![]() |
Apollo-16: John young gives a jump salute to US flag |
നാം സിനിമയില്‍ സ്‌ളോമോഷന്‍ (slow motion) കാണാറുണ്ട്. സ്‌ളോമോഷനും ചാന്ദ്രവീഡിയോകളും താരതമ്യം ചെയ്യുന്നവര്‍ക്ക് ഈ വാദത്തിലെ കഥയില്ലായ്മ പെട്ടെന്ന് ബോധ്യപ്പെടും. നഗ്നനേത്രങ്ങള്‍കൊണ്ട് വ്യക്തമായി തിരിച്ചറിയാവുന്ന വ്യത്യാസമാണിവിടെയുള്ളത്. പെര്‍സി ഇരട്ടി വേഗതയില്‍ ചാന്ദ്രദൃശ്യങ്ങള്‍ പ്‌ളേ ചെയ്തു കാണിക്കുന്ന ഹോക്‌സ് വീഡിയോ കണ്ടാലും ഇത് ബോധ്യപ്പെടും. അതില്‍ ഇരട്ടി വേഗതയില്‍ ചാന്ദ്രദൃശ്യങ്ങള്‍ പ്‌ളേചെയ്യുമ്പോള്‍ ഭൂമിയിലെ സ്വഭാവിക ചലനവേഗതയല്ല നാം കാണുന്നത്. തീര്‍ച്ചയായും നമുക്ക് പരിചിതമായ സ്‌ളോമോഷനല്ല ചാന്ദ്രദൃശ്യങ്ങളിലുള്ളത്. അതായത് ഇരട്ടിവേഗതയിലും പകുതി വേഗതയിലും നമുക്ക് നാസാചിത്രങ്ങളുടെ വേഗതയും താളവും ലഭിക്കുന്നില്ല. നാസ വിഡീയോകള്‍ സ്‌ളോമോഷനില്‍ പ്‌ളേ ചെയ്താല്‍ കാര്യങ്ങള്‍ കുറേക്കൂടി വ്യക്തമാക്കും.
വേഗത മാത്രമല്ല ഇവിടെ പരിശോധിക്കേണ്ടത്. നാസാ വീഡിയോകള്‍ പരിശോധിക്കുന്ന ആര്‍ക്കും ചാന്ദ്രസഞ്ചാരികളുടെ ചലനത്തിന് വേണ്ടി വരുന്ന ആയാസം (effort) ഭൂമിയെ അപേക്ഷിച്ച് വളരെ കുറവാണെന്ന് തിരിച്ചറിയാനാവും. തിരിയാനും മറിയാനുമൊക്കെ ഭൂമിയില്‍ ചെയ്യുന്നതുപോലെ ചന്ദ്രനില്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ കറങ്ങിയടിച്ച് തറയില്‍ക്കിടക്കും.
തറയില്‍ വീണാലും പേടിക്കാനില്ല. നിഷ്പ്രയാസം എഴുന്നേല്‍ക്കാം. കാരണം, എഴുന്നേല്‍ക്കാനും തിരിയാനുമൊക്കെ ഭൂമിയില്‍ പ്രയോഗിക്കുന്നതിലും വളരെക്കുറച്ച് ബലം (ആറിലൊന്ന്) മതിയാകും (http://www.youtube.com/watch?v=Ufs0mnE4Ocs&feature=related). ഭൂമിയില്‍ പ്രയോഗിക്കുന്ന അതേ ബലം പ്രയോഗിച്ച് കൈകുത്തി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചാല്‍ ചന്ദ്രനില്‍ 'അന്തരീക്ഷ'ത്തിലേക്ക് അല്‍പ്പം ഉയരും. പവര്‍ സ്റ്റീയറിംഗ് ഉള്ള പുതിയ തലമുറ കാറുകളുടെ സ്റ്റീയറിംഗ് പഴയ ചരക്കു ലോറികളുടെ സ്റ്റീയറിംഗ് പിടിച്ചുതിരിക്കുന്നതുപോലെ തിരിച്ചാല്‍ വണ്ടി വല്ലവരുടേയും പരുയിടത്തിലേക്ക് പോവുന്നത് കാണാം. അതുതന്നെയാണ് ചന്ദ്രനിലെ ചലനങ്ങള്‍ക്കാവശ്യമായ ആയാസത്തിന്റെ കാര്യത്തില്‍ സംഭവിക്കുക. വളരെ മെല്ലെ...മൃദുവായി വേണം എന്തെങ്കിലും ചെയ്യാന്‍. മാസങ്ങളോളം ഇതിനുള്ള പരിശീലനം ലഭിച്ചശേഷമാണ് യാത്രികര്‍ ചന്ദ്രനിലെത്തിയത്.
![]() |
John young |
![]() |
Miandad mimics More |
ചാന്ദ്രസഞ്ചാരികള്‍ ധരിക്കുന്ന സ്‌പേസ് സ്യൂട്ട് സഞ്ചാരസ്വാതന്ത്ര്യം വളരെയേറെ പരിമിതപ്പെടുത്തുന്ന ഒന്നാണെന്നറിയാമല്ലോ. ഭൂമിയില്‍ ഈ സ്യൂട്ടും ധരിച്ച് ആയാസത്തോടെ നടന്നാണ് അവര്‍ വിക്ഷേപണ വാഹനത്തില്‍ കയറുന്നത്. പക്ഷെ ചന്ദ്രനില്‍ വെച്ച് അവര്‍ എളുപ്പത്തില്‍ കുതിച്ചുചാടുകയും ഹാമര്‍ത്രോ എറിയുകയും ഗോള്‍ഫ് കളിക്കുകയും ഓടിത്തിമിര്‍ക്കുകയും ചെയ്തു. താരതമ്യേന അനായാസമായാണ് അവരത് ചെയ്തത്.
നാസ വിഡിയോകളില്‍ യാത്രികര്‍ കുത്തനെ ഉയര്‍ന്ന് ചാടുന്ന (hop) പല രംഗങ്ങളുമുണ്ട്. ഈ വീഡിയോ കാണിച്ചിട്ട് ''ചന്ദ്രനിലാണെങ്കില്‍ ഇത്രയും ചാടിയാല്‍ പോരാ, ആറിലൊന്ന് ഗുരുത്വാകര്‍ഷണമുള്ള സ്ഥലത്ത് 'ആറിരട്ടി' പൊക്കത്തില്‍ ചാടാന്‍ സാധിക്കണമെന്ന് വാദിച്ച് ചാന്ദ്രയാത്ര തട്ടിപ്പാണെന്ന് തെളിയിക്കുന്ന വിദഗ്ധന്‍മാരുമുണ്ട്. അവര്‍ പറയുന്നതിതാണ്: ഭൂമിയില്‍ 1 മീറ്റര്‍ പൊക്കത്തില്‍ കുത്തനെ ഉയര്‍ന്ന് ചാടാന്‍ കഴിയുന്ന ഒരാള്‍ക്ക് ചന്ദ്രനില്‍ 6 മീറ്റര്‍ പൊക്കത്തില്‍ ചാടാന്‍ സാധിക്കണം. കാരണം അവിടെ ആറിലൊന്നു ഗുരുത്വാകര്‍ഷണമല്ലേയുള്ളൂ. പുസ്തകം വാങ്ങി വായിക്കുന്ന കോവിദന്‍മാര്‍ അന്തംവിടും. 6 മീറ്റര്‍ പൊക്കത്തില്‍, പോട്ടെ 4 മീറ്റര്‍ പൊക്കത്തില്‍പോലും ഒരു അപ്പോളോ സഞ്ചാരിക്കും ചാടാനായില്ല എന്നല്ലേ നാം മനസ്സിലാക്കുന്നത്? അതില്‍നിന്നും ചാന്ദ്രയാത്ര തട്ടിപ്പായിരുന്നുവെന്ന് സംശയാതീതമായ തെളിയുന്നു. ഹോക്‌സ് ജനുസ്സില്‍പ്പെട്ട ഒരു കിടിലന്‍ പുസ്തകത്തിന് വകുപ്പായി!
ശരിയാണ്, ചാന്ദ്രയാത്രികരില്‍ ആരും തന്നെ ആറ് മീറ്റര്‍ ഉയരത്തില്‍ ചാടിയിട്ടില്ല; ചാടുകയുമില്ല. കാരണം പലതുണ്ട്. ആദ്യമായി കണക്ക് തന്നെ തെറ്റാണ്. ഹോക്‌സ് സൈദ്ധാന്തികരുടെ ഇതേ കണക്കനുസരിച്ച് തറനിരപ്പില്‍നിന്നും 2.45 മീറ്ററിലധികം ഉയരത്തില്‍ ചാടുന്ന ഭൂമിയിലെ ഹൈജമ്പ് ലോകറെക്കാഡുകാരനെ ചന്ദ്രനിലെത്തിച്ചാല്‍ അയാള്‍ കുറഞ്ഞത് 15 മീറ്റര്‍ ഉയരത്തില്‍ ചാടുമെന്നാണ് കരുതേണ്ടത്. അതായത്, ചന്ദ്രനില്‍ ഏതാണ്ട് ഒരു മൂന്നുനില കെട്ടിടത്തിന്റെ പൊക്കത്തിലെത്താന്‍ അയാള്‍ക്ക് സാധിക്കണം. ശാസ്ത്രീയമായ അജ്ഞതയാണോ ഗണിതപരമായ അജ്ഞതയാണോ ഇവിടെയും തട്ടിപ്പുവാദികളുടെ തുണയ്‌ക്കെത്തുന്നതെന്ന് കൃത്യമായി പറയാനാവില്ല.
ഉയര്‍ന്ന് ചാടുമ്പോള്‍ കൈവരിക്കുന്ന ഉയരം നാമെങ്ങനെയാണ് വ്യാഖ്യാനിക്കേണ്ടത്? ശിരസ്സ് എത്തിപ്പെടുന്ന ഉയരമോ? അതോ പാദങ്ങള്‍ തറനിരപ്പില്‍ നിന്നും കൈവരിക്കുന്ന ഉയരമോ? രണ്ടും പരിഗണിക്കാനാവില്ല. കുത്തനെ ഉയര്‍ന്നുചാടുമ്പോള്‍ ശരിക്കും നാം നമ്മുടെ ഗുരുത്വകേന്ദ്രം(centre of gravity) അന്തരീക്ഷത്തിലേക്ക് ഉയര്‍ത്തുകയാണ് ചെയ്യുന്നത്. നമ്മുടെ ഗുരുത്വകേന്ദ്രം ഏതാണ്ട് നാഭീകേന്ദ്രത്തിന് അടുത്തായി വരും. അതായത് 1.80 മീറ്റര്‍ ഉയരമുള്ള ഒരു ആറടിക്കാരന്‍ നിവര്‍ന്നുനില്‍ക്കുമ്പോള്‍ അയാളുടെ ഗുരുത്വകേന്ദ്രം ഒരു മീറ്റര്‍ പൊക്കത്തിലാണെന്ന് കരുതാം. അങ്ങനെയെങ്കില്‍ അയാള്‍ ഒന്നര മീറ്റര്‍ ഉയരത്തില്‍ ചാടുമ്പോള്‍ ശരിക്കും ചാടുന്നത് അര മീറ്റര്‍ മാത്രം. അതായത് 1 മീറ്റര്‍ ഉയരത്തിലുള്ള ഗുരുത്വകേന്ദ്രം അരമീറ്റര്‍ കൂടി അധികം (extra height) ഉയര്‍ത്തിയപ്പോഴാണ് തറനിരപ്പില്‍നിന്നും ഒന്നര മീറ്റര്‍ ഉയരത്തില്‍ അയാള്‍ ചാടിയെന്ന് നാം പറയുന്നത്. അപ്പോള്‍ ടിയാന്‍ യഥാര്‍ത്ഥത്തില്‍ ചാടിയത് അര മീറ്ററാണ്; മൊത്തം കണക്കില്‍ ഒന്നര മീറ്ററും. ഹൈജമ്പില്‍ നമുക്ക് നമ്മുടെ ഉയരത്തില്‍ ചാടാന്‍ പോലും പലപ്പോഴും പ്രയാസമാണ്. കുത്തനെ ഉയര്‍ന്ന് പൊങ്ങുമ്പോള്‍ താണ്ടുന്ന ഉയരം അതിലും കുറവായിരിക്കും. അങ്ങനെയെങ്കില്‍ ഭൂമിയില്‍ അര മീറ്റര്‍ ചാടുന്ന ഒരാള്‍ ചന്ദ്രനില്‍ ചാടുക കേവലം മൂന്ന് മീറ്റര്‍(0.5X6) പൊക്കത്തില്‍ മാത്രമായിരിക്കും.
ഏതാണ്ട് 85 കിലോ ഭാരം വരുന്ന സ്‌പേസ് സ്യൂട്ടും യന്ത്രസംവിധാനങ്ങളും ഏരിയലുമൊക്കെയായി ചന്ദ്രയാത്രികര്‍ കുത്തനെ ചാടിയത് 3 മീറ്റര്‍ ഉയരത്തിലും കുറവാണ്. പക്ഷെ യാതൊരു പരിശീലനവുമില്ലാതെ, ഭൂമിയെ അപേക്ഷിച്ച് ഗണ്യമായ ഉയരം കൈവരിക്കാന്‍ അവര്‍ക്കായി. ഭൂമിയിലൊരിക്കലും ചിന്തിക്കാന്‍ പോലുമാകാത്ത ഉയരമാണത്. ഭൂമിയില്‍ സമാനമായ സ്‌പേസ് സ്യൂട്ടുമായി അരയടി പൊക്കത്തില്‍പോലും കുത്തനെ മുകളിലോട്ട് ചാടാനാവില്ല. മാത്രമില്ല താഴോട്ട് വീഴുന്ന വേഗതയും(falling speed) ഗുരുത്വബലം കുറവുള്ള ഒരു ഗ്രഹത്തില്‍ സംഭവിക്കേണ്ട നിരക്കിലാണ്. ഭൂമിയില്‍ 85 കിലോ ഭാരവുമായി 75 കിലോ ശരീരഭാരമുള്ള ഒരാള്‍ ഇത്തരത്തില്‍ പൊങ്ങിച്ചാടികൊണ്ടിരുന്നാല്‍ അയാള്‍ക്ക് അസ്ഥി സംബന്ധമായ പരിക്കേല്‍ക്കാനുള്ള സാധ്യതയുണ്ട്. പക്ഷെ പേടിക്കേണ്ട, ഭൂമിയില്‍ ഇത് സാധ്യമല്ല. ചന്ദ്രനില്‍ 85 കിലോ ഭാരം 15 കിലോയിലും താഴെയായിരുന്നു; ശരീരഭാരമാകട്ടെ 12 കിലോയും. അങ്ങനെ മൊത്തം 27-28 കിലോ മാത്രം. ഈ ഭാരം അനായാസം ഉയര്‍ത്താനുള്ള പേശീഘടനയും കരുത്തും നമുക്കുണ്ട്. ഈ ശാസ്ത്രവസ്തുതകള്‍ ബോധ്യപ്പെടുന്ന ആരും ഇത്തരം ഹോക്‌സ് ആരോപണങ്ങളോട് പ്രതികരിക്കാന്‍ പോലും തയ്യാറാവില്ല.
ശ്രദ്ധിക്കുക, സ്‌പേസ് സ്യൂട്ടിന്റെ ശരാശരി ഭാരം 85 കിലോഗ്രാമും ആസ്‌ട്രോനോട്ടിന്റെ ശരാശരി ഭാരം 75 കിലോ കൂടിയാകുമ്പോള്‍ ശരാശരി 160 കിലോഗ്രാമായി. അത്രയും ഭാരം കുത്തനെ മുകളിലേക്ക് ഉയര്‍ത്തുന്നതിനെ കുറിച്ചാണ് നാം സംസാരിക്കുന്നത്. പക്ഷെ ചന്ദ്രനില്‍ ഇത് കേവലം 27 കിലോഗ്രാമാണല്ലോ. ഭൂമിയിലാണെങ്കിലും സാധാരണ ഒരാള്‍ ചാടുന്നതിന്റെ വളരെകുറച്ച് ഉയരം മാത്രമേ 85 കിലോഗ്രാം പേറുന്ന ഒരാള്‍ക്ക് ചാടാനാവൂ എന്നതില്‍ തര്‍ക്കമില്ലല്ലോ. അപ്പോള്‍ ''ആറിരട്ടി'' എന്ന കണക്ക് പ്രായോഗികതലത്തില്‍ ദുര്‍ബലപ്പെടുകയാണ്. ചാടുന്നത് മനുഷ്യനായതുകൊണ്ട് വേറെയും പ്രശ്‌നമുണ്ട്. ഭാരം കൂടിയാല്‍ അവന് ചാടാനേ കഴിയില്ല. സ്‌പേസ് സ്യൂട്ട് നില്‍ക്കുന്ന നില്‍പ്പില്‍ മുകളിലോട്ട് കുതിക്കാന്‍ (leap)പ്രതിബന്ധമുണ്ടാക്കുന്ന ഒരു സംവിധാനമാണെന്ന് മറക്കരുത്. സ്യൂട്ട് യാത്രികരുടെ സക്രിയതയും ചലനാത്മകതയും നല്ലൊരളവില്‍ തടസ്സപ്പെടുത്തുന്നുണ്ട്. കൈമുട്ടും കാല്‍മുട്ടം വേണ്ടത്ര വളയ്ക്കാനാവില്ല. കുതിപ്പിന് ആവശ്യമായ വലിവും പ്രവേഗവും കൈവരിക്കുക എളുപ്പവുമല്ല. നില്‍ക്കുന്ന നില്‍പ്പില്‍ മുകളിലോട്ട് ചാടണമെങ്കില്‍ കാല്‍മുട്ട് നന്നായി വളഞ്ഞേ തീരു. ഇല്ലെങ്കില്‍ ആര്‍ജ്ജിക്കുന്ന ഉയരം ഗണ്യമായി കുറയും. ചന്ദ്രനില്‍ സ്‌പേസ് സ്യൂട്ടില്‍ നിന്നുകൊണ്ട് ചാടിയവര്‍ക്ക് ഈ പ്രശ്‌നമുണ്ടായിരുന്നു. അപ്പോള്‍ ചന്ദ്രനിലായാലും സ്‌പേസ് സ്യൂട്ടിട്ട് ചാടിയാല്‍ വളരെ കുറച്ച് ഉയരമേ കൈവരിക്കാനാവുകയുള്ളു. അതായത് നാം മുമ്പ് സൂചിപ്പിച്ച രീതിയില്‍ മൂന്ന് മീറ്റര്‍ ഉയരം ആ അവസ്ഥയില്‍ ദുഷ്‌ക്കരമാണ്.
ഇടയ്ക്കു പറയട്ടെ, ചന്ദ്രനില്‍ ലാന്‍ഡ് ചെയ്ത ല്യൂണാര്‍മോഡ്യൂളിനുള്ളില്‍ ഭൗമാന്തരീക്ഷമാണുള്ളത്. എന്നാല്‍ പുറത്തുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് (EVM-Extra vehicular activities)സ്‌പേസ് സ്യൂട്ട് കൂടിയേ തീരൂ. സ്‌പേസ് സ്യൂട്ടില്ലാതെ പരമാവധി 15 സെക്കന്‍ഡില്‍ കൂടുതല്‍ ബഹിരാകാശത്ത് തങ്ങാനാവില്ലെന്നാണ് കരുതപ്പെടുന്നത്. ഭാരരഹിതമായ അവസ്ഥയില്‍ ശരീരത്തിന്റെ ആകൃതി പെട്ടെന്ന് നഷ്ടപ്പെടും. ശരീരം വീര്‍ത്ത് ഏതാണ്ട് ഇരട്ടിയോളം വലുതാകും, മാത്രമല്ല ശ്വാസം പുറത്തുവിടാനാവശ്യമായി തോതില്‍ ചുരുങ്ങാന്‍ ശ്വാസകോശത്തിന് കഴിയാതെ വരുന്നതിനാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ യാത്രികന്‍ കുഴഞ്ഞുവീഴും. സംഭവിക്കാനിടയുള്ള മറ്റ് അപകടങ്ങളൊക്കെ വിട്ടുകളയുക, ഒരു സെക്കന്‍ഡ് പോലും സ്‌പേസ് സ്യൂട്ടില്ലാതെ ബഹിരാകാശത്ത് കഴിയാനാവില്ല.
ഭൂമിയിലെ ആറിലൊന്ന് ഭാരം അനുഭവപ്പെടുമെന്നതിനാല്‍ ചന്ദ്രനില്‍ സ്ഥിതി അത്രയും ഗുരുതരമല്ല. പക്ഷെ പ്രാപഞ്ചികരശ്മികള്‍, റേഡിയേഷന്‍, അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവയുടെ നിരന്തരപ്രസരണവും ഒപ്പം അതിതീവ്ര കാലവസ്ഥയുമുള്ള ചന്ദ്രനില്‍ സ്‌പേസ് സ്യൂട്ടില്‍ നിന്ന് പുറത്തുവരുന്നത് ആത്മഹത്യാപരമായിരിക്കും. മാത്രമല്ല ബോധം കെട്ട് വീഴുകയോ മറ്റോ ചെയ്താല്‍ പെട്ടെന്നൊരു തിരിച്ചുവരവ് (recovery) പ്രായേണ ദുഷ്‌ക്കരമാവും. സ്‌പേസ് സ്യൂട്ട് ഒരു കൃത്രിമഭൂമിയാണ്. മര്‍ദ്ദവും ഊഷ്മാവുമൊക്കെ കൃത്യമായി അതിനുള്ളില്‍ ക്രമീകരിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ 12 പേര്‍ ചന്ദ്രനിലിറങ്ങി മണിക്കൂറുകളോളം അവിടെ ചെലവിട്ടുവെങ്കിലും ചന്ദ്രന്‍ എങ്ങനെയിരിക്കുമെന്ന് ഒരു മനുഷ്യനും ഇന്നുവരെ അറിഞ്ഞിട്ടില്ല, അനുഭവിച്ചിട്ടില്ല.
ചന്ദ്രനിലെ ചാട്ടത്തിലേക്ക് തിരികെ വരാം. ചാന്ദ്രദൃശ്യങ്ങളില്‍ നിന്നും വിഡിയോയില്‍ നിന്നും യാത്രികര്‍ കുത്തനെ ഉയര്‍ന്ന് ചാടുമ്പോള്‍ ശരാശരി 10 അടിയിലേറെ ഉയരം കൈവരിക്കുന്നതായി കണക്കാക്കപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ മൊത്തം ശരാശരി 160 കിലോഗ്രാം ഭാരമാണ് സ്വന്തം ഊര്‍ജ്ജം കൊണ്ട് ചാന്ദ്രയാത്രികര്‍ 10 അടി ഉയരത്തിലേക്ക് ഉയര്‍ത്തുന്നത്. ഓള്‍ഡ്രിന്‍ ഒരു ചിത്രത്തില്‍ ഏകദേശം 12 അടി പൊക്കത്തില്‍ ചാടുന്നുണ്ട്. എന്നാല്‍ പിന്നീടെത്തിയ യാത്രികര്‍ ഈ 'റെക്കോഡ്'തകര്‍ക്കുന്നതും നാം കാണുന്നു.
ഇനി പ്രായോഗികത വിട്ട് അല്‍പ്പം സൈദ്ധാന്തികമായി ചിന്തിക്കാം. ഭൂമിയിലെ പലായനപ്രവേഗം 9.8മീറ്റര്‍/സെക്കന്‍ഡും ചന്ദ്രനില്‍ ആയത് 1.6 മീറ്റര്‍/ സെക്കന്‍ഡും ആണെന്നിരിക്കെ ഭൂമിയില്‍ ഗുരുത്വകേന്ദ്രം അര മീറ്റര്‍ (3 അടി)ഉയര്‍ത്തുന്ന ഒരാള്‍ക്ക് താത്വികമായി ചന്ദ്രനില്‍ 18 അടി ഉയര്‍ത്താനാവേണ്ടതാണെന്ന് ആദ്യം സൂചിപ്പിച്ചല്ലോ. സത്യത്തില്‍ താത്വികമായി 18 അടിയിലും കൂടിയ ഉയരത്തിലേക്ക് പോകാനാവണം. എന്തുകൊണ്ടെന്നാല്‍ ചന്ദ്രനില്‍ അന്തരീക്ഷമുയര്‍ത്തുന്ന പ്രതിരോധം(air resistence) ഇല്ലല്ലോ. ഉയരുന്ന വസ്തുവിന് മേലുള്ള വിരുദ്ധപ്രതിരോധത്തിന്റെ അഭാവം കൂടുതല്‍ ഉയരം ആര്‍ജ്ജിക്കാന്‍ വിക്ഷേപിത വസ്തുവിനെ സഹായിക്കേണ്ടതാണ്. ഭൂമിയിലെ പലായനപ്രവേഗമായ 9.8/സെക്കന്‍ഡ് എന്ന പ്രവേഗം കണക്കാക്കിയിരിക്കുന്നത് ഈ പ്രതിരോധം കൂടി കണക്കിലെടുത്താണെങ്കിലും അന്തരീക്ഷരാഹിത്യത്തില്‍ കൈവരിക്കാനാവുന്ന ഉയരം ആറിരട്ടിയിലും അധികമായിരിക്കുമെന്ന അഭിപ്രായത്തിനാണ് വിദഗ്ധരുടെ ഇടയില്‍ മുന്‍തൂക്കം. ല്യൂണാര്‍ മോഡ്യൂള്‍ വിക്ഷേപിക്കപ്പെട്ടപ്പോള്‍ റോക്കറ്റ് ശക്തി വേണ്ടതിലധികമായി തോന്നിയെങ്കില്‍ അതിന് കാരണം വായുപ്രതിരോധം പൂജ്യമായതാവാം.
കടലാസില്‍ കാണുന്ന 'ആറിരട്ടി' പ്രായോഗികതലത്തില്‍ സാധ്യമാകാത്തതിന് പല കാരണങ്ങളുമുണ്ട്. ചന്ദ്രനില്‍ ഒരു മനുഷ്യന് എത്ര ഇരട്ടി ഉയരത്തില്‍ ചാടാം എന്നതിനപ്പറ്റി കൃത്യമായ ഒരുത്തരം ശാസ്ത്രലോകം ഇനിയും നല്‍കിയിട്ടില്ല. പലരും പല മാതൃകകളും അവതരിപ്പിക്കുന്നുണ്ട്. 'ആറിരട്ടി' കണക്ക് പ്രായോഗികമാകാത്തതിന് പ്രധാനകാരണം, മുമ്പ് സൂചിപ്പിച്ചതുപോലെ ചാടുന്നത് മനുഷ്യനാണ് എന്നതുതന്നെ. ആറിരട്ടി പൊക്കത്തില്‍ ചാടണമെങ്കില്‍ അതിന് തുല്യമായ പ്രവേഗം നല്‍കാന്‍ നമ്മുടെ പേശീഘടനയ്ക്ക് (muscle structure) സാധിക്കണം. നാം മുകളിലേക്ക് കുതിക്കുകയാണ്, അല്ലാതെ ഉത്തോലക സഹായേത്തോടെ പൊങ്ങുകയല്ല. ഗുരുത്വത്തിനെതിരെ സ്വയം ആര്‍ജ്ജിക്കുന്ന പ്രവേഗമാണ് (acceleration) നമുക്ക് വേണ്ടത്. അതിനായി പേശീഘടന വലിഞ്ഞ് ചുരുങ്ങി മുകളിലേക്കുള്ള തള്ളല്‍ബലം (upward thrust)സൃഷ്ടിക്കണം. പേശീ ഉണ്ടായാല്‍ പോരാ, അങ്ങനെ ചെയ്യുന്ന ശീലം കൂടി നമ്മുടെ ശരീരത്തിനുണ്ടാവണം. ഭൂമിയില്‍ വസിക്കുന്ന നമ്മുടെ ശരീരത്തിന് ഭൗമജീവിതത്തിന്റേതായ പരിമിതികളും പരിധികളുമുണ്ട്. സാധാരണഗതിയില്‍ ചാടുന്നതിന്റെ ആറിരിട്ടി പ്രവേഗം നല്‍കാനാവശ്യമായ വലിവ് നമ്മുടെ പേശികള്‍ക്കുണ്ടാവില്ലെന്നതാണ് വസ്തുത.
അതോടൊപ്പം മുമ്പ് സൂചിപ്പിച്ചതുപോലെ സ്‌പേസ് സ്യൂട്ടു കാരണം സഞ്ചാരികള്‍ക്ക് കാല്‍ മുട്ട് വേണ്ടത്ര വളയ്ക്കാനോ മടക്കാനോ സാധിക്കില്ല. അതുകൊണ്ടുതന്നെ കാല്‍മുട്ട് നേരെചൊവ്വെ മടക്കി മേല്‍കുതിപ്പിനാവശ്യമായ പ്രവേഗം സമ്പാദിക്കാനുമാവില്ല. അങ്ങനെ വരുമ്പോള്‍ ഭൂമിയില്‍ ചാടുന്നതില്‍ കുറേക്കൂടി പൊക്കത്തില്‍ ഒന്നര-രണ്ടിരട്ടി ഉയരത്തില്‍ ചാടാനേ സാധാരണഗതിയില്‍ നമ്മുടെ പേശീകള്‍ അനുവദിക്കുകയുള്ളു എന്നാണ് മനസ്സിലാക്കേണ്ടത്. പിന്നെ, ചന്ദ്രനില്‍ പോയത് ചാടി റെക്കോഡിടാനൊന്നുമല്ല; യാത്രികര്‍ പ്രൊഫഷണല്‍ ചാട്ടക്കാരുമായിരുന്നില്ല. ല്യൂണാര്‍ മോഡ്യൂളിന്റെ വിക്ഷേപണത്തില്‍ 'ആറിരട്ടി' കണക്ക് കൃത്യമായി പാലിക്കപ്പെടും;ഒരുപക്ഷെ അതിലേറെ. പക്ഷെ പല കാരണങ്ങള്‍കൊണ്ട് ഭാരം പേറിനില്‍ക്കുന്ന മനുഷ്യനത് സാധിക്കില്ല. അതാണ് വിഡിയോ കണ്ട് ചന്ദ്രനിലെ ചാട്ടം ഇതുപോരാ എന്ന് പരിതപിക്കുന്നവര്‍ മനസ്സിലാക്കേണ്ട പ്രാഥമികപാഠം***