Pages

Tuesday 19 July 2011

സ്വപ്നം പൂത്തുലഞ്ഞ ദിവസം

''സൃഷ്ടിക്ക് ശേഷമുള്ള ഏറ്റവും മഹത്തായ ദിവസം!'' (“The Greatest day since creation!”) 1969 ജൂലൈ 21 ന് നീല്‍ ആംസ്‌ട്രോംഗ് (Neil Armstrong) ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയതിനെ കുറിച്ച് മുന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന റിച്ചാര്‍ഡ് നിക്‌സണ്‍ (Richard Nixon) വിശേഷിപ്പിച്ചതിങ്ങനെ.''മനുഷ്യന്റെ ഒരു കാല്‍വെപ്പും മനുഷ്യാരാശിയുടെ ഒരു വന്‍ കുതിച്ചുചാട്ടവും''(' a single step for a man, a giant leap for (the) mankind') എന്നാണ് ആംസ്‌ട്രോംങ് ആ വേളയില്‍ പ്രതികരിച്ചത്. ഇരുവരും മുന്‍കൂട്ടി കാണാതെ പഠിച്ചുവെച്ച വാചകങ്ങളായിരുന്നു ഉരുവിട്ടതെങ്കിലും ആംസ്‌ട്രോങ് പറഞ്ഞ വാക്കുകള്‍ യഥാര്‍ത്ഥത്തില്‍ തന്റേതായിരുന്നുവെന്ന് ചന്ദ്രനില്‍ ഇറങ്ങിയ രണ്ടാമത്തെ മനുഷ്യനായ ബുസ് ഓള്‍ഡ്രിന്‍ (Edwin 'Buzz' Aldrin) പിന്നീട് സൂചിപ്പിക്കുകയുണ്ടായി. കാണാതെ പഠിച്ചിട്ടും വാചകം വ്യാകരണ പിഴവില്ലാതെ പറയാന്‍ ആവേശതള്ളിച്ച കാരണം ആംസ്‌ട്രോങിനായില്ല. ആംസ്‌ട്രോങ് തന്നെയാവും ചന്ദ്രോപരിതലത്തില്‍ ആദ്യമിറങ്ങുകയെന്നതില്‍ ഭൂമിയില്‍നിന്ന് തിരിപ്പോഴെ തീര്‍ച്ചയുണ്ടായിരുന്നു. സീനിയോറിറ്റിയും പരിചയവും കൂടുതല്‍ അദ്ദേഹത്തിനായിരുന്നു. 
ഒരു ഭൗമേതരഗ്രഹത്തില്‍ ആദ്യമെത്തുന്ന മനുഷ്യന്‍ താനായിരുന്നെങ്കില്‍ എന്ന് ഓള്‍ഡ്രിന്‍ ആഗ്രഹിച്ചുപോയതില്‍ തെറ്റുപറയാനാവില്ലല്ലോ. എങ്കിലും തന്റെ പ്രിയസുഹൃത്ത് ആ നേട്ടം സ്വന്തമാക്കിയതില്‍ അദ്ദേഹം സന്തോഷവാനായിരുന്നു. യാത്രയ്ക്ക് ശേഷം താരതത്മ്യേന കുറച്ച് അഭിമുഖങ്ങളിലും പൊതുപരിപാടികളിലും മാത്രമേ ആംസ്‌ട്രോംഗ് പങ്കെടുത്തിട്ടുള്ളു. അതേസമയം അപ്പോളോ-11 ദൗത്യത്തിന്റെ പരസ്യമുഖമായി പില്‍ക്കാലമത്രയും നിലകൊണ്ടത് ഓള്‍ഡ്രിനായിരുന്നു. അപ്പോളോ-11 ദൗത്യത്തില്‍ മാതൃവാഹനത്തില്‍ ചന്ദ്രനെ ചുറ്റികൊണ്ടിരുന്ന മൈക്കല്‍ കൊളിന്‍സ് (Michael Collins)പിന്നീട് അമേരിക്കയില്‍ നാഷണല്‍ എയര്‍ ആന്‍ഡ് സ്‌പേസ് മ്യൂസിയം ഡയറക്ടര്‍ സ്ഥാനമടക്കം പല ഉയര്‍ന്ന തസ്തികകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 

ചന്ദ്രനില്‍ മനുഷ്യനെ എത്തിക്കുക എന്ന ലക്ഷ്യവുമായാണ് അമേരിക്ക അപ്പോളോ ദൗത്യത്തിന് രൂപംകൊടുത്തത്. അപ്പോളോ-11 മനുഷ്യനെ ആദ്യമായി ചന്ദ്രനിലിറക്കി. അതിന് മുമ്പ് അമേരിക്ക നടത്തിയ ജെമിനി സീരിസ് ഉല്‍പ്പെടെയുള്ള ബഹിരാകാശശ്രമങ്ങളുടെ വിജയകരമായ പരിണതിയായിരുന്നു അപ്പോളോ-11. അപ്പോളോ ദൗത്യശൃംഖലയുടെ തുടക്കം ശുഭകരമായിരുന്നില്ല. അപ്പോളോ-ഒന്നില്‍ വിക്ഷേപണത്തിന് മുമ്പുണ്ടായ പൊട്ടിത്തെറിയില്‍ 3 യാത്രികരും മരണമടഞ്ഞിരുന്നു. 1970 ന് മുമ്പ് മനുഷ്യനെ ചന്ദനിലിറക്കി വിജയകരമായി തിരിച്ചുകൊണ്ടുവരുമെന്നത് 1961 ല്‍ അന്നത്തെ പ്രസിഡന്റായിരുന്ന ജോണ്‍.എഫ് കെന്നഡി അമേരിക്കന്‍ ജനതയ്ക്ക് നല്‍കിയ വാഗ്ദാനമാണ്. 


'First, I believe that this nation should commit itself to achieving the goal, before this decade is out, of landing a man on the Moon and returning him safely to the Earth.'(The Moon Adress' by John F Kennedy at the Capitol, May 25,1961) 


സോവിയറ്റ് നേട്ടങ്ങളില്‍ നിരാശ പൂണ്ടിരുന്ന അമേരിക്കന്‍ ജനതയ്ക്ക് അവര്‍ കാണാന്‍ കൊതിച്ച സ്വപ്നം വിജയകരമായി വിറ്റ കെന്നഡിക്ക് അത് യാഥാര്‍ത്ഥ്യമാകുന്നതിന് സാക്ഷ്യം വഹിക്കാനായില്ല. 1969-72 കാലഘട്ടത്തില്‍ റിച്ചാഡ് നിക്‌സണ്‍ പ്രസിഡന്റായിരിക്കുമ്പോഴാണ് അത് സഫലമാക്കപ്പെട്ടത്. ഒരു തവണയല്ല-ആറുതവണ. നിക്‌സന്റെ കാലത്തേ മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ടുള്ളു. അപ്പോളോ-11 മുതല്‍ അപ്പോളോ 17 വരെയുള്ള ഏഴ് ദൗത്യങ്ങളില്‍ 6 എണ്ണം അമേരിക്ക വിജയകരമായി പൂര്‍ത്തിയായി. അപ്പോളോ-ഒന്ന് മുതല്‍ അപ്പോളോ-പത്ത് വരെ ചന്ദ്രനെ ഭ്രമണം ചെയ്യുന്നതും സോഫ്റ്റ് ലാന്‍ഡിംഗും വരെയുള്ള ലക്ഷ്യങ്ങള്‍ നിറവേറ്റിയിരുന്നു. അപ്പോളോ 11,12,14,15,16,17, എന്നിവയായിരുന്നു വിജയം കണ്ട ദൗത്യങ്ങള്‍. ഓക്‌സിജന്‍ സിലിണ്ടറിലെ പൊട്ടിത്തെറിയും വൈദ്യുതിക്കുറവും കാരണം അപ്പോളോ-13 ന് ചാന്ദ്രഭ്രമണപഥം വരെയെത്തി തിരികെ പോരേണ്ടിവന്നു. അപ്പോളോ ദൗത്യങ്ങളില്‍ മൂന്ന് യാത്രികരാണ് ഉണ്ടായിരുന്നത്. ഓരോതവണയും രണ്ടുപേര്‍ വീതം ചന്ദ്രോപരിതലത്തിലിറങ്ങി. 6 പേര്‍ മാതൃപേടകത്തില്‍ ചന്ദ്രനെ ഭ്രമണം ചെയ്തു. അതായത് 3 വര്‍ഷത്തിനുള്ളില്‍ മൊത്തം 12 മനുഷ്യര്‍ ചന്ദ്രനെ തൊട്ടറിഞ്ഞു, നടന്നു, ഓടി, റോവര്‍ ഓടിച്ചു, ഹാമര്‍ത്രോ നടത്തി, പാട്ടുപാടി, ഗോള്‍ഫ് കളിച്ചു, പരീക്ഷണങ്ങള്‍ നടത്തി. 3.4-4.4 ബില്യണ്‍ വര്‍ഷം പഴക്കമുണ്ടെന്ന് തെളിയിക്കപ്പെട്ട 363 കിലോഗ്രാം ചാന്ദ്രശില ഭൂമിയിലെത്തിച്ചു. അതായത് മൊത്തം 12 ആംസ്‌ട്രോങുമാര്‍, 6 കൊളിന്‍സുമാര്‍! 
John F Kennedy

ഒരുപക്ഷെ ഇരുപതാം നൂറ്റാണ്ടില്‍ ഏറ്റവുമധികം രേഖപ്പെടുത്തപ്പെട്ട ചരിത്രസംഭവമാണ് ചാന്ദ്രയാത്ര. ഇത്രയധികം ആളുകള്‍ പ്രത്യക്ഷമായും പരോക്ഷമായും പങ്കെടുത്തതും, മാധ്യമങ്ങള്‍ വന്‍തോതില്‍ റിപ്പോര്‍ട്ടു ചെയ്തതും, പതിനായിരക്കണക്കിന് ചിത്രങ്ങളും ദൃശ്യങ്ങളും ശേഖരിക്കപ്പെട്ടതുമായ മറ്റൊരു ചരിത്രസംഭവം ഇരുപതാം നൂറ്റാണ്ടില്‍ വേറെ ഉണ്ടായിട്ടില്ല. ചാന്ദ്രയാത്രയുടെ ദൃശ്യങ്ങള്‍ നേരിട്ട ടെലിവിഷനില്‍ കണ്ട കോടിക്കണക്കിന് ജനങ്ങള്‍ ഇന്നുമവശേഷിക്കുന്നു. ആദ്യയാത്ര മാത്രമല്ല, പിന്നീടുള്ള 7 യാത്രകളും ടെലിവിഷന്‍ തല്‍സമയം സ്വീകരണമുറികളിലെത്തിച്ചു. ചാന്ദ്രയാത്രയുടെ അനിഷേധ്യമായി തെളിവുകള്‍ താഴെക്കാണുന്ന വെബ്‌സൈറ്റുകളില്‍ ശേഖരിക്കപ്പെട്ടിട്ടുണ്ട്: 
http://www.badastronomy.com/bad/tv/foxap
http://www.braeunig.us/space/hoax.htm
http://www.clavius.org/

പതിനേഴ് അപ്പോളോ ദൗത്യങ്ങളുമായി നേരിട്ട് ബന്ധപ്പെട്ടവര്‍ ഏതാണ്ട് നാലുലക്ഷം പേരാണ്. മറ്റൊരു പത്ത് ലക്ഷം പരോക്ഷമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവരില്‍ 60 ശതമാനവും ഇന്നും ജീവിച്ചിരിക്കുന്നു. ഇതില്‍ ഒരാള്‍പോലും ഇന്നുവരെ ചാന്ദ്രയാത്ര തട്ടിപ്പായിരുന്നുവെന്ന്'അവകാശപ്പെട്ടു'കൊണ്ടുപോലും രംഗത്ത് വന്നിട്ടില്ല. ഒരാള്‍പോലും മരണക്കിടക്കിയില്‍ വെച്ച് 'അപ്രിയസത്യം'കുമ്പസരിച്ചിട്ടുമില്ല. തട്ടിപ്പ് ആധികാരികമായി പുറത്തറിയിക്കുന്നവരെ കാത്തിരിക്കുന്ന സൗഭാഗ്യങ്ങളും മാധ്യമപരിലാളനയു കണക്കിലെടുത്താല്‍ ഇത് തികച്ചും അത്ഭുതാവഹമെന്നേ പറയാവൂ. 

ലോകത്തെ പ്രമുഖരായ ശാസ്ത്രജ്ഞരോ റോക്കറ്റ് സാങ്കേതിക വിദഗ്ധരോ ചാന്ദ്രയാത്രയുടെ ആധികാരികത ഇന്നേവരെ ചോദ്യം ചെയ്തിട്ടില്ല. ഹോക്‌സ് വീരന്‍മാരായ ബില്‍ കെയ്‌സിംഗ്(Bill Kaising),റാല്‍ഫ് റെനെ (Ralph Rene) എന്നിവരെ തീര്‍ച്ചയായും ഒഴിവാക്കാം. ബഹിരാകാശരംഗത്ത് പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ ഔദ്യോഗിക ഏജന്‍സികളൊന്നും ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രമല്ല ഇന്ത്യയുള്‍പ്പെടുള്ള നവാഗതര്‍ നാസയുമായി നിരന്തരം സഹകരിച്ചുകൊണ്ടാണ് 'ചന്ദ്രയാന്‍'പോലുള്ള പദ്ധതികള്‍ നടപ്പിലാക്കിയത്.2017 ല്‍ ആദ്യ ഏഷ്യാക്കാരനെ ചന്ദ്രനിലെത്തിക്കാനുള്ള ശ്രമവുമായി ചൈന മുന്നോട്ടുപോവുകയാണ്. ഒരുപക്ഷെ അമേരിക്ക എത്തിച്ചതിലധികം മനുഷ്യരെ ചന്ദ്രനിലെത്താക്കാന്‍ ചൈനയ്ക്ക് കഴിഞ്ഞേക്കും. ആ മാതൃകയിലാണ് അവര്‍ തുടര്‍ വിക്ഷേപണശൃംഖല സംവിധാനം ചെയ്തിരിക്കുന്നത്. എന്തായാലും ഇക്കാര്യത്തില്‍ ചൈനയുടെ തുടക്കം വളരെ നിര്‍ണ്ണായകമാണ്. 


2020 ല്‍ വീണ്ടും ചാന്ദ്രയാത്ര നടത്താനുള്ള നാസയുടെ ശ്രമങ്ങള്‍ക്ക് സാമ്പത്തികഞെരുക്കം മൂലം ഒബാമ സര്‍ക്കാര്‍ തടയിട്ടിരിക്കുകയാണ്. തട്ടിപ്പ് സിദ്ധാന്തക്കാര്‍ അഥവാ ഹോക്‌സര്‍മാരെ തൃപ്തിപ്പെടുത്താന്‍ വേണ്ടി മാത്രം ബില്യണ്‍ കണക്കിന് ഡോളറും സമയവും ഊര്‍ജ്ജവും മെനക്കെടുത്തി വീണ്ടും ചാന്ദ്രശിലകള്‍ ശേഖരിക്കാന്‍ പോകുന്നത് അത്ര ഉത്സാഹത്തോടെയല്ല അമേരിക്കന്‍ ഭരണകൂടത്തിലെ ഒരുവിഭാഗം കാണുന്നത്. സാമ്പത്തികമാന്ദ്യം കൂനിന്‍മേല്‍ കുരുവായി വന്നെത്തുകയും ചെയ്തു. എങ്കിലും സാമ്പത്തികമാന്ദ്യം തീരുന്ന മുറയ്ക്ക് മൂണ്‍മിഷന്‍ പുരാരംഭിക്കാമെന്ന ഉറപ്പ്‌ നാസയ്ക്ക് ലഭിച്ചിട്ടുള്ളതിനാല്‍ അമേരിക്ക ഇനിയും ചന്ദ്രനില്‍ പോകുമെന്നുതന്നെ കരുതാം. 


 ചാന്ദ്രയാത്ര 'റീലോഡ്' ചെയ്താല്‍ തട്ടിപ്പുവാദക്കാര്‍ക്ക് അനര്‍ഹമായ പരിഗണനയും ശ്രദ്ധയും ലഭിക്കുന്ന അവസഥയുണ്ടാകും. കേരളം തൊട്ട് പ്യൂര്‍ട്ടോറിക്ക വരെയുള്ള ഹോക്‌സര്‍മാര്‍ നാസ തങ്ങള്‍ക്കായി വീണ്ടും റോക്കറ്റ് വിടുന്നുവെന്ന അവകാശവാദവുമായി പതഞ്ഞൊഴുകും. മാത്രമല്ല നാളെ ഇത്തരത്തില്‍ ഉന്നയിക്കപ്പെടുന്ന അഭ്യൂഹങ്ങളും തട്ടിപ്പുസിദ്ധാന്തങ്ങളും ശരിയല്ലെന്ന് തെളിയിക്കേണ്ട ബാധ്യത ബന്ധപ്പെട്ട രാജ്യങ്ങള്‍ക്കും ശാസ്ത്രസംഘടനകള്‍ക്കുമുണ്ടെന്ന തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെടാനുമിടയുണ്ട്. 2030 ആകുമ്പോഴേക്കും ചന്ദ്രനില്‍ ആളെ എത്തിക്കാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ആദ്യം സ്വന്തംനിലയില്‍ ബഹിരാകാശത്ത് ഒരു മനുഷ്യനെ എത്തിച്ച ശേഷമേ നമുക്കതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കാനാവൂ. അതൊക്കെ സാധ്യമാകണമെങ്കില്‍ എത്രകോടി രൂപയുടെ പൂജയും ഹോമവും സര്‍വമത പ്രാര്‍ത്ഥനയും വേണ്ടിവരുമെന്ന് തിട്ടമില്ല. രണ്ടായാലും  തുലാഭാരവും തേരുവലിയുമൊക്കെ കൂടാതെ പറ്റില്ല. യാത്ര ചന്ദ്രനിലേക്കായതിനാല്‍ വെറുമൊരു ഗണപതി പൂജയില്‍ കാര്യങ്ങള്‍ ഒതുങ്ങാനിടയില്ല-ശരിക്കും ഒരു 'ശശിപൂജ' തന്നെ വേണ്ടിവരും. ആയിനത്തില്‍ അഞ്ചു പൈസ ചെലവില്ലാതെ അര നൂറ്റാണ്ടിന് മുമ്പ് സോവിയറ്റ് യൂണിയന്‍ നിരവധി തവണ അനായാസം ഇതൊക്കെ ചെയ്തിട്ടുണ്ടാവാം. പക്ഷെ വിഷമിക്കരുത്, നമ്മുടെ ഹോമബഡ്ജറ്റ് കനത്തതായിരിക്കും; സംഗതി നടക്കണമെങ്കില്‍ അതേ നിവൃത്തിയുള്ളു. ആദ്യത്തെ സഞ്ചാരി ബഹിരാകാശത്ത് ചെന്നിരുന്ന് ഭഗവത് ഗീത ലൈവായി വായിച്ച് കേള്‍പ്പിക്കുന്നത് നിങ്ങള്‍ക്ക് കേള്‍ക്കേണ്ടേ? 



അപ്പോളോദൗത്യവിജയത്തിന്റെ ഏറ്റവും വലിയ സാക്ഷിയും പുറംതെളിവും സോവിയറ്റ് യൂണിയനാണ്. ഇന്ന് റഷ്യയില്‍ തട്ടിപ്പ് സാഹിത്യമൊക്കെ (Hoax Literature) വിറ്റഴിയുന്നുണ്ടാവാം;സംശയാലുക്കളുമുണ്ടാകാം. പക്ഷെ സോവിയറ്റ് സ്‌പേസ് ഏജന്‍സി ഇന്നുവരെ ഔദ്യോഗികമായി ചാന്ദ്രയാത്രയില്‍ സംശയം പ്രകടിപ്പിച്ചിട്ടില്ല. അപരന്റെ വീഴ്ചകള്‍ ഉന്മാദപൂര്‍വം ആഘോഷിച്ചിരുന്ന ശീതയുദ്ധത്തിന്റെ പാരമ്യതയില്‍ അമേരിക്ക ഇത്രവലിയ ഒരു 'തട്ടിപ്പ്' ഏഴ് പ്രാവശ്യം ആവര്‍ത്തിച്ചിട്ടും സോവിയറ്റ് യൂണിയന് അത് കണ്ടുപിടിക്കാനായില്ലെന്ന് പറഞ്ഞാല്‍ അതവരെ തീരെ കൊച്ചാക്കുകയാണ്. എന്തിനേറെ ശീതയുദ്ധത്തിന് ശേഷമെങ്കിലും അവര്‍ക്ക് രാജകീയമായി സംശയം പ്രകടിപ്പിക്കാമായിരുന്നു-കുറഞ്ഞപക്ഷം ഇപ്പോഴെങ്കിലും. അമേരിക്ക സോവിയറ്റ് യൂണിയനുമായി ഒത്തുകളിച്ചാണ് തട്ടിപ്പ് നടത്തിയതെന്ന വാദം തരക്കേടില്ല. പക്ഷെ 'ശീതയുദ്ധം'(Cold war) തന്നെ മാലോകരെ പറ്റിക്കാന്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് നടത്തിയ ഒരു 'ഒത്തുകളി'യാണെന്ന് കൂടി തട്ടിവിട്ടാല്‍ ഈ മായാവാദം കുറേക്കൂടി വശ്യസുന്ദരമാകും. 

1955-70 കാലഘട്ടത്തില്‍ ബഹിരാകാശരംഗത്ത് സോവിയറ്റ് യൂണിയന്‍ നടത്തിയ വിസ്മയാവഹമായ മുന്നേറ്റങ്ങള്‍ അമേരിക്കന്‍ ജനതയ്ക്ക് വല്ലാത്ത ഇച്ഛാഭംഗമാണ് സമ്മാനിച്ചത്. ആദ്യത്തെ ബഹിരാകാശവാഹനം, ആദ്യത്തെ മൃഗം, ആദ്യമനുഷ്യന്‍, ആദ്യവനിത, ആദ്യത്തെ ചാന്ദ്രവാഹനം എന്നുവേണ്ട എല്ലാക്കാര്യത്തിലും "ചെകുത്താന്റെ സാമ്ര്യാജ്യ'മായ സോവിയറ്റ് യൂണിയന്‍ ഒരുപടി മു
മ്പിലായത് ഇതിനെയെല്ലാം വെല്ലുന്ന എന്തെങ്കിലും ചെയ്യണമെന്ന വാശി അമേരിക്കന്‍ ജനങ്ങളിലും ഭരണനേതൃത്വത്തിലുമുണ്ടാക്കി. ഒരുപക്ഷെ അപ്പോളോ-9 ല്‍ തന്നെ അമേരിക്ക മനുഷ്യനെ ഇറക്കുമായിരുന്നു. അത്ര രൂക്ഷമായിരുന്നു'ചന്ദ്രനു വേണ്ടിയുള്ള പോരാട്ടം'('the race for the moon'). അപ്പോളോ-11 1969 ജൂലെ 21 ന് ചന്ദ്രനില്‍ ഇറങ്ങുന്നതിന് കഷ്ടിച്ച് ഒരു മാസം മുമ്പാണ് സോവിയറ്റ് യൂണിയന്റെ ~ഒരു പരീക്ഷണവാഹനം (probe)ചന്ദ്രനില്‍ ചെന്നിടിച്ചിറങ്ങിയത്. 



പക്ഷെ എന്തുകൊണ്ട് സോവിയറ്റ് യൂണിയന്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കാനുള്ള ഉദ്യമം തുടരാതിരുന്നത്? അമേരിക്ക ആദ്യം ചെയ്തു എന്നു കരുതി റഷ്യാക്കാര്‍ക്ക് അത് രണ്ടാമത് ചെയ്തുകൂടാ എന്നു പറയുന്നതില്‍ ന്യായമില്ല. സോവിയറ്റ് യൂണിയന്‍ അണുബോംബുണ്ടാക്കിയത് അമേരിക്കയ്ക്ക് ശേഷമാണ്. അമേരിക്ക ജപ്പാന്റെ മണ്ണില്‍ 'ലിറ്റില്‍ ബോയി'യേയും 'ഫാറ്റ്മാനേ'യും ('little boy' & 'fatman') വലിച്ചെറിഞ്ഞ് ലോകത്തെ ഞെട്ടിച്ച് നാലുവര്‍ഷം കഴിഞ്ഞ് 1949 ലാണ് സോവിയറ്റ് യൂണിയന്റെ ആദ്യ അണുസ്‌ഫോടനപരീക്ഷണം നടത്തിയത്. 'ആദ്യമെത്തുക'എന്നത് ('to be the first') അഭിമാനകരമാണെങ്കിലും രണ്ടാമതെത്തുന്നതിനും  പ്രാധാന്യമുണ്ട്. ആദ്യമെത്തുന്നയാള്‍ തന്നെ എന്നും ആധിപത്യം തുടരണമെന്ന് നിര്‍ബന്ധമില്ലല്ലോ. സ്‌പെയിന്‍ ആദ്യം കോളനികള്‍ സ്ഥാപിച്ചതിനാല്‍ തങ്ങള്‍ ആ രംഗത്തേക്കില്ലെന്ന് ബ്രിട്ടണും ഫ്രാന്‍സും തീരുമാനിച്ചില്ലെന്നോര്‍ക്കുക.
 
ആദ്യഘട്ടത്തില്‍ അതിശയകരമായ ബഹിരാകാശനേട്ടങ്ങള്‍ നേടിയെടുത്തെങ്കിലും സോവിയറ്റ് യൂണിയനില്‍ അതുസംബന്ധിച്ച വിജയോന്മാദം ഏറെ നീണ്ടുനിന്നില്ല. ചന്ദ്രനാണ് ആത്യന്തികലക്ഷ്യമെന്ന പ്രഖ്യാപനവുമായി അമേരിക്ക രംഗത്തുവന്നതിന് ശേഷം പ്രത്യേകിച്ചും. ചാന്ദ്രദൗത്യവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച സോവിയറ്റ് സാങ്കേതികവിദഗ്ധരുടെ അഭിപ്രായത്തില്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കി തിരിച്ചെത്തിക്കുന്ന സാങ്കേതികവിദ്യയില്‍ നിന്ന് 1968 പോലും അവര്‍ പിന്നിലായിരുന്നു. അതായത് ഭ്രമണവാഹനത്തില്‍ നിന്ന് ചന്ദ്രനിലേക്ക് ആളെ ഇറക്കി വിജയകരകമായി തിരിച്ചെടുക്കുന്ന സാങ്കേതികത അന്നവരുടെ കൈപ്പിടിയില്‍ ഒതുങ്ങുന്ന ഒന്നായിരുന്നില്ല. ശീതയുദ്ധത്തിന് ശേഷം സോവിയറ്റ് യൂണിയന്റെ അന്നത്തെ ദൗര്‍ബല്യത്തെ കുറിച്ച് കൂടുതല്‍ പ്രകടമായ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അന്നുവരെയുള്ള റഷ്യന്‍ ശ്രമങ്ങളൊക്കെ ചന്ദ്രനെ പ്രദക്ഷിണം ചെയ്യുന്നതിലും പ്രോബുകളെ ചന്ദ്രോപരിതലത്തില്‍ ഇറക്കുന്നതിലും കേന്ദ്രീകരിച്ചായിരുന്നു. സോവിയറ്റ് ലാന്‍ഡിംഗ് പൊതുവെ ഇടിച്ചിറക്കലുകളായിരുന്നുവെന്നതും(crash landing) പരിഗണിക്കണം. അവരിപ്പോഴും ബഹിരാകാശത്ത് പോയി വരുന്നത് വാഹനം പാരച്ച്യൂട്ട് ഉപയോഗിച്ച് കടലിലോ മരുഭൂമിയിലോ മെല്ലെ വീഴ്ത്തിയാണ്. അമേരിക്കന്‍ സ്‌പേസ് ഷട്ടില്‍ നടത്തുന്നതുപോലുള്ള പളാറ്റ്‌ഫോം ലാന്‍ഡിംഗ് അവര്‍ക്ക് വശമില്ല.
 


1966 ല്‍ അന്തരിച്ച സെര്‍ജി കൊറല്യവായിരുന്നു(Sergey P Korolyov) സോവിയറ്റ് ബഹിരാകാശപോരാട്ടങ്ങളുടെ പടനായകന്‍. എന്നാല്‍ അദ്ദേഹത്തിന്റെ നിര്യാണത്തിനുശേഷം നേതൃത്വത്തിലെത്തിയ വാസിലി മിഷിന് (Vasily Pavlovich Mishin) കൊറല്യവിന്റെ നേതൃപാടവമോ വ്യക്തിഗതപ്രഭാവമോ ഇല്ലായിരുന്നു. സോവിയറ്റ് ഭരണനേതൃത്വം സൃഷ്ടിച്ച ഇരുമ്പ് മറയ്ക്കുള്ളില്‍ ചാന്ദ്രപോരാട്ടത്തില്‍ സോവിയറ്റ് യൂണിയനെ വിജയത്തിലേക്ക് നയിക്കാന്‍ അദ്ദേഹത്തിനായില്ല. അപര്യാപ്തമായ ഫണ്ടിംഗും അതീവരഹസ്യമായ പ്രവര്‍ത്തനശൈലിയും ഏകോപിച്ച് നിര്‍ദ്ദിഷ്ട ലക്ഷ്യത്തിലെത്താന്‍ അദ്ദേഹം പരാജയപ്പെട്ടു. അപ്പോളോ ദൗത്യത്തിന്റെ വിജയത്തിന് ശേഷം ഏറെക്കാലം പൊതുവേദികളില്‍ മിഷിനെ കാണാനുണ്ടായിരുന്നില്ല(Ref-http://www.britannica.com/EBchecked/topic/761610/Vasily-Pavlovich-Mishin)

ഇതൊക്കെയാണെങ്കിലും 1969 ആയപ്പോഴേക്കും സോവിയറ്റ് യൂണിയന്‍ മനുഷ്യനെ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിച്ച് ചന്ദ്രനെ വലയം ചെയ്യിക്കുന്നതിന് വളരെ അടുത്തെത്തിയിരുന്നു. പക്ഷെ അപ്പോളോ ദൗത്യം വിജയിച്ചത് അവര്‍ക്ക് വൈകാരികമായി വലിയ തിരിച്ചടിയായി. ജപ്പാനില്‍ ബോംബിട്ട അതേ വൈകാരിക ആഘാതം അപ്പോളോ വിജയം സോവിയറ്റ് യൂണിയനില്‍ സൃഷ്ടിച്ചുവെന്ന് വിലയിരുത്തപ്പെടുന്നു. പരാജയബോധം മാത്രമല്ല ചന്ദ്രനെക്കുറിച്ച് അറിഞ്ഞിടത്തോളം കാര്യങ്ങള്‍ അക്കാര്യത്തില്‍ മുന്നോട്ടുപോകുന്നതിലുള്ള അവരുടെ താല്‍പര്യം നനച്ചുകളയുന്നതായിരുന്നു. ചന്ദ്രനിലെ മൃതശിലകള്‍ കൊണ്ടുവരാനായി റോബോട്ടുകളെ അയച്ചാല്‍ മതിയാകുമെന്ന ചിന്തയ്ക്ക് മുന്‍തൂക്കം ലഭിച്ചു. മിഷിന്റെ പദ്ധതികള്‍ വിജയിച്ചിരുന്നുവെങ്കില്‍ ഒരുപക്ഷെ ചന്ദ്രനിലിറങ്ങിയ ആദ്യ മനുഷ്യനാകേണ്ടിയിരുന്ന വ്യക്തിയാണ് സോവിയറ്റ് കോസ്‌മോനോട്ടായ അലക്‌സി ലിയനോവ് (Alexei Leonov). അപ്പോളോ ദൗത്യം കഴിഞ്ഞ്‌ മുപ്പത് വര്‍ഷത്തിന് ശേഷം അദ്ദേഹം റോയിട്ടറിനോട് പറഞ്ഞത് സോവിയറ്റ് പരാജയം ഒരിക്കലും ഫണ്ടിന്റെ ദൗര്‍ലഭ്യം കൊണ്ടായിരുന്നില്ലെന്നാണ്. ഫണ്ട് ആവശ്യത്തിനുണ്ടായിരുന്നുവെന്നും കാര്യങ്ങള്‍ കൃത്യമായി വിശകലനം ചെയ്യുന്നതില്‍ വന്ന തകാരാറാണ് ദൗത്യം വിജയം കാണാതിരിക്കാന്‍ പ്രധാന കാരണമായതെന്നു അദ്ദേഹം പറഞ്ഞു:

'Some people today say there wasn't enough money. Nothing of the kind. We had the money but we only needed to spend it properly,' Leonov told Reuters. 'Mishin says the Defense Ministry didn't give us money. This is not true. We did not properly analyze things. ...That was his mistake.' (Ref-www.space.com) 

സോവിയറ്റ് യൂണിയന്‍ ഉപരിതലത്തില്‍ നിരങ്ങിനീങ്ങുന്ന റോവറുകളും 
ഇംപാക്റ്റ് പ്രോബുകളും(rovers and impact probes) ചന്ദ്രനിലിറക്കിയിട്ടുണ്ട്. അമേരിക്കയാകട്ടെ റോവറുകളും സോഫ്റ്റ് ലാന്‍ഡറുകളും(soft landers) ഇറക്കി. ചന്ദ്രനില്‍ ചെന്നിറങ്ങുന്നതും അവിടെനിന്ന് തിരിച്ചുകയറി ഭൂമിയില്‍ തിരികെയെത്തുന്നതും തമ്മില്‍ സാങ്കേതികവിദ്യയുടെ കാര്യത്തില്‍ വലിയ വ്യത്യാസമുണ്ട്. മൃദുവായ ലാന്‍ഡിംഗ്, തിരിച്ച് ചാന്ദ്ര ഭ്രമണപഥത്തിലെത്താനുള്ള റോക്കറ്റ്, ചാന്ദ്രഭ്രമണപഥത്തില്‍ നിന്നും ഭൂമിയുടെ ഭ്രമണപഥത്തിലെത്താന്‍ ആവശ്യമായ റോക്കറ്റ്, ഭൂമിയുടെ ഭ്രമണപഥത്തില്‍നിന്നും ഭൗമാന്തരീക്ഷം തുളച്ച് ഉപരിതലത്തില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാനുള്ള സാങ്കേതികത്തികവ് എന്നിവയൊക്കെ ഇവിടെ നിര്‍ണ്ണായകമാകുന്നുണ്ട്. റോവറുകളും പ്രോബുകളും ഇടിച്ചിറക്കുന്നതില്‍നിന്നും ഏറെ ദൂരെ സഞ്ചരിക്കേണ്ടതുണ്ടെന്ന് സാരം. പ്രോബുകള്‍ ഇടിച്ചിറക്കാനായി അവയെ നിശ്ചിതവേഗത്തില്‍ ചാന്ദ്രഭ്രമണപഥത്തില്‍ നിന്നും തള്ളിക്കൊടുത്താല്‍ മതിയാകും. ബാക്കി ജോലി ചന്ദ്രന്റെ ഗുരുത്വാകര്‍ഷണശക്തി നിര്‍വഹിച്ചുകൊള്ളും. ചന്ദ്രനെ ഭ്രമണംചെയ്യാനും ഇതേ ബുദ്ധിമുട്ടേയുള്ളു. ഈ ദൗത്യങ്ങള്‍ വിജയകരമായി തരണം ചെയ്യാന്‍ അമേരിക്കയെ തുണച്ചത് സാറ്റേണ്‍ റോക്കറ്റുകളാണ്(Saturn V). സാറ്റേണ്‍ റോക്കറ്റുകള്‍ അഞ്ചു സീരിസുകളുണ്ട്. ഒന്നു മുതല്‍ അഞ്ചുവരെ(the F-1 Kerosene-LOX monster, and the J-series LH/LOX upper stage engines).വിശദാംശങ്ങള്‍ പിന്നീട്.

വന്‍ ചെലവുള്ള'ബഹിരാകശയുദ്ധ'ത്തിന് സോവിയറ്റ് യൂണിയനെ പ്രേരിപ്പിച്ച് അവരെ പാപ്പരാക്കി 'ശീതയുദ്ധ'ത്തില്‍ വിജയം വരിക്കുകയായിരുന്നു അമേരിക്ക ചെയ്തതെന്ന് വാദിക്കുന്ന ചരിത്രകാരന്‍മാരുണ്ട്. ചന്ദ്രനിലെത്താനുള്ള ബൂസ്റ്റര്‍ റോക്കറ്റ് സ്‌പേസില്‍വെച്ച് ഘടിപ്പിച്ചെടുക്കുന്നതായിരുന്നു (assemble)ഇരുകൂട്ടര്‍ക്കും നല്ലതെന്ന് ചിന്തിക്കുന്നവര്‍ ഇന്നുമുണ്ട്. അതായത് കുറഞ്ഞശക്തിയുള്ള റോക്കറ്റുപയോഗിച്ച് നിര്‍ദ്ദിഷ്ട റോക്കറ്റിന്റെ ഘടകഭാഗങ്ങള്‍ ഭൗമഭ്രമണപഥത്തില്‍ എത്തിക്കുകയും അവിടെ വെച്ച് കൂട്ടിയോജിപ്പിക്കുകയും ചെയ്യുക. പക്ഷെ ഇരുവരും അതിന് തയ്യാറാകാതെ'നേരിട്ടുള്ള വണ്ടി'('straight bus')തന്നെ വികസിപ്പിച്ചെടുക്കാനാണ് ശ്രമിച്ചത്. അമേരിക്ക അതില്‍ വിജയിച്ചു, അവര്‍ തുടരെ ഏഴ് ഗോളുകളടിച്ചു. സോവിയറ്റ് യൂണിയന് ഒന്നുപോലും മടക്കാനാകുന്നതിന് മുമ്പ് കളിയും തീര്‍ന്നു.


വാസ്തവത്തില്‍ ചാന്ദ്രപര്യവേഷണരംഗത്തും ആദ്യഘട്ടത്തില്‍ സോവിയറ്റ് യൂണിയനായിരുന്നു മുന്‍തൂക്കം. ലൂണ സീരിസാണ് അവരെയതിന് സഹായിച്ചത്. പക്ഷെ ബൂസ്റ്റര്‍ റോക്കറ്റ് (Booster rocket))വികസിപ്പിച്ചെടുക്കുന്നതില്‍ അവര്‍ക്ക് അപ്രതീക്ഷിത തിരിച്ചടികള്‍ നേരിട്ടു. അവരുടെ ബൂസ്റ്റര്‍ ആയിരുന്ന N-1 ഒട്ടുംതന്നെ ഫലപ്രദമായില്ലെന്ന് പറയാം. N-1 ന്റെ ഒരു പരീക്ഷണവിക്ഷേപണം റോക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പൊട്ടിത്തെറിയിലാണ് അവസാനിച്ചത്. ഈ റോക്കറ്റിന്റെ തുടരെയുള്ള പരീക്ഷണ വിക്ഷേപണങ്ങള്‍ നാല് വലിയ ഗര്‍ത്തങ്ങളാണ് അവര്‍ക്ക് സമ്മാനിച്ചത്. സോവിയറ്റ് ആത്മവിശ്വാസത്തില്‍ വീണ നാല് വന്‍ തുളകളായിരുന്നു അവ. അതിലൊന്നാകാട്ടെ വിക്ഷേപണത്തറയിലുമായിരുന്നു. ആ അപകടത്തില്‍ കുറഞ്ഞത് 100 റഷ്യന്‍ സാങ്കേതിക വിദഗ്ധരെങ്കിലും മരണമടുയകയും ചെയ്തു. മനുഷ്യനെ ചന്ദ്രനില്‍ ഇറക്കുന്നതില്‍ പെട്ടെന്ന് വിജയം വരിക്കാനാവുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ട അവര്‍ ചന്ദ്രനെ ഭ്രമണം ചെയ്യുകയെന്ന ലക്ഷ്യത്തിന് പ്രാധാന്യം നല്‍കാന്‍ തുടങ്ങി. 'വെള്ളിമെഡലി'നാണ് മത്സരിക്കുന്നതെന്ന ബോധ്യം അപ്പോഴേ സോവിയറ്റ് നേതൃത്വത്തിനുണ്ടായിരുന്നു. തങ്ങള്‍ 'മത്സരപ്പന്തയ'ത്തിലാണെന്ന വാദം സോവിയറ്റ് യൂണിയന്‍ അതോടെ ഏകപക്ഷീയമായി നിരാകരിച്ചു. പരാജയം മറയ്ക്കാന്‍ റോക്കറ്റ് സ്‌ഫോടനത്തിന്റെ മുഴുവന്‍ അവശിഷ്ടവും നശിപ്പിക്കുകയും ചെയ്തു. (http://en.wikipedia.org/wiki/N1_rocket).

എന്നാല്‍ അപ്പോഴും തങ്ങള്‍ ചന്ദ്രനുവേണ്ടിയുള്ള ഓട്ടപ്പന്തയത്തിലാണെന്ന് എഴുതുകയും പറയുകയും ചെയ്തുകൊണ്ടിരുന്ന അമേരിക്കയ്ക്ക് സാറ്റേണ്‍ റോക്കറ്റുകള്‍ വലിയ നേട്ടം കൊണ്ടുവന്നു. ചാന്ദ്രദൗത്യത്തില്‍ അമേരിക്ക ജയിച്ചെങ്കില്‍ അതിന്റെ പ്രധാനകാരണം പര്യാപ്തമായ ബൂസ്റ്റര്‍ റോക്കറ്റ് വികസിപ്പിച്ചെടുത്തുവെന്നത് തന്നെയാണ്. ആംസ്‌ട്രോങോ നിക്‌സണോ അല്ല മറിച്ച് സാറ്റേണ്‍ റോക്കറ്റാണ് ചാന്ദ്രയാത്രയിലെ യഥാര്‍ത്ഥ ഹീറോ എന്ന് പറഞ്ഞാല്‍ തെറ്റില്ലെന്ന് തോന്നുന്നു. ചന്ദ്രന് വേണ്ടിയുള്ള മത്സരത്തില്‍ തുടക്കത്തില്‍ മാത്രമേ ശരിക്കും 'മത്സര'മുണ്ടായിരുന്നുള്ളു. പിന്നീടങ്ങോട്ട് അമേരിക്ക അതിവേഗം  മുന്നേറുകയായിരുന്നു. പ്രചരണോപാധിയെന്ന നിലയില്‍ മത്സരപന്തയം ('Race for Moon') എന്ന വാക്ക് തന്നെ അമേരിക്കന്‍ ഭരണനേതൃത്വവും ശാസ്ത്രനേതൃത്വവും ഊന്നി പറഞ്ഞുകൊണ്ടിരുന്നു. എന്തെന്നാല്‍ വിജയിക്കുമെന്ന് ഉറപ്പുള്ള ഒരു മത്സരത്തിലാണ് തങ്ങളെന്ന് അവര്‍ക്കറിയാമായിരുന്നു. എതിരാളി ബഹുദൂരം പിന്നിലാണെന്ന ബോധ്യം അവരുടെ ആവേശം വര്‍ദ്ധിപ്പിച്ചു. 


എന്നിട്ടും അപ്പോളോ ദൗത്യങ്ങള്‍ക്ക് മുമ്പ് ചന്ദ്രനില്‍ ലൂണാര്‍ റോവര്‍ ഇറക്കി ഒരു 'പ്രകമ്പനം'സൃഷ്ടിക്കാന്‍ സോവിയറ്റ് യൂണിയനായി. പക്ഷെ അതില്‍ക്കൂടുതലൊന്നും മുന്നോട്ടുപോകാന്‍ അവര്‍ ശ്രമിച്ചില്ല. അപ്പോളോ വിജയത്തിന് ശേഷമാകട്ടെ കാര്യമായ ശ്രമങ്ങള്‍ തീരെയുണ്ടായില്ല. രണ്ടുപേര്‍ പങ്കെടുക്കുന്ന ഒരു മത്സരത്തില്‍ രണ്ടാമതെത്തുന്നത് പ്രചരണയുദ്ധത്തില്‍ (Propaganda war)സഹായകരമല്ലെന്ന തിരിച്ചറിവ് അവരെ തളര്‍ത്തി. 

കൃത്യ സമയത്ത് ബൂസ്റ്റര്‍ റോക്കറ്റ് വികസിപ്പിച്ചെടുക്കാനായില്ലെന്നത് കഥയുടെ ഒരു ഭാഗം മാത്രം. ചന്ദ്രനില്‍ ആളെ എത്തിച്ച് തിരിച്ചുകൊണ്ടുവരുന്നതെങ്ങനെ എന്ന കാര്യത്തില്‍ കൃത്യമായ അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ സോവിയറ്റ് നേതൃത്വത്തിന് സാധിച്ചിരുന്നില്ല. അമേരിക്കയില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കാന്‍ നാസ(NASA) ഉണ്ടായിരുന്നു. കൂടുതല്‍ കേന്ദ്രീകൃതവും തീരുമാനങ്ങള്‍ ഉടനടി നടപ്പിലാക്കാന്‍ ശേഷിയുള്ളതുമായിരുന്നു സോവിയറ്റ് ഭരണകൂടമെന്നത് ശരിതന്നെ. എന്നാല്‍ ഈ മേഖലയില്‍ അവര്‍ പിന്നാക്കമായിരുന്നുവെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. 

അറുപതുകളുടെ അവസാനം സോവിയറ്റ് യൂണിയനില്‍ പരസ്പരം മത്സരിച്ച രണ്ട് ചാന്ദ്രപദ്ധതികളെങ്കിലുമുണ്ടായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. കൊറോല്യവ് (Korolev) നേതൃത്വം നല്‍കിയ എന്‍-1 (N-1)റോക്കറ്റുപയോഗിക്കുന്ന സോയൂസ് വാഹനം(Soyuz LK &LOK) ഉള്‍പ്പെട്ട പദ്ധതിയായിരുന്നു ആദ്യത്തേത്. സമാന്തരമായി തന്നെ ചെലോമേയിയുടെ (Chelomei) യു.ആര്‍ 700(UR-700) റോക്കറ്റ് ഉപയോഗിക്കുന്ന പദ്ധതിയും മുന്നോട്ടുപോയികൊണ്ടിരുന്നു. ഫണ്ടും ശ്രദ്ധയും ഈ രണ്ട് സാധ്യതകളിലും കേന്ദ്രീകരിച്ചാണ് സോവിയറ്റ് നേതൃത്വം മുന്നോട്ടുപോയിരുന്നത്. എങ്ങനെയും മത്സരവിജയം കൈവരിക്കുക എന്നതായിരുന്നു ആത്യന്തിക ലക്ഷ്യമെന്ന് ഇക്കാര്യം സ്ഥിരീകരിക്കുന്നു. എന്‍-1 റോക്കറ്റിന്റെ പരാജയത്തെ തുടര്‍ന്ന് ചന്ദ്രനെ ഭ്രമണം ചെയ്യാനുള്ള പദ്ധതിയിലായിരുന്നുവല്ലോ സോവിയറ്റ് ശ്രദ്ധ. എന്നാലവിടെയും രണ്ട് പദ്ധതികള്‍ സമാന്തരമായി മുന്നോട്ടുനീങ്ങുന്നുണ്ടായിരുന്നു. 

'എല്ലാ മുട്ടകളും ഒരു കൂടയിലിടാതിരിക്കുക'എന്നതായിരുന്നു ('Never put all your eggs in one basket')സോവിയറ്റ് നയം. അതിലവരെ തെറ്റുപറയാനുമാവില്ല. എന്നാല്‍ ബഹിരാകാശപ്പോരാട്ടത്തില്‍ ആദ്യഘട്ടത്തില്‍ ഏറെ തുണച്ച ഈ നിലപാട് എന്തുകൊണ്ടോ ചാന്ദ്രദൗത്യത്തിന്റെ കാര്യത്തില്‍ അവരെ രക്ഷിച്ചില്ല. അതേസമയം നോവ, സാറ്റേണ്‍ എന്നീ രണ്ടു റോക്കറ്റുകള്‍ അമേരിക്ക പരിഗണിച്ചിരുന്നുവെങ്കിലും നിര്‍മ്മിക്കാന്‍ എളുപ്പം സാറ്റേണെന്ന് കണ്ട് പെട്ടെന്നുതന്നെ അത് അത് തെരഞ്ഞെടുക്കുകയായിരുന്നു.

രണ്ടാം ലോകയുദ്ധത്തിനൊടുവില്‍ ആരാണ് മികച്ച ജര്‍മ്മന്‍ ശാസ്ത്രജ്ഞരെ സ്വന്തമാക്കിയത് അവരാണ് ചാന്ദ്രനുവേണ്ടിയുള്ള യുദ്ധത്തില്‍ ജയിച്ചതെന്ന് പറയാറുണ്ട്. അമേരിക്കയ്ക്കാണ് ആ ഭാഗ്യമുണ്ടായതെന്ന് പറയാം. വെണ്‍ഹ്ര്‍ വോണ്‍ ബ്രോണിന്റെ (Wernher von Braun)നേതൃത്വത്തിലുള്ള ജര്‍മ്മന്‍ ശാസ്ത്രജ്ഞരായിരുന്നു സാറ്റേണ്‍ ബുസ്റ്റര്‍ സീരീസ് വികസിപ്പിച്ചെടുത്തത്. സോവിയറ്റ് ദൗത്യത്തിലും ജര്‍മ്മന്‍ ശാസ്ത്രജ്ഞരുടെ പങ്കാളിത്തമുണ്ടായിരുന്നു. ജര്‍മ്മനി രണ്ടാം ലോകയുദ്ധത്തില്‍ വിജയിച്ചിരുന്നുവെങ്കില്‍ ബഹിരാകാശയുദ്ധത്തില്‍ ആര് മുമ്പിലെത്തുമായിരുന്നുവെന്ന് ഊഹിക്കാന്‍ പ്രയാസമില്ല.  റോക്കറ്റ് സാങ്കേതികതയില്‍ നാസി ജര്‍മ്മനി അക്കാലത്ത്  അത്രമാത്രം മുന്‍തൂക്കം നേടിയിരുന്നുവെന്നത് സുവിദമാണ്. 


സാറ്റേണ്‍ ബൂസ്റ്ററുകള്‍ ആകാശഭീമന്‍മാരാണ്. ഇന്ന് അമേരിക്ക ഉപയോഗിക്കുന്ന സ്‌പേസ് ഷട്ടിലുകളുമായി യാതൊരു താരതമ്യവും അതിനില്ല. ലക്ഷ്യം, വലുപ്പം, ഭാരംവഹിക്കാനുള്ള ശേഷി (pyload) തുടങ്ങി ഒട്ടനവധി കാര്യങ്ങളില്‍ ഈ വ്യത്യാസമുണ്ട്.111 മീറ്റര്‍ ഉയരവും 1,29300 കിലോഗ്രാം വാഹകശേഷിയുമുള്ള ആകാശഭീമനായിരുന്നു അപ്പോളോ-11 വഹിച്ച ബോയിംഗ് കോര്‍പ്പറേഷന്റെ സാറ്റേണ്‍ ബൂസ്റ്റര്‍. ഭൗമഭ്രമണപഥത്തില്‍ നിന്ന് 48500 കിലോഗ്രാം വസ്തുക്കളാണ് അത് ചന്ദ്രനിലേക്ക് കൊണ്ടുപോയത്. 1981 ലാണ് അമേരിക്ക ആദ്യമായി സ്‌പേസ്ഷട്ടിലുകളുടെ പരീക്ഷണവിക്ഷേപണം നടത്തിയത്. 1982 ല്‍ രംഗത്തിറക്കിയ സ്‌പേസ്ഷട്ടിലുകള്‍ 135 വിക്ഷേപണത്തിന് ശേഷം 2011 ജൂലെ എട്ടിന് അവസാന വിക്ഷേപണവും പൂര്‍ത്തിയാക്കിയിരിക്കുകയാണ്. കൊളമ്പിയ, ചലഞ്ചര്‍, അറ്റ്‌ലാന്റിസ്, എന്‍ഡവര്‍ എന്നിവയായിരുന്നു അമേരിക്കന്‍ സ്‌പേസ് ഷട്ടിലുകള്‍. ഇവിടെയും ശ്രദ്ധിക്കുക, അമേരിക്ക 1982 കൈവരിച്ച ഒരു സാങ്കേതികനേട്ടം റഷ്യയുള്‍പ്പെടെ ഒരു രാജ്യവും ഇതുവരെ നേടിയിട്ടില്ല. 

എഴുപതുകള്‍ക്ക് ശേഷം സാറ്റേണ്‍ റോക്കറ്റുകള്‍ കയ്യൊഴിഞ്ഞ് സ്‌പേസ് ഷട്ടിലുകളിലേക്ക് അമേരിക്ക മാറിയത് ആവര്‍ത്തിച്ചുപയോഗിക്കാവുന്ന ബഹിരാകാശ വാഹനമാണത്‌ എന്നതുകൊണ്ടുതന്നെ. 1972-92 കാലഘട്ടത്തില്‍ ആരും ചാന്ദ്രയാത്രയില്‍ സംശയം പ്രകടിപ്പിച്ചിരുന്നില്ല. ചന്ദ്രനിലേക്ക് വീണ്ടും പോകാത്തതെന്തേ?-എന്നാരും ചോദിച്ചിട്ടുമില്ല. ആ തലമുറയില്‍ അങ്ങനെയൊരു ചോദ്യമുയരാനുള്ള സാധ്യത കുറവായിരുന്നു. പക്ഷെ അതല്ല ഇന്ന് നമ്മുടെ കാര്യം. നമുക്കത് ഒന്നുകൂടി ഡിജിറ്റല്‍ സാങ്കേതികതയില്‍ കണ്ടാല്‍ കൊള്ളാമെന്നുണ്ട്. ഭൂമിയില്‍ പിടിമുറുക്കാന്‍ ചന്ദ്രനില്‍ പോയിട്ട് കാര്യമില്ലെന്നും അമേരിക്ക മനസ്സിലാക്കി. ചാന്ദ്രയാത്ര പ്രയോജനരഹിതമായ ധൂര്‍ത്താണെന്നതും ആ രംഗത്ത് മറ്റ് എതിരാളികളില്ലെന്നതും ബൂസ്റ്റര്‍ റോക്കറ്റുകള്‍ പെട്ടിയില്‍ വെക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ച കാരണങ്ങളാണ്. റോക്കറ്റും വിമാനവും ഗ്‌ളൈഡറുമെല്ലാം ഏകോപിപ്പിക്കപ്പെടുന്ന വാഹനമാണ് സ്‌പേസ് ഷട്ടിലുകള്‍. സ്വാഭാവികമായും സാങ്കേതികവിദ്യയില്‍ വ്യതിയാനമുണ്ടായി(shift in technology). പഴയത് മാറ്റിവെക്കപ്പെട്ടു. 56.1 മീറ്റര്‍ ഉയരമുള്ള സ്‌പേസ് ഷട്ടിലിന്റെ പേലോഡ് ശേഷി വെറും 24300 കിലോഗ്രാം മാത്രമാണ്. ഭൗമഭ്രമണപഥത്തിലെത്തി ഭൂമിയെ വലംവെയ്ക്കാനായി ആസൂത്രണം ചെയ്യപ്പെട്ടവയാണവ. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ എന്തെങ്കിലും അത്യാവശ്യസാഹചര്യമുണ്ടായാല്‍ ആഴ്ചകള്‍ക്കുള്ളില്‍ സഹായമെത്തിക്കാന്‍ സ്‌പേസ് ഷട്ടിലുകള്‍ക്കാവും. ഇതിനൊക്കെ വേണ്ടി മറ്റുപല മേഖലകളിലും ഒത്തുതീര്‍പ്പ് (compromise) അത്യാവശ്യമാണ്. 

ഭൗമഭ്രമണപഥം തന്നെയാണ് അമേരിക്ക വര്‍ഷങ്ങളായി ശ്രദ്ധിച്ചുവരുന്നത്. അതിന് വ്യാവസായികവും സൈനികവും തന്ത്രപരവുമായ പ്രാധ്യാന്യമുണ്ട്. അടുത്ത ലക്ഷ്യം ചൊവ്വാ പര്യവേഷണമാണ്. ചൊവ്വയില്‍ 2037 ല്‍ മനുഷ്യനെ ഇറക്കുമെന്നാണവരുടെ പ്രഖ്യാപനം.

ശാസ്ത്രത്തിന് പിറകോട്ടോടാനാവില്ല.സാറ്റേണ്‍ റോക്കറ്റുപോലെ ശക്തിയേറിയ ഭീമന്‍ ബൂസ്റ്ററുകള്‍ ഉണ്ടാക്കണമെങ്കില്‍ അമേരിക്കയ്ക്കാണെങ്കിലും കുറഞ്ഞത് 5-7 വര്‍ഷം വരെ വേണ്ടിവരും; ഇന്ത്യപോലെ ഒരു നവാഗതരാജ്യത്തിന് കുറഞ്ഞത് 15-20 വര്‍ഷമെങ്കിലും. എന്നാല്‍ ആ റോക്കറ്റ് തന്നെ ഇനിയുമുണ്ടാക്കുന്നത് പശ്ചാത്ഗമനമായിരിക്കും. സ്വഭാവികമായും കൂടുതല്‍ പരിഷ്‌കൃതമവും നൂതനുവുമായ ബൂസ്റ്ററുകളായിരിക്കും നാം കാണാന്‍പോകുന്നത്. അതിനൊപ്പെം തന്നെ 2015 വരെ അന്താരാഷ്ട്ര ബഹിരാകാശനിലയവും തുടരന്ന് ചൊവ്വാദൗത്യവും അമേരിക്കയ്ക്ക് മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്. ചൊവ്വായാത്രയ്ക്കുപയോഗിക്കുന്ന റോക്കറ്റും ചാന്ദ്രയാത്രയ്ക്ക് ഉപയോഗിക്കുന്ന ബൂസ്റ്ററും തമ്മില്‍ വ്യത്യാസങ്ങളുണ്ടെങ്കിലും രണ്ടും ഒരേദിശയിലുള്ള പ്രവര്‍ത്തനശൈലി അവലംബിക്കുന്നതിനാലാണ് 2020 ല്‍ മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാമെന്ന് നാസ ഉറപ്പ് പറഞ്ഞത്. 



ചാന്ദ്രയാത്ര 1972 ല്‍ നിറുത്തിവെച്ചത് തീര്‍ച്ചയായും പൊതുജനത്തിനും ശാസ്ത്രനേതൃത്വത്തിനും അതില്‍ താല്‍പര്യം കുറഞ്ഞതുകൊണ്ടാണ്. സമാന പര്യവേഷണങ്ങള്‍ ആവര്‍ത്തനസ്വഭാവമുള്ള വിവരങ്ങള്‍ കൊണ്ടുവന്നപ്പോള്‍ ചിന്താശേഷിയുള്ള ഏതൊരു ജനതയും അങ്ങനെയോ ചിന്തിക്കാനിടയുള്ളു. മധുവിധു ജീവിതാന്ത്യം വരെ നിലനില്‍ക്കണമെന്ന മോഹിക്കുന്നതില്‍ തെറ്റില്ല, പക്ഷെ അതില്‍ പ്രയോഗികതയും യാഥാര്‍ത്ഥ്യബോധവും തീരെ കുറവാണെന്നറിയണം. ഇന്ന് ചന്ദ്രനിലേക്ക് വീണ്ടും പോകണമെന്ന് ആവശ്യപ്പെടുന്നവര്‍ ചൂണ്ടിക്കാണിക്കുന്ന ഒരു പ്രധാന സാധ്യത ബഹിരാകാശ ടൂറിസമാണ്!

അടുത്ത ഗ്രഹാന്തരയാത്രയ്ക്കുള്ള ബൂസ്റ്ററുകളും ത്രസ്റ്ററുകളും വികസിപ്പിച്ചെടുക്കുമ്പോള്‍ പഴയ രൂപമാതൃക തന്നെ പൊടിതട്ടിയെടുക്കേണ്ട കാര്യമില്ലെന്ന് പറഞ്ഞല്ലോ. Technological advancement is cumulative. തീര്‍ച്ചയായും അപ്പോളയുടെ വിജയകരമായ വശങ്ങള്‍ ഉള്‍ക്കൊള്ളാം. സ്‌പേസ്ഷട്ടില്‍ സാങ്കേതികത, സോവിയറ്റ് സോയൂസ്-പ്രോഗ്രസ്സ്‌ വാഹനങ്ങളിലെ(Soyuz and Progress spacecraft) സാങ്കേതികത, അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ (International Space Station)അനുവര്‍ത്തിച്ച് വിജയിച്ച സാങ്കേതിക ഇവയൊക്കെ പ്രയോജനപ്പെടുത്തി കുറേക്കൂടി മികച്ച ഒരു വാഹനം നിര്‍മ്മിക്കാനാവും. 30 വര്‍ഷമായി കയ്യൊഴിയപ്പെട്ട സാറ്റേണ്‍ ബൂസ്റ്ററുകള്‍ തിരികെ കൊണ്ടുവരാന്‍ പഴയ നിര്‍മ്മാണവിദ്യതന്നെ ഒന്നടങ്കം പുനാരാവിഷ്‌ക്കരിക്കേണ്ടി (retool)വരും. അതിനെക്കാള്‍ എന്തുകൊണ്ടും എളുപ്പമായിരിക്കും പുതിയ സാങ്കേതികത ഉപയോഗിച്ച് ഒരു നവീനവാഹനം നിര്‍മ്മിക്കുന്നത്. പഴയ വാഹനം തന്നെ പൊടി തട്ടിയെടുക്കുന്നതില്‍ വൈകാരികത മാത്രമേയുള്ളു. 

സ്‌പേസ് ഷട്ടില്‍ ഭൗമഭ്രമണത്തിനായി നിര്‍മ്മിക്കപ്പെട്ടവയാണ്. ആ ലക്ഷ്യം നിറവേറ്റാന്‍ ഏറ്റവും ഉത്തമം അവ തന്നെയാണെന്ന് തെളിയിക്കപ്പെട്ടിട്ടുമുണ്ട്. കഴിഞ്ഞ 40 വര്‍ഷമായി ചന്ദ്രനില്‍ പോകേണ്ടിവന്നിട്ടില്ല. അതുകൊണ്ടുതന്നെ അതിനുതകുന്ന വഹാനങ്ങളും റോക്കറ്റുകളും ഇപ്പോള്‍ ലഭ്യമല്ല. പണ്ട് ഫെര്‍ഡിനാഡ് മഗല്ലന്‍ ജലമാര്‍ഗ്ഗം ലോകം മുഴുവന്‍ ചുറ്റിയിട്ടുണ്ട്. ഇന്നതാരും ചെയ്യുന്നില്ലന്ന് ചൂണ്ടിക്കാട്ടി അങ്ങനെയൊന്ന് അസാധ്യമാണെന്ന് പറയാനാവില്ല. ഇന്നതിന്റെ ആവശ്യമില്ലന്നു പറഞ്ഞാല്‍ അതൊരു നിഷേധപ്രസ്താവനയാകുകയുമില്ല. വാസ്തവത്തില്‍ സാറ്റേണ്‍ റോക്കറ്റുകളേയും സ്‌പേസ്ഷട്ടിലുകളേയും താരതമ്യപ്പെടുത്തി ചാന്ദ്രയാത്ര നടന്നിട്ടില്ലെന്ന വാദിക്കുന്നത് മറ്റുള്ളവരെ കരിയിപ്പിക്കാനോ ചിരിപ്പിക്കാനോ ലക്ഷ്യമിട്ടുള്ള ഒരു ഗൂഡതന്ത്രമാണ്. തങ്ങള്‍ മുന്തിയയിനം '
സംശയാലുക്കളാ'ണെന്ന ഖ്യാതി ജന്മാന്തരങ്ങള്‍ നിലനില്‍ക്കണമെന്ന് നിര്‍ബന്ധബുദ്ധിയുള്ളവരാണ് പലപ്പോഴും ഇത്തരം അതിസാഹസങ്ങള്‍ക്ക് മുതിരുന്നത്.

ചില തെരഞ്ഞെടുക്കപ്പെട്ട കെട്ടുകഥകളൊഴിച്ച് ബാക്കിയെല്ലാം സംശയിച്ച് നശിപ്പിക്കാന്‍ പരിശീലനം കിട്ടിയവര്‍ തങ്ങളുടെ സംശയക്കുഴല്‍ സ്വമതത്തിലേക്ക് തിരിച്ചുവെച്ചിരുന്നെങ്കില്‍ അവര്‍ക്ക് ലഭിക്കുമായിരുന്ന ബൂസ്റ്റര്‍ പ്രവേഗംകൊണ്ട് ഒരുപക്ഷെ ചന്ദ്രനും കടന്ന് പ്‌ളൂട്ടോയ്ക്കപ്പുറമെത്താന്‍ കഴിയുമായിരുന്നു. പക്ഷെ അപ്പോഴും ഒരു സേഫ് ലാന്‍ഡിംഗിനുള്ള സാധ്യത ഉറപ്പ് പറയാനാവില്ലെന്നു മാത്രം.*****

52 comments:

  1. രണ്ടാം ലോകയുദ്ധത്തിനൊടുവില്‍ ആരാണ് മികച്ച ജര്‍മ്മന്‍ ശാസ്ത്രജ്ഞരെ സ്വന്തമാക്കിയത് അവരാണ് ചാന്ദ്രനുവേണ്ടിയുള്ള യുദ്ധത്തില്‍ ജയിച്ചതെന്ന് പറയാറുണ്ട്. അമേരിക്കയ്ക്കാണ് ആ ഭാഗ്യമുണ്ടായതെന്ന് പറയാം. വെണ്‍ഹ്ര്‍ വോണ്‍ ബ്രോണിന്റെ (Wernher von Braun)നേതൃത്വത്തിലുള്ള ജര്‍മ്മന്‍ ശാസ്ത്രജ്ഞരായിരുന്നു സാറ്റേണ്‍ ബുസ്റ്റര്‍ സീരീസ് വികസിപ്പിച്ചെടുത്തത്. സോവിയറ്റ് ദൗത്യത്തിലും ജര്‍മ്മന്‍ ശാസ്ത്രജ്ഞരുടെ പങ്കാളിത്തമുണ്ടായിരുന്നു. ജര്‍മ്മനി രണ്ടാം ലോകയുദ്ധത്തില്‍ വിജയിച്ചിരുന്നുവെങ്കില്‍ ബഹിരാകാശത്തിന് വേണ്ടിയുള്ള യുദ്ധത്തില്‍ ജയിക്കുക ആരായിരിക്കുമെന്നതിനെപ്പറ്റി ഒരു തര്‍ക്കം ഉണ്ടാകാനിടയില്ല.

    ReplyDelete
  2. ചില തെരഞ്ഞെടുക്കപ്പെട്ട കെട്ടുകഥകളൊഴിച്ച് ബാക്കിയെല്ലാം സംശയിച്ച് നശിപ്പിക്കാന്‍ പരിശീലനം കിട്ടിയവര്‍ തങ്ങളുടെ സംശയക്കുഴല്‍ സ്വമതത്തിലേക്ക് തിരിച്ചുവെച്ചിരുന്നെങ്കില്‍ അവര്‍ക്ക് ലഭിക്കുമായിരുന്ന ബൂസ്റ്റര്‍ പ്രവേഗംകൊണ്ട് ഒരുപക്ഷെ ചന്ദ്രനും കടന്ന് പ്‌ളൂട്ടോയ്ക്കപ്പുറമെത്താന്‍ കഴിയുമായിരുന്നു.

    Well said

    ReplyDelete
  3. നല്ല ലേഖനം, സാധാരണക്കാരന്‌ മനസിലാകുന്ന രീതിയില്‍ ലളിതമായി പറഞ്ഞിരിക്കുന്നു...

    പിന്നെ എത്ര ലളിതമായി പറഞ്ഞാലും മനസിലാക്കേണ്ട എന്ന് വിചാരിച്ചാല്‍ പിന്നെ എന്ത് ചെയ്തിട്ടും കാര്യമില്ല.

    ReplyDelete
  4. "പണ്ട് ഫെര്‍ഡിനാഡ് മഗല്ലന്‍ ജലമാര്‍ഗ്ഗം ലോകം മുഴുവന്‍ ചുറ്റിയിട്ടുണ്ട്. ഇന്നതാരും ചെയ്യുന്നില്ലന്ന് ചൂണ്ടിക്കാട്ടി അങ്ങനെയൊന്ന് അസാധ്യമാണെന്ന് പറയാനാവില്ല."

    എന്താണ് സാര്‍ ഇത് ? എത്രപേര്‍ കപ്പലില്‍ ഉലകം ചുറ്റുന്നു ഇന്നും.ദാ ഒരു ചെറിയ ഉദാഹരണം:http://www.mathrubhumi.com/yathra/destination/abroad/article/131434/index.html

    ReplyDelete
  5. ഇക്കണക്കിനുപോയാല്‍ ഭൂമി ഉരുണ്ടതാണെന്ന് പോലും താങ്കള്‍ പറഞ്ഞുകളയുമല്ലോ മിസ്റ്റര്‍ രവിചന്ദ്രന്‍!

    ReplyDelete
  6. Good post.. and no need to bother about those "specially trained hoaxers and conspiracy theorists"..

    ReplyDelete
  7. Dear,

    ഹ ഹ! ഒരുപമ പറഞ്ഞെന്നേയുള്ളു എന്റെ പൊന്നു ഷമീറേ. മഗല്ലന്‍ ചുറ്റുന്നതുപോലെയോ അതിലും മെച്ചമായ രീതിയിലോ ചുറ്റാന്‍ ഇന്ന് യാതൊരു വിഷമവുമില്ല. ഇനിയഥവാ ചുറ്റിയില്ലെങ്കില്‍ (കാരണം മുമ്പേ ചെയ്ത ഒന്നായതുകൊണ്ട്) അതിന് സാധിക്കാത്തതുകൊണ്ടാണെന്ന് പറയരുതെന്നേ വിവക്ഷയുള്ളു. ചാന്ദ്രയാത്രയുടെ കാര്യവുമങ്ങനെ തന്നെ. ഉപമ അര്‍ത്ഥം വേണ്ട രീതിയില്‍ പ്രകാശിപ്പിച്ചില്ലെങ്കില്‍ അത് എന്റെകൂടി ന്യൂനതയാണ്. കുറ്റം എല്‍ക്കുന്നു.

    ReplyDelete
  8. പ്രിയപ്പെട്ട ജാക്ക്, വി.ബി.എന്‍, കെ.പി,

    നല്ലവാക്കിന് നന്ദി


    പ്രിയപ്പെട്ട നാസ്തികന്‍,

    താങ്കളുടെ കമന്റ് വായിച്ചതും ഓര്‍മ്മയുണ്ട്. ചിരി നിറുത്താനായില്ല. ഇപ്പോള്‍ ചെറിയൊരാശ്വാസം. താങ്കള്‍ ശരിക്കും ഒരു 'സംഭവ്' ആണെന്ന് തോന്നുന്നു.

    ReplyDelete
  9. >>>>ഹ ഹ! ഒരുപമ പറഞ്ഞെന്നേയുള്ളു എന്റെ പൊന്നു ഷമീറേ. <<<<<

    രവിചന്ദ്രന്‍,

    ഉപമകളൊക്കെ അത് മനസിലാകാനുള്ള ശേഷിയുള്ളവരോടേ പറയാവൂ.

    നല്ല ലേഖനം.

    ഹുസൈന്‍ നേഴ്സറി തലത്തിലുള്ള മറ്റ് ചില സംശയങ്ങള്‍ കൂടി പ്രകടിപ്പിച്ചിട്ടുണ്ട്. അവ കൂടി പരാമര്‍ശിച്ചിരുന്നെങ്കില്‍ നന്നായിരുന്നു.

    ഹുസൈനും സഹ ഇസ്ലാമിസ്റ്റുകള്‍ക്കും ഇതിലുള്ള താല്‍പ്പര്യങ്ങള്‍ രണ്ടാണ്.

    1. വലിയ ചെകുത്താനായ അമേരിക്കയുടെ ഒരു നേട്ടവും അംഗീകരിക്കാനുള്ള മടി
    2. യുദ്ധ ശാസ്ത്രം ഞമ്മന്റെ അളുകള്‍ക്ക് വേണ്ട എന്ന ശാഠ്യവും.

    (യുദ്ധ ശാസ്ത്രം എന്നൊക്കെ ആക്ഷേപിക്കുമെങ്കിലും അതിന്റെ എല്ലാ നേട്ടങ്ങളും യാതൊരു ഉളുപ്പും കൂടാതെ ഉപയോഗിക്കുമെന്നത് വേറെ കാര്യം.)

    ReplyDelete
  10. ഉപമകള്‍ അനുയോജ്യമായത് ആലോചിച്ച് സമയം പോലെ സമയം പോലെ എഴുതിയാല്‍ മതി എനിക്ക് വാശിയില്ല." ഇനിയഥവാ ചുറ്റിയില്ലെങ്കില്‍ " എന്ന വാക്ക്‌ സരസ്വതിയില്‍ ചാടിപ്പോയി.അതോടെ എഴുതാത്ത പലതും മനസ്സിലാകാന്‍ നിര്‍ബന്ധിതമായി(ചിലര്‍ക്ക് എഴുതാത്തപ്പുറം വായിക്കാന്‍ പ്രതേക കഴിവാണ് )ഏതായാലും ഒരു സംഭവ്യകാര്യത്തെ അസംഭവ്യമെന്ന് സങ്കല്പിച്ച് പ്രൊഫസര്‍ എഴുതിയത് കലക്കനായിട്ടുണ്ട്.ഇത് പോലെ കുറെ ഉപമകള്‍ മാത്രമാണല്ലോ ആകെ മൊത്തത്തില്‍ ഈ പോസ്റ്റ്‌.ഞാന്‍ ചന്ദ്രനില്‍ പോയി ! എന്നാരു പറഞ്ഞു ? ഈ ഞാന്‍ തന്നെ ങാ, ഈ ഞാന്‍ തന്നെ എന്താ പോരെ,പോരെങ്കില്‍ മറ്റാരും പോയില്ലെന്ന് പറയുന്നുമില്ല ഈ മട്ടിന്റെ അസ്സല്‍ കട്ട് മുഴുനീളം നിറഞ്ഞു നില്‍കുന്ന അസ്സല്‍ പോസ്റ്റ്‌ .ഉപമകളെ നിങ്ങള്‍ക്ക്‌ മംഗളം !!

    ReplyDelete
  11. ചന്ദ്രയാത്ര ക്ക് എന്തു തെളിവ് കിട്ടിയാലാണ്‌ സംശയാലുക്കൾക്ക് ബോധ്യമാവുക എന്ന് അവർക്ക് പോലും നിശ്ചയമുണ്ടാകില്ല..

    ഇനി, പണ്ട് പിളർത്തിയതിന്റെ ബാക്കിപത്രം അവിടെ നിന്നു NASA തപ്പിയെടുത്തില്ല എന്ന പരിഭവമോ മറ്റോ ആണോ? അല്ലേല്ലും, ഞമ്മൻ പറയുന്നത് പോലെയല്ലെങ്കിൽ മറ്റെല്ലാം ഫ്രോഡ് ആണെല്ലോ!!

    ReplyDelete
  12. പ്രിയ നാസ്തികൻ,

    "ഇക്കണക്കിനു പോയാല്‍ ഭൂമി ഉരുണ്ടതാണെന്ന് പോലും മിസ്റ്റര്‍ രവിചന്ദ്രന്‍ അവകാശപ്പെട്ടുകളയും"


    'അത്യുക്തി പ്രയോഗം'(hyperbolism) എന്താണെന്ന് പഠിക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു.ഉം, വേഗമാകട്ടെ!

    ReplyDelete
  13. നാസ്തികന്‍റെ കമന്റാണ് ഇതിന്റെ ഹൈ ലൈറ്റ്..
    പ്രിയ RC,
    പതിവുപോലെ വളരെ ലളിതവും ഉപകാരപ്രദവുമായ ലേഖനം. ആശംസകള്‍...

    ReplyDelete
  14. പ്രിയപ്പെട്ട കാളിദാസന്‍,

    നല്ല വാക്കിന് നന്ദി.

    ഇന്നലെ ചെത്തുകാരന്‍ വാസു ഒരു കമന്റ് ഇട്ടപ്പോഴാണ് ഇങ്ങനെയൊരെണ്ണം ചെയ്യണമെന്ന് തോന്നിയത്. ചര്‍ച്ചയുടെ തുടക്കമെന്ന നിലയില്‍ ആകട്ടെ എന്നു വിചാരിച്ചു. Hoxsers ന്റെ പ്രാണവായുവായ ദൃശ്യ-വീഡിയോ തര്‍ക്കങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ബാക്കിയുള്ള ആരോപണങ്ങള്‍ അവലോകനം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. അതിന്റെ തുടക്കമാണിത്. തുടര്‍ പോസ്റ്റുകളില്‍ Moon Hoax സംബന്ധിച്ച് നിലവിലുള്ള ഒട്ടുമിക്ക ആരോപണങ്ങളും വിശകലനം ചെയ്യാനാവുമെന്ന് പ്രതീക്ഷിക്കുന്നു.

    ReplyDelete
  15. പ്രിയപ്പെട്ട ഷെമീര്‍,

    ഞാനുപയോഗിച്ച ഉപമ ശരിയാണെന്ന് ഞാന്‍ കരുതുന്നു. എന്നുകരുതി താങ്കള്‍ അംഗീകരിച്ചേ മതിയാകൂ എന്ന വാശിയൊന്നുമില്ല. കാര്യങ്ങള്‍ വിശദീകരിക്കുകയുമായിരുന്നു. താങ്കള്‍ക്ക് തെറ്റുദ്ധാരണയുണ്ടായെങ്കില്‍ കുറ്റം എന്റേതുകൂടിയാണെന്ന് സമ്മതിച്ചതാണല്ലോ. താങ്കള്‍ക്ക് ഈ ലേഖനം വായിച്ചിട്ട് തോന്നിയ കാര്യങ്ങളൊക്കെ താങ്കളുടെ അഭിപ്രായമെന്ന നിലയില്‍ അംഗീകരിക്കുന്നു, വിലമതിക്കുകയും ചെയ്യുന്നു. അത്രമാത്രം. അഭിപ്രായം രേഖപ്പെടുത്തുന്നതിന് വളരെ നന്ദി.

    ReplyDelete
  16. ശമീരെ ഭൂമിയുടെ ആകൃതി എന്താണ്? ഉരുണ്ടിട്ടാണോ അതോ ഖുറാനിലെ പോലെ പരന്നിട്ടാണോ ?

    ReplyDelete
  17. ഉപമകൾ കോഴിക്കാലിൽ ചുറ്റിയ മുടി പോലെ ആകുന്നുവേ? പ്രിയ രവിചന്ദ്രൻ.

    ഉപമകൾ കുറഞ്ഞപക്ഷം യുക്തിസഹമായിരിക്കണം.വായിക്കുന്നവന്റെ ചെവിട്ടിൽ ഓലപ്പടക്കം പൊട്ടിക്കുവാനെ ഇത്തരം ഉപമകൾക്ക് കഴിയൂ.ചാന്ദ്രയാത്രയുമായി ഈ ഉപമ ഒന്ന് സൂക്ഷമായി തുലനം ചെയ്ത് നോക്ക് യാഥാര്‍ത്ഥ്യം ബോദ്ധ്യപ്പെടും.

    1)അന്നത്തെ പരിമിതമായ സൗകര്യങ്ങൾ ഉപയോഗിച്ച് മഗെല്ലൻ ഭൂമിയെ പൂർണ്ണമായും ജലമാർഗ്ഗം വലയം ചെയ്തില്ല. വിൽ ഡുറാന്റ് പറയുന്നു
    :"ചരിത്രത്തിലെ ഏറ്റവും സാഹസികവും, ഭൂമിശാസ്ത്രപരമായ അറിവിനെ സംബന്ധിച്ചടുത്തോളം ഏറ്റവും പ്രയോജനകരവുമായ പര്യവേഷണങ്ങളിൽ ഒന്നിനാണ്‌ മഗല്ലൻ നേതൃത്വം കൊടുത്തത്. അദ്ദേഹം ഭൂമിയ്ക്കു ചുറ്റും സഞ്ചരിച്ചു എന്നു പറയുക വയ്യ. എന്നാൽ യൂറോപ്പിൽ നിന്നു പടിഞ്ഞാറോട്ടു സഞ്ചരിച്ച് ഏഷ്യയിലെത്തുകയെന്ന കൊളംബസ്സിന്റെ പഴയ സ്വപ്നം സാക്ഷാത്കരിച്ചത് മഗല്ലനായിരുന്നു"( ദ റിഫോർമേഷൻ, ദ സ്റ്റോറി ഓഫ് സിവിലിസേഷൻ ആറാം ഭാഗം, വിൽ ഡുറാന്റ് (പുറങ്ങൾ 865-66))ഒപ്പം മഗെല്ലന്റെ സംഭാവനകൾ അംഗീകരിക്കുന്നു ഇക്കാര്യത്തിൽ.

    2)ഇന്ന് ആധുനികനാവിക സംവിധാനങ്ങളുടെ സഹായത്തോടെ കുറഞ്ഞ സമയത്തിൽ സുരക്ഷിതമായി "ഉലകംചുറ്റുംവാണിഭന്മാരായ" ധാരാളം കപ്പലുകൾ ഉണ്ടെന്നതിനെ നിഷേധിക്കുന്നു ഈ ഉപമ.സംഭവ്യമായതിനെ അസംഭ്യമായതുമായി ഉപമപ്പെടുത്തിയതാണെങ്കിൽ പിന്നെ ഞാൻ ഒന്നും ഉരിയാടുന്നില്ല.

    എങ്കിലും എന്തുകാര്യത്തിലാണ്‌ ഈ ഉപമ യോജിക്കുന്നത് എന്നറിയാൻ മോഹം!

    അതെ,
    വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും
    വെറുതെ മോഹിക്കുവാന്‍ മോഹം.

    ReplyDelete
  18. വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും
    വെറുതെ മോഹിക്കുവാന്‍ മോഹം.
    19 July 2011 22:36 >>>>>

    പ്രിയപ്പെട്ട ഷെമീര്‍,

    താങ്കള്‍ സ്വന്തം മതവിശ്വാസം വളരെ ലളിതമായി നിര്‍വചിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍.

    ReplyDelete
  19. പ്രിയപ്പെട്ട പാരസിറ്റാമോള്‍,

    നല്ല വാക്കിന് നന്ദി

    ReplyDelete
  20. ("താങ്കള്‍ സ്വന്തം മതവിശ്വാസം വളരെ ലളിതമായി നിര്‍വചിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍.")

    അവനവൻ കുഴിക്കുന്ന കുഴികളിൽ അവനവൻ തന്നെ വീഴുന്ന കാഴ്ചയിൽ ഞാൻ കയ്യടിക്കില്ല സത്യം! എന്നിട്ടും വിഷയവുമായി ബന്ധമില്ലാത്ത ഒരു ഒടുക്കത്തെ ചിരിയുണ്ടല്ലോ സൈക്കിളിൽ നിന്നും വീണവന്റെ 
    വെളുക്കെച്ചിരി അതെനിക്ക് ശ്ശീ ബോദ്ധ്യമായി.നന്ദി രവിചന്ദ്രൻ.

    ReplyDelete
  21. Dear Shemeer P Hassan,

    You appear to be pretty kind and generous. That is great. Keep it up

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. >>>>ഞാനുപയോഗിച്ച ഉപമ ശരിയാണെന്ന് ഞാന്‍ കരുതുന്നു. <<<<

    രവിചന്ദ്രന്‍,

    കോഴിക്കു മുല വരുന്ന പോലെ എന്ന ഒരുപമ എഴുതിയാല്‍, ഇക്കൂട്ടര്‍ കോഴിക്കു മുല വരുമോ എന്നും ചോദിച്ച് ചാടിവീഴും. പിന്നെ ഉപമ എങ്ങനെ പ്രയോഗിക്കണം എന്നതിനേക്കുറിച്ച് സ്റ്റഡി ക്ളാസ്സെടുക്കും.

    താങ്കളുപയോഗിച്ച ഉപമ നൂറൂ ശതമാനവും ശരിയാണ്. അന്ന് ലഭ്യമായിരുന്ന സര്‍വ്വ സൌകര്യങ്ങളുമുപയോഗിച്ചായിരുന്നു മഗെല്ലന്‍ ആ സഞ്ചാരം നടത്തിയത്. ഇന്നത്തെ സൌകര്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ അത് പരിമിതമാണെന്നു തോന്നാം. അദ്ദേഹം  വഴിക്കു വച്ച് മരിച്ചുപോയെങ്കിലും, കൂടെയുണ്ടായിരുന്നവര്‍ ആ ദൌത്യം പൂര്‍ത്തിയാക്കുക തന്നെ ചെയ്തു.

    അതുപോലെ ഒരു യാത്ര ഇന്ന് ചെയ്യാമോ എന്നോ, എന്തുകൊണ്ട് അതാരും ചെയ്യുന്നില്ല എന്നോ, വിവരമുള്ള ആരും  ചോദിക്കില്ല. ഹുസൈന്റെ ആരാധകര്‍ ഇതു പോലെ പലതും വിളിച്ചു പറയും. അദ്ദേഹം എഴുതുന്നത് അവസാന വാക്കാണെന്ന അന്ധ്വിശ്വാസമാണതിന്റെ കാരണം.

    ചന്ദ്രനില്‍ വച്ചെടുത്ത ഒരു വീഡിയോ ക്ളിപ്പ് സ്പീഡുകൂട്ടി നോക്കി അത് ഭൂമിയില്‍ വച്ചെടുത്തതാണെന്ന് തീര്‍ച്ചപ്പെടുത്തി, എന്നൊക്കെയുള്ള പരാമര്‍ശം തന്നെ ഒരു പോസ്റ്റിനുള്ള വകയുണ്ട്.

    ReplyDelete
  24. ഒരു പാട് തിരക്കിലാണ് .. എങ്കിലും വായിക്കാന്‍ സമയം നീക്കി വക്കുന്നുണ്ട് .. പഴയ ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ഒരു പുസ്തകം ഉണ്ട് -" കൈകേയിയുടെ പെരുവിരല്‍ " - അപോളോ 13 . എന്റെ തുടക്കം ഏതാണ്ട് അവിടെ നിന്നായിരുന്നു :-) , "ചാന്ദ്ര പേടകവും" "മുഖ്യ പേടകവും" , കാലിയായ ഓക്സിജന്‍ ടാങ്കും പിന്നെ തടിയന്‍ ഹെയ്സും സ്വഗര്ടും ഒക്കെ ഇപ്പോഴും മനസ്സിലുണ്ട് :-) .. ഇനി ഈ പോസ്റ്റിനെപ്പറ്റി -നല്ല ആഖ്യാന ശൈലി തകള്‍ ഉപയോഗിച്ചിരിക്കുന്നു .. കുട്ടികള്‍ക്ക് കൂടി ഇഷ്ടമാവുന്ന രീതിയില്‍ ..അതാണ്‌ പ്രധാനവും ..കൂടുതല്‍ കുട്ടികള്‍ താങ്കളുടെ ബ്ലോഗ്‌ വായിക്കാന്‍ ഇടവരട്ടെ ..കാരണം ചിന്തിക്കുന്നവര്‍ ആയിട്ട് ലോകത്ത് അവര്‍ മാത്രമേ ഉള്ളൂ.. മൂത്ത് മൂത്ത് സീമന്ടു പോലെ മനസ്സ് സെറ്റായി പോയവര്‍ക്ക് ചിന്തകള്‍ ബാധമല്ല . :-) .. ആശംസകള്‍ !

    ReplyDelete
  25. >>> 1955-70 കാലഘട്ടത്തില്‍ ബഹിരാകാശരംഗത്ത് സോവിയറ്റ് യൂണിയന്‍ നടത്തിയ വിസ്മയാവഹമായ മുന്നേറ്റങ്ങള്‍ അമേരിക്കന്‍ ജനതയ്ക്ക് വല്ലാത്ത ഇച്ഛാഭംഗമാണ് സമ്മാനിച്ചത്. <<<
    >>> ചാന്ദ്രയാത്ര 1972 ല്‍ നിറുത്തിവെച്ചത് തീര്‍ച്ചയായും പൊതുജനത്തിനും ശാസ്ത്രനേതൃത്വത്തിനും അതില്‍ താല്‍പര്യം കുറഞ്ഞതുകൊണ്ടാണ്. <<<
    >>> ഭൂമിയില്‍ പിടിമുറുക്കാന്‍ ചന്ദ്രനില്‍ പോയിട്ട് കാര്യമില്ലെന്നും അമേരിക്ക മനസ്സിലാക്കി. <<<
    >>> ചാന്ദ്രയാത്ര പ്രയോജനരഹിതമായ ധൂര്‍ത്താണെന്നതും ആ രംഗത്ത് മറ്റ് എതിരാളികളില്ലെന്നതും ബൂസ്റ്റര്‍ റോക്കറ്റുകള്‍ പെട്ടിയില്‍ വെക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ച കാരണങ്ങളാണ് <<<
    >>> കഴിഞ്ഞ 40 വര്‍ഷമായി ചന്ദ്രനില്‍ പോകേണ്ടിവന്നിട്ടില്ല. അതുകൊണ്ടുതന്നെ അതിനുതകുന്ന വഹാനങ്ങളും റോക്കറ്റുകളും ഇപ്പോള്‍ ലഭ്യമല്ല. <<<
    >>> 2020 ല്‍ വീണ്ടും ചാന്ദ്രയാത്ര നടത്താനുള്ള നാസയുടെ ശ്രമങ്ങള്‍ക്ക് സാമ്പത്തികഞെരുക്കം മൂലം ഒബാമ സര്‍ക്കാര്‍ തടയിട്ടിരിക്കുകയാണ് <<<
    >>> അടുത്ത ലക്ഷ്യം ചൊവ്വാ പര്യവേഷണമാണ്. ചൊവ്വയില്‍ 2037 ല്‍ മനുഷ്യനെ ഇറക്കുമെന്നാണവരുടെ പ്രഖ്യാപനം <<<

    "ഇച്ഛാഭംഗം, താല്‍പ്പര്യം കുറഞ്ഞത്‌, ചന്ദ്രനില്‍ പോയിട്ട് കാര്യമില്ലന്നു, റോക്കറ്റുകള്‍ പെട്ടിയില്‍ വെയ്ക്കാന്‍ പ്രേരിപ്പിച്ചത്", ......
    അതൊക്കെക്കഴിഞ്ഞു വീണ്ടും ചന്ദ്രനും ചൊവ്വയും .....
    >>.ശാസ്ത്രത്തിന് പിറകോട്ടോടാനാവില്ല <<

    ReplyDelete
  26. കാളിദാസന്‍,

    രാജാവിനെക്കാള്‍ വലിയ രാജഭക്തി അപാരം തന്നെ! കോഴിക്കു മുല വരുന്ന പോലെ എന്ന ഉപമ അസംഭവ്യമായ കാര്യങ്ങള്‍ക്കാണ് ഹെ ഉപയോഗിക്കുന്നത്.കേരളപാണിനി പറഞ്ഞ പോലെ 'ഗോപുരം വീണു ഈച്ചകള്‍ പിന്നെയും പിന്നെയും ചാവുകയോ !! കഷ്ടം തന്നെ .

    ReplyDelete
  27. >> 1955-70 കാലഘട്ടത്തില്‍ ബഹിരാകാശരംഗത്ത് സോവിയറ്റ് യൂണിയന്‍ നടത്തിയ വിസ്മയാവഹമായ മുന്നേറ്റങ്ങള്‍ അമേരിക്കന്‍ ജനതയ്ക്ക് വല്ലാത്ത ഇച്ഛാഭംഗമാണ് സമ്മാനിച്ചത്. <<<

    അസൂയക്കും കഷണ്ടിക്കും മരുന്നില്ല.



    >>> ചാന്ദ്രയാത്ര 1972 ല്‍ നിറുത്തിവെച്ചത് തീര്‍ച്ചയായും പൊതുജനത്തിനും ശാസ്ത്രനേതൃത്വത്തിനും അതില്‍ താല്‍പര്യം കുറഞ്ഞതുകൊണ്ടാണ്. <<

    കിട്ടാത്ത മുന്തിരി പുളിക്കും.


    >> ഭൂമിയില്‍ പിടിമുറുക്കാന്‍ ചന്ദ്രനില്‍ പോയിട്ട് കാര്യമില്ലെന്നും അമേരിക്ക മനസ്സിലാക്കി. <

    മറ്റുള്ളവർ  നിലത്ത് നിറുത്തിയാലല്ലേ അഭ്യാസം കാണിക്കാൻ കഴിയൂ.


    >> ചാന്ദ്രയാത്ര പ്രയോജനരഹിതമായ ധൂര്‍ത്താണെന്നതും ആ രംഗത്ത് മറ്റ് എതിരാളികളില്ലെന്നതും ബൂസ്റ്റര്‍ റോക്കറ്റുകള്‍ പെട്ടിയില്‍ വെക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ച കാരണങ്ങളാണ് <

    മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ.

    > കഴിഞ്ഞ 40 വര്‍ഷമായി ചന്ദ്രനില്‍ പോകേണ്ടിവന്നിട്ടില്ല. അതുകൊണ്ടുതന്നെ അതിനുതകുന്ന വഹാനങ്ങളും റോക്കറ്റുകളും ഇപ്പോള്‍ ലഭ്യമല്ല<<

    ആറാട്ടുപുഴ പൂരത്തിന്റെ വെളിച്ചെണ്ണയുണ്ടായിരുന്നെങ്കിൽ നൂറ് തൃശൂർ പൂരം നടത്താം 

    > 2020 ല്‍ വീണ്ടും ചാന്ദ്രയാത്ര നടത്താനുള്ള നാസയുടെ ശ്രമങ്ങള്‍ക്ക് സാമ്പത്തികഞെരുക്കം മൂലം ഒബാമ സര്‍ക്കാര്‍ തടയിട്ടിരിക്കുകയാണ് <

    >> അടുത്ത ലക്ഷ്യം ചൊവ്വാ പര്യവേഷണമാണ്. ചൊവ്വയില്‍ 2037 ല്‍ മനുഷ്യനെ ഇറക്കുമെന്നാണവരുടെ പ്രഖ്യാപനം <

    എന്താണിത്? ഒരേ സമയം വടക്കോട്ടും തെക്കോട്ടും സഞ്ചരിക്കുന്ന പ്രതീതി അനുഭവപ്പെടുന്നു.രവിചന്ദ്രൻ അങ്ങയുടെ ഭാവനാവിലാസങ്ങൾ അത്ഭുതം! അത്യത്ഭുതം !! പ്രഭോ നമിച്ചിരിക്കുന്നു.

    ReplyDelete
  28. എന്താണിത്? ഒരേ സമയം വടക്കോട്ടും തെക്കോട്ടും സഞ്ചരിക്കുന്ന പ്രതീതി അനുഭവപ്പെടുന്നു.>>>

    ഹ ഹ! ഞങ്ങളുടെ നാട്ടില്‍ ഈ അവസ്ഥയ്ക്ക് 'തെക്കുവടക്ക് നടക്കുക' എന്നുപറയും.സിനിമയില്‍ അഭിനയിക്കാന്‍ നല്ലവാക്ക് പറഞ്ഞുവിട്ട പയ്യന് ഇത്രപെട്ടെന്ന് ഈ ഗതി വന്നല്ലോ എന്റെ പാണിനീ!

    ReplyDelete
  29. രവിചന്ദ്രൻ സാർ,
    താങ്കളുടെ പോസ്റ്റ് നിരാശപ്പെടുത്തിയെന്നു പറയുമ്പോൾ ഖേദിക്കരുത്. തികച്ചും ബാലിശമായ മറുപടികളാണ് ഈ വിഷയത്തിൽ താങ്കളിട്ടിരിക്കുന്നത്.മുകളിൽ ചിലരെങ്കിലും അതിൽ ചിലതു ചൂണ്ടിക്കാണിച്ചിട്ടുമുണ്ട്. താങ്കൾ പ്രശാന്ത് ചിറക്കരയുടെ പുസ്തകം ഒന്നുകൂടി വായിച്ചുനോക്കണമെന്ന് വിനയപൂർവം അപേക്ഷിക്കുന്നു.ഈയുള്ളവൻ വല്ലപ്പോഴും മാത്രം ബ്ലോഗ് സന്ദർശിക്കുന്നവനും വളരെ പാടുപെട്ട് മാത്രം ടൈപ്പ് ചെയ്യുന്നവനുമാണ്(തെറ്റു വരുത്താതെ ടൈപ്പ് ചെയ്യണമെന്ന ആഗ്രഹമുണ്ട്).അതുകൊണ്ട് ഇപ്പോള്‍ വിശദമായ മറുപടി എഴുതാന്‍ സമയമില്ല. ആവശ്യമെങ്കില്‍ ശ്രമിക്കാം(താങ്കള്‍ പ്രശാന്തിന്റെ പുസ്തകം വീണ്ടും വായിച്ചിട്ടും താങ്കളുടെ വാദങ്ങളിലെ പൊള്ളത്തരം മനസ്സിലാക്കിയില്ലെങ്കില്‍)

    ഓഫ്(താങ്കൾ ഇങ്ങനെ എല്ലാം ബോൾഡാക്കി നൽകുന്നത് വായനയെ വല്ലാതെ തടസ്സപ്പെടുത്തുന്നു.ദയവായി ശ്രദ്ധിക്കുമല്ലോ)

    ReplyDelete
  30. പ്രിയപ്പെട്ട മാവിലായിക്കാരാ,

    (1)ബോള്‍ഡായി നല്‍കുന്നതിലെ പ്രായാസം: സത്യത്തില്‍ അങ്ങനെചെയ്യുന്നതാണ് എന്റെ സിസ്റ്റത്തിലും ലാപ്പിലുമൊക്കെ സഹായകരം. മറ്റ് ഓപ്ഷനുകളും നോക്കിയിട്ടുണ്ട്. പൊതുപ്രശ്‌നമാണെങ്കില്‍ തീര്‍ച്ചയായും മാറ്റാം.

    (2) താങ്കളുടെ പ്രതികരണം ആദ്യം മുതലേ ശ്രദ്ധിക്കുന്നു. കാര്യങ്ങള്‍ അറിയാനുള്ള അന്വേഷണത്വരയോ കൗതുകമോ അല്ല മറിച്ച് വളരെ നിഷേധാത്മകമായ നിലപാടാണ് കാണാനാവുന്നത്.

    (3) മുകളില്‍ പലരും ചൂണ്ടിക്കാട്ടിയത്:എന്തൊക്കെയാണെന്ന് മനസ്സിലായില്ല. ഷെമീര്‍ ഉപമ-ഉല്‍പ്രേക്ഷ എന്നീ വകുപ്പുകളില്‍ ചില തമാശകളും പഴംചൊല്ലുകള്‍ അവതരിപ്പിച്ചു. ഞങ്ങള്‍ അതാസ്വദിക്കുകയും ചെയ്തു. താങ്കള്‍ പരാമര്‍ശിച്ച ബാലിശത ചൂണ്ടിക്കാട്ടിയാല്‍ ഉപകാരം.

    (4) നിരാശപ്പെടുത്തിയത്: അതില്‍ ദു:ഖമുണ്ട്. ആസൂത്രണം ചെയ്ത് എഴുതിയതൊന്നുമല്ല. തുടര്‍ചര്‍ച്ചയ്ക്ക് നിലമൊരുക്കലായി കുറെ കാര്യങ്ങള്‍ അവതരിപ്പിക്കാനാണ് ലക്ഷ്യമിട്ടത്. തല്‍ക്കാലം പ്രശാന്ത് ചിറക്കരയും മാവില ഉണ്ണിയുമൊക്കെ അവിടെനില്‍ക്കട്ടെ, നമുക്ക് കുറേക്കൂടി വിശദമായിതന്നെ കാര്യങ്ങള്‍ വിശകലനം ചെയ്യാം. ഒരു പോസ്റ്റില്‍ എല്ലാംകൂടി പറ്റില്ലല്ലോ; നാളെ ലോകം അവസാനിക്കാനും പോകുന്നില്ല. ഒരു പോസ്റ്റ് ശരിയായില്ലെങ്കില്‍ നമുക്ക് അടുത്തത് നോക്കാം. അതല്ലേ അതിന്റെയൊരു നടപ്പുവശം!? മാവിലായിക്കാരന്‍ ഏറെ കുണ്ഠിതപ്പെടരുത്. ഇത്രമാത്രം മുന്‍വിധിയും അക്ഷമയും കാണിക്കാന്‍ വേണ്ട കാര്യങ്ങളൊന്നും ഇവിടെ സംഭവിച്ചിട്ടില്ലല്ലോ.

    (5) വല്ലപ്പോഴും ബ്‌ളോഗ് സന്ദര്‍ശിക്കുന്നതും പാടുപെട്ട് ടൈപ്പ് ചെയ്യുന്നതുമൊക്കെ താങ്കളുടെ സ്വകാര്യവിഷയങ്ങളാണ്. അക്കാര്യത്തില്‍ ഞാന്‍ നിസ്സഹായനാണ്. നിരാശപ്പെടുത്തിയതിനെ കുറിച്ച്: ഇവിടെ വന്നതില്‍ എന്നെ ഏറ്റവുമധികം നിരാശപ്പെടുത്തിയ കമന്റ് താങ്കളുടേതാണെന്ന് തിരിച്ചും വിനയപുരസ്സരം അറിയിച്ചുകൊള്ളുന്നു.

    ReplyDelete
  31. @ മാവിലായിക്കാരന്‍ ,

    പ്രശാന്ത് ചിറക്കരയുടെ പുസ്തകം ഇപ്പോള്‍ ലഭ്യമാണോ ..? പുബ്ലിഷര്‍ ...? ഇത്ര മേല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് കൊണ്ട് വാങ്ങി വായിക്കണം എന്നുണ്ട് .

    ReplyDelete
  32. രവിചന്ദ്രൻ താങ്കളുടെ "ഹ ഹ ഹ (രവിചന്ദ്രഹാസം)" ഞാൻ വരവ് വെച്ചിരിക്കുന്നു.. ഭാവന്യായങ്ങൾ നിരത്തുന്നതിനു മുൻപ് ഏറ്റവും കുറഞ്ഞത് നാസയിലേക്ക് എങ്കിലും വിളിച്ച് ചോദിക്ക്.പരസ്പരവിരുദ്ധമല്ലാത്ത ചില ഉത്തരങ്ങളെങ്കിലും 'സ്വപ്നം പൂത്തുലഞ്ഞ ദിവസം' എന്ന സിനിമയുടെ അണിയറശില്പികൾ തയ്യാറാക്കിയിടുണ്ടാകും.എങ്കിൽ തെക്കൂവടക്ക് വിരുദ്ധദിശകളിലേക്ക് ഒരേസമയം സഞ്ചരിക്കേണ്ട ഗതികേട് വരില്ലായിരുന്നു.ഞാൻ സിനിമയിലേക്കോ നാടകത്തിലേക്കോ പോകട്ടെ! അക്കാര്യത്തിൽ ദയവായി താങ്കൾ വ്യാകുലചിത്തനാകരുത്.ചന്ദ്രനിൽ സമർത്ഥമായി അഭിനയിക്കുന്ന അങ്ങയുടെ ഏഴയലത്ത് പോലും വരില്ല ഭൂമിയിലെ ഈ കൊച്ചുനടൻ.

    ReplyDelete
  33. @ രവിചന്ദ്രന്‍

    ഇനി മുതല്‍ ഉപമ . ഉല്‍പ്രേക്ഷ , വിരോധാഭാസം , മറ്റു അലങ്ങന്കാരങ്ങള്‍ തുടങ്ങിയ പ്രയോഗ്ക്കുമ്പോള്‍ സൂക്ഷിക്കുന്നത് നന്നായിരിക്കും ,ബ്ലോഗിലെ പ്രതികരണങ്ങളുടെ ഒരു രീതി ഇപ്പോള്‍ മനസ്സിലായിക്കാണുമല്ലോ :-) . അലങ്കാരങ്ങളെ കൂടാതെ , കുത്ത് , കോമ, അര്‍ദ്ധ വിരാമം ..തുടങ്ങിയ " punctuation " രീതികളിലും അത്യതം 'ജാഗരൂകമായിരിക്കാന്‍ " അഭ്യര്‍ത്ഥിക്കുന്നു .. കാരണം ഇവിടെ ഇതൊക്കെ ആണ് പ്രധാന വിഷയതെക്കാളും കൂലം കഷമായി ചര്‍ച്ച ചെയ്യപ്പെടുന്നത് ... വിഷയത്തില്‍ നിന്നും മനപൂര്‍വ്വം വ്യതിച്ചലിപ്പിക്കുക എന്നാ ഒരു സ്വഭാവം കൂടി ഇതിനുണ്ട് . എന്തായാലും ഇനി മുതല്‍ കുത്തിലും കോമയിലും ശ്രദ്ധിക്കുമല്ലോ.. മുങ്ങിച്ചാവാന്‍ പോകുന്നവന്‍ 'കച്ചിതുരുമ്പ് ' കിട്ടിയാലും കയറിപ്പിടിച്ചു കളയും എന്നത് മറക്കരുത് :-))

    ReplyDelete
  34. വാസു
    വിഷയത്തിൽ നിന്നും ആരാണു വഴിതെറ്റിയത്? മഗെല്ലൻ ഉലകം മുഴുവൻ ചുറ്റി എന്ന മിത്തുമായി മറ്റൊരു സംശയത്തെ ബലപ്പെടുത്താനും എന്നിട്ടവരണ്ടിനെയും ന്യായീകരിക്കാനും ശ്രമിക്കുന്നതാരാണു? എന്നിട്ടിപ്പോൾ വിഷയവുമായി കുലബന്ധമില്ലാത്തവനെന്ന പഴി എനിക്കും കൊള്ളാം!

    ReplyDelete
  35. പ്രിയപ്പെട്ട ഷെമീര്‍

    ഹ ഹ ഹ! പേശീപിടുത്തം തീരെ ശീലമില്ല. ചിരക്കേണ്ട കാര്യങ്ങള്‍ കാണുമ്പോള്‍ ചിരിക്കും. ഇത്തവണ രവിചന്ദ്രഹാസം വേണ്ട ഷെമിഹാസം തന്നെ ആയിക്കൊള്ളട്ടെ. ഈ രാജ്യത്ത് ചിരിക്കാനും ലൈസന്‍സ് വേണോ എന്റെ പാണിനി?! ഹോളിവുഡ് നടന്‍മാരെ പോലെ ഞെട്ടിപ്പിക്കുന്ന തോതില്‍ സുന്ദരനായ ഒരാള്‍ സിനിമയില്‍ പോകാതെ ഈ ലുടുക്ക് ബ്‌ളോഗുകളിലൊക്കെ മോക്ഷരഹിതമായി അലയുന്നതെന്തെന്ന് ചിന്തിക്കുകയായിരുന്നു. വിഷയവുമായി ബന്ധപ്പെട്ട അന്വേഷണമൊന്നുമല്ല. വെറുമൊരു കുശലപ്രശ്‌നം. തിളച്ചുനില്‍ക്കുകയല്ലേ. അല്‍പ്പം ഹിമധാര. എന്റെ ബ്‌ളോഗില്‍ വന്ന് ഇത്രയും സുഭാഷിതം നടത്തിയതല്ലേ?

    അനിയാ, ഉപദേശിക്കുകയല്ലെന്ന് കരുതതരുത്, ജീവിതമായാല്‍ കുറച്ച് തെക്കുവടക്കൊക്കെ നടക്കേണ്ടി വന്നേക്കാം. ഒന്നു പെട്ടെന്ന് കരഗതമാകുമെന്ന് ധരിക്കരുത്. തെക്കും വടക്കും മാത്രമല്ല ചിലപ്പോള്‍ പടിഞ്ഞാറും കിഴക്കുമൊക്കെ പോകേണ്ടിവരും. അതിലൊന്നും ഒരു കുറച്ചിലും തോന്നേണ്ടതില്ല. വല്യവല്യ ആള്‍ക്കാര്‍ക്ക് വരെ അതൊക്കെ ചെയ്യേണ്ടി വന്നിട്ടുണ്ട്. ഷെമി ഇനിയെന്തെല്ലാം കാണാനിരിക്കുന്നു! ഉപമ കൊണ്ട് മുറിവേറ്റ മാടപ്പിറാവേ, ഷെമിക്കൂ, അല്ലെങ്കില്‍ അതിനൊന്നു ശ്രമിക്കുകയെങ്കിലും ചെയ്യൂ.Please, പഌസ്, ഒരു ഷെമിഹാസം! ഹ ഹ ഹ!

    ReplyDelete
  36. പ്രിയപ്പെട്ട വാസു,

    കുട്ടികള്‍ കോമായിലും കുത്തിലുമൊക്കെ പിടിച്ച് കളിക്കട്ടെന്ന്. അതൊക്കെയല്ലേ നമ്മുടെയൊരു സന്തോഷം.

    ReplyDelete
  37. താങ്കള്‍ പറഞ്ഞ 'ലുടുക്ക്‌' ബ്ലോഗില്‍ വന്നതിനും സംശയം ചോദിച്ചതിനും ക്ഷമ ചോദിക്കുന്നു.

    ReplyDelete
  38. This comment has been removed by a blog administrator.

    ReplyDelete
  39. വെള്ളമടിക്കാത്ത ചന്ദ്രന്‍ - ചാന്ദ്രയാത്രകളിലെ കോണ്‍സ്പിരസി തിയറികളെപ്പറ്റിയുള്ള എന്‍റെ ഒരു നര്‍മ്മലേഖനത്തിന്റെ ലിങ്ക് ഇവിടെ കൊടുക്കുന്നു.

    http://goo.gl/LlLaf

    ReplyDelete
  40. >>>രാജാവിനെക്കാള്‍ വലിയ രാജഭക്തി അപാരം തന്നെ! <<<


    ഷമീര്‍,

    എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിച്ചോളു. ഒരു വിരോധവുമില്ല. രവിചന്ദ്രന്‍ പറഞ്ഞതില്‍ ഞാന്‍ ഒരു കുഴപ്പവും കാണുന്നില്ല.

    അതെന്റെ അഭിപ്രായം. അതംഗീകരിക്കണമെന്ന യാതൊരു വാശിയും എനിക്കില്ല ഷമീറേ?

    ReplyDelete
  41. >>>മഗെല്ലൻ ഉലകം മുഴുവൻ ചുറ്റി എന്ന മിത്തുമായി മറ്റൊരു സംശയത്തെ ബലപ്പെടുത്താനും എന്നിട്ടവരണ്ടിനെയും ന്യായീകരിക്കാനും ശ്രമിക്കുന്നതാരാണു? <<<


    എന്റെ ഷമീറേ,

    മഗെല്ലന്‍ ഉലകം ചുറ്റിയില്ല എന്നതായിരുന്നോ താങ്കള്‍ പറായന്‍ ശ്രമിച്ചത്? എങ്കില്‍ അതങ്ങു പറഞ്ഞാല്‍ മതിയായിരുന്നല്ലോ.

    മഗെല്ലനായിരുന്നു ആദ്യമായി ഉലകം ചുറ്റാനിറങ്ങിയതെന്നാണ്‌ ചരിത്രം പറയുന്നത്. മഗെല്ലന്റെ ഉലകം ചുറ്റല്‍ ഒരു പ്രയോഗമാണു ഷമീറെ.മഗെല്ലനാ യാത്ര പൂര്‍ത്തിയക്കാന്‍ കഴിഞ്ഞില്ല എന്നു വച്ച് ആ യാത്രയുടെ പ്രാധാന്യമൊട്ടും കുറഞ്ഞുപോകില്ല. അതിനെ മഗെല്ലന്റെ യാത്ര എന്നു തന്നെയേ ആളുകള്‍ വിശേഷിപ്പിക്കൂ.

    അതൊരു മിത്തൊന്നുമല്ല. സത്യമാണ്. ഫിലിപ്പീന്‍സില്‍ വച്ച് മഗെല്ലന്‍ മരിച്ചുപോയതുകൊണ്ട് അദ്ദേഹത്തിനാ യാത്ര പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പക്ഷെ കൂടെയുണ്ടായിരുന്നവര്‍ അത് പൂര്‍ത്തിയാക്കി. മഗെല്ലനെ ഒഴിവാക്കി ആ യാത്രയേക്കുറിച്ച് ആരും പരാമര്‍ശിക്കില്ല.

    ആ യത്ര പൂര്‍ത്തിയാക്കിയ മഗെല്ലന്റെ സംഘത്തുലുണ്ടായിരുന്ന നാവികനേപ്പറ്റി ആരും പറയാറില്ല. അദ്ദേഹത്തിന്റെ പേരുപോലും ആരും ഓര്‍ക്കില്ല. പക്ഷെ മഗെല്ലനേപ്പറ്റി പറയും. ഓര്‍ത്തിരിക്കും.

    ചന്ദ്രയത്രയേപ്പറ്റി താങ്കള്‍ക്ക് സംശയമുണ്ടാകും. അത് സ്വാഭാവികമാണ്. ഇസ്ലാമിന്റെ ചിഹ്നമായ ചന്ദ്രനില്‍ മനുഷ്യനിറങ്ങുന്നത് മുസ്ലിഒങ്ങള്‍ക്കത്ര പെട്ടെന്ന് ദഹിക്കില്ല. പക്ഷെ എന്തു ചെയ്യാം അത് സത്യമായിപ്പോയി.

    അമേരിക്കയുടെ ചാന്ദ്ര യാത്ര ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും സൂക്ഷ്മമായി monitor ചെയ്യപ്പെട്ടിരുന്നു. പ്രത്യേക്കിച്ച് സോവിയറ്റ് യൂണിയന്‍. ശീതയുദ്ധത്തിന്റെ പാരമ്യതയില്‍ ആയിരുന്നു അത് നടന്നതും. അത് തട്ടിപ്പായിരുന്നെങ്കില്‍ അതിനെതിരെ ആദ്യം രംഗത്തു വരിക സോവിയറ്റ് യൂണിയനായിരുന്നു. ബഹിരാകാശത്ത് അമേരിക്കയേക്കാള്‍ ഏറെ മുന്നിലായിരുന്നു അവരന്ന്.

    സംശയം ബലപ്പെടുത്തുന്ന കാര്യങ്ങള്‍ കുഴിച്ചെടുക്കുന്ന തിടുക്കത്തില്‍ സംശയം ദുരീകരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളുടെ നേരെ കണ്ണടക്കാതിരിക്കുകയെങ്കിലും ചെയ്യുക.
    രവിചന്ദ്രന്‍ ഉപയോഗിച്ചഒരു ഉപമയേക്കുറിച്ച് ഇത്ര ദിവസവും തര്‍ക്കിക്കുകയല്ലാതെ അദ്ദേഹം പറഞ്ഞ ഏതെങ്കിലും കാര്യങ്ങളെ ഖണ്ഡിക്കാന്‍ താങ്കള്‍ ശ്രമിച്ചു കണ്ടില്ല. താങ്കള്‍ മാത്രമല്ല, മറ്റ് പലരും. രവിചന്ദ്രന്റെ പോസ്റ്റ് നിരശപ്പെടുത്തുന്നു എന്നു പരാതിപറഞ്ഞവര്‍ പോലും അതിലെ എന്താണു നിരാശപ്പെടുത്തുന്നതെന്നു പറഞ്ഞിട്ടില്ല.

    ReplyDelete
  42. >>>ഭാവന്യായങ്ങൾ നിരത്തുന്നതിനു മുൻപ് ഏറ്റവും കുറഞ്ഞത് നാസയിലേക്ക് എങ്കിലും വിളിച്ച് ചോദിക്ക്.പരസ്പരവിരുദ്ധമല്ലാത്ത ചില ഉത്തരങ്ങളെങ്കിലും 'സ്വപ്നം പൂത്തുലഞ്ഞ ദിവസം' എന്ന സിനിമയുടെ അണിയറശില്പികൾ തയ്യാറാക്കിയിടുണ്ടാകും. <<<


    ഷമീര്‍,

    ഇതിപ്പോള്‍ നാസ വരെ പോകേണ്ട ആവശ്യമെന്താണ്. രവിചന്ദ്രന്‍ പറയുന്നതില്‍ തെറ്റുണ്ടെങ്കില്‍ അതൊക്കെ ഷമീറിനും ഇവിടെ എഴുതാമല്ലോ.

    കുറഞ്ഞപക്ഷം പരസ്പര വിരുദ്ധമായതെന്താണെന്നെങ്കിലും ചൂണ്ടിക്കാണിക്ക്.

    ReplyDelete
  43. Dear Babu sir,

    You are rocking as usual, the given link is not working on itself though

    ReplyDelete
  44. URL Shortener ഉപയോഗിച്ചതുകൊണ്ടാവണം കോപ്പി-പേസ്റ്റ് ചെയ്യേണ്ടിവരുന്നത്. ഇവിടെ പൂര്‍ണ്ണമായ ലിങ്ക് കൊടുക്കുന്നു. അത് ശരിയാവേണ്ടതാണ്.

    http://seekebi.com/2011/07/21/%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%AE%E0%B4%9F%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%A4%E0%B5%8D%E0%B4%A4-%E0%B4%9A%E0%B4%A8%E0%B5%8D%E0%B4%A6%E0%B5%8D%E0%B4%B0%E0%B5%BB/

    അതുപോലെ, പോസ്റ്റിന്റെ തെറ്റായി കൊടുത്ത "വെള്ളമടിക്കുന്ന ചന്ദ്രന്‍" എന്ന പേര് തിരുത്താനാണ് രണ്ടാമത് ശരിയായ പേരില്‍ ഒന്നുകൂടി കമന്‍റിയത്. പബ്ലിഷ് ചെയ്ത് കഴിഞ്ഞപ്പോഴാണ് ആദ്യത്തേത് ഡിലീറ്റ് ചെയ്യാന്‍ പറ്റുന്നില്ല എന്ന്‍ കണ്ടത്. Would you please delete the first one?

    ReplyDelete
  45. ഇല്ല, അതും നേരിട്ട് ക്ലിക്ക് ചെയ്യാന്‍ പറ്റുന്നില്ല. അപ്പോള്‍ copy-paste തന്നെ രക്ഷ. അടുത്തവട്ടം മറ്റൊരു മാര്‍ഗ്ഗം പരീക്ഷിച്ചുനോക്കാം.

    ReplyDelete
  46. >>മുങ്ങിച്ചാവാന്‍ പോകുന്നവന്‍ 'കച്ചിതുരുമ്പ് ' കിട്ടിയാലും കയറിപ്പിടിച്ചു കളയും എന്നത് മറക്കരുത് :-))<<<


    വാസു,

    അത് മുങ്ങിച്ചാകാന്‍ പോകുന്നവരല്ലേ. പൂച്ചയെ മുകളിലേക്കിട്ടാല്‍ താഴെ വീഴുന്നത് നാലു കാലിലായിരിക്കും. ചില ജന്മങ്ങള്‍ അങ്ങനെയാണ്. വാസുവിനെയോ എന്നെയോ മുകളിലേക്ക് വലിച്ചെറിഞ്ഞാല്‍ കഴുത്തൊടിഞ്ഞു ചാകും. പൂച്ച ജന്മങ്ങള്‍ അങ്ങനെയല്ല.

    ഷമീറിന്റെ ഫോട്ടോ കണ്ട് രവിചന്ദ്രന്‍ ആ സൌന്ദര്യം ഒന്നാസ്വദിച്ചു. അതുപോലും ഇപ്പോള്‍ അദ്ദേഹത്തെ തിരിഞ്ഞു കുത്തുന്നു. പിന്നെ കുത്തും കോമയും തിരിഞ്ഞു കുത്തുന്നതില്‍ എന്തത്ഭുതം?

    ReplyDelete
  47. >>>താങ്കള്‍ പറഞ്ഞ 'ലുടുക്ക്‌' ബ്ലോഗില്‍ വന്നതിനും സംശയം ചോദിച്ചതിനും ക്ഷമ ചോദിക്കുന്നു.<<<<<<

    ഷമീര്‍ ചോദിച്ച ചില ചോദ്യങ്ങള്‍ ഞാന്‍ വായിച്ചു.

    ഉപമകൾ കോഴിക്കാലിൽ ചുറ്റിയ മുടി പോലെ ആകുന്നുവേ?

    അസൂയക്കും കഷണ്ടിക്കും മരുന്നില്ല.

    കിട്ടാത്ത മുന്തിരി പുളിക്കും.

    മറ്റുള്ളവർ നിലത്ത് നിറുത്തിയാലല്ലേ അഭ്യാസം കാണിക്കാൻ കഴിയൂ.

    മൂഷികസ്ത്രീ പിന്നെയും മൂഷികസ്ത്രീ.

    ആറാട്ടുപുഴ പൂരത്തിന്റെ വെളിച്ചെണ്ണയുണ്ടായിരുന്നെങ്കിൽ നൂറ് തൃശൂർ പൂരം നടത്താം

    വെറുതെയീ മോഹങ്ങളെന്നറിയുമ്പോഴും
    വെറുതെ മോഹിക്കുവാന്‍ മോഹം.


    ചോദ്യങ്ങള്‍ ഇങ്ങനെയും ചോദിക്കാമെന്ന് ഇപ്പോള്‍ മനസിലായി.

    ReplyDelete
  48. പ്രാസമൊപ്പിച്ചു കവിത എഴുതുകയും ഉപമയില്‍ തൂങ്ങി ആടുകയുമാല്ലാതെ ഷമീര്‍ എന്താണിവിടെ ചെയ്യുന്നത്? ആശാന് പറ്റിയ ശിഷ്യന്‍ തന്നെ. കോഴിക്കാലില്‍ ചുറ്റിയ മുടി എന്നൊക്കെ പറഞ്ഞു ഈ പോസ്റ്റിനെ വഴിതെറ്റിക്കുകയാണ് ഷമീര്‍.ജബ്ബാര്‍ മാഷ്‌ പണ്ടൊരിക്കല്‍ പറഞ്ഞതുപോലെ ഇതു തന്നെയല്ലേ ഇസ്ലാമിസ്റ്റുകളുടെ പല്ലിവാല്‍ തന്ത്രം. മുക്രി / മലയാളം മുന്‍ഷി ലെവല്‍ വിജ്ഞാനം കൊണ്ട് ഈ പോസ്റ്റിനെയും കണ്ടിക്കാം എന്ന് കരുതിക്കാണും .

    ReplyDelete