Pages

Thursday 8 December 2011

നാമവിടെ എത്തിയതെങ്ങനെ?

The Hoax Terror! One of the many
morphed pictures designed by hoaxers
doing rounds in the net
നാസ ആയിരങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും ജോലി ചെയ്യുന്ന
  ഒരു കൂറ്റന്‍ സ്ഥാപനമാണ്. ഐതിഹാസികമായ അപ്പോളോ ദൗത്യപരമ്പരയില്‍(Apollo mission) തീര്‍ച്ചയായും അവര്‍ക്ക് പിഴവുകളുണ്ടായിട്ടുണ്ട്. അബദ്ധങ്ങളും തെറ്റുകുറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. മനുഷ്യന്റെ പരിശ്രമങ്ങളെന്ന നിലയില്‍ അതൊക്കെ തികച്ചും പ്രതീക്ഷിതമാണുതാനും. ദൗത്യം സംബന്ധിച്ച പല കാര്യങ്ങളും നാസ ഇനിയും പുറത്ത് വിട്ടിട്ടില്ല. സസൂക്ഷ്മം വിലയിരുത്തിയാല്‍ ദുരൂഹമായി തോന്നുന്ന ചില വസ്തുതകള്‍ കണ്ടെത്താനാവുമെന്നതില്‍ സംശയമില്ല. അപ്പോളോ ദൗത്യത്തില്‍ സൈനികരഹസ്യങ്ങളും രാജ്യരക്ഷാ താല്‍പര്യങ്ങളും ഉള്‍പ്പെട്ടിരുന്നുവെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ ദൗത്യം സംബന്ധിച്ച ചില സവിശേഷമായ വിശദാംശങ്ങള്‍ ഒരിക്കലും ലഭ്യമായില്ലെന്നും വരാം. പക്ഷെ അപ്പോളോ ദൗത്യം അപ്പാടെ തട്ടിപ്പാണെന്ന് പറയുന്നതും നാസയുടെ പിഴവുകളും ദൗത്യദുരൂഹതകളും ചൂണ്ടിക്കാണിക്കുന്നതും രണ്ടാണ്. തനിക്ക് കഴിയാത്തതിനാല്‍ ആര്‍ക്കും കഴിയില്ല; തനിക്ക് മനസ്സിലാകാത്തതുകൊണ്ട് അങ്ങനെ സംഭവിച്ചിട്ടില്ല-എന്ന സമീപനം ശാസ്ത്രീയമോ യുക്തസഹമോ അല്ല.

'പിരമിഡ് വിഡ്ഢികള്‍' (pyramid fools) എന്നറിയപ്പെടുന്ന ഒരു വിഭാഗമുണ്ട്. പുരാതന ഈജിപ്റ്റിലെ പിരിമിഡുകളുടെ നിര്‍മ്മാണം മനുഷ്യസാധ്യമല്ലെന്നാണ് ഇക്കൂട്ടര്‍ വാദിക്കുക. ഗ്രഹാന്തരജീവികളാണ് പിരമിഡുകള്‍ ഉണ്ടാക്കിയതെന്നും അതിന്റെ നിര്‍മ്മാണരഹസ്യം ഇന്നും മനുഷ്യന് അജ്ഞാതമാണെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. ഈ വിഷയത്തിലും പുസ്‌കമെഴുതി വിറ്റ് പണം വാരുന്നവരുണ്ട്. പിരമിഡ് പോലൊന്ന് ആധുനിക മനുഷ്യന് നിര്‍മ്മിക്കാനാവില്ലേ? തീര്‍ച്ചയായും സാധിക്കും. പണ്ട്, 3000 വര്‍ഷം മുമ്പ് അതെങ്ങനെ നിര്‍മ്മിച്ചു എന്നാണ് ചോദ്യമെങ്കില്‍ അത്തരം അന്വേഷണം നടത്തുകയല്ലേ വേണ്ടത്? അതല്ലാതെ പിരമിഡ് മനുഷ്യസാധ്യമല്ലെന്നും ഗ്രഹാന്തരജീവികളാണ് അവ നിര്‍മ്മിച്ചതെന്നും പറയുന്നത് ഭോഷ്‌ക്കല്ലേ? ഭൂമിയില്‍ തന്നെയുള്ള ഒരു കാര്യത്തെപ്പറ്റി ഇത്തരത്തില്‍ കിന്നരസാഹിത്യം പടച്ചുവിടാമെങ്കില്‍ ശരാശരി മുന്നേമുക്കാല്‍ ലക്ഷം കിലോമീറ്റര്‍ അകലെ നിലക്കുന്ന ചന്ദ്രനില്‍ നടന്ന കാര്യങ്ങളെ പറ്റി എഴുതുന്നതിനുണ്ടോ ചൊരുക്ക് തോന്നേണ്ടൂ?!

''
അപ്പോളോ-11 ന് മുമ്പുള്ള എല്ലാ ചാന്ദ്രദൗത്യങ്ങളിലും കുറഞ്ഞത് 20000   അപാകതകള്‍ ഉണ്ടായിരുന്നുവെന്ന് നാസ സമ്മതിച്ചിട്ടുള്ളതാണ്. എന്നിട്ടും മനുഷ്യന്‍ അനായസം ചന്ദ്രനില്‍ ഇറങ്ങി തിരിച്ചുവന്നു''- പ്രമുഖ ചാന്ദ്രയാത്രാ തട്ടിപ്പുവാദക്കാരനായ റാല്‍ഫ് റെനെ പറഞ്ഞതാണിത്. ഇരുപതിനായിരം പിഴവുകള്‍ ഉണ്ടായിരുന്നുവത്രെ? അതിനെന്ത്? പിഴവുകളുടെ എണ്ണമല്ല മറിച്ച് അവയുടെ സ്വഭാവവും പ്രാധാന്യവുമാണ് നിര്‍ണ്ണായകം. ദൗത്യം പരാജയപ്പെടാന്‍ 20000 ന്യൂനതകളുടെ ആവശ്യമൊന്നുമില്ല. ഒരൊറ്റ ഒരെണ്ണം മതിയാകും! 

നല്ല ആരോഗ്യമുള്ള ഒരു മനുഷ്യനെ സസൂക്ഷ്മം നിരീക്ഷിച്ചാല്‍ നിരവധി ന്യൂനതകളും ആരോഗ്യപ്രശ്‌നങ്ങളും കണ്ടെത്താനാവുമെന്ന് ഓര്‍ക്കുക. അപ്പോളോ ദൗത്യത്തില്‍ പങ്കെടുത്ത മൈക്കല്‍ കൊളിന്‍സ് ചന്ദ്രനെ വലംവെച്ചുകൊണ്ടിരുന്ന കമാന്‍ഡ് മോഡ്യൂള്‍ മാത്രമെടുക്കുക. അതില്‍ കുറഞ്ഞത് ഇരുപത് ലക്ഷത്തിലധികം സൂക്ഷ്മ ഘടകങ്ങളുണ്ട്(individual parts). മുമ്പ് സൂചിപ്പിച്ച ഇരുപതിനായിരം ന്യൂനതകള്‍ മുഴുവന്‍ കമാന്‍ഡ് മോഡ്യൂളിനാണെന്ന് വെറുതെ സങ്കല്‍പ്പിക്കുക. അപ്പോഴും അത് നൂറ് ഘടകങ്ങളില്‍ ഒന്ന് (1/100) എന്ന ശരാശരിയേ പ്രദാനം ചെയ്യുന്നുള്ളു. ഇനയിതിനോട് സാറ്റേണ്‍ റോക്കറ്റും ല്യൂണാര്‍ മോഡ്യൂളും കൂടി ചേര്‍ത്താല്‍ ഈ ശരാശരി മുന്നൂറില്‍ ഒന്നാകും(1/300). ചാന്ദയാത്ര പോലൊരു ദൗത്യത്തില്‍ ഈ നിരക്ക് പ്രതീക്ഷിക്കാവുന്നത് തന്നെയാണ്. മത്രമല്ല, നാം 'ന്യൂനതകള്‍' എന്ന് പറയുന്നതില്‍ മഹാഭൂരിപക്ഷവും പ്രവര്‍ത്തനത്തിലെ താളപ്പിഴയും നടപടിക്രമത്തിലെ പിഴവുകളുമാകുന്നു (anomalies in performance or procedural problems).

ആസൂത്രണത്തിലെ പിഴവുകള്‍(design flaws), ശേഷിയില്‍ കുറഞ്ഞപ്രവര്‍ത്തനം(under performance), മന്ദഗതിയിലുള്ള പ്രതികരണം (slow response)എന്നിവയും ഈ വകുപ്പില്‍ പെടും. എന്നാല്‍ പൂര്‍ണ്ണമായും പ്രവര്‍ത്തനം നിലച്ച ഘടകങ്ങള്‍ ഇവയില്‍തന്നെ പത്ത് ശതമാനം പോലുമില്ല. ചാന്ദ്രദൗത്യം പോലൊരു വമ്പന്‍ ദൗത്യത്തില്‍ ഇത്തരത്തിലുള്ള പാകപ്പിഴകള്‍ അതിന്റെ ആത്യന്തിക ഫലത്തെ കാര്യമായി സ്വാധീനിക്കില്ലെന്നാണ് മനസ്സിലാക്കേണ്ടത്. മാത്രമല്ല, റാല്‍ഫ് റെനെ ചൂണ്ടിക്കാട്ടുന്നവിധം ശരാശരി ഇരുപതിനായിരം ന്യൂനതകള്‍ ഉണ്ടായിരുന്ന അപ്പോളോ-11 ന് മുമ്പുള്ള ദൗത്യങ്ങളില്‍ ഭൂരിപക്ഷവും അവയുടെ പ്രഖ്യാപിത ലക്ഷ്യം സ്തുത്യര്‍ഹമായി നിറവേറ്റുകയാണുണ്ടായത്. അപ്പോളോ-11 വരെയുള്ള ദൗത്യങ്ങള്‍ക്ക് ന്യൂനതകളുമായി ദൗത്യം നിറവേറ്റാമെങ്കില്‍ പിന്നീടങ്ങോട്ടും പ്രശ്‌നമുണ്ടാകേണ്ട കാര്യമില്ല, റാല്‍ഫ് റെനെയ്‌ക്കൊഴികെ.

''Just one defect could have blown the whole thing'' എന്നാണ് റെനെ പറഞ്ഞത്. ശരിയാണല്ലോ. ആര്‍ക്കും പറയാന്‍ കഴിയുന്ന കാര്യമാണത്. പക്ഷെ ആ ന്യൂനത നിര്‍ണ്ണായകമായ ഒന്നായിരിക്കണം. ഇന്‍ഡിക്കേറ്റര്‍ ലാമ്പിന്റെ ഗ്‌ളാസ്സുപൊട്ടിയതുകൊണ്ടോ ഫുട്ട് റെസ്റ്റ് ഒടിഞ്ഞുപോകുന്നതുകൊണ്ടോ മോട്ടോര്‍ സൈക്കിള്‍ ഓടിക്കുന്നതിന് വിഷമമുണ്ടാകില്ല. പക്ഷെ എന്‍ജിനില്‍ തടസ്സം വന്നാല്‍ ബാക്കിയെല്ലാം ശരിയായിട്ടും പ്രയോജനമില്ല. ന്യൂനതകളുടെ എണ്ണമല്ല മറിച്ച് അതിന്റെ സ്വഭാവമാണ് വിഷയം. ന്യൂനതകളില്‍ പലതും മണ്ടത്തരങ്ങളായിരുന്നു. ഉദാഹരണമായി,ചന്ദ്രനില്‍ ചെന്നിറങ്ങിയശേഷം ആംസ്‌ട്രോങ് ആദ്യം നിലത്തിറങ്ങി, തുടര്‍ന്ന് ഓള്‍ഡ്രിനും. ഓള്‍ഡ്രിന് പുറത്തിറങ്ങിയ ശേഷം 'ഈഗിളി'ന്റെ വാതില്‍ തുറന്നുതന്നെ കിടന്നു. കാരണം വാതില്‍ പുറത്തുനിന്നും അടയ്ക്കാനുള്ള പൂട്ട് സംവിധാനം ഉണ്ടായിരുന്നില്ല! ഇത്രയധികം പേര്‍ പങ്കെടുത്ത ഒരു മഹാദൗത്യത്തില്‍ ആരും ഇതിനെക്കുറിച്ച് ചിന്തിച്ചില്ലെന്നത് കൗതുകകരമല്ലേ?!

ഹോക്‌സ് വാദങ്ങള്‍ സാധാരണക്കാരെ ആകര്‍ഷിക്കാന്‍ പ്രധാന കാരണം ചാന്ദ്രയാത്ര എങ്ങനെ നിര്‍വഹിച്ചു എന്നതിനെ സംബന്ധിച്ച് സാമാന്യജനത്തിന് വലിയ ധാരണയില്ലെന്നതാണ്. ശാസ്ത്രവിഷയങ്ങളില്‍ നിജസ്ഥിതി തിരിക്കാന്‍ മിനക്കെടാതെ അഭ്യൂഹങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും അടിപ്പെടുന്ന പ്രവണത ഉത്തരാധുനിക സമൂഹത്തില്‍ ശക്തിപ്പെടുകയാണ്. എങ്ങനെ നാം ചന്ദ്രനില്‍ പോയി എന്നത് മനസ്സിലാക്കുകയാണ് തട്ടിപ്പുവാദ സിദ്ധാന്തത്തെ ശരിയായി നിര്‍ധാരണം ചെയ്യാനുള്ള ഒരെളുപ്പവഴി. എങ്ങനെയത് ചെയ്തു എന്നറിയുന്നത് ഹോക്‌സ് വാദക്കാര്‍ ഉന്നയിക്കുന്ന സംശയങ്ങളില്‍ മിക്കവയും ദൂരീകരിക്കും. അടിസ്ഥാന സമവാക്യങ്ങളില്‍ നിന്ന് തന്നെ തുടങ്ങാം. ഇതിനായി ചാന്ദയാത്ര സംബന്ധിച്ച ചില സാങ്കേതികപദങ്ങളും ശാസ്ത്രവസ്തുതകളും സാമാന്യമായ രൂപത്തിലെങ്കിലും പരിചയപ്പെടേണ്ടതുണ്ട്. വളരെ ലഘുവായ തോതില്‍ അപ്പോളോ-11 ന്റെ പ്രയാണം പരിചയപ്പെടാം. ചന്ദ്രനില്‍ പോയിട്ടില്ല എന്ന് മനസ്സിലാക്കാനും പ്രചരിപ്പിക്കാനും ഇത്തരം പഠനത്തിന്റെ ആവശ്യമൊന്നുമില്ല. 'എനിക്ക് മനസ്സിലാകുന്നില്ല', 'വിശ്വസനീയമായി തോന്നുന്നില്ല'-എന്നൊക്കെ സദാ ഉരുവിട്ടുകൊണ്ടിരുന്നാല്‍ മതിയാകും.



വിഖ്യാതമായ സാറ്റേണ്‍ റോക്കറ്റുകളാണ് (Saturn V)ഭൂമിയില്‍ നിന്നും ചാന്ദ്രവാഹനങ്ങളെ വിക്ഷേപിക്കാനായി ഉപയോഗിച്ചതെന്ന് നമുക്കറിയാം. 111 മീറ്റര്‍(363 അടി) ഉയരവും 3000 ടണ്‍ (6.7 ദശലക്ഷം പൗണ്ട്) ഭാരവുമുള്ള ഈ ഭീമന്‍ റോക്കറ്റ് എക്കാലത്തും ലോകത്ത് നിര്‍മ്മിക്കപ്പെട്ട ഏറ്റവും ശക്തിയേറിയ റോക്കറ്റാണ്. ഇതിലും ശക്തമായ ഒന്ന് പിന്നെ നിര്‍മ്മിച്ചിട്ടില്ല എന്നാല്‍ എന്താണര്‍ത്ഥം?! തട്ടിപ്പുവാദ സിദ്ധാന്തമനുസരിച്ച് ഉത്തരം അനായാസമാണ്:അങ്ങനെയൊന്ന് ഒരിക്കലും നിര്‍മ്മിച്ചിട്ടില്ല!!!

സാറ്റേണ്‍ റോക്കറ്റിന്റെ വിക്ഷേപണത്തോടനുബന്ധിച്ചുണ്ടാകുന്ന സ്‌ഫോടകശക്തിക്ക് 100 പൗണ്ട് ഭാരമുള്ള ഒരു ലോഹച്ചീളിനെ 3 മൈല്‍ അകലേക്ക് തെറിപ്പിക്കാനാവുമായിരുന്നു! എല്ലാം ഒരു സ്‌ഫോടനത്തില്‍ കലാശിച്ചാല്‍ കാണികള്‍ക്കും അപകടം ഉറപ്പായിരുന്നു. മുന്‍കരുതല്‍ എന്ന നിലയ്ക്ക് വി.ഐ.പി പ്രേക്ഷകരെ വിക്ഷേപണത്തറയില്‍ നിന്നും മൂന്നരമൈല്‍ അകലെയായാണ് നാസ ഇരുത്തിയത്. മൂന്ന് ഘട്ടങ്ങളാണ് സാറ്റേണ്‍ റോക്കറ്റിനുള്ളത്. ഏറ്റവും മുകളിലായാണ് ചാന്ദ്രയാത്രികര്‍ ഇരിക്കുന്ന അപ്പോളോ എന്നറിയപ്പെടുന്ന ചാന്ദ്രവാഹനം ഘടിപ്പിച്ചിട്ടുള്ളത്. റോക്കറ്റിന്റെ ഏറ്റവും മുകളില്‍ ഒരു ചെറു റോക്കറ്റ് അധികമായി ഘടിപ്പിച്ചിട്ടുണ്ട്. എന്തെങ്കിലും കാരണവശാല്‍ ദൗത്യം പാളിയാല്‍ അപ്പോളോ യാത്രികര്‍ക്ക് അവരിരിക്കുന്ന ഭാഗം റോക്കറ്റില്‍ നിന്ന് വിഘടിപ്പിച്ച് അപകടത്തില്‍ തെന്നിമാറാന്‍ സഹായിക്കുന്നതാണ് ഈ റോക്കറ്റ് (Launch Escape System).

വളരെ പെട്ടെന്ന് ശക്തിയേറിയ പ്രവേഗം ഉത്പ്പാദിക്കാന്‍ (high-acceleration rocket) ഈ റോക്കറ്റിന് സാധിക്കും. അതായത് ഒരുതരം എമര്‍ജന്‍സി എക്‌സിറ്റായി ഇതിനെ കണക്കാക്കാം. സാറ്റോണ്‍ റോക്കറ്റില്‍ S-IC എന്നറിയപ്പെടുന്ന ആദ്യഘട്ടമാണ് ഏറ്റവും വലുതും ഭാരമേറിയതും. ഇതാണ് വിക്ഷേപണത്തറയില്‍ വെച്ച് ജ്വലിപ്പിക്കുന്നത്. ഈ ഭാഗത്തിന് പത്ത് മീറ്റര്‍ വ്യാസമുണ്ട്. സെക്കന്‍ഡില്‍ 13.3 ടണ്‍ ഇന്ധനം ആഹരിക്കുന്ന അഞ്ച് എന്‍ജിനുകളാണ്(F-I engines) അതിലുള്ളത്. മണ്ണെണ്ണയും ദ്രവഓക്‌സിജനുമാണ് ഇന്ധനം. റോക്കറ്റ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വസ്തുക്കളെയും ഭൂമിയുടെ കഠിനമായ ഗുരുത്വബലത്തെ പരാജയപ്പെടുത്തി 68 കിലോമീറ്റര്‍ (220000 അടി) ഉയരത്തില്‍ എത്തിക്കുകയെന്നതാണ് ഈ ഘട്ടത്തിന്റെ ദൗത്യം. ഏകദേശം 9,900 കിലോമീറ്റര്‍ (9,900 km/h)വേഗത്തിലാണ് റോക്കറ്റ് ഭൂമിയില്‍ നിന്നും ഇരമ്പിയകലുന്നത്. ഈ ആദ്യഘട്ടം കത്തിയെരിഞ്ഞ് അറ്റ്‌ലാന്റിക് മഹാസമുദ്രത്തില്‍ വീഴത്തക്ക രീതിയിലാണ് വിക്ഷേപണം ആസൂത്രണം ചെയ്തത്.

ഒന്നാംഘട്ടം കത്തിയെരിഞ്ഞു കഴിഞ്ഞാല്‍ രണ്ടാംഘട്ടം പ്രവര്‍ത്തിക്കും. ഒന്നാംഘട്ടം വേര്‍പെടുമ്പോള്‍ റോക്കറ്റിന്റെ ഭാരം ഗണ്യമായി കുറയുന്നുണ്ടെന്നറിയണം. ഭൂമിയുടെ ഗുരുത്വവലിവിലും കുറവുണ്ട്. എന്തെന്നാല്‍ 68 കിലോമീറ്റര്‍ ഉയരത്തിലാണ് റോക്കറ്റ് ഇപ്പോഴുള്ളത്. രണ്ടാംഘട്ടത്തിലെ (The S-II second stage) ഇന്ധനത്തില്‍ വ്യത്യാസമുണ്ട്. ദ്രവ ഹൈഡ്രജനും (liquid hydrogen)ഓക്‌സിജനുമാണ് ഈ സമയം കത്തിയെരിയുന്നത്. അഞ്ച് എന്‍ജിനുകള്‍ (J-2 engines) ഈ ഘട്ടത്തിലുമുണ്ട്. മണിക്കൂറില്‍ 25000 കിലോമീറ്റര്‍ (25,000 km/h)വേഗതയില്‍ ഈ ഘട്ടത്തില്‍ റോക്കറ്റ് മുന്നോട്ട് കുതിക്കും. 68 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നും ഏകദേശം 182 കിലോമീറ്റര്‍ ഉയരം വരെ രണ്ടാംഘട്ടം വിക്ഷേപണവാഹനത്തെ എത്തിക്കുന്നു. അപ്പോള്‍ വിക്ഷേപണം(liftoff) കഴിഞ്ഞിട്ട് ഏതാണ്ട് 9 മിനിറ്റായിട്ടുണ്ടാവും. കത്തിയെരിഞ്ഞ രണ്ടാംഘട്ടവും അറ്റ്‌ലാന്റിക്കിലേക്ക് കുടഞ്ഞിട്ട് സാറ്റേണ്‍ റോക്കറ്റ് മുന്നോട്ടുള്ള പ്രയാണം തുടരുന്നു. രസകരമായ വസ്തുതയെന്തെന്നാല്‍ ആദ്യത്തെ രണ്ടുഘട്ടങ്ങള്‍ വേര്‍പെടുമ്പോള്‍ സാറ്റേണ്‍-അഞ്ച് റോക്കറ്റിന്റെ പത്തില്‍ ഒന്ന് ഭാരം മാത്രമേ പിന്നെ അവശേഷിക്കുന്നുള്ളു എന്നതാണ്. ഇതില്‍നിന്നും റോക്കറ്റ് എന്നാല്‍ പ്രധാനമായും ഒരു വമ്പന്‍ ഇന്ധനടാങ്കാണെന്ന തിരിച്ചറിവിലേക്ക് നാമെത്തുന്നു. 

ഇനി മണിക്കൂറില്‍ 28000 കിലോമീറ്റര്‍ എന്ന വേഗം കൈവരിക്കേണ്ടതുണ്ട്. അതിനായി 188 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ എത്തിച്ചേരണം. അതിനായി ഒരു 'അധികതള്ളല്‍' (extra kick)ആവശ്യമായി വരും. മൂന്നാംഘട്ടത്തില്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കാനാവുന്ന ഒരു എന്‍ജിനാണുള്ളത്(restartable single J-2 engine). തുടര്‍ന്ന് അത് പ്രവര്‍ത്തിപ്പിക്കുന്നു. വിക്ഷേപണം കഴിഞ്ഞ് ശരിക്കും 12 മിനിറ്റ് ആകുമ്പോഴേക്കും യാത്രികര്‍ ഒരു ഭൗമഭ്രമണപഥത്തില്‍ (orbit around the Earth)എത്തിച്ചേര്‍ന്നിട്ടുണ്ടാവും. ഭ്രമണം നടക്കുമ്പോള്‍ കുറേനേരം റോക്കറ്റ് ഓഫാക്കുന്നു. അവിടെവെച്ച് അവര്‍ മുഴുവന്‍ യന്ത്രസംവിധാനങ്ങളും (onboard systems) ഒരിക്കല്‍ക്കൂടി പരിശോധിക്കുന്നു. താഴെ ഗ്രൗണ്ട് സ്റ്റേഷനില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നു. ശേഷം ഭൂമിയെ ഒരുതവണ സമ്പൂര്‍ണ്ണമായി ഭ്രമണം ചെയ്യുന്നു. രണ്ടാമത്തെ ഭ്രമണം ഏതാണ്ട് പകുതിയായപ്പോള്‍, ഫ്‌ളോറിഡയില്‍ നിന്നും വിക്ഷേപിച്ച് ഏകദേശം 3 മണിക്കൂര്‍ പൂര്‍ത്തിയാക്കുന്നതിന് മുമ്പ്, മൂന്നാം ഘട്ട റോക്കറ്റ് വീണ്ടും പ്രവര്‍ത്തിപ്പിച്ചു.

ഓര്‍ക്കുക, മൂന്നാം ഘട്ടം ഓഫാക്കാനും റീസ്റ്റാര്‍ട്ടാക്കാനും സാധിക്കുന്ന ഒന്നാണ്. റോക്കറ്റ് ഏതാണ് ആറു മിനിറ്റാണ് പ്രവര്‍ത്തിപ്പിക്കുന്നത്. അതുവഴി വാഹനത്തിന്റെ വേഗത മണിക്കൂറില്‍ 39000 കിലോമീറ്ററാക്കി ഉയര്‍ത്തുന്നു. ഒരു മനുഷ്യനിര്‍മ്മിത ബഹിരാകാശവാഹനം ആര്‍ജ്ജിച്ച ഏറ്റവും വലിയ വേഗതയായിത് കണക്കാക്കപ്പെടുന്നു. ഭൂമിയില്‍വെച്ച് ഈ വേഗത കൈവരിക്കാനാവാത്തതിന്റെ കാരണം ഭൗമഗുരുത്വവും അന്തരീക്ഷവും തീര്‍ക്കുന്ന വമ്പന്‍ പ്രതിരോധമാണ്. ഒപ്പം ഗതി ചന്ദ്രന് നേരെയാക്കുന്നു. വാഹനം ചന്ദ്രനിലേക്ക് പായുന്നു. ആ സമയം ചന്ദ്രന്‍ അവിടെ നിന്നും 403000 കിലോമീറ്റര്‍ അകലെയായിരുന്നുവെന്ന് അപ്പോളോ രേഖകള്‍ സൂചിപ്പിക്കുന്നു.

അപ്പോള്‍ ചന്ദ്രന്‍ നില്‍ക്കുന്ന സ്ഥലത്തേക്കല്ല മറിച്ച് മൂന്നു ദിവസം കഴിഞ്ഞ് ചന്ദ്രന്‍ എവിടെയാവും ഉണ്ടാവുക എന്നത് കണക്കുകൂട്ടിയാണ് വാഹനം മുന്നോട്ട് കുതിക്കുന്നത്. അതല്ലാതെ നേരെ ചന്ദ്രനിലേക്ക് വെച്ചുപിടിച്ചാല്‍ അപ്പോളോ അവിടെ ചെല്ലുമ്പോള്‍ 
ചന്ദ്രനവിടെ ഉണ്ടാവില്ല. അപ്പോള്‍ നേരത്തെ കണ്ടുവെച്ച സ്ഥാനത്ത് നിന്നും ലക്ഷക്കണക്കിന് കിലോമീറ്ററുകള്‍ അകലെയായിരിക്കുമെന്ന് മാത്രമല്ല സഞ്ചാരവേഗതകാരണം വാഹനം ബഹിരാകാശത്തിന്റെ അഗാധതലങ്ങളിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യും. നമുക്കറിയാം,ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലം എപ്പോഴും സമാനമല്ല. 3.63 ലക്ഷം കി.മീറ്റര്‍ മുതല്‍ 4.05 ലക്ഷം കി.മീറ്റര്‍ വരെ അത് വ്യത്യസ്തമപ്പെടാം. അതായത് വ്യത്യാസപരിധി 41000 കിലമീറ്ററിലും അധികമാണ്. 
The Earth& Moon: Look so close,
yet 400000 Km away!
ചന്ദ്രനില്‍ എത്തിച്ചേരണമെങ്കില്‍ എത്ര കൃത്യമായ ആസൂത്രണം വേണമെന്ന് ഇതില്‍നിന്നും മനസ്സിലാക്കാം. സ്വയം കറങ്ങുകയും ദീര്‍ഘവൃത്താകൃതിയില്‍ ഭ്രമണം ചെയ്യുകയും ചെയ്യുന്ന ഒരു വസ്തുവില്‍ നിന്നും സ്വയം കറങ്ങുകയും ദീര്‍ഘവൃത്താകൃതിയില്‍ ഭ്രമണം ചെയ്യുകയും ചെയ്യുന്ന മറ്റൊരു വസ്തുവിലേക്കുള്ള പ്രയാണം ഗൗരവപൂര്‍വം കൈകാര്യം ചെയ്യേണ്ട ഒരു ഗണിതശാസ്ത്രപ്രശ്‌നം കൂടിയാണ്. ഇവിടെ വയലാര്‍ പാടിയതുപോലെ സര്‍വത്ര ചലനമാണ്. ഭൂമി ചലിക്കുന്നു, അപ്പോളോ വാഹനം ചലിക്കുന്നു, ചന്ദ്രന്‍ ചലിക്കുന്നു, പ്രപഞ്ചം മൊത്തത്തില്‍ ചലിക്കുന്നു ചലനം.. ചലനം...

ഇനി മൂന്ന് പേര്‍ക്ക് മൂന്ന് ദിവസം യാത്ര. ചന്ദ്രനിലേക്ക് കുതിക്കുന്ന വാഹനത്തിന് പ്രാരംഭവേഗത നിലനിര്‍ത്താനാവില്ല. കാരണം? ഭൂമി വിളിക്കുന്നു! ഭൂമി 'വലിക്കുന്നു'എന്നാണ് ശരിക്കും പറയേണ്ടത്. ഭൗമഗുരുത്വം മൂലം മുന്നോട്ടുള്ള പ്രയാണവേഗത ക്രമേണ കുറഞ്ഞുവരും. ശ്രദ്ധിക്കുക, ഭൂമിയുടേയും ചന്ദ്രന്റേയും ഗുരുത്വബലം അനുഭവപ്പെടുന്ന ഒരു ക്ഷേത്രത്തിലൂടെയാണ് (field) അപ്പോളോ പേടകം പായുന്നത്. ഭൂമിയില്‍നിന്ന് അകലുന്തോറും ഭൗമാകര്‍ഷണം കുറയുകയും ചന്ദ്രന്റെ ആകര്‍ഷണം കൂടുകയും ചെയ്യും. ഒരു ഘട്ടമെത്തുമ്പോള്‍ ഭൗമഗുരുത്വവും ചാന്ദ്രഗുരുത്വവും തുല്യമാകുന്ന ഒരു ബിന്ദുവില്‍ വാഹനമെത്തും. അങ്ങോട്ടുമിങ്ങോട്ടും തുല്യവലിവുള്ള ഈ ഘട്ടത്തില്‍ പേടകം അക്ഷരാര്‍ത്ഥത്തില്‍ ഭാരരഹിത(weightless)മായിരിക്കും. പക്ഷെ ഈ ബിന്ദു കഴിഞ്ഞാല്‍ പിന്നെ വേഗത ഒന്നും ചെയ്യാതെ വര്‍ദ്ധിക്കുകയാണ്. കാരണം? ചന്ദ്രന്റെ ഗുരുത്വബലം.

പകല്‍ സമയയാത്രയില്‍ യന്ത്രസംവിധാനങ്ങളുടേയും ഗ്രൗണ്ട് സ്റ്റേഷന്റെയും സഹായത്തോടെയും യാത്രികര്‍ വളരെ മര്‍മ്മപ്രധാനമായ വിഘടനം (undocking), ഭ്രമണംചെയ്തുകൊണ്ടുള്ള പുനര്‍സംഘടനം ( rotation and redocking) എന്നിവയുടെ റിഹേഴ്സലുകള്‍ നടത്തുന്നു. ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തി കഴിഞ്ഞാല്‍ നിര്‍വഹിക്കേണ്ട കൃത്യത്തിന്റെ തയ്യാറെടുപ്പാണിത്. വിജയകരമായി ഇത് നിര്‍വഹിച്ചശേഷം യാത്രികര്‍ സാറ്റേണ്‍ റോക്കറ്റിന്റെ മൂന്നാം ഭാഗം ബഹിരാകാശത്ത് ഉപേക്ഷിച്ചു. ഇനി ബാക്കിയുള്ളത് കമാന്‍ഡ് മോഡ്യൂളും ലൂണാര്‍ ലാന്‍ഡറും('ഈഗിള്‍')സര്‍വീസ് മോഡ്യൂളുമാണ്. 4 മീറ്ററാണ് കമാന്‍ഡ് മോഡ്യൂളിന്റെ വീതി, 3.5 മീറ്റര്‍ ഉയരം. ഒരു ചെറിയ വാനിന്റെ ചരക്കു കയറ്റുന്ന സ്ഥലത്തിന്റെ വലുപ്പമാണ് കാബിനുള്ളത്. ടോയ്‌ലറ്റില്ല. പകരം ഒരു ട്യൂബ് വഴി ഖര-ദ്രവ മാലിന്യങ്ങള്‍ ശേഖരിക്കാനായി ബാഗുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

കമാന്‍ഡ് മോഡ്യൂലിന്റെ വശങ്ങളില്‍ നിയന്ത്രണ റോക്കറ്റുകളും (maneuvering thrusters) പുറത്ത് താപകവചങ്ങളുമുണ്ട്. തിരികെ ഭൗമാന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ ഉണ്ടാകുന്ന അതിതാപം നേരിടാനാണ് ഈ താപകവചങ്ങള്‍. എന്തെന്നാല്‍ അപ്പോളോ ദൗത്യത്തിന്റെ ഭാഗമായി വിക്ഷേപിക്കപ്പെടുന്ന ഭീമന്‍ റോക്കറ്റില്‍ ഭൂമിയില്‍ തിരിച്ചെത്തുന്ന ഏക ഘടകം കമാന്‍ഡ് മോഡ്യൂളാണ്. കമാന്‍ഡ് മോഡ്യൂളിന്റെ പിറകില്‍ സര്‍വീസ് മോഡ്യൂളാണുള്ളത്(Service Module (SM). അപ്പോളോ വാഹനത്തിന്റെ 16 നിയന്ത്രണ റോക്കറ്റുകള്‍ക്ക് വേണ്ട ഇന്ധനം സൂക്ഷിച്ചിരിക്കുന്നതിവിടെയാണ്. ഓക്‌സജന്‍, ജലം, വൈദ്യുതോര്‍ജ്ജം എന്നിവയാണ് സര്‍വീസ് മോഡ്യൂളില്‍ ശേഖരിച്ചിട്ടുണ്ട്.

ചന്ദ്രനിലിറങ്ങേണ്ട ല്യൂണാര്‍ മോഡ്യൂള്‍ 'ഈഗിള്‍' സര്‍വീസ് മോഡ്യൂളിനും താഴെയാണ്. മൂന്നുയാത്രികര്‍ സഞ്ചരിക്കുന്നത് കമാന്‍മോഡ്യൂളിലാണ്. ചന്ദ്രഭ്രമണപഥത്തിലെത്തിയാല്‍ ഇവരില്‍ രണ്ടുപേര്‍ ഈഗിളിലേക്ക് ഊഴ്ന്നിറങ്ങേണ്ടതുണ്ട്. ശേഷം കമാന്‍ഡ് മോഡ്യൂളുമായി വേര്‍പെട്ട് ചന്ദ്രനിലേക്കിറങ്ങണം. ദൗത്യം കഴിഞ്ഞ് തിരിച്ച് ചന്ദ്രനില്‍ നിന്ന് സ്വയം വിക്ഷേപിച്ച് പറന്നുപൊങ്ങി വീണ്ടും കമാന്‍ഡ് മോഡ്യൂളുമായി കൂടിച്ചേരണം. ഡോക്കിംഗിന് ശേഷം ഈഗിള്‍ ഉപേക്ഷിക്കപ്പെടും. അത് കുറേനേരം ചന്ദ്രനെ ഭ്രമണം ചെയ്യും. ക്രമേണ ച്ര്രന്ദാകര്‍ഷണത്തിന് അടിപ്പെട്ട് ചന്ദ്രനിലേക്ക് ഇടിച്ചുവീഴും. അതായത് ഈഗിള്‍ രണ്ടുതവണ ചന്ദ്രനിലിറങ്ങുന്നുണ്ട്! ആദ്യം സഞ്ചാരികളുമായുള്ള നിയന്ത്രിതമായ ലാന്‍ഡിംഗും രണ്ടാമത്തേത് ഇടിച്ചിറങ്ങലും. രണ്ടാമത്തെ 'ലാന്‍ഡിംഗിന്'ശേഷം ഈഗിള്‍ ഇപ്പോഴും ചന്ദ്രനിലെവിടെയെങ്കിലും ചിന്നിച്ചിതറി കിടപ്പുണ്ടാവും****

3 comments:

  1. വളരെ സുതാര്യവും സുഗ്രഹവുമായ ലേഖനം.നിഗൂഢപ്രപഞ്ചത്തെ ഒന്നൊന്നായി അഴിച്ചെടുക്കാനുള്ള മനുഷ്യന്റെ ഇച്ഛാശക്തിയ്ക്ക് മുമ്പില്‍ സാദരം കൈകൂപ്പുവാന്‍ തോന്നുന്ന നിമിഷം.
    മറ്റെന്നാള്‍ (10/12/2011, ശനിയാഴ്ച, വൈകിട്ട് 6:15 മുതല്‍) ചന്ദ്രഹ്രണസമയത്ത് ഭൂമിയുടെ നിഴല്‍ ചന്ദ്രനെ തൊട്ടുതലോടുമ്പോള്‍ തന്റെ മാറില്‍ പറന്നിറങ്ങിയ മനുഷ്യരെ ചന്ദ്രന്‍ വീണ്ടും ഓര്‍ക്കാതിരിയ്ക്കില്ല!!.

    ReplyDelete
  2. വളരെ നന്ദി സര്‍..... ഒരുപാടു നാളത്തെ സംശയം ഇന്ന് തീര്‍ന്നു .

    ReplyDelete
  3. അവിടെ സോഫ്റ്റ് ലാൻഡിംഗ് എങ്ങനെ സാധ്യമായീ?? അതിന്റെ (ചന്ദ്രന്റെ)ആകർഷണ വലയത്തിൽ നിന്ന് എങ്ങനെ പുറത്തു കടന്നു ???

    ReplyDelete