Pages

Saturday 27 August 2011

'അമ്പിളിക്കുട്ടന്‍മാര്‍'

The Moon, The Earth, The Eagle!!
Photo taken by M.Collins while
orbiting the Moon
1969 ജൂലൈ 20 ന് മനുഷ്യന്‍ ആദ്യമായി ചന്ദ്രനിലിറങ്ങിയെങ്കിലും തുടര്‍ന്ന് കാല്‍ പതിറ്റാണ്ടു കാലം അതിന്റെ ആധികാരികതയെ സംബന്ധിച്ച സംശയം ഒരു വിവാദസിദ്ധാന്തമായി നിലവിലുണ്ടായിരുന്നില്ല. ഇന്ന് 'അപ്പോളോ ഹോക്‌സ്' ('Apollo Hoax') എന്ന ഓമനപ്പേരിലറിയപ്പെടുന്ന കോടികളുടെ വ്യവസായമായത് പരിണമിച്ചത് പിന്നെയും ദശകങ്ങള്‍ക്ക് ശേഷമാണ്. അപ്പോളോ തട്ടിപ്പുവാദത്തിന്റെ കൗമാരം 1992-2000 കാലഘട്ടമാണ്. ശരിക്കുംപറഞ്ഞാല്‍ 1992 ന് ശേഷമാണ് അമേരിക്കന്‍ പൊതുസമൂഹത്തില്‍ ഇതൊരു ചര്‍ച്ചയാകുന്നത്. ആ വര്‍ഷമാണ് 'ചാന്ദ്രയാത്രാ തട്ടിപ്പിന്റെ ബെബിള്‍' ('The Bible of Moon hoax') എന്നറിയപ്പെടുന്ന റാല്‍ഫ് റെനെയുടെ (Ralph Rene) പുസ്തകം ( 'NASA Mooned America' )പുറത്തിറങ്ങിയതും.

പിന്നീട് സിദ്ധാന്തത്തില്‍ 'കൊഴുപ്പും കൊളസ്‌ട്രോളും' കൂടി, അതിന് തിണ്ണവും തിടവും വെച്ചു. ഓഡിയോ കാസറ്റുകള്‍, ഡി.വി.ഡി കള്‍, പുസ്തകങ്ങള്‍, അവയുടെ തര്‍ജമകള്‍, പത്രറിപ്പോര്‍ട്ടുകള്‍ ടി.വി സംവാദങ്ങള്‍ തുടങ്ങി വിവിധ മാര്‍ഗ്ഗങ്ങളിലൂടെ തട്ടിപ്പുവാദ വൈറസ് പ്രചരിപ്പിക്കപ്പെട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അതിന്റെ മൂര്‍ദ്ധന്യഭാവം ലോകം കണ്ടു. മറ്റെല്ലാ തട്ടിപ്പുവാദങ്ങളുടെ കാര്യത്തിലെന്നപോലെ ഇന്റര്‍നെറ്റ് അപ്പോളോ ഹോക്‌സ് വിവാദത്തിനും പോഷകമായി വര്‍ത്തിച്ചു. സത്യത്തില്‍ ഞാനിവിടെ ഇതൊക്കെ എഴുതാന്‍ കാരണവും തട്ടിപ്പുവാദക്കാര്‍ക്ക് ഇങ്ങ് ഈ കൊച്ചുകേരളത്തില്‍ വരെ സൃഷ്ടിക്കാന്‍ സാധിച്ച ചില സംശയചലനങ്ങളാണ്.

കഴിഞ്ഞവര്‍ഷം എന്റെ സഹപ്രവര്‍ത്തകനായ ഒരു ഫിസിക്‌സ് പ്രൊഫസര്‍ ചാന്ദ്രയാത്രയെ കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ പറഞ്ഞത്, ''ഏയ് അതൊക്കെ പറ്റിപ്പ് പരിപാടിയാണെന്നാ പറയുന്നെ. ഇന്റര്‍നെറ്റിലൊക്കെ അതിന്റെ ഡീറ്റെയില്‍സ് ഉണ്ടെന്ന് പിള്ളേര്‍ പറയുന്നതുകേട്ടു'' എന്നാണ്. വിശദാംശങ്ങള്‍ തനിക്കറിയില്ലെന്ന് സമ്മതിച്ചെങ്കിലും സംശയം മുഖവിലയക്കെടുക്കുന്നുവെന്നാണ് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്നും മനസ്സിലായത്.

കേരളത്തില്‍ ഫിസിക്‌സില്‍ ഗവേഷണബിരുദമുള്ള ഒരു കോളേജധ്യാപകന്‍ വിശദാംശങ്ങള്‍ പരിശോധിക്കാതെ ഒരു തട്ടിപ്പുവാദം അപ്പടി അംഗീകരിക്കുന്നുവെങ്കില്‍ സാധാരണക്കാരെ സംബന്ധിച്ച കാര്യം പറയാനില്ല. ഒരുപക്ഷെ അത്ര വിശദമായി പഠിക്കാനുള്ള സമയം അദ്ദേഹത്തിന് കിട്ടിയിട്ടുണ്ടാവില്ല. ഇതൊക്കെ തന്നെയാണ് മിക്കവരുടേയും പ്രശ്‌നം. ഊഹങ്ങളും കെട്ടുകഥകളമൊന്നും സ്ഥിരീകരിക്കാന്‍ പലരും മെനക്കെടാറില്ല. അതുകൊണ്ടുതന്നെ ഹോക്‌സ് സിദ്ധാന്തങ്ങള്‍ക്ക് എളുപ്പം പ്രചാരം കിട്ടും. അതില്‍ തന്നെ ഒട്ടുമുക്കാല്‍ പേരും കൗതുകം കൊണ്ട് അടുത്തുകൂടുന്ന അര്‍ദ്ധവിശ്വാസികളായിരിക്കും.

കുട്ടികള്‍ക്ക് മധുരംപോലെയാണ് ജനങ്ങള്‍ക്ക് വിവാദങ്ങളും തട്ടിപ്പുവാദങ്ങളുമൊക്കെ. ശാസ്ത്രനേട്ടങ്ങളുടെ വിലയിടിച്ചു കാണിക്കുക, അതിനെ ചെറുതാക്കി സംശയം പ്രകടപ്പിക്കുക തുടങ്ങിയ നിലപാടുകള്‍ക്ക് പിന്തിരിപ്പന്‍ സമൂഹങ്ങളില്‍ മോശമല്ലാത്ത പ്രതിനിധ്യമുണ്ടാകും. ഒരു ബുദ്ധിരാക്ഷസാനാണ് താനെന്ന് സ്വയം നിരൂപിച്ച് നടക്കുന്നവരും ഇക്കാര്യത്തില്‍ ചരിത്രം കുറിക്കും. തനിക്കായിട്ട് അങ്ങനൊരു സംശയം തോന്നാതിരുന്നാല്‍ നാണക്കേടല്ലേ എന്നവര്‍ അറിയാതെ ചിന്തിച്ചുപോകുന്നു. ശരിയാകട്ടെ തെറ്റാകട്ടെ എന്തായാലും സംശയം പ്രകടിപ്പിക്കുക തന്നെ- എന്ന നിര്‍മലമായ തീരുമാനവുമായി അവര്‍ സുഹൃദ്‌സദസ്സുകളിലേക്ക് പരന്നൊഴുകുന്നതോടെ ഹോക്‌സ് സിദ്ധാന്തത്തിന് കയ്യുകാലും മുളയ്ക്കുകയായി.

അതേസമയം, ഇതില്‍ തന്നെ ഒരു ചെറിയ ന്യൂനപക്ഷമാകട്ട, അവര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങളില്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നവരാണ്. കേരളത്തില്‍ അത്തരക്കാരെ ഏറെ കണ്ടിട്ടില്ല. ഇവിടെ പൊതുവെ സംശയാലുക്കളാണ് കൂടുതല്‍. നാസ പുറത്തുവിട്ടെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഏതെങ്കിലും ചിത്രവുമെടുത്ത് 'ഭൂതകണ്ണാടി'യിലെ വിദ്യാധരനെ പോലെ ചില യമണ്ടന്‍ ചോദ്യങ്ങള്‍ ചോദിച്ച് നമ്മെ ആകാംക്ഷാഭരിതരാക്കുമെന്നല്ലാതെ ഒന്നും തറപ്പിച്ച് പറയാനുള്ള ത്രാണി ഈ ജനവിഭാഗത്തിനില്ല.

മനുഷ്യന്‍ ചന്ദ്രനില്‍ പോയിട്ടില്ല-എന്ന് ചങ്കുറപ്പോടെ പ്രഖ്യാപിക്കുന്നവരെ കേരളത്തില്‍ അധികം കാണാനില്ലെങ്കിലും സംശയവൈറസ് ബോധപൂര്‍വം പരത്തി ശാസ്ത്രനേട്ടങ്ങളെ അധിക്ഷേപിക്കാന്‍ വ്യഗ്രതയുള്ളവര്‍ നിരവധിയുണ്ട്. കന്യക ഗര്‍ഭം ധരിച്ച് പ്രസവിച്ചെന്നും കല്ല് എഴുന്നേറ്റ് ഓടിയെന്നും വലിയ പ്രയാസമില്ലാതെ വെട്ടിവിഴുങ്ങുന്നവരാണ് ലക്ഷക്കണക്കിന് ജനങ്ങളുടെ മുന്നില്‍ വെച്ച് നടന്ന ഒരു ചരിത്ര സംഭവം തട്ടിപ്പായിരുന്നുവെന്ന് വാദിക്കുന്നത്!

യൂറോപ്പിന്റെ മതേതരസ്വഭാവം കൊണ്ടുതന്നെയാണ് അപ്പോളോ ഹോക്‌സിന് അവിടെ വലിയ പ്രചാരമില്ല. എന്നാല്‍ ബ്രിട്ടണെ പോലെ ചില അപവാദങ്ങള്‍ അവിടെയുമുണ്ട്. 2000-2010 കാലയളവില്‍ അമേരിക്കയിലും ഇസ്‌ളാമികലോകത്തും തട്ടിപ്പുവാദത്തിന് സ്വീകാര്യത വര്‍ദ്ധിക്കുകയായിരുന്നു. അമേരിക്കയില്‍ ശാസ്ത്രവിരുദ്ധ-സൃഷ്ടിവാദ ലോബി പ്രചാരകരായെങ്കില്‍ ഇസ്‌ളാമികലോകത്ത് അതൊരു അമേരിക്കന്‍ വിരുദ്ധപ്രചരണമായി രൂപംപ്രാപിച്ചു. സാക്ഷ്യപത്രമെന്ന നിലയില്‍ വിരമിച്ചതോ ഔദ്യോഗികജീവിതത്തില്‍ പരാജയപ്പെട്ടവരോ ആയ ചില സാങ്കേതികവിദ
ഗ്ധരേയും അവര്‍ തപ്പിപ്പിടിച്ചെടുത്തു.

ഫിഡല്‍ കാസ്‌ട്രോയുടെ ക്യൂബയ്ക്ക് രാഷ്ട്രീയപരമായി അമേരിക്കയുടെ ഈ നേട്ടം അംഗീകരിക്കാന്‍ എക്കാലത്തും വൈമനസ്യമുണ്ടായിരുന്നു. ക്യൂബന്‍ സ്‌ക്കൂളുകളില്‍ 'അമേരിക്കക്കാര്‍ ചന്ദ്രനില്‍ പോയെന്ന് അവകാശപ്പെടുന്നു' എന്ന നിലയ്ക്കാണ് അദ്ധ്യാപകര്‍ കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നത്. ക്യൂബന്‍ അധ്യാപകര്‍ രാജ്യത്തിന് പുറത്ത് പഠിപ്പിക്കാന്‍ പോകുമ്പോഴും ഇതേ നിലപാട് സ്വീകരിച്ചതായി കാണുന്നുണ്ട്.

2009 ല്‍ ബ്രിട്ടീഷ് എഞ്ചിനീയറിംഗ് ടെക്‌നോളജി മാഗസിന്‍ (British Technology Magazine)നടത്തിയ സര്‍വെയില്‍ പങ്കെടുത്ത 25% പേര്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ടില്ലെന്ന് വിശ്വസിക്കുന്നവരാണെന്ന് കാണുന്നു. 18-25 നും മധ്യേയുള്ള അമേരിക്കന്‍ ചെറുപ്പാക്കാരില്‍ 25% ഇതേ സംശയം വെച്ചുപുലര്‍ത്തുന്നവരാണത്രെ. 1969-72 കാലഘട്ടത്തില്‍ അപ്പോളോ ദൗത്യം നേരിട്ട് വീക്ഷിച്ച ഉയര്‍ന്ന പ്രായക്കാരില്‍ ഈ സംശയം തീരെ കുറവാണെന്നാണ് സര്‍വെകള്‍ സ്ഥിരീകരിക്കുന്നത്.

2000 ല്‍ റഷ്യന്‍ പബ്‌ളിക് ഒപ്പീനിയന്‍ ഫണ്ട് (Russian Public Opinion Fund)എന്ന സ്ഥാപനം നടത്തിയ സര്‍വെയില്‍ പങ്കെടുത്ത 28 % ശതമാനം പേരാണ് ചാന്ദ്രയാത്രയില്‍ സംശയം പ്രകടിപ്പിച്ചത്! യാതൊരു സംശയവുമില്ലാത്ത ബാക്കി വരുന്ന 72% മണ്ടന്‍മാരെക്കുറിച്ച് ഓന്നോര്‍ത്തുനോക്കിക്കേ! സോവിയറ്റ് കാലഘട്ടത്തില്‍ അമേരിക്കക്കാര്‍ക്കുണ്ടായിരുന്ന സംശയം പോലും അന്ന് റഷ്യക്കാര്‍ക്കുണ്ടായിരുന്നില്ല എന്നോര്‍ക്കണം. ശീതയുദ്ധക്കാലത്ത് ചാന്ദ്രയാത്ര തട്ടിപ്പാണെന്ന് തെളിയിക്കാന്‍ സോവിയറ്റ് യൂണിയന് കഴിഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് ലഭിക്കുമായിരുന്ന ഞെട്ടിപ്പിക്കുന്ന മുന്‍തൂക്കം സങ്കല്‍പ്പിക്കാവുന്നതി
ലും വലുതാണ്. അമേരിക്ക ഒരുപക്ഷെ അത്തരമൊരു ആഘാതത്തില്‍ നിന്ന് ഒരിക്കലും കരകയറുക പോലുമുണ്ടാവുകയില്ലായിരുന്നു.

ചന്ദ്രനിലിറങ്ങുന്നതിന് കുറഞ്ഞത് 10 വര്‍ഷമെങ്കിലും മുമ്പ് അതിനുള്ള തയ്യാറെടുപ്പുകള്‍ അമേരിക്ക തുടങ്ങിയിരുന്നു. എത്രയെത്രെ വിക്ഷേപണങ്ങള്‍...പടിപടിയായുള്ള വിജയങ്ങള്‍, തിരിച്ചടികള്‍, ജീവാപായങ്ങള്‍....! അതിന്റെ ഓരോ വിശദാംശവും സദാ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരുന്ന സോവിയറ്റ് യൂണിയന്‍ എത്ര മണ്ടശിരോമണികള്‍!!!

അമേരിക്ക പട്ടിണി കിടക്കുകയായിരുന്ന സോവിയറ്റ് യൂണിയന് ആയിരക്കണക്കിന് ടണ്‍ ധാന്യശേഖരവും ജീവകാരുണ്യ സഹായവും (grain shipments as humanitarian aid)നല്‍കിയതിനാലാണ് അവര്‍ ഈ തട്ടിപ്പ് പുറത്ത് പറയാതിരുന്നതെന്നാണ് റാല്‍ഫ് റെനെയുടെ പ്രസിദ്ധമായ 
ഒരു ഹോക്‌സ് ഫലിതം. മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയെന്ന് അവകാശപ്പെട്ടതിന് തൊട്ടടുത്ത ദിവസങ്ങളിലാണത്രെ ഈ സഹായവുമായി ഒരു കൂറ്റന്‍ കപ്പല്‍ സോവിയറ്റ് യൂണിയനിലേക്ക് യാത്ര തിരിച്ചത്. എന്നിട്ട് ആ സഹായത്തിന്റെ രേഖകളോ തെളിവുകളോ കപ്പലോ എവിടെയെങ്കിലും ലഭ്യമാണോ? ഇല്ലെന്ന് തെളിയിക്കേണ്ടത് സോവിയറ്റ് യൂണിയനല്ലേ?! ദൈവമില്ലെന്ന് നിരീശ്വരവാദികള്‍ തെളിയിക്കണമെന്ന മതശാഠ്യത്തിന് സമാനമാണിത്.

എന്നിട്ടെന്താണ് സംഭവിച്ചത്? പണവും ധാന്യവും കൈപ്പറ്റി ശത്രുവിനെ രക്ഷിച്ചശേഷം സോവിയറ്റ് യൂണിയന്‍ പഴയ പണി തുടര്‍ന്നു. എന്താണത്? ചാന്ദ്രയാത്ര തട്ടിപ്പാണെന്ന് അമേരക്ക പറഞ്ഞതുതന്നെ ഒരു 'തട്ടിപ്പാ'യിരിക്കുമോ 
എന്ന്‌ സംശയിച്ച് സ്വന്തംനിലയില്‍ ചാന്ദ്രദൗത്യവുമായി അവര്‍ മുന്നോട്ടുപോയി! അതിനായി 1972 വരെ കൂറ്റന്‍ റോക്കറ്റുകളൊക്കെ ഉണ്ടാക്കി പരീക്ഷിച്ച് പൊട്ടിത്തെറിപ്പിച്ചു കളഞ്ഞു! പിന്നെന്തോ മടുത്തിട്ടാകണം ആ പണി എന്നെന്നേക്കുമായി വേണ്ടെന്നു വെച്ചു! ഇന്ന് പഴയ സോവിയറ്റ് യൂണിയന്‍ തന്നെ പതിനഞ്ചായി വിഘടിപ്പിക്കപ്പെട്ടിട്ടുണ്ട്. അവിടങ്ങളിലെ സര്‍ക്കാരുകള്‍ മാറിമറിഞ്ഞിരിക്കുന്നു. എന്നിട്ടും അവര്‍ ആ 'രഹസ്യം' പുറത്തുവിട്ടിട്ടില്ല...റെനെയുടെ കല്‍പ്പനകള്‍ തിളച്ചുതൂവുന്നത് അങ്ങനെയാണ്. എന്തായാലും ഈ റഷ്യക്കാരെ സമ്മതിക്കണം!

പക്ഷെ അതൊക്കെ പഴയ കാലം. ഇന്നത്തെ ചെറുപ്പക്കാരെ അതുപോലെ പറ്റിക്കാനാവില്ല! അവര്‍ക്ക് ശാസ്ത്രബോധം കൂടിവരികയല്ലേ! തട്ടിപ്പുവാദക്കാര്‍ ഒന്നുരണ്ടു പടമോ ചീട്ടോ കാണിക്കുമ്പാഴേക്കും സംശയംകൊണ്ട് വീര്‍പ്പുമുട്ടി അവര്‍ മോഹലസ്യപ്പെടുന്നുവെങ്കില്‍ അവരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അത്രയ്ക്ക് ആസൂത്രതമായാണ് ഇത്തരം സിദ്ധാന്തങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത്. പൊതുവെ അപ്പോളോ ദൗത്യത്തിന് സാക്ഷികളാവാന്‍ കഴിയാതിരുന്നവരുടെ ഇടയിലാണ് തട്ടിപ്പുസിദ്ധാന്തത്തിന് വേരോട്ടം കൂടുതല്‍, വിശേഷിച്ചും 1969 ന് ശേഷം ജനിച്ചവരുടെ ഇടയില്‍.

തട്ടിപ്പുസിദ്ധാന്തം വരുന്നതിനെ വളരെ മുമ്പേ ചാന്ദ്രയാത്രയെ പറ്റി സംശയം പ്രകടിപ്പിച്ച ഒരു വലിയ ജനവിഭാഗത്തെ കുറിച്ച് പരാമര്‍ശിക്കാതിരിക്കാനാവില്ല. സാങ്കേതിക വൈദഗ്ധ്യമോ വിദ്യാഭ്യാസമികവോ അവകാശപ്പെടാനില്ലാത്ത വെറും സാധാരണക്കാരായിരുന്നു അവരിലേറെയും. ആരെന്നല്ലേ? ലോകമെമ്പാടുമുള്ള തീവ്രമതവിശ്വാസികള്‍. ''ഏയ് അങ്ങനെയൊന്നും സംഭവിച്ചിട്ടുണ്ടാവില്ല'' എന്ന് സ്വയം ആശ്വസിപ്പിക്കുകയും നാട്ടിലിറങ്ങി പ്രചരിപ്പിക്കുകയും ചെയ്തവരാണവര്‍. ഇങ്ങ് കൊച്ചുകേരളത്തിലും ചാന്ദ്രയാത്ര അസാധ്യമാണെന്ന് വാദിച്ചു നടന്ന നിരവധി മതാന്ധരുണ്ടായിരുന്നു. ഒരുപക്ഷെ അവരാരും അപ്പോളോ ഹോക്‌സിനെ പറ്റി കേട്ടിട്ടുകൂടിയുണ്ടാവില്ല. ചന്ദ്രനില്‍ മനുഷ്യന്‍ ചെന്നിറങ്ങുന്നതോടെ മതസാഹിത്യത്തിന്റെ വെടി തീരുമെന്നാണവര്‍ ഭയന്നത്. ചന്ദ്രനെ ദേവനായി കണ്ടവര്‍ക്കും മതചിഹ്നമാക്കിയവര്‍ക്കുമൊന്നും ഈ 'അതിക്രമം' തീരെ രുചിച്ചില്ല.
അമേരിക്ക തുടരെ 7 പ്രാവശ്യം ആ 'അതിക്രമം'ആവര്‍ത്തിച്ചതോടെ അവരില്‍ പലരും ഗത്യന്തരമില്ലാതെ പിന്‍വാങ്ങി. 'വ്യാഖ്യാനഫാക്ടറി' ഓവര്‍ടൈം പ്രവര്‍ത്തിപ്പിച്ച് ചാന്ദ്രയാത്ര സാങ്കേതികതയും മതസാഹിത്യത്തിന്റെ ജ്ഞാനപരിധിക്കുള്ളിലാക്കി ചില മിത-മതവാദികള്‍ തടതപ്പി. 'ഒക്കെ ഗ്രന്ഥത്തിലുള്ളതാണ്' എന്ന മട്ടില്‍ മുഖ്യധാരാമതങ്ങള്‍ ചുവടുമാറ്റി ചവിട്ടിയതോടെ വിശ്വസികളുടെ പൊതുവെയുണ്ടായിരുന്ന അമ്പരപ്പ് മാറിക്കിട്ടി. എങ്കിലും ഇന്നും ഒരു ന്യൂനപക്ഷം മതപരമായ കാരണത്താല്‍ മാത്രം അത് വിശ്വസിക്കുന്നില്ല. അവരൊന്നും തട്ടിപ്പുസിദ്ധാന്തത്തെ കുറിച്ച് കേട്ടിട്ടുള്ളവരാകണമെന്നില്ല. 

അതേസമയം മതപരമായ കാരണങ്ങളല്ലാതെ മനുഷ്യന്റെ ചാന്ദ്രയാത്രയെക്കുറിച്ച് കേട്ടറിവുപോലുമില്ലാതെ ജീവിക്കുന്ന ജനകോടികളും ഇന്നും ഈ ലോകത്തുണ്ട്. വിശേഷിച്ചും ആഫ്രിക്കയിലേയും ഏഷ്യയിലേയും പട്ടിണിരാജ്യങ്ങളില്‍. അവരതൊന്നും കേട്ടിട്ടുകൂടിയില്ല, പിന്നയല്ലേ സംശയിക്കാന്‍!

ഏതു കാര്യത്തിലും ഉണ്ടാകുന്ന ഒരു വികടവാദമായി ഇതൊക്കെ നിലകൊണ്ടും എന്നല്ലാതെ നമുക്കിതിനെ ഒരു തട്ടിപ്പുസിദ്ധാന്തമായി കാണാനാവില്ല. പിന്നീടിങ്ങോട്ടും ഒറ്റപ്പെട്ട ചില മുറുമുറുപ്പുകള്‍ ചില കോണുകളില്‍ നിന്നും ഉണ്ടായി. എങ്കിലും മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയെന്നത് ഒരു ശാസ്ത്രവസ്തുതയായി ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു. പാഠപുസ്തകത്താളുകളിലേക്ക് ആംസ്‌ട്രോങും കൂട്ടുകാരും വീരജേതാക്കളെപ്പോലെ നടന്നുകയറി.

മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയെന്ന് വിശ്വസിക്കാന്‍ മനസ്സില്ലെന്ന് അമേരിക്കയിലെ 'പരന്നഭൂമി'വാദക്കാര്‍(Flat Earth Society) പരസ്യമായി പ്രസ്താവിക്കുകയുണ്ടായി. ഒരുപക്ഷെ അവരായിരിക്കണം ആദ്യത്തെ ഹോക്‌സ് സിദ്ധാന്തക്കാര്‍! 'ഫ്‌ളാറ്റ് എര്‍ത്ത് സൊസൈറ്റി'എന്നാല്‍ ഭൂമി പരന്നതാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരുടെ സംഘടനതന്നെ! വാള്‍ട്ട് ഡിസ്‌നിയുടെ സഹായത്തോടെ ഹോളിവുഡും നാസയും ചേര്‍ന്നൊപ്പിച്ച പണിയാണതെന്നായിരുന്നു അവരുടെ ആരോപണം. അതിനായി തിരക്കഥ തയ്യാറാക്കിയാതാകട്ടെ വിശ്രുത ശാസ്ത്ര രചയിതാവായ ആര്‍തര്‍.സി ക്‌ളാര്‍ക്കും, സംവിധായകന്‍ സ്റ്റാന്‍ലി കുബ്രിക്കും!! ഭൂമി പരന്നതാണെന്ന ബോധ്യം ഇത്തരം കഥകള്‍ കൂടുതല്‍ പരത്തിയടിക്കാന്‍ അവരെ സഹായിച്ചെങ്കിലും അതൊനൊപ്പം ഉരുളാന്‍ ജനം തയ്യാറായില്ല.

Bill Kaising
അപ്പോളോ ദൗത്യവുമായി ബന്ധപ്പെട്ട ചില യന്ത്രഭാഗങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ഉപകരാര്‍ (sub contract)ഏറ്റെടുത്തിരുന്ന 'റോക്കറ്റ്‌ഡൈന്‍' (Rocketdyne) എന്നൊരു കമ്പനിയുണ്ട്. അപ്പോളോയുടെ പ്രധാനഭാഗങ്ങളൊന്നും ഉണ്ടാക്കുന്നതില്‍ ഈ കമ്പനിക്ക് പങ്കൊന്നുമുണ്ടായിരുന്നില്ല. 1957-63 കാലഘട്ടത്തില്‍ റോക്കഡൈന്റെ പ്രസിദ്ധീകരണവിഭാഗത്തില്‍ (Publication wing) ജോലിനോക്കിയിരുന്ന ബില്‍ കെയ്‌സിങായിരുന്നു (Bill Kaysing /July 31, 1922 – April 21, 2005) ചാന്ദ്രയാത്ര തട്ടിപ്പാണെന്ന വാദവുമായി ആദ്യം മുന്നോട്ടുവന്ന വ്യക്തിയെന്ന് പറയാം. 'Moon Hoax heroes' എന്നാണ് കെയ്‌സിങിനെപ്പോലുള്ളവര്‍ തട്ടിപ്പുവാദ സാഹതിത്യത്തില്‍ അറിയപ്പെടുന്നത്. സൗകര്യത്തിനായി മലയാളിത്തില്‍ നമുക്കിവരെ 'അമ്പിളിക്കുട്ടന്‍മാര്‍' എന്നുവിളിക്കാം.താന്‍ റോക്കറ്റ്‌ഡൈനില്‍ 'Technical writer' ആയിരുന്നുവെന്നാണ് കെയ്‌സിംഗ് പറഞ്ഞിട്ടുള്ളത്. ചന്ദ്രന്റെ ഉപരിതലത്തില്‍ ചെന്നിറങ്ങാന്‍ ഉപയോഗിച്ച ല്യൂണാര്‍മോഡ്യൂളിന്റെ ഘടകഭാഗങ്ങള്‍ നിര്‍മ്മിക്കാനുള്ള കരാറാണ് റോക്കറ്റ്‌ഡൈനുണ്ടായിരുന്നതെന്ന കെയ്‌സിംങിന്റെ വാദം ദുരൂഹമാണ്. കാരണം കെയ്‌സിംഗ് കമ്പനി വിട്ട് 7 വര്‍ഷത്തിന് ശേഷമാണ് വാസ്തവത്തില്‍ അമേരിക്ക ചന്ദ്രനിലിറങ്ങുന്നത്. ആളില്ലാതെ പോകാനുള്ള ബൂസ്റ്റര്‍ റോക്കറ്റുകള്‍ പോലും തയ്യാറായിട്ടില്ലാത്തപ്പോഴാണ് ആളെയിറക്കുന്ന ലൂണാര്‍മോഡ്യൂള്‍ പണി തുടങ്ങിയതെന്ന വാദം ഒട്ടും വിശ്വസനീയമല്ലതന്നെ.

കെയ്‌സിംഗിന്റെ കാലഘട്ടത്തില്‍ മനുഷ്യനെ ചന്ദ്രനിലിറക്കാന്‍ ഉദ്ദശിച്ചുകൊണ്ടുള്ള അപ്പോളോ ദൗത്യം തുടങ്ങിയിട്ടുപോലുമുണ്ടായിരുന്നില്ല. അപ്പോളോ ദൗത്യത്തിന്റെ നിര്‍മ്മാണരഹസ്യങ്ങളൊന്നും നിര്‍മ്മാണകമ്പനികള്‍ക്ക് അറിയാനാവാത്തവിധം ജോലികള്‍ ബുദ്ധിപൂര്‍വം വ്യത്യസ്ത സ്വകാര്യകമ്പനികള്‍ക്കായി വീതിച്ച് നല്‍കുകയായിരുന്നു നാസ. തങ്ങള്‍ ഉണ്ടാക്കുന്ന ഭാഗം ഏത് വാഹനത്തിന്റെയാണെന്ന് അറിയുവാന്‍ ഒരു കമ്പനിക്കും കഴിയുമായിരുന്നില്ല. രാജ്യരക്ഷാതാല്‍പര്യം മുന്‍നിറുത്തിയും സോവിയറ്റ് ഏജന്‍സിയായിരുന്ന കെ.ജി.ബി യുടെ ചാരവലയില്‍ പെടാതിരിക്കാനുമാണ് ഇത്രയധികം രഹസ്യസ്വഭാവത്തില്‍ അപ്പോളോ ദൗത്യവുമായി അമേരിക്കന്‍ സര്‍ക്കാര്‍ മുന്നോട്ടുപോയത്. രാജ്യരക്ഷ സംബന്ധിച്ച് കാര്യങ്ങളില്‍ അമേരിക്കയുടെ നിലപാട് ഇന്നും ഇങ്ങനെതന്നെ.

2011 ജൂണില്‍ ബിന്‍ ലാദനെ വധിക്കാനുള്ള ദൗത്യത്തില്‍ പങ്കെടുക്കവെ തകരാറ് സംഭവിച്ച ലോകം ഇന്നുവരെ കണ്ടിട്ടില്ലാത്ത അത്യാധുനിക ഹൈലികോപ്റ്ററുകളിലൊന്ന്  അപ്പാടെ കത്തിച്ചു കളയാനാണ് അമേരിക്ക ശ്രമിച്ചത്. അതിന്റെ നിര്‍മ്മാണരഹസ്യം ആരുമറിയാതിരിക്കാ
ന്‍ റിപ്പയര്‍ ചെയ്യാനൊന്നും ശ്രമിക്കാതെ ഹോലികോപ്റ്റര്‍ നശിപ്പിക്കാനാണ് യു.എസ് സീ മെറീനുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. കോടികള്‍ നഷ്ടപ്പെടുന്നതിലല്ല, 'രഹസ്യം' ചോരുന്നതിലായിരുന്നു അവര്‍ക്ക് ആശങ്ക. പക്ഷെ അവര്‍ക്കതില്‍ പൂര്‍ണ്ണമായും വിജയിക്കാനായില്ല. അപകടസ്ഥലത്തുചെന്ന് പ്രസ്തുത ഹൈലികോപ്റ്ററിന്റെ ഫോട്ടോയെടുക്കാന്‍ അമേരിക്ക ചൈനയെ അനുവദിച്ചുവന്ന വാര്‍ത്ത അമേരിക്ക-പാക് ബന്ധത്തില്‍ അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ചിരുന്നുവെന്നതോര്‍ക്കുക.

അമേരിക്ക വിയറ്റ്‌നാമിനെതിരെ യുദ്ധം നടത്തുന്നതിലുളള പ്രതിഷേധം പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായാണ് തനിക്ക് അപ്പോളോ ഹോക്‌സ് സിദ്ധാന്തത്തിന് രൂപംകൊടുക്കാനുള്ള ആശയം മനസ്സിലുദിച്ചതെന്ന് കെയ്‌സിംഗ് തുറന്നുപറഞ്ഞിട്ടുണ്ട്. വിയറ്റ്‌നാം യുദ്ധത്തില്‍ പങ്കെടുത്ത ജോണ്‍ ഗ്രാന്റ് എന്ന ചെറുപ്പക്കാരനായിരുന്നുവത്രെ ഇതിന്റെ പ്രേരണ. സാധുവായ ഒരു കാരണവുമില്ലാതെ അമേരിക്ക വിയറ്റ്‌നാം ജനതയെ കൊല്ലാക്കൊല ചെയ്യുകയാണെന്നും അതുകൊണ്ടുതന്നെ ലോകത്തിന് മുമ്പില്‍ അമേരിക്കന്‍ സര്‍ക്കാരിനെ കരി വാരിത്തേക്കാനായി എന്തെങ്കിലും വിളിച്ചുപറയണമെന്നും മയക്കുമരുന്ന് ഉപയോഗിക്കുന്ന ശീലക്കാരനായിരുന്ന ജോണ്‍ ഗ്രാന്റ് കെയ്‌സിംഗിനോട് നിര്‍ദ്ദേശിച്ചുവത്രെ. 'മനുഷ്യന്‍ ഒരിക്കലും ചന്ദ്രനില്‍ പോയിട്ടില്ല' എന്ന പ്രഖ്യാപനം തന്നെ ആയാല്‍ കുഴപ്പമുണ്ടോ എന്നും ഗ്രാന്റ് തന്നോട് ആരാഞ്ഞുവെന്ന് കെയ്‌സിംഗ് തന്നെ പറയുന്നുണ്ട്:

'What motivated me to spill the beans was a young man from the Vietnam wars by the name of John Grant. He said that he was sent to Vietnam to kill people with no good reason and he also got a heroin habit, and he says, 'Bill,' he says, 'what I want you to do is blow the whistle on this rotten, corrupt government.' He says, 'Why don't you say something outrageous, like, we never went to the moon?' So I attribute my interest in this project to John Grant'(http://www.nardwuar.com/vs/bill kaysing/index.html)'

1963 ലാണ് കെയ്‌സിംഗ് റോക്കറ്റ്‌ഡൈന്‍ വിടുന്നത്. അതിനുശേഷം നാല് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് (1967, ഫെബ്രുവരി 21) അപ്പോളാ സീരിസിലെ ആദ്യ വാഹനമായ മനുഷ്യര്‍ കയറാത്ത അപ്പോളോ-1 വിക്ഷേപിക്കുന്നത്. വിവാദത്തിന്റെ കുലപതിയായി പലരും വിശേഷിപ്പിക്കുന്ന കെയ്‌സിങിന്റെ 'We never Went to the Moon: America's Thirty Billion dollar swindle' എന്ന പുസ്തകം 1974 ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ചന്ദ്രന്റെ ആകാശത്ത് നക്ഷത്രങ്ങളെ കാണാത്തതെന്തേ? തുടങ്ങിയ ചില നിരുദ്രപകരമായ സംശയങ്ങളുടെ ബലത്തിലാണ് അദ്ദേഹം തന്റെ 'ഹോക്‌സ് തിസീസ്' തയ്യാറാക്കിയത്. ചാന്ദ്രനില്‍ മനുഷ്യന് കാലുകുത്താന്‍ വെറും 0.017% സാധ്യതയേ ഉള്ളുവെന്നായിരുന്നു കെയ്‌സിങ് ആ പുസ്തകത്തില്‍ ഉന്നയിച്ച വാദം. ഈ കണക്കിന്റെ ആധികാരികത ഇന്നുവരെ ലോകത്തെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനായിട്ടില്ല. ഒരുപക്ഷെ അത് കൃത്യമായറിയുന്ന ഏക വ്യക്തി അദ്ദേഹം മാത്രമായിരിക്കും!(ഇതിന്റെ വിശദാംശങ്ങള്‍ പിന്നീട് ചര്‍ച്ചചെയ്യാം). ചാന്ദ്രയാത്രയുടെ വിജയോന്മാദത്തില്‍ മതിമറന്നിരുന്ന അമേരിക്കന്‍ ജനതയില്‍ യാതൊരു പ്രഭാവമുണ്ടാക്കാന്‍ ആ പുസ്തകത്തിനായില്ലെന്നത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ട്. സോവിയറ്റ് പ്രധാനമന്ത്രി അക്‌സി കൊസിഗിന്‍ ഉള്‍പ്പെടെ 73 രാജ്യത്തലവന്‍മാര്‍ നേരിട്ടുതന്നെ പ്രസിഡന്റ് റിച്ചാഡ് നിക്‌സനെ ചാന്ദ്രനേട്ടത്തില്‍ അഭിനന്ദിച്ച സാഹചര്യത്തില്‍ ഇത്തരം ഒറ്റപ്പെട്ട ശബ്ദങ്ങള്‍ സ്വാഭാവികമായും അത്‌ലാന്റിക്കിന്റെ ഇരുകരകളിലും അവഗണിക്കപ്പെട്ടു.

1978 ല്‍ അമേരിക്കന്‍ സംവിധായകനും എഴുത്തുകാരനുമായ പീറ്റര്‍ ഹ്യാമസിന്റെ കാപ്രികോണ്‍-1 (Capricon-1 directed by Peter Hyamas)-എന്നൊരു ചലച്ചിത്രം പുറത്തുവന്നു. ചൊവ്വയാത്ര സര്‍ക്കാര്‍ നേതൃത്വത്തില്‍ ചൊവ്വയിലേക്കെന്ന വ്യാജേന ഒരു ആകാശയാത്ര നടത്തി അമേരിക്കന്‍ സമൂഹത്തെ വഞ്ചിക്കുന്നതായിരുന്നു കാപ്രിക്കോണ്‍-1 ന്റെ ഇതിവൃത്തം. ചിത്രം ജനമാസ്വദിച്ചെങ്കിലും ചാന്ദ്രയാത്ര തട്ടിപ്പാണെന്ന വാദമൊന്നും അന്നുയര്‍ന്നിരുന്നില്ല. ഇന്ന് തട്ടിപ്പുവാദക്കാര്‍ വേണ്ടത്ര അവബോധമില്ലാത്തവരെ കബളിപ്പിക്കാനായി പറയുന്നത് നാസ ഈ ചിത്രത്തിന്റെ ഇതിവൃത്തം അപ്പാടെ പകര്‍ത്തിയെന്നാണ്! 1969-72 കാലത്ത് നടന്നത് ചാന്ദ്രയാത്രയില്‍ 1978 ല്‍ പുറത്തിറക്കിയ ചിത്രം പ്രേരകമായെന്ന വാദം ഒരു നിമിഷംപോലും നിലനില്‍ക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷെ എല്ലാംകൂടി അവതരിപ്പിക്കുന്ന കൂട്ടത്തില്‍ ഇതുമവര്‍ തട്ടിവിടും. വര്‍ഷവും തീയതിയുമൊക്കെ എത്രപേര്‍ ശ്രദ്ധിക്കും?! ചാന്ദ്രയാത്രയിലെ രംഗങ്ങള്‍ക്കും അപ്പോളോയാത്രികരുടെ വേഷവിധാനത്തിനും സാദൃശ്യമുള്ള കാര്യങ്ങള്‍ കാപ്രിക്കോണ്‍-1 ല്‍ പ്രത്യക്ഷപ്പെടുന്നതില്‍ നിന്നും സിനിമ നിര്‍മ്മിതാക്കള്‍ ചാന്ദ്രയാത്ര സംബ്‌നധിച്ച വിശദാംശങ്ങള്‍ അനുകരിച്ചെന്നല്ലേ മനസ്സിലാക്കേണ്ടത്. നേരെ തിരിച്ചാണ് പലരും മനസ്സിലാക്കുന്നതില്‍ അത്ഭുതം കൂറേണ്ടതില്ല. മനസ്സിലാക്കാന്‍ താല്‍പര്യമുള്ള കാര്യങ്ങള്‍ മാത്രമല്ലേ നാം മനസ്സിലാക്കുകയുള്ളു!

ചാന്ദ്രയാത്ര സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും ചിത്രീകരിച്ച ഒരു രഹസ്യസ്റ്റുഡിയോ സംബന്ധിച്ച് ഹോക്‌സ് പുരാണത്തില്‍ നിറയെ പരമര്‍ശമുണ്ട്. മതപുരാണത്തില്‍ 'ഇന്ദ്രസദസ്സ്' എന്നൊക്കെ പറയുന്നതുപോലെ ഏതോ സ്ഥലമാണിത്! അവിടെയാകാം-ഇവിടെയാകാം, അതിന് സമാനമാണ്-ഇതിന് സമാനമാണ് എന്നൊക്കെ ഊഹിച്ച് പറയുന്നതല്ലാതെ ഭൂമിയില്‍ കൃത്യമായും എവിടെ വെച്ചാണത് ചിത്രീകരണം നടന്നതെന്ന് സ്ഥിരീകരിക്കാന്‍ ഹോക്‌സ് സാഹിത്യകാരന്‍മാര്‍ ഇതുവരെ തയ്യാറായിട്ടില്ല. ഏതെങ്കിലും സ്ഥലം ചൂണ്ടികകാട്ടിയാല്‍ പിന്നീടത് തിരുത്തേണ്ടി വന്നാലോ! ഇതു സംബന്ധിച്ച 'തെളിവി'ന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടതുമില്ല. 'ഞങ്ങള്‍ സ്റ്റുഡിയോയുടെ കാര്യം പറഞ്ഞുകഴിഞ്ഞു, സംശയമുള്ളവര്‍ തെളിവ് കൊണ്ടുവരൂ' എന്ന ഉദാര നിലപാടിലാണവര്‍.

അപ്പോളോ സഞ്ചാരികള്‍ ചാന്ദ്രയാത്ര അനുകരിച്ച് (mocking)പരിശീലനം നടത്തുന്ന നിരവധി ചിത്രങ്ങള്‍ നാസ തന്നെ പുറത്തുവിട്ടിട്ടുണ്ട്. അതിന് സമാനമായി 'എതെങ്കിലും'സാഹചര്യത്തിലായിരിക്കും യാത്രയ്ക്ക് ശേഷം പുറത്തുവന്ന ചിത്രങ്ങളും വിഡിയോകളും ചിത്രീകരിച്ചതെന്ന എളുപ്പവാദം ഉയര്‍ത്തുമെങ്കിലും പരിശീലനചിത്രങ്ങളും അസ്സല്‍ യാത്രാചിത്രങ്ങളും തമ്മിലുള്ള അമ്പരപ്പിക്കുന്ന വ്യത്യാസത്തെക്കുറിച്ച് ചോദിച്ചാല്‍ ഹോക്‌സ് സാഹിതീകാരന്‍മാര്‍ക്ക് മിണ്ടാട്ടമില്ല. 'ഫോട്ടോഷോപ്പ്' (Photoshop)സാങ്കേതികതയിലൂടെയാണ് ഈ മാറ്റങ്ങള്‍ വരുത്തിയതെന്ന് ചിലര്‍ മിടുക്കന്‍മാര്‍ ആദ്യഘട്ടങ്ങളില്‍ കണ്ടെത്തിയെങ്കിലും 1969 ല്‍ ഫോട്ടോയും ഷോപ്പുമുണ്ടെന്നല്ലാതെ ഫോട്ടോഷോപ്പുണ്ടായിരുന്നോ എന്ന് സംശയം പ്രകടിപ്പിക്കുന്ന ഹോക്‌സര്‍മാര്‍ കേരളത്തില്‍ പോലും വളര്‍ന്നുവരാന്‍ തുടങ്ങി.

ഹോക്‌സ് സാഹിത്യചരിത്രത്തിലേക്ക് തിരികെവരാം. ഒറിഗോണ്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ന്യൂക്‌ളിയര്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടിയ വില്യം എല്‍. ബ്രയാന്‍ (William L Brian) 'Moongate: Supressed findings of the US Space programme, The NASA cover up' എന്ന പേരില്‍ ഒരു ഗ്രന്ഥം 1982 ല്‍ പ്രസിദ്ധീകരിച്ചിരുന്നു. മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയിട്ടില്ല എന്നു പറയാന്‍ ഈ എഞ്ചിനിയര്‍ ധൈര്യം കാട്ടിയെന്നായിരുന്നു മലയാളത്തിലെ ഒരു ഹോക്‌സ് കൃതി പച്ചയായി വാദിച്ചത് (മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ടില്ല: അമേരിക്ക ലോകത്തെ വഞ്ചിച്ചതെങ്ങനെ?', (2004) പ്രശാന്ത് ചിറക്കര, സുജിലി പബ്‌ളിക്കേഷന്‍സ്, കൊല്ലം, പേജ്-16). പില്‍ക്കാലത്ത് റാല്‍ഫ് റെനെയ്ക്കും കൂട്ടര്‍ക്കും പിന്തുടരാനുള്ള പാത വെട്ടിത്തെളിച്ചത് ബ്രയാനാണെന്നും പുസ്തകം അവകാശപ്പെടുന്നുണ്ട്.

വാസ്തവത്തില്‍ മനുഷ്യന്‍ ചന്ദ്രനില്‍ ഇറങ്ങിയെന്ന അസന്നിഗ്ധമായി പ്രഖ്യാപിക്കുന്ന കൃതിയാണ് ബ്രയാന്റെ 'Moongate'. ചന്ദ്രനില്‍ ചെന്നിറങ്ങിയ ശേഷം അപ്പോളോ സഞ്ചാരികള്‍ കണ്ടെത്തിയ വിലപ്പെട്ട വിവരങ്ങള്‍ പലതും ലോകത്തിന് മുമ്പാകെ പരസ്യപ്പെടുത്താന്‍ അമേരിക്ക വിസമ്മതിച്ചുവെന്ന പരാതിയാണ് ബ്രായന്‍ പ്രധാനമായും ഈ ഗ്രന്ഥത്തില്‍ ഉന്നയിക്കുന്നത്. നിരവധി നിര്‍ണ്ണായക വിവരങ്ങള്‍ ഇന്നും പുറംലോകമറിഞ്ഞിട്ടില്ല. അമേരിക്കന്‍ സൈന്യവും നാസയും റഷ്യന്‍ സ്‌പേസ് ഏജന്‍സിയും ഇക്കാര്യത്തില്‍ ഒത്തുകളിച്ചിട്ടുണ്ട്. നാസ അമേരിക്കയിലെ ജനയത്തസര്‍ക്കാരിന്റെ ഭാഗമല്ല മറിച്ച് അമേരിക്കന്‍ സൈന്യത്തിന്റെ മുഖംമൂടിയായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ട്(Ref-http://en.wikipedia.org/wiki/Moongate_(book). ഏതുനിലയില്‍ നോക്കിയാലും ഒരു ഹോക്‌സ് കൃതിയായി ഇതിനെ കാണാനാവില്ലെങ്കിലും ബ്രയന്‍ ഒരു ന്യൂക്‌ളിയര്‍ എഞ്ചിനിയറായാതു കൊണ്ടാവാം കെട്ടുകഥാവ്യവസായികള്‍ ഇതും തങ്ങളുടെ വാദത്തെ പിന്തുണയ്ക്കുന്ന പുസ്തകമായി അവകാശപ്പെടാനുള്ള കാപട്യം കാണിച്ചതെന്ന് കരുതാം.

മാത്രമല്ല ഈ മലയാള പുസ്തകത്തിന്റെ പതിനേഴാം പേജില്‍ 'സ്‌പേസ് ഷട്ടില്‍ വിവാദവും'എഴുന്നെള്ളിച്ചിട്ടുണ്ട്. ദശകങ്ങള്‍ക്ക് മുമ്പ് രണ്ടരലക്ഷം മൈല്‍ സഞ്ചരിച്ച് ചന്ദ്രനില്‍ പോയ മനുഷ്യരെന്തേ ഇപ്പോഴും 260 മൈല്‍ ഉയരത്തില്‍ മാത്രം പോകുന്ന സ്‌പേസ് ഷട്ടിലില്‍ മാത്രം ഒതുങ്ങുന്നു എന്നതായിരുന്നു ആ ചോദ്യം. സ്‌പേസ് ഷട്ടില്‍ ദുരന്തത്തില്‍ 14 ജീവന്‍ നഷ്ടപ്പെട്ടു. അപ്പോളോ 11-17 വരെ ആളപായമില്ല. സാങ്കേതികത്തികവ് വളരെ കുറഞ്ഞ അന്ന് ആളപായമില്ലെങ്കില്‍ ഇന്നെന്തുകൊണ്ടുണ്ടായി? വിചിത്രമായ ചോദ്യം തന്നെ! പണ്ടേ പാണ്ടിലോറി ഓടിച്ചുനടന്നവന്‍ പില്‍ക്കാലത്ത് ഓട്ടോറിക്ഷാ അപകടത്തില്‍ മരിച്ചാല്‍ വിശ്വസിക്കാനാവില്ല എന്ന വാദമാണിത്. നൂറ് കണക്കിന് പറക്കലുകള്‍ നടത്തിയതിനിടയ്ക്കാണ് സ്‌പേസ് ഷട്ടിലുകളായ ചലഞ്ചറും കൊളംബിയയും അപകടതതില്‍ പെട്ടത്. ഓരോന്നിലും ഏഴുപേരുണ്ടായിരുന്നതിനാല്‍ 14 ജീവന്‍ നഷ്ടപ്പെട്ടു. അപ്പോളോ ദൗത്യങ്ങളില്‍ മൂന്നുപേര്‍ വീതമാണ് ഉണ്ടായിരുന്നത്. അപ്പോളോ ദൗത്യം ശരിയായി നിര്‍വഹിച്ചതുകൊണ്ട് ആളപായമുണ്ടായില്ല, സ്‌പേസ് ഷട്ടിലുകളുടെ കാര്യത്തില്‍ റണ്ടുതവണ ഗുരുതരമായ പിഴവുകളുണ്ടായിരുന്നു-അപകടമുണ്ടായി.

ലക്ഷക്കണക്കിന് മൈല്‍ സഞ്ചരിക്കാനാവില്ലെന്ന വാദം തീര്‍ത്തും അര്‍ത്ഥശൂന്യമാണെന്ന് ചന്ദ്രനില്‍ ഘടിപ്പിച്ചിരിക്കുന്ന ലേസര്‍ റിഫ്‌ളക്റ്ററുകള്‍ സംശയലേശമന്യേ തെളിയിക്കുന്നുണ്ട്. നിരവധി പ്രോബുകളും അവിടെ പോയെന്ന് തട്ടിപ്പുവാദക്കാരും സമ്മതിക്കുന്നുണ്ട്. അപ്പോള്‍ ദൂരം വിഷയമേയല്ല. ഹബിള്‍സ് ടെലസ്‌ക്കോപ്പും ഇന്റര്‍ നാഷണല്‍ സ്‌പേസ് സ്റ്റേഷനും ആവശ്യമായ സാധനസാമഗ്രകളുമായാണ് സ്‌പേസ്ഷട്ടിലുകള്‍ ഏറെയും ബഹിരാകാശത്തേക്ക് പറന്നത്. അവയുടെ ലക്ഷ്യവുമതായിരുന്നു. അതിനപ്പുറമുള്ള കാര്യങ്ങള്‍ സ്‌പേസ് ഷട്ടിലുകളുടെ കാര്യത്തില്‍ ആരോപിക്കുന്നതില്‍ കഥയില്ലെന്ന കാര്യം മുന്‍ അധ്യായത്തില്‍ വിശദീകരിച്ചിട്ടുണ്ട്.

Ralph Rene
ആദ്യ ചാന്ദ്രയാത്ര കഴിഞ്ഞ് ഏതാണ്ട് 32 വര്‍ഷത്തിന് ശേഷം പ്രസീദ്ധീകരിക്കപ്പെട്ട 'NASA Mooned America' എന്ന റാല്‍ഫ് റെനെയുടെ (Ralph Rene,August 24, 1933 – December 10, 2008) പുസ്തകത്തിന് ശേഷമാണ് ചാന്ദ്രവിവാദം അമേരിക്കന്‍ പൊതുസമൂഹം ശ്രദ്ധിച്ചു തുടങ്ങുന്നത്. അന്നുവരെ അവിടെയും ഇവിടെയും ഒറ്റപ്പെട്ട ശബ്ദങ്ങള്‍ ഉയര്‍ന്നതല്ലാതെ ഒരു തട്ടിപ്പ് സിദ്ധാന്തമായി ഇത് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ 1992 ലും ഇന്നു നാം കാണുന്ന തരത്തിലുള്ള ഒരു വ്യവസായമായി തട്ടിപ്പുസിദ്ധാന്തം വളര്‍ന്നിരുന്നില്ല. തൊണ്ണൂറുകളുടെ ആരംഭത്തില്‍ ഈ സംശയരാജാക്കന്‍മാരെ പരിഗണിക്കേണ്ടതായി നാസയ്ക്കും തോന്നിയില്ല. അതും കഴിഞ്ഞ് ഏതാണ്ട് ഒരു ദശകത്തിന് ശേഷം 2001 ല്‍ അമേരിക്കയിലെ ഫോക്‌സ് ടി.വി (Fox TV)പരിപാടിക്ക് ശേഷമാണ് ഇന്ന് നാം കാണുന്ന തരത്തില്‍ കോടികള്‍ വിറ്റുവരവുള്ള ഒരു വ്യവസായമായി ഇത് കത്തിക്കയറുന്നത്. 'Conspiracy Theory:Did We land on the Moon?'എന്നായിരുന്നു പരിപാടിക്ക് നല്‍കിയ ശീര്‍ഷകം. അവസാനം, കാര്യങ്ങള്‍ വിശദീകരിച്ചെഴുതാന്‍ സ്വന്തംനിലയില്‍ ജിം ഓബര്‍ഗിനെപ്പോലൊരു ശാസ്ത്രലേഖകനെ ചുമതലപ്പെടുത്താന്‍പോലും നാസ തീരുമാനിക്കുകയുണ്ടായി. ആ രീതിയില്‍ ഹോക്‌സ് ഭൂതം വളര്‍ന്നുവെന്നര്‍ത്ഥം. അമേരിക്കന്‍ സമൂഹത്തില്‍ ടെലിവിഷന്‍ പരിപാടികള്‍ക്കും ക്ഷിപ്രവിശ്വാസങ്ങള്‍ക്കുമുള്ള അവിശ്വസനീയമായ സ്വീകാര്യതയ്ക്ക് അടിവരയിട്ട സംഭവമായിരുന്നുവത്.

അപ്പോളോ ഹോക്‌സിന്റെ പടത്തലവനായി അറിയപ്പെടുന്ന റാല്‍ഫ് റെനെ ഒരു സവിശേഷ വ്യക്തിത്വമാണ്. അപ്പോളോ വിവാദത്തിലെ വഴിത്തിരിവെന്ന് അറിയപ്പെടുന്ന ഫോക്‌സ് ടി.വി പരിപാടിയില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. അതിനുശേഷം സമാനമായ പല ടി.വി പരിപാടികളിലും തന്റെ തട്ടിപ്പുവാദം അവതരിപ്പിച്ച റെനെ പില്‍ക്കാലത്ത് 2008 ല്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം അമേരിക്കയുടെ 'പണി'യാണെന്ന് വാദിച്ച് ഒരു കിടിലന്‍ പുസ്തകം ('World Trade Center Lies and Fairytales') എഴുതി ഇസ്‌ളാമികതീവ്രവാദികളുടെ മനംകവരുകയുമുണ്ടായി. ഫോക്‌സ് ടി.വി പരിപാടിയില്‍ റെനെ തന്നെ ഒരു ശാസ്ത്രജ്ഞനായിട്ടാണ് പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ ചിത്രം കാണിച്ചപ്പോള്‍ 'Author/Scientist'എന്ന് എഴുതിക്കാണിക്കുകയുമുണ്ടായി. പക്ഷെ താനൊരു ശാസ്ത്രജ്ഞനല്ലെന്നും 'സ്വയം' വിദ്യാഭ്യാസം ചെയ്ത് അറിവ് നേടിയ ആളാണെന്നും റെനെ പിന്നീട് സമ്മതിച്ചു. പുസ്തകങ്ങളൊക്കെ താന്‍ 'സ്വയം' പ്രസിദ്ധികരിക്കുകയായിരുന്നുവെന്നും അദ്ദേഹം സ്ഥിരീകരിച്ചു. അങ്ങനെ ഒട്ടുമിക്ക കാര്യങ്ങളും 'സ്വയം' ചെയ്തുകൊണ്ടിരുന്ന റെനെയെ സമാനമായ മറ്റൊരു ടി.വി. ഡോക്കുമെന്ററിയില്‍ പരിപാടിയില്‍ വെച്ച് ('The Truth Behind the Moon Landing')നാസാ ഗ്രന്ഥകാരനായ ജിം ഓ ബര്‍ഗ് ശക്തമായ ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. റെനെയെപ്പോലുള്ള തട്ടിപ്പുവാദക്കാരെ 'സാംസ്‌ക്കാരിക തെമ്മാടികള്‍' (cultural vandals) എന്നാണ് ഓബര്‍ഗ് വിശേഷിപ്പിച്ചത്.

അപ്പോളോ ഹോക്‌സ് ശരിയാണെന്ന് സ്ഥാപിക്കാനായി പ്രസിദ്ധീകരിച്ച മുമ്പ് സൂചിപ്പിച്ച മലയാളപുസ്തകത്തില്‍ റാല്‍ഫ് റെനെയെ 'യുവ എഞ്ചിനീയര്‍' ആയിട്ടാണ് പരിചയപ്പെടുത്തുന്നതെന്നും ഇവിടെ സ്മരണീയമാണ്(മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ടില്ല: അമേരിക്ക ലോകത്തെ വഞ്ചിച്ചതെങ്ങനെ?'-പേജ്-10). പരാമര്‍ശിക്കപ്പെട്ട ആളിന് വലിയ പ്രായമൊന്നുമില്ല( Just 71 years in 2004!) എന്നതിനാല്‍ വിശേഷണത്തിന്റെ പകുതി ഭാഗം തെറ്റാണെന്ന് പറയാനാവില്ല! എങ്കിലും ഹോക്‌സ് കൃതികളുടെ 'ആധികാരികത' സംബന്ധിച്ച് ഒരു ധാരണയുണ്ടാക്കാന്‍ ഇതും സഹായകരമാണെന്നതില്‍ തര്‍ക്കമില്ല..

David Percy
പ്രശസ്ത ബ്രിട്ടീഷ് ചലചിത്രനിര്‍മ്മിതാവും ഫോട്ടാഗ്രാഫറുമായ ഡേവിഡ് പെര്‍സിയുടെ (David Percy)സഹകരണത്തോടെ 2001 ല്‍ മേരി ബന്നറ്റ് രചിച്ച 'Dark Moon: Apollo and Whistle Blowers' ആണ് ഇപ്പോഴത്തെ ഹോക്‌സ് ബെസ്റ്റ്‌സെല്ലര്‍. പ്രധാനമായും അപ്പോളോ ദൗത്യത്തിലെ ചിത്രങ്ങളും വീഡിയോ ക്‌ളിപ്പുകളും വിശകലനം ചെയ്താണ് പെര്‍സിയും കൂട്ടുകാരനും ചാന്ദ്രയാത്ര തട്ടിപ്പാണെന്ന് തെളിയിക്കാന്‍ ശ്രമിക്കുന്നത്. അതിനെപ്പറ്റി അടുത്ത അധ്യായങ്ങളില്‍ പരിശോധിക്കാം. ഇംഗ്‌ളീഷില്‍ മാത്രം അമ്പതിലേറെ പുസ്തകങ്ങള്‍ ഈ വിഷയത്തെ അനുബന്ധിച്ച് പുറത്തുവന്നിട്ടുണ്ട്. അമേരിക്കയില്‍ മാത്രം ഫ്രഞ്ച്, സ്പാനിഷ്, ഇറ്റാലിയന്‍, ജര്‍മ്മന്‍, റഷ്യന്‍, ഏതാണെല്ലാ മുഖ്യധാരാ യൂറോപ്യന്‍ ഭാഷകളിലും അസ്സല്‍ ഹോക്‌സ് കൃതികളും ഈംഗ്‌ളീഷ് കൃതികളുടെ തര്‍ജമകളും അച്ചടിമഷി പുരണ്ടിട്ടുണ്ട്. വിശദമായ വായനയ്ക്ക് താല്പര്യപ്പെടുന്നവര്‍ക്കായി ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ അമേരിക്കയില്‍ പ്രസിദ്ധീകരിക്കപ്പെട്ട ചില ഇംഗ്‌ളീഷ് പുസ്തകങ്ങളുടെ പട്ടിക താഴെ:

(1)Dark Moon: Apollo and the Whistle-Blowers by Mary Bennett, David.S. percy(2001)
(2) The Moon Landing Hoax by
Charles T. Hawkins (Author)(Jan,2004)
(3)Dark Mission: The Secret History of National Aeronautics and Space Administration by Richard Hoagland, Mike Bara(2009)
(4)One Small Step?: The Great Moon Hoax and the Race to Dominate Earth from Space byGerhard Wisnewski(2007)
(5) The NASA Conspiracies: The Truth Behind the Moon Landings, Censored Photos , and The Face on Mars... by Nick Redfern(Dec, 2010)
(6) The Loony: A Novella of Epic Proportions [Fiction]
Christopher WunderLee(Jan, 2005)
(7)Conspiracy theories in American history: an encyclopedia, Volume 1 By Peter Knight(2003)
(8) The Moon Landing Hoax: The Eagle That Never Landed by Dr. Steven Thomas cultural vandals(June, 2010)
(9) How America Faked the Moon Landings' (CT Hawkins, 2011)
(10) Moon Landings: Did NASA Lie? by Philippe Lheureux (Nov,2003)

ഹോക്‌സാഹിത്യം അമേരിക്കയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. അശ്‌ളീലസാഹിത്യത്തിന് ലഭിക്കുന്ന അതേ അളവിലുള്ള ജനപ്രീതി അതിന് ചില വിഭാഗക്കാര്‍ക്കിടയിലെങ്കിലും ലഭിക്കുന്നുണ്ട്. ഇത്തരം പുസ്തകങ്ങള്‍ വായിച്ചിട്ട് ലക്ഷക്കണക്കിന് ജനങ്ങള്‍ പൂര്‍ണ്ണമായും വിവാദലഹരിയില്‍ മുങ്ങിപ്പോയിട്ടുണ്ട്. അതിലേറെ ആള്‍ക്കാരെ സംശയാലുക്കളാക്കാനും അതിന് സാധിച്ചു. പുസ്തകങ്ങളെക്കാളുപരി ദൃശ്യമാധ്യമരംഗത്താണ് തട്ടിപ്പുവാദം കൂടുതല്‍ തിളങ്ങിയത്. ശാസ്ത്ര-സാങ്കേതിക കാര്യങ്ങളില്‍ പൂര്‍ണ്ണമായും അജ്ഞരാണെങ്കില്‍പ്പോലും ഇത്തരം കോളിളക്കങ്ങളില്‍ മുങ്ങിപൊങ്ങാന്‍ താല്‍പര്യമില്ലാത്തവര്‍ കാണുമോ?! ചാന്ദ്രവിവാദത്തെക്കുറിച്ചുള്ള വീഡിയോ-ഡി.വി.ഡി.കള്‍ ചൂടപ്പം പോലെയാണ് വിറ്റഴിയുന്നത്. നാസ നടത്തിയ ചാന്ദ്രയാത്രയുടെ വിശദാംശങ്ങള്‍ വ്യക്തമാക്കുന്ന അസ്സല്‍ വിഡിയോകള്‍ക്കൊപ്പം തന്നെ പുസ്തകശാലകളിലും ഇന്റര്‍നെറ്റ് സൈറ്റുകളിലും ഹോക്‌സ് പുസ്തകങ്ങളും വീഡിയോകളും സ്ഥാനംപിടിച്ചിട്ടുണ്ട്. എന്തും വിറ്റഴിക്കുക എന്ന തന്ത്രം പയറ്റുന്ന ബുക്ക് സ്റ്റാളുകാരും പ്രസാധകരും രണ്ടും മാറിമാറി വായിക്കാന്‍ വായനക്കാരെ പ്രേരിപ്പിക്കുന്ന രീതിയിലാണ് വിപണനതന്ത്രം രൂപപ്പെടുത്തിയിട്ടുള്ളത്.



ബുസ് ഓള്‍ഡ്രിന്റെ പിറകെ നടന്ന് പ്രകോപ്പിക്കുകയും ചന്ദ്രനില്‍ പോയിട്ടുണ്ടെന്ന് ബൈബിളില്‍ തൊട്ട് സത്യംചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്ത ബാര്‍ട്ട് സിബ്രല്‍ (Bart Sibral) ആണ് വിവാദസംഘത്തിലെ മറ്റൊരു സൂപ്പര്‍താരം. അദ്ദേഹത്തിന്റേതു മാത്രമായി ഏഴ് ഡി.വി.ഡി കള്‍ വില്‍പ്പനയ്ക്കുണ്ടെന്നറിയുക (http://www.moonmovie.com/moonmovie/). നാസയുടെ തന്നെ വിഡിയോ ക്‌ളിപ്പുകളും ചിത്രങ്ങളും മോര്‍ഫിംഗിനും ഫോട്ടോഷോപ്പിനും വിധേയമാക്കി തമാശ വീഡിയോകളും ഈ വകുപ്പില്‍ തട്ടിക്കൂട്ടിയവരുണ്ട്. അത്തരം നിരവധി ചിത്രങ്ങളും വീഡിയോകളും ഇന്റര്‍നെറ്റില്‍ ലഭ്യമാണ്. ചാന്ദ്രയാത്രയെ പരിഹസിക്കുന്ന ചിത്രങ്ങള്‍ പലതും ആഭാസകരവുമാണ്. നാസയേയും അമേരിക്കയേയും പരിഹസിക്കുന്ന വ്യാജറിപ്പോര്‍ട്ടുകളും കാര്‍ട്ടൂണുകളും ഇന്റര്‍നെറ്റില്‍  സുലഭമാണ്. ഹോക്‌സുവിദ്ഗധരുടെ ആശയം പ്രചരിപ്പിക്കാനായി ടീഷര്‍ട്ടുകള്‍, ഗ്‌ളാസ്സുകള്‍, കപ്പുകള്‍, മെമന്റോകള്‍ എന്നിവയും വിപണിയിലിറക്കിയിട്ടുണ്ട്.
The altercation betwixt Sibral
and Aldrin
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഹോക്‌സ് വിവാദത്തില്‍ താല്‍പര്യം പ്രകടിപ്പിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ആരേയും ആകര്‍ഷിക്കുന്ന ചില തൊടുന്യായങ്ങള്‍ അതിലുണ്ടെന്നതാണ് ഇതിന് കാരണം. വമ്പന്‍ നേട്ടങ്ങളെ അവഹേളിക്കുമ്പോള്‍ ലഭിക്കുന്ന പ്രതിലോമകരമായ മാനസിക സംതൃപ്തിയാണ് മറ്റൊന്ന്. അമേരിക്കന്‍ വിരുദ്ധമനോഭാവമുള്ള രാജ്യങ്ങളില്‍ ആ ഒരൊറ്റ കാരണം കൊണ്ടു തന്നെ ഹോക്‌സിന് നല്ല ചെലവാണ്. പല ക്യൂബന്‍ അധ്യാപകരും ഇപ്പോഴും ചാന്ദ്രയാത്ര നടന്നുവെന്ന് പഠിപ്പിക്കാറില്ലെന്ന് പറഞ്ഞുവല്ലോ. സോവിയറ്റ് യൂണിയനില്ലാത്ത വിഷമം ക്യൂബയ്ക്കുണ്ടായതിന് യു.എസ്-ക്യൂബന്‍ രാഷ്ട്രീയബന്ധം സാധൂകരണം നല്‍കുന്നുണ്ട്. 'പൊട്ടിത്തെറിപ്പ് രാഷ്ട്രീയ'ത്തേയും ജീഹാദിസത്തേയും പ്രതിരോധിക്കാന്‍ അമേരിക്ക മുതിര്‍ന്നതിന് ശേഷം മാത്രമാണ് ജിഹാദിസാഹിത്യകരന്‍മാര്‍ പ്രത്യേകിച്ചും ഇസ്‌ളാമിലോകം പൊതുവെയും ഹോക്‌സ് സ്വപ്നങ്ങളെ താലോലിക്കാന്‍ തുടങ്ങിയത്. പല ഇസ്‌ളാമികരാജ്യങ്ങളിലും ഹോക്‌സ് വീഡിയോകള്‍ക്ക് സൃഷ്ടിവാദ-ജൂതവിരുദ്ധ സാഹിത്യത്തോളം പ്രാചാരമുണ്ട്. മതേതര രാജ്യമായിട്ടും തുര്‍ക്കി ഇക്കാര്യത്തില്‍ നല്ലൊരുദാഹരണമാണ്.

2002 സെപ്റ്റംബര്‍ 9 അപ്പോളോ ഹോക്‌സ് വാദികളുടെ ചെറിയ പെരുന്നാള്‍ ദിവസമാണ്. അന്നാണ് ഹോക്‌സ് വീരനായ ബാര്‍ട്ട് സിബ്രല്‍ അപ്പോളോ 11 ലെ സഞ്ചാരിയായ ബുസ്സ് ഓള്‍ഡ്രിനുമായി തെരുവില്‍ വെച്ച് പരസ്യമായി ശണ്ഠ കൂടി ഇടി വാങ്ങിയത്. ഒരു ക്യാമറക്കാരനുമായി ഓള്‍ഡ്രിന്റെ പിറകെ കൂടിയ സിബ്രല്‍ അദ്ദേഹത്തോട് ചാന്ദ്രയാത്രയെക്കുറിച്ച് പ്രകോപനപരമായി രീതിയില്‍ ചോദ്യങ്ങള്‍ ചോദിക്കാനാരംഭിച്ചു. തന്റെ കയ്യിലിരിക്കുന്ന ബൈബിള്‍ നീട്ടി അതില്‍ തൊട്ട് സത്യം ചെയ്യാനാണ് സിബ്രല്‍ ആ മഹാസഞ്ചാരിയോടവശ്യപ്പെട്ടത്. ആദ്യം തമാശയായി കണ്ട് ഒഴിവാക്കിയ ഓള്‍ഡ്രിന്റെ പിറകെകൂടി പുലഭ്യം പറഞ്ഞു നീങ്ങിയ സിബ്രലില്‍ നിന്ന് ഒഴിവാകാനായി ഓള്‍ഡ്രിന്‍ പ്രഭാഷണഹോളില്‍ നിന്നും പുറത്തിറങ്ങി റോഡിലേക്ക് നടന്നു. എന്നിട്ടും സിബ്രല്‍ വിട്ടില്ല. തനിക്കിത് നല്ലൊരു വാര്‍ത്തയാകുമെന്ന് മനസ്സിലാക്കി ക്യാമറാക്കാരനുമായി കരുതിക്കൂട്ടി വന്നതായിരുന്നു ആ മിടുക്കന്‍.

ഈ കശപിശയ്ക്ക് മുമ്പ് തന്നെ വ്യക്തിപരമായി തന്നെ അധിക്ഷേപിച്ചെന്ന് വാദിച്ച് ഓള്‍ഡ്രിനും അദ്ദേഹത്തിന്റെ അഭിഭാഷകനുമെതിരെ സിബ്രല്‍ കേസു കൊടുത്തിരുന്നു. 'ബാര്‍ട് സിബ്രല്‍' എന്ന പേരു പറഞ്ഞശേഷം ആ കേസുകൊടുത്ത ആളാണ് താനെന്ന് സിബ്രല്‍ സ്വയം പരിചയപ്പെടുത്തിയിരുന്നു. അതിനുശേഷമാണ് ബൈബിളില്‍ തൊട്ട് സത്യം ചെയ്യാന്‍ ഓള്‍ഡ്രിനോട് ആവശ്യപ്പെട്ടത്. 'ചെയ്യാത്ത പണിക്കുള്ള പ്രതിഫലം വാങ്ങുന്ന വഞ്ചകനാണ് 'ഓള്‍ഡ്രിനെന്ന് സിബ്രല്‍ അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറഞ്ഞു. പലതവണ ഫ്രോഡ് എന്നു വിളിക്കുന്നുണ്ടായിരുന്നു. പൊതുവെ അല്‍പ്പം ശുണ്ഠിക്കാരനായ ഓള്‍ഡ്രിന് ഈ പുലഭ്യധാര കേട്ട് കലശലായ ദേഷ്യം വന്നു. കൂടെ നിന്ന വനിതയും പോലീസുകാരനും കഴയുന്നത്ര പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും രണ്ടിലൊന്നറിയാതെ മാറില്ലെന്ന വാശിയുമായി സിബ്രല്‍ ഓള്‍ഡ്രിനെ പിന്തുടര്‍ന്നു. ഗതികെട്ട് റോഡില്‍നിന്നും ആദ്യം നിന്ന ഹോളിലേക്ക് തിരികെ കയറിയ ഓള്‍ഡ്രിന്റെ മുന്നിലെത്തി വീണ്ടും സിബ്രല്‍ ശകാരഭാഷണം തുടര്‍ന്നു. അവസാനം സിബ്രല്‍ ലക്ഷ്യമിട്ടതു തന്നെ സംഭവിച്ചു. ''നിങ്ങള്‍ ഒരു ഭീരുവാണ്, നിങ്ങള്‍ നുണയാനാണ്''എന്നൊക്കെ മുന്നില്‍ വന്ന് വിളിച്ചുപഞ്ഞപ്പോള്‍ ഓള്‍ഡ്രിന് രോഷമടക്കാനായില്ല.. അദ്ദേഹം സിബ്രലിന്റെ മുഖമടച്ച് ഒരിടി പാസ്സാക്കി.

Neil Armstrong
ഇതുപോലെ ഒരു ബൈബിളുമായി ആംസ്‌ട്രോങിന്റെ പിറകെ നടന്നും സിബ്രല്‍ പ്രകോപിച്ചിട്ടുണ്ട്. എന്നാല്‍ മിതഭാഷിയും ശാന്തശീലനുമായ ആംസ്‌ട്രോങ് സിബ്രലിനെ വിദഗ്ധമായി ഒഴിവാക്കുകയായിരുന്നു. ലോകം ആദരിക്കുന്ന ഈ ഗഗനചാരികള്‍ താന്‍ പിറകെകൊണ്ടു നടക്കുന്ന ബൈബിളില്‍ തൊട്ട് സത്യം ചെയ്യുമെന്ന് സിബ്രല്‍ രണ്ടായാലും ചിന്തിച്ചിട്ടുണ്ടാവില്ല. 'പോയാല്‍ ഒരിടി, കിട്ടിയാല്‍ ലോകപ്രശസ്തി'-അത്രയേ ആ മഹാനുഭാവന്‍ കരുതിയിട്ടുണ്ടാവുകയുള്ളു.For video Click here: (http://www.youtube.com/watch?v=UUFO8AGMwic)
Apollo-11 team with President
George W Bush
അപ്പോളോ -11 ലെ യാത്രികരെ വ്യക്തിപരമായി ലക്ഷ്യമിടുന്ന ചില വാദങ്ങള്‍ തട്ടിപ്പുവാദക്കാര്‍ നിരത്തുന്നുണ്ട്. 18 യാത്രികരുണ്ടെങ്കിലും, അവരെല്ലാം ജീവിച്ചിരിക്കുന്നുവെങ്കിലും ആംസ്‌ട്രോങും ഓള്‍ഡ്രിനും തന്നെയാണ് ഇക്കൂട്ടരുടെ പീഡനത്തിന് ഏറ്റവുമധികം വിധേയമായിട്ടുള്ളത്. ആംസ്‌ട്രോങിന്റെ മുഖം ഒന്നു മ്‌ളാനമായാല്‍, അറിയാതെ തൊണ്ടയൊന്നിടറിയാല്‍, ചിരിയുടെ വോള്‍ട്ടേജ് അല്‍പ്പം കുറഞ്ഞാല്‍ ഉടനടി അതിനെ ചുറ്റിപ്പറ്റി ഒരു വീഡിയോ രൂപം കൊള്ളും! അതുപിന്നെ മറ്റൊരു 'ഹോക്‌സ് പോയിന്റാ'ണ്. അപ്പോളോ യാത്രയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് വൈറ്റ് ഹൗസില്‍ വെച്ച് ആംസ്‌ട്രോങ് അന്നത്തെ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ കൂടി പങ്കെടുത്ത സദസ്സില്‍ പ്രസംഗിക്കുന്ന ഒരു വീഡിയോ  നെറ്റിലുണ്ട്. അതില്‍നിന്നും ഹോക്‌സര്‍മാര്‍ക്ക് ആവശ്യമുള്ള ഒരു വാചകമെടുത്ത് ഇല്ലാത്ത അര്‍ത്ഥം കല്‍പ്പിക്കുന്ന ഒരു വീഡിയോ ക്‌ളിപ്പ് പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അതിന്റെ വിശദാംശങ്ങള്‍ വഴിയെ പരിചയപ്പെടാം. നാസയില്‍ 'എന്തെക്കൊയോ കുഴപ്പ'മുണ്ടെന്ന് ആംസ്‌ട്രോങിന്റെ സഹോദരി പറഞ്ഞ മറ്റൊരു വീഡിയോയും ലഭ്യമാണ്.

ചന്ദ്രനില്‍ പോയി തിരിച്ചുവന്ന ആംസ്‌ട്രോങിന്റേയും കൂട്ടരുടേയും മുഖത്ത് വലിയ 'തെളിച്ച'മുണ്ടായിരുന്നില്ലെന്നും ചന്ദ്രനെ കീഴടക്കിയതിന്റെ അഭിമാനമോ ആഹ്‌ളാദമോ അവരില്‍ കാണാനുണ്ടായിരുന്നില്ലെന്നുമാണ് ഒരു പ്രമുഖ ഹോക്‌സ് വാദം. ചാന്ദ്രയാത്രികര്‍ സിനിമാതാരങ്ങളെപ്പോലെ ചിരിതൂകാഞ്ഞത് ഒരു കുറവായി കാണുന്നതിലെ യുക്തിയൊന്നാലോചിച്ചു നോക്കൂ. മറ്റൊരു ലോകം കണ്ട മനുഷ്യരാണവര്‍! പ്രശസ്തിയുടെ വെള്ളിവെളിച്ചത്തില്‍ അവര്‍ കൊച്ചുകുട്ടികളെപ്പോലെ അര്‍മാദിക്കണമെന്ന പിടിവാശി തട്ടിപ്പുവാദക്കാര്‍ക്ക് ഉണ്ടാകാമെങ്കിലും അവര്‍ക്കങ്ങനെ തോന്നിക്കൊള്ളണമെന്നില്ലല്ലോ. ചാന്ദ്രയാത്രയ്ക്ക് ശേഷം ഓസ്‌ട്രേലിയയും യൂറോപ്പുമടങ്ങുന്ന നിരവധി 
സ്ഥലങ്ങള്‍ ഈ മൂന്നു സഞ്ചാരികളും ഒരുമിച്ച് സന്ദര്‍ശിക്കുകയും അനുമോദനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്തിട്ടുണ്ട്. മിക്കയിടങ്ങളിലും മാധ്യമപ്രവര്‍ത്തകരുമായി സന്തോഷപ്രദമായി സമയം ചെലവഴിക്കുകയും ചെയ്യുകയും വിവിധ പൊതുപരിപാടികളില്‍ പങ്കെടുക്കുകയുമുണ്ടായി.
With Obama in July, 2009
ആംസട്രോങ് പൊതുവെ തണുപ്പനും വിനയാനിത്വനും അന്തര്‍മുഖനുമായ ഒരു വ്യക്തായാണെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ നേരെമറിച്ചാണ് ഓള്‍ഡ്രിന്റെ കാര്യം-സംസാരിപ്രിയനും ചൂടനുമാണ്. കൊളിന്‍സാകട്ടെ ഏറെക്കുറെ ആംസ്‌ട്രോങിനെപ്പോലെയും. എന്നാല്‍ കുറേക്കൂടി തമാശക്കാരനാണുതാനും. ഓള്‍ഡ്രിന്‍ ടി. വി. അഭിമുഖത്തിനോ ലക്ചറിനോ ലേഖനമെഴുതുന്നതിനോ ഒരിക്കലും വിസമ്മതം പറയാത്ത വ്യക്തിയാണ്. അപ്പോളോ യാത്രയുടെ പരസ്യമുഖം സത്യത്തില്‍ ഈ 'രണ്ടാമൂഴക്കാര'നായിരുന്നു. 'The Magnificent Desolation' ചാന്ദ്രയാത്രയെപ്പറ്റി അദ്ദേഹം രചിച്ച ആത്മകഥാപരമായ പുസ്തകമാണ്. കൊളിന്‍സ് എഴുതിയ 'Carrying the Fire, Flying to the Moon' ആദ്യത്ത രണ്ടു മനുഷ്യര്‍ ചന്ദ്രനില്‍ ഇറങ്ങിയത് അപ്പോള്‍ ചാന്ദ്രഭ്രമണപഥത്തിലുണ്ടായിരുന്ന ഒരേയൊരു മനുഷ്യന്റെ വീക്ഷണകോണിലൂടെ വിവരിക്കുന്ന ഗ്രന്ഥമാണ്.

ഇടക്കാലത്ത് കുത്തഴിഞ്ഞ ജീവിതം നയിച്ചുവെങ്കിലും ഓള്‍ഡ്രിന്‍ വീണ്ടും പഴയ നിലയിലേക്ക് തിരിച്ചുവരുകയുണ്ടായി. ഇടയ്‌ക്കൊക്കെ മുറിഞ്ഞെങ്കിലും ആദ്യത്തെ മൂന്നു ചാന്ദ്രയാത്രികരും ഇന്നും നല്ല സൗഹൃദം നിലനിര്‍ത്തിപോരന്നവരാണ്. ബാര്‍ട് സിബ്രലിനെ ഇടിച്ചത് ഓള്‍ഡ്രിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതയുമായി ബന്ധപ്പെട്ട കാര്യമായി കണ്ടാല്‍മതി. ഹോക്‌സ് വീരന്‍മാരോട് തനിക്ക് വലിയ ബഹുമാനമൊന്നുമില്ലെന്ന് തുറന്നടിച്ച വ്യക്തിയാണ് ഓള്‍ഡ്രിന്‍. അവരുമായി സംസാരിക്കുന്നതുകൊണ്ട് വെറുതെ സമയം മെനക്കെടുത്താം അത്രതന്നെ:

''ഇത്തരം ചിന്തകളുമായി നടക്കുന്നവരോട് സംവാദത്തില്‍ ഏര്‍പ്പെടാന്‍ എനിക്ക് വലിയ താല്‍പര്യമൊന്നുമില്ല. അവരുടെ ഉത്സാഹം കുറേക്കൂടി വര്‍ദ്ധിപ്പിക്കാമെന്നല്ലാതെ അതുകൊണ്ട് അവരവരുടെ നിലപാടില്‍ നിന്ന് തെല്ലും 
വ്യതിചലിക്കുമെന്ന് കരുതാനാവില്ല'' എന്നദ്ദേഹം പറഞ്ഞിട്ടുണ്ട്:
'Well it’s a waste of my time. I don’t have much respect for the people who entertain that thinking and generally I am not interested in engaging in any discourse with them. All that does is encourage them and it’s not going to change their thinking at all.''

ശിശുസഹജമായ ഒരു നിഷ്‌കളങ്കഭാവവും മിതഭാഷണശീലവും ആംസ്‌ട്രോങിന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിരുന്നു. അമിതാവേശം ഒരിക്കലും ദൃശ്യമായിരുന്നില്ല, ചന്ദ്രനില്‍ പോകുന്നതിന് മുമ്പും ശേഷവും. അതേസമയം അദ്ദേഹം എല്ലാത്തരം പൊതുസമ്പര്‍ക്കത്തില്‍ നിന്നും വിട്ടുനിന്നെന്ന് വാദിക്കുന്നത് കളവാണ്. തിരികെയെത്തി മൂന്നാഴ്ചകള്‍ കഴിഞ്ഞ് 1969 ഓഗസ്റ്റ് 12 ന് ഹൂസ്റ്റണിലെ നാസ ആസ്ഥാനത്ത് നടത്തിയ മണിക്കൂറുകള്‍ നീണ്ട സ്‌ളൈഡ് ഷോയിലും ചോദ്യത്തരവേളയിലും മൂന്നു അപ്പോളോ സഞ്ചാരികളും പങ്കെടുക്കുകയുണ്ടായി. മാധ്യമപ്രവര്‍ത്തകരുള്‍പ്പെടയുള്ള സദസ്സിന്റെ നിരവധി ചോദ്യങ്ങള്‍ക്ക് അവരപ്പോള്‍ മറുപടി പറയുകയും സ്‌ളൈഡുകള്‍ മുഖേന കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. The Man On the Moon(1994))എന്ന സുപ്രസിദ്ധ ഗ്രന്ഥത്തിന്റെ രചനയുമായി ബന്ധപ്പെട്ട് ദൈര്‍ഘ്യമേറിയ ഒരഭിമുഖം ആംസട്രോങ് ആന്‍ഡ്രു ചെയ്കിന് (Andrew Chaikin)അനുവദിച്ചിട്ടുണ്ട്.

അപ്പോളോ-11 ന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് 1994 ജൂലൈ 20 ന് ല്‍ വൈറ്റ് ഹൈസില്‍ വെച്ച് പ്രസിഡന്റ് ക്‌ളിന്റണും വൈസ്പ്രസിഡന്റ് അല്‍ ഗോറും അപ്പോളോ യാത്രികര്‍ക്ക് നല്‍കിയ സ്വീകരണത്തോടനുബന്ധിച്ച് ആംസ്‌ട്രോങ് നടത്തിയ പ്രഭാഷണത്തിലെ ഒരു വാചകം ഹോക്‌സ് വീരന്‍മാരുടെ ഇഷ്ട ആയുധമാണെന്ന് സൂചിപ്പിച്ചല്ലോ. ''കണ്ടുപിടിക്കാത്ത മഹത്തായ ആശയങ്ങളുണ്ട്. സത്യത്തിന്റെ സുരക്ഷിതമൂടികളിലൊന്ന് നീക്കം ചെയ്യുന്നവര്‍ക്ക് വഴിത്തിരിവവുണ്ടാക്കാനാവും''('There are great ideas undiscovered, breakthroughs available to those who can remove one of the truth's protective layers')എന്ന വാചകമാണിത്. ഈ വീഡിയോ മുഴുവന്‍ കാണുന്നവര്‍ക്കറിയാം സന്ദര്‍ഭത്തില്‍ നിന്നും ഇഴപിരിച്ച് ഒറ്റ വാക്യമായി കാണിക്കുമ്പോള്‍ മാത്രമാണ് ഈ 'ചെറിപിക്കിംഗ് '('Cherry picking')ദുരൂഹമായി തോന്നുന്നത്. For Video click here: (http://www.youtube.com/watch?v=UeQriZqkKIk)

തട്ടിപ്പുവാദവുമായി പുലബന്ധം പോലുമില്ലാത്ത ഈ വാചകം വൈറ്റ് ഹൈസില്‍ വെച്ചാണ് ആംസ്‌ട്രോങ് പറഞ്ഞത്. ''ഇന്ന് നമുക്ക് കുറേ വിദ്യാര്‍ത്ഥികളാണ് സദസ്സിലുള്ളത്. അതാകട്ടെ അമേരിക്കയിലെ ഏറ്റവും മികച്ച പ്രതിഭകളും. ഞാന്‍ നിങ്ങളോട് പറയട്ടെ, ഞങ്ങള്‍ പൂര്‍ത്തിയാക്കിയത് കേവലം ഒരു തുടക്കം മാത്രമാകുന്നു. ചെയ്യാന്‍ ഇനിയുമേറെയുണ്ട് . ഞങ്ങളതൊക്കെ നിങ്ങള്‍ക്ക് വിട്ടുതരുന്നു. കണ്ടുപിടിക്കാത്ത മഹത്തായ ആശയങ്ങള്‍ ബാക്കിയുണ്ട്. സത്യത്തിന്റെ സുരക്ഷിതമൂടികളിലൊന്ന് നീക്കം ചെയ്യുന്നവര്‍ക്ക് വഴിത്തിരിവുണ്ടാക്കാനാവും. വിശ്വസിക്കാന്‍ കഴിയുന്നതിനും അപ്പുറമുള്ള പല സ്ഥങ്ങളിലും ഇനിയും പോകാനുണ്ട്.'' എന്നായിരുന്നു പ്രസംഗത്തിന്റെ ഈ ഭാഗത്ത് ആംസ്‌ട്രോങ് പറഞ്ഞത്. തങ്ങള്‍ക്ക് വേണ്ടത് മാത്രം ചുരണ്ടിയെടുത്ത് വളച്ചൊടിക്കുക എന്നത് ഹോക്‌സ് വീരന്‍മാര്‍ ലോകമെമ്പാടും അനുവര്‍ത്തിക്കുന്ന നടപടിയാണല്ലോ. ചെറിപിക്കിംഗ് ഇല്ലെങ്കില്‍ പിന്നെ എന്തു ഹോക്‌സ്!! ചാന്ദ്രയാത്രയുടെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് 2009 ല്‍ ഇപ്പോഴത്തെ പ്രസിഡന്റായ ബരാക് ഒബാമ നല്‍കിയ വരുന്നിലും ആസ്‌ട്രോങ് കൊളിന്‍സിനും ഓള്‍ഡ്രിനുമൊപ്പെം പങ്കിടുത്തിട്ടുണ്ട്.

2001 സെപ്റ്റബറില്‍ സ്റ്റീഫന്‍ ആംബ്രോസിനും ഡഗ്‌ളസ് ബ്രിന്‍ക്‌ളിക്കും(Stephen Ambrose and Douglas Brinkley)സവിശേഷമായ ഒരഭിമുഖവും അദ്ദേഹം അനുവദിച്ചിട്ടുണ്ട്. 2003 ല്‍ അയര്‍ലന്‍ഡിന്റെ തലസ്ഥാനമായ ഡബ്‌ളിനിലെ നാഷണല്‍ കണ്‍സേര്‍ട്ട് ഹോളില്‍ (National Concert Hall, Dublin)ആയിരംപേര്‍ നിറഞ്ഞ ഒരു സദസ്സിന് മുമ്പാകെയുള്ള പൊതുഅഭിമുഖം ഉല്ലാസവാനായാണ് അദ്ദേഹം നിര്‍വഹിച്ചത്. 2003 ലെ Contennial Fight Celebrations മായി ബന്ധപ്പെട്ട ഡേട്ടണില്‍ (Dayton, Ohio)നടന്ന പൊതു ചടങ്ങിലും അദ്ദേഹം പങ്കെടുക്കുകയുണ്ടായി. വളരെ കുറച്ച് പൊതുചടങ്ങുകളിലേ ആംസ്‌ട്രോങ് പങ്കെടുത്തിട്ടുള്ളു എന്നത് ശരിതന്നെ. പക്ഷെ അദ്ദേഹം എന്നും അങ്ങനെയായിരുന്നു. അതിനിടെ വിവാഹമോചനവും പുനര്‍വിവാഹവും നടന്നുവെന്നതും മറക്കണ്ട. 1971-79 കലാഘട്ടത്തില്‍ യൂണിവേഴ്‌സിറ്റി ഓഫ് സിന്‍സിനാറ്റിയില്‍ (University of Cincinnati) ഏറോ സ്‌പേസ് പ്രൊഫസറായി ജോലി നോക്കിയിരുന്ന ആംസ്‌ട്രോങ് ചാന്ദ്രയാത്രാ തട്ടിപ്പിന്റെ കുറ്റബോധമൊളിക്കാന്‍ ബദ്ധപ്പെട്ട് സന്യാസജീവിതം നയിക്കുകയായിരുന്നു എന്നു വാദിച്ചാല്‍ സന്യാസിമാര്‍ കേസു കൊടുക്കാനിടയുണ്ട്, 
എന്തെന്നാല്‍ സന്യാസിമാര്‍ ചന്ദ്രിനിലിറങ്ങാറില്ലല്ലോ!!***
(തുടരും)

23 comments:

  1. എന്തേ ഈ പോസ്റ്റ് വരുന്നില്ലെന്ന് നോക്കിയിരിക്കുകയായിരുന്നു. ഏതോ ഫോട്ടോ മെയിൽ അയച്ചെന്നോ അതിൽ കിട്ടിയാൾക്കും അയച്ചാൾക്കും ഒന്നും കാണാൻ പറ്റിയില്ലെന്നോ ഒക്കെ പറഞ്ഞ് ലവിടെ ഒരു പോസ്റ്റ് കണ്ടിരുന്നു.
    :)

    ReplyDelete
  2. കുട്ടികള്‍ക്ക് മധുരംപോലെയാണ് ജനങ്ങള്‍ക്ക് വിവാദങ്ങളും തട്ടിപ്പുവാദങ്ങളുമൊക്കെ. ശാസ്ത്രനേട്ടങ്ങളുടെ വിലയിടിച്ചു കാണിക്കുക, അതിനെ ചെറുതാക്കി സംശയം പ്രകടപ്പിക്കുക തുടങ്ങിയ നിലപാടുകള്‍ക്ക് പിന്തിരിപ്പന്‍ സമൂഹങ്ങളില്‍ മോശമല്ലാത്ത പ്രതിനിധ്യമുണ്ടാകും. ഒരു ബുദ്ധിരാക്ഷസാനാണ് താനെന്ന് സ്വയം നിരൂപിച്ച് നടക്കുന്നവരും ഇക്കാര്യത്തില്‍ ചരിത്രം കുറിക്കും. തനിക്കായിട്ട് അങ്ങനൊരു സംശയം തോന്നാതിരുന്നാല്‍ നാണക്കേടല്ലേ എന്നവര്‍ അറിയാതെ ചിന്തിച്ചുപോകുന്നു. ശരിയാകട്ടെ തെറ്റാകട്ടെ എന്തായാലും സംശയം പ്രകടിപ്പിക്കുക തന്നെ- എന്ന നിര്‍മലമായ തീരുമാനവുമായി അവര്‍ സുഹൃദ്‌സദസ്സുകളിലേക്ക് പരന്നൊഴുകുന്നതോടെ ഹോക്‌സ് സിദ്ധാന്തത്തിന് കയ്യുകാലും മുളയ്ക്കുകയായി.

    ഈ വിഷയത്തില്‍ ഇതിനേക്കാള്‍ നല്ലൊരു വിലയിരുത്തല്‍ ഇല്ല.

    ReplyDelete
  3. ശീതയുദ്ധക്കാലത്ത് ചാന്ദ്രയാത്ര തട്ടിപ്പാണെന്ന് തെളിയിക്കാന്‍ സോവിയറ്റ് യൂണിയന് കഴിഞ്ഞിരുന്നെങ്കില്‍ അവര്‍ക്ക് ലഭിക്കുമായിരുന്ന ഞെട്ടിപ്പിക്കുന്ന മുന്‍തൂക്കം സങ്കല്‍പ്പിക്കാവുന്നതിലും വലുതാണ്. അമേരിക്ക ഒരുപക്ഷെ അത്തരമൊരു ആഘാതത്തില്‍ നിന്ന് ഒരിക്കലും കരകയറുക പോലുമുണ്ടാവുകയില്ലായിരുന്നു.

    നേര്ക്കുനേരെ ചിന്തിക്കുന്നവര്‍ക്ക് ഈയൊരു തെളിവുതന്നെ ധാരാളം മതി (പിന്നെ ആര്‍ക്കെങ്കിലും ആ കപ്പലിനെക്കുറിച്ചുള്ള വിവരം വല്ലതും കിട്ടിയാല്‍ അറിയിക്കണം കേട്ടോ, എനിക്കീ അഭിപ്രായം പിര്‍‌വലിക്കണം;))

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. എന്തായാലും ആ പഞ്ച് ഇഷ്ടപ്പെട്ടു .. ഒരു ഷോര്‍ട്ട് ഫോര്‍ഹാണ്ട് പഞ്ച് . മറ്റേ ചങ്ങാതി ഒരു പതിനഞ്ചു സെന്റിമീറ്റര്‍ മേലേക്ക് പോങ്ങിയതായി ക്കണ്ടു .. ഈ അടി കൊടുത്തത് ചന്ദ്രനില്‍ ആയിരുന്നെകില്‍ ആര് ഇരട്ടി മുകളില്‍ എത്തിയേനെ ..!! ( ചന്ദ്രേട്ടനിലെ ഗ്രാവിറ്റി മൂലമുള്ള അക്സലെരേശന്‍ ഭൂമിയിലെതിന്റെ ആറില്‍ ഒന്ന് ആണല്ലോ ..!

    ReplyDelete
  6. പ്രിയപ്പെട്ട വാസു,

    ആ പറഞ്ഞത് ശരിയാണോ? ഭൂമിയില്‍ 2 മീറ്റര്‍ ഉയരത്തില്‍ ചാടാന്‍ കഴിയുന്ന ഒരാള്‍ക്ക് ചന്ദ്രനില്‍ എത്ര ഉയരത്തില്‍ ചാടാനാവും? ഉത്തരം പെട്ടെന്ന്‌

    ReplyDelete
  7. എന്താ രവി സാര്‍ സംശയം ..? :-)
    ഭൂമിയില്‍ രണ്ടു മീറ്റര്‍ ചാടാന്‍ കഴിയുന്ന ആള്‍ ചന്ദ്രനില്‍ 12 മീറ്റര്‍ ചാടാന്‍ കഴിയണമല്ലോ .

    എന്റെ വിശദീകരണം ദാ ഇങ്ങനെ :

    ഭൂമിയില്‍ ആയാലും ചന്ദ്രനില്‍ ആയാലും ചാടുന്നതിലൂടെ ഇനിഷ്യല്‍ ആയി ഡെലിവര്‍ ചെയ്യുന്ന എനര്‍ജി തുല്യമായിരിക്കും . ( മസ്സിലുകളുടെ കോണ്ട്രാക്ഷന്‍ = ടെന്സിവ് എനര്‍ജി , പിന്നെ മസ്സില്‍ റിലീസ് ചെയ്യുമ്പോള്‍ ആ ടെന്‍ഷന്‍ എനര്‍ജി കയ്യുടെ കനയിട്ടിക് എനര്‍ജി ആയി മാറുന്നു , തുടര്‍ന്നും മസ്സില്‍ റിലീസ് പൂര്‍ണമായി ആകുകയും കാല്‍ മുഴുവനായി നിവരുകയും ചെയ്യുന്നു . ഇവിടെ ഒരു തുടര്‍ച്ചയായ ഒരു ഫോര്‍സ് ലക്ഷ്യത്തിന്റെ ( കാലിനു മുകളിലെ ശരീരം ) മേലെ പ്രവര്‍ത്തിക്കുന്നു )

    ലക്ഷ്യത്തിനു ഒരു ഇനിഷ്യല്‍ പ്രവേഗം കൊടുക്കുന്നു ..അതിനു അനുസരിച്ചു ലക്ഷ്യത്തിനു (ചാടുന്ന ആളിന് ) ഒരു ഇന്ശ്യാല്‍ കേനയിടിക് എനെര്‍ജി ലഭ്യമാകുന്നു .. ഇത് കാലിലെ മസ്സിലുനു നഷ്ടപ്പെട്ട എനര്‍ജിക്ക് തുല്യമായിരിക്കും

    അപ്പോള്‍ ചന്ദ്രനില്‍ ആയാലും , ഭൂമിയില്‍ ആയാലും ബെന്ഡ് ആയ കാല്‍ മസ്സിലില്‍ സംഭാരിക്കപ്പെടുകയും , പിന്നെ റിലീസ് ചെയ്യപ്പെടുന്നതുമായ .ഊര്‍ജ്ജം തുല്യം തന്നെ . അതായത് ചാടുന്ന ആലിന്റെ ചാടുന്ന സമയത്തെ ( h = 0 . t = 0 ) ഗതോകൊര്‍ജ്ജം രണ്ടു ഇടതും ഒരേ അളവില്‍ ആയിയിക്കും എന്നര്‍ത്ഥം .

    KEe = KEm --------- (1 )
    ഇനി ചാട്ടത്തില്‍ ഏറ്റവും മുകളില്‍ ഉള്ള പോയന്റില്‍ എത്തുമ്പോള്‍ , ഗതിക ഊര്‍ജ്ജം = 0 ,ഗതികോര്‍ജ്ജം ( കേനയിടിക് എനെര്‍ജി ) സ്ഥികൊര്‍ജ്ജം ആയി പൂര്‍ണമായും പരിനമിചിട്ടുണ്ടാകും .

    അതായത് KEe = m (ge ) (He) ---- (2)
    ആന്‍ഡ്‌ KEm = m (gm ) (Hm ) ----- (3)
    (Where gm = gravity on earth , gm = gravity on moon , He = maximum height reached on earth, Hm = mximum height reached on Moon )
    Using (1) above in (2) and (3) =>
    m (ge) ( He) = m ( gm) (Hm)
    ie ge * He = gm * Hm

    Since ge = 6 * gm
    We have
    6gm * He = gm* Hm
    ie, 6He = Hm

    അതായത് ചന്ദ്രനില്‍ ഒരാള്‍ക്ക്‌ ചാടാന്‍ പറ്റുന്ന ഉയരം ഭൂമിയില്‍ പറ്റുന്നതിനെ ആറു മടങ്ങ്‌ ആണ് എന്ന് ..!!
    ഇതാണ് എന്റെ ന്യായം ! :-)

    ReplyDelete
  8. പിന്നെ ചന്ദ്രനില്‍ അന്തരീക്ഷം ഇല്ലാത്തതു കൊണ്ട് , വിസ്കസ് ഫ്രിക്ഷന്‍ ഉണ്ടാവില്ല.. അപ്പോള്‍ ഭൂമിയിലെ ചാട്ടതെക്കള്‍ ആറു ഇരട്ടിയെക്കള്‍ അല്പം കൂടുതല്‍ ഉയരത്തില്‍ ചാടാം !!

    ReplyDelete
  9. പ്രിയപ്പെട്ട വാസു,

    അക്രമം, മഹാ അക്രമം!!!
    റൂട്ട് തെറ്റി പോകുന്നില്ലേ? വിശദീകരണങ്ങള്‍ ബാഹ്യപഥങ്ങളിലേക്ക് പായുന്നില്ലേ? ചോദ്യം ലളിതം. താങ്കള്‍ പറഞ്ഞ 12 മീറ്റര്‍ (2*6)സാമാന്യം നല്ല തെറ്റാണെന്ന് ഞാന്‍ പറയും.

    ക് ളൂ വേണോ?

    ഒരു മനുഷ്യന്റെ ഗുരുത്വകേന്ദ്രം (centre of gravity)എവിടെയാണ്?

    ReplyDelete
  10. ഹ ഹ !ചോദ്യം കേട്ടപ്പോഴേ എന്തോ ഗുലുമാല് തോന്നിയിരുന്നു :-)) ..കാരണം ഇത് പൊതുവില്‍ എല്ലാവര്ക്കും അറിയാവുന്നതാണ്..അപ്പോള്‍ രവി സാര്‍ "പെട്ടെന്ന് " ഉത്തരം പറയാന്‍ നിര്‍ബന്ധിക്കുമ്പോള്‍.. കുടുക്കാന ആണെന്ന് വ്യക്തം ... ഹ ഹ !! എന്തായാലും ... കുല് കിട്ടിയ നിലക്ക് ഒന്ന് ആദ്യേ പൂത്യെ ശ്രമിച് നോക്കാം ..
    മനുഷ്യന്റെ സെന്റെര്‍ ഓഫ് ഗ്രാവിറ്റി (സെന്റര് ഓഫ് മാസ് ) എന്തായാലും അരക്ക് മേലെയെ വരൂ ..മാസ്സ് കൂടുതലും മേല്ഭാഗത്താണല്ലോ ...
    ഒരു 3 അടി മേലെ എന്ന് കരുതാം ..(ഒരു മീറ്റര്‍ )

    കുത്തനെ (vertical ) ചാട്ടം -ഭൂമിയിലും ചന്ദ്രനിലും
    ====================================
    അപ്പോള്‍ ഭൂമിയില രണ്ടു മീറ്റര്‍ ഉയരത്തില്‍ ഒരാള്‍ ചാടിയാല്‍ ( നേരെ കുത്തനെ ചാടുന്നു എന്നിരിക്കട്ടെ - സാധാരണ ചാട്ടങ്ങള്‍ അങ്ങനെ അല്ല - ഹൈജമ്പ് ചാട്ടം വേറെ നോക്കാം.അത് പോലെ രണ്ടു മീടര്‍ ചാടാന്‍ പറ്റുന്നു എന്നത് പടങ്ങള്‍ രണ്ടു മീടരിനു മേലെ വരുന്നു എന്നര്‍ത്ഥം ) സെന്റര്‍ ഓഫ് ഗ്രവിട്ടി രണ്ടു മീറ്റര്‍ + ഒരു മീറ്റര്‍ = മൂന്നു മീറ്റര്‍ ഉയരത്തില്‍ എത്തുന്നു എന്നര്‍ത്ഥം ..

    ചന്ദ്രനില്‍ ആണെങ്കില്‍ (കുത്തനെ ഉള്ള ചാട്ടത്തില്‍ ) സെന്റര്‍ ഓഫ് ഗ്രാവിറ്റി പന്ത്രണ്ടു മീറ്റര്‍+ ഒരു മീറ്റര്‍ = പതിമൂന്നു മീറ്റര്‍ ഉയരത്തില്‍ എത്തുകയും ചെയ്യും .. അവിടെ വലിയ കുഴപ്പം കാണുന്നില്ല (അല്ലെ ...കുത്തനെ ,കുത്തനെ,കുത്തനെ ചാട്ടം ;-) )

    പ്രൊഫെഷണല്‍ ഹൈജമ്പ് ചാട്ടം -ഭൂമിയിലും ചന്ദ്രനിലും
    =============================================

    ഇനി ഹൈജമ്പ് സ്റ്റൈല്‍ ചാട്ടം ആണങ്കില്‍ (അതായത് കുത്തനെ ഉയര്‍ന്നു ശരീരം മൊത്തം സെന്റര്‍ ഓഫ് ഗ്രവിട്ടിയുടെ ലെവലില്‍ തിരശ്ചീനമായി കൊണ്ട് വരുമ്പോള്‍ ...)

    ഭൂമിയില്‍ രണ്ടു മീടര്‍ ചാടുന്ന ആള്‍ , അയാളുടെ സെന്റര് ഓഫ് ഗ്രാവിറ്റി ഉയരുന്നത് 2 മീറ്റര്‍ - ഒരു മീറ്റര്‍ = ഒരു മീറ്റര്‍

    അപ്പോള്‍ , ചന്ദ്രനില്‍ അയാളുടെ സെന്റര് ഓഫ് ഗ്രവിട്ടി ഉയരുന്നത് (1 * 6 ) + 1 മീടര്‍ = 6 മീടര്‍ = 7 മീറ്റര്‍ .
    നമ്മുടെ നാട്ടിലെ ഒരു ഹൈജമ്പ് താരത്തിനു ഇവിടെ രണ്ടു മീറ്റര്‍ ചാടമാനെങ്കില്‍ അവിടെ 7 മീറ്റര്‍ ചാടി ക്ലിയര്‍ ചെയ്യമെന്നര്തം :-))

    സമ്മതിച്ചു മാഷെ സമ്മതിച്ചു ..!!സുല്ല് ! കുളുവില്ലെങ്കില്‍ പെട്ട് പോയേനെ ..!
    പക്ഷെ ഞങ്ങളുടെ നാട്ടില്‍ പ്രൊഫെഷണല്‍ ഹൈജംമ്പ് താരങ്ങള്‍ ഇല്ല .. ഇല്ലാവരും കുത്തനെ ചാട്ടക്കരാണ് ..!! ;-)

    PS :യഥാര്‍ത്ഥത്തില്‍ ച്ചാടുന്നതിനു മുമ്പ് മുട്ടുലാല്‍ , അരഭാഗം എന്നിവ ഓടിച്ചു ശരീരം താഴെതുന്നതിനാല്‍ ( മസ്സില്‍ കോണ്ട്രാക്ഷന് വേണ്ടി ) ചാടുനതിനു മുന്പ് സെന്റര് ഓഗ് ഗ്രവിട്ടി ഭൂമിയില്‍ നിന്നും ഒരു 11/2 - 21/2 അടി ഉയരത്തില്‍ ആയിരിക്കും ..അത് കൊണ്ട് 8 മീട്ടരിനും 10 മീട്ടരിനും ഇടയിലുള്ള ഉത്തരമായിരിക്കും കൂടുതല്‍ കണിശമായിരിക്കുക

    ReplyDelete
  11. അരേ വാസു, മേം സന്തുഷ്ട് നഹിം ഹും.

    രണ്ടു മീറ്റര്‍ പൊക്കമുള്ള ചൈനീസ് ബാസ്‌ക്കറ്റ്‌ബോള്‍ താരം ഹു
    ഹു രണ്ടു മീറ്റര്‍ ഉയരത്തില്‍ ചാടുന്നു. Either vertical or with a slant. He clears 2 m
    അയാള്‍ക്കാണ് ഹൈജംപ് ലോകറിക്കാഡെന്നും സങ്കല്‍പ്പിക്കുക.

    കിടന്നുകൊണ്ട് ചാടാനാവില്ല(ദുഷ്ചിന്തകള്‍ മാറ്റിവെക്കുക). ഇരുന്നുകൊണ്ടുള്ള ചാട്ടവും വിട്ടേക്കൂ.നിന്നുകൊണ്ടാണ് നാം ചൂടുന്നത്.

    നമ്മുടെ ഗുരുത്വകേന്ദ്രം ഏതാണ് നാഭിക്കടുത്ത്.

    ഹുവിനെ സംബന്ധിച്ചിടത്തോളം നാഭീകേന്ദ്രം ഏതാണ്ട് 1 മീറ്റര്‍ പൊക്കത്തില്‍. ഒരു മീറ്റര്‍ പൊക്കത്തിലുള്ള ഗുരുത്വകേന്ദ്രം ഹു 1 മീറ്റര്‍കൂടി പൊക്കി ഹു 2 മീറ്റര്‍ ക്രോസ്സ് ബാര്‍ മറികടക്കുന്നു. അപ്പോള്‍ ഹുവിന്റെ അസ്സല്‍ ചാട്ടം 1 മീറ്റര്‍. എന്നാല്‍ തറനിരപ്പില്‍ നിന്നും 2 മീറ്റര്‍ ഉയരത്തില്‍ അദ്ദേഹം ചാടി. എന്നുപറഞ്ഞാല്‍ അദ്ദേഹത്തിന്റെ കാല്‍വിരലുകള്‍ 2 മീറ്റര്‍ ഉയരം താണ്ടി. തലയാകട്ടെ ഏതാനും സെന്റിമീറ്ററുകളും. പക്ഷെ ഗുരുത്വകേന്ദ്രം താണ്ടിയത് 1 മീറ്ററാണ്. അതായത് തന്റെ ഗുരുത്വകേന്ദ്രം 1 മീറ്റര്‍ പൊക്കാനുള്ള ശേഷിയേ ഹുവിനുള്ളു.

    ഹു ചന്ദ്രനില്‍ ചെന്നുനിന്നാലും പൊക്കം 2 മീറ്റര്‍, ഗുരുത്വകേന്ദ്രം അപ്പോഴും 1 മീറ്റര്‍ പൊക്കത്തില്‍, ഭൂമിയില്‍ആര്‍ജ്ജിക്കാനാവുന്ന ഉയരം-1 മീറ്റര്‍, ചന്ദ്രനില്‍ ആര്‍ജ്ജിക്കാനാവുന്ന ഉയരം-1*6=6
    അങ്ങനെ വരുമ്പോള്‍ ഹു ചന്ദ്രനില്‍ മൊത്തം 7 മീറ്റര്‍ പൊക്കത്തില്‍ ചാടും(ie from feet level), 6 മീറ്റര്‍ പൊക്കത്തില്‍ ഗുരുത്വകേന്ദ്രം ഉയര്‍ത്തും.

    അതായത് ചന്ദ്രനിലെ ഹൈജംപ് റെക്കോഡ് 7 മീറ്ററായിരിക്കും. അതു തിരുത്തുന്നത് പിന്നെ വാസു അവിടെ ചെന്നിട്ടായിരിക്കും!!!

    ReplyDelete
  12. അരെ സര്‍ജി ,
    ഏഴ് മീറ്റര്‍ ആണെന്ന് ഞാന്‍ സമ്മതിച്ചല്ലോ .. ഫിര്‍ ക്യോം ആപ് സുന്തുശ്റ്റ് നഹി ഹോ...(ഹും /ഹെ/ ഹേ)

    പിന്നേയ് , നേരെ നിന്ന് ചാടാന്‍ ഹയിജമ്പരോട് പറഞ്ഞു നോക്ക്..പുള്ളി ഒരു ഇഞ്ച് പോലും ചാടാന്‍ പറ്റില്ല ..!!! പിന്നെ ചോദ്യത്തിന്റെ ഉദ്ദേശശുദ്ധി കണക്കിലെടുത്ത് വിട്ടു കളയുന്നു ...!അല്ല പിന്നെ !

    PS " അപ്പോള്‍ , ചന്ദ്രനില്‍ അയാളുടെ സെന്റര് ഓഫ് ഗ്രവിട്ടി ഉയരുന്നത് (1 * 6 ) + 1 മീടര്‍ = 6 മീടര്‍ = 7 മീറ്റര്‍ ." എന്ന് ആദ്യം എന്നെഴുതിയത് "സെന്റര് ഓഫ് ഗ്രവിട്ടി ഉയരുന്നത് (1 * 6 ) = 6 മീറ്റര്‍ , പിന്നെ ആകെ ഉയരുന്നത് = 6 + 1 = 7 മീറ്റര്‍ എന്ന് ആണ് ഉദ്ദേശിച്ചത് ...."

    ReplyDelete
  13. This comment has been removed by the author.

    ReplyDelete
  14. Vertical Jump ഞാന്‍ പറഞ്ഞാത് സര്‍ ശരി.. ;-)

    ഭൂമിയില്‍ വേര്ടിക്കള്‍ ജമ്പ് ചെയ്യുമ്പോള്‍ ..അതായയത് ആറു അടി രൂപം നേരെ മുകളിലേക്ക് ഉയരുമ്പോള്‍ , കാല്‍ രണ്ടു മീടര്‍ പൊങ്ങാന്‍ സെന്റര് ഓഫ് ഗ്രവിട്ടി രണ്ടു മീറ്റര്‍ പൊങ്ങണം .ഒരു മീറ്റര്‍ പൊങ്ങിയാല്‍ പോര... ആലോചിച്ചു നോക്കൂ ..(വേര്ടിക്കള്‍ ജമ്ബ് എന്നത് കൊണ്ട് ഉദ്ദേശിച്ചത് , കാലും ശരീരവും ഒരു സമയത്തും മടങ്ങുന്നില്ല / ചരിയുന്നില്ല എന്നാണ് ) ..ബെട്ടടിക്കാനുണ്ടോ ..? ;-)

    ReplyDelete
  15. അങ്ങനെ വഴിക്കുവാ ! ചന്ദ്രനിലെ ഹൈജംപുകാര്‍ മരുന്നടിച്ചിട്ടാണ് ചാടുന്നതെന്ന് സ്ഥാപിക്കാനുള്ള നിഗൂഡശ്രമമായിരുന്ന താങ്കളുടേത്. അതിനെയാണ് ഞാന്‍ നഖശിഖാന്തം എതിര്‍ത്തത്.
    മാത്രമല്ല, ഭൂമിയിലെ ചിലര്‍ 15*6 സെന്റിമീറ്റര്‍ അവിടെ ചെന്ന് ചാടുമെന്ന കള്ളകഥയുമുണ്ടാക്കി ചന്ദ്രനെ കരിവാരിതേക്കാന്‍ ശ്രമിച്ചു. അതുകൊണ്ടാണ് IPC 234/56 പ്രകാരം നടപടിയെടുക്കേണ്ടി വന്നത്. തെറ്റിദ്ധരിക്കരുത്.

    ReplyDelete
  16. അതായയത് ആറു അടി രൂപം നേരെ മുകളിലേക്ക് ഉയരുമ്പോള്‍ , കാല്‍ രണ്ടു മീടര്‍ പൊങ്ങാന്‍ സെന്റര് ഓഫ് ഗ്രവിട്ടി രണ്ടു മീറ്റര്‍ പൊങ്ങണം .ഒരു മീറ്റര്‍ പൊങ്ങിയാല്‍ പോര...

    എങ്ങനെയെങ്ങനെ?

    ആറടിരൂപം-1.80 മീറ്റര്‍
    Centre of gravity at 90 cm
    കാല്‍പ്പാദം രണ്ടുമീറ്റര്‍ ഉയരത്തിലെത്താന്‍ ഈ ഭൂഗുരുത്വം വിട്ട് പിന്നെയും രണ്ടു മീറ്റര്‍ പൊങ്ങണം!

    ഇതെങ്ങനെയാ ചാടുന്നത്? ഇരുന്നോ, മലര്‍ന്നുകിടന്നോ, നിന്നോ?

    ReplyDelete
  17. ഈ ബ്ലോഗിന്റെ ബാക്കിയുള്ള ഭാഗങ്ങളും കൂടി ചേർത്താണോ ഇപ്പോൾ എഴുതിയ പുസ്തകം??

    ReplyDelete