![]() |
The tunnel between Command Module& Lunar Module after docking |
![]() |
Artist's view: CM and LM after docking |
വിലക്ഷണമായ, ഏതാണ്ട് ചിലന്തിയുടെ ആകൃതിയുള്ള ലൂണാര്‍ മോഡ്യൂള്‍ ഇത്രയും വേഗത്തില്‍ കുതിച്ചുപോയുന്ന വാഹനത്തിന്റെ മുന്നില്‍ ഘടിപ്പിച്ചാല്‍ എങ്ങനെ മുന്നോട്ടുപോകാനാവും? ന്യായമായ ചോദ്യം തന്നെ. ഭൂമിയിലോ ഭൗമാന്തരീക്ഷത്തിലോ അത്തരമൊരു കാര്യം ചിന്തിക്കാന്‍ പോലുമാവില്ല. അവിടെ വായുപ്രതിരോധം പരമാവധി കുറയ്ക്കാന്‍ സഹായകമായ ആകൃതിയുണ്ടാവണം. പക്ഷെ ബഹരാകാശത്ത് അന്തരീക്ഷപ്രതിരോധമോ ഭാരമോ ഇല്ലാത്തതിനാല്‍ വിക്ഷേപണവസ്തുവിന്റെ ആകൃതിയോ ഭാരമോ ഒരു വിഷയമല്ല. ലൂണാര്‍ മോഡ്യൂള്‍ ശൂന്യാകാശത്തില്‍ മാത്രം പറക്കാനായി ആസൂത്രണം ചെയ്യപ്പെട്ടതാണ്. അതുകൊണ്ടുതന്നെ അതിന്റെ മുന്‍ഭാഗം പോര്‍മുനപോലെ (streamline) രൂപപ്പെടുത്തേണ്ട കാര്യമുണ്ടായിരുന്നില്ല.
ലൂണാര്‍ മോഡ്യൂള്‍ മുന്നില്‍ വെച്ചുകൊണ്ട് 3 ദിവസം സഞ്ചരിച്ച് ചന്ദ്രാകാശത്ത് എത്തുന്ന പേടകം ചന്ദ്രനെ വലം വെക്കാന്‍ തുടങ്ങുന്നു. ചാന്ദ്രഭ്രമണപഥത്തില്‍ ലൂണാര്‍ മോഡ്യൂളിനേയും കമാന്‍ഡ് മോഡ്യൂളിനേയും ബന്ധിപ്പിക്കുന്ന ഭാഗം ഒരു കുഴലെന്നപോലെ തുറക്കാവുന്നതാണ്. ഈ കുഴലിലൂടെ സഞ്ചാരികള്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും നുഴഞ്ഞുകയറാം. ലൂണാര്‍ മോഡ്യൂള്‍ മുന്‍വശത്ത് വന്നുകഴിഞ്ഞാല്‍ യാത്രികരില്‍ രണ്ടുപേര്‍ കമാന്‍ഡ് മോഡ്യൂളില്‍ നിന്നും ലൂണാര്‍മോഡ്യൂളിലേക്ക് കയറും. ബാക്കിയുള്ള ഒരാള്‍ കമാന്‍ഡ് മോഡ്യൂളില്‍ തന്നെ ഇരിക്കും. തുടര്‍ന്ന് ലൂണാര്‍ മോഡ്യൂള്‍ കമാന്‍ഡ് മോഡ്യൂളില്‍ നിന്ന് മെല്ലെ വേര്‍പെടുന്നു. രണ്ടു വാഹനങ്ങളും വ്യത്യസ്ത ഭ്രമണപഥങ്ങള്‍ സ്വീകരിച്ച് ചന്ദ്രനെ ചുറ്റുന്നത് തുടരും. കുറെക്കഴിയുന്നതോടെ ലൂണാര്‍ മോഡ്യൂള്‍ അതിലെ ദിശാറോക്കറ്റുകള്‍ പ്രവര്‍ത്തിപ്പിച്ച് മെല്ലെ ചന്ദ്രനിലേക്ക് വീഴുന്നു.
ഇന്ധനം പരമാവധി ശേഖരിക്കാനായി ലൂണാര്‍ മോഡ്യൂളിന്റെ ഭാരം പരമാവധി കുറയ്ക്കാനാണ് നാസ തീരുമാനിച്ചത്. അതിനായി യാത്രികര്‍ക്കുള്ള സീറ്റുകള്‍ പോലും ഉപേക്ഷിച്ചു. എത്ര ഇന്ധനം ശേഖരിക്കാമോ ദൗത്യത്തിന്റെ മൊത്തം അതിജീവനസാധ്യത അത്രകണ്ട് വര്‍ദ്ധിക്കുമല്ലോ. നീല്‍ ആംസ്‌ട്രോങും ഓള്‍ഡ്രിനും ചന്ദ്രനിലും ചെന്നിറങ്ങിയതും അവിടെനിന്ന് കയറിയതും നിന്നുകൊണ്ടായിരുന്നുവെന്ന് സാരം. ഇത്രയും ദൂരം യാത്ര ചെയ്യുന്നവര്‍ക്ക് ഇരിക്കാന്‍ നല്ല രണ്ട് സീറ്റുപോലും കൊടുക്കാതിരുന്ന നാസയിലെ ബുദ്ധിരാക്ഷസന്‍മാരെ സമ്മതിക്കണം! പക്ഷെ, ഓര്‍ക്കുക, ചന്ദ്രയാത്ര കേവലം മറ്റൊരു യാത്രയല്ല!
7 മീറ്റര്‍ ഉയരവും 15 ടണ്‍ ഭാരവുമുള്ള ലൂണാര്‍ മോഡ്യൂളില്‍ കഷ്ടിച്ച് ചുരുണ്ടുകൂടി കിടക്കാനും ചാരിനില്‍ക്കാനും മാത്രമുള്ള സ്ഥലമേ ലഭ്യമായിരുന്നുള്ളു. ലൂണാര്‍ മോഡ്യൂളിന്റെ അഷ്ടഭുജാകൃതിയുള്ള(octagonal) കീഴ്ഭാഗത്ത് (descent stage)ബ്രേക്ക് ചെയ്യാനുള്ള ഒരൊറ്റ എന്‍ജിനും ലാന്‍ഡിംഗിന്റെ ആഘാതം താങ്ങാനാവശ്യമായ ഷോക്ക് അബ്‌സോര്‍ബറുകളുള്ള കാലുകളും ഉണ്ടായിരുന്നു. ഈ ബ്രേക്കിംഗ് എന്‍ജിന്‍ (descent engine) നിരന്തരം ചന്ദ്രോപരിതലത്തിലേക്ക് ജ്വാല (exhaust) തള്ളിക്കൊണ്ടിരിക്കും. അതുമൂലം ചന്ദ്രനിലേക്ക് വീഴുന്ന പേടകത്തിന് മേല്‍ മുകളിലേക്ക് ഒരു തള്ളല്‍ അനുഭവപ്പെടും. ഇതുമൂലം വീഴ്ചയുടെ വേഗത കുറഞ്ഞുവരുന്നു. അവസാനം വാഹനത്തിന് തറതൊടാനാവാത്ത വിധം പ്രതിരോധമുണ്ടാകും. ചാന്ദ്രോപരിതലത്തില്‍ സുരക്ഷിതമായ സ്ഥലം കണ്ടെത്തുന്നതുവരെ ഇടിച്ചു വീഴാതെ തങ്ങിനില്‍ക്കാന്‍ (hover)ഇതുമൂലം സാധിക്കും. പക്ഷെ നിശ്ചിതസമയത്തിനുളളില്‍ നിര്‍ദ്ദിഷ്ട സ്ഥലം കണ്ടെത്തിയില്ലെങ്കില്‍ എന്‍ജിനിലെ ഇന്ധനം തീരുകയും പേടകം ഇടിച്ചിറങ്ങുകയും ചെയ്യും. ഇന്ധനം തീരുന്നതിന് മുമ്പ് കഴിവതും പെട്ടെന്ന് ഇറക്കാനായിരുന്നു നാസയുടെ നിര്‍ദ്ദേശം. അപ്പോളോ-11 ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യുന്ന സമയത്ത് 5 മിനിറ്റ് നേരത്തേക്കുള്ള ഇന്ധനം മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളു.
![]() |
Self launching of 'Eagle' from Moon The fire, fume and dust are just poetic imagination |
ഉപരിഭാഗത്തിന്റെ അടിത്തട്ടിലുള്ള ത്രികോണാകൃതിയിലുള്ള സ്‌ക്രീനുണ്ടായിരുന്നു. യു-ട്യൂബില്‍ നാസ പുറത്തുവിട്ട വീഡിയോ കണ്ടവര്‍ക്കെറിയാം, യാത്രികര്‍ ചാന്ദ്രോപരിതലം കണ്ടുകൊണ്ടിരുന്നത് ത്രികോണാകൃതിയുള്ള ഈ ജാലകത്തിലൂടെയാണ്. ലാന്‍ഡിംഗിന് ശേഷം പേടകത്തില്‍ നിന്ന് യാത്രികര്‍ പുറത്തിറങ്ങുന്നതും തിരിച്ചുകയറുന്നതും വളരെ ശ്രമപ്പെട്ടാണ്. ഈഗിളിന്റെ കാലുകളില്‍ ഘടിപ്പിച്ച കോവേണിയിലൂടെയാണ് യാത്രികര്‍ പുറത്തിറങ്ങിയത്. അത്തരത്തിലൊന്ന് നാസ ഇപ്പോഴും പ്രദര്‍ശനത്തിനായി (at the National Air and Space Museum in Washington)സൂക്ഷിച്ചിട്ടുണ്ട്.
ചന്ദ്രനിലിറങ്ങിയ സഞ്ചാരികള്‍ അവരോട് നിര്‍ദ്ദേശിച്ചിരുന്ന അന്വേഷണങ്ങളും ദൗത്യങ്ങളും നിര്‍വഹിച്ചു. പാറയും മറ്റും ശേഖരിച്ച് തിരിച്ചുകയറിയ ശേഷം ഉപരിഭാഗം (ascent stage) മാത്രമായി ചന്ദ്രനില്‍ നിന്ന് റോക്കറ്റ് എന്‍ജിനുകളുടെ സഹായത്തോടെ പറന്നുപൊങ്ങി. പാമ്പ് പടം പൊഴിക്കുന്നതുപോലെ കീഴ്ഭാഗം ചന്ദ്രനില്‍ ഉപേക്ഷിച്ചാണ് യാത്രികര്‍ ചന്ദ്രനില്‍ നിന്ന് പറന്നകന്നത്. 'വിക്ഷേപണത്തറ'യായി (launch pad) ഉപയോഗിച്ച കീഴ്ഭാഗം ഉപേക്ഷിക്കപ്പെട്ടു.
ബഹിരാകാശത്തെ ബാലെ
![]() |
The docking target of Lunar Module as seen from the Command Module |
കമാന്‍ഡ്‌മോഡ്യൂളും ലൂണാര്‍ മോഡ്യൂളും ഒറ്റ പേടകമായി ചന്ദ്രനിലേക്കുള്ള യാത്ര തുടരുന്നതിന് മുമ്പ് തന്നെ റോക്കറ്റിന്റെ (S-IVB rocket)ബാക്കിവന്ന ഭാഗം ജ്വലിപ്പിച്ച് സൂര്യന് ചുറ്റുമായുള്ള ഒരു ഭ്രമണപഥത്തിലേക്ക് തള്ളി വിട്ടിരുന്നു. എന്നാല്‍ അപ്പോളോ-13 മുതലുള്ള ദൗത്യങ്ങളില്‍ ഇങ്ങനെ ബാക്കിവന്ന റോക്കറ്റ് ഭാഗം ചാന്ദ്രപേടകത്തിന് ഒപ്പം സഞ്ചരിക്കുകയും ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി ചാന്ദ്രോപരിതലത്തിലേക്ക് തകര്‍ന്ന് വീഴുകയുമാണുണ്ടായത്. ഇതുമൂലം ചന്ദ്രനിലുണ്ടായ മനുഷ്യനിര്‍മ്മിതമായ ചാന്ദ്രകമ്പം (a man-made moonquake) അവിടെ സ്ഥാപിച്ചിരുന്ന കമ്പമാപിനികള്‍ (seismometers)രേഖപ്പെടുത്തിയിട്ടുണ്ട്. അപ്പോളോ-11, 12 എന്നീ ദൗത്യസംഘങ്ങളാണ് ഈ കമ്പമാപിനി ചന്ദ്രനില്‍ സ്ഥാപിച്ചത്. ചന്ദ്രന്റെ ആന്തരികഘടനയെ കുറിച്ച് പഠിക്കാന്‍ ഇത്തരം 'ഇടിച്ചിറക്കലുകള്‍' നാസയെ ഏറെ സഹായിച്ചിട്ടുണ്ട്.
ല്യൂണാര്‍ മോഡ്യൂളും കമാന്‍ഡ് മോഡ്യൂളും തമ്മില്‍ ഒരു കുഴല്‍ (tunnel)വഴിയാണ് ബന്ധിപ്പിച്ചിരുന്നതെന്ന് പരാമര്‍ശിച്ചല്ലോ. ഇതിലൂടെ യാത്രികര്‍ക്ക് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കാനാവുമായിരുന്നു. ഈ കുഴല്‍ വളരെ ഇടുങ്ങിയതാണെന്നും ഇതിലൂടെ മനുഷ്യര്‍ക്ക് നുഴഞ്ഞുപോകാനാവില്ലെന്നും ഒരു ഹോക്‌സ് വാദമുണ്ട്. തികച്ചും വാസ്തവവിരുദ്ധമാണിത്. സ്ഥലപരിമിതയുണ്ടെങ്കില്‍ അതിന്റെ അര്‍ത്ഥം സഞ്ചാരം അസാധ്യമാണെന്നല്ല. ഇതു സംബന്ധിച്ച് നാസ ലഭ്യമാക്കിയ അളവുകള്‍ ശ്രദ്ധിക്കുക: 32 ഇഞ്ച് വ്യാസവും 18 ഇഞ്ച് നീളവുമാണ് ഈ കുഴലിനുള്ളത്. അതായത് ഏതാണ്ട് മൂന്നടി വീതി, ഒന്നരയടി നീളം. അത്തരമൊരു കുഴലിലൂടെ സ്‌പേസ്സ്യൂട്ടിട്ട് മനുഷ്യന് നുഴഞ്ഞുപോകാം. അതുകൊണ്ട് തന്നെ അതൊരു ചര്‍ച്ച ചെയ്യേണ്ട വാദമായി കാണാനാവില്ല.
ചന്ദ്രനിലിറങ്ങാന്‍ നേരത്ത് മാത്രമല്ല അതിന് മുമ്പ് വൈദ്യുതിബന്ധവും യന്ത്രസംവിധാനവും പരിശോധിക്കാനായി യാത്രികര്‍ പലകുറി കമാന്‍ഡ് മോഡ്യൂളില്‍ നിന്നും ല്യൂണാര്‍ മോഡ്യൂളിലേക്ക് സഞ്ചരിച്ചിട്ടുണ്ട്. ഇവിടെ നിര്‍ണ്ണായകമായ ആ ചോദ്യമുയരുന്നു: എന്തുകൊണ്ട് ചാന്ദ്രപേടകത്തിന് മൂന്ന് ഭാഗങ്ങള്‍? ചന്തയില്‍ നിന്നും കാലിവണ്ടി തിരിച്ചുവരുന്നപോലെ അവസാനം കമാന്‍ഡ് മോഡ്യൂള്‍ മാത്രമാണ് ഭൂമിയില്‍ തിരിച്ചുവരുന്നത്. ബാക്കിയൊക്കെ കത്തിത്തീരുകയോ ഉപേക്ഷിക്കുകയോ ചെയ്യപ്പെടുന്നു. ലൂണാര്‍ മോഡ്യൂള്‍ മാത്രമാണ് ചന്ദ്രനിലിറിങ്ങുന്നത്. ആദ്യം നാസ തയ്യാറാക്കിയ കമാന്‍ഡ് മോഡ്യൂളിന് മൂന്നു ഭാഗങ്ങള്‍ വിഭാവനം ചെയ്തിരുന്നില്ല. മറിച്ച് കമാന്‍ഡ് മോഡ്യൂളും സര്‍വീസ് മോഡ്യൂളും ലൂണാര്‍ മോഡ്യൂളും ചേര്‍ന്ന് ഒരൊറ്റ വാഹനം. ഈ വാഹനത്തില്‍ ചന്ദ്രനില്‍ പോയി ഇറങ്ങുന്നു-അതേ വാഹനത്തില്‍ തിരിച്ചു ഭൂമിയിലേക്ക് വരുന്നു. എത്ര എളുപ്പം! എത്ര ലളിതം! അതായത് ഒരു വിമാനം ചെന്നിറങ്ങി പറന്നുപൊങ്ങുന്നതുപോലെ.
അങ്ങനെയെങ്കില്‍ ചന്ദ്രാകാശത്തില്‍ ജീവന്‍ പണയം വെച്ച് നടത്തുന്ന Lunar orbit rendezvous(LOR) എന്നറിയപ്പെടുന്ന സംഘടനവും വിഘടനവും പുന: സംഘടനവുമൊക്കെ ഒഴിവാക്കാം. ആദ്യഘട്ടത്തില്‍ നാസയ്ക്ക് ഇത് സംബന്ധിച്ച് മൂന്ന് പദ്ധതികളാണുണ്ടായിരുന്നത്. നേരിട്ടുള്ള വിക്ഷേപണവും(direct ascent) തിരിച്ചുവരവും സാധ്യമായ നോവ ('Nova')എന്ന പേരുള്ള ഏകതാനതയുള്ള ഒരു പടുകൂറ്റന്‍ റോക്കറ്റായിരുന്നു (monolithic rocket) ആദ്യം വിഭാവനം ചെയ്തത്. നോവ ബഹിരാകാശത്തേക്ക് വിക്ഷേപിക്കും. അവിടെ നിന്ന് അത് ചന്ദ്രന്റെ ഭമണപഥത്തിലെത്തും. തുടര്‍ന്ന് ചന്ദ്രനിലിറങ്ങി തിരിച്ചുകയറി തിരിച്ച് ഭൂമിയിലെത്തും-ഇതായിരുന്നു പദ്ധതി.
രണ്ടാമത്തെ പദ്ധതിയില്‍ ഭൗമഭ്രമണപഥത്തില്‍ വെച്ചുള്ള ഡോക്കിംഗായിരുന്നു (Earth Orbit Rendezvous)ലക്ഷ്യമിട്ടത്. ഇതനുസരിച്ച് രണ്ട് ചെറിയ റോക്കറ്റുകള്‍ ബഹിരാകാശത്തേക്ക് വിക്ഷേപിക്കും. ഒന്നില്‍ യാത്രികരും മറ്റൊന്നില്‍ ഇന്ധനവും. ഭൗമഭ്രമണപഥത്തില്‍ വെച്ച് രണ്ടും സംയോജിപ്പിക്കും. തുടര്‍ന്ന് അവിടെ നിന്ന് ചന്ദ്രനിലേക്ക് പറക്കും. 2017-20 കാലഘട്ടത്തില്‍ ചൈന നടത്താനിടയുള്ള ചാന്ദ്രയാത്രയ്ക്ക് ഈ രീതി അവലംബിക്കാനാണ് സാധ്യത. മൂന്നാമത്തെ പദ്ധതിയില്‍ ചാന്ദ്രാകാശത്തെ വിഘടിക്കലും സംയോജിപ്പിക്കലും വിഭാവനം ചെയ്തു.
![]() |
John C Houbolt |
ഈ ത്രിതലപദ്ധതിക്ക് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. ഒന്നാമതായി മൂന്ന് വ്യത്യസ്ത വാഹനങ്ങളും ബഹിരാകാശത്ത് വെച്ച് അവയുടെ സംയോജനവും വിഘടനവും (docking and undocking) ഉണ്ടാക്കുന്ന വിഷമതകളും വെല്ലുവിളികളും ഊഹിക്കാവുന്നതേയുള്ളു. ഭൂമിയുടെ ഭ്രമണപഥത്തില്‍ വെച്ച് നടത്തുന്ന ഡോക്കിംഗ് താരതമ്യേന സുരക്ഷിതമാണെന്ന് പറയാം. അഥവാ ഡോക്കിംഗ് സാധിക്കാതെ വന്നാല്‍ ക്രമേണ ഇന്ധനം നഷ്ടപ്പെട്ട് വാഹനം താഴേക്ക് ഊര്‍ന്നിറങ്ങുകയും ക്രമേണ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് തിരിച്ച് കയറുകയും ചെയ്യും. അങ്ങനെ വന്നാല്‍ ശ്രമം പരാജയപ്പെട്ടാലും പേടകം സുരക്ഷിതമായി ഭൂമിയില്‍ ലാന്‍ഡ് ചെയ്യിക്കാനാവും. ഇനി അഥവാ ഭൗമഭ്രമണപഥത്തില്‍ കുടുങ്ങിപ്പോയാല്‍ അത്യാവശ്യം പ്രാണവായുവും ഭക്ഷണവും മറ്റ് ഉപഭോഗസ്തുക്കളും കരുതിയിട്ടുണ്ടെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന്റെ സാധ്യത തള്ളിക്കളയേണ്ടതുമില്ല.
പക്ഷെ അതുപോലെയാണോ ചാന്ദ്രാകാശത്ത് വെച്ച് നടത്തുന്ന സംഘാടനവും വിഘടനവും?! ശരിക്കും ജീവന്‍ കയ്യില്‍ വെച്ചുകൊണ്ടുള്ള കളിയാണത്. വിഘടനത്തെക്കാള്‍ നിര്‍ണ്ണായകമാണ് ചന്ദ്രനില്‍ നിന്ന് തിരിച്ചുകയറിയ ശേഷമുള്ള സംഘാടനം. ലഭ്യമായ ഇന്ധനപരിധിക്കുള്ളില്‍ ഡോക്കിംഗ് സാധ്യമായില്ലെങ്കില്‍ പദ്ധതി അപ്പാടെ പാളുകയും ലൂണാര്‍മോഡ്യൂള്‍ ക്രമേണ ചന്ദ്രനിലേക്ക് വഴുതി വീഴുകയും ചെയ്യും. യാതൊരുവിധ രക്ഷാപ്രവര്‍ത്തനവും ഈ ഘട്ടത്തില്‍ സാധ്യമല്ല. കമാന്‍ മോഡ്യൂളില്‍ ഇരിക്കുന്ന യാത്രികന് രണ്ട് സഹപ്രവര്‍ത്തകരെയും ഉപേക്ഷിച്ച് തിരിച്ചുപോരുകയല്ലാതെ മറ്റ് ഗത്യന്തരമില്ല.
ഒ! രണ്ടു സഹപ്രവര്‍ത്തകരേയും നഷ്ടപ്പെട്ട് ഭൂമിയിലേക്ക് മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന ആ യാത്രയൊന്നു വിഭാവനം ചെയ്തുനോക്കൂ. ഒരു ദ്വീപില്‍ ഒറ്റപ്പെട്ടത് മൂലമുണ്ടായ ഏകാന്തതയാല്‍ മരിച്ചുപോയ സ്വന്തം പിതാവിനെപ്പറ്റി പരിതപിക്കുന്ന ഒരു കഥാപാത്രം ഇംഗ്‌ളീഷ് നാടകകൃത്തായ ബര്‍നാര്‍ഡ് ഷായുടെ 'ദി ആപ്പിള്‍ക്കാര്‍ട്ട്' എന്ന നാടകത്തിലുണ്ട്. ആ ഏകാന്തതയും ഇതുമായി താരതമ്യപ്പെടുത്താന്‍ പോലുമാകില്ല. ഒരു മനുഷ്യന്‍ പ്രപഞ്ചത്തിന്റെ അഗാധതയിലൂടെ മൂന്ന് ദിവസം ഒറ്റയ്ക്ക്, അതും അവിശ്വസനീയമായ വേഗതയില്‍, യാത്ര ചെയ്യുന്നു!!
എന്നാല്‍ ഇതൊക്കെ പരിഗണിക്കുമ്പോഴും മൂന്ന് ഭിന്ന വാഹനങ്ങള്‍ തന്നെയാണ് പ്രായോഗികമെന്ന് നാസ തിരിച്ചറിഞ്ഞു. അതിനും സാധുവായ നിരവധി കാരണങ്ങളുണ്ട്. ഒന്നാമതായി, ഭൂമിയില്‍ നിന്ന് വിക്ഷേപിക്കുന്ന വാഹനം ബഹിരാകാശത്തുകൂടി യാത്ര ചെയ്ത് ചന്ദ്രനിലിറങ്ങി തിരിച്ചു കയറണമെന്ന് വന്നാല്‍ അത്തരമൊരു വാഹനത്തിന് എല്ലാ ദൗത്യങ്ങളെല്ലാം നിറവേറ്റാനുള്ള ശേഷിയുണ്ടായിരിക്കണം. അങ്ങനെയെങ്കില്‍ മൂന്ന് യാത്രികരുടെ ആവശ്യം തന്നെയില്ല, രണ്ടുപേര്‍ മതിയാകും. പക്ഷെ ഒന്നാലോചിക്കുക, ചന്ദ്രനിലിറങ്ങുന്ന വാഹനത്തില്‍ തിരിച്ചുകയറാനുളള എന്‍ജിന്‍ മാത്രമല്ല തിരിച്ച് ചാന്ദ്രഭ്രമണപഥത്തില്‍ നിന്നും ഭൂമിയിലേക്ക് കുതിക്കാനുള്ള പ്രൊപ്പല്ലന്റും അതിനുവേണ്ട ഇന്ധനവും കരുതിയിട്ടുണ്ടാവണം. ഈ അധികഭാരവും വഹിച്ചുകൊണ്ട് വേണം ചന്ദ്രനിലിറങ്ങാനും തിരിച്ചുകയറാനും.
തീര്‍ച്ചയായും ഇത്തരത്തില്‍ ഭാരവും വലുപ്പവും കൂടുന്നുതല്‍ കാരണം നിയന്ത്രിക്കാനായി കുറേക്കൂടി ശക്തി കൂടിയ ബ്രേക്കിംഗ് റിട്രോ റോക്കറ്റ് എന്‍ജിന്‍ ആവശ്യമായി വരും, അതിനാനുപാതികമായ അധിക ഇന്ധനവും, തത്ഫലമായുണ്ടാകുന്ന അധികഭാരവും. ഇനി ചന്ദ്രനിലെത്തിക്കഴിഞ്ഞാല്‍ അവിടെനിന്ന് തിരിച്ചുകയറാനും കൂടുതല്‍ ശക്തിയുള്ള, അധിക ഇന്ധനം ആവശ്യമായ എന്‍ജിന്‍ ആവശ്യമുണ്ട്. ചുരുക്കത്തില്‍ ഇത്തരത്തിലുള്ള അമിതഭാരവും വഹിച്ചുകൊണ്ടുള്ള ലാന്‍ഡിംഗും സ്വയം വിക്ഷേപണവും പരാജയപ്പെടാനുള്ള സാധ്യത കൂടുതലാണ്.
മാത്രമല്ല വ്യത്യസ്തഭാഗങ്ങള്‍ ഒരുക്കുന്ന സൗകര്യങ്ങളും ആനുകൂല്യങ്ങളുമില്ലാത്ത അത്തരം പദ്ധതികള്‍ ഉദ്ദേശിച്ച ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിന് തടസ്സമാവുകയും ചെയ്യും. ഭൂമിയുടെ അന്തരീക്ഷത്തിലേക്കുള്ള പുന:പ്രവേശമാണ് മറ്റൊരു കീറാമുട്ടി. ബഹിരാകാശ യാത്രയിലെ ഏറ്റവും അപകടം പിടിച്ച രണ്ടു ഘട്ടങ്ങളാണ് ഭൂമിയില്‍ നിന്നുള്ള വിക്ഷേപണവും ഭൗമാന്തരീക്ഷത്തിലേക്കുള്ള തിരിച്ചുവരവും. 90 ശതമാനം അപകടവും സംഭവിക്കുന്നത് ഈ ഘട്ടങ്ങളിലാണ്(ഉദാഹരണം-സ്‌പേസ് ഷട്ടില്‍ ചലഞ്ചര്‍(വിക്ഷേപണം), സ്‌പേസ് ഷട്ടില്‍ കൊളംബിയ(തിരിച്ചുവരവ്)). വിക്ഷേപിക്കുമ്പോള്‍ ഒരു വാഹനമായാലും മൂന്നെണ്ണമായാലും വിക്ഷേപിച്ചേ മതിയാകൂ. പക്ഷെ തിരിച്ചുവരുമ്പോള്‍ ഭൗമാന്തരീക്ഷത്തില്‍ വെച്ച് തീപിടിക്കാനുള്ള സാധ്യത എത്രത്തോളമുണ്ടെന്ന് നാം പലകുറി കണ്ടതാണ്. അപ്പോളോ കമാന്‍ഡ് മോഡ്യൂളും സര്‍വീസ് മോഡ്യൂളും ഒരുമിച്ച് ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ സര്‍വീസ് മോഡ്യൂള്‍ വിഘടപ്പിച്ച് അന്തരീക്ഷത്തില്‍ വെച്ച് കത്തിച്ചുകളയുകയായിരുന്നു. സര്‍വീസ് മോഡ്യൂളും ഒപ്പം കൂട്ടിയാല്‍ ഭൗമാന്തരീക്ഷത്തില്‍വെച്ച് ചൂടുകൂടി പേടകം മൊത്തം കത്തിപ്പോകാനുളള സാധ്യത വര്‍ദ്ധിക്കുമെന്നതും പരിഗണിക്കപ്പെട്ടു.
അതുകൊണ്ട് തന്നെയാണ് കേള്‍ക്കുമ്പോള്‍ വിചിത്രമെന്ന് തോന്നുന്ന ത്രിതലപേടകം ഉപയോഗിച്ചത്. അത്ഭുതകരമെന്ന് പറയട്ടെ, അപ്പോളോ-13 ഒഴിച്ചു നിറുത്തിയാല്‍ ഒരിക്കല്‍പോലും ഈ രീതി പരാജയപ്പെട്ടിട്ടില്ല. അപ്പോളോ-13 ലും പരാജയപ്പെട്ടത് ഓക്‌സിജന്‍ സിലണ്ടറിന്റെ പൊട്ടിത്തെറി മൂലമാണെന്നും ഓര്‍ക്കണം. അപ്പോളോ-1 രൂപകല്‍പ്പനചെയ്ത സമയത്ത് ഏകപേടക സംവിധാനമാണ് വിഭാവനം ചെയ്തിരുന്നത്. പക്ഷെ അപ്പോളോ-1 ന്റെ ദുരന്തം അത് സംബന്ധിച്ച സാങ്കേതിക ന്യൂനതകളിലേക്ക് കൂടുതല്‍ വെളിച്ചം വീശി. അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ (review board's recommendations)വെളിച്ചത്തില്‍ അത്തരം ന്യൂനതകള്‍ കൂടി പരിഹരിച്ചുകൊണ്ടാണ് ത്രിതല മാതൃക സ്വീകരിക്കാന്‍ നാസ അവസാനം നിര്‍ബന്ധിതമായത്. **