Pages

Saturday 1 October 2011

ചത്ത കൊടി പറപ്പിക്കുന്നവര്‍

ചാന്ദ്രയാത്രയുടെ പഴയ വീഡിയോ ദൃശ്യങ്ങള്‍ വീക്ഷിച്ചുകൊണ്ടിരുന്ന ഹോക്‌സ് വീരന്‍ റാല്‍ഫ് റെനെ ഒരു പ്രത്യേക ദൃശ്യം കണ്ടപ്പോള്‍ ഞെട്ടിപ്പോയത്രെ. അമേരിക്കന്‍ സഞ്ചാരികള്‍ ചന്ദ്രനില്‍ പതാക ഉയര്‍ത്തുന്ന ദൃശ്യമായിരുന്നുവത്.
അത്ഭുതം! ചന്ദ്രനില്‍ പതാക പാറിപ്പറക്കുന്നു!! ദൃശ്യത്തോട് ഒരുതരത്തിലും പൊരുത്തപ്പെടാനാവാതെ റെനെ ഏറെ ക്‌ളേശിച്ചു. ഉറപ്പ് വരുത്താനായി അദ്ദേഹമത് വീണ്ടും വീണ്ടും റീവൈന്‍ഡ് ചെയ്ത് കണ്ടുനോക്കി. അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ നൈലോണ്‍ തുണിയില്‍ നിര്‍മ്മിച്ച കൊടി പറക്കുകയോ? പില്‍ക്കാലത്ത് ഹോക്‌സ് സിദ്ധാന്തക്കാര്‍ വിജയഭാവത്തോടെ ലോകമെമ്പാടും നിര്‍ദ്ദയമായി അഴിച്ചുവിട്ട ചോദ്യത്തിന്റെ ജനിതകപാദര്‍ത്ഥം നല്‍കിയത് റെനെയുടെ മേല്‍ സൂചിപ്പിച്ച സംശയമാണെന്ന് അപ്പോളോ ഹോക്‌സ് സാഹിത്യചരിത്രം സാക്ഷ്യപ്പെടുത്തുന്നു. കേട്ടവരെല്ലാം അമ്പരന്നു. കാര്യം ശരിയാണല്ലോ! ഭൂമിയില്‍ കാറ്റടിക്കുമ്പാള്‍ കൊടി പറക്കാറുണ്ട്. ഇനിയഥവാ പറന്നില്ലെങ്കില്‍ പറപ്പിക്കും! 


പക്ഷെ വായുവില്ലാത്ത ചന്ദ്രനില്‍ എങ്ങനെയിത് സാധിച്ചു?! പറന്നുകൊണ്ടിരിക്കുന്ന ഒരു അമേരിക്കന്‍ പതാകയുടെ ചിത്രമാണ് ഇതിന് ഉപോല്‍ബലകമായി തട്ടിപ്പുവാദക്കാര്‍ പ്രചരിപ്പിച്ചത്. അതായത് പതാകയുടെ നിശ്ചലദൃശ്യം(still photograph). മലയാളത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ട 'മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ടില്ല'(പേജ്-11,12) എന്ന ഹോക്‌സ് പുസ്തകത്തില്‍ ഇത്തരത്തിലൊരു ചിത്രത്തിന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പിതാണ്: ''ചന്ദ്രനില്‍ പാറിപ്പറക്കുന്ന അമേരിക്കന്‍ പതാക'!! നിശ്ചലദൃശ്യം മുന്‍നിറുത്തി കൊടി പറക്കുകയാണോ അല്ലെയോ എന്ന് തിരിച്ചറിയുന്നതെങ്ങനെ? ചോദ്യം ന്യായം. കടലാസുകൊണ്ടുണ്ടാക്കിയ പുസ്തകത്തില്‍ പിന്നെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്താനാവുമോ?!!-'ഒരുമാതിരി'മറുപടി റെഡിയാണ്.

കൊടി പറക്കുന്നോ ഇല്ലയോ എന്നറിയണമെങ്കില്‍ തീര്‍ച്ചയായും പറക്കലിന്റെ വിഡീയോ ദൃശ്യങ്ങള്‍ തന്നെ കാണണം. അത്ഭുതകരമെന്നു പറയട്ടെ, വീഡിയോദൃശ്യങ്ങള്‍ ആദ്യം കണ്ട ചിലരുടെയെങ്കിലും 'പറക്കല്‍'സംശയം ശക്തിപ്പെടുകയാണുണ്ടായത്! കാരണം മറ്റൊന്നുമല്ല, നാമഗ്രഹിക്കുന്നതാണ് പൊതുവെ നാം കാണുന്നത്(We see what we want to see). പില്‍ക്കാലത്ത് വീഡിയോ ദൃശ്യങ്ങളിലൂടെ തന്നെ ഈ സംശയത്തിന് വ്യക്തമായ വിശദീകരണം നല്‍കപ്പെട്ടതോടെ ഏതാണ്ട് മൃതമായിത്തീര്‍ന്ന ഒരു ഹോക്‌സ് വാദം കൂടിയാണിത്. ആധുനിക ഹോക്‌സ് ഗ്രന്ഥങ്ങളിലൊക്കെ 'കൊടിപ്പറക്കലിനെ' ചുറ്റിപ്പറ്റിയുള്ള യമണ്ടന്‍ ചോദ്യങ്ങള്‍ അധികം കാണാറില്ല. നിശ്ചദൃശ്യം കാണിച്ചിട്ട് കൊടി പറക്കുന്നതായി വാദിക്കുന്നത് ചാടി ഉയര്‍ന്ന് അന്തരീക്ഷത്തില്‍ നില്‍ക്കുന്ന ഒരാളുടെ നിശ്ചലദൃശ്യം കാണിച്ചിട്ട് അയാള്‍ ശരിക്കും വായുവില്‍ നില്‍ക്കുകയാണെന്ന് അവകാശപ്പെടുന്നതിന് സമാനമാണ്. 



സാധാരണ ഏത് തുണിക്കടയിലും ലഭ്യമാകുന്ന വളരെ നേര്‍ത്ത നൈലോണ്‍ തുണിയിലാണ് ചന്ദ്രനിലേക്ക് കൊണ്ടുപോയ അമേരിക്കന്‍ പതാക നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. അതായത് വെറും സാദാ നൈലോണ്‍ തുണി. ചന്ദ്രനില്‍ നാട്ടിയ കൊടി ഇവിടെനിന്ന് ഒരു പ്രത്യേക രീതിയില്‍ പലതായി മടക്കിയാണ് കൊണ്ടുപോയത്. മടക്കുമൂലമുണ്ടായ ചുളിവുകള്‍ (wrinkles) കൊടിയില്‍ പ്രകടമായിരുന്നു. സ്വാഭാവികമായും ചിത്രമെടുക്കുമ്പോള്‍ ഈ ചുളിവുകള്‍ 'പറക്കുന്ന' (waving motion)പ്രതീതി സൃഷ്ടിക്കും. ഒപ്പം തുണി മെല്ലെ ആടിക്കൊണ്ടിരിക്കുക കൂടി ചെയ്താല്‍ നമ്മുടെ ദൃഷ്ടിയില്‍ കൊടി ശരിക്കും പറന്നതുതന്നെ. 
The way Apollo flags folded
ഭൂമിയിലാണെങ്കില്‍ വളരെ നേര്‍ത്ത നൈലോണ്‍ തുണിയില്‍ നിര്‍മ്മിച്ച കൊടിയാണെങ്കിലും ഭൂഗുരുത്വം കാരണം താഴേക്ക് അഴിച്ചിടുമ്പോഴേക്കും ചുളിവുകള്‍ ഏറെക്കുറെ നിവരേണ്ടതാണ്. ചന്ദ്രനിലാകട്ടെ ഗുരുത്വസമ്മര്‍ദ്ദം താരതമ്യേന കുറവായതിനാല്‍ കൊടിയുടെ ഭാരം വീണ്ടും കുറയുന്നു. സ്വഭാവികമായും ചുളിവ് പൂര്‍ണ്ണമായും നിവര്‍ക്കാന്‍ ആവശ്യമായ ഗുരുത്വസമ്മര്‍ദ്ദവും ആനുപാതികമായി കുറയുകയാണ്. അതിനാല്‍ കുറേക്കൂടി സമയം കഴിഞ്ഞേ ചന്ദ്രനില്‍ ചുളിവുകള്‍ നിവരുകയുള്ളു. കുറെ ചുളിവുകള്‍, ഭൂമിയിലാണെങ്കില്‍പ്പോലും എത്ര സമയം കഴിഞ്ഞാലും നിവരുകയുമില്ല. അപ്പോള്‍ നാമെന്താണ് ചെയ്യുക? കൈകൊണ്ട് പതാക പിടിച്ചു നിവര്‍ത്തും. ചാന്ദ്രയാത്രികരും അത് ചെയ്തിട്ടുണ്ട്. കൊടി നാട്ടിയ ശേഷി പതാകത്തുണി കൈ കൊണ്ട് പിടിച്ച് നിവര്‍ത്തിയിട്ട് വിടുമ്പോള്‍ അത് പതാകയ്ക്ക് ചലനപ്രവേഗം സമ്മാനിക്കുമെന്നത് മറക്കരുത്.

നിശ്ചലദൃശ്യത്തിലൂടെ ചലനം കാട്ടിത്തരാന്‍ കഴിയില്ലെന്ന കാര്യം തല്‍ക്കാലം അവിടെ നില്‍ക്കട്ടെ. എന്താണിവിടെ ശരിക്കും സംഭവിക്കുന്നതെന്ന് നോക്കാം. താഴെക്കാണുന്ന ചിത്രത്തില്‍ പതാകയിലെ ചുളിവുകളും വക്രതയും പറക്കുന്ന ഒരു കൊടിയുടേതായി നമ്മുടെ തലച്ചോറില്‍ ശേഖരിച്ചിരിക്കുന്ന നിശ്ചല ഇമേജിനോട് സാമ്യമുള്ളതാണ്. അതായത് പറക്കുന്ന കൊടിയുടെ ദൃശ്യ ഇമേജിന് ഈ ചിത്രവുമായി നല്ല സാമ്യമുണ്ട്. 

ലഭ്യമായതും ശേഖരിക്കപ്പെട്ടതുമായി മുന്‍ ഡേറ്റകളുടേയും അനുഭവങ്ങളുടേയും പശ്ചാത്തലത്തിലാണ് തലച്ചോറിന്റെ സവിശേഷമായ ഫോട്ടോഷോപ്പ് (photoshop) സാങ്കേതികത പ്രവര്‍ത്തിക്കുന്നത്. ഏതൊരു ദൃശ്യം കണ്ണില്‍പ്പെട്ടാലും അതിനോട് ഏറ്റവും സാദൃശ്യമുള്ള ഇമേജിലേക്ക് അല്ലെങ്കില്‍ നിഗമനത്തിലേക്ക് മസ്തിഷ്‌ക്കം പെട്ടെന്ന് വഴുതി വീഴും. കാണുന്ന വസ്തുക്കളെയെല്ലാം മുമ്പ് കണ്ട ഏതെങ്കിലും വസ്തുവുമായി താരതമ്യപ്പെടുത്തി നിര്‍ധാരണം ചെയ്യാനാണ് മസ്തിഷ്‌ക്കം ശ്രമിക്കുക. സിമുലേഷന്‍ സോഫ്റ്റ് വെയര്‍ (simulation software) എന്ന് നമുക്കിതിനെ വിശേഷിപ്പിക്കാം. 
പലപ്പോഴും സ്ഥലജലഭ്രമമുണ്ടാകുന്നത് ഒരു ഇമേജില്‍ നിന്ന് മറ്റൊന്നിലേക്ക് മസ്തിഷ്‌ക്കം ദ്രുതഗതിയില്‍ തെന്നിമാറുന്നതു കൊണ്ടാണ്. കാഴ്ചയില്‍ ജലത്തിന് സമാനമായ വസ്തുക്കളെല്ലാം ജലമാണെന്ന പ്രാഥമിക നിഗമനമായിരിക്കും ആദ്യമുണ്ടാവുക. ഗ്രാനൈറ്റോ മാര്‍ബിളോ പതിച്ച തറയില്‍ പെട്ടെന്ന് നോക്കുമ്പോള്‍ പലപ്പോഴും വെള്ളം കിടക്കുന്നതായി തോന്നാറില്ലേ. ഗ്രാനൈറ്റിലും സ്ഫടികത്തിലുമൊക്കെ പ്രകാശം തട്ടി പ്രതിഫലിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന ദൃശ്യ അലകള്‍ ജലത്തില്‍ പ്രകാശം തട്ടിത്തെറിക്കുന്നതിന് സമാനമായ ദൃശ്യപ്രതീതി സൃഷ്ടിക്കുന്നതുകൊണ്ടാണിത്. പണ്ട് ഇന്ദ്രപ്രസ്ഥത്തില്‍വെച്ച് ദുര്യോധനന് പറ്റിയ അമളിയും മറ്റൊന്നാവാനിടയില്ല. പുള്ളിക്കാരന്‍ സ്ഫടികത്തില്‍ വീണ് ചിതറിയ പ്രകാശ അലകള്‍ ജലത്തിലെ അലകളായി തെറ്റിദ്ധരിച്ചു നനയാതിരിക്കാനായി വസ്ത്രമുയര്‍ത്തി! തലച്ചോര്‍ പറ്റിച്ച പണി! തുടര്‍ന്ന് ശരിക്കും വെള്ളമുള്ളിടത്ത് ചെന്നപ്പോള്‍ പഴയ അമളിയോര്‍ത്ത് തലച്ചോര്‍ അതിബുദ്ധി കാട്ടിയത് വീണ്ടും വിനയായി. ദുര്യോധനന്‍ നനഞ്ഞുവാരിയെന്നു പറഞ്ഞാല്‍ മതിയല്ലോ. ഇതൊക്കെ കണ്ട് പരിഹസിച്ച് പൊട്ടിച്ചിരിക്കാതിരിക്കാനുള്ള സാമാന്യബോധം ദ്രൗപതിക്കുണ്ടാകാഞ്ഞതാണ് കുരുക്ഷേത്രയുദ്ധത്തിന്റെ അടിത്തട്ട് പ്രചോദനമായി മാറിയതെന്ന് ചില കുട്ടികൃഷ്ണമാരാര്‍മാര്‍ നിര്‍ദാക്ഷിണ്യം തെളിയിച്ചിട്ടുണ്ട്.

ചിത്രത്തില്‍ കാണുന്നതുപോലെയുള്ള കൊടി 'പറക്കുന്നതായിരിക്കും' എന്നാണ് നമ്മുടെ മസ്തിഷ്‌ക്കത്തില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന വിവരം(collected data). കാരണം ഭൂമിയില്‍ കൊടി പറക്കും, പറന്നാല്‍ ഏകദേശം ഇങ്ങനെയിരിക്കുകയും ചെയ്യും. അതിന് കാരണം വായുപ്രവാഹമാണ്. ഈ നിശ്ചലദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ പരിചിതമായ അനുബന്ധചിന്തകള്‍ തലച്ചോര്‍ രൂപപ്പെടുത്തുന്നു. ഒരുവശത്ത് തലച്ചോര്‍ ഈ പണി തുടങ്ങുമ്പോഴേക്കും പിന്നാലെയെത്തുന്ന ഹോക്‌സര്‍മാരുടെ വിശദീകരണം സംശയം ആളിക്കത്തിക്കും. കൊടി പറക്കുക തന്നെയാണ്! പിന്നെ മസ്തിഷ്‌ക്കം കൂടുതല്‍ ചിന്തിക്കില്ല. കൊടി പറന്നുകഴിഞ്ഞു.

നിശ്ചലദൃശ്യമനുസരിച്ച് ഒരിക്കലും 'പറക്കല്‍' തീര്‍ച്ചപ്പെടുത്താനാവില്ലെന്ന് ചിന്തിക്കുന്നവര്‍ മാത്രമേ പിന്നീട് തുടരന്വേഷണം നടത്തൂ. അതിനായി ആദ്യം വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കണം. അപ്പോളോ-11 ന്റെ ഈ വീഡിയോ തന്നെയാണ് ഇക്കാര്യത്തിലും വിവാദമായി തീര്‍ന്നത്. അപ്പോളോ ഹോക്‌സ് സിദ്ധാന്തക്കാര്‍ ആശ്രയിക്കുന്ന ചിത്രങ്ങളിലും വീഡിയോകളുടേയും 50 ശതമാനത്തിലധികം ആദ്യ യാത്രയുമായി ബന്ധപ്പെട്ടുള്ളതാണ്.

വാസ്തവത്തില്‍ അപ്പോളോ-11 ഒറിജിനല്‍ നാസാ വീഡിയോയില്‍ കൊടി പറക്കുന്നില്ല(http://www.youtube.com/watch?v=RMINSD7MmT4&feature=related). മടക്കിവെച്ചിരുന്ന കൊടിയുടെ തുണി നിവര്‍ത്തിയിടുമ്പോള്‍ അതില്‍ ശേഖരിക്കപ്പെട്ട സ്ഥാനികോര്‍ജ്ജം(potential energy) കൊടിയെ ഇളക്കുന്നു. ജഡത്വം(inertia) മൂലം സംജാതമാകുന്ന ഊര്‍ജ്ജമാണ് മടക്ക് നിവര്‍ക്കുമ്പോള്‍ മോചിതമാകുന്നത്. ഈ ശക്തിയില്‍ കൊടി മൂന്നുനാലു തവണ അങ്ങോട്ടുമിങ്ങോട്ടും ആടുന്നുണ്ട്. തുടര്‍ന്നത് വിശ്രമാവസ്ഥയില്‍ എത്തിച്ചേരുന്നു. പിന്നെ അനക്കമില്ല. ശരിക്കും മരിച്ച പതാക തന്നെ! ആസ്‌ട്രോനോട്ടുകള്‍ എപ്പോഴൊക്കെ പതാകത്തുണിയില്‍ ബലം പ്രയോഗിക്കുകയോ അതനക്കുകയോ ചെയ്യുമ്പോള്‍ മാത്രമേ പിന്നീട് കൊടി അനങ്ങുന്നുള്ളു. അല്ലാത്തപ്പോഴൊക്കെ അതവിടെ ശരിക്കും ചലനരഹിതമായി നില്‍ക്കുകയാണ്. ഈ വീഡിയോവില്‍ തന്നെ ആസ്‌ട്രോനോട്ടുകള്‍ കൊടിയുടെ വളരെ അകലെക്കൂടി ചലിക്കുന്ന സന്ദര്‍ഭം പ്രത്യേകം പരാമര്‍ശിക്കുന്നുന്നുണ്ട്. അപ്പോഴൊക്കെ സഞ്ചാരികള്‍ ചലിക്കുന്നു, പക്ഷെ കൊടി നിശ്ചലം. മാത്രമല്ല അപ്പോളോ ദൃശ്യങ്ങളില്‍ പിന്നീട് കാണുന്ന കൊടികളൊന്നും ചലിക്കുന്നില്ല. ഭൂമിയില്‍ ഒരിക്കലും സംഭവിക്കാത്ത ഒരു കാര്യമാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

Lunar Rover
പില്‍ക്കാല അപ്പോളോ ദൗത്യങ്ങളില്‍ ലൂണാര്‍ റോവറില്‍ അപ്പോളോ യാത്രികര്‍ ചാന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കുന്നുണ്ടല്ലോ. അപ്പോഴൊക്കെ റോവറിന്റെ ചക്രങ്ങള്‍ക്കിടയില്‍ പെട്ട് ചാന്ദ്രധൂളി(lunar dust) മുകളിലേക്ക് തെറിച്ചുപൊന്തുന്നുണ്ട്. ഇതിനെ താരതമ്യപ്പെടുത്തേണ്ടത് ഭൂമിയില്‍ സമാന സാഹചര്യത്തില്‍ വണ്ടിയോടിക്കുന്നതുമായിട്ടാണ്. ഇവിടെ വണ്ടിചക്രങ്ങള്‍ പൂഴിമണ്ണിലൂടെ സഞ്ചരിച്ചാല്‍ അതുമൂലം പൊടി ഉയര്‍ന്ന് അത് അന്തരീക്ഷത്തില്‍ ഏറെനേരം തങ്ങി നില്‍ക്കും. അടുത്ത് ചെന്നാല്‍ കണ്ണിലും മൂക്കിലുമൊക്കെ കയറിയെന്നും വരാം. ഉണങ്ങിവരണ്ട കാലാവസ്ഥയാണെങ്കില്‍ പറയുകയുംവേണ്ട. അതിരൂക്ഷ വര്‍ള്‍ച്ചയുള്ള ചന്ദ്രനിലും ഇത്തരത്തില്‍ ചക്രങ്ങള്‍ മൂലം പൊടി തെറിച്ചുപൊങ്ങും. എന്നാല്‍ പെട്ടെന്നുതന്നെ വെട്ടിയിട്ട വാഴക്കൈ പോലെ താഴെ വീഴുന്നു. ശരിക്കും ഭൂമിയില്‍ കല്ലുംമണ്ണും വീഴുന്നപോലെ. പിന്നെ ചാന്ദ്രധൂളി പൊങ്ങുന്നില്ല, ചുറ്റും പ്രസരിക്കുന്നില്ല, തങ്ങിനില്‍ക്കുന്നുമില്ല. ഭൂമിയില്‍ അചിന്ത്യമായ കാര്യമാണിത്. ഭൂമിയുടെ ഗുരുത്വം ചന്ദ്രനുണ്ടായിരുന്നുവെങ്കില്‍ പൊടി താഴേക്കുവീഴുന്നത് കുറേക്കൂടി പെട്ടെന്നാകുമായിരുന്നു. ഇനി ചന്ദ്രനിലെ ഗുരുത്വാകര്‍ഷണമായിരുന്നു ഭൂമിയിലെങ്കില്‍ ഇവിടെ പറന്നുപൊന്തുന്ന ധൂളിയില്‍ ഒരുപങ്ക് ഒരിക്കലും തറയില്‍ തിരിച്ചെത്തുമായിരുന്നില്ല.

അപ്പാളോ-11 ലെ യാത്രികര്‍ പറഞ്ഞത് പാതകക്കമ്പ് (flag pole) കുഴിച്ച് വെക്കാന്‍ അവര്‍ ഏറെ കഷ്ടപ്പെട്ടെന്നാണ്. അടിച്ചു താഴ്ത്താനുള്ള കൊട്ടുവടി (hammer)ഉപയോഗിക്കാന്‍ കഴിയുമായിരുന്നില്ല. പിന്നീടുള്ള ദൗത്യങ്ങളില്‍ പതാകക്കമ്പിന്റെ മുകള്‍ ഭാഗം കൊട്ടുവടി വെച്ച് അടിക്കാവുന്ന രീതിയില്‍ പരത്തിക്കൊണ്ടാണ് സഞ്ചാരികള്‍ പോയത്. പതാകകമ്പായി ഉപയോഗിച്ചത് ഒരു അലുമിനിയം ദണ്ഡാണ്, അടിയിലെ കൂര്‍ത്ത അഗ്രഭാഗം സ്റ്റീലും. ദണ്ഡിന്റെ മുകളില്‍ പതാക തൂക്കിയിടാനുള്ള നേര്‍ത്ത സമാന്തര ദണ്ഡ്(a horizontal support) ഉറപ്പിച്ചിരുന്നു. നാം അശയില്‍ തുണി വിരിച്ചിടുന്നപോലെയാണ് ഈ ബാറില്‍ പതാക വിരിഞ്ഞ് തൂങ്ങിക്കിടന്നത്. സാധാരണ ഭൂമിയില്‍ കാണുന്ന പതാകകള്‍ പൊതുവെ പതാകക്കമ്പില്‍ രണ്ടിടത്തായി വലിച്ച് കെട്ടാറാണ് (fasten)പതിവ്. ദണ്ഡില്‍ നിന്നും സമാന്തരമായി ഉറപ്പിച്ചിരിക്കുന്ന മറ്റൊരു ദണ്ഡില്‍ പതാക തൂക്കിയിടാറില്ല. കാരണം ഭൂമിയിലെ പതാക കാറ്റത്ത് നല്ലപോലെ പാറിക്കളിക്കും. 
Flag flying in the Earth
അന്തരീക്ഷരഹിതമായ ചന്ദ്രനില്‍ സമാന്തരമായി ദണ്ഡില്‍ കൊരുത്ത് വിരിച്ചിട്ടില്ലെങ്കില്‍ പതാക കമ്പിനോട് ചേര്‍ന്ന് ഉണങ്ങിയ തേയിലസഞ്ചിപോലെ ഒട്ടിപ്പിടിച്ച് ചുരുണ്ടുകൂടി കിടക്കും. അപ്പോളോ യാത്രികര്‍ ഉയര്‍ത്തിയ പതാകയില്‍ മൂന്ന് ബന്ധനങ്ങളാണ് ഉണ്ടായിരുന്നത്. രണ്ടെണ്ണം, ഭൂമിയിലെ പതാകയിലെന്നപോലെ, മുഖ്യദണ്ഡില്‍ താഴെയും മുകളിലുമായി വലിച്ചുകെട്ടിയതാണ്. മൂന്നാമത്തെ ബന്ധനം സമാന്തരമായ ബാറില്‍ കൊരുത്തിട്ടതും. ഓര്‍ക്കുക, ചന്ദ്രനില്‍ നാട്ടാനുള്ള പതാകയിലേ ഈ കരുതല്‍ വേണ്ടതായിട്ടുള്ളു. തൂക്കിയിട്ട പതാകയുടെ നാലാമത്തെ മൂല മാത്രമാണ് ചലനക്ഷമമായി സ്വതന്ത്രമായി നിലകൊണ്ടത്. ചാന്ദ്രോപരിതലത്തിലെ ധൂളീഭാഗം കഴിഞ്ഞാല്‍ സാന്ദ്രത കൂടിയ പാറയുടെ അടരുകളാണുള്ളത്. അതിലേക്ക് മൂര്‍ച്ചയേറിയ കീഴ്ഭാഗം തുളച്ചുകയറ്റാനായി പതാകദണ്ഡ് വശങ്ങളിലേക്ക് വീശി പിരിച്ചുകയറ്റുകയായിരുന്നു(drill). ഈ പ്രവര്‍ത്തനത്തിന്റെ ഫലമായി പതാകദണ്ഡിലും പതാകയിലും തങ്ങിനിന്ന ഊര്‍ജ്ജം സ്വന്തന്ത്രമാകുന്നതിന്റെ ഫലമായി പാതകയുടെ സ്വതന്ത്രഭാഗത്ത് ചലനങ്ങളുണ്ടാകുന്നത് വീഡിയോയില്‍ കാണാം.

ഒരു ദണ്ഡ് മണ്ണിലേക്ക് ആഴ്ന്നിറക്കാനായി കയ്യില്‍വെച്ച് തിരുകി കയറ്റാന്‍ ശ്രമിക്കുമ്പോള്‍ ആ ദണ്ഡിന് മൊത്തത്തില്‍ ഒരു ചാക്രിക ത്വരണം (angular momentum) ഉണ്ടാകുന്നുണ്ട്. ഇതുമൂലം സമാന്തരമായി സ്ഥാപിച്ചിരിക്കുന്ന ദണ്ഡ് മുകളറ്റത്ത് കുറഞ്ഞത് 1.5 മീറ്റര്‍ ആരത്തില്‍ ഒരു അര്‍ദ്ധവലയം(arc) 
സൃഷ്ടിക്കുന്നുണ്ട്. ദണ്ഡിന്റെ ഈ ത്വരണം ദണ്ഡുമായി ബന്ധിച്ചിരിക്കുന്ന പതാകയിലേക്കും സന്നിവേശിക്കപ്പെടും. മൂന്ന് ഭാഗങ്ങള്‍ കെട്ടിയിട്ടുണ്ടെങ്കിലും പതാകയുടെ ബന്ധിതമല്ലാത്ത കീഴറ്റം സ്വതന്ത്രമാണെന്ന് കണ്ടല്ലോ. കൊടി നാട്ടി കഴിഞ്ഞാല്‍ ഈ ത്വരണം മെല്ല് പുറത്തേക്ക് പ്രവഹിച്ച് വിശ്രമാസ്ഥയിലാകാന്‍ നൈലോണ്‍ തുണി ശ്രമിക്കുമ്പോഴാണ് കൊടിയുടെ കീഴറ്റം കുറച്ച് നേരം അങ്ങോട്ടുമിങ്ങോട്ടും ആടുന്നത്. ഇത് വായുപ്രവാഹം മൂലമല്ലെന്ന് മനസ്സിലാക്കാന്‍ ആട്ടം നിന്നും കഴിഞ്ഞതിന് ശേഷം പതാക ശ്രദ്ധിച്ചാല്‍ മതി. ഹോക്‌സ് വാദക്കാര്‍ പ്രചരിപ്പിക്കുന്ന ഈ രണ്ട് വീഡിയോകള്‍ കൂടി കണ്ടുനോക്കൂ. ഇവിടെ പതാകത്തുണി വളയുകയും ഒടിയുകയും ആടുകയുമൊക്കെ ചെയ്യുന്നത് അതില്‍ സഞ്ചാരികള്‍ ബലം പ്രയോഗിക്കുന്നതിനനുസരിച്ച് മാത്രമാണ്. അല്ലാത്തപ്പോള്‍ ഏതാണ്ടൊരു ഖരവസ്തുവിനേപ്പോലാണ് പതാകത്തുണി പെരുമാറുന്നത്(http://www.youtube.com/watch?v=-3aRRzN5FeI) 2. http://www.youtube.com/watch?feature=fvwp&NR=1&v=mlZS68ibyCc
ചന്ദ്രനില്‍ നാട്ടിയ പതാകകള്‍ ആദ്യത്തെ 'ഇളക്ക'ത്തിന് ശേഷം നിര്‍ജ്ജീവമായി നില്‍ക്കുന്നതാണ് നാം കാണുന്നത്. ആസ്‌ട്രോനോട്ടുകള്‍ അടുത്തെത്തി ബലം പ്രയോഗിക്കുകയോ തൊടുകയോ ചെയ്യാത്തിടത്തോളം പതാകയില്‍ യാതൊരു ഭാവമാറ്റവുമില്ല. 


ഭൂമിയില്‍ ഒരിക്കലും സംഭവിക്കാത്ത ഒരു കാര്യമാണിത്. അന്തരീക്ഷമുണ്ടായിരുന്നെങ്കില്‍ ഈ ചലനം വായുവിന്റെ പ്രതിരോധം മൂലം തടസ്സപ്പെടുമായിരുന്നു. എഞ്ചിനീയറിംങ് ഭാഷയില്‍ 'damped' ഇതിന് എന്നാണ് പറയുക. അതായത് ഭൂമിയിലായിരുന്നെങ്കില്‍ കാറ്റത്ത് കൊടി പാറിക്കളിക്കുമായിരുന്നു,പക്ഷെ ചന്ദ്രനിലെ പതാകയില്‍ കണ്ടതുപോലുള്ള 'ആട്ടവും ഇളക്കവും' ഉണ്ടാകില്ല. മാത്രമല്ല, പറക്കുമായിരുന്നുവെങ്കില്‍ ചന്ദ്രനില്‍ കൊണ്ടുപോയ മറ്റ് പല വസ്തുക്കളും പറക്കേണ്ടതാണ്. ഉദാഹരണമായി അപ്പോളോ 15 ലെ സഞ്ചാരിയായ കമാണ്ടര്‍ ഡേവിഡ് സ്‌ക്കോട്ട് ഒരു പക്ഷിത്തൂവലും ഹാമറും ഒരേസമയം നിലത്തിട്ട് പരീക്ഷണം നടത്തുന്ന രംഗം ശ്രദ്ധിക്കുക(http://www.youtube.com/watch?v=KDp1tiUsZw8). രണ്ടും കല്ലുപോലെ ഒരേ സമയം നിലംപതിക്കുന്നു. അന്തരീക്ഷമുള്ള ഭൂമിയില്‍ ഇതൊരിക്കലും സംഭവിക്കില്ല. ചന്ദ്രനിലാകട്ടെ തൂവല്‍ പറന്നുപോവുകയോ തങ്ങിനില്‍ക്കുകയോ ചെയ്യുന്നില്ല.

ചുരുക്കത്തില്‍ ചന്ദ്രനില്‍ അമേരിക്കന്‍ കൊടി പറന്നത് 'എങ്ങനെ'? എന്ന ചോദ്യത്തിന് ഉത്തരം പറയേണ്ടിവരുന്നില്ല, എന്തെന്നാല്‍ കൊടി പറന്നിട്ടില്ല. അപ്പോളോ സഞ്ചാരികള്‍ നാട്ടിയ പതാകയിലുണ്ടായ ബഹുവിധചലനങ്ങളും ചുരുട്ടിവെച്ച് കൊണ്ടുച്ചെന്ന പതാകത്തുണിയിലെ ചുളിവുകളും പറക്കുന്ന പ്രതീതി സൃഷ്ടിക്കുന്ന നിശ്ചലചിത്രം നമുക്ക് സമ്മാനിച്ചുവെന്നേയുള്ളു. അതല്ലാതെ അവിടെ പതാക പാറിക്കളിച്ചിട്ടില്ല, സ്വാഭാവികമായി അങ്ങനെ സംഭവിക്കുകയുമില്ല-അതുകൊണ്ട് തന്നെ 'എങ്ങനെ പറന്നു?' എന്ന ചോദ്യം മരിച്ചുവീഴുന്നു.***

25 comments:

  1. ഇനി ചന്ദ്രനില്‍ ഒന്ന് പോയി ടെസ്റ്റ്‌ ചെയ്തു നോക്കിയാലോ
    സ്നേഹപൂര്‍വ്വം
    പഞ്ചാരക്കുട്ടന്‍

    ReplyDelete
  2. ഇപ്പോള്‍ ഈ വാദമൊക്കെ നിലനില്‍ക്കുന്നുണ്ടോ?

    ReplyDelete
  3. ചന്ദ്രനിലെ പതാകയുടെ കാര്യം കുറെകാലം മുമ്പ് പലരും ഉന്നയിച്ചിരുന്നത് കേട്ടിരുന്നുവെങ്കിലും പുതിയ ഹോക്സര്‍മാരൊന്നും പൊക്കി നടക്കുന്നത് കാണുന്നില്ല. ബലം പോരാത്ത വാദമായതിനാലാകാം.

    ReplyDelete
  4. ( 1 ) കാറ്റടിച്ചാണ് പതാക ചാലിക്കുന്നത്‌ എങ്കില്‍ , ആദ്യം ഫ്രീ ആയ ഭാഗം കാറ്റിന്റെ ദിശയില്‍ ചലിക്കുകയും അതിനെ തുടര്‍ന്ന് കൂടുതല്‍ ഉറപ്പിച്ച ഭാഗം ആ ദിശയിലേക്കു ചലിക്കുകയും ചെയ്യും ( കാരണം കാറ്റിന്റെ പ്രവേഗം വളരെ അധികമായി ഫ്രീ ആയ ഭാഗത്തിന് കിട്ടുന്നു )

    ( 2 ) അതെ സമയം കുത്തനെയുള്ള വടി (പോള്‍ ) പിടിച്ചിരിക്കുന്ന കയ്യുടെ ചലനഫലമായി ആയ പതാകക്ക് എനര്‍ജി കിട്ടുന്നത് എങ്കില്‍ , ആദ്യ കയൂട് ദൃധമായി ബാധിച്ച്രിക്കുന്ന ഭാഗങ്ങള്‍ക്ക് ( പതാകയുടെ മുകള്‍ഭാഗം വടി ) ആദ്യം ഒരു ദിശയില്‍ ചലനമുണ്ടാകുകയും തുടര്‍ന്ന് മുകളിലെ ചലനം താഴെ തൂങ്ങിക്കിടക്കുന്ന ഭ്ഗത്തെ ആ ദിശയിലേക്കു വലിക്കുകയും ചെയ്യുന്നു . അതിനു ശേഷം മുകളിലെ ചലനം നില്‍ക്കുമ്പോള്‍ ചന്ദ്രന്റെ ഗ്രവിട്ടി നിമിത്തം ഒസിലെട്ടരി മോഷന്‍ ( പെണ്ടുല ചലനം പോലെ ) താഴെ ഭാഗം അങ്ങോട്ടും ഇങ്ങോട്ടും ആടുകയും ചെയ്യുന്നു . ചന്ദ്രനില്‍ വായുവും വിസ്കൊസിട്ടി ഇല്ലത്ടഹ്ത് കൊണ്ട് പതാക അത്യാവശ്യം നന്നായി തന്നെ ആടും

    അപ്പോള്‍ ( 1 ) ( 2 ) എന്നിവ തമ്മില്‍ തിരിച്ചറിയണം എങ്കില്‍ ആദ്യം ഏതു ഭാഗമാണ് ചലിക്കുന്നത് പിതുടരുന്നത് ഇതു ഭാഗമാണ് എന്ന് ശ്രദ്ധിച്ചാല്‍ മതി .. :) അതിന്റെ ഉത്തരം ഈ വീഡിയോയില്‍ തന്നെ വളരെ വ്യക്തമാണു :) .വടിയാണ് ആദ്യ ചലിക്കുന്നത് പതാകയുടെ സ്വതന്ത്രഭാഗം അല്ല ..!!

    കാറ്റിന്റെ ഞാന്‍ ശപിച്ചു അവന്‍ നിന്റെ കാമുക ഹൃദയത്തിലോളിച്ചു !എന്നും, ചന്ദ്രനെ ഞാന്‍ ശപിച്ചു അവന്‍ നിന്റെ ചെമ്പക മുഖശ്രീയില്‍ ഒളിച്ചു!! എന്നും വരികളുള്ള വാസുവിന് പ്രിയമുള്ള ഒരു പാട്ടുണ്ട് ..ഇവിട ഇ ഇതാ വിഷയം ച്ദ്രനും കാറ്റും തന്നെ ..!! ഹാ ! എത്ര കാവ്യാത്മകം !!

    ReplyDelete
  5. ഹഹഹാാഹഹ്!

    ഈ വാദങ്ങൾക്ക് ശാസ്ത്രീയ പിന്തുണയുണ്ടെങ്കിൽ അത് എന്ത് കോണ്ട് ഗൗവരതരമായ ചർച്ചയ്ക്ക് വിധേയമാക്കപ്പെടുന്നില്ലാ?

    ReplyDelete
  6. ചുട്ട കോഴിയെ പറപ്പിക്കുന്നവരെ നാസ്തികന്‍ പലവട്ടം കേട്ടിട്ടുണ്ട്. ഇവിടെയിപ്പോള്‍ ചിലര്‍ ചത്ത കൊടി പറപ്പിക്കുന്നു. പറപ്പിക്കുന്നതാരാ? അപ്പോള്‍ കൊടി പറന്നല്ലേ പറ്റൂ.

    ReplyDelete
  7. നാ....സ്തികന്‍ സെഡ്....

    ഇവിടെയിപ്പോള്‍ ചിലര്‍ ചത്ത കൊടി പറപ്പിക്കുന്നു.....
    ----------------------------------------------
    അങ്ങനെ നാസ്തികനും പാവം കൊടിയെ കൊന്ന് ഇവിടെ കെട്ടിത്തൂക്കി.

    ReplyDelete
  8. ഒരു സെക്കണ്ടില്‍ രണ്ടു പ്രവശ്യത്തില്‍ കൂടുതല്‍ വിപരീത ദിശയില്‍ അടിക്കുന്ന ഈ കാറ്റ് ഒരു വല്ലാത്ത കാറ്റു തന്നെ ..ആകെ മൊത്തം വീഡിയോ കണ്ടാല്‍ അറിയാം അമേരിക്കയില്‍ ഒരു ചുഴലിക്കാറ്റു അടിക്കുന്ന സമയം നോക്കിയാണ് നാസ ഈ വീഡിയോ ഒക്കെ എടുത്തതെന്ന് !! ഹ ഹ !!

    ReplyDelete
  9. ചന്ദ്രനിൽ ഭൂമിയുടെ ആറിൽ ഒന്ന് ഗുരുത്വമേ ഉള്ളൂ എന്നതിനാൽ ആട്ടം നില്ക്കാൻ ഭൂമിയിലേതിനേക്കാൾ സമയം ചന്ദ്രനിൽ എടുക്കും. ശരിയല്ലേ

    ReplyDelete
  10. പ്രിയപ്പെട്ട ചാര്‍വാകം,

    ഗുരുത്വം കുറവായതിനാല്‍ ആട്ടത്തിന്റെ ആവൃത്തി(frequency) കുറവായിരിക്കും എന്ന് തീര്‍ച്ചപ്പെടുത്താനാവില്ല. കാരണം ദോലനത്തിന്റെ (Oscillations)കാര്യത്തില്‍ ഗുരുത്വം പറയത്തക്ക സ്വാധീനം ചെലുത്തുന്നില്ല. ആട്ടം കൂടുതല്‍ നീണ്ടുനില്‍ക്കുമോ എന്ന ചോദ്യം വരുമ്പോള്‍ ചന്ദ്രനിലെ അന്തരീക്ഷരാഹിത്യമാണ് പരിഗണിക്കേണ്ടത്. ഭൂമിയിലെ കമ്പനം, ദോലനം എന്നിവയുടെ ദൈര്‍ഘ്യം കുറഞ്ഞുവരാന്‍ ഒരു കാരണം വായുപ്രതിരോധം മൂലമുള്ള ഊര്‍ജ്ജനഷ്ടമാണ്. ചന്ദ്രനില്‍ അതില്ലാത്തതിനാല്‍ ആട്ടത്തില്‍ ഓരോ തവണയും സംഭവിക്കുന്ന ഊര്‍ജ്ജനഷ്ടം കുറവായിരിക്കും. അതുകൊണ്ടുതന്നെ ആട്ടം നീണ്ടുനില്‍ക്കും.

    ReplyDelete
  11. പ്രിയ ചാര്‍വാകം ,

    ഗുരുത്വത്തിന് അന്തോലനങ്ങള്‍ മന്ദീഭാവിപ്പിക്കുന്നതില്‍ ഒരുപങ്കും ഇല്ല . ഉദാഹരണത്തിന് രണ്ടു പെന്‍ഡുലം, ഒന്ന് ഭൂമിയിലും ഒന്ന് ചന്ദ്രനിലും സങ്കല്‍പ്പിക്കുക . ( പെന്‍ഡുലം എന്നാല്‍ തൂക്കിയിട്ട ഒരു ചരടും അതിനു അറ്റത്തായി ഒരു ബോളും ). ഭൂമിയിലും വായു ഇല്ലാത്ത അവസ്ഥ ആണ് എന്ന് കരുതിക്കോളൂ ..രണ്ടും ഒരേ വശതോട്ടു ഒരേ ദൂരത്തില്‍ പിടിച്ചു കൊണ്ട് വന്ന ശേഷം ഫ്രീയാക്കി വിടുക . ഈ രണ്ടു പെണ്ടുലങ്ങളും തുടര്‍ച്ചയായി അനന്തമായി ആടിക്കൊണ്ടേ ഇരിക്കും . അവയുടെ വശങ്ങളിലെക്കുള്ള ചലനങ്ങള്‍ തുല്യമായിരിക്കും . അതെ സമയം ചന്ദ്രനില്‍ ഒരു അന്ദൊലനതിദെഉക്കുന്ന സമയം ഭൂമിയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ ആയിരിക്കും . പക്ഷെ അന്തോലനതിന്റെ ചലന ദൂരം കുറയണം എങ്കില്‍ ആ സിസ്ടത്തില്‍ നിന്നും എനെര്‍ജി ന്ഷ്ടമാകണം .. അല്പം എനര്‍ജി ചരടിലൂടെ നഷ്ടമാകും . പക്ഷെ വായു ഉള്ള സാഹചര്യത്തില്‍ , അതാണ്‌ ചലതെ കൂടുതല്‍ പ്രതിരോധിച്ചു പെണ്ടുലാതെ നിസ്ച്ചലാവ്സ്തയിലേക്ക് എത്തിക്കുക . ഗുരുത്വം ഇക്കാര്യത്തില്‍ കുരുത്തക്കേട്‌ കാണിക്കുന്നില്ലെന്ന് സാരം !

    ReplyDelete
  12. നന്ദി രണ്ട് പേർക്കും. അങ്ങനെയെങ്കിൽ രണ്ട് വ്യത്യസ്ഥ ഗുരുത്വമുള്ള രണ്ട് ഗ്രഹങ്ങൾ (ഉദാഹരണത്തിന്‌ വായുവില്ലാത്ത വ്യാഴവും നമ്മുടെ ചന്ദ്രനും) ആണ്‌ പരിഗണിക്കുന്നതെങ്കിലും ഇതു തന്നെയാവുമോ ഫലം? എങ്കിൽ എന്തുകൊണ്ട്?

    ReplyDelete
  13. താങ്കളുടെ നിഗമനം ശരിയാണ് . വ്യാഴം ഒരു നല്ല ഉദാഹരണം അല്ല കേട്ടോ , വ്യാഴം ഏതാണ്ട് മൊത്തമായി ഗ്യാസ് ആണ് , വളരെ ഉള്ളിലായി ചില പാറകള്‍ ഉണ്ട് എന്നെ ഉള്ളൂ .. എന്നാല്‍ വാതക അന്തരീഷം ഇല്ലാത്ത ( ഗുരുതവകര്‍ഷണം നന്നേ കുറഞ്ഞ / വല്ലാതെ തണുത്ത ) ഗ്രഹങ്ങളിലോ ഉപഗ്രഹങ്ങളോ കൊടി കുഴിച്ചിടാന്‍ പോയാല്‍ ഏതാണ്ട് ചദ്രനിലെ അവസ്ഥയാവും ഫലം .

    എന്നാല്‍ ഒരു കാര്യമുണ്ട് , കൊടി ഒരു അനക്കം കിട്ടിയാല്‍ അങ്ങോട്ടും ഇങ്ങോട്ടും ആടുന്നതിന്റെ ആവൃത്തി വ്യത്യാസപ്പെട്ടിരിക്കും ഈ രണ്ടു സ്ഥലങ്ങളിലും . അപ്പോള്‍ ഘര്‍ഷണം മൂലം /തരംഗം മൂലം ഒരു സെകണ്ടില്‍ ഊര്‍ജ്ജം കൂടുതല്‍ നഷ്ടപ്പെടുന്നത് ഗുരുത്വം കൂടുതല്‍ ഉള്ള ഇടത്തായിരിക്കും . അങ്ങനെ സാങ്കേതികമായി , പ്രതി സെക്കണ്ടില്‍ ഊര്‍ജ്ജ നഷ്ടം കൂടുതല്‍ ഉണ്ടാകുന്ന ഇടത്ത് കൊടിയുടെ ചലനം താരതമ്യേന വേഗത്തില്‍ നിലക്കും .

    (അതെ സമയം രണ്ടു പെര്‍ഫക്റ്റ് പെണ്ടുലങ്ങള്‍ ആണ് ഈ രണ്ടു ഗ്രഹങ്ങളില്‍ തൂക്കിയിടുന്നത് എങ്കില്‍ ഈ വ്യത്യാസം കാണില്ല - എന്നാല്‍ ഇവിടെ കൊടി ഒരു പെര്‍ഫക്റ്റ് പെന്‍ഡുലം അല്ല )

    എന്നാല്‍ ഇത് വായു മൂലം ഉണ്ടാകുന്ന ടാംപനിംഗ് എഫ്ഫക്റ്റ്‌ മായി താരതമ്യം ചെയ്യുമ്പോള്‍ നിസ്സാരമാണ് . അത് കൊണ്ട് വായു ഉള്ള ഇടങ്ങളില്‍ പെട്ടെന്ന് ചലനം നില്‍ക്കുന്നത് വായുവിന്റെ പ്രധാനമായും പ്രതിരോധം കൊണ്ട് ആണ് .

    ReplyDelete
  14. പ്രിയപ്പെട്ട ചാര്‍വാകം,
    Horizontal oscillation ല്‍ താഴോട്ട് ഒരു വലിവ്(Pull due to gravity) ഉണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ ആ വലിവ് ആട്ടത്തെ സൂക്ഷ്മാര്‍ത്ഥത്തില്‍ സ്വാധീനിക്കുന്നതെങ്ങനെ എന്നാലോചിക്കേണ്ടതുണ്ട്. വലിവുണ്ടെങ്കില്‍ അതിന് ആനുപാതികമല്ലാത്ത ദിശയിലുള്ള എല്ലാ ചലനങ്ങളും ചലനവേഗതയില്‍ സ്വധീനം ചെലുത്താം. അതായത് വലിവിനെതിരായ ചലനം ഊര്‍ജ്ജനഷ്ടം വരുത്താം. അപ്പോള്‍ കുറഞ്ഞ ഗുരുത്വം ആട്ടം നീണ്ടുപോകുന്നതിന് കാരണമാകാം.

    എങ്കിലും വ്യവസ്ഥ മൊത്തമായെടുക്കുമ്പോള്‍ അത്തരം സ്വാധീനം ഗണനീയമാകാന്‍ സാധ്യതയില്ല. അതേ സമയം വായുപ്രതിരോധം മൂലമുള്ള ഊര്‍ജ്ജ നഷ്ടം പോലുള്ള നിര്‍ണ്ണായക വ്യവസ്ഥകളായിരിക്കും ആട്ടത്തിന്റെ ദൈര്‍ഘ്യം നിശ്ചയിക്കുകയെന്ന് തോന്നുന്നു. അറിവുളളവര്‍ക്ക് തിരുത്താം.

    ReplyDelete
  15. വായുവില്ലാത്ത വ്യാഴം എന്ന പരാമര്‍ശം ശരിയാണോ?! സൗരയൂഥത്തില്‍ ഏറ്റവും സമൃദ്ധമായ അന്തരീക്ഷമാണ് വ്യാഴത്തിനുള്ളത്. സത്യത്തില്‍ അതൊരു വാതകഭീമനാണ്. അകക്കാമ്പില്‍ ഖരരൂപത്തിലുള്ള പദാര്‍ത്ഥം ഉണ്ടായിരിക്കുമെങ്കിലും പൊതുവെ ഒരു വാതകസമുദ്രമായിരിക്കും വ്യാഴമെന്നാണ് അനുമാനിക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ അവിടെ കൊടി പറക്കുന്ന കാര്യം കഷ്ടത്തിലായിരിക്കും. കാരണം വന്‍ കൊടുങ്കാറ്റുകള്‍കൊണ്ട് സദാ ഇളകി മറിഞ്ഞുകൊണ്ടിരിക്കുകയായിരിക്കും അവിടം. ആ നിലയില്‍ ചന്ദ്രന്‍ പോലെ അന്തരീക്ഷരഹിതമായ മൃതഗ്രഹത്തിലെ സാഹചര്യവുമായി യാതൊരു താരതമ്യവും സാധ്യമല്ല.

    ReplyDelete
  16. വ്യാഴത്തിന്റേത്, മനസ്സിലാകുന്നതിന്‌ പെട്ടെന്ന് ഒരു ഉദാഹരണം എടുത്ത് പോയെന്നേയുള്ളൂ. നമ്മുടെ വിഷയം ചന്ദ്രനിൽ കൊടിപറക്കുന്നത് ഭൂമിയിൽ കൊടിപറക്കുന്നത് പോലെ (അല്ലെങ്കിൽ രണ്ട് വ്യത്യസ്ഥമായ പിണ്ഡമുള്ള ഗ്രഹങ്ങളിൽ) പരിഗണിച്ചാൽ പാളിച്ച പറ്റാം എന്നതിന്റെ സകലകാര്യങ്ങളും പരിശോധിക്കലാണ്‌. രണ്ടാമത്തേത് കൊടിയും പെന്റുലവും പരിഗണിക്കുമ്പോൾ വരാവുന്ന വ്യത്യാസം സൂക്ഷ്മമായി പരിശോദിക്കുക എന്നതും. ഇല്ലെങ്കിൽ ഭൗതികവാദികളും മതവാദികളും തമ്മിലുള്ള അന്തരം കുറഞ്ഞ്പോകും
    മതവാദികൾ പലപ്പോഴും ചെയ്യുന്നപണി രണ്ട് വ്യത്യസ്ഥ വ്യവസ്ഥകൾ ഒരുപോലെ പരിഗണിച്ച് താരതമ്മ്യം ചെയ്യുക, ഒരേ പോലുള്ള രണ്ട് കാര്യങ്ങൾ പരിഗണിക്കുന്നതിന്‌ രണ്ട് തരം അളവുകോലുകൾ ഉപയോഗിക്കുക തുടങ്ങിയ വിദ്യകളാണ്‌. മോരും മുതിരയും ഒന്നാക്കുക. അവരുടെ വാദങ്ങൾ സൂക്ഷ്മമായി ശ്രദ്ധിച്ചാൽ ഇത് കണ്ടെത്താനാവും. ഇത്രയും ശാസ്ത്രത്തിന്റെ അടിത്തറയിൽ നിന്ന് കൊണ്ട് പറഞ്ഞു തന്നത് ഇത് വായിക്കുന്ന എല്ലാവർക്കും ഉപകാരപ്രഥമാണ്‌. (കൊടിപറക്കുക അത്ര നിസ്സാരകാര്യമല്ല)

    ReplyDelete
  17. Well said ! charvakam.

    One has to inspect all side major and minor and to be 100% clear about the facts.

    പക്ഷെ ഒരു പ്രശ്നം എന്താന്നു വച്ചാല്‍ ..അങ്ങനെ ചെയ്യുമ്പോള്‍ പറഞ്ഞു പറഞ്ഞു സംഭവം വല്ലാതെ നീണ്ടു പോകും ... ! കഴിയുന്നത്ര ചുരുക്കി അവതരിപ്പിക്കുക എന്നല്ലേ ചെയ്യാന്‍ പറ്റൂ .. സമവാക്യങ്ങള്‍ എഴുതുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്‌താല്‍ നമ്മള്‍ ആളുകളുടെ ക്ഷമ പരീക്ഷിക്കള്‍ ആകും ഫലം :) .. കൊടി അതിന്റെ തണ്ടിലേക്ക് സംക്രമിപ്പിക്കുന്ന ഊര്‍ജ്ജവും , ആ തണ്ടിന്റെ കമ്പനവും , ആ കമ്പനം . ചന്ദ്രന്റെയോ ഭൂമിയുടെയോ ഉപരിതലത്തിലേക്ക് വ്യാപിച്ചു കോടിയില്‍ നിന്നും എനര്‍ജി ഉപരിതലത്തിലേക്ക് ട്രന്ഫര്‍ ചെയ്യപ്പെടുന്നതും അങ്ങന കൊടിയുടെ ഊര്‍ജ്ജം കുറയുന്നതും ഒക്കെ എഴുതി വരുമ്പോള്‍.. ഏതാണ്ട് കേനയിടിക്സ് പൂര്‍ണമാകും :)

    പക്ഷെ തീര്‍ച്ചയായും .. പൂര്‍ണമായി തന്നെ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ എല്ലാവര്ക്കും ജിജ്ഞാസ ഉണ്ടാകണം എന്ന് തന്നെയാണ് എന്റെയും പക്ഷം ..!

    ReplyDelete
  18. കൊടിപറക്കുന്നത് അങ്ങനെ ക്ളിയറായി. ഇനിയും സംശയങ്ങളുണ്ടല്ലോ. ഒരു ഉദാഹരണം. എന്തുകൊണ്ട് പിന്നീട് ഒരു നീണ്ടകാലയളവിൽ ഒരാളും ചന്ദ്രയാത്ര നടത്തിയില്ല?

    ReplyDelete
  19. പ്രിയപ്പെട്ട ചാര്‍വാകം,

    താങ്കള്‍ വൈകിയാണ് എത്തിയതെന്ന് തോന്നുന്നു. സാധിക്കുമെങ്കില്‍ എല്ലാ പോസ്റ്റുകളും വായിച്ചുനോക്കാന്‍ അപേക്ഷ. മിക്ക സംശയങ്ങള്‍ക്കും വിശദീകരണം നല്‍കിയിട്ടുണ്ട്. പുതിയതായി എന്തെങ്കിലും ഉണ്ടെങ്കില്‍ താങ്കള്‍ക്ക് ഉന്നയിക്കാം. എനിക്കറിയാമെങ്കില്‍ പങ്കുവെക്കാന്‍ സന്തോഷമേയുള്ളു.

    ReplyDelete
  20. ഞാൻ തങ്കളുടെ എല്ലാ പോസ്റ്റുകളും വായിച്ചു. പക്ഷെ, എനിക്ക് കാണാൻ കഴിഞ്ഞില്ല,എന്തുകൊണ്ട് പിന്നീട് ഒരു നീണ്ടകാലയളവിൽ ഒരാളും ചന്ദ്രയാത്ര നടത്തിയില്ല എന്നതിന്റെ ഉത്തരം ഏത് പോസ്റ്റിലാണെന്ന് ഒന്ന് പറയാമോ?

    ReplyDelete
  21. DEAR,
    സ്വപ്‌നം പൂത്തുലഞ്ഞ ദിവസം പോലുള്ള പോസ്റ്റുകളില്‍ ഇതു സംബന്ധിച്ച വിശദീകരണമുണ്ട്.

    ReplyDelete
  22. thank you, thank you and happy new year

    ReplyDelete
  23. The flag was fixed on an L upside down shaped pole. it was attached to both sides that it may hang from the top part of L down shaped pole. They made it intentionally because it would be straight and visible open without the wind.If you look at the picture closely you can see the pole upside visibly.

    ReplyDelete
  24. ചില ഫോട്ടോകളില്‍ ഒരാള്‍ക്ക് - നാല് നിഴലുകള്‍ കാണുന്നല്ലോ. അതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്? നാല് ലൈറ്റ് സോഴ്സ് ഇല്ലാതെ എങ്ങിനെ നാല് നിഴലുകള്‍ വരും? ഗ്രൌണ്ടിന്റെ നാല് ഭാഗത്തും ഫ്ലഡ് ലൈറ്റ് വച്ച് നടത്തുന്ന ഫുട്ബോളും, ക്രിക്കറ്റ്ഉം പോലെ?

    ReplyDelete