![]() |
Armstrong and Aldrin |
![]() |
Lunar module landing picture from Command module |
ആംസ്‌ട്രോങിനും ഓള്‍ഡ്രിനേയും കുറിച്ച് ചിന്തിക്കുക. അവര്‍ ചന്ദ്രനിലാണ്. തിരിച്ച് ഭൂമിയില്‍ വരണമെങ്കില്‍ ചന്ദ്രനില്‍ നിന്ന് പറന്നുയര്‍ന്ന് ചാന്ദ്രഭ്രമണപഥത്തിലുള്ള കമാന്‍ഡ് മോഡ്യൂളില്‍(കൊളംബിയ) തിരകെയെത്തണം. ഭൂമിയുടെ ആറിലൊന്ന് ഗുരുത്വശക്തിയേ ഉള്ളുവെങ്കിലും ചന്ദ്രനും ഒരു ഗുരുത്വാകര്‍ഷണ കിണര്‍ തന്നെയാണ്. ഗുരുത്വാകര്‍ഷണം താരതമ്യേന കുറവാണെങ്കിലു ചന്ദ്രനിലേക്ക് വീഴുന്ന ഏതൊരു ഖരവസ്തുവും പൊട്ടിച്ചിതറുമെന്ന് കാര്യത്തില്‍ സംശയം വേണ്ട. കട്ടികുറഞ്ഞവ തവിടുപൊടിയാകും. അന്തരീക്ഷമില്ലാത്തതിനാല്‍ കത്തിയെരിഞ്ഞ് പോകില്ലെന്ന് മാത്രം. അതുകൊണ്ടുതന്നെ ചന്ദ്രിനിലേക്ക് വീഴുന്ന വസ്തുക്കളൊക്കെ അതിന്റെ ഉപരിതലത്തില്‍ എത്തിച്ചേരുകയും അവിടെ നിലനില്‍ക്കുകയും ചെയ്യും.
ഭൂമിയില്‍നിന്നും എത്ര പ്രയാസപ്പെട്ടാണ് നാമൊരു വസ്തു ഭ്രമണപഥത്തിലേക്ക് വിക്ഷേപിക്കുന്നതെന്ന് ഓര്‍ത്തുനോക്കൂ. ചില വിക്ഷേപണങ്ങള്‍ പരാജയമായി കത്തിയെരിഞ്ഞ് കടലില്‍ പതിക്കുന്നു. നൂറ് കണക്കിന് വിദഗ്ധരുടെ സഹായസഹകരണത്തോടെ ഭൂമിയില്‍വെച്ച് നിര്‍വഹിക്കപ്പെടുന്ന ഈ കൃത്യം തന്നെയാണ് ചന്ദ്രനില്‍വെച്ചും ചെയ്യാനുള്ളത്. പക്ഷെ അത് നിര്‍വഹിക്കാനായി അവിടെ രണ്ടേ രണ്ടുപേര്‍ മാത്രം. അവരിരുവരും സാങ്കേതികവിദഗ്ധരുമല്ല. എങ്കിലും അവരുടെ പക്കല്‍ റോക്കറ്റുകളുണ്ട്, സദാ നിര്‍ദ്ദേശങ്ങളുമായി ഹൂസ്റ്റണും. എന്തെങ്കിലും നേരീയ പിഴവ് പറ്റിയാല്‍ എന്നന്നേക്കുമായി അവര്‍ ചന്ദ്രോപരിതലത്തില്‍ കുടുങ്ങിപ്പോകും. ആര്‍ക്കുമവരെ രക്ഷിക്കാനാവില്ല. രക്ഷാദൗത്യം ഏതാണ്ട് അസാധ്യമാണ്. അങ്ങനെ സംഭവിച്ചാല്‍ ചന്ദ്രനെ വലംവെക്കുന്ന കൊളിന്‍സിനും ദൗത്യം ഉപേക്ഷിച്ച് മടങ്ങാനുള്ള നിര്‍ദ്ദേശം ലഭിക്കും. എത്ര നിര്‍ണ്ണായകമായിരുന്നു ആ ഘട്ടമെന്ന് ഭാവനയില്‍ കാണുക. ചന്ദ്രനില്‍ പിന്നീട് ചെന്നിറിങ്ങിയ സഞ്ചാരികളുടേയും മനസ്സില്‍ ഈ ചിന്തകള്‍ തീ പടര്‍ത്തിയിട്ടുണ്ടാവാം. മരിക്കാന്‍ തയ്യാറായി പോയവരാണ് അപ്പോളോ സഞ്ചാരികള്‍. ലോകത്തെ ഏറ്റവും ധീരരായ ഒരുപിടി മനുഷ്യര്‍! കുടുങ്ങിപ്പോയാല്‍ വേദനാരഹിതമായ മരണത്തിനായി എന്തെങ്കിലും ഉപാധികള്‍ അവര്‍ കരുതിയിരുന്നുവോ?!
![]() |
The New york times on July 21st, 1969 |
ലൂണാര്‍ മോഡ്യൂളിന്റെ വിക്ഷേപണം പകര്‍ത്തിയതാര് എന്ന് ഹോക്‌സര്‍മാര്‍ ആവേശത്തോടെ ചോദിക്കുന്നു. സഞ്ചാരികള്‍ ചന്ദ്രനില്‍ നിന്നും നിഷ്‌ക്രമിച്ചു കഴിഞ്ഞാല്‍ പിന്നെയാരാണ് മോഡ്യൂളിനെ പിന്തുടര്‍ന്ന് ദൃശ്യം ഷൂട്ട് ചെയ്തത്?! നല്ല ചോദ്യം തന്നെ! ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം വളരെ വ്യക്തമാണ്. അപ്പോളോ 15,16,17 എന്നീ ദൗത്യങ്ങള്‍ക്കൊപ്പം കൊണ്ടുപോയ ലൂണാര്‍ റോവറില്‍ ഘടിപ്പിച്ചിരുന്ന ക്യാമറ വഴിയാണ് വിക്ഷേപണദൃശ്യം ഷൂട്ട് ചെയ്തത്. ഹൂസ്റ്റണിലെ മിഷന്‍ കണ്‍ട്രോളിലിരുന്നതാണ് ഈ ക്യാമറ തത്സമയം നിയന്ത്രിച്ചത്. ചാന്ദ്രോപരിതലത്തില്‍ ഓടിക്കാനായി ഭൂമിയില്‍നിന്നും കൊണ്ടുപോയ 'ചെറിയ കാര്‍' ആണ് ല്യൂണാര്‍ റോവര്‍ എന്നറിയപ്പെടുന്നത്. അപ്പോളോ-15, 16, 17 എന്നീ ദൗത്യങ്ങളില്‍ മാത്രമാണ് ല്യൂണാര്‍ റോവര്‍ ഉപയോഗിപ്പെട്ടത്. ഈ ദൗത്യങ്ങളുടെ തിരിച്ചുവരവ് മാത്രമേ ചിത്രീകരിക്കപ്പെട്ടിട്ടുള്ളു.
അപ്പോളോ-15, അപ്പോളോ-16 എന്നിവയുടെ വിക്ഷേപണം ചിത്രീകരിച്ചത് വിജയകരമായിരുന്നില്ല. അപ്പോളോ-16,17 എന്നിവയിലേ സ്വയം ഉയര്‍ന്നുതുറക്കുന്ന പാന്‍-അപ്പ് ('pan up')ക്യാമറ ഉണ്ടായിരുന്നുള്ളു. അപ്പോളോ-15 ലെ വിക്ഷേപണദൃശ്യത്തില്‍ ലാന്‍ഡറിനെ (Falcon)പിന്തുടരാന്‍ ക്യാമറയ്ക്ക് കഴിയുന്നില്ല.(http://www.youtube.com/watch?v=BMBcLg0DkLA) പാന്‍-അപ്പ് ക്യാമറയുമായി ചിത്രീകരിച്ച അപ്പോളോ-16 ല്‍ ക്യാമറ ഉയര്‍ന്ന് പൊങ്ങുന്ന ലാന്‍ഡറിനെ(Orion) കുറച്ച് പിന്തുടരുന്നുണ്ട്.( http://www.youtube.com/watch?v=iVovICLaEaU).എന്നാല്‍ അപ്പോളോ-17 ന്റെ വിക്ഷേപണത്തില്‍ ഈ ക്യാമറ ശരിക്കും തൃപ്തികമായി പ്രവര്‍ത്തിക്കുകയും ലാന്‍ഡര്‍ ഉയരങ്ങളിലേക്ക് കുതിക്കുന്നത് പിന്തുടരുകയും ചെയ്തു.(http://www.youtube.com/watch?NR=1&v=3fOSTfGXVN4) ആദ്യമായി കളര്‍ ക്യാമറ ഉപയോഗിച്ചതും അപ്പോളോ-17 ല്‍ ആയിരുന്നു. അപ്പോളോദൗത്യത്തിന്റെ ഭാഗമായി നാം കാണുന്ന പൊതുവായ ലാന്‍ഡര്‍ വിക്ഷേപണദൃശ്യങ്ങളെല്ലാം അപ്പോളോ-17 ന്റേതാണ്.
അതാവരുന്നു മറ്റൊരു ഹോക്‌സ് ചോദ്യ: അവസാനത്തെ ദൗത്യമായ അപ്പോളോ-17 ന്റെ സ്വയംവിക്ഷേപണദൃശ്യം ആരാണ് ഭൂമിയിലെത്തിച്ചത്? ഈ ചോദ്യം ഉയരുന്നത് മറ്റൊരു തെറ്റിദ്ധാരണയില്‍ നിന്നാണ്. അതായത് അപ്പോളോ 15, 16 എന്നിവയുടെ വിക്ഷേപണം ഷൂട്ട് ചെയ്ത് ലൂണാര്‍ റോവറില്‍ ഭദ്രമായി സൂക്ഷിച്ചു വെച്ചിരിക്കുകയായിരുന്നു എന്ന തെറ്റിദ്ധാരണയാണത്. പിന്നീടെത്തിയ ദൗത്യക്കാര്‍ അത് ശേഖരിച്ചുവെന്നാണ് ഇക്കൂട്ടര്‍ ചിന്തിക്കുന്നത്. അപ്പോളോ-17 ന്റെ കാര്യത്തിലാകട്ടെ, പിന്നെ ചന്ദ്രനില്‍ ചെന്ന് ദൃശ്യം വീണ്ടെടുക്കാന്‍ ആരുമവിടെ പോയിട്ടില്ലല്ലോ!? എന്നാല്‍ ഈ സംശയത്തിലും തീരെ കഴമ്പില്ല. കാരണം അപ്പോളോ ദൗത്യം ലൈവായി ഭൂമിയിലേക്ക് സംപ്രേഷണം ചെയ്ത അതേ സാങ്കേതികത ഉപയോഗിച്ചാണ് വിക്ഷേപണവും ഷൂട്ട് ചെയ്തത്. അതായത് സഞ്ചാരികള്‍ തങ്ങളുടെ സ്വയംവിക്ഷേപണം കണ്ടത് തിരിച്ച് ഭൂമിയില്‍ വന്നിട്ടാണെങ്കില്‍ ഭൂമിയിലുള്ളവര്‍ കുറഞ്ഞത് നാലു ദിവസം മുമ്പ് നേരിട്ട് തന്നെ ഈ ദൃശ്യം കണ്ടിരുന്നു.
റേഡിയോ സിഗ്നലുകള്‍ സ്വീകരിക്കുന്നതില്‍ ചന്ദ്രനും ഭൂമിയും തമ്മില്‍ ഏതാണ്ട് 1.3 സെക്കന്‍ഡ് മുതല്‍ 2 സെക്കന്‍ഡു വരെ താമസമുണ്ടാകും. അതിനാല്‍ വിക്ഷേപണത്തിന് കുറഞ്ഞത് 2 സെക്കന്‍ഡ് മുമ്പെങ്കിലും ക്യാമറയക്ക് ദൃശ്യം ഷൂട്ട് ചെയ്യാനും ഫോക്കസ് മെല്ലെ ഉയര്‍ത്താനുമുള്ള സന്ദേശം കൊടുത്തിട്ടുണ്ടാവണം. ഇത് ആറു സെക്കന്‍ഡ് വരെ നീണ്ടിരിക്കാനും സാധ്യതയുണ്ട്. ഓര്‍ക്കുക, ലൂണാര്‍ മോഡ്യൂളിന്റെ മുകള്‍ഭാഗം മാത്രമേ വിക്ഷേപിക്കപ്പെടുന്നുള്ളു. കീഴ്ഭാഗം അപ്പടി വിക്ഷേപണതറയില്‍ ബാക്കിയുണ്ടാവും. ആദ്യം മുകള്‍ഭാഗം ഉയരുന്നത് ഏതാണ്ട് കുത്തനെതന്നെ ആണെങ്കിലും പിന്നീട് ചരിഞ്ഞ് 45 ഡിഗ്രിയിലേക്ക് ചായുന്നതിനാല്‍ ക്യാമറ മെല്ലെ അല്‍പ്പെ ഉയര്‍ത്തിയാല്‍ ('pan up')തന്നെ മോഡ്യൂ ള്‍ വലിയ ഉയരത്തിലെത്തി മറയുന്നതുവരെയുള്ള ദൃശ്യം ലൈവായി ഭൂമിയിലെത്തിക്കാനാവും. പാന്‍-അപ് ക്യാമറയുണ്ടായിട്ടും അപ്പോളോ 16 ന്റെ വിക്ഷേപണം ഇത്തരത്തില്‍ പൂര്‍ണ്ണ അളവില്‍ പിന്തുടരപ്പെട്ടില്ലെന്ന് സൂചിപ്പിച്ചല്ലോ. ആരെങ്കിലും(?) ചന്ദ്രനില്‍ നിന്ന് ഷൂട്ട് ചെയ്യുകയാണെങ്കില്‍ ഇതിലും എത്രയോ നിലവാരമുള്ള വിക്ഷേപണദൃശ്യമായിരിക്കും ലഭിക്കുകയെന്ന് ആലോചിക്കേണ്ടതുണ്ട്. ഉയരത്തില്‍ (അതായത് ഏതാണ്ട് 14 കിലോമീറ്റര്‍ കഴിഞ്ഞ്) പലപ്രാവശ്യം കമാന്‍ഡ് മോഡ്യൂളിന് പിന്നാലെ കെഞ്ചി നടന്നശേഷമാണ് മിക്കപ്പോഴും ല്യൂണാര്‍മോഡ്യൂളും കമാന്‍ഡ് മോഡ്യൂളും തമ്മിലുള്ള സംഘാടനം (docking) ഡോക്കിംഗ് നടന്നത്. ഈ രംഗം കമാന്‍ഡ് മോഡ്യൂളിലിരുന്ന് കൊളിന്‍സും മറ്റ് ഭ്രമണക്കാരും ഷൂട്ട് ചെയ്തിട്ടുണ്ട്.
![]() |
Armstrong landing picture from window camera |
![]() |
Aldrin landing picture by Armstrong |
ല്യൂണാര്‍ മോഡ്യൂള്‍ രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നുവല്ലോ. അതില്‍ മുകളിലെ ഭാഗത്താണ് സഞ്ചാരികള്‍ ഇരുന്നത്. ഈ ഭാഗം മാത്രമാണ് ഉയര്‍ന്ന് പൊങ്ങിയത്. കമാന്‍ഡ് മോഡ്യൂളുമായി ഡോക്ക് ചെയ്ത ശേഷം ഈ ഭാഗവും ചന്ദ്രനിലേക്ക് വീഴ്ത്തുകയായിരുന്നു. വിക്ഷേപണത്തിനുപയോഗിച്ച റോക്കറ്റ് എന്‍ജിന് 15570 ന്യൂട്ടണ്‍ തള്ളല്‍ (upward thrust)പ്രദാനം ചെയ്യാനുള്ള ശേഷിയുണ്ടായിരുന്നു. സഞ്ചാരികള്‍ ഒഴികെ ഇന്ധനമുള്‍പ്പെടെയുള്ള മോഡ്യൂളിന്റെ ഭാരം 4547 കിലോഗ്രാമായിരുന്നു. സഞ്ചാരികള്‍ക്കായി 144 കിലോഗ്രാം ഭാരം സങ്കല്‍പ്പിച്ചാണ് നാസ കണക്കുകൂട്ടിയത്. അതായത് മൊത്തം വിക്ഷേപിക്കേണ്ട ഭാരം 4691 കിലോഗ്രാം. അതില്‍ 2358 കിലോഗ്രാം ഭാരം ഇന്ധനത്തിന്റേതാണ്. അതായത് മുഴുവന്‍ ഇന്ധനവും കത്തി തീര്‍ന്നാല്‍ അതിന്റെ ഭാരം (dry mass) കേവലം 2333 കിലോഗ്രാം മാത്രം. 7662 ന്യൂട്ടണാണ് ചന്ദ്രിലെ ഗുരുത്വം താഴോട്ട് നടത്തുന്ന പിടിവലി. ഉയര്‍ന്ന് പൊങ്ങി കഴിഞ്ഞാല്‍ ഗുരുത്വം കുറഞ്ഞതായതിനാല്‍ 14 കിലോ മീററ്ററാകുമ്പോഴേക്കും ചന്ദ്രനെ ഭ്രമണം ചെയ്യാന്‍ തുടങ്ങാം. ഭൂമിയിലാണെങ്കില്‍ ഇത്രയു ഉയരത്തില്‍ ഭ്രമണത്തിന് തുനിഞ്ഞാല്‍ വിക്ഷേപണവസ്തു എപ്പോള്‍ താഴെ വീണെന്ന് ചോദിച്ചാല്‍ മതി. എന്‍ജിന്റെ ശക്തിയും പൈലോഡുമൊക്കെ പരിഗണിക്കുമ്പോള്‍ ചന്ദ്രനില്‍ പുറത്തുവരുന്നതില്‍ യാതൊരു സാങ്കേതിക പ്രശ്‌നവുമില്ലെന്ന് തെളിയുന്നു. അപ്പോളോ ദൗത്യത്തില്‍ ഒരിക്കലും പരാജയപ്പെടാത്ത ഉപകരണമാണ് ല്യൂണാര്‍ മോഡുകളെന്ന് ഞാന്‍ മുമ്പ് സൂചിപ്പിച്ചു. അത് നൂറ് ശതമാനം ശരിയല്ല. കാരണം വാഹനത്തിന് കാര്യമായ തകരാറൊന്നുമുണ്ടായില്ലെങ്കിലും മിക്ക ലാന്‍ഡിംഗുകളും ഉദ്ദേശിച്ച സ്ഥലത്തിന് അപ്പുറത്തോ ഇപ്പുറത്തോ ആയിരുന്നു. എന്തിനേറെ പറയുന്നു ആംസ്‌ട്രോങിന്റെ മനസാന്നിധ്യം കാരണമാണ് അപ്പോളോ-11 ഒരു വലിയ കുഴിയില്‍ ചെന്ന് ലാന്‍ഡ് ചെയ്യുന്നതില്‍നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടത്. ലാന്‍ഡിംഗ് പോലല്ലല്ലോ വിക്ഷേപണം. അതില്‍ യാതൊരു തെറ്റും സംഭവിക്കാന്‍ പാടില്ല. ആറുതവണയും സംഭവിച്ചില്ലെന്നതില്‍ നിന്നും നാസ അതീവ സൂക്ഷ്മതയോടെ നിര്‍വഹിച്ച ഒരു കൃത്യമായിരുന്നു ചന്ദ്രനില്‍ നിന്നുള്ള വിക്ഷേപണമെന്ന് തെളിയുന്നു. അതിന്റെ വിജയം ഉറപ്പുവരുത്താനായി ചന്ദ്രോപരിതലത്തില്‍ നിന്നും കൊണ്ടുവരാവുന്ന പാറയും പൊടിയുമൊക്കെ നിര്‍ദ്ദിഷ്ട വാഹകശേഷിയിലും കുറഞ്ഞ അളവിലേ ശേഖരിച്ചിരുന്നുള്ളു. ഭാരം കൂടിയതുകൊണ്ട് ഒരു പ്രശ്‌നമുണ്ടാകരുതല്ലോ.
സോവിയറ്റ് യൂണിയന്റെ ലൂണ-2(1959 സെപ്റ്റം-14) ആണ് ചന്ദ്രനില്‍ ആദ്യമായി ഇടിച്ചിറങ്ങിയ കൃത്രിമവാഹനം. ലൂണ-9 (1966 ഫെബ്രുവരി 6)ആദ്യത്തെ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തി. 1966 ജൂണ്‍ രണ്ടിന് ലാന്‍ഡ് ചെയ്ത സര്‍വെയര്‍-1 ആണ് ചന്ദ്രനില്‍ മൃദുവായി ഇറങ്ങിയ ആദ്യത്തെ അമേരിക്കന്‍ വാഹനം. ലൂണ-16,(1970), ലൂണ-20(1972) സോണ്ട്-8(1970) എന്നീ സോവിയറ്റ് വാഹനങ്ങള്‍ ചന്ദ്രനില്‍നിന്നും സാമ്പിള്‍ ശേഖരിച്ച് ഭൂമിയില്‍ മടങ്ങിയെത്തിയിട്ടുണ്ട്. പക്ഷെ ആദ്യമായി ചന്ദ്രനില്‍ നിന്ന് തിരിച്ചുവന്നത് മനുഷ്യന്‍ കയറിയ വാഹനം തന്നെയാണ്. അപ്പോളോ-11 ലെ സഞ്ചാരികള്‍ അത് സാധ്യമാക്കിയ 1969 ജൂലൈ 20 ന് മുമ്പ് പ്രോബുകള്‍ക്ക് അത് സാധിച്ചിരുന്നില്ല. ചന്ദ്രനില്‍ ചെന്നിറങ്ങി മൂന്ന് മണിക്കൂര്‍ കഴിഞ്ഞാണ് ആംസ്‌ട്രോങും ഓള്‍ഡ്രിനും ഈഗിളില്‍ നിന്നും പുറത്തിറങ്ങിയത്. രണ്ടര മണിക്കൂര്‍ അവര്‍ ചന്ദ്രോപരിതലത്തില്‍ ചെലവിട്ടു. തിരികെ ലൂണാര്‍ മോഡ്യൂളില്‍ കയറിയശേഷം അത്യാവശ്യ യന്ത്രപരിശോധനകള്‍ക്ക് ശേഷം ഉറങ്ങാനുള്ള നിര്‍ദ്ദേശമാണ് ഭൂമിയില്‍ നിന്ന് നല്‍കിയത്. ഓള്‍ഡ്രിന്‍ മോഡ്യൂളിന്റെ മുകള്‍ഭാഗത്തെ തറയില്‍കിടന്ന് അസ്വസ്ഥമായ മനസ്സുമായി അല്‍പ്പം മയങ്ങി. ആംസ്‌ട്രോങ് ഉറങ്ങിയതേയില്ല. എത്ര ഉദ്വേഗജനകമായ നിമിഷങ്ങള്‍! നിങ്ങള്‍ക്കത് ഭാവനയില്‍ കാണാന്‍ കഴിയുന്നുണ്ടോ? അന്നേവരെ ഒരു വാഹനവും നിര്‍വഹിച്ചിട്ടില്ലാത്ത കാര്യമാണവര്‍ക്ക് ചെയ്യാനുണ്ടായിരുന്നത്. പക്ഷെ എന്തിനും ഒരു തുടക്കം ആരെങ്കിലും കുറിച്ചല്ലേ പറ്റൂ. ഏതാണ്ട് മൂന്നു മണിക്കൂറിന് ശേഷം റോക്കറ്റുകള്‍ കത്തിച്ച് അവര്‍ കൊളിന്‍സിനെ തേടി പറന്നുയരുകയായിരുന്നു. അന്നത്തെ സാങ്കേതികവിദ്യയ്ക്ക് തീര്‍ച്ചയായും ചെയ്യാവുന്ന കാര്യം തന്നെയാണവര്‍ നിര്‍വഹിച്ചത്. ബാക്കി ചരിത്രം.
ചാന്ദ്രോപരിതലത്തില്‍ നിന്ന് പുറത്തുവരാനാവില്ലെന്ന മട്ടില്‍ അമ്പിളിക്കുട്ടന്‍മാര്‍ നടത്തുന്ന പ്രചരണം കഥയില്ലാത്തതാണെന്ന് വ്യക്തമാകുന്നു. 'തേന്‍മാവിന്‍കൊമ്പത്ത്' എന്ന ചലച്ചിത്രത്തില്‍ കുതിരവട്ടം പപ്പുവിന്റെ കഥാപാത്രം പറയുന്നതുപോലെ മൊത്തത്തില്‍ കഥയില്ലാത്ത ഒരു വാദം പരിശോധിച്ച് അതിലെ ഓരോ വാദവും കഥയില്ലാത്തതാണെന്ന് വാദിക്കുന്നതില്‍ കഥയില്ലെന്നറിയില്ലെങ്കില്‍.... പക്ഷെ ശാസ്ത്രം അപഹസിക്കപ്പെടുമ്പോള്‍, അന്ധവിശ്വാസികള്‍ അത് നിര്‍ദാക്ഷണ്യം വെട്ടിവിഴുങ്ങുമ്പോള്‍ ലളിതമായ ശാസ്ത്രസത്യങ്ങള്‍ സാധൂകരിക്കാന്‍ നമുക്ക് ഘോരഘോരം പ്രസംഗിക്കേണ്ടിവരുന്നു. പലതുകൊണ്ടും നാം ജീവിച്ചിരിക്കുന്ന കാലഘട്ടം നിര്‍ബന്ധപൂര്‍വം അതാവശ്യപ്പെടുന്നു.****