മൊത്തം 27-28 കിലോ മാത്രം. ഈ ഭാരം അനായാസം ഉയര്‍ത്താനുള്ള പേശീഘടനയും കരുത്തും നമുക്കുണ്ട്. ഈ ശാസ്ത്രവസ്തുതകള്‍ ബോധ്യപ്പെടുന്ന ആരും ഇത്തരം ഹോക്‌സ് ആരോപണങ്ങളോട് പ്രതികരിക്കാന്‍ പോലും തയ്യാറാവില്ല. 

ശ്രദ്ധിക്കുക, സ്‌പേസ് സ്യൂട്ടിന്റെ ശരാശരി ഭാരം 85 കിലോഗ്രാമും ആസ്‌ട്രോനോട്ടിന്റെ ശരാശരി ഭാരം 75 കിലോ കൂടിയാകുമ്പോള്‍ ശരാശരി 160 കിലോഗ്രാമായി. അത്രയും ഭാരം കുത്തനെ മുകളിലേക്ക് ഉയര്‍ത്തുന്നതിനെ കുറിച്ചാണ് നാം സംസാരിക്കുന്നത്. പക്ഷെ ചന്ദ്രനില്‍ ഇത് കേവലം 27 കിലോഗ്രാമാണല്ലോ. ഭൂമിയിലാണെങ്കിലും സാധാരണ ഒരാള്‍ ചാടുന്നതിന്റെ വളരെകുറച്ച് ഉയരം മാത്രമേ 85 കിലോഗ്രാം പേറുന്ന ഒരാള്‍ക്ക് ചാടാനാവൂ എന്നതില്‍ തര്‍ക്കമില്ലല്ലോ. അപ്പോള്‍ ''ആറിരട്ടി'' എന്ന കണക്ക് പ്രായോഗികതലത്തില്‍ ദുര്‍ബലപ്പെടുകയാണ്. ചാടുന്നത് മനുഷ്യനായതുകൊണ്ട് വേറെയും പ്രശ്‌നമുണ്ട്. ഭാരം കൂടിയാല്‍ അവന് ചാടാനേ കഴിയില്ല. സ്‌പേസ് സ്യൂട്ട് നില്‍ക്കുന്ന നില്‍പ്പില്‍ മുകളിലോട്ട് കുതിക്കാന്‍ (leap)പ്രതിബന്ധമുണ്ടാക്കുന്ന ഒരു സംവിധാനമാണെന്ന് മറക്കരുത്. സ്യൂട്ട് യാത്രികരുടെ സക്രിയതയും ചലനാത്മകതയും നല്ലൊരളവില്‍ തടസ്സപ്പെടുത്തുന്നുണ്ട്. കൈമുട്ടും കാല്‍മുട്ടം വേണ്ടത്ര വളയ്ക്കാനാവില്ല. കുതിപ്പിന് ആവശ്യമായ വലിവും പ്രവേഗവും കൈവരിക്കുക എളുപ്പവുമല്ല. നില്‍ക്കുന്ന നില്‍പ്പില്‍ മുകളിലോട്ട് ചാടണമെങ്കില്‍ കാല്‍മുട്ട് നന്നായി വളഞ്ഞേ തീരു. ഇല്ലെങ്കില്‍ ആര്‍ജ്ജിക്കുന്ന ഉയരം ഗണ്യമായി കുറയും. ചന്ദ്രനില്‍ സ്‌പേസ് സ്യൂട്ടില്‍ നിന്നുകൊണ്ട് ചാടിയവര്‍ക്ക് ഈ പ്രശ്‌നമുണ്ടായിരുന്നു. അപ്പോള്‍ ചന്ദ്രനിലായാലും സ്‌പേസ് സ്യൂട്ടിട്ട് ചാടിയാല്‍ വളരെ കുറച്ച് ഉയരമേ കൈവരിക്കാനാവുകയുള്ളു. അതായത് നാം മുമ്പ് സൂചിപ്പിച്ച രീതിയില്‍ മൂന്ന് മീറ്റര്‍ ഉയരം ആ അവസ്ഥയില്‍ ദുഷ്‌ക്കരമാണ്.

ഇടയ്ക്കു പറയട്ടെ, ചന്ദ്രനില്‍ ലാന്‍ഡ് ചെയ്ത ല്യൂണാര്‍മോഡ്യൂളിനുള്ളില്‍ ഭൗമാന്തരീക്ഷമാണുള്ളത്. എന്നാല്‍ പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് (EVM-Extra vehicular activities)സ്‌പേസ് സ്യൂട്ട് കൂടിയേ തീരൂ. സ്‌പേസ് സ്യൂട്ടില്ലാതെ പരമാവധി 15 സെക്കന്‍ഡില്‍ കൂടുതല്‍ ബഹിരാകാശത്ത് തങ്ങാനാവില്ലെന്നാണ് കരുതപ്പെടുന്നത്. ഭാരരഹിതമായ അവസ്ഥയില്‍ ശരീരത്തിന്റെ ആകൃതി പെട്ടെന്ന് നഷ്ടപ്പെടും. ശരീരം വീര്‍ത്ത് ഏതാണ്ട് ഇരട്ടിയോളം വലുതാകും, മാത്രമല്ല ശ്വാസം പുറത്തുവിടാനാവശ്യമായി തോതില്‍ ചുരുങ്ങാന്‍ ശ്വാസകോശത്തിന് കഴിയാതെ വരുന്നതിനാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ യാത്രികന്‍ കുഴഞ്ഞുവീഴും. സംഭവിക്കാനിടയുള്ള മറ്റ് അപകടങ്ങളൊക്കെ വിട്ടുകളയുക, ഒരു സെക്കന്‍ഡ് പോലും സ്‌പേസ് സ്യൂട്ടില്ലാതെ ബഹിരാകാശത്ത് കഴിയാനാവില്ല.

ഭൂമിയിലെ ആറിലൊന്ന് ഭാരം അനുഭവപ്പെടുമെന്നതിനാല്‍ ചന്ദ്രനില്‍ സ്ഥിതി അത്രയും ഗുരുതരമല്ല. പക്ഷെ പ്രാപഞ്ചികരശ്മികള്‍, റേഡിയേഷന്‍, അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവയുടെ നിരന്തരപ്രസരണവും ഒപ്പം അതിതീവ്ര കാലവസ്ഥയുമുള്ള ചന്ദ്രനില്‍ സ്‌പേസ് സ്യൂട്ടില്‍ നിന്ന് പുറത്തുവരുന്നത് ആത്മഹത്യാപരമായിരിക്കും. മാത്രമല്ല ബോധം കെട്ട് വീഴുകയോ മറ്റോ ചെയ്താല്‍ പെട്ടെന്നൊരു തിരിച്ചുവരവ് (recovery) പ്രായേണ ദുഷ്‌ക്കരമാവും. സ്‌പേസ് സ്യൂട്ട് ഒരു കൃത്രിമഭൂമിയാണ്. മര്‍ദ്ദവും ഊഷ്മാവുമൊക്കെ കൃത്യമായി അതിനുള്ളില്‍ ക്രമീകരിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ 12 പേര്‍ ചന്ദ്രനിലിറങ്ങി മണിക്കൂറുകളോളം അവിടെ 
 ചെലവിട്ടുവെങ്കിലും ചന്ദ്രന്‍ എങ്ങനെയിരിക്കുമെന്ന് ഒരു മനുഷ്യനും ഇന്നുവരെ അറിഞ്ഞിട്ടില്ല, അനുഭവിച്ചിട്ടില്ല.

ചന്ദ്രനിലെ ചാട്ടത്തിലേക്ക് തിരികെ വരാം. ചാന്ദ്രദൃശ്യങ്ങളില്‍ നിന്നും വിഡിയോയില്‍ നിന്നും യാത്രികര്‍ കുത്തനെ ഉയര്‍ന്ന് ചാടുമ്പോള്‍ ശരാശരി 10 അടിയിലേറെ ഉയരം കൈവരിക്കുന്നതായി കണക്കാക്കപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ മൊത്തം ശരാശരി 160 കിലോഗ്രാം ഭാരമാണ് സ്വന്തം ഊര്‍ജ്ജം കൊണ്ട് ചാന്ദ്രയാത്രികര്‍ 10 അടി ഉയരത്തിലേക്ക് ഉയര്‍ത്തുന്നത്. ഓള്‍ഡ്രിന്‍ ഒരു ചിത്രത്തില്‍ ഏകദേശം 12 അടി പൊക്കത്തില്‍ ചാടുന്നുണ്ട്. എന്നാല്‍ പിന്നീടെത്തിയ യാത്രികര്‍ ഈ 'റെക്കോഡ്'തകര്‍ക്കുന്നതും നാം കാണുന്നു.

ഇനി പ്രായോഗികത വിട്ട് അല്‍പ്പം സൈദ്ധാന്തികമായി ചിന്തിക്കാം. ഭൂമിയിലെ പലായനപ്രവേഗം 9.8മീറ്റര്‍/സെക്കന്‍ഡും ചന്ദ്രനില്‍ ആയത് 1.6 മീറ്റര്‍/ സെക്കന്‍ഡും ആണെന്നിരിക്കെ ഭൂമിയില്‍ ഗുരുത്വകേന്ദ്രം അര മീറ്റര്‍ (3 അടി)ഉയര്‍ത്തുന്ന ഒരാള്‍ക്ക് താത്വികമായി ചന്ദ്രനില്‍ 18 അടി ഉയര്‍ത്താനാവേണ്ടതാണെന്ന് ആദ്യം സൂചിപ്പിച്ചല്ലോ. സത്യത്തില്‍ താത്വികമായി 18 അടിയിലും കൂടിയ ഉയരത്തിലേക്ക് പോകാനാവണം. എന്തുകൊണ്ടെന്നാല്‍ ചന്ദ്രനില്‍ അന്തരീക്ഷമുയര്‍ത്തുന്ന പ്രതിരോധം(air resistence) ഇല്ലല്ലോ. ഉയരുന്ന വസ്തുവിന് മേലുള്ള വിരുദ്ധപ്രതിരോധത്തിന്റെ അഭാവം കൂടുതല്‍ ഉയരം ആര്‍ജ്ജിക്കാന്‍ വിക്ഷേപിത വസ്തുവിനെ സഹായിക്കേണ്ടതാണ്. ഭൂമിയിലെ പലായനപ്രവേഗമായ 9.8/സെക്കന്‍ഡ് എന്ന പ്രവേഗം കണക്കാക്കിയിരിക്കുന്നത് ഈ പ്രതിരോധം കൂടി കണക്കിലെടുത്താണെങ്കിലും അന്തരീക്ഷരാഹിത്യത്തില്‍ കൈവരിക്കാനാവുന്ന ഉയരം ആറിരട്ടിയിലും അധികമായിരിക്കുമെന്ന അഭിപ്രായത്തിനാണ് വിദഗ്ധരുടെ ഇടയില്‍ മുന്‍തൂക്കം. ല്യൂണാര്‍ മോഡ്യൂള്‍ വിക്ഷേപിക്കപ്പെട്ടപ്പോള്‍ റോക്കറ്റ് ശക്തി വേണ്ടതിലധികമായി തോന്നിയെങ്കില്‍ അതിന് കാരണം വായുപ്രതിരോധം പൂജ്യമായതാവാം.

കടലാസില്‍ കാണുന്ന 'ആറിരട്ടി' പ്രായോഗികതലത്തില്‍ സാധ്യമാകാത്തതിന് പല കാരണങ്ങളുമുണ്ട്. ചന്ദ്രനില്‍ ഒരു മനുഷ്യന് എത്ര ഇരട്ടി ഉയരത്തില്‍ ചാടാം എന്നതിനപ്പറ്റി കൃത്യമായ ഒരുത്തരം ശാസ്ത്രലോകം ഇനിയും നല്‍കിയിട്ടില്ല. പലരും പല മാതൃകകളും അവതരിപ്പിക്കുന്നുണ്ട്. 'ആറിരട്ടി' കണക്ക് പ്രായോഗികമാകാത്തതിന് പ്രധാനകാരണം, മുമ്പ് സൂചിപ്പിച്ചതുപോലെ ചാടുന്നത് മനുഷ്യനാണ് എന്നതുതന്നെ. ആറിരട്ടി പൊക്കത്തില്‍ ചാടണമെങ്കില്‍ അതിന് തുല്യമായ പ്രവേഗം നല്‍കാന്‍ നമ്മുടെ പേശീഘടനയ്ക്ക് (muscle structure) സാധിക്കണം. നാം മുകളിലേക്ക് കുതിക്കുകയാണ്, അല്ലാതെ ഉത്തോലക സഹായേത്തോടെ പൊങ്ങുകയല്ല. ഗുരുത്വത്തിനെതിരെ സ്വയം ആര്‍ജ്ജിക്കുന്ന പ്രവേഗമാണ് (acceleration) നമുക്ക് വേണ്ടത്. അതിനായി പേശീഘടന വലിഞ്ഞ് ചുരുങ്ങി മുകളിലേക്കുള്ള തള്ളല്‍ബലം (upward thrust)സൃഷ്ടിക്കണം. പേശീ ഉണ്ടായാല്‍ പോരാ, അങ്ങനെ ചെയ്യുന്ന ശീലം കൂടി നമ്മുടെ ശരീരത്തിനുണ്ടാവണം. ഭൂമിയില്‍ വസിക്കുന്ന നമ്മുടെ ശരീരത്തിന് ഭൗമജീവിതത്തിന്റേതായ പരിമിതികളും പരിധികളുമുണ്ട്. സാധാരണഗതിയില്‍ ചാടുന്നതിന്റെ ആറിരിട്ടി പ്രവേഗം നല്‍കാനാവശ്യമായ വലിവ് നമ്മുടെ പേശികള്‍ക്കുണ്ടാവില്ലെന്നതാണ് വസ്തുത.

അതോടൊപ്പം മുമ്പ് സൂചിപ്പിച്ചതുപോലെ സ്‌പേസ് സ്യൂട്ടു കാരണം സഞ്ചാരികള്‍ക്ക് കാല്‍ മുട്ട് വേണ്ടത്ര വളയ്ക്കാനോ മടക്കാനോ സാധിക്കില്ല. അതുകൊണ്ടുതന്നെ കാല്‍മുട്ട് നേരെചൊവ്വെ മടക്കി മേല്‍കുതിപ്പിനാവശ്യമായ പ്രവേഗം സമ്പാദിക്കാനുമാവില്ല. അങ്ങനെ വരുമ്പോള്‍ ഭൂമിയില്‍ ചാടുന്നതില്‍ കുറേക്കൂടി പൊക്കത്തില്‍ ഒന്നര-രണ്ടിരട്ടി ഉയരത്തില്‍ ചാടാനേ സാധാരണഗതിയില്‍ നമ്മുടെ പേശീകള്‍ അനുവദിക്കുകയുള്ളു എന്നാണ് മനസ്സിലാക്കേണ്ടത്. പിന്നെ, ചന്ദ്രനില്‍ പോയത് ചാടി റെക്കോഡിടാനൊന്നുമല്ല; യാത്രികര്‍ പ്രൊഫഷണല്‍ ചാട്ടക്കാരുമായിരുന്നില്ല. ല്യൂണാര്‍ മോഡ്യൂളിന്റെ വിക്ഷേപണത്തില്‍ 'ആറിരട്ടി' കണക്ക് കൃത്യമായി പാലിക്കപ്പെടും;ഒരുപക്ഷെ അതിലേറെ. പക്ഷെ പല കാരണങ്ങള്‍കൊണ്ട് ഭാരം പേറിനില്‍ക്കുന്ന മനുഷ്യനത് സാധിക്കില്ല. അതാണ് വിഡിയോ കണ്ട് ചന്ദ്രനിലെ ചാട്ടം ഇതുപോരാ എന്ന് പരിതപിക്കുന്നവര്‍ മനസ്സിലാക്കേണ്ട 
പ്രാഥമികപാഠം***

Sunday 6 November 2011

പൊടിയെവിടെ? കുഴിയെവിടെ?

Apollo-11 LM,'Eagle'
picture taken by Collins from CM
'അമ്പിളിക്കുട്ടന്‍'മാരുടെ സംശയപ്രവാഹത്തിന്റെ അണമുറിയുന്നില്ല. കാരണം അവരുടെ പണി താരതമ്യേന എളുപ്പമാണ്. വെറുതെ സംശയങ്ങള്‍ ഉന്നയിച്ചുകൊണ്ടിരുന്നാല്‍ കച്ചവടം നടക്കും. കൗതുകം പൂണ്ട് ആദ്യമൊക്കെ ലാടവൈദ്യന്‍മാരുടെ പിന്നാലെയെന്നപോലെ ജനം ചുറ്റും കൂടും. കള്ളി പൊളിയുന്നതോടെ ഇക്കൂട്ടരെ ഇരുത്തേണ്ടിടത്ത് ഇരുത്തുന്നതും ഇതേ ജനമായിരിക്കും. ചാന്ദ്രവാഹനം(Lunar Module) ചെന്നിറിങ്ങുമ്പോള്‍ അതിന്റെ ആഘാതം മൂലം ചാന്ദ്രോപരിതലത്തില്‍ ഒരു വന്‍ ഗര്‍ത്തം(crater) തന്നെ രൂപം കൊള്ളേണ്ടതല്ലേ? ചാന്ദ്രധൂളി (lunar dust) അവിടെയെല്ലാം തെറിക്കേണ്ടതല്ലേ? ടണ്‍ക്കണക്കിന് ഭാരമുള്ള വാഹനം പൂഴിയില്‍ പുതഞ്ഞുപോകേണ്ടതല്ലേ? മനുഷ്യനേയും കൊണ്ട് ചന്ദ്രനിലിറങ്ങിയ വാഹനങ്ങള്‍ ആരോ അവിടെ മൃദുവായി കൊണ്ടുചെന്നുവെച്ചതുപോലെ കാണപ്പെടുന്നതിന്റെ രഹസ്യമെന്ത്? ഭൂമിയില്‍ നിന്നും ലക്ഷക്കണക്കിന് കിലോമീറ്റര്‍ സഞ്ചരിച്ച ഒരു വാഹനം ചന്ദ്രനിലേക്ക് ചെന്നുവീഴുമ്പോള്‍ ലാന്‍ഡിംഗിന്റെ ആഘാതത്തില്‍ ഒരു വലിയ ഗര്‍ത്തം ഉണ്ടായേ തീരൂ, ആഘാതത്തില്‍ ചിതറിത്തെറിക്കുന്ന ധൂളി വളരെ ദൂരത്തില്‍ പരക്കുകയും...- ചിലരെങ്കിലും ശഠിച്ചു.

ചന്ദ്രനിലെ ഓരോ കാര്യത്തെക്കുറിച്ച് പയുമ്പോഴും ഭൂമിയിലെ സമാനമായ സാഹചര്യങ്ങളെക്കുറിച്ചാണ് നമ്മുടെ മസ്തിഷ്‌ക്കം ചിന്തിക്കുക. ഇന്ത്യന്‍ രാഷ്ട്രപതി ഹെലികോപ്റ്ററില്‍ കൊല്ലം ആശ്രമം മൈതാനത്ത് വന്നിറങ്ങുന്നതിന് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹെലികോപ്റ്റര്‍ നിലംതൊട്ടതും പത്തു മിനിറ്റ് പൊടി കാരണം ആര്‍ക്കും പരസ്പരം കാണാന്‍ പോലും സാധിച്ചിരുന്നില്ല. തിരികെ പോകാനായി പറന്നുപൊങ്ങിയപ്പോഴും സമാനമായ സാഹചര്യം. ഇതുപോലുള്ള ഭൗമസാഹചര്യങ്ങള്‍ മനസ്സില്‍ പേറിക്കൊണ്ട് ചന്ദ്രനിലെ ലാന്‍ഡിംഗും ടേക്ക് ഓഫുമൊക്കെ വിഭാവനം ചെയ്യാന്‍ പലരും ശ്രമിക്കുന്നത്. ഒരു കാര്യം ആദ്യമേ സൂചിപ്പിക്കാം. ചന്ദ്രോപരിതലത്തില്‍ ധൂളിനിക്ഷേപമുണ്ട്. പക്ഷെ അവിടെ പൊടി പറക്കുമെങ്കില്‍ കൊടിയും പറക്കും. അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ ഇത് രണ്ടും സാധ്യമല്ല. ആഘാതം മൂലം ധൂളിതന്മാത്രകള്‍ അലങ്കോലപ്പെട്ട് (disturbed) പൊങ്ങിയുയരും, ചിതറി വീഴുകയും ചെയ്യും. എന്നാല്‍ ഉപരിതലത്തിന് മുകളില്‍ തങ്ങിനില്‍ക്കില്ല.

ഓര്‍ക്കുക, ലൂണാര്‍മോഡ്യൂള്‍ ചന്ദ്രനിലേക്ക് ഇടിച്ചിറങ്ങുകയായിരുന്നില്ല. അത് നിയന്ത്രിതമായ (controlled) ഒരു വീഴ്ചയായായിരുന്നു. ഭൂമിയില്‍ ഒരു വസ്തു വന്നിറങ്ങുന്നതിലും വളരെ കുറഞ്ഞ ആഘാതമേ ചന്ദ്രനില്‍ ചെന്നിറങ്ങുമ്പോള്‍ സൃഷ്ടിക്കപ്പെടുകയുള്ളുവെന്ന് നമുക്കറിയാം. ചന്ദ്രന്റെ കുറഞ്ഞ ഗുരുത്വാകര്‍ഷണം തന്നെകാരണം. അതായത് ചന്ദ്രനിലേക്ക് ചെന്നുവീഴുന്ന വസ്തുവിന്റെ മേല്‍ താഴോട്ടുള്ള ആകര്‍ഷണം ബലം ഭൂമിയെ അപേക്ഷിച്ച് താരതമ്യേന കുറവാണ്.

എന്നുകരുതി ചക്കവെട്ടിയിടുന്നതുപോലെ വാഹനം നിലംപതിച്ചാല്‍ പിന്നെ തൂത്തുവാരുകയേ നിവൃത്തിയുള്ളു. മാത്രമല്ല അന്തരീക്ഷമില്ലാത്തതിനാല്‍ വീഴ്ചയ്‌ക്കെതിരെ ഭൂമിയില്‍ അനുഭവപ്പെടുന്ന പ്രതിരോധം ചന്ദ്രനിലില്ല. ചന്ദ്രനിലേക്ക് വീണ ല്യൂണാര്‍ മോഡ്യൂളില്‍ ഒരു എന്‍ജിന്‍ മുഖേനെ(descent engine) നിയന്ത്രിച്ചിരുന്നതെന്ന് സൂചിപ്പിച്ചല്ലോ. ഈ എന്‍ജിന്‍ ലാന്‍ഡിംഗിന് തൊട്ടുമുമ്പേ ഓഫാക്കി (shut down) വാഹത്തിന്റെ വേഗത പരമാവധി കുറച്ചിരുന്നു. മോഡ്യൂളിന്റെ ലാന്‍ഡിംഗ് പാഡിന്റെ താഴേക്ക് നീളുന്ന ഒരു കേബിള്‍ വയറുണ്ടായിരുന്നു. ഇലക്‌ട്രോണിക് സെന്‍സറുകളുണ്ടായിരുന്ന ഈ കേബിള്‍ ചന്ദ്രോപരിതലത്തില്‍ തൊട്ട നിമിഷം മോഡ്യൂളിലെ ഡാഷ്‌ബോര്‍ഡില്‍ ഇതുസംബന്ധിയായ ഒരു ലൈറ്റ് (Contact Light) തെളിയുകയുണ്ടായി. തറനിരപ്പിലേക്ക് വാഹനം അടുത്തുവെന്ന വിവരം സഞ്ചാരികള്‍ക്ക് ലഭിക്കുകയും അവര്‍ എന്‍ജിന്‍ ഓഫ് ചെയ്യുകയും ചെയ്തു.

അപ്പോളോ-11 ന്റെ ലാന്‍ഡിംഗ് വേളയില്‍ സഞ്ചരികള്‍ നാസയുമായി നടത്തിയ ആശയവിനിമയത്തിന്റെ മുഴുവന്‍ രേഖകളും നമുക്ക് ലഭ്യമാണ്. ല്യൂണാര്‍ മോഡ്യൂള്‍ കുത്തനെ നിലംപതിക്കുകയായിരുന്നില്ല. മറിച്ച് മുന്നോട്ട് വേഗതയില്‍ പറന്ന് താഴുകയായിരുന്നു. പൈലറ്റായിരുന്ന ബുസ് ഓള്‍ഡ്രിന്‍ അനുമിമിഷം വാഹനത്തിന്റെ ഉയരം (altitude), സമാന്തര വേഗത (horizontal velocity), ലംബവേഗത (vertical velocity) എന്നിവ സംബന്ധിച്ചുള്ള വിവരം ഹൂസ്റ്റണിലേക്ക് വിളിച്ചു പറയുന്നുണ്ടായിരുന്നു. താഴേക്കുള്ള വേഗതയാണ് ലംബവേഗത;സമാന്തരവേഗതയാകട്ടെ മുന്നോട്ടുള്ള വേഗതയും. ''കുറേശ്ശെ പൊടി കാണുന്നുണ്ട്'' ('picking up some dust') എന്ന് ഓള്‍ഡ്രിന്‍ ഹൂസ്റ്റണിലേക്ക് വിളിച്ചു പറഞ്ഞതിന് ശേഷമുള്ള ട്രാന്‍സ്‌ക്രിപ്റ്റില്‍ നിന്നും ചന്ദ്രനില്‍നിന്നും കേവലം 20 അടി ഉയരത്തില്‍ എത്തിയ വേളയില്‍ വാഹനത്തിന്റെ താഴേക്കുള്ള വേഗത സെക്കന്‍ഡില്‍ 0.5 അടിയും (0.5ft/s)മുന്നോട്ടുള്ള വേഗത സെക്കന്‍ഡില്‍ 4 അടിയുമാണെന്ന് (4 ft/s)ഓള്‍ഡ്രിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് നമുക്ക് കേള്‍ക്കാം. 

വാഹനം ചന്ദ്രനില്‍ നിന്ന് 5 അടി ഉയരത്തിലെത്തിയപ്പോഴാണ് താഴേക്കിട്ട കേബിള്‍ തറ തൊടുകയും കോണ്ടാക്റ്റ് ലൈറ്റ് കത്തുകയും ചെയ്തത്. അതോടെ ഓള്‍ഡ്രിന്‍ എന്‍ജിനും ഓഫാക്കി. ഏതാണ്ട് ഒരു വലിയ പക്ഷി വന്ന് പറന്നിറങ്ങുന്നതുപോലെയാണ് 'ഈഗിള്‍' ലാന്‍ഡ് ചെയ്തതെന്നാണ് ഇത് വ്യക്തമാക്കുന്നത്. 'ഈഗിള്‍' എന്ന പേര് കൊണ്ട് നാസ ഉദ്ദേശിച്ചതും മറ്റൊന്നാകാനിടയില്ല. മാത്രമല്ല 20 അടി പൊക്കത്തിലെത്തുമ്പോഴും 4 ft/s വേഗത മുന്നോട്ടുള്ളതിനാല്‍ വാഹനത്തിന്റെ പുകക്കുഴലില്‍ നിന്നും പ്രവഹിക്കുന്ന ധൂമക്കാറ്റില്‍ പൊടി നാലുപാടും ചിതറി പോകാനുള്ള സാധ്യതയാണ് കാണുന്നത്. ലംബവേഗതയാണ് കൂടുതലെങ്കില്‍ പുറത്തേക്കുള്ള ധൂമപ്രവാഹം തറയിലേക്ക് കേന്ദ്രീകൃതമായി പതിച്ച് അവിടെ ഒരു ഗര്‍ത്തം രൂപംകൊള്ളാനുള്ള സാധ്യത താരതമ്യേന വര്‍ദ്ധിക്കുമായിരുന്നു. രണ്ടായാലും സെക്കന്‍ഡില്‍ 0.5 അടി എന്നാല്‍ മണിക്കൂറില്‍ അര കിലോമീറ്ററേ വരൂ. വളരെ വളരെ കുറഞ്ഞ വേഗതയാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

അപ്പോളോദൗത്യം പര്യാലോചിക്കുന്ന വേളയില്‍ ചാന്ദ്രോപരിതലത്തിലെ ധൂളിയുടെ അളവിനെക്കുറിച്ച് രണ്ടഭിപ്രായമുണ്ടായിരുന്നു. ബില്യണ്‍ കണക്കിന് വര്‍ഷങ്ങളിലായി രൂപംകൊണ്ട ധൂളി നല്ല ആഴത്തില്‍ ചാന്ദ്രോപരിതലത്തില്‍ നിക്ഷേപിക്കപ്പെട്ടിട്ടുണ്ടാകുമെന്നായിരുന്നു ഒരു കൂട്ടരുടെ വാദം. അതായത് ചാന്ദ്രോപരിതലം മീറ്ററുകള്‍ ആഴമുള്ള ഒരു 'ധൂളിമെത്ത' (dust bed) ആണെന്നും അവിടെ ടണ്‍കണക്കിന് ഭാരമുള്ള ഒരു വാഹനം എത്ര സാവധാനം ചെന്നിറങ്ങിയാലും തിരിച്ചെടുക്കാനാവാത്ത വിധം പുതഞ്ഞുകയറുമെന്നായിരുന്നു അനുമാനം. ഒരുപക്ഷെ 'ഈഗിളി'ന്റെ രൂപരേഖയില്‍ നീണ്ട കാലുകള്‍ ഉള്‍പ്പെടുത്താന്‍ ഡിസൈനര്‍മാര്‍ തുനിഞ്ഞതിന്റെ ഒരു കാരണം ഇതായിരിക്കണം. മാത്രമല്ല ല്യൂണാര്‍ മോഡ്യൂള്‍ അഥവാ പുതഞ്ഞുകയറിയാലും അതിന്റെ കീഴ്ഭാഗം ഉപേക്ഷിച്ച് തിരിച്ചുകയറാനാവുന്ന വിധമാണ് വിക്ഷേപണം തയ്യാറാക്കിയിരുന്നത്. 'ഈഗിളും' മറ്റു വാഹനങ്ങളും പുതഞ്ഞുകയറിയില്ല. പക്ഷെ കീഴ്ഭാഗം ഉപേക്ഷിച്ച് തന്നെയാണ് എല്ലാ 
യാത്രികരും ചന്ദ്രനില്‍നിന്ന് തിരികെ കയറിയതെന്നോര്‍ക്കുക.

അതേസമയം, ഏതാനും ഇഞ്ച് ആഴത്തിലുള്ള ധൂളിനിക്ഷേപമേ ചാന്ദ്രോപരിതലത്തിലുള്ളുവെന്നും അതിന് കീഴില്‍ കട്ടികൂടിയ 
ചന്ദ്രശിലാപാളികള്‍ ആണെന്നുമായിരുന്നു മറ്റൊരു കൂട്ടരുടെ അഭിപ്രായം. ഈ വാദമാണ് ആത്യന്തികമായി ശരിയായത്. ആദ്യവാദം ശരിയായിരുന്നുവെങ്കില്‍ ഒരുപക്ഷെ 'പാരച്യൂട്ട്' വഴി ചന്ദ്രനിലിറങ്ങുന്നതിനെപ്പറ്റി ആലോചിക്കേണ്ടി വരുമായിരുന്നു. ഭൂമിയിലെ അന്തരീക്ഷത്തില്‍ സാധാരണ ഉപയോഗിക്കുന്ന വായുമര്‍ദ്ദം പ്രയോജനപ്പെടുത്തുന്ന പാരച്യൂട്ടല്ല മറിച്ച് സാവാധാനം ചെന്നിറങ്ങാന്‍ സഹായിക്കുന്ന റിട്രോറോക്കറ്റുകളും (retro rockets) ഷോക്ക അബ്‌സോര്‍ബറുകളുമുള്ള ഒരു പാരച്യൂട്ട് സംവിധാനമാണ് ഉദ്ദേശിക്കുന്നത്.

'ഗര്‍ത്തമെവിടെ?' എന്ന ചോദ്യത്തിന് ഹേതുവാകുന്നത് ഒരു താരതമ്യമാണ്. ലൂണാര്‍ ലാന്‍ഡിംഗിന് മുമ്പ് ചന്ദ്രനില്‍ ചെന്നിറങ്ങിയാല്‍ എങ്ങനെയുണ്ടാവും എന്ന് ഭാവനയില്‍ കണ്ടുകൊണ്ട് നാസ ചുമതലപ്പെടുത്തിയ ചിത്രകാരന്‍മാര്‍ ചില ചിത്രങ്ങള്‍ (sketches) വരച്ചിരുന്നു. ഈ ചിത്രങ്ങളില്‍ വാഹനം ചെന്നിറങ്ങുന്നിടത്ത് ഒരു ഗര്‍ത്തം (a big blast crater) രൂപം കൊള്ളുന്നതായി കാണിച്ചിരുന്നു. അതായിരുന്നു അന്നത്തെ അനുമാനം. എന്നാല്‍ അപ്പോളോ-11 ലാന്‍ഡ് ചെയ്തശേഷമുള്ള അസ്സല്‍ ചിത്രത്തില്‍ (photograph) ഗര്‍ത്തമില്ല. നാസ ലോകത്തെ ബോധ്യപ്പെടുത്തിയ കാര്യം അവര്‍തന്നെ പിന്നീട് തള്ളിപ്പറഞ്ഞെന്നായിരുന്നു ഇതിനെക്കുറിച്ചുള്ള ഹോക്‌സ് വാദക്കാരുടെ പരിഭവം. ചന്ദ്രോപരിതലത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടാകുന്നതിന് മുമ്പ് ഭാവനയെ ആധാരമാക്കി വരച്ച ചിത്രങ്ങളെ യാഥാര്‍ത്ഥ്യവുമായി കൂട്ടിക്കുഴയ്ക്കുന്നതില്‍ കഥയില്ലെന്ന് സാമാന്യബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. എന്തുചെയ്യാം, 'common sense is not that common' എന്നാണല്ലോ കവിവാക്യം!

താഴേക്കിറങ്ങുന്ന ചാന്ദ്രവാഹനത്തിന് എന്‍ജിന്‍ ഉണ്ട്. അതായത്, നിലംപതിക്കുന്ന വസ്തുവായി അത് താഴേക്ക് വീഴുന്നുവെങ്കിലും വീഴ്ചയുടെ വേഗത നിയന്ത്രിക്കാന്‍ അപ്പോളോ യാത്രികര്‍ക്ക് കഴിയുമായിരുന്നു. കൃത്യമായും അത് തന്നെയാണവര്‍ ചെയ്തതും. ചാന്ദ്രോപരിതലത്തിലേക്ക് അടുത്തുകൊണ്ടിരിക്കവെ അവര്‍ എന്‍ജിന്‍ നിയന്ത്രിച്ച് (throttled back on the engine) അതിന്റെ വേഗത ഗണ്യമായി കുറച്ചിരുന്നു. മുന്‍നിശ്ചയപ്രകാരം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ ആ ഭാഗം ശരിക്കും ഒരു ഗര്‍ത്തമാണെന്ന് തിരിച്ചറിഞ്ഞ് കുറേക്കൂടി മുന്നോട്ട് മാറി ലാന്‍ഡിംഗ് നടത്താനുള്ള ആംസ്‌ട്രോങിന്റെ തീരുമാനം വളരെ നിര്‍ണ്ണായകമായി തീര്‍ന്ന കാര്യം മുമ്പ് വിശദീകരിച്ചല്ലോ.

ഏതാനും ഇഞ്ച് കനത്തിലുള്ള ചാന്ദ്രധൂളി നിക്ഷേപമേ ചന്ദ്രന്റെ ഉപരിതലത്തിലുണ്ടായിരുന്നുള്ളു. അതിനടിയിലാകട്ടെ കട്ടികൂടിയ ശിലാഭാഗവും. ചാന്ദ്രവാഹനത്തിന്റെ ലാന്‍ഡിംഗ് മൂലം തുളയ്ക്കാന്‍ കഴിയുന്നതിലും അധികം കട്ടിയുള്ള ശിലഭാഗമാണത്. അതേസമയം, വാഹനം ചെന്നിറങ്ങിയപ്പോള്‍ ധൂളി തെറിച്ചിട്ടുണ്ട്. ചെറിയൊരു കുഴി രൂപം കൊള്ളാനുള്ള സാധ്യതയുമുണ്ട്. ഈ ചെറുഗര്‍ത്തം രൂപം കൊള്ളാനിടയുള്ളത് ലാന്‍ഡറിന്റെ കീഴ്ഭാഗത്തായതിനാല്‍ (underneath the LEM engine) നമുക്കത് കാണാനായില്ലെന്ന് മാത്രം. മാത്രമല്ല ദൗത്യത്തിന് ശേഷം തിരിച്ച് പറന്നുപൊങ്ങിയപ്പോള്‍ ലാന്‍ഡറിന്റെ അടിഭാഗം അവിടെ നിന്ന് മാറ്റപ്പെടുന്നില്ല. അതിപ്പോഴും അവിടെയുണ്ട്. അതുകൊണ്ട് തന്നെ ഗര്‍ത്തം ശരിക്കും കാണാന്‍ അതവിടെനിന്നും മാറ്റേണ്ടതുണ്ട്.

ലാന്‍ഡിംഗ് വേളയില്‍ ഈഗിള്‍ പറപ്പിച്ചുകളഞ്ഞ ധൂളി വാഹനത്തിന് ചുറ്റുമായി ചിതറി വീഴുകയായിരുന്നു. ലാന്‍ഡിംഗിന് ശേഷം മണിക്കൂറുകള്‍ക്ക് ശേഷമെടുത്ത ചിത്രങ്ങളാണ് നമുക്ക് ലഭ്യമായിട്ടുള്ളത്. അതില്‍ നിന്നും തെറിച്ചുവീണ ധൂളിയേത് മുമ്പേ ഉണ്ടായിരുന്നവയേത് എന്നൊന്നും അനുമാനിക്കാനാവില്ലല്ലോ. തീര്‍ച്ചയായും ചാന്ദ്രധൂളി വാഹനത്തില്‍ പൊതിഞ്ഞ് പറ്റിപിടിക്കുകയുണ്ടായി. മാത്രമല്ല ചാന്ദ്ര യാത്രികരുടെ പാദമുദ്ര ഇത്രയും വ്യക്തമായി ആഴത്തില്‍ പതിയാന്‍ ഒരു കാരണം ഇത്തരത്തില്‍ ഇളക്കിയെറിഞ്ഞ ധൂളി ലാന്‍ഡറിന്റെ ചുറ്റുമുണ്ടായിരുന്നു എന്നതു കൂടിയാണ്. 
ജലരഹിതമായ ചാന്ദ്രധൂളിയില്‍ ഇത്രയും സുവ്യക്തവും ആഴമുള്ളതുമായ പാദമുദ്ര ഒരിക്കലുമുണ്ടാകില്ലെന്നായിരുന്നവല്ലോ മറ്റൊരു ഹോക്‌സ് ആരോപണം. പക്ഷെ ഇതും വസ്തുതാ വിരുദ്ധമാണ്. ചാന്ദ്രധൂളി തികച്ചും സവിശേഷമാണ്. ഭൂമിയില്‍ കാണുന്ന ധൂളിയുമായി അതിനെ താരതമ്യപ്പെടുത്തരുത്. ചാന്ദ്രധൂളി ഉണങ്ങിവരണ്ടതാണെന്നതില്‍ സംശയമില്ല. പക്ഷെ പാദമുദ്ര പതിയാനായി ഈര്‍പ്പമുണ്ടാകണമെന്ന് നിര്‍ബന്ധിമില്ല. ഉദാഹരണമായി ഈര്‍പ്പരഹിതമായ ടാല്‍ക്കം പൗഡര്‍. തറയില്‍ ടാല്‍ക്കം പൗഡറോ സമാനമായതോ ആയ വസ്തു നിലത്ത് വിതറിയിട്ട് മുകളിലൂടെ ഷൂസ് ധരിച്ച് നടന്നാല്‍ പാദമുദ്ര വ്യക്തമായി തന്നെ പതിയും. ചാന്ദ്രധൂളിക്കും അത്തരം സവിശേഷതയുണ്ട്. ഭൂമിയില്‍ വെച്ച് ഇത് പരീക്ഷിച്ചറിഞ്ഞിട്ടുള്ളതാണ്.

ഇത്രയധികം പൊടി ലാന്‍ഡറിന് ചുറ്റും പരന്നെങ്കില്‍ എന്തുകൊണ്ട് സഞ്ചാരികളുടെ കുപ്പായമൊക്കെ വളരെ വൃത്തിയായി കാണപ്പെട്ടു?! ദേ വരുന്നു അടുത്ത ചോദ്യം! ഒന്നാമതായി, ചാന്ദ്രധൂളി തങ്ങിനില്‍ക്കില്ല. മാത്രമല്ല ലാന്‍ഡ് ചെയ്തിട്ട് മണിക്കൂറുകള്‍ക്ക് ശേഷമാണ് സഞ്ചാരികള്‍ 'ഈഗിളി'ല്‍ നിന്ന് പുറത്തിറങ്ങിയത്. ഇതൊക്കെയായിട്ടും ചാന്ദ്രോപരിതലത്തില്‍ നിന്നും തിരിച്ച് ലാന്‍ഡറിനുള്ളില്‍ കയറിയശേഷം തങ്ങളുടെ കുപ്പായവും വസ്തുക്കളുമൊക്കെ വൃത്തിയാക്കാന്‍ സഞ്ചാരികള്‍ മണിക്കൂറുകള്‍ കഷ്ടപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ ലാന്‍ഡറിനുള്ളിലാകെ പൊടി പുരളുമായിരുന്നു.

ഇതുസംബന്ധിച്ച മറ്റൊരു ആരോപണമിതാണ്: ലൂണാര്‍ മോഡ്യൂളിന്റെ മുകള്‍ഭാഗം ചന്ദ്രനില്‍നിന്ന് പറന്നുപൊങ്ങിയപ്പോള്‍ ഉണ്ടായ റോക്കറ്റ് സ്‌ഫോടനത്തിന്റെ ജ്വലനത്തിന്റെ യാതൊരു ലക്ഷണമൊന്നും കാണാനായില്ല. ഭൂമിയില്‍ കാണുന്നതുപോലുള്ള പൊട്ടിത്തെറിയും ജ്വാലയും ('blast' flame) പ്രഭാപൂരവുമൊന്നും നാം കാണുന്നില്ല. സിനിമയിലെ സംഘട്ടനരംഗത്ത് കാണുന്നതുപോലെ കേബിള്‍ വയറുപയോഗിച്ച് പൊക്കി ഉയര്‍ത്തിയതു പോലെയാണ് ലാന്‍ഡറിന്റെ മുകള്‍ഭാഗം ഉയരുന്നത്! വിക്ഷേപണത്തിന്റെ വിഡിയോ മാത്രമാണ് നമുക്ക് കാണാന്‍ സാധിച്ചിട്ടുള്ളത്. വിക്ഷേപണത്തോടനുബന്ധിച്ച് തീര്‍ച്ചയായും സ്‌ഫോടനം സംഭവിക്കുന്നുണ്ട്. കുറെ പാറക്കണങ്ങളും പൊടിപടലവും പുറത്തേക്ക് തെറിക്കുന്നത് കാണാം. ഒരു കഷണം കാമറയുടേ അടുത്തേക്കാണ് തെറിച്ച് വീഴുന്നത്. 

Apollo-16 Lift-off
അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ സ്‌ഫോടനസംഭവിയായ ജ്വാലയും പ്രഭാപൂരവും ദൃശ്യമാകാത്തത് സ്വഭാവികം മാത്രം. ഒന്നാമതായി കത്താന്‍ സഹായിക്കുന്ന ഓക്‌സിജന്‍ അവിടെയില്ല. ബഹിരാകാശത്ത് സഞ്ചരിക്കുന്ന ഏതൊരു വാഹനവും ജ്വലനത്തിനാവാശ്യമായ ഓക്‌സിജന്‍ ദ്രവരൂപത്തില്‍ കൂടെ കരുതേണ്ടി വരുന്നതിന്റെ കാരണവുമിതുതന്നെ. അന്തരീക്ഷവായു ആഹരിച്ച് ജ്വലനം നടത്തുന്ന ജെറ്റ് എന്‍ജിനില്‍ (jet engines) നിന്നും വിരുദ്ധമായി ബഹിരാകാശത്ത് സഞ്ചരിക്കുന്ന റോക്കറ്റുകള്‍ ജ്വലനത്തിന് ആവശ്യമായ മുഴുവന്‍ രാസപദാര്‍ത്ഥങ്ങളും ഉള്ളില്‍ കരുതിയിട്ടുണ്ടാവും. ബഹിരാകാശത്ത് നടക്കുന്ന സ്‌ഫോടനത്തിന് ('blast') ആ പേര് കൊടുക്കാമോ എന്നു സംശയമുണ്ട്. കാരണം അവിടെ നടക്കുന്ന ജ്വലനം('burn') നമുക്ക് ഭൂമിയില്‍ പരിചിതമായ ഒന്നല്ല. ജ്വലനത്തിന് ഭൂമിയിലേതുപോലുള്ള പ്രഭയോ ധൂമമോ ('flame') ഉണ്ടാവില്ല.

ബഹിരാകാശത്ത് റോക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് വ്യത്യസ്തമായ രീതിയിലാണ്. ഭൂമിയിലെപ്പോലെ വന്‍ സ്‌ഫോടനവും ഉഗ്രശബ്ദവും രാക്ഷസീയമായ പുകയുമൊന്നും അവിടെയുണ്ടാകില്ല. വിവിധ അറകളിലായി സൂക്ഷിച്ചിരുന്ന വ്യത്യസ്ത രാസപദാര്‍ത്ഥങ്ങള്‍ നിശ്ചിത അളവില്‍ കൂട്ടിക്കലരാന്‍ (mix) അനുവദിക്കുകയാണ് ചെയ്യുന്നത്. ഈ രാസപ്രവര്‍ത്തനഫലമായുണ്ടാകുന്ന ഊര്‍ജ്ജം വാഹനത്തിന്റെ മുഖാഗ്രത്തിലൂടെ (nozzle)പുറത്തുവിടുന്നു. ബാക്കിയൊക്കെ ന്യൂട്ടന്റെ മൂന്നാം ചലന നിയമമനുസരിച്ച് നടക്കുന്നു.

ഭൂമിയില്‍ വെച്ച് ലൂണാര്‍ മോഡ്യൂളിന്റെ ലാന്‍ഡിംഗും വിക്ഷേപണവും പലകുറി പരീക്ഷണം നടത്തി ന്യൂനതകള്‍ പരിഹരിച്ച ശേഷമാണ് അപ്പോളോ-11 ലെ സഞ്ചാരികള്‍ ചന്ദ്രനിലിറങ്ങിയത്. ആറിരട്ടി ഗുരുത്വബലവും നിറഞ്ഞ അന്തരീക്ഷവുമുള്ള ഭൂമിയില്‍ വിക്ഷേപണവും ലാന്‍ഡിംഗുമൊക്കെ കൂടുതല്‍ സാഹസികമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. വിക്ഷേപണവസ്തു കത്തിയെരിയാനുള്ള സാധ്യത വളരെയേറെയാണ്. ഇത്തരത്തില്‍ ഭൂമിയില്‍ വെച്ച് നടത്തിയ ഒരു പരീക്ഷണ ലാന്‍ഡിംഗിനിടെ ഉണ്ടായ അപകടത്തില്‍ നിന്നും തലനാരിഴ വ്യത്യസത്തിലാണ് നീല്‍ ആംസ്‌ട്രോങ് രക്ഷപെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട് കത്തിയെരിഞ്ഞ് താഴേയ്ക്ക് നിലംപതിച്ച ലാന്‍ഡറില്‍ നിന്നും തക്കസമയത്ത് പാരച്ച്യൂട്ടില്‍ താഴേക്ക് ചാടുകയായിരുന്നു അദ്ദേഹം.

Apollo-9 LM docked with command
Module in space
അപ്പോളോ-9 ല്‍ തന്നെ ല്യൂണാര്‍ മോഡ്യൂള്‍ ബഹിരാകാശത്തേക്ക് കൊണ്ടുപോയിരുന്നു. ബഹിരാകാശ സഞ്ചാരത്തിന് അനുയോജ്യമാണതെന്ന് പരീക്ഷിച്ചുറപ്പ് വരുത്തുകയായിരുന്നു ലക്ഷ്യം. ഭൗമഭ്രമണപഥത്തില്‍ വെച്ച് ബഹിരാകാശ സഞ്ചാരവും ബഹിരാകാശത്ത് വെച്ചുള്ള സംഘാടനവും(docking) നടത്തുന്നതില്‍ ലൂണര്‍ മോഡ്യൂള്‍ വിജയമാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരം സംരംഭങ്ങള്‍ വിജയകരമായി നിര്‍വഹിക്കാന്‍ അപ്പോളോ-9 യാത്രികര്‍ക്കായി. അപ്പോളോ-9 ലെ ല്യൂണാര്‍ മോഡ്യൂള്‍ ബഹിരാകാശയാത്രയ്ക്ക് ശേഷം ഭൂമിയിലേക്ക് തിരികെ കൊണ്ടുപോന്നു. അതിപ്പോള്‍ പരസ്യപ്രദര്‍ശനത്തിന് വെച്ചിട്ടുണ്ട്.

Apollo-10 astronauts
എന്നാല്‍ അപ്പോളോ-10 (1969 മേയ്-18) ഒരുപടി കൂടി കടന്നു. തോമസ് സ്റ്റഫോഡ്(Thomas P. Stafford), യൂജിന്‍ സെര്‍നാന്‍ (Eugene A. Cernan), ജോണ്‍ ഡബ്ലിയു യംങ് (John W. Young) എന്നീ മൂന്നു സഞ്ചാരികളുമായി ചാന്ദ്രഭ്രമണപഥത്തിലെത്തി. ശേഷം യംഗിനെ കമാന്‍ഡ് മോഡ്യൂലില്‍ ഇരുത്തി 13941 കിലോഗ്രാം ഭാരമുള്ള സ്‌നൂപ്പി (Snoopy) എന്ന ല്യൂണാര്‍ മോഡ്യൂളില്‍ കയറി സ്റ്റഫോഡും സെര്‍നാനും വേര്‍പെട്ടു. സാധാരണയായി ചാന്ദ്രോപരിതലത്തില്‍ നിന്നും 111 കിലോമീറ്റര്‍ ഉയരത്തിലാണ് എല്ലാ കമാന്‍ഡ് മോഡ്യൂളുകളും ചന്ദ്രനെ വലം വെക്കുക. സ്‌നൂപ്പി ആ ഉയരത്തില്‍ നിന്നും മാതൃവാഹനത്തില്‍നിന്ന് താഴോട്ട് വീണു. ശരിക്കും ചന്ദ്രനിലേക്ക് 'ഇറങ്ങു'കയായിരുന്നു അവര്‍. ചന്ദ്രനിലിറങ്ങിയ ആദ്യത്തെ മനുഷ്യര്‍!!! ചന്ദ്രോപരിതലത്തിന് 15.6 കിലോമീറ്റര്‍ ഉയരത്തില്‍ വരെ അവരെത്തി. പക്ഷെ ലാന്‍ഡ് ചെയ്തില്ല. ഇതു തന്നെയാണ് രണ്ടു മാസത്തിന് ശേഷം ആംസ്‌ട്രോങും ഓള്‍ഡ്രിനും ചെയ്തത്. സെര്‍നാനും സ്റ്റഫോഡും ആംസ്‌ട്രോങിനും ഓള്‍ഡ്രിനും ഇറങ്ങേണ്ട സ്ഥലം (sea of tranquility) നിരീക്ഷിക്കുകയുണ്ടായി. വാസ്തവത്തില്‍ ലാന്‍ഡിംഗ് ഒഴികെയുള്ള മിക്ക കാര്യങ്ങളും അപ്പോളോ-10 ലെ സഞ്ചാരികള്‍ നിര്‍വഹിച്ചിരുന്നു. അവര്‍ക്ക് ലാന്‍ഡ് ചെയ്തുകൂടായിരുന്നോ?

കൊളളാം, നല്ല ചോദ്യം തന്നെ! സ്‌നൂപ്പിയില്‍ ലാന്‍ഡിംഗിനുള്ള സംവിധാനം ഇല്ലായിരുന്നു. തിരിച്ച് പൊങ്ങാനുള്ള ഇന്ധനവും കമ്മിയായിരുന്നു. തങ്ങള്‍ ഒരു കാരണവശാലും ചന്ദ്രനിലിറങ്ങരുതെന്ന് ചിലര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്നാണ് സെര്‍നന്‍ ഇതിനെക്കുറിച്ച് തമാശരൂപത്തില്‍ പിന്നീട് പറഞ്ഞത്. ''അവര്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള യാതൊരു അവസരവും കൊടുക്കാന്‍ പാടില്ല. കൊടുത്താല്‍ അത് ചെയ്യാനിടയുണ്ടെന്ന് ഞങ്ങളെ നന്നായി അറിയാവുന്ന പലരും ചിന്തിച്ചിട്ടുണ്ടാവണം'' ('A lot of people thought about the kind of people we were: 'Don't give those guys an opportunity to land, 'cause they might!'') എന്നുകൂടി അദ്ദേഹം പറയുകയുണ്ടായി. ഒരുപക്ഷെ ആംസ്‌ട്രോങിനും ഓള്‍ഡ്രിനും മുമ്പേ ചന്ദ്രനിലിറങ്ങേണ്ടവരാണ് സെര്‍നനും യംങും. പക്ഷെ നാമവരെ കുറിച്ച് അധികം കേട്ടിട്ടില്ല. എല്ലാ പ്രശസ്തിയും അപ്പോലോ-11 ലെ സഞ്ചാരികള്‍ക്കാണ് ലഭിച്ചത്. ഇതിനെ 'തലവര' എന്ന് അന്ധവിശ്വാസികള്‍ വിലയിരുത്തും. കൃത്യമായ സാങ്കേതികാസൂത്രണവും പടിപടിയായ നിര്‍വഹണവുമെന്ന് ശാസ്ത്രബോധമുള്ളവരും***